Wednesday, May 14, 2008

വിജയകരമായ ഒരു മുലയൂട്ടല്‍ പരീക്ഷണം.

എന്റെ ഭാര്യ, പ്രിയ, മലയാളിയല്ലാത്തതിനാല്‍, ഈ പരീക്ഷണത്തിന്റെ ഫലങ്ങള്‍ മലയാളത്തില്‍ എഴുതാന്‍ അവള്‍ക്ക് കഴിയില്ല. ഇനി എഴുതുന്നതെല്ലാം പ്രിയയുടെ അനുഭവങ്ങളാണു്.

ജനിച്ച് വീഴുന്ന കുഞ്ഞിനു് അമ്മയുടെ മുലപ്പാല്‍ എത്രമാത്രം അത്യാവശ്യമാണു് എന്ന് മലയാളികള്‍ക്ക് നല്ലതുപോലെ അറിയാവുന്ന ഒരു കാര്യമാണു്. ശിശുപാലനത്തിന്റെ കാര്യത്തിലും പ്രാഥമിക അരോഗ്യത്തിന്റെ കാര്യത്തിലും കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണു്. പക്ഷെ ജോലി ചെയ്യുന്ന അമ്മമാര്‍ എത്രമാത്രം വിജയകരമായി കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നുണ്ട് എന്ന കാര്യത്തില്‍ സംശങ്ങളുണ്ട്. അറിഞ്ഞിടത്തോളം കുറവാണു്.

ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് (മായ) ജനിച്ചപ്പോള്‍ ഞങ്ങളെ അലട്ടിയ ഒരു പ്രശ്നം, പ്രിയ (ഭാര്യ)ജോലിക്ക് പോകുമ്പോള്‍ എങ്ങനെ മുലയൂട്ടും എന്നതായിരുന്നു. ജോലിയുടെ ഭാഗമായി Qatar ലും പോകേണ്ടി വരുന്നതിനാല്‍ പ്രശ്നം കുറച്ചുകൂടി ഗുരുതരമാണു്. ആദ്യത്തെ കുഞ്ഞിനെ രണ്ട് വര്‍ഷവും ആറു മാസവും മുലയൂട്ടി. അതേ ശുശ്രൂഷ മായക്കും ലഭിക്കണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു. ഒരു നല്ല career ഉപേക്ഷിക്കാതെ തന്നെ ഇതെല്ലാം ചെയ്യണം എന്നുമുണ്ടായിരുന്നു.

Breast pump ഉപയോഗിച്ച് പാല്‍ ശേഖരിച്ച് റിഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്ന സംവിധാനത്തേ കുറിച്ച് ഞങ്ങള്‍ പഠിച്ചു തുടങ്ങി. Breast pump പല നിര്‍മ്മാതാക്കളും നിര്‍മ്മിക്കുന്നുണ്ട്, പക്ഷെ ഈ സാങ്കേതിക വിദ്യയില്‍ വര്‍ഷങ്ങളായി ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ട് സ്ഥപനങ്ങളാണു്. Aventഉം Medelaയും. രണ്ടിനേക്കുറിച്ചും നല്ലതുപോലെ അന്വേഷിച്ചു. രണ്ടു് ഉപകരണങ്ങളും ഉപയോഗിച്ച സ്ത്രീകളുമായി ഇതിന്റെ ഗുണമേന്മയേ കുറിച്ച് അന്വേഷിച്ചു. അവസാനം ഞങ്ങള്‍ Medelaയുടെ ഒരു പുതിയ മോഡല്‍ വാങ്ങി. പ്രിയ Breast pump officeല്‍ കൊണ്ടു പോയി എന്നും രണ്ടു തവണ പാല്‍ pump ചെയ്യുതു് തുടങ്ങി. Officeലുള്ള German സഹപ്രവര്‍ത്തകര്‍ ആരും തന്നെ പ്രിയ മുറി അടച്ച് എന്താണു് ചെയ്യുന്നത് എന്ന് അന്വേഷിക്കാറില്ല. മലയാളികള്‍ അങ്ങനെയല്ലല്ലോ. ഓഫീസിലുള്ള ഫ്രിജ്ജ് തുറന്നപ്പോള്‍ അവരുടെ ആശ്ചര്യ സൂചകമായ പല പ്രകടനങ്ങളില്‍ നിന്നും ചില കാര്യങ്ങള്‍ മനസിലായി. ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ ഇടയില്‍ Breast pump ഉപയോഗം പ്രാഭല്യത്തില്‍ വന്നിട്ടില്ലാ. ഈ ലേഖനത്തിലൂടെ പല സംശയങ്ങളും മാറും എന്ന് കരുതുന്നു. എന്റെ പ്രിയപ്പെട്ട മല്ലൂ സഹോദരി സഹോദരന്മാര്‍ക്ക് വേണ്ടിക്കൂടിയാണു് ഈ ലേഖനം.

Breast pump വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ല. അത് ഉപയോഗിക്കാന്‍ സൌകര്യമുള്ള ജോലി സ്തലവും ഉണ്ടായിരിക്കണം. മുലയൂട്ടുന്നതിനു രാജ്യത്ത് ചില നിയമങ്ങളും ഉണ്ടായിരിക്കണം. ഇമറാത്തിലെ സര്‍ക്കാര്‍ ശിശുപാലനത്തിനും മുലയൂട്ടലിനും വളരെയധികം മുന്‍‌‌ഗണനകള്‍ കൊടുക്കുന്നുണ്ട് എന്ന് നാം മനസിലാക്കണം. ഇത് സം‌രക്ഷിക്കാന്‍ ചില നിയമങ്ങളും നിലവിലുണ്ട്.

