Saturday, June 21, 2008

എന്റെ Linux പരീക്ഷണം

കുറച്ച് ദിവസത്തെ ഒഴിവ് കിട്ടിയതിനാൽ പഴയ Laptopൽ Linux install ചെയ്യാം എന്ന് കരുതി.
ഒരു computer കൊണ്ടുള്ള എന്റെ ആവശ്യങ്ങൾ ഇതാണ്.

1) Cameraയിൽ നിന്നും ചിത്രങ്ങൾ download ചെയ്യണം
2) Camera Remote ആയി നിയന്ത്രിക്കാൻ കഴിയണം (Windowsൽ EOS Utility എന്ന പ്രോഗ്രാം ആണു ഇതു് ചെയ്യുന്നതു്.)
3) OKI LED Color Printer ഉപയോഗിക്കുക.
4) Firewire വഴി backup systems പ്രവർത്തിപ്പിക്കണം
5) Windows Mobile Handsetകൾ sync ചെയ്യണം
6) Wifi, blootooth പ്രവർത്തിപ്പിക്കണം
7) Browser ഉപയോഗിക്കണം

മുകളിൽ പറഞ്ഞിരിക്കുന്ന ആദ്യ നാലു് ആവശ്യങ്ങൾ പ്രാവർത്തികമായാൽ ഞാൻ സംതൃപ്തനാണു്.

June 16ആം തീയതി വൈകുന്നേരം മുതൽ June 20 വരെ പരീക്ഷണം നീണ്ടു നിന്നു.
Installation നടത്തിയ system Acer TravelMate Laptop ആയിരുന്നു. തുടക്കം മുതൽ അവസാനം വരെ Wifi പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. പിന്നെ ഒരു windows xp system ഉണ്ടായിരുന്നതു് കൊണ്ട് communication നടത്താൻ കഴിഞ്ഞു.

Linuxന്റെ വിവിധ വിതരണങ്ങൾ ഉള്ളതുപോലെ തന്നെ അഭിപ്രായങ്ങളും ഉണ്ട്. പലരും പല അഭിപ്രായങ്ങൾ പറഞ്ഞതിനാൽ OS installation ചെയ്യാൻ ഒരുപാട് സമയം എടുത്തു. 40 Minute നുള്ളിൽ Installation ചെയ്ത് പരിചയമുള്ളവർക്ക് Linux Installationന്റെ ചോദ്യങ്ങൾ ചിലപ്പോൾ കുഴപ്പം സൃഷ്ടിക്കും. ആദ്യത്തെ installation Dos പോലെ എല്ലാം Command line വഴി ചെയ്യുന്ന interface ആയിരുന്നു. പിന്നെ വീണ്ടും Windows system വഴി അന്വേഷിച്ച് ഒരു desktop GUI കണ്ടുപിടിച്ചു. Ubuntu എന്ന വിതരണമാണു് ഞാൻ അതിനു് ശേഷം പരീക്ഷിച്ചത്. ubuntuന്റെ GUI കാണാൻ വളരെ ഭംഗിയാണു്. Mac OSXനെ പകർത്താൻ ഒരു ശ്രമം നടത്തിയിട്ടുണ്ട്. Applications installation ചെയ്യുന്നതെല്ലാം പഴയ command line ഉപയോഗിച്ച് ചെയ്യാൻ ആണു് എന്നെ ഒരു സുഹൃത്ത് ഉപദേശിച്ചത്. ഏകദേശം ഒരു dozen commandകളും അതിന്റെ എല്ലാം switchesഉം വായിച്ചു് പഠിക്കേണ്ടി വന്നു. എന്തുകൊണ്ടാണു് ഈ installation proceedure ഇത്രയും പ്രാകൃതം എന്നു് അബദ്ധത്തിൽ ഞാൻ ഒരു linux വിദഗ്‌ദനോടു് ചോദിച്ചപ്പോൾ അദ്ദേഹം violent ആയി. 20 വർഷം കൊണ്ട് പഠിച്ച computing principles എല്ലാം വെറും വ്യർത്ഥം ആണെന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അവസാനം മുകളിൽ ഞാൻ എഴുതിയ ആവശ്യങ്ങളിൽ ആദ്യത്തേത് ചെയ്യാൻ ശ്രമിച്ചു. OKI Linux പിന്തുണക്കുന്നില്ല. Printer ന്റെ driver compile ചെയ്യാനുള്ള രീതി ഒരു സുഹൃത്ത് പറഞ്ഞു തന്നു. വളരെ കഷ്ടപ്പെട്ട് ഒരു വിധം printer പ്രവർത്തിപ്പിച്ചു. സാധാരണ 10 second കൊണ്ട് നടക്കുന്ന കാര്യം ഒരു ദിവസം മുഴുവൻ എടുത്തു.

