Saturday, September 16, 2006

"മലയാലം? ഹേയ്!! ഞങ്ങൾ ഇന്ത്യക്കാരേ അല്ല"

ഡോർട്ട്മുണ്ട്, ജര്‍മ്മനി 2001, ജനുവരി മാസം.

താപ നില -10 ഡിഗ്രി. കോട്ടും, തോപ്പിയും, ഗ്ലൌസ്സും എത്ര ധരിച്ചാലും മൂക്കു മറക്കാനവില്ലലോ. മൂക്കിന്റെ അറ്റം തൊട്ടാലും അറിയാന്‍ കഴിയാത്ത് വിധത്തിലുള്ള തണുപ്പ്. എന്റെ ഒരു ക്ലയന്റിനു് എന്നെ കാണണം എന്ന് ശാഠ്യം. അവനറിയുന്നില്ലല്ലോ എനിക്ക് തണുപ്പ് സഹിക്കാന്‍ പറ്റില്ലന്ന്. പോകാതിരിക്കാന്‍ നിവര്‍ത്തിയില്ല. നല്ലവനാണ് അയാള്‍. പലതവണ എനിക്ക് നല്ല റെഫറന്‍സുകള്‍ തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതിയ ഷോറൂമിന്റെ ചുവരില്‍ പ്രദര്‍ശിപ്പിക്കാനുള്ള ചിത്രങ്ങളെ കുറിച്ച് എന്തോ ചര്‍ച്ച ചെയ്യാനാണ് വിളിക്കുന്നത്.

ട്രാമില്‍ കയറി പുറകിലത്തെ സീറ്റില്‍ ഞാന്‍ ഇരുന്നു. യാത്രക്കാര്‍ കുറവായിരുന്നു. രണ്ടു സീറ്റുകള്‍ക്ക് മുന്നില്‍ കണ്ടാല്‍ മലയാളികള്‍ എന്നു തോന്നിക്കുന്ന ദമ്പതികള്‍. രണ്ടുപേരും സംസാരിക്കുന്നുണ്ട്. ഭാഷ എന്താണെന്ന് എനിക്ക് കേള്‍കാന്‍ കഴിയുന്നില്ല. ഒരുപാട് തമിഴരും, ശ്രീലങ്കകാരും വസിക്കുന്ന സ്ഥലമാണ്. മുന്‍പ് പലപ്പോഴും ഞാന്‍ ഇവരെ കണ്ട് മലയാളികളാണെന്ന് തെറ്റിദ്ധരിച്ച് മലയാളത്തില്‍ സംസാരിച്ചിട്ടുമുണ്ട്. പക്ഷേ അവര്‍ ആരും മലയാളികളല്ലായിരുന്നു. നീണ്ട ഒരു വര്‍ഷത്തിന്റെ ഇടയില്‍ ഡോർട്ട്മണ്ടില്‍ ഞാന്‍ അന്നുവരെ മലയാളികളെ കണ്ടുമുട്ടിയിട്ടില്ലായിരുന്നു. ഇവിടെ മലയാളികള്‍ അപൂര്‍വമായിരിക്കാം എന്ന് ഞാനും തീരുമാനിച്ചു. ഗള്‍ഫിലെ മലബാറി ചേട്ടന്മാര്‍ "ചന്ദ്രനില്‍ പോയാലും അവിടെ ഒരു മലബാറി എങ്കിലും കാണും." എന്ന് പറയുന്നത് വെറുതെയാണ് എന്നു ഞാന്‍ സംശയിച്ചു. ഡോർട്ട്മണ്ടിലും, അംസ്റ്റര്‍ഡാമിലും, കൊളോനിലും, ഡുസൽഡോർ‍ഫിലും, മിലാനിലും ഒന്നും ഞാന്‍ മലയാളികളെ തെരുവില്‍വെച്ച് കണ്ടുമുട്ടിയിട്ടില്ല. പക്ഷേ ഇന്ന് അതിന് മാറ്റം സംഭവിച്ചേക്കാം. മുന്നില്‍ ഇരുന്ന് സല്ലപിക്കുന്ന ഈ ദമ്പതികള്‍ മലയാളികള്‍ ആയിരിക്കുമോ? ഒരു മലയാളിയെ കാണാനുള്ള എന്റെ ആഗ്രഹം നിറവേറ്റാനായി, മഹാ തൊട്ടിത്തരമാണെങ്കിലും, ഞാന്‍ എഴുന്നേറ്റ് അവരുടെ സീറ്റിന്റെ പിന്നില്‍ നിശബ്ദനായി ഇരുന്നു. സംസാരം ശ്രദ്ധിച്ചു.