    1) ഗര്‍ഭിണിയായ സ്ത്രീയെ ഗര്‍ഭത്തിന്റെ കാരണത്താല്‍ പിരിച്ചുവിടാന്‍ പാടില്ല. അങ്ങനെ പിരിച്ചുവിട്ടാല്‍ ഒന്നിലധികം നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനേയും ഉടമയേയും ശിക്ഷിക്കാന്‍ വകുപ്പുണ്ട്.
    2) പ്രസവത്തിനു ശേഷം എല്ലാ അനുകൂല്യങ്ങളോടുംകൂടിയ 45 ദിവസത്തെ അവധി.
    3) അതിനു പുറമേ, ശമ്പളം ഇല്ലാത്ത 100 ദിവസത്തെ അവധി
    4) ജോലിയില്‍ പ്രവേശിച്ച ശേഷം, രണ്ടു വര്‍ഷത്തേക്ക് നിലവിലുള്ള ജോലി സമയത്തില്‍ നിന്നും രണ്ടു മണിക്കൂര്‍ കുറവു്.

മുലയൂട്ടലിനു ഇത്രയും ആനുകൂല്യങ്ങള്‍ ഇമറാത്ത് സര്‍ക്കാര്‍ ചെയ്ത് തരുന്നുണ്ട്. അമേരിക്കയിലും, യൂറോപ്പിലും ഇതിലും അധികം ആനുകൂല്യങ്ങള്‍ ഉണ്ട് എന്ന് അറിയുന്നു. ചില സ്ഥാപനങ്ങള്‍ മുലയൂട്ടുന്ന സ്ത്രീകളെ വീട്ടില്‍ പോകാനും അനുവദിക്കുന്നുണ്ട്.

ഇത്രയും വിശദമായി പറഞ്ഞതിന്റെ കാരണം, ദുബൈയിലുള്ള പല ചെറ്റ സ്ഥാപനങ്ങളും ഈ നിയമങ്ങള്‍ പാലിക്കാറില്ല. അതിനു കാരണം സ്ത്രീകള്‍ക്ക് ഈ നിയമങ്ങള്‍ വ്യക്തമായി അറിയാത്തത് കൊണ്ട് തന്നെയാണു്.

മുലയൂട്ടലിനെ ചുറ്റിപ്പറ്റി പല തെറ്റിദ്ധാരണകള്‍ ഇപ്പോഴും ഉണ്ട്. അതില്‍ ചിലത്.

    1) കുട്ടി ജനിച്ച ഉടന്‍ മുലയില്‍ നിന്നും ചുരത്തുന്ന ദ്രാവകം കുട്ടികള്‍ക്ക് കൊടുക്കരുത്: തെറ്റ്.
    Colostrum എന്ന ഈ ദ്രാവകം കുട്ടികളുടെ പ്രതിരോധ ശക്തിക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണു്. ഓരോ കെളവികള്‍ ഓരോന്ന് പറയുന്നത് കേട്ട് കുട്ടികളുടെ ഭാവി കൊളമാക്കരുത്.

    2) ലൈംഗിക ബന്ധത്തിനു് ശേഷം കുഞ്ഞിനു് പാല്‍ കൊടുക്കരുത്: തെറ്റ്.
    സ്ത്രീയും പുരുഷനും തമ്മില്‍ ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ തലച്ചോറില്‍ ഉല്പാദിപ്പിക്കുന്ന Oxytoxin എന്ന hormone തന്നെയാണു അമ്മ കുഞ്ഞിനു മുലയൂട്ടുമ്പോഴും ഉല്പാദിപ്പിക്കുന്നത്. ഈ hormone അമ്മയേയും കുഞ്ഞിനേയും സാന്ത്വനപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ ലൈംഗിക ബന്ധത്തിനു് ശേഷം മുലയൂട്ടുന്നതില്‍ ശാസ്ത്രീയമായി ഒരു തെറ്റുമില്ല.

    3) ആണ്‍ കുട്ടികള്‍ക്ക് ഒരു വയസുവരേയും പെണ്‍ കുട്ടികള്‍ക്ക് ആറു മാസം വരെയും മാത്രമേ മുല പാല്‍ കൊടുക്കാവൂ. തെറ്റ്.
    ഈ വിശ്വാസത്തിനു് യാതോരു അടിസ്ഥാനവുമില്ല.

    4) അമ്മയുടെ മുലപ്പാല്‍ തികയുന്നില്ല: തെറ്റ്
    സ്ഥിരം കേള്‍ക്കാറുള്ള ഒരു കാര്യമാണു് ഇത്. കുഞ്ഞ് കരയുന്നതിന്റെ അര്‍ത്ഥം പാല്‍ തികയാത്തതു മൂലമാണു് എന്ന് പല മമ്മമാരും കരുതാറുണ്ട്. അമ്മ പാല്‍ ഉല്പാദിപ്പിക്കുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും പാല്‍ തികയുന്നുണ്ട്.

    5) ആറു മാസം കഴിഞ്ഞ് പാല്‍പൊടി കൊടുക്കണം: നിര്‍ബന്ധമല്ല.
    ആറു മാസം കഴിഞ്ഞ ഉടന്‍ കടയില്‍ പോയി formula വാങ്ങി കുപ്പിയിലാക്കണം എന്നില്ല. പഴ വര്‍ഗ്ഗങ്ങളും, ചില അരി ആഹാരങ്ങളും കൊടുത്തുതുടങ്ങാം. കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കുന്നത് കൊണ്ട് വയറ്റിളക്കമല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടായതായി കാണുന്നില്ല. കഴിയുന്നതും മറ്റ് മൃഗങ്ങളുടെ പാല്‍ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുക. അത് അവരുടെ കുട്ടികള്‍ക്ക് വേണ്ടി ഉല്പാദിപ്പിക്കുന്നതാണു്.

