കമന്റിലൂടെ സുഹൃത്തു് സൂരജ് ചോദിക്കുന്നു:
"അയലോക്കത്തെ ശശിക്ക് പരബ്രഹ്മം ദര്‍ശനം നല്‍കി എന്ന് പറഞ്ഞ് നടന്നപ്പോള്‍ അവനു വട്ടാണെന്നും അഡ്മിറ്റ് ചെയ്തില്ലേല്‍ മൂക്കും എന്നും എല്ലാരും പറയുന്നു... അദെന്താ ചേട്ടാ അങ്ങനെ ?"
"അയലോക്കത്തെ ശശി"ക്ക് ഉണ്ടായ "ദർശന"ത്തിന്റെ വിപണന സാദ്ധ്യതകൾ മനസിലാക്കാൻ അവിടുള്ള ജനങ്ങൾക്ക് കഴിയാതെ പോയി. 'combleteli' കളഞ്ഞുകുളിച്ചു എന്നു പറയുന്നതായിരിക്കും ശരി.
ഇതുപോലുള്ള ഓരോ ദർശനവും cash-in ചെയ്യാനുള്ള തന്ത്രങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഒരു വ്യക്തിയുടെ മാത്രമല്ല, ഒരു പഞ്ചായത്തിന്റെ മാത്രമല്ല, ഒരു നാടിന്റെ മൊത്തം ആവശ്യമാണു് എന്നു് നാം മനസിലാക്കണം.
അല്പം പണവും ഇത്തിരി ദീർഘവീക്ഷണവും ഉണ്ടെങ്കിൽ മണുക്കൂസിനേയും ഒരു ഒന്നാം ക്ലാസ് ആൾ ദൈവം ആക്കിയെടുക്കാൻ കഴിയും.
ആൾ ദൈവത്തിനെ ഉണ്ടാക്കിയെടുക്കാൻ ആവശ്യമുള്ള ഘടകങ്ങൾ.
1) ആദ്യം വേണ്ടത് ഒരു സുഹൃത്താണു്, ഒരു പരസ്യ-വിപണന ബുദ്ധിരാക്ഷസൻ(advertising and promotion genius)
2) നല്ല റീച്ച് ഉള്ള ഒരു മീഡിയ. ടി.വി. ആയാൽ കൂടുതൽ നല്ലതു്.
3) പ്രമുഖരായ ഒന്നോ രണ്ടോ ഭക്തന്മാർ. ഇവർ ആൾദൈവത്തിന്റെ പങ്കുകച്ചവടക്കാർ ആണെങ്കിൽ കൂടുതൽ നല്ലതു്. രാഷ്ട്രീയക്കാർ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.
4) ഒരു നല്ല four-colour press. സ്വന്തം പ്രസ് എപ്പോഴും നല്ലതാണു്. അതാകുമ്പോൾ പണി പുറത്തു കൊടുത്തു കാശു് കളയണ്ട
5) എവിടെയെങ്കിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ ആൾ ദൈവത്തിന്റെ സ്ഥാപനത്തിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച നാലോ അഞ്ചോ വണ്ടികൾ വെറുതേ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടിക്കുക. T.V. കാരുടെ കാമറയുടെ മുന്നിലൂടെ ഓട്ടിക്കാൻ ഡ്രൈവറിനോടു് പ്രത്യേകം പറയണം.
6) സൌജന്യമായി വീടും, കുടിവെള്ളവും, വസ്ത്രങ്ങളും വാഗ്ദാനം ചെയ്യുക. ചുമ്മ ചെയ്യുക. വാഗ്ദാനത്തിന്റെ 1% മാത്രമെ പ്രാവർത്തികമാക്കാവു. അതു് മതിയാവും. അതിൽ കൂടുതൽ ചെയ്തിട്ടും കാര്യമില്ല. ഒരു വീടുണ്ടാക്കിയാലും ഒരു ലക്ഷം വീടുണ്ടാക്കിയാലും വാർത്തയിൽ കിട്ടുന്ന story-time ഒരുപോലെയാണു് എന്ന കാര്യം മറക്കരുതു്.
