Monday, September 29, 2008

നിങ്ങൾക്കും ആകാം ഒരു ആൾദൈവം

ഒരു നല്ല മൂടു് ആൾദൈവം ഉണ്ടാകുന്ന അല്ലെങ്കിൽ ഉണ്ടാക്കപ്പെടുന്ന ചില രീതികൾ ചിത്രീകരിക്കാൻ കഴിഞ്ഞ മൂന്നു ലേഖനങ്ങൾ സഹായകരമായിക്കാണും എന്നു കരുതുന്നു. ഭാവിയിൽ ആൾ ദൈവം ആകാൻ താത്പര്യമുള്ളവർ വായിച്ചിരിക്കേണ്ട ഒരു ലേഖനം കൂടിയാണു് ഇതു്.


കമന്റിലൂടെ സുഹൃത്തു് സൂരജ് ചോദിക്കുന്നു:
"അയലോക്കത്തെ ശശിക്ക് പരബ്രഹ്മം ദര്‍ശനം നല്‍കി എന്ന് പറഞ്ഞ് നടന്നപ്പോള്‍ അവനു വട്ടാണെന്നും അഡ്മിറ്റ് ചെയ്തില്ലേല്‍ മൂക്കും എന്നും എല്ലാരും പറയുന്നു... അദെന്താ ചേട്ടാ അങ്ങനെ ?"


"അയലോക്കത്തെ ശശി"ക്ക് ഉണ്ടായ "ദർശന"ത്തിന്റെ വിപണന സാദ്ധ്യതകൾ മനസിലാക്കാൻ അവിടുള്ള ജനങ്ങൾക്ക് കഴിയാതെ പോയി. 'combleteli' കളഞ്ഞുകുളിച്ചു എന്നു പറയുന്നതായിരിക്കും ശരി.

ഇതുപോലുള്ള ഓരോ ദർശനവും cash-in ചെയ്യാനുള്ള തന്ത്രങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഒരു വ്യക്തിയുടെ മാത്രമല്ല, ഒരു പഞ്ചായത്തിന്റെ മാത്രമല്ല, ഒരു നാടിന്റെ മൊത്തം ആവശ്യമാണു് എന്നു് നാം മനസിലാക്കണം.

അല്പം പണവും ഇത്തിരി ദീർഘവീക്ഷണവും ഉണ്ടെങ്കിൽ മണുക്കൂസിനേയും ഒരു ഒന്നാം ക്ലാസ് ആൾ ദൈവം ആക്കിയെടുക്കാൻ കഴിയും.


ആൾ ദൈവത്തിനെ ഉണ്ടാക്കിയെടുക്കാൻ ആവശ്യമുള്ള ഘടകങ്ങൾ.
1) ആദ്യം വേണ്ടത് ഒരു സുഹൃത്താണു്, ഒരു പരസ്യ-വിപണന ബുദ്ധിരാക്ഷസൻ(advertising and promotion genius)
2) നല്ല റീച്ച് ഉള്ള ഒരു മീഡിയ. ടി.വി. ആയാൽ കൂടുതൽ നല്ലതു്.

3) പ്രമുഖരായ ഒന്നോ രണ്ടോ ഭക്തന്മാർ. ഇവർ ആൾദൈവത്തിന്റെ പങ്കുകച്ചവടക്കാർ ആണെങ്കിൽ കൂടുതൽ നല്ലതു്. രാഷ്ട്രീയക്കാർ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.
4) ഒരു നല്ല four-colour press. സ്വന്തം പ്രസ് എപ്പോഴും നല്ലതാണു്. അതാകുമ്പോൾ പണി പുറത്തു കൊടുത്തു കാശു് കളയണ്ട
5) എവിടെയെങ്കിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ ആൾ ദൈവത്തിന്റെ സ്ഥാപനത്തിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച നാലോ അഞ്ചോ വണ്ടികൾ വെറുതേ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടിക്കുക. T.V. കാരുടെ കാമറയുടെ മുന്നിലൂടെ ഓട്ടിക്കാൻ ഡ്രൈവറിനോടു് പ്രത്യേകം പറയണം.
6) സൌജന്യമായി വീടും, കുടിവെള്ളവും, വസ്ത്രങ്ങളും വാഗ്ദാനം ചെയ്യുക. ചുമ്മ ചെയ്യുക. വാഗ്ദാനത്തിന്റെ 1% മാത്രമെ പ്രാവർത്തികമാക്കാവു. അതു് മതിയാവും. അതിൽ കൂടുതൽ ചെയ്തിട്ടും കാര്യമില്ല. ഒരു വീടുണ്ടാക്കിയാലും ഒരു ലക്ഷം വീടുണ്ടാക്കിയാലും വാർത്തയിൽ കിട്ടുന്ന story-time ഒരുപോലെയാണു് എന്ന കാര്യം മറക്കരുതു്.
7) മാസത്തിൽ ഒന്നോ രണ്ടോ ഊക്കൻ press-release ഉണ്ടായിരിക്കണം. ചുമ്മ എന്തെങ്കിലും ഒക്കെ കാട്ടിക്കുട്ടുക. cabinetൽ ഇരിക്കുന്ന സഹ മന്ത്രിമാർ ചെയ്യുന്നതു് മാർഗ്ഗ ദർശനമായി സ്വീകരിക്കാം.

ഒരു വർഷംകൊണ്ടു ആൾ ദൈവത്തിന്റെ ബ്രാഞ്ച് ഓഫീസ് California-യിൽ തുടങ്ങണം. അവിടെയാകുമ്പോൾ പണപ്പിരുവിനു് സാദ്ധ്യത കൂടുതലാണു്.