സ്ത്രീ: "എന്നതാ അച്ചായാ പറയുന്നെ. അതിനൊക്കെ എന്ന കാശാ"
പുരുഷന്‍: "എടീ‍, അതോക്കെ അവരു കൊടുത്തോളും..... "

ഞാന്‍ ആഹ്ലാദിച്ചു. ഗള്‍ഫിലെ മലബാറി കാക്കാമാര്‍ക്ക് തെറ്റിയില്ല. ഇവിടയും ഉണ്ട് എന്റെ ദേശക്കാര്‍. മലയാളം സംസാരിക്കുന്ന മലയാളികള്‍!

എന്റെ ട്രാം സ്റ്റോപ്പ് എത്താന്‍ ഇനി നിമിഷങ്ങള്‍ മാത്രം. എന്തെങ്കിലും കുശലം ചോദിക്കാതെ പോകുന്നതു ശരിയല്ലല്ലൊ. ഞാന്‍ പതുക്കെ എഴുന്നേറ്റു. എന്റെ മുഖം വ്യക്തമാക്കാനായി കഴുത്തില്‍ ചുറ്റിയിരുന്ന എന്റെ സ്കാര്‍ഫും തലയിലെ തൊപ്പിയും അഴിച്ചു കൈയിലാക്കി. എന്നിട്ട് അവരുടെ മുന്നില്‍ ചെന്ന് നിന്നു. അവര്‍ കണ്ണുകള്‍ ഉയര്‍ത്തി എന്നെ ശ്രദ്ധിച്ചു. ഞാന്‍ ഭവ്യതയോടെ ചോദിച്ച്. "Are you Malayalees?" സ്ത്രീ എന്തോ പറയാന്‍ തുടങ്ങുകയായിരുന്നു. അതിനു മുന്‍പ് പുരുഷന്‍ പറഞ്ഞു. "nien, wir kommen nicht aus Indien (അല്ല. ഞങ്ങൾ ഇന്ത്യക്കാര്‍ അല്ല) ഞാന്‍ വീണ്ടും ചോദിച്ചു. "Do you speak Malayalam?"
പൂരുഷന്‍ അല്പം അസ്വാസ്ഥ്യത്തോടെ: "nien" (അല്ല)

എന്റെ അവസ്ഥയ്ക്ക് "ഞെട്ടല്‍" എന്ന വാക്കല്ലാതെ വേറെ വല്ല വാക്കും ഈ കണ്ടിഷനു് ഉണ്ടോ എന്നെനിക്കറിയില്ല. എന്തായലും സാധാരണ വയസ്സായ മന്ത്രിമാരുടെ മരണത്തിന് നീക്കിവെച്ചിരിക്കുന്ന ഞെട്ടലിനു 220v (വോള്‍ട്ട്) അണെങ്കില്‍ എന്റേത് ഒരു സാമാന്യം ഭേദപ്പെട്ട 5kv (കിലൊ വോള്‍ട്ട് ) ഞെട്ടലായിരുന്നിരിക്കണം.

മലയാളി എന്നു ഞാന്‍ കരുതിയിരുന്ന, കുറച്ചുമുന്‍പ് വരെ മലയാളത്തില്‍ സംസാരിച്ച, പിന്നെ ഭാരതീയ വംശത്ത്വം തന്നെ നിഷേധിച്ച ഈ രണ്ടു പേരും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്ത് ഒരു കള്ള ലക്ഷണമുണ്ടായിരുന്നു. സാധാരണ കുട്ടികള്‍ ഷെല്ഫില്‍ നിന്നും ക്രിസ്റ്റല്‍ താഴെയിട്ട് പെട്ടിച്ച ശേഷമുള്ള നോട്ടം.

സ്റ്റോപ്പ് മിസ്സ് ആയി. ഞാന്‍ വിയര്‍ത്ത് തുടങ്ങി. ജീവിതത്തില്‍ ഇതുപോലെ ഒരു അവസ്ഥ ഞാന്‍ അഭിമുഖീകരിച്ചിട്ടില്ല. "എടാ നെറികെട്ട പുല്ലേ, നീ ഇപ്പൊ പറഞ്ഞത്ത് പിന്നെ എന്തുവായിരുന്നെടേ ?" എന്നു ചോദിച്ചക്കേണ്ട ഞാന്‍ മിണ്ടാതെ ട്രാമിന്റെ വാതിലിന്റെ ഭാഗത്തേക്ക് നടന്നു നീങ്ങി. അടുത്ത ഏതോ സ്റ്റോപ്പില്‍ ഇറങ്ങി.