Canonഉം Linuxന്റെ drivers നിർമിക്കുന്നില്ല. Linux ഗുരുക്കന്മാരോടു് ചോദിച്ചപ്പോൾ, Linux support ചെയ്യുന്ന camera പോയി വാങ്ങാൻ ഉപദേശിച്ചു. എന്തായാലും ഒരു DSLR ഉപയോഗിക്കുന്ന photographerഉം operating system നു വേണ്ടി camera (+ all lenses) മാറ്റിയതായി അറിവില്ല. പലയിടത്തും അന്വേഷിച്ചതിനു് ശേഷം Camera യിൽ നിന്നും ചിത്രം എടുക്കാൻ ഒരു third party software കണ്ടുകിട്ടി.

ബാക്കിയുള്ള ആവശ്യങ്ങളും ഇതുപോലെ നീണ്ട അധ്വാനങ്ങളാണ് എന്ന് തിരിച്ചറിഞ്ഞതിനാൽ Linux വളരെ പെട്ടന്നു തന്നെ uninstall ചെയ്യാൻ തുടങ്ങി. അപ്പോഴാണു് ഒരു കാര്യം മനസിലായത്. ഒരിക്കൽ ഈ മാരണം install ചെതാൽ പിന്നെ ഇത് install ചെയ്യുന്ന GRUB bootloader ഇല്ലാതെ Windows ലേക്ക് boot ചെയ്യില്ല. അങ്ങനെ system format ചെയ്യാതെ Linuxനായി മാറ്റിവെച്ച 100 GB ഉപയോഗിക്കാനാകില്ല എന്ന തിരിച്ചറിവും ഉണ്ടായി.

Linux ലേക്ക് മാറാൻ ഉദ്ദേശിക്കുന്നവരോട്:
1) വേറെ പ്രത്യേകിച്ച് പണിയും, computer കൊണ്ട് കാര്യമായ ആവശ്യങ്ങളും ഒന്നുമില്ലെങ്കിൽ ധൈര്യമായിട്ട് linux ഉപയോഗിക്കു.
2) Linux എന്ന മതത്തിൽ വിശ്വാസം ഉണ്ടെങ്കിൽ മാത്രം install ചെയ്യുക. ഈ സാധനത്തിനോട് ഒരു special അനുകമ്പ ഇല്ലാതെ ഇത് പ്രാവർത്തിക്കില്ല.
3) Linux ഉപയോഗിച്ചാൽ മാത്രമേ സുഹൃത്തുക്കളുടെ കൂട്ടത്തിൽ ബഹുമാനം കിട്ടൂ എന്നുണ്ടെങ്കിൽ Linux install ചെയ്യൂ.
4) മറ്റ് മുൻനിര OSകളിൽ നിസാരമായി ചെയ്യുന്ന ഓരോ പ്രവർത്തിയും എന്തുകൊണ്ട് മണിക്കൂറുകൾ കൊണ്ട് സാധിക്കണം എന്ന് താരതമ്യം ചെയ്യാനുള്ള ശേഷി നഷ്ടപ്പെട്ടെങ്കിൽ Linux ഉപയോഗിക്കുക.

പ്രവർത്തിക്കുന്ന ഒരു Windows XP system ഇല്ലാതെ ഒരു പുതിയ userനു് Linux installation നടത്താൻ സാദ്ധ്യമല്ല എന്നുള്ളതാണു് ഇതിന്റെ ഏറ്റവും വലിയ വിരോധാഭാസം.