ഈ രീതികൾ അയലത്തെ ശശി സ്വീകരിച്ചാൽ മാത്രമെ international നിലവാരമുള്ള ആൾ ദൈവമായി മാറാൻ കഴിയു.

ഇല്ലെങ്കി ചുമ്മ വെറും ലോക്കൽ ആശാൻ മരയ്ക്കാർ അപ്പച്ച പോലെ ആൾദൈവമായിപ്പോകും.

പിന്നെ ആൾ ദൈവത്തിന്റെ ജീവതത്തിനെക്കാൾ ഗംഭീരമായിരിക്കണം മരണം. വളരെ different-ഉം വറൈറ്റിയും ഉള്ളതായിരിക്കണം (ഇതു് ചുമ്മ മലയാളം സിനിമാക്കാർ പറയുന്നപോലെ ആയിരിക്കരുതു്.) തലയിൽ തേങ്ങയടിച്ചും, കപ്പലിൽ മുങ്ങിയും, ചുമ്മ ധ്യാനത്തിൽ ഇരിന്നൊന്നും മരിച്ചാൽ ജനത്തിനു് ഒരു impression ഉണ്ടാകില്ല. നാളത്തെ ജനം ഓർക്കണമെങ്കിൽ എന്തെങ്കിലും dramatic ആയിട്ടായിരിക്കണം. ഓർക്കുക: ഒരു ദൈവം മരിക്കുന്നില്ല. ഇതിലെ ചുമ്മ casual-ആയി കടന്നുപോവുകയാണു്. കഴിയുമെങ്കിൽ ഈ "കടന്നുപോക്കു്" ഒരു സ്റ്റേഡിയത്തിൽ കാണികളുടെ മുന്നിൽ വെച്ചു അവതരിപ്പിക്കാം. കൂടുതൽ dramatic ആക്കാൻ കക്ഷി യധാർത്തത്തിൽ മരിക്കണമെന്നില്ല. മരിക്കുന്നതുപോലെ അവതരിപ്പിച്ചാൽ മതി. കുറച്ചുകാലം കഴിഞ്ഞു് സ്വരൂപത്തിൽ ദർശനങ്ങൾക്കായി പുള്ളിയെ പ്രത്യക്ഷപ്പെടുത്തിക്കാം.

പണ്ടു പലരും ഈ ഐറ്റം അവതരിപ്പിച്ചു എന്നു കരുതി ആകുലപ്പെടരുത്, എപ്പോഴും വിജയിച്ചിട്ടുള്ള ഒരു നമ്പരാണിതു്.

ആൾ ദൈവം സാക്ഷാൾ ദൈവമായി മാറാൻ കുറഞ്ഞതു് ഒരു 100 വർഷമാണു് waiting period. അനേകം ദൈവങ്ങളുടെ ജീവചരിത്രത്തിൽ നിന്നും സംയോജിപ്പിച്ച ചെയ്ത ഒരു നമ്പര്‍ ആണു് ഈ 100 വർഷത്തിന്റെ കണക്ക്. ഈ നൂറു വർഷം പല ഭാഗങ്ങളിൽ നിന്നുള്ള കഥകൾ ശേഖരിക്കാൻ വളരെ സഹായകരമാകും. ഭക്തജനങ്ങൾ അൾദൈവം ചെയ്തതും ചെയ്യാത്തതും എല്ലം കൂട്ടികുഴച്ച്, ഊതി പെരിപ്പിച്ചു ഒരു മഹാ സമാഹാരം എഴുതുകയും ചെയ്യും. അങ്ങനെ ആൾദൈവം ദൈവമാകും.

ഒരു ദൈവം മേന്മയുള്ളതാണോ അല്ലയോ എന്നുള്ളതു് തീരുമനിക്കപ്പെടുന്നതു് ആ ദൈവത്തിന്റെ characterലും brand equityയിലുമാണു് . എത്ര സജ്ജീവമായി ദൈവഗുണങ്ങൾ പ്രചരിപ്പിക്കുന്നു എന്നതനുസരിച്ചിരിക്കും ആ ദൈവത്തിന്റെ വിജയം.

ഉദാഹരണം വെറുതെ ചൂടാകുന്ന ദൈവങ്ങളെ ജനങ്ങൾ അധികം ഇഷ്ടപ്പെടുന്നില്ല എന്നാണു് മനസിലാക്കാൻ കഴിയുന്നതു്. അതുകൊണ്ടാണു് ആദ്യകാലങ്ങളിൽ ദൈവം വെറുതേ തൊട്ടതിനും പിടിച്ചതിനും എല്ലാം ചൂടായതു്. എന്തെടുത്താലും പ്രളയം, പേമാരി, തുമ്മിയാലും തുപ്പിയാലും കലിപ്പ്, കോഴിയും, ആടും, പിള്ളേരെ വരെ കുരുതികൊടുക്കാൻ അവശ്യപെട്ടുന്നവൻ, ഒരു മര്യാദയില്ലാത്ത ദൈവം. പണ്ടൊക്കെ വെറും നിസാര കാര്യങ്ങൾക്കുവരെ ലോകത്തുള്ള സകല ജീവജാലങ്ങളേയും പുള്ളി ചുമ്മ വെള്ളത്തിൽ മുക്കി out ആക്കി കളയുമായിരുന്നു. അന്നത്തെ same പുള്ളിയാണു് ഇന്നും ഇരിക്കുന്നതെങ്കിൽ, മനുഷ്യന്മാരുടെ ഇന്നത്തെ ഓരെ തോന്നിവാസത്തിനു് എത്രതവണ ലോകം അവസാനിപ്പിക്കുമായിരുന്നു?