സ്തനസൌന്ദര്യത്തിനു പാശ്ചാത്യ രാജ്യങ്ങള്‍ കൊടുക്കുന്ന വ്യാഖ്യാനം ഇന്ത്യയില്‍ 50 വര്‍ഷം മുന്‍‌പ് വരെ ഇല്ലായിരുന്നു. സ്തനം എന്നാല്‍ മാതൃത്വത്തിനു് ആവശ്യമുള്ള ഒരു പ്രധാന ശരീരാവയവം മാത്രമായിരുന്നു. പക്ഷെ അതില്‍ നിന്നുമെല്ലാം ഇന്ന് സ്തനം ഒരു sex object ആയി മാറിയിരിക്കുന്നു. ചില സ്ത്രീകള്‍ സ്തനസൌന്ദര്യം നഷ്ടപ്പെടാതിരിക്കാനായ് മുലയൂട്ടുന്നതിന്റെ കാലായളവ് കുറക്കുന്നതായി കേട്ടിട്ടുമുണ്ട്. സ്തനസൌന്ദര്യത്തിന് നാം ഇന്നു് നല്‍കുന്ന പ്രാധാന്യം, അവയുടെ പ്രാഥമിക ആവശ്യത്തിനു കൂടി കോടുക്കേണ്ടതാണു് എന്ന് ഞാന്‍ കരുതുന്നു.

ഇനിയുമുണ്ട് പല അന്ധ വിശ്വാസങ്ങളും. എല്ലാമൊന്നും എനിക്കറിയില്ല. അറിയാവുന്നവര്‍ ഇവിടെ comment അയി എഴുതു.

മായ മോള്‍ക്ക് അറു മാസം തികഞ്ഞു. അവള്‍ ഇന്നുവരെ പൊടിപ്പാല്‍ കുടിച്ചിട്ടില്ല. ഞങ്ങളുടെ ഫ്രീസറില്‍ ഇപ്പോള്‍ അടുത്ത നാലു മാസത്തേക്കുള്ള പാല്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് നേരിട്ട് ബന്ധപ്പെടാം.



മായ കുട്ടി



ഞങ്ങളുടെ ഫ്രീസറില്‍ ഇനി ഭക്ഷണത്തിന് സ്ഥലം ഇല്ല.

66 comments:

  1. കൈപ്പ്,

    ഒന്നോടിച്ച് വായിച്ചു.
    ഉഗ്രന്‍!

    ഇനി സൌകര്യമായി ഒന്നു കൂടി വായിച്ച് പഠിക്കണം.ആര്‍ക്കെങ്കിലും ഉപകാരപ്പെടുത്താലോ...

    ഈ പട-പോസ്റ്റിന് പ്രത്യേക നന്ദി!

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. മേല്‍പറഞ്ഞ ഒരുമാതിരി കാര്യങ്ങളൊക്കെ ഞങ്ങള്‍ ഫോളോ ചെയ്തിരുന്നു.. (ഒരാശ്വാസം)

    ആ റെഫ്രിജെരേറ്ററിന്റെ പടം കണ്ട് ഞെട്ടിപ്പോയി ട്ടോ... ഇത്രേം പാലോ? മുംബൈയില്‍ 3 മുതല്‍ 4 മണിക്കൂറാ ഇപ്പൊ പവര്‍കട്ട്..

    (അതുകൊണ്ട് ഇനി ഇതില്‍ നിന്നും തൈര് വെണ്ണ മോര് ഒക്കെ ഉണ്ടാക്കി കുട്ടിയ്ക്ക് കൊടുക്കേണ്ടി വരും ) :)

    ReplyDelete
  4. വളരെ നല്ല ലേഖനം കൈപ്പള്ളി.
    നിരവധി കുഞ്ഞുങ്ങളുടെ നന്മയെക്കരുതി ഈ അനുഭവം പങ്കുവെച്ച കൈപ്പള്ളിക്ക് നന്ദി.

    കുട്ടി ജനിച്ച ഉടന്‍ മുലയില്‍ നിന്നും ചുരത്തുന്ന മഞ്ഞനിറമുള്ള ദ്രാവകം ഊറ്റിക്കളയുന്ന തള്ളമാരുണ്ടായിരുന്നു മുമ്പ്. കുഞ്ഞിനു അത്യന്താപേക്ഷിതമായ ഒന്നു തന്നെയാണ് ഇത്.

    കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും മുലയൂട്ടണം. മുലയൂട്ടല്‍ സ്തനസൌന്ദര്യം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ എന്നതാണ് സത്യം.

    ReplyDelete
  5. എന്തല്ലാം പുതിയ കാര്യങ്ങള്‍ !!!
    ഫ്രിഡ്ജില്‍ പാല്‍ എവിടെയുണ്ടൊ അവിടെ ഉണ്ട് പുഞ്ചിരി..:) 2 പടത്തിനും കൂടി ഒരു അടിക്കുറിപ്പ്.....

    ReplyDelete
  6. നാലു മാസം വരെ പാല്‍ സൂക്ഷിച്ചു വെക്കാന്‍ പറ്റുമോ..
    ഇന്ത്യയില്‍ ശമ്പളത്തോടു കൂടി മൂന്നു മാസമാണ് അവധി

    ReplyDelete
  7. Siju | സിജു
    Deep ഫ്രീസറില്‍ (-8°) സൂക്ഷിച്ചാല്‍ 6 മാസം വരെ മുലപ്പാല്‍ കേടുവരാതെ ഇരിക്കും

    ReplyDelete
  8. കൈയടി അര്‍ഹിക്കുന്നു. സത്യത്തില്‍ ഇങ്ങനൊരു കാര്യം കേട്ടിട്ടുപോലുമില്ലായിരുന്നു. :( വളരെ നന്ദി.