ട്രാം സ്റ്റോപ്പിലെ ഇരിപ്പടത്തില്‍ ഇരുന്നു. എന്താണ് സംഭവിച്ചത്? ഞാന്‍ നടന്ന സംഭവങ്ങള്‍ എല്ലാം Goal Kick Action Replay പോലെ കണ്ടു നോക്കി. പ്രശ്നങ്ങള്‍ ഒന്നുമില്ല. ഞാന്‍ മോശമായി ഒന്നും പറഞ്ഞില്ല. എന്റെ ബോഡി ലാങ്ക്വേജ് എല്ലാം കൃത്യമായിരുന്നു. സ്ത്രീയുടെ മുഖത്ത് പോലും ഞാന്‍ നോക്കിയില്ല. പിന്നെ എന്ത് സംഭവിച്ചകാണും?

പലരോടും ഈ ചോദ്യം ഞാന്‍ ചോദിച്ചിട്ടൂണ്ട്. പലരും പല ഉത്തരങ്ങള്‍ എനിക്ക് തന്നു. നിങ്ങള്‍ ഇതിന് എന്ത് ഉത്തരം തരും?

16 comments:

  1. കൈപ്പള്ളീ...ഇതിന് ഒരു ഉത്തരം പറയുക പ്രയാസമാണ്.മലയാ‍ളത്തെ പുച്ഛത്തോടെ കാണുന്ന മലയാളികളെ എന്താണ് വിളിക്കേണ്ടത്?ഒരു വ്യക്തി ഭാഷയെ മറക്കുമ്പോള്‍...അവന്‍ മറക്കുന്നത് സ്വന്തം സംസ്കാരത്തെയാണ്.ഭാഷ..സംസ്കാരം എന്നിങനെയുള്ള വേരുകള്‍ നഷ്ടമായ ഒരുവന് എന്ത് അസ്ഥിത്വമാണ് ഉള്ളത്?

    ReplyDelete
  2. ഒരു എളുപ്പവഴി ഉണ്ട്. അവന്റെ നെഞ്ചാങ്കൂടിന് ഒറ്റ ചാമ്പാ ചാമ്പിയിരുന്നേല്‍ അവന്‍ എന്റെ കര്‍ത്താവേ എന്ന് തനി മലയാളത്തില്‍വിളിച്ചുംകൊണ്ടോടിയേനേ.ഇക്കാര്യത്തില്‍ ഞങ്ങള്‍ ഗള്‍ഫുകാര്‍ ഭേദമാ എന്നു തോന്നുന്നു.ഇവിടെ FM Radio ക്കാര്‍ മാത്രമേ മലയാളത്തെ കൊല്ലുന്നുള്ളൂ

    ReplyDelete
  3. മലയാളിയാണോന്നാ ച്വാദിച്ചത് ഇന്തിയാണോന്നല്ലെന്ന് റിപ്പീറ്റാമായിരുന്നു...
    ഒരു ജാൻസ് മിസ്സാക്കീലേ അണ്ണാ...

    ReplyDelete
  4. Ralminov:
    അതിന് അവൻ ആദ്യം തന്ന ഷോക്കിൽ ഞാൻ സ്തമ്പിച്ചില്ലേ. പിന്നെ എല്ലാ സ്ഥല കാല ഭോധങ്ങളും പോയി.

    ReplyDelete
  5. അപ്പോ മലയാളത്തില്‍ നല്ല ഭാഷ ചിരിച്ചുകൊണ്ട് ചോദിക്കണമായിരുന്നു കൈപ്പുള്ളി. അതായത് അഗമ്യഗാമീ എന്നോ പിതൃശൂന്യേട്ടാ സുഖമല്ലേ എന്നോ ഒക്കെ! അപ്പോ പുറത്ത് ചാടിയേനേ പൂച്ച്

    ReplyDelete
  6. ഇപ്രകാരം പുച്ഛിക്കുന്നവരെ പലയിടത്തും കാണാം.

    അല്ലാന്നു പറഞ്ഞപ്പോള്‍, ആത്മഗതമെന്നോണം ഒരു വന്‍‌ തെറി ഇത്തിരിയുറക്കെ, എന്നാല്‍ തന്നോട് തന്നെ പറയുന്ന മാതിരി, അടിച്ചു വിട്ട് നോക്കാമായിരുന്നില്ലേ, കൈപ്പള്ളീ?