അതുകൊണ്ടാണു് നമ്മൾ മനുഷ്യർ പില്കാലങ്ങളിൽ develop ചെയ്ത ദൈവ സങ്കല്പം വളരെ compromising ആയിരുന്നതു്. പിന്നിടുണ്ടായ ദൈവം വളരെ സൌമ്യനും, സമാധാന ശീലനും, സ്നേഹമുള്ളവനുമായിരുന്നു.

പക്ഷെ Microsoftന്റെ upgrade പോലെ ദൈവത്തിനു് പുതിയ major അപ്ഗ്രേഡ് ഒന്നും ഉണ്ടായില്ല. ദൈവത്തിന്റെ ഒരു പുതിയ version ഉണ്ടായിട്ട് ഏകദേശം 1500 വർഷം ആയിക്കാണും.

നമ്മുടേതു് ഒരു ഉപഭോക്ത സമൂഹമാണു്, കുഞ്ഞിനു diaper വാങ്ങാൻ പോയാൽ കുറഞ്ഞത് ഒരു ഡസന്‍ ബ്രാന്‍ഡും അവയുടെ പല തരത്തിലുള്ള സൈസും ഷേപ്പും കാശുകൊടുത്തു നാം വാങ്ങുന്നു. ഇത്രയും choice വിസർജ്ജനം സൂക്ഷിക്കുന്ന ഡയപ്പേഴ്സിനുള്ളപ്പോള്‍ ദൈവത്തിന്റെ കാര്യത്തിൽ നമുക്ക് choice വേണ്ടെ?

തീർച്ചയായും വേണം. നമ്മൾ സൃഷ്ടിക്കുന്ന ദൈവങ്ങൾക്ക് നമ്മൾ നിശ്ചയിക്കുന്ന ഗുണങ്ങൾ ഉണ്ടായിരിക്കണം. കാരണം ജനങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയ പണവും അഹോരാത്രം പ്രാർത്ഥനക്കായി ചിലവിട്ട സമയവും ഈ ദൈവങ്ങളിൽ നിക്ഷിപ്തമാണു്.

ഇന്നത്തെ പ്രശ്നങ്ങൾക്കു് പരിഹാരങ്ങളുള്ള ദൈവങ്ങളാണു് ജനങ്ങൾക്ക് ആവശ്യം. പണ്ടത്തെ ദൈവങ്ങളിൽ നിന്നും ജനം അവശ്യപ്പെട്ടിരുന്നതു്, മഴയും , രോഗനിവാരണവും, ചാകരയും, കൊയ്ത്ത കാലത്ത് നല്ല വിളയും ആയിരുന്നു. അതെല്ലാം ചെയ്തുകൊടുക്കാൻ സില്‍‌വര്‍ ഓക്സൈഡ് സ്പ്രേയും, നല്ല private ആശുപത്രിയും, yamaha out-board engineഉള്ള boatഉം, തേനീച്ചയെ വരെ out അക്കുന്ന നല്ല മൂത്ത വിഷമുള്ള കീടനാശിനിയും മതി.


ഇന്ന് ജനം ദൈവത്തിനോടു് ആവശ്യപ്പെടുന്ന കാര്യങ്ങൾ ഇവയാണു്:
മനഃസമാധാനം ഉണ്ടാക്കൽ; പരീക്ഷ പാസാക്കൽ; കുട്ടികൾ ഉണ്ടാക്കൽ; മകനു് ഗൾഫിൽ ജോലി ഉണ്ടാക്കികൊടുക്കൽ; മകൾക്ക് സൽസ്വഭവിയും Americaയിൽ IT ജോലിയുള്ള ഭർത്താവിനെ സംഘടിപ്പിക്കൽ; അടിക്കുന്ന ലോട്ടറി റ്റിക്കറ്റിന്റെ നമ്പർ കണ്ടെത്തൽ തുടങ്ങിയവയാണു്.

ഈ വക കാര്യങ്ങൾ ചില ലോക്കൽ ആൾ ദൈവങ്ങൾ അവരുടെ സേവനങ്ങളുടെ ഭാഗമായി ചെയ്തു തുടങ്ങികഴിഞ്ഞു,

എന്നുവെച്ചാൽ പഴയ ദൈവങ്ങൾക്ക് ഈ കാര്യങ്ങൾ നേരേചൊവ്വെ കൈകാര്യം ചെയ്യാനുള്ള voltage ഇല്ല എന്നർത്ഥം.

ഇവിടെയാണു് പുതിയ ദൈവങ്ങളുടെ ആവശ്യം ദിനം പ്രതി വർദ്ധിച്ചുവരുന്നതു്.

കാലം മാറുന്നതനുസരിച്ച് ദൈവവും പുരോഗമിക്കും എന്നു പ്രതീക്ഷിക്കാം. വരും കാലങ്ങളിൽ ദൈവത്തിനു, voice-mailഉം, emailഉം എന്റേതുപോലത്തെ ഒരു നല്ല ഊക്കൻ ബ്ലോഗും ഉണ്ടാകുന്നതും വളരെ നല്ല കാര്യമായിരിക്കും എന്നു് കരുതുന്നു.

Saturday, September 27, 2008

ആശാൻ മരയ്ക്കാർ അപ്പച്ചയുടെ ദിവ്യപ്രകടനങ്ങൾ Part 3

ദിവ്യപ്രകടനം നമ്പര്‍ three.
ആശാന്‍ മരയ്ക്കാര്‍ അപ്പച്ചയുടെ beatificationഉം subsequent തങ്ങള്‍ficationനും ലഭിക്കാനുള്ള കാരണം ചരിത്രപ്രസിദ്ധമായ ഈ സംഭവമാണു്.