Linuxൽ എല്ലാം സാധ്യമായിരിക്കാം. പക്ഷെ എത്ര വേഗത്തിൽ അത് സാദ്ദ്യമാകും എന്നതാണു് ചോദിക്കേണ്ടത്.

Linuxൽ അനേകം പോരായ്മകൾ ഉണ്ടെങ്കിലും ചില നല്ല വശങ്ങളുമുണ്ട് എന്ന് പറയാതിരിക്കുന്നത് ശരിയാവില്ല. Linuxന്റെ Synaptic Package Manager ആണു് ഏറ്റവും ബൃഹത്തായ സവിശേഷത. പുതിയ ഉപകരണങ്ങൾ install ചെയ്യാനുള്ള ഒരു സംവിധാനം. ഇതിന്റെ ഒരു കുഴപ്പം എന്തെന്നാൽ installation കഴിഞ്ഞാൽ install ചെയ്ത പുതിയ വസ്തു എവിടെയാണു് ഇരിക്കുന്നത് എന്ന് പറഞ്ഞു തരില്ല. തപ്പണം.

Securityയുടെ കാര്യത്തിൽ Linux വളരെ മുന്നിലാണു്. Internet connection ഇല്ലാത്ത വീട്ടിനുള്ളിൽ ഇരിക്കുന്ന സിസ്റ്റത്തിൽ എങ്ങോട്ട് തിരിഞ്ഞാലും userid യും passwordഉം ചോദിക്കുന്ന രീതി മഹാ ബോറാണു്. ഇത് ഒഴിവാക്കാൻ GUI വഴി ഒരു മാർഗ്ഗവുമില്ല.
Linuxൽ Command Line interface ഇല്ലാതെ എളുപ്പത്തിൽ കാര്യങ്ങൾ സാധിക്കുന്ന വഴി ഇല്ല.


Linux വക്താക്കൾ സ്ഥിരം പറയുന്ന ഒരു ന്യായമുണ്ട്:
"ഇന്ത്യയിൽ ഇതു് സർക്കാർ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന OS ആണു്."
എന്റെ മറുപടി: സർക്കാർ സ്ഥാപനങ്ങളിൽ video conferencingഉം gamesഉം Ipodൽ Mp3 transferഉം നടക്കുന്നില്ലെങ്കിൽ ശരിയാണു്.

Consumer Software എപ്പോഴും user friendly ആയിരിക്കണം. Windowsന്റേയും Apple MACന്റേയും വിജയത്തിന്റെ കാരണവും അതു തന്നെയാണു്. Linux സ്വീകരിക്കാൻ അല്ലെങ്കിൽ പരീക്ഷിക്കാൻ മുന്നോട്ട് വരുന്ന ഉപഭോക്താവിനെ വിരട്ടുന്ന മട്ടിലാണു് Linuxന്റെ ഭടന്മാർ IRCയിൽ സാധാരണ പെരുമാറുന്നതു്.

Linux user friendly അല്ലെന്നുള്ളത് പരിഹരിക്കാവുന്ന വിഷയം, ചില Linux users ഒട്ടും friendly അല്ല എന്നുള്ളതാണു് ഏറ്റവും ഭയാനകം.

ചുരുക്കത്തിൽ Linux ഒരു മതമാണു്. ഒരു മതത്തിലും പ്രവർത്തിക്കാത്ത ഒരു മത നിരീക്ഷകനായ ഞാൻ ഈ മതത്തിൽ ചേരാൻ ആഗ്രഹിക്കുന്നില്ല. computer ഉപകരണങ്ങളായി മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. അവ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാൻ പണം മുടക്കണമെങ്കിൽ അതിൽ തെറ്റൊന്നും കാണുന്നില്ല. സൌജന്യമായി പ്രവർത്തിപ്പിക്കാൻ ഇത്രയും കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ അത് ഓരോരുത്തരുടേയും ഇഷ്ടം.