    ReplyDelete
  7. ഞാന്‍ ഭവ്യതയോടെ ചോദിച്ച്. "Are you Malayalees?"
    മലയാളി ആണെന്നറിഞ്ഞിട്ടും എന്താ ആ ചോദ്യം ഇംഗ്ലീഷില്‍ ആക്കിയതു... ?

    ReplyDelete
  8. ശെരിയാണ്. മലയാളത്തിൽ ചോദിക്കണമായിരുന്നു. പലപ്പോഴും അത്ത്യാവിശ്യത്തിന് പഠിച്ച ഭാഷയേ നാവിൽ വരു. അന്നും ഇന്നും.

    ReplyDelete
  9. ഇവർ ഇങ്ങനെ പ്രതികരിക്കും എന്ന് ഞാൻ ഒരിക്കലും പ്രതിക്ഷിച്ചില്ല.

    ReplyDelete
  10. കൈപ്പള്ളീ,
    ഇതിന്റെ ഉത്തരം വളരെ ലളിതമാണ്‌. അവനവനെ വച്ചാണ്‌ എല്ലാ മനുഷ്യരും അയല്‍പക്കം അളക്കുന്നത്‌. മലയാളി എന്നു കേള്‍ക്കുമ്പോള്‍ സ്വന്തം വീട്ടുകാര്‍, അയല്‍ക്കാര്‍, ചേട്ടാനിയന്മാര്‍, അമ്മപെങ്ങന്മാര്‍ സുഹൃത്തുക്കള്‍ ഇവരെപ്പോലെ ഒരുത്തന്‍/ത്തി എന്നാണ്‌ എതു മലയാളിക്കും തോന്നുക.


    Y2Kയില്‍ രൊു സര്‍ട്ടിഫിക്ക്കേറ്റു കോഴ്സു പഠിച്ചോ മറ്റോ നാട്ടില്‍ നിന്നും ഇറങ്ങിപ്പോകുമ്പോഴേക്ക്‌ ചിലര്‍ക്ക്‌ അവര്‍ വളര്‍ന്നെന്നും ബന്ധുമിത്രാദികള്‍ ഇപ്പോഴും പഴയ തറ- പഠിപ്പില്ലാത്ത-കടം ചോദിക്കുന്നവര്‍ ആണെന്നും തോന്നല്‍ മനസ്സില്‍ വരും. അങ്ങനെയുള്ളവര്‍ സ്വാഭാവികമായും മലയാളിയെക്കാണുമ്പോള്‍ ഒളിക്കാന്‍ ശ്രമിക്കും.

    ഇതിനു മറ്റൊരു വശം കൂടിയുണ്ട്‌. എനിക്ക്‌ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഡിസ്ക്രിമിനിേഷന്‍ ഒക്കെ നേരിടേണ്ടി വന്നിട്ടുള്ളത്‌ അറബികളില്‍ നിന്നോ സായിപ്പന്മാരില്‍ നിന്നോ അല്ല. ഗോസായിമാരില്‍ നിന്നോ പാക്കിസ്ഥാനികളില്‍ നിന്നോ പോലുമല്ല, മലയാളി സഹോദരീ സഹോദരന്മാരില്‍ നിന്നാണ്‌. അതെല്ലാം കൂടി ഒരു പോസ്റ്റ്‌ ആക്കുന്നുണ്ട്‌. ആത്മാഭിമാനമില്ലയ്മയുടെ നാറുന്ന കഥകള്‍ എന്നോ മറ്റോ ഒരു പേരും ഇടണം..

    ReplyDelete
  11. മലയാളത്തോടുള്ള വെറുപ്പോ, മലയാളിയാണെന്ന് പറയാനുള്ള മടിയോ ആയിക്കോളണമെന്നില്ല കാരണം. ഒരു പക്ഷേ, എന്തെങ്കിലും സഹായം അഭ്യര്‍ത്ഥിക്കാന്‍ വന്ന ആളാണെന്ന് കരുതി ഒഴിവാക്കാന്‍ ശ്രമിച്ചതുമാവാം. എല്ലാവരും പരസഹായ മനസ്ഥിതി ഉള്ളവരല്ല, പ്രത്യേകിച്ച്‌ അന്യനാടുകളില്‍ ജോലി ചെയ്യുമ്പോള്‍.