7) മാസത്തിൽ ഒന്നോ രണ്ടോ ഊക്കൻ press-release ഉണ്ടായിരിക്കണം. ചുമ്മ എന്തെങ്കിലും ഒക്കെ കാട്ടിക്കുട്ടുക. cabinetൽ ഇരിക്കുന്ന സഹ മന്ത്രിമാർ ചെയ്യുന്നതു് മാർഗ്ഗ ദർശനമായി സ്വീകരിക്കാം.
ഒരു വർഷംകൊണ്ടു ആൾ ദൈവത്തിന്റെ ബ്രാഞ്ച് ഓഫീസ് California-യിൽ തുടങ്ങണം. അവിടെയാകുമ്പോൾ പണപ്പിരുവിനു് സാദ്ധ്യത കൂടുതലാണു്.
ഈ രീതികൾ അയലത്തെ ശശി സ്വീകരിച്ചാൽ മാത്രമെ international നിലവാരമുള്ള ആൾ ദൈവമായി മാറാൻ കഴിയു.
ഇല്ലെങ്കി ചുമ്മ വെറും ലോക്കൽ ആശാൻ മരയ്ക്കാർ അപ്പച്ച പോലെ ആൾദൈവമായിപ്പോകും.
പിന്നെ ആൾ ദൈവത്തിന്റെ ജീവതത്തിനെക്കാൾ ഗംഭീരമായിരിക്കണം മരണം. വളരെ different-ഉം വറൈറ്റിയും ഉള്ളതായിരിക്കണം (ഇതു് ചുമ്മ മലയാളം സിനിമാക്കാർ പറയുന്നപോലെ ആയിരിക്കരുതു്.) തലയിൽ തേങ്ങയടിച്ചും, കപ്പലിൽ മുങ്ങിയും, ചുമ്മ ധ്യാനത്തിൽ ഇരിന്നൊന്നും മരിച്ചാൽ ജനത്തിനു് ഒരു impression ഉണ്ടാകില്ല. നാളത്തെ ജനം ഓർക്കണമെങ്കിൽ എന്തെങ്കിലും dramatic ആയിട്ടായിരിക്കണം. ഓർക്കുക: ഒരു ദൈവം മരിക്കുന്നില്ല. ഇതിലെ ചുമ്മ casual-ആയി കടന്നുപോവുകയാണു്. കഴിയുമെങ്കിൽ ഈ "കടന്നുപോക്കു്" ഒരു സ്റ്റേഡിയത്തിൽ കാണികളുടെ മുന്നിൽ വെച്ചു അവതരിപ്പിക്കാം. കൂടുതൽ dramatic ആക്കാൻ കക്ഷി യധാർത്തത്തിൽ മരിക്കണമെന്നില്ല. മരിക്കുന്നതുപോലെ അവതരിപ്പിച്ചാൽ മതി. കുറച്ചുകാലം കഴിഞ്ഞു് സ്വരൂപത്തിൽ ദർശനങ്ങൾക്കായി പുള്ളിയെ പ്രത്യക്ഷപ്പെടുത്തിക്കാം.
പണ്ടു പലരും ഈ ഐറ്റം അവതരിപ്പിച്ചു എന്നു കരുതി ആകുലപ്പെടരുത്, എപ്പോഴും വിജയിച്ചിട്ടുള്ള ഒരു നമ്പരാണിതു്.