    ReplyDelete
  9. കൈപ്പള്ളി, ഫ്രീസറില്‍ ശേഖരിക്കുന്ന പാല്‍ പിന്നെ എങ്ങനെയാണ്‌ കുട്ടിക്ക് കൊടുക്കുന്നത് എന്നു കൂടി എഴുതാമോ? തിരിച്ച് അന്തരീക്ഷ താപത്തില്‍ എങ്ങിനെ എത്തിക്കും? ചൂടാക്കാമോ? അതോ വെറുതേ വെളിയില്‍ വെച്ചാല്‍ മതിയോ? നിപ്പിള്‍ ഉപയോഗിച്ചാണോ കൊടുക്കേണ്ടത്? ഒരു സമയത്ത് എത്ര പാല്‍ എടുക്കണം കുട്ടിക്ക് മതിയാവാന്‍?

    ReplyDelete
  10. കണ്ണൂസ്

    ഫ്രീസറില്‍ വെച്ച പാല്‍ 40°C ചൂടുവെള്ളത്തില്‍ വെച്ചാല്‍ അലിഞ്ഞ് കിട്ടും. Microwaveല്‍ മുലപ്പാല്‍ വെക്കരുത്. Microwave അവനില്‍ ഉണ്ടാകുന്ന temperature (70° - 150° C) പാലിലുള്ള ഗുണാംശങ്ങള്‍ നശിപ്പിക്കും എന്നാണു് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

    HIV അണു ബാദിച്ച അമ്മമാരുടെ മുലപാല്‍ 70°C വരെ ചൂടാക്കി കുട്ടിക്ക് കൊടുക്കാം എന്നും വായിച്ചിട്ടുണ്ട്.

    മുലപ്പാല്‍ UV / steam sterilised കുപ്പിയില്‍ nipple ഉപയോഗിച്ച് കൊടുക്കേണ്ടതാണു്.

    കുഞ്ഞുങ്ങള്‍ മുലയില്‍ നിന്ന് പാല്‍ കുടിക്കുന്നതു പോലെ തന്നെയാണു് ചില നല്ല Breast Pumpകള്‍ പ്രവര്ത്തിക്കുന്നത്. ആദ്യം വേഗത്തില്‍ പ്രവര്ത്തിച്ച് തുടങ്ങിയശേഷം pumping frequency താനെ കുറയും. പാല്‍ കൂടുതല്‍ വരുകയും ചെയ്യും. പാല്‍ കുപ്പിയിലേക്ക് വരുന്ന അളവില്‍ വിത്യാസം ഉണ്ടാകും. ആദ്യം കുറവാണെങ്കില്‍ നിരന്തരമായി പരിശ്രമിക്കുന്നതിന്റെ ഫലമായി പാല്‍ ഉല്പാതനം വര്‍ദ്ധിക്കും. മനുഷ്യ ശരീരത്തിലെ വിയര്‍പ്പാണു് മുലപ്പാല്‍ ആയി രൂപാന്തരം പ്രാപിക്കുന്നത്. അപ്പോള്‍ ശരീരത്തില്‍ വിയര്‍പ്പിന്റെ അളവ് കൂട്ടാനുള്ള എല്ലാ മാര്‍ഗ്ഗവും സ്വീകരിക്കുക. വിയര്‍പ്പ് നിരോധിക്കുന്ന Antiperspirant അടങ്ങിയിട്ടുള്ള deodarants ഉപയോഗിക്കരുത്. ഉലുവ കഞ്ഞി കുടിക്കുന്നത് മുലപ്പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കും. ധാരാളം ഫല വര്‍ഗ്ഗങ്ങളും കഴിക്കണം.

    അവസരം കിട്ടുമ്പോള്‍ കുട്ടിയേകൊണ്ടു തന്നെ നേരിട്ട പാല്‍ കുടിപ്പിക്കണം. രണ്ട് മുലകളില്‍ നിന്നും ഒരുപോലെ പാല്‍ ഉണ്ടാകില്ല. ചില അമ്മമാര്‍ക്ക് വളരെ എളുപ്പം തന്നെ പാല്‍ ഉല്പാതിപ്പിക്കാന്‍ കഴിയും. ഒരു pumpingല്‍ ഒരു മുലയില്‍ നിന്നും ശരാശരി 20ml മുതല്‍ 50ml വരെ ലഭിക്കും. സ്തനത്തിന്റെ വലുപ്പവും ഉല്പാതനശേഷിയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

    ReplyDelete
  11. വളരെ വിജ്ഞാനപ്രദമായ കുറിപ്പ്‌.
    ഇതില്‍‌പ്പറഞ്ഞ കാര്യങ്ങളില്‍, അവധിയെപ്പറ്റി ഇത്ര വിശദമായി അറിയില്ലായിരുന്നു. ജോലിസമയം രണ്ട്‌ ഷിഫ്റ്റ്‌ ആയിരുന്നതുകൊണ്ട്‌ കുറെയൊക്കെ അഡ്ജസ്റ്റ്‌ ചെയ്യാമായിരുന്നെങ്കിലും...നാല്പ്പത്താറാം ദിവസം, കുഞ്ഞിന്‌ കൃത്രിമപ്പാല്‍ കൊടുക്കേണ്ടിവന്നത്‌ ഇന്നും എന്നെ സങ്കടപ്പെടുത്തുന്ന ഓര്‍‌മ്മയാണ്‌.