കൈപ്പള്ളി ഉപ്പുപ്പ വീട്ടിന്റെ താക്കോള്‍ കൊടുത്ത അന്നുതന്നെ ആശാന്‍ മരയ്ക്കാര്‍ അപ്പച്ചയും അദ്ദേഹത്തിന്റെ മാതാവും തെക്കതിലുള്ള വീട്ടില്‍ താമസമാക്കി. പിഞ്ഞാണിയെഴുത്തു്, ഏലസ് കെട്ടല്‍, ജിന്നോട്ടിക്കല്‍, മഷിനോട്ടം, ചുട്ടകോഴി പറപ്പിക്കല്‍, തീയില്‍ ചാട്ടം, പ്രേതബാധ ചികിത്സ, ഭാവി പ്രവചനം മുതലായ അതി ശ്രേഷ്ടമായ സാമുഹിക സേവനങ്ങള്‍ ചില്ലറയായും മൊത്തവിലക്കും നടത്തിപോരുന്ന കാലം.
നാഷണല്‍ ഹൈവേ വരുന്നതിനും മുമ്പ് ഇന്നു കണിയാപുരം പള്ളി ഇരിക്കുന്നതിന്റെ തെക്ക് ഭാഗത്ത് പഴയ ഒരു ഭഗവതീക്ഷേത്രം ഉണ്ടായിരുന്നു. അതിന്റെ കിഴക്ക് ഭാഗത്തായി ഒരു കാടുണ്ടായിരുന്നു. നട്ടുച്ചക്കും പ്രകാശം പതിക്കാത്ത കടുംകാട്. ഭൂതപ്രേതപിശാചുക്കള്‍ വിളയാടുന്ന വിഹാരകേന്ത്രമായിരുന്നു അവിടം.

ഒരു ദിവസം ആശാന്‍ മരയ്ക്കാര്‍ അപ്പച്ച trivandram cityയില്‍ പോയി തിരികെ വരുകയായിരുന്നു. വീടെത്താന്‍ വൈകിയതിനാല്‍ കാട്ടിലൂടെയുള്ള കുറുക്കുവഴിയെ വിട്ടിലേക്ക് നടന്നു. സൂര്യന്‍ അസ്ഥമിക്കുന്ന നേരം. സൂര്യന്‍ ഉണ്ടെങ്കിലും വലിയ പ്രയോചനം ഒന്നുമില്ല, അതിന്റെ കാരണം ഞാന്‍ നേരത്തെ പറഞ്ഞല്ലോ. കണിയാപുരത്തുള്ള ചാത്തന്മാരും യക്ഷികളും നൈറ്റ് ഡ്യൂട്ടിക്കായി തയ്യാറെടുക്കുന്ന സമയം. ആശാന്‍ മരയ്ക്കാര്‍ അപ്പച്ച ജോലി സംബന്ധമായി ഈ ഇനത്തിലുള്ളവരുമായി daily meet ചെയ്യുന്നതിനാല്‍ പുള്ളിക്ക് യാതൊരു ഭയവും ഇല്ലായിരുന്നു. പുള്ളി വളരെ casualആയി മുന്നോട്ട് നടന്നു.

മരയ്ക്കാര്‍ കാട്ടിനുള്ളിലെ ക്ഷേത്രത്തിന്റെ അരുകിലുള്ള പഴയ കിണറ്റിന്‍ കരയില്‍ വെള്ളം കുടിക്കാനായി എത്തി.
അപ്പോഴാണു് പനം കുലപോലെ തലമുടിയുള്ള, അതി സുന്ദരിയായ വെള്ള വസ്ത്രം ധരിച്ച ഒരു യുവതി അദ്ദേഹത്തിന്റെ പിന്നില്‍ വന്നെത്തിയതു്. ഒരു സിനിമ പോലും കണ്ടിട്ടില്ലാത്ത ആശാന്‍ മരയ്ക്കാര്‍ അപ്പച്ച അദ്ദേഹത്തിന്റെ ദിവ്യജ്ഞാനത്താല്‍ ഇതു് യക്ഷിയാണെന്നു് ഉടന്‍ തിരിച്ചറിഞ്ഞു. പുള്ളി കരുതലോടെ മുന്നോട്ടു് നീങ്ങി. യക്ഷി മുന്നില്‍ വന്നു 5.1 dolby soundല്‍ ചോദിച്ചു.: "ചെട്ട, ചെട്ട... ചെട്ട..., ചുണ്ണാബുണ്ടോ... ഉണ്ടൊ... ഉണ്ടൊ... ഉണ്ടൊ...?", ഇതുപോലുള്ള അനേകം ഐറ്റംസിനെ വളരെ നിസാരമായി തളച്ചിട്ടുള്ള ആശാന്‍ മരയ്ക്കാറിനു് കാര്യം പിടികിട്ടി.

കൂടുതല്‍ ഒന്നും ചോദിക്കാന്‍ നിന്നില്ല, അദേഹം യക്ഷിയുടെ തലമുടി കൈയില്‍ ചുറ്റി ഇടം കാലുകൊണ്ടു അവളുടെ കഴുത്തില്‍ ചവിട്ടി തറയില്‍ കീഴ്പെടുത്തി. സഞ്ചിയില്‍ നിന്നും മൂന്നു ഇരുമ്പ് ആണിയും ഒരു ചുറ്റികയും കൊണ്ടു യക്ഷിയുടെ ഉച്ചിയില്‍ അണികള്‍ തറച്ചു. എല്ലാം വളരെ പെട്ടന്നായിരുന്നു. ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ മരയ്ക്കാര്‍ സ്ഥിരം നേരിടുന്നതിനാലാണു് അദ്ദേഹത്തിന്റെ സഞ്ചിയില്‍ എപ്പോഴും ഒരു full set of tools ഉള്ളത് എന്ന ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.