ആൾ ദൈവം സാക്ഷാൾ ദൈവമായി മാറാൻ കുറഞ്ഞതു് ഒരു 100 വർഷമാണു് waiting period. അനേകം ദൈവങ്ങളുടെ ജീവചരിത്രത്തിൽ നിന്നും സംയോജിപ്പിച്ച ചെയ്ത ഒരു നമ്പര്‍ ആണു് ഈ 100 വർഷത്തിന്റെ കണക്ക്. ഈ നൂറു വർഷം പല ഭാഗങ്ങളിൽ നിന്നുള്ള കഥകൾ ശേഖരിക്കാൻ വളരെ സഹായകരമാകും. ഭക്തജനങ്ങൾ അൾദൈവം ചെയ്തതും ചെയ്യാത്തതും എല്ലം കൂട്ടികുഴച്ച്, ഊതി പെരിപ്പിച്ചു ഒരു മഹാ സമാഹാരം എഴുതുകയും ചെയ്യും. അങ്ങനെ ആൾദൈവം ദൈവമാകും.
ഒരു ദൈവം മേന്മയുള്ളതാണോ അല്ലയോ എന്നുള്ളതു് തീരുമനിക്കപ്പെടുന്നതു് ആ ദൈവത്തിന്റെ characterലും brand equityയിലുമാണു് . എത്ര സജ്ജീവമായി ദൈവഗുണങ്ങൾ പ്രചരിപ്പിക്കുന്നു എന്നതനുസരിച്ചിരിക്കും ആ ദൈവത്തിന്റെ വിജയം.
ഉദാഹരണം വെറുതെ ചൂടാകുന്ന ദൈവങ്ങളെ ജനങ്ങൾ അധികം ഇഷ്ടപ്പെടുന്നില്ല എന്നാണു് മനസിലാക്കാൻ കഴിയുന്നതു്. അതുകൊണ്ടാണു് ആദ്യകാലങ്ങളിൽ ദൈവം വെറുതേ തൊട്ടതിനും പിടിച്ചതിനും എല്ലാം ചൂടായതു്. എന്തെടുത്താലും പ്രളയം, പേമാരി, തുമ്മിയാലും തുപ്പിയാലും കലിപ്പ്, കോഴിയും, ആടും, പിള്ളേരെ വരെ കുരുതികൊടുക്കാൻ അവശ്യപെട്ടുന്നവൻ, ഒരു മര്യാദയില്ലാത്ത ദൈവം. പണ്ടൊക്കെ വെറും നിസാര കാര്യങ്ങൾക്കുവരെ ലോകത്തുള്ള സകല ജീവജാലങ്ങളേയും പുള്ളി ചുമ്മ വെള്ളത്തിൽ മുക്കി out ആക്കി കളയുമായിരുന്നു. അന്നത്തെ same പുള്ളിയാണു് ഇന്നും ഇരിക്കുന്നതെങ്കിൽ, മനുഷ്യന്മാരുടെ ഇന്നത്തെ ഓരെ തോന്നിവാസത്തിനു് എത്രതവണ ലോകം അവസാനിപ്പിക്കുമായിരുന്നു?
അതുകൊണ്ടാണു് നമ്മൾ മനുഷ്യർ പില്കാലങ്ങളിൽ develop ചെയ്ത ദൈവ സങ്കല്പം വളരെ compromising ആയിരുന്നതു്. പിന്നിടുണ്ടായ ദൈവം വളരെ സൌമ്യനും, സമാധാന ശീലനും, സ്നേഹമുള്ളവനുമായിരുന്നു.
പക്ഷെ Microsoftന്റെ upgrade പോലെ ദൈവത്തിനു് പുതിയ major അപ്ഗ്രേഡ് ഒന്നും ഉണ്ടായില്ല. ദൈവത്തിന്റെ ഒരു പുതിയ version ഉണ്ടായിട്ട് ഏകദേശം 1500 വർഷം ആയിക്കാണും.
നമ്മുടേതു് ഒരു ഉപഭോക്ത സമൂഹമാണു്, കുഞ്ഞിനു diaper വാങ്ങാൻ പോയാൽ കുറഞ്ഞത് ഒരു ഡസന്‍ ബ്രാന്‍ഡും അവയുടെ പല തരത്തിലുള്ള സൈസും ഷേപ്പും കാശുകൊടുത്തു നാം വാങ്ങുന്നു. ഇത്രയും choice വിസർജ്ജനം സൂക്ഷിക്കുന്ന ഡയപ്പേഴ്സിനുള്ളപ്പോള്‍ ദൈവത്തിന്റെ കാര്യത്തിൽ നമുക്ക് choice വേണ്ടെ?