    ReplyDelete
  12. നല്ല ലേഖനം കൈപ്പള്ളി.പക്ഷെ കുറേ പേരൊക്കെ ഉപയോഗിക്കുന്നതായാണ് എന്റെ അറിവ്.ഇക്കാര്യങ്ങളെ കുറിച്ചൊക്കെ എന്ത് സംശയങ്ങളും തീര്‍ത്ത് തരാന്‍ പ്രസവത്തിനു മുമ്പും പിമ്പും ആശുപത്രിയിലെ മറ്റേണിറ്റി ജീവനക്കാര്‍ എന്നും സന്നദ്ധരുമാണ്.
    "ഗര്‍ഭിണിയായ സ്ത്രീയെ ഗര്‍ഭത്തിന്റെ കാരണത്താല്‍ പിരിച്ചുവിടാന്‍ പാടില്ല" പക്ഷെ ഗര്‍ഭിണികളായ സ്ത്രീകളെ ജോലിക്ക് വെക്കാന്‍ സ്കൂളുകള്‍ തയ്യാറല്ല എന്ന് കുറച്ച് വര്‍ഷങ്ങക്ക് മുമ്പ് വാര്‍ത്തയുണ്ടായിരുന്നു.
    പല നിയമങ്ങളും നിലവിലുണ്ടെങ്കിലും നമ്മള്‍‍ തന്നെ ചോദിച്ച് നേടിയെടുക്കേണ്ടതാണ്.അവര്‍ ഇങ്ങോട്ട് തരും എന്ന് കരുതിയിരുന്നാല്‍ കഷ്ടപ്പെടുന്നത് നമ്മളും കുഞ്ഞുങ്ങളുമായിരിക്കും.
    പറഞ്ഞ തെറ്റിദ്ധാരണകളിലധികവും ഇപ്പോള്‍ മാറിയിട്ടുണ്ടെന്ന് തോന്നുന്നു.
    ബ്രസ്റ്റ് പമ്പിന്റെ ഉപയോഗം നാട്ടില്‍ സാധാരണയായിട്ടില്ലെങ്കിലും മാസം തികയാതെ പിറന്ന് പാല്‍ വലിച്ചു കുടിക്കാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്ക് പമ്പ് വെച്ച് പിഴിഞ്ഞെടുത്താണ് പല ആശുപത്രികളും കൊടുക്കുന്നത്.
    പതിനാല് കൊല്ലം മുമ്പ് ഇങ്ങനെയൊരു പമ്പെന്ന് കേട്ടിട്ടു കൂടെയില്ലാത്ത കാലത്ത് കൈ കൊണ്ട് പിഴിഞ്ഞ് കൊടുത്തതിന്റെ ഗുണം മോളുടെ ആരോഗ്യത്തില്‍ നിന്നും എനിക്കറിയാം :)

    ReplyDelete
  13. എന്റെ മകന്‍ ആറാം മാസം പാലുകുടി നിര്‍ത്തി.നാലു മാസത്തിനു ശേഷവും അമ്മയ്ക്ക് പാലുണ്ട്.പക്ഷെ അവന്‍ കുടിക്കുന്നില്ല.(രുചി പിടിക്കുന്നില്ലായിരിക്കും)അതു കൊണ്ട് അമ്മയ്ക്ക് ചില അസ്വസ്ഥതയും ഉണ്ട്.ഇപ്പോള്‍ അവന്‍ പാലു കുടിക്കുന്നത് എങ്ങനെയെന്ന് തന്നെ മറന്നിരിക്കുന്നു.ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് കറന്ന് ബാഹ്യമായി ഫീഡ് ചെയ്താലോ എന്ന് ഒരു ഐഡിയ.

    ഉപദേശങ്ങള്‍ പ്ലീസ്...

    ReplyDelete
  14. ക്ലാപ്പ് ക്ലാപ്പ്....

    മറ്റൊരു നല്ല പോസ്റ്റ്...

    ഞാനും ആദ്യമായികേള്‍ക്കുകയാ കൈപ്പള്ളീ ഇതൊക്കെ...വളരെ നന്ദി

    ഓഫ് ടോപ്പിക്ക് (എതിര്‍പ്പ്):

    ::സിയ↔Ziya said...
    “മുലയൂട്ടല്‍ സ്തനസൌന്ദര്യം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ എന്നതാണ് സത്യം“

    സിയ, ഇതും ആദ്യമായി കേള്‍ക്കുകയാ..! ബട്ട് ഞാന്‍ ഇതിനോട് യോജിക്കുന്നില്ല.

    “യോജിക്കുന്നില്ലാന്ന് പറയാന്‍‌ നിനക്ക് അനുഭവം ഉണ്ടോടാ?”

    എന്ന് ഈ പാവം ബാച്ചിയാനന്ദസ്വാമിയോട് ചോദിച്ചേക്കല്ലേ ചക്കരെ. ഞാന്‍ വായിച്ചും കേട്ടും ഉള്ള അറിവ് വച്ച് അത് ശരിയല്ല എന്ന് ശക്തമായി ഊന്നീ‍യൂന്നി പറയുകയാണ്. (ന്റമ്മേ!)

    ഓഫ് ടോപ്പിക്ക് (അനുകൂലം):

    ഈ കമന്റ് പോസ്റ്റുന്നതിന് മുന്‍പ് കൈപ്പള്ളിയോട് ‍ ഈ വിഷയത്തെപറ്റി അഭിപ്രായം ചോദിച്ചപ്പോ കിട്ടിയ മറുപടി വളരെ മികച്ചതായിരുന്നു.