അങ്ങനെ യക്ഷി മരയ്ക്കാറിന്റെ uncompromising അടിമത്വം സ്വീകരിച്ചു. തലമുടി ഭംഗിയായി വാരികെട്ടി യക്ഷി മരയ്ക്കാറിനെ അനുസരണയോടെ വീട്ടിലേക്ക് പിന്തുടര്‍ന്നു. മാതാവിനോടു മരയ്ക്കാര്‍ ഉള്ള സത്യം പറഞ്ഞാല്‍ അവര്‍ ഭയക്കും എന്നറിയാമെന്നുള്ളതിനാല്‍, സത്യം അദ്ദേഹം മറച്ചു വെച്ചു. യത്തീമായ ഒരു പാവം പെണ്ണാണെന്നും, വീട്ട് ജോലിക്ക് ആളിനെ അനവേഷിക്കുന്നതിനാലും, ഇവള്‍ വിട്ടില്‍ നില്‍ക്കട്ടെ എന്നു് മരയ്ക്കാര്‍ പറഞ്ഞു. വീട്ട് ജോലിക്ക് ആളിനെ കിട്ടിയ സന്തോഷത്തില്‍ മാതാവു് കൂടുതല്‍ ഒന്നും അനവേഷിച്ചില്ല. അതെ അന്നും വീട്ടുജോലിക്ക് ആളിനെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു.

യക്ഷിയോട് മാതാവ് കിണറ്റില്‍ നിന്നും ഒരു കുടം വെള്ളം കോരി വെക്കാന്‍ ആജ്ഞാപിച്ചു. യക്ഷി പുറത്തു പോയ ഉടന്‍തന്നെ തിരിച്ചു വന്നു. "എന്താടി അസത്തെ നിനക്ക് അനുസരണ ഇല്ലെ?". യക്ഷി പറഞ്ഞു, "വെള്ളം കൊരി വെച്ചു തായെ"
മാതാവു് പുറത്തു പോയിനോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഒരു കുടം വെള്ളത്തിനു് പകരം 10 കുടം വെള്ളം കോരി വെച്ചിരിക്കുന്നു. അങ്ങനെ മാതാവു് പുറത്തു് ഉണങ്ങി നില്കുന്ന പ്ലാവിനെ ചൂണ്ടി പറഞ്ഞു, "മകളെ നീ ഇനി ആ പ്ലാന്തടി വെട്ടി വിറകു് കീറി ഇടു". ആജ്ഞാപിക്കുന്നതിന്റെ താമസം മാത്രമെ ഉണ്ടായിരുന്നുള്ളു. അവള്‍ നിമിഷ നേരംകൊണ്ടു് പ്ലവിനെ വെട്ടി വിറകു കീറി 10 കെട്ടുകളായി കെട്ടി വെച്ചു. മാതാവിനെ സന്തോഷമായി. അങ്ങനെ യക്ഷി അടുക്കളയിലും, പറമ്പിലും 10 ആളിന്റെ ജോലി ചെയ്തു, മാതാവിനെ സഹായിച്ചു് കുറേ വര്‍ഷങ്ങള്‍ കഴിച്ചുകൂടി.

അങ്ങനെ ഒരുനാള്‍ ജോലിയെല്ലാം കഴിഞ്ഞു അവള്‍ അടുക്കളയില്‍ ഇരിക്കുമ്പോള്‍, മാതാവു് സ്നേഹപുരസരം അവളുടെ തല മടിയില്‍ കിടത്തി പനം കുലപോലുള്ള തലയില്‍ പേന്‍ നോക്കാന്‍ തുടങ്ങി. പേന്‍ നോക്കുന്നതിനിടയില്‍ മാതാവിന്റെ വിരല്‍തുമ്പില്‍ ഇരുമ്പാണികള്‍ തടഞ്ഞു. "മകളെ ഇതെന്താണു നിന്റെ തലയില്‍ ഈ മൂന്നു് 4mm Mild Steel Rivetഉകള്‍".
അവള്‍ പറഞ്ഞു: "അയ്യോ തായെ ഇതു rivet അല്ല, ഞാന്‍ കാട്ടില്‍ വിറകൊടിക്കാന്‍ പോയപ്പോള്‍ കാറ്റാടി മുള്ളു തറച്ചതാണു്" മാതാവു അതു് വിശ്വസിച്ചു സഹതാപത്തോടെ മുള്ളുകളെന്നു ധരിച്ച് ആ മൂന്നു ആണികളും ഓരോന്നായി വലിച്ചൂരി. മൂന്നാമത്തെ ആണി ഊരിയ ഉടന്‍ യക്ഷി അവളുടെ സ്വരൂപം പ്രാപിച്ചു, അവള്‍ കണ്ണുകള്‍ വിടര്‍ത്തി, കുരവയിട്ടു, എന്നിട്ടു് അട്ടഹസിച്ച് കാട്ടിലേക്ക് ഓടിപ്പോയി. മരയ്ക്കാര്‍ അപ്പച്ച അവളെ കണ്ടുമുട്ടിയ ആ ക്ഷേത്രത്തിലെ കിണറ്റിലേക്കു് യക്ഷി കുതിച്ചു ചാടി. ആ യക്ഷി ഇപ്പോഴും ആ കിണറ്റില്‍ ഉണ്ടെന്നാണു് പല local ശാസ്ത്രജ്ഞന്മാരും അവകാശപ്പെടുന്നത്.