പക്ഷെ ദാനം കിട്ടുന്ന പശുവിനു് അതിന്റേതായ പോരായ്മകളും കാണും.

Sunday, June 15, 2008

പദമുദ്ര - പ്രവർത്തനം ആരംഭിച്ചു.

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

കുറച്ചു വർഷങ്ങളായി പലരും ആഗ്രഹിച്ചിരുന്ന ഒരു സംവിധാനമാണു് ഒരു online മലയാള ഭാഷ നിഘണ്ടു വേണം എന്നത്. എന്റെ മലയാള ഭാഷാ പരിജ്ഞാനം വച്ച് ഈ ജന്മം അത് സാദ്ധ്യമാവില്ല എന്ന് എനിക്ക് നല്ല ബോധം ഉണ്ടായിരുന്നു. പലരോടും പലതവണ ഈ ആവശ്യത്തെക്കുറിച്ച് ചർച്ച ചെയ്തെങ്കിലും ഫലം ഉണ്ടായില്ല. കൂട്ടത്തിൽ യാദൃശ്ചികമായാണ് ഞാൻ ബ്ലോഗിൽ സിദ്ധാർത്ഥൻ എന്നറിയപ്പെടുന്ന സജിത്ത് യൂസുഫിനോട് ഈ കാര്യം ചർച്ച ചെയ്തത്. അപ്പോഴാണ് അറിഞ്ഞത് അദ്ദേഹവും ഈ ആഗ്രഹം കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കാലമേറയായി എന്ന വിവരം. സാധാരണ 10ഉം 20ഉം വർഷം സമയം കൊണ്ടാണു് ഒരു നിഘണ്ടു ഉണ്ടാകുന്നത്. അതിലും വേഗത്തിലും ആഴത്തിലും ഇന്റർനെറ്റിലൂടെ മലയാള ഭാഷ അറിയാവുന്നവരുടെ സഹകരണത്തിലൂടെ ചിലപ്പോൾ അഞ്ചോ ആറോ വർഷം കൊണ്ട് ഇത് സാദ്ധ്യമായേക്കാം.

പക്ഷെ അതിനു് ആവശ്യമുള്ള ഒരു software വേണം. പരിമിതമായ എന്റെ PHP/MySQL അറിവിന്റെ വെളിച്ചത്തിൽ ഞാൻ എന്നാൽ കഴിയുന്നതു് ചെയ്യാം എന്ന് ഏറ്റു. ഒരു മാസം മുമ്പ് ഞങ്ങൾ ഇതിന്റെ ഒരു പ്രവർത്തന രൂപവും, വിവരശേഖരണ സംവിധാനവും രൂപകല്പന ചെയ്തു. അങ്ങനെ പദമുദ്രയുടെ പ്രവർത്തനം ആരംഭിച്ചു.

ഇന്റർനെറ്റിൽ ഇത് ആദ്യമല്ല മലയാള നിഘണ്ടു. സമൂഹികമായി തിരുത്താവുന്ന wiktionary യുടെ ചില അടിസ്ഥാന സംവിധാനങ്ങൾ പദമുദ്രയിലും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ Wiktionaryയിൽ ഇല്ലാത്ത പല സവിശേഷതകളും പദമുദ്രയിലുണ്ടു്.

1) ഒരു പരിശീലനവുമില്ലാതെ തന്നെ എളുപ്പത്തിൽ പദമുദ്രയിൽ പദങ്ങളും അർത്ഥങ്ങളും എഴുതി ചേർക്കാം. wiktionaryയിൽ എഴുതുന്നതു് അത്ര എളുപ്പമല്ല.