    “അഭീ, സൌന്ദര്യം എന്നത് ചിലരുടെ കാഴ്ചപ്പാട് അനുസരിച്ചിരിക്കും.കുഞ്ഞ് മുലപ്പാല് കുടിക്കുന്ന കാഴ്ച കാണാന്‍ അവസരം ലഭിച്ച ഒരാളിനേ അത് മനസിലാകൂ. അതില്‍ ഒരു വല്ലാത്ത സൌന്ദര്യമുണ്ട്.പുരുഷന്മാര്‍ സ്ത്രീയെ ബഹുമാനിക്കണമെങ്കില്‍ അമ്മമാര്‍ ആണ്‍ കുട്ടികളെ മുലയൂട്ടുന്ന കാഴ്ച കാണിച്ചുകൊടുക്കണം.എല്ലാവരും അത് കണ്ടിരിക്കണം.വളരെ ശ്രേഷ്ടമായ ഒരു ബന്ധമാണു ഒരു കുഞ്ഞും അമ്മയും തമ്മിലുള്ളത്. ആ ബന്ധം മനസിലാക്കിയാല്‍ സ്ത്രീയെ പുരുഷന്മാര്‍ മനസിലാക്കും. കേരളത്തിലെ സ്ത്രീയെ പുരുഷന്മാര്‍ വേണ്ടത്ര ബഹുമനിക്കുന്നില്ല!!ഒരു സ്ത്രീയെ സ്ത്രീയാക്കുന്നത് അവളുടെ ഗര്‍ഭപാത്രവും സ്തനങ്ങളുമാണു്. അത് ആഘോഷിക്കേണ്ടതിനു പകരം, അവയെ ഓര്‍ത്ത് ലജ്ജിക്കുകയല്ല വേണ്ടത്. ഭാരതീയ സംസ്കാരത്തില്‍ സ്ത്രീയുടെ വയറും മുലകളും വസ്ത്രധാരണ രീതിയില്‍ പ്രത്യേകിച്ച് എടുത്തു കാണിക്കുന്നതിന്റെ കാരണം അവളുടെ മാതൃത്വത്തെ പ്രകടിപ്പിക്കാനാണു്. പൊക്കിള്‍ പ്രദര്‍ശിപ്പിക്കുന്നതും അതിനാണു്. പുരുഷന്മാരെ അവന്‍ വന്ന വഴി ഓര്‍മ്മിപ്പിക്കുകയാണു്. നമ്മുടെ ശ്രേഷ്ടമായ സനാതന സംസ്കാരങ്ങള്‍ എങ്ങനെയാണു് ഇത്രയും അധപതിച്ചത് എന്ന് എത്ര ഓര്‍ത്തിട്ടും മനസിലാകുന്നില്ല.......“

    ഓ.. എന്നാശരി... സിയയോടുള്ള എതിര്‍പ്പിന്റെ % ഞാന്‍ അല്പം കുറച്ചിരിക്കുന്നു.

    :-)

    ReplyDelete
    Replies
    1. ചില അഭിപ്രായങ്ങളോട് കടുത്ത എതിര്‍പ്പുണ്ട്. സ്ത്രീയെ ബഹുമാനിക്കണമെങ്കില്‍, ആണ്‍കുട്ടിയെ അമ്മ മുലയൂട്ടുന്ന കാഴ്ച കാണിച്ചു കൊടുക്കണം!!! അഭിലാഷങ്ങള്‍ സ്വന്തം അമ്മയെ ബഹുമാനിക്കാന്‍ ആരെങ്കിലും മുല കൊടുക്കുന്ന കാഴ്ച കാണാന്‍ കാത്തിരുന്നില്ലല്ലോ ഉവ്വോ? അഭിലാഷങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെ ശ്രേഷടതയുടെ മറുവശം കാണിച്ചു തരുന്നു 'ഭാരതീയ സംസ്കാരത്തില്‍ സ്ത്രീയുടെ വയറും മുലകളും വസ്ത്രധാരണ രീതിയില്‍ പ്രത്യേകിച്ച് എടുത്തു കാണിക്കുന്നതിന്റെ കാരണം അവളുടെ മാതൃത്വത്തെ പ്രകടിപ്പിക്കാനാണു്. പൊക്കിള്‍ പ്രദര്‍ശിപ്പിക്കുന്നതും അതിനാണു്. പുരുഷന്മാരെ അവന്‍ വന്ന വഴി ഓര്‍മ്മിപ്പിക്കുകയാണു്.' പുരുഷന്‍ വന്ന വഴി ഓര്‍മിപ്പിക്കാന്‍ പൊക്കിളിനു താഴെയുള്ളത് പ്രദര്‍ശിപ്പിക്കണമെന്നു പറയാഞ്ഞത് ഭാഗ്യം. എന്തും കാണിച്ചു നടക്കുന്നത് ഏതു തരം സംസ്കാരമാണ് ഭായി?

      Delete
  15. നിപ്പിളിന്റെ കാര്യം പ്രത്യേകം ചോദിക്കാന്‍ കാരണമുണ്ട്. നിപ്പിള്‍ ഫീഡ് ചെയ്ത കുട്ടി, പിന്നീട് മുലയില്‍ നിന്ന് നേരിട്ട് പാല്‍ കുടിക്കാന്‍ മടി കാണിക്കുമെന്ന് ഡോക്റ്റര്‍മാര്‍ തന്നെ പറഞ്ഞിരുന്നു. ശരിയാണോ?

    ReplyDelete
  16. നല്ല ലേഖനം. (ഓ! ഈ സര്‍ട്ടിഫിക്കറ്റ് കിട്ടാണ്ട് കൈപ്പള്ളി വിഷമിച്ചിരിക്കായിരുന്നു.. :)

    ബ്രസ്റ്റ് പമ്പിന്റെ കാര്യത്തിലും പാല്‍ സൂക്ഷിച്ച് വെച്ച് കുഞ്ഞിനു കൊടുക്കുന്ന കാര്യത്തിലും കൈപ്പള്ളി പറഞ്ഞ പോലെ തന്നെ ഇവിടെയും ചെയ്യുന്നത്. നാലു മാസത്തേക്ക് സൂക്ഷിക്കാറില്ല. രാവിലെ ആപീസില്‍ പോരുമ്പോള്‍ സ്റ്റോക്ക് ചെയ്ത് വെക്കുന്നത് വൈകുന്നേരം ഓഫീസ് വിട്ട് തിരിച്ചെത്തുമ്പഴേക്കും തീരാറുണ്ട്. അല്ലെങ്കില്‍ അത്രയേ പമ്പ് ചെയ്ത് വെക്കാറുള്ളു. രാവിലെ 10 മണിക്കും വൈകീട്ട് 7 മണിക്കും ഇടക്കുള്ള സമയം കൊണ്ട് 120ml വീതമുള്ള നാല്‌ കുപ്പികള്‍ ഇവിടത്തെ ഗഡി‍ കാലിയാക്കാറുണ്ട്. ഇപ്പോ ചെറുതായി solid food introduce ചെയ്തതു കൊണ്ട് ചിലപ്പോള്‍ 3 കുപ്പി മതിയാകാറുണ്ട്. രാവിലേയും ഉച്ചക്കുമായി രണ്ട് തവണ പമ്പ് ചെയ്താല്‍ ഇത്രയും കിട്ടും. ഫ്രീസറില്‍ നിന്നെടുത്ത് 5 മിനിറ്റ് സാധാരണ അന്തരീക്ഷത്തില്‍ വെച്ച ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ (40°C ഒക്കെ തന്നെ കാണും) കുപ്പി ഇറക്കി വെച്ച് നനുത്ത ചൂടാവുമ്പോള്‍ ആണ്‌ കൊടുക്കുന്നത്.

    വൈദ്യുതിയില്‍, അല്ലെങ്കില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പമ്പിന്‌ വില കൂടുതലാണ്‌. ഇവിടെ ലൈഫ്സ്റ്റൈല്‍, കിഡ്സ് കെമ്പ് പോലുള്ള സ്ഥലങ്ങളില്‍ 4000 to 9000+ റേഞ്ചില്‍ കിട്ടും. കൈ കൊണ്ട് പവര്‍ത്തിപ്പിക്കുന്ന പമ്പ് 700 രൂപ മുതല്‍ 2000 രൂപ വരെയാകും. തുടക്കത്തില്‍ പരീക്ഷണമെന്ന നിലയില്‍ മാനുവല്‍ പമ്പ് വാങ്ങി ഞാന്‍. ഇത് എത്രത്തോളം പ്രാവര്‍ത്തികമാകും എന്നറിയില്ലല്ലോ. പിന്നീട് മറ്റ് പല അമ്മമാരോടും അഭിപ്രായം ചോദിച്ച ശേഷം Avent ആണ്‌ ഞാന്‍ സെലെക്റ്റ് ചെയ്തത്‌.

    ഇവിടെ എന്റെ ഓഫീസിലും, എന്റെ കൂട്ടുകാരും ഒരുപാട് പേര്‍ പമ്പ് ഉപയോഗിക്കുന്നുണ്ട്.

    ReplyDelete
  17. പല പുതിയ അമ്മമാരും കുഞ്ഞിനു മുല കൊടുക്കാന്‍ വിമുഖത കാണിക്കുന്നത് മുലയൂട്ടിയാല്‍ തങ്ങളുടെ സ്തനങ്ങള്‍ക്ക് കാര്യമായ ‘ഇടിവ് ‘ തട്ടുമോ എന്ന ഭയന്നിട്ടാണ്.
    മുലയൂട്ടുന്ന ചില അമ്മമാര്‍ തങ്ങളുടെ മുലകള്‍ തൂങ്ങിപ്പോയതിനു മുലയൂട്ടലിനെ പഴിക്കുന്നത് കേട്ടുവളരുന്ന പുത്തന്‍ അമ്മമാരായിരിക്കുമിവര്‍ :)
    “അയ്യോ കുഞ്ഞിനു പാലു കൊടുത്തു ഞങ്ങളുടെ മുലകള്‍ തൂങ്ങിയേ, ഒന്ന് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ശരിയാക്കിത്തരണേ“ എന്ന പരിദേവനങ്ങളുമായി ഒത്തിരി അമ്മമാര്‍ കെന്റക്കി യൂ‍ണിവേഴ്‌സിറ്റി പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കിലെ പ്ലാസ്‌റ്റിക് സര്‍ജന്‍ ഡോ.ബ്രയാന്‍ ഡി റിങ്കറിനെ സമീപിക്കുമായിരുന്നു. ഇതെല്ലാം കേട്ടു കേട്ടു ഡോക്റ്റര്‍ എന്നാല്‍ ഒരു പഠനം തന്നെ അങ്ങ് നടത്തിക്കളയാം എന്നു തീരുമാനിച്ചു.

    1998 മുതല്‍ 2006 വരെ ക്ലിനിക്കില്‍ സ്തനസ്മബന്ധമായ പ്രശ്നങ്ങളുമായി വന്ന 132 സ്ത്രീകളെ ഡോക്റ്റര്‍ ഇന്റര്‍വ്യൂ ചെയ്തു. ഓരോ സ്ത്രീയുടെയും വയസ്സ്, BMI (ബൊഡി മാസ്സ് ഇന്‍ഡക്സ്) , ഗര്‍ഭധാരണത്തിനു മുമ്പ് ബ്രാ കപ്പിന്റെ അളവ്, മുലയൂട്ടല്‍ ചരിത്രം, ഗര്‍ഭകാലത്തെ ശരീര ഭാര വ്യതിയാനങ്ങള്‍, പുകവലി ശീലം എന്നിവയെല്ലാം ഗവേഷകര്‍ രേഖപ്പെടുത്തി.

    ഈ 132 സ്ത്രീകളില്‍ 93 പേര്‍ പലതവണ ഗര്‍ഭം ധരിച്ചവരായിരുന്നു. 54 പേര്‍ മാത്രമായിരുന്നു കുഞ്ഞിനു മുലയൂട്ടിയത്. അവരുടെ ശരാശരി പ്രായം 41 ആയിരുന്നു. മുലയൂട്ടാത്ത 37 വയസ്സുകാരില്‍ കണ്ടത്ര വ്യത്യാസങ്ങള്‍ ഇക്കൂട്ടരുടെ സ്തനങ്ങള്‍ക്ക് ഇല്ലായിരുന്നുവത്രേ. 51 പേര്‍ പറഞ്ഞത് ഗര്‍ഭകാലത്ത് തങ്ങളുടെ സ്തനങ്ങള്‍ക്ക് വ്യതിയാനം സംഭവിച്ചു എന്നാണ്.
    ഡോ.റിങ്കര്‍ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ 2007 ഒക്റ്റോബറില്‍ "The Effect of Breastfeeding upon Breast Aesthetics" എന്ന പേരില്‍ അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പ്ലാസ്റ്റിക് സര്‍ജന്‍സ് വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ചു. ആ റിപ്പോര്‍ട്ട് പര്യവസാനിക്കുന്നത് മുലയൂട്ടല്‍ ഒരിക്കലും സ്തനം തൂങ്ങലിനു (breast ptosis) കാരണമാകുന്നില്ല എന്നു പറഞ്ഞു കൊണ്ടാണ്. ഗര്‍ഭകാലത്തെ ചില ശാരീരിക വ്യതിയാനങ്ങളും അനവധി ഗര്‍ഭധാരണങ്ങളും സ്തനങ്ങളുടെ ഭംഗി നഷ്‌‌ടപെടുത്തുന്നു എന്ന അദ്ദേഹം പറയുന്നു. കൂടാതെ പ്രായം, പുകവലി എന്നിവയും സ്തനങ്ങള്‍ തൂങ്ങാന്‍ കാരണമാകുന്നു. പ്രായവും പുകവലിയും ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്‌ടപ്പെടുത്തുന്നു.

    ഡോ.റിങ്കറുടെ പഠനങ്ങള്‍ ചൂണ്ടിക്കാട്ടി UNICEF ഉം ലോകാരോഗ്യസംഘടനയും മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കുന്നു.

    അമ്മമാരേ മുലയൂട്ടുവിന്‍, നിങ്ങള്‍ക്ക് നഷ്‌ടപ്പെടാന്‍ ഒന്നുമില്ല, കുഞ്ഞിന്റെ അനാരോഗ്യമല്ലാതെ.

    ReplyDelete
  18. കണ്ണൂസ് പറഞ്ഞത് ഞാനും കേട്ടിട്ടുണ്ട്,പക്ഷെ എനിക്കനുഭവമില്ല.ബ്രസ്റ്റിന്റെ അതേ ആകൃതിയില്‍ ചെറിയ നിപ്പിളോട് കൂടിയതും ഇപ്പോള്‍ ലഭ്യമാണ്.കുപ്പി കുടിക്കുന്നതിനാല്‍ പല്ല് പൊന്തുന്നതില്‍ നിന്നും ഇത്തരം നിപ്പിളുകള്‍ സം‌രക്ഷണമേകും

    മധുരം കൂടുതലുള്ള മറ്റ് പാലുകള്‍ കുടിക്കുന്ന കുഞ്ഞുങ്ങളും മുലപ്പാലിനോട് വിമുഖത കാണിച്ചേക്കാം.

    ReplyDelete
  19. വളരെ പരോപകാരവും ജനോപകാരവുമുള്ള പോസ്റ്റ്!
    എണ്ണാന്‍ പറ്റാത്ത കയ്യടിയും.

    ദുബായിലെ ഒരു മുന്തിയഫാര്‍മസിയില്‍ ഇമ്മാതിരി സാധനങ്ങള്‍ വിവരിച്ചുകൊടുക്കുകയും വില്‍ക്കുകയും ചെയ്യുന്ന പരിചയത്തിനുപുറമേ,ഈ 13-ആം തീയതി ഒരു മകം പിറന്ന മങ്കയുടെ അപ്പനാവാന്‍ സാധിച്ച സന്തോഷം ഉള്ളിലുള്ളതുകൊണ്ടും ഈ പോസ്റ്റിനോട് ഒരു ആക്രാന്തം അനുഭവപ്പെട്ടു!

    എന്റെ അനുഭവത്തില്‍(ഫാര്‍മസിയിലെ) ഇപ്പോള്‍ ജോലിയുള്ള ഒട്ടുമിക്കസ്ത്രീജനങ്ങളും ഇത്തരം പമ്പുകള്‍ ഉപയോഗിക്കുന്നുണ്ട്.

    കൈപ്പള്ളി പറഞ്ഞ രണ്ടു പമ്പുകളുടെ ബ്രാന്റുകള്‍ മാത്രമല്ല(വിലയിലും ഗുണത്തിലും ഇവ രണ്ടും മുന്നില്‍ തന്നെ!) Pigeon പോലുള്ള സാധാരണക്കാരന്റെ പോക്കറ്റിനുചേര്‍ന്നവയും ഉണ്ട്.

    തമ്മില്‍ ഭേദം അവെന്റ് ആണ്.അമ്മുടെ വിഖ്യാതമായ ഫിലിപ്സ് കമ്പനിയാണ് ഇവയും നിര്‍മ്മിക്കുന്നത്!ഇതിന്റെ മുന്തിയ മോഡലിന് സ്തനത്തിന്റെ വലുപ്പത്തിനനുസരിച്ച് പമ്പുചെയ്യേണ്ടവിധം