ഇന്നത്തെ അവസ്ഥ.

ഇന്ന് കൈപ്പള്ളി നഗറിലുള്ള തെക്കതില്‍ എന്ന ആ സ്ഥലം ആശാന്‍ മരയ്ക്കാര്‍ അപ്പച്ചായുടെ സ്മാരകമാണു്. പഴയ കുടില്‍ 1940 ഒരു തൈക്കാവാക്കി പണിഞ്ഞു. അതിനു ശേഷം അതിന്റെ പിന്‍ ഭാഗത്ത് ഒരു പള്ളി പണിപ്പിച്ചു. ആശാന്‍ മരയ്ക്കാറിനേയും അദ്ദേഹത്തിന്റെ മാതാവിനേയും ഇവിടെ ഖബര്‍ അടക്കിയിട്ടുണ്ട് എന്നാണു് പറയപ്പെടുന്നത്.

അവിടെ ഇപ്പോള്‍ കാണിക്ക (കറുത്ത കോഴി, ആടു, പഴക്കൊല, ബിരിയാണി, തേങ്ങ മുതലാവ.) സമര്‍പ്പണം, നേര്‍ച്ച, വഞ്ചി പിരിവു്, ചില്ലറ മന്ത്രവാദവും, പരിസരത്തുള്ള മരങ്ങളില്‍ തൊട്ടില്‍ കെട്ടല്‍, തുടങ്ങിയ വിശ്വാസ പ്രകടനങ്ങള്‍ നടന്നു പോരുന്നു. പരിസരത്തുള്ള നാലഞ്ച് കുടുമ്പങ്ങളും, പള്ളി കമ്മറ്റിയിലെ ഏഴെട്ടു് പേരും വലിയ ബുദ്ധിമുട്ടില്ലാതെ daily മൂനു നേരം ഭേഷ നല്ല കോഴി ബിരിയാണിയും, ചില്ലി ബീഫും കഴിച്ച് കഴിയുന്നു. ഹോ ! എത്ര സുന്ദരമായ അത്ഭുതം!!

ഇവിടെ നടത്തുന്ന അന്ഥവിശ്വാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ കണിയാപുരം ജമാ-അത്തും, സുന്നി, മുജാഹിദ്, ജമാ-അത്ത് ഇസ്ലാം വിശ്വാസികള്‍ മുന്‍കാലങ്ങളില്‍ പലവെട്ടം താക്കീതുകള്‍ നള്‍കിയെങ്കിലും, യാതൊരു മെച്ചവും ഉണ്ടായിട്ടില്ല. തെക്കതില്‍ പള്ളിയില്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നും, പല ദൂരസ്ഥലങ്ങളില്‍ നിന്നും അന്ഥവിശ്വാസികള്‍ ദിനംപ്രധി വര്‍ധിച്ചു വരുന്നു.

-അവസാനിച്ചു.

ആശാൻ മരയ്ക്കാർ അപ്പച്ചയുടെ ദിവ്യപ്രകടനങ്ങൾ Part 2

ദിവ്യപ്രകടനം നമ്പര്‍ one.

യത്ര ക്ഷീണിതനായ മരയ്ക്കാറും അദ്ദേഹത്തിന്റെ മാതാവും കൈപ്പള്ളിയിലുള്ള ഒരു വീട്ടു് മുറ്റത്തു് വന്നു് ഭകക്ഷണം ചോദിച്ചു.
മരയ്ക്കാര്‍ :"അമ്മ, തായെ, ഞങ്ങള്‍ വളരെ ദൂരത്തു് നിന്നു വിശന്നു വരുകയാണു്, ഭക്ഷണം എന്തെങ്കിലും തരുമോ?."
അപ്പോള്‍ ആ വീട്ടുകാരി അടുപ്പില്‍ ഇലയപ്പം (ഇലയില്‍ പൊതിഞ്ഞ് അവിച്ച ഒരുതരം പലഹാരം) ഉണ്ടാക്കുകയായിരുന്നു.

വീട്ടുകാരി പറഞ്ഞു: "തന്നി പുള്ള? അയ്യോ എലയപ്പം വെന്തിലല്ല അപ്പി?", എന്നു് ചുമ്മ നുണ പറഞ്ഞു.

മരയ്ക്കാര്‍ ദിവ്യജ്ഞാനത്താല്‍ അവര്‍ നുണപറഞ്ഞത് മനസിലാക്കി. ഇലയപ്പം വെന്തതിന്റെ മണം അടിച്ച പുള്ളിക്കാരന്റെ മൂക്കിന്റെ "ഡൈമാനോ" അടിച്ചുപോയി എന്നും ചിലര്‍ പറയുന്നു, പക്ഷെ ഞാന്‍ അങ്ങനെ പറയില്ല. "സരി തായെ, എന്നാല്‍ ഇനിമേല്‍ ഈ വീട്ടില്‍ ഇലയപ്പം വേവാതെ പോകട്ടെ." എന്നു് അദ്ദേഹം സര്‍വ്വ ദൈവങ്ങളേയും സാക്ഷി നിര്‍ത്തി ശപിച്ചു. ഈ ശാപം ഇന്നും നിലനില്കുന്നു. ഇന്നും ആ വീട്ടില്‍ ആ അടുപ്പിലായാലും, microwave ovenല്‍ ആയാലും, induction coockerല്‍ ആയാലും, ഇലയപ്പം ഉണ്ടാക്കിയാല്‍ വേവില്ല എന്നാണു് ജനം പറയുന്നതു്. കൃത്യമായി ഏതു് വീട്ടിലാണു് ഈ സംഭവം നടന്നത് എന്നത് വെറും അപ്രസക്തമായ ഒരു കാര്യം. എന്തൊരു മഹാ അത്ഭുതം !