2) ഒരു നിഘണ്ടു എന്നാൽ വിജ്ഞാന കോശമല്ല. അതിനു് കൃത്യമായ ചില ക്രമങ്ങളും ചട്ടങ്ങളുമുണ്ട്. അർത്ഥങ്ങളുടെ വിശദീകരണങ്ങൾക്ക് വ്യക്തമായ സ്ഥാനവും, സമ്പ്രദായങ്ങളുമുണ്ടു്. സ്വാതന്ത്ര്യത്തിനു് മുന്‍‌തൂക്കം കൊടുക്കുന്ന Wiktionaryയിൽ അർത്ഥതരങ്ങൾക്കും, ചട്ടങ്ങൾക്കും, സമ്പ്രദായങ്ങൾക്കും കൃത്യമായ സ്ഥാനങ്ങളില്ല. ഇതിന്റെ അഭാവത്തിൽ അർത്ഥങ്ങൾക്കും പദങ്ങൾക്കും അച്ചടക്കമില്ലാതെയാകും. എവിടെ വേണമെങ്കിലും എങ്ങിനെ വേണമെങ്കിലും എഴുതി ചേർക്കാം. ആർക്ക് വേണമെങ്കിലും എഴുതി ചേർക്കാം. പദമുദ്രയിൽ അംഗം എഴുതുന്ന അർത്ഥം മറ്റൊരംഗത്തിനു് തിരുത്താൻ അവകാശമില്ല. മറിച്ച് നിയമിക്കപ്പെട്ട editor മാർക്ക് തിരുത്താം.

3) പദമുദ്രയിൽ അജ്ഞാതരായവർക്കു് തിരുത്താൻ അവകാശമില്ല. wiktionaryയിൽ അംഗമല്ലാത്തവർക്കും തിരുത്താം.

4) സ്വതന്ത്രമായും, സൌജന്യമായും ചേർക്കുന്ന ഈ വിവരങ്ങൾ ഒരു സംഘത്തിന്റെയും സ്വത്തല്ല. കൊടുക്കുന്ന വിവരങ്ങൾ സൌജന്യമായി തന്നെ കൊടുക്കുന്നവന് ആവശ്യാനുസൃതം തിരിച്ചെടുക്കാനും ഉപയോഗിക്കാനും അവകാശമുണ്ട്. അറിഞ്ഞിടത്തോളം wiktionaryയിൽ നിന്നും എല്ലാ തിരുത്തലുകളും ഉൾപെടുന്ന RSS Feed ആയി തിരിച്ചെടുക്കാൻ കഴിയില്ല. പദമുദ്രയിൽ എല്ലാ ദിവസവും RSS Feed പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവ GNU license പ്രകാരം, സാമ്പത്തിക ലാഭമില്ലാത്ത സൌജന്യ ആവശ്യങ്ങൾക്കു് ഉപയോഗിക്കാവുന്നതാണു്.

'പദമുദ്ര' ഇപ്പോഴും രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു നിഘണ്ടുവാണു്. ചില സവിശേഷതകൾ ഈ postന് ശേഷവും പ്രവർത്തിച്ചു തുടങ്ങി എന്നുവരാം.

അർത്ഥ വിവരണം:
പദമുദ്ര ഭാവിയിൽ ഒരു സമ്പൂർണ്ണ ഭാഷാ നിഘണ്ടു ആയി മാറാവുന്ന തരത്തിലാണു രൂപകല്പന ചെയ്തിരിക്കുന്നത്.
പദങ്ങളും അർത്ഥങ്ങളും വെവ്വേറെയായാണു ശേഖരിക്കുന്നത്. ഇതിന്റെ പ്രധാന കാരണം, ഒരു പദത്തിനു് ഒന്നിലധികം വിഭാഗങ്ങളിൽ പെട്ട ഒന്നിലധികം അർത്ഥങ്ങൾ ഉണ്ടാകാം എന്നതിനാലാണു്.
അർത്ഥങ്ങളെ വിവരിക്കാനായി, 14 പ്രദേശങ്ങളും, 113 അർത്ഥ തരങ്ങളും, 25 ഉല്പത്തികളും ഉൾപെടുത്തിയിട്ടുണ്ട്. കൂടാതെ അർത്ഥങ്ങളോടൊപ്പം പദച്ഛേദം, ആംഗലേയ അർത്ഥം, പര്യായപദങ്ങളും, വിപരീതപദവും, എതിർലിംഗവും, മറ്റു വിവരങ്ങളും ശേഖരിക്കാവുന്നതാണു്.