തീർച്ചയായും വേണം. നമ്മൾ സൃഷ്ടിക്കുന്ന ദൈവങ്ങൾക്ക് നമ്മൾ നിശ്ചയിക്കുന്ന ഗുണങ്ങൾ ഉണ്ടായിരിക്കണം. കാരണം ജനങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയ പണവും അഹോരാത്രം പ്രാർത്ഥനക്കായി ചിലവിട്ട സമയവും ഈ ദൈവങ്ങളിൽ നിക്ഷിപ്തമാണു്.
ഇന്നത്തെ പ്രശ്നങ്ങൾക്കു് പരിഹാരങ്ങളുള്ള ദൈവങ്ങളാണു് ജനങ്ങൾക്ക് ആവശ്യം. പണ്ടത്തെ ദൈവങ്ങളിൽ നിന്നും ജനം അവശ്യപ്പെട്ടിരുന്നതു്, മഴയും , രോഗനിവാരണവും, ചാകരയും, കൊയ്ത്ത കാലത്ത് നല്ല വിളയും ആയിരുന്നു. അതെല്ലാം ചെയ്തുകൊടുക്കാൻ സില്‍വര്‍ ഓക്സൈഡ് സ്പ്രേയും, നല്ല private ആശുപത്രിയും, yamaha out-board engineഉള്ള boatഉം, തേനീച്ചയെ വരെ out അക്കുന്ന നല്ല മൂത്ത വിഷമുള്ള കീടനാശിനിയും മതി.
ഇന്ന് ജനം ദൈവത്തിനോടു് ആവശ്യപ്പെടുന്ന കാര്യങ്ങൾ ഇവയാണു്:
മനഃസമാധാനം ഉണ്ടാക്കൽ; പരീക്ഷ പാസാക്കൽ; കുട്ടികൾ ഉണ്ടാക്കൽ; മകനു് ഗൾഫിൽ ജോലി ഉണ്ടാക്കികൊടുക്കൽ; മകൾക്ക് സൽസ്വഭവിയും Americaയിൽ IT ജോലിയുള്ള ഭർത്താവിനെ സംഘടിപ്പിക്കൽ; അടിക്കുന്ന ലോട്ടറി റ്റിക്കറ്റിന്റെ നമ്പർ കണ്ടെത്തൽ തുടങ്ങിയവയാണു്.
ഈ വക കാര്യങ്ങൾ ചില ലോക്കൽ ആൾ ദൈവങ്ങൾ അവരുടെ സേവനങ്ങളുടെ ഭാഗമായി ചെയ്തു തുടങ്ങികഴിഞ്ഞു,
എന്നുവെച്ചാൽ പഴയ ദൈവങ്ങൾക്ക് ഈ കാര്യങ്ങൾ നേരേചൊവ്വെ കൈകാര്യം ചെയ്യാനുള്ള voltage ഇല്ല എന്നർത്ഥം.
ഇവിടെയാണു് പുതിയ ദൈവങ്ങളുടെ ആവശ്യം ദിനം പ്രതി വർദ്ധിച്ചുവരുന്നതു്.
കാലം മാറുന്നതനുസരിച്ച് ദൈവവും പുരോഗമിക്കും എന്നു പ്രതീക്ഷിക്കാം. വരും കാലങ്ങളിൽ ദൈവത്തിനു, voice-mailഉം, emailഉം എന്റേതുപോലത്തെ ഒരു നല്ല ഊക്കൻ ബ്ലോഗും ഉണ്ടാകുന്നതും വളരെ നല്ല കാര്യമായിരിക്കും എന്നു് കരുതുന്നു.