    അവരെ ന്യായീകരിച്ചതല്ല; മുഖത്തു നോക്കി മലയാളിയാണോ എന്നു ചോദിക്കുന്നവരോട്‌ അല്ല എന്നിതു വരെ പറഞ്ഞിട്ടില്ലെങ്കിലും, മലയാളിയാണെന്ന് മനസ്സിലായാലും സഹായിക്കാന്‍ കഴിയാത്ത അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്‌. അതു കൊണ്ട്‌ പറഞ്ഞെന്ന് മാത്രം.

    ReplyDelete
  12. ആദ്യത്തെ ചോദ്യം തന്നെ മലയാളത്തിലാക്കാമായിരുന്നു.പിന്നെ
    ഇറ്ങ്ങാന്‍ നേരം,ഇതും പറഞ്ഞിറങ്ങാമായിരുന്നു എന്നു് തോന്നുന്നു.
    "എടാ നെറികെട്ട പുല്ലേ, നീ ഇപ്പൊ പറഞ്ഞത്ത് പിന്നെ എന്തുവായിരുന്നെടേ ?"
    വേണു.

    ReplyDelete
  13. ന്ന പിടിച്ചൊ ഒരു പരീ കഷണം

    ReplyDelete
  14. ഇതിപ്പോഴാ വായിച്ചേ കൈപ്പള്ളീ, ഒരു പോസറ്റിവ് ഉത്തരത്തിന് ശ്രമിച്ച എനിക്ക് തോന്നിയത്:

    ഇവിടെയൊക്കെ ധാരാളം മലയാളികള്‍ ‍ വിസയൊന്നുമില്ലാതെ ജോലി ചെയ്യുന്നുണ്ട്. അവര്‍ ഹീബ്രുവില്‍ സംസാരിച്ചാണ് രക്ഷപ്പെടുന്നത്. ഹീബ്രു കേട്ടാല്‍ ഇവിടുത്തുകാര്‍ പിന്നെ ഒന്നും നോക്കില്ല. പക്ഷെ ആ സമയം നമ്മള്‍ ഇംഗ്ലീഷ് (മലയാളം) പറഞ്ഞാല്‍ പിന്നെ ചോദ്യം, ഭേദ്യമിക്കെയായി.

    ഇത് പോലെ ധാരാളം മലയാളികള്‍ ജര്‍മ്മനി, ഇറ്റലി തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടെന്ന് കേട്ടിരിക്കുന്നു. യാതൊരു വക പേപ്പറുകളും ഇല്ലാതെ. പിടിച്ചാല്‍ പിന്നെ യാതൊരു രക്ഷയുമില്ലാത്തവര്‍. പക്ഷേ ജര്‍മ്മനിയും (ഫ്രാന്‍സൊക്കെ അത്തരം രാജ്യങ്ങലാണ്, ഇംഗ്ലീഷ് ഇവര്‍ക്കു ഒരു വെറുപ്പാണോ എന്നു പോലും തോന്നിയിട്ടുണ്ട്)സ്വന്തം ഭാഷ സംസാരിക്കുന്നവരെ അത്ര സംശയിക്കില്ലാന്നു കേട്ടിരിക്കുന്നു.അത്തരത്തില്‍ ആരെങ്കിലും ആയി കൂടെ അത്. സ്വരക്ഷയ്ക്കു വേണ്ടി ചെയ്തത്. അവര്‍ തിരിച്ചു പറഞ്ഞത് ജര്‍മ്മന്‍ ആയിരുന്നല്ലൊ?

    ഒരു സംശയം അത്രയേ ഉള്ളൂട്ടൊ. ഇവിടെ അത്തരക്കരൊടൊക്കെ മിണ്ടരുത് എന്നാണ് ശരിയായ രീതിയില്‍ വരുന്നവരുടെ ഹിഡണ്‍ അജെണ്ടാ!

    ReplyDelete
  15. സഹായിക്കേണ്ടിവരും എന്ന ഭയത്താലും പലരും ഒഴിഞ്ഞുമാറാറുണ്ട്‌... താങ്കളെ കണ്ടാല്‍ സഹായം വേണ്ട രീതിയിലായിരുന്നോ .. :-) തമായിച്ചതാണേ....

    'ഓ ലിത്‌ ജര്‍മ്മന്‍ കാര്‍ക്ക്‌ ഉണ്ടായതാ......' എന്ന് ഉറക്കെ ഒന്ന് ആതമഗതിച്ച്‌ ഇറങ്ങാമായിരുന്നു.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..