ചർച്ച:
ഓരോ അർത്ഥത്തെ കുറിച്ചു് വേണമെങ്കിൽ അംഗങ്ങൾക്ക് ചർച്ച ചെയ്യാനും സവിധാനമുണ്ട്.

ഞങ്ങൾ ചില സുഹൃത്തുക്കളെ ഈ വിവരം ആദ്യം തന്നെ അറിയിച്ചിരുന്നു. പലരും സന്തോഷത്തോടെ മുന്നോട്ട് വന്ന് പദങ്ങളും അർത്ഥങ്ങൾ ചേർത്ത് തുടങ്ങി. മലയാളം ബ്ലോഗിൽ പരസ്യമായി വിളമ്പരം എന്തുകൊണ്ടു കൊടുത്തില്ല എന്നു് പലരും പരാതി പറഞ്ഞു. ഇതിനുള്ള കാരണം പലതാണു്.

1) ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന backend software ഇപ്പോഴും പൂർത്തിയായിട്ടില്ല.
2) 'പദമുദ്ര'യിൽ ഇപ്പോൾ പദങ്ങൾ വളരെ പരിമിതമാണു്. ഈ പദ്ധതിയെ കുറിച്ച് ഒരു മുൻധാരണ ഇല്ലാത്ത ഒരു സന്ദര്‍ശകൻ 'പദമുദ്ര' സന്ദര്‍ശിച്ചാല്‍, പദങ്ങളുടെ ദൌർലഭ്യം മൂലം നിരുത്സാഹപ്പെടരുത് എന്നു് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു.
3) ഏറ്റവും പ്രധാനപ്പെട്ട കാരണം: ഒരു തുറന്ന വിളമ്പരം ഉണ്ടാകുമ്പോൾ ഈ പദ്ധതിയുമായി സഹകരിക്കാൻ നല്ലവരായ അനേകം സുഹൃത്തുക്കൾ മുന്നോട്ട് വരും എന്നു് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. എന്നാൽ ഇവർ എഴുതുന്ന പദങ്ങളും അർത്ഥങ്ങളും പരിശോധിച്ച ശേഷം അംഗീകരിക്കാൻ വേണ്ടത്ര തിരുത്തലുകാർ (editors) ഇല്ല. ഇപ്പോൾ തന്നെ 1000ത്തിനു മുകളിൽ അർത്ഥങ്ങൾ 'പദമുദ്രയിൽ' അംഗീകാരം കാത്ത് കിടക്കുന്നുണ്ട്.

പദങ്ങളും അർത്ഥങ്ങളും എഴുതി ചേർക്കാനും, എഴുതി ചേർത്തവ തിരുത്താനും മലയാള ഭാഷ അറിയാവുന്നവർ മുന്നോട്ട് വരണം എന്നു് അഭ്യർത്ഥിക്കുന്നു.

അവസാനമായി പറയാനുള്ള ഒരു കാര്യം:

ഇത് കൈപ്പള്ളി എഴുതി ഉണ്ടാക്കിയ നിഘണ്ടു അല്ല. ഇതു് മലയാള ഭാഷയെ സ്നേഹിക്കുന്നവരുടെ നിഘണ്ടുവാണു്. ഈ നിഘണ്ടുവിന്റെ മെച്ചം അതിൽ എഴുതപ്പെടുന്ന വിവരങ്ങളുടെ മെച്ചം അനുസരിച്ചിരിക്കും. ഇതിന്റെ credit മലയാള സമൂഹത്തിന്റേതാണ്, വ്യക്തികൾക്കല്ല. ദയവായി ഈ postന്റെ commentകളിൽ വ്യക്തി പ്രശംസകൾ ഒഴിവാക്കുക.

ഈ പദ്ധതി മലയാള on-line സമൂഹത്തിന്റെ ഒരു വിജയമായി തീരും എന്ന ശുഭാപ്തി വിശ്വാസത്തോടെ നിങ്ങളുടെ സുഹൃത്ത്.

കൈപ്പള്ളി.