തന്ത്രിമാരും നമ്പിമാരും അനുഷ്ടാന്നങ്ങൾ തെറ്റിക്കുന്നു, അതിനു് പ്രായശ്ചിത്തം ചെയ്യണം, പ്രതിവിധി ഉണ്ടാക്കണം. ബിമ്പകോപം, ചൈതന്യവൈകല്യം, സന്താനദുരിതം, ആപത്തു്, മുതലായ അലികുലുത്തുകൾ ഒഴിവാക്കാൻ മൃത്യുഞ്ജയ ഹോമം, മഹാ യാഗം, അങ്ങനെയുള്ള എല്ലാ അന്ധവിശ്വാസങ്ങളിലേക്കും കേരളത്തിലെ ജനതയെ ശതകോടികളുടേ ഭാരം പുറകോട്ട് വലിച്ചിഴക്കുകയാണു്. ഈ മന്ത്രവാദങ്ങൾ എത്രയും പെട്ടന്നു നടത്തിയില്ലെങ്കിൽ പരിസര പ്രദേശങ്ങളിലുള്ളവർക്കും, പ്രത്യേകിച്ചു് ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തുള്ളവർക്കും ആപത്തു് സംഭവിക്കും എന്നാണു് കേരളകൌമുദി പ്രവചിക്കുന്നതു്. ചാലക്കമ്പോളത്തിലെ മേത്തന്മാരും, പാണ്ടികളും, ബിഹാറി കച്ചവടക്കാരും ഇതോടുകൂടി തികഞ്ഞ പത്മനാഭ ഭക്തന്മാരാകും എന്നതിൽ സംശയം ഇല്ല.
പടിപ്പുര ഭഗവതി, തോന്നൽ ഭഗവതി, മുടിപ്പുര ഭഗവതി, ആറ്റുകാൽ ഭഗവതി, വെള്ളായണി ഭഗവതി, കഴക്കൂട്ടം മഹാദേവൻ, കഠിനംകുളം മഹാദേവൻ അടങ്ങിയ പതിനായിരക്കണക്കിനു ദേവന്മാരേയും ദേവിമാരേയും കുടിയിരുത്തി ഇക്കാലം വരെയും തൊഴുത ഭക്തജനം ഇപ്പോൾ ശ്രീ പത്മനാഭനെയാണു് ഭക്തി supplyക്കു് അശ്രയിക്കുന്നതു്.
ഭദ്രദീപം കൊളുത്താത്തതിൽ പത്മനാഭനു കലിപ്പാണു് എന്നു ജ്യോത്സ്യന്മാർ കണ്ടെത്തിയെന്നു കേരള കൌമുദിയും മനോരമയും ഏകകണ്ഠമായി പ്രഖ്യാപിച്ചിരിക്കുന്നു. ഭദ്രദീപം കൊളുത്താത്ത ആയിരക്കണക്കിനു ദരിദ്ര ദേവന്മാരും ദേവികളും കേരളത്തിലുണ്ടു്. നിധി ഇല്ലാത്ത ദൈവങ്ങൾക്ക് കോപിക്കാനുള്ള ampere ഇല്ലല്ലോ.
ഈ വാർത്തകൾ കേരളത്തിലെ പത്രങ്ങളിൽ പ്രധാന വാർത്തയായി പ്രസിദ്ധീകരിച്ചു വന്നതിൽ പ്രബുദ്ധരായ മലയാളികൾ അഭിമാനിക്കണമോ ലജ്ജിക്കണോ?