ദിവ്യപ്രകടനം നമ്പര്‍ two.
അങ്ങനെ കുറച്ചു നേരം കഴിഞ്ഞു. (അതെ, same day. ദിവ്യപ്രകടനങ്ങളുടെ run rate അദ്യകാലങ്ങളില്‍ അല്പം കൂടുതലായിരുന്നു). അവിടുത്തെ തലമൂത്ത പുള്ളിയായ കൈപ്പള്ളി ലെബ്ബ ഉപ്പുപ്പായുടെ വീട്ടുമുറ്റത്തു് അവര്‍ എത്തി. മുറ്റത്തു് നില്കുന്ന കമുകില്‍ ചൂണ്ടി മരയ്ക്കാര്‍ ചോദിച്ചു: "എന്റെ ഉമ്മാക്ക് മുറുക്കണമല്ലോ എലപ്പെ, രണ്ട് അടയ്ക്ക വേണമല്ലോ? ('എലപ്പ' എന്നാല്‍, ലെബ്ബ എന്ന മുസ്ലീം ഉപജാതിപേരുള്ളവരെ ബഹുമാനസൂചകം വിളിക്കുന്ന പേരു്).
കൈപ്പള്ളി ലെബ്ബ ഉപ്പുപ്പ ആള്‍ ഭയങ്കര skeptic ആയിരുന്നിരിക്കണം. പുള്ളിക്ക് ഈ ആശാന്റെ ദിവ്യപ്രകടനങ്ങളില്‍ വലിയ confidence ഇല്ലായിരിന്നിരിക്കണം. അദ്ദേഹം മരയ്ക്കാറോടു പറഞ്ഞു: "മരയ്ക്കാറെ, ഇവിടെ ഇപ്പോഴ് കമുകില്‍ കയറാന്‍ തണ്ടാനില്ലല്ലോ. (തണ്ടാന്‍ എന്നാല്‍ തെങ്ങും കമുകും കയറി പണി ചെയ്യുന്ന ഒരു ജാതിയില്‍ പെട്ടവര്‍). ഞാന്‍ എന്റെ തോക്ക് തരാം അടയ്ക്ക വേണമെങ്കില്‍ വെടിവെച്ചിട്ടോളു. (അതെ അന്ത കാലത്തില്‍ കൈപ്പളിക്കാരുടെ വീട്ടില്‍ AK 47 മുതല്‍ വമ്പന്‍ പീരങ്കികള്‍ വരെ ഉണ്ടായിരുന്നു അതെ എപ്പോഴാണു് ആക്രമണം വരുന്നത് എന്നു് പറയാന്‍ പറ്റില്ലല്ലോ? പണ്ടൊക്കെ ഞങ്ങള്‍ മഹാ violent peoples അയിരുന്നു !!).
ഇതൊന്നും കേട്ട് മരയ്ക്കാര്‍ പിന്മാറിയില്ല, ഒരു നേര്‍ത്ത മന്തഹാസത്തോടെ കൈപ്പള്ളി ഉപ്പുപ്പാടെ കൈയില്‍നിന്നും തോക്കു സധൈര്യം വാങ്ങി കമുകില്‍ വിളഞ്ഞു നില്കുന്ന അടയ്കാ നോക്കി ഉന്നം വെച്ചു്. ഒരു വെടിക്ക് ഒരു കുല അടക്ക പുള്ളി വെടിവെച്ചിട്ടു. കൈപ്പള്ളി ഉപ്പുപ്പ ഒരു് ചെറിയ ഞെട്ടല്‍ ഞെട്ടി, പക്ഷെ പുറത്തു കാട്ടിയില്ല. പുള്ളി വളരെ impressed ആയി. മരയ്ക്കാറോടു് പറഞ്ഞു: " നീ ആളു് മിടുക്കന്‍ തന്നെ സമ്മതിച്ചു, നിങ്ങള്‍ എവിടെയാണു് താമസിക്കാന്‍ പോകുന്നതു്?"

അവര്‍ക്കു് താമസിക്കാന്‍ ഇടം ഒന്നുമില്ലാ എന്നു് കേട്ടപ്പോള്‍ കൈപ്പള്ളി ഉപ്പുപ്പ അവരോടു പറഞ്ഞു: "എന്നാല്‍ ശരി തെക്കേ പറമ്പില്‍ നമുക്കു് ഒരു കൊച്ചു് വീടുണ്ടു് ആ വീടും അതിന്റെ മുന്നിലെ നിലവും പാട്ടത്തിനെടുത്തുകൊള്ളു." അങ്ങനെ കൈപ്പള്ളിയില്‍ തെക്കതില്‍ എന്ന് ഇന്നറിയപ്പെടുന്ന ആ വീടും പുരയിടവും അവര്‍ സ്വന്തമാക്കി. ഇങ്ങനെയാണു് വഴിയെ പോയെ മരയ്ക്കാന്മാര്‍ക്ക് tenancy contract ഒന്നുമില്ലാതെ വാരി കോരി കൊടുത്തു് കൊടുത്തു് കൈപ്പള്ളിയിലെ പുരയിടങ്ങള്‍ മൊത്തം വല്ലവന്മാരും കൊണ്ടുപോയതു് എന്നും ചില local ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നുണ്ടു്.


ആശാൻ മരയ്ക്കാർ അപ്പച്ച താമസിച്ചിരുന്ന വീട് ഇരുന്ന സ്ഥലത്ത് പിൽക്കാലത്തിൽ നിർമ്മിച്ച തൈക്കാവു്. ഇപ്പോൾ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു.

:- തുടരും

ആശാൻ മരയ്ക്കാർ അപ്പച്ചയുടെ ദിവ്യപ്രകടനങ്ങൾ Part 1

ഏകദേശം മൂന്നു നൂറ്റാണ്ടു് മുമ്പ് നടന്നു എന്നു് ചിലര്‍ അവകാശപ്പെടുന്ന ചില സംഭവങ്ങളാണു് ഇവ.

കണിയാപുരത്തിനു് പടിഞ്ഞാറാണു് പുത്തന്തോപ്പു് കടല്‍ തീരം. കിഴക്ക് 47ആം ദേശീയപാത. പുത്തന്തോപ്പില്‍ പോകുന്ന റോഡിന്റെ അരികത്തുനിന്നും ഒരു കൊച്ചു ഇടവഴിയിലാണു് ഇന്നു് 'കൈപ്പള്ളി നഗര്‍' സ്ഥിധി ചെയ്യുന്നത്. ഈ പ്രദേശത്തിന്റെ ആദ്യകാല ഉടമകളുടെ കുടുമ്പപ്പേരില്‍ അറിയപ്പെടുന്ന സ്ഥലം എന്നതിലുപരി, ഇന്നത്തെ കൈപ്പള്ളി കുടുമ്പവുമായി ഈ സ്ഥലത്തിനു് യാതൊരു ബന്ധവുമില്ല.


കൈപ്പള്ളി നഗറിലേക്ക് പോകുന്ന വഴി

മാത്രമല്ല പണ്ടു് കൈപ്പള്ളി കുടുമ്പക്കാരുടെതായിരുന്നു എന്ന ചിലരുടെ അവകാശവാദം ശുദ്ധ നുണയാണോ മറിച്ച് പ്രപഞ്ച സത്യങ്ങളില്‍ ഒന്നാണോ എന്നൊന്നും എനിക്കറിയില്ല. എന്തായാലും ഈ 50 acre ഭൂമിയില്‍ ഭൂരിഭാഗവും കൈപ്പള്ളി കുടുമ്പക്കാരുടെ കൈക്കല്‍ അല്ല. നിലങ്ങളും തെങ്ങിന്‍ത്തോപ്പുകളുമായിരുന്നു ഈ പ്രദേശം മുഴുവനും. ഇപ്പോള്‍ ഇവിടെ ഗള്‍ഫന്മാരുടെ ഇരുനില കെട്ടിടങ്ങളും കുറച്ചു് നിലങ്ങളുമാണു് ഉള്ളതു്. കൈപ്പള്ളി ഉപ്പുപ്പായുടെ സ്മരണക്കായി 'കൈപ്പള്ളി നഗര്‍' എന്ന പേരു മാത്രമാണു് ഈ സ്ഥലത്തിനു് ഇപ്പോഴുള്ളതു്.


തെക്കതിലുള്ള കൃഷിഭൂമി

മുന്നൂറു് വര്‍ഷം മുമ്പ് കൈപ്പള്ളിയിലെ ഒരു ഉപ്പുപ്പായുടെ പുരയിടത്തിലാണു് പ്രശസ്ഥനായ ഒരു തങ്ങള്‍ ജീവിച്ചിരുന്നത് എന്നതിനു് തെളിവുണ്ട്. ആ ചരിത്രമാണു് ഈ കഥക്ക് ആധാരം.

കൈപ്പള്ളിക്കാരുടെ പുരയിടത്തിലാണു് വൈദ്യനും, ദിവ്യനും, സര്‍വ്വോപരി മഹാ മാന്ത്രികനുമായ ആശാന്‍ മരയ്ക്കാർ അപ്പച്ച എന്ന സിദ്ധന്‍ പാട്ടത്തിനു് താമസിച്ചിരുന്നത്. പുള്ളിക്കാരന്റെ ജീവിതത്തിലെ ചില ഭാഗങ്ങള്‍ അടിച്ചുമാറ്റി ഒന്നിലധികം മലയാളം ചലച്ചിത്രത്തിലും T.V. serialലും പകര്‍ത്തിയിട്ടുണ്ടു് എന്നും കേള്‍ക്കുന്നു. മരയ്ക്കാറിന്റെ പിന്‍ഗാമികള്‍ ഒരുത്തനും ജീവിച്ചിരിക്കാത്തത് T.V. കാരുടെ നല്ല കാലം.

ആശാന്‍ മരയ്ക്കാര്‍ അപ്പച്ച തമിഴ്നാട്ടില്‍ കായല്‍പ്പട്ടിണത്തില്‍ നിന്നും അദ്ദേഹത്തിന്റെ മാതാവുമായി കണിയാപുരത്തു് വന്നുവത്രെ. ചെറുപ്പം മുതല്കേ അദ്ദേഹത്തിനു് പലവിധം ദിവ്യ ശക്തികളും, ചില്ലറ മന്ത്രവാദങ്ങളും ഉണ്ടായിരുന്നു എന്നാണു് വെപ്പു്. ഇദ്ദേഹം കണിയാപുരത്തു് വന്ന ശേഷം അനേകം ദിവ്യ പ്രകടനങ്ങള്‍ കാഴ്ചവെച്ചു എന്നാണു് (പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത ) തലനരച്ച ചില വിശ്വാസികള്‍ അവകാശപ്പെടുന്നതു്.
-തുടരും