ഹ ഹ ഹ,,
ReplyDeleteകൈപ്പള്ളിയേ...ഇതൊക്കെ വായിച്ചിട്ട് ഇനി എത്രയൊക്കെ ആള്‍ദൈവങ്ങള്‍ ബൂലോകത്ത് പ്രത്യക്ഷപെടുമോ എന്തോ :)
നാട്ടിലൊന്നു പോകണം. ഞങ്ങടത്തു ഒരു കൈനോട്ടക്കാരിയുണ്ട്. അവരെ ഒരു ദൈവമാക്കിനോക്കാം. നല്ല ബിസിനസുതന്നെ.
ReplyDeleteഇതൊക്കെ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍
ReplyDeleteഎനിക്കും ഈ മേഖലയില്‍ ഒരു കൈനോക്കാമായിരുന്നു,ആള്‍ ദൈവമാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു സഹായി ആയിട്ടെങ്കിലും. ചേര മൂത്തല്ലേ പാമ്പ് ആകുന്നത്..?
കുറുമാനെ,
ReplyDeleteബൂലോകത്ത് ആള്‍ദൈവങ്ങള്‍ക്കു ക്ഷാമമില്ലല്ലോ.
കൈപ്പള്ളിയണ്ണാ കൂട്ടത്തില്‍ ഒന്ന് വിട്ടുപോയി
ReplyDeleteഇത്തിരി ചെപ്പടിവിദ്യകൂടി പഠിക്കാന്‍ പറഞ്ഞില്ല
യെന്നാലല്ലേ ദൈവത്തിനൊരു ഇത് വരൂ..യേത്?
ഒരാള്‍ ദൈവം സാക്ഷാല്‍ ദൈവമായി മാറാനുള്ള വെയ്റ്റിംഗ് പീര്യഡ് 100 വര്‍ഷമാണ്.... ഈ നിരീക്ഷണം വളരെ ഇഷ്‌ടപ്പെട്ടു. 2000-3000 വര്‍ഷം പഴക്കമുള്ള ചില ആള്‍ദൈവങ്ങളാണ് ഇന്നത്തെ എല്ലാ മതങ്ങളിലും ഉള്ളത് എന്ന് കൂടി എഴുതാമായിരുന്നു എന്നൊരഭിപ്രായം ഉണ്ട്.
ReplyDeleteഅപ്പൊ ഇന്നു കാണുന്ന അമ്മ ദൈവങ്ങളും ദേവിമാരും ബാബ മാരും എല്ലാം ൨൦൦൦-൩൦൦൦ വര്ഷം കഴിയുമ്പോള്‍ ആള്‍ ദൈവത്തില്‍ നിന്നും ദൈവമായി പ്രൊമോഷന്‍ ചെയ്യപ്പെടും അല്ലെ. അമ്മോ ....
ReplyDelete----
ഇത്രയും നല്ലൊരു ലേഖനത്തിനു കൈപള്ളിക്ക് നന്ദി .
കൈപ്പള്ളിയണ്ണാ,
ReplyDeleteആശാന്‍ മരക്കാര്‍ അപ്പച്ചനെ വെറും ക്ലൗണാക്കിക്കളഞ്ഞോ? മൂപ്പര്‍ക്ക് ഓശാന പാടുന്ന സീഡിയും വഴിയേല്‍ തടഞ്ഞ് പിരിവു നടത്താന്‍ കമ്മിറ്റിയും ഇല്ലാത്തോണ്ടാ?
അപ്പച്ചയെ പരിഹസിച്ചതില്‍ പ്രതിഷേധിച്ച് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്
“അമ്മ”മാരും, സന്തോഷ് മാധവന്മാരും ഇത് വായിച്ചിരുന്നോ?
ReplyDeleteവലിയ മുതല്‍ മുടക്കില്ലാത്ത “കുടില്‍ വ്യവസായം“ തുടങ്ങുന്നതിനെപ്പറ്റി ബൂലോഗരെ അറിയിച്ചതില്‍ സന്തോഷമുണ്ട്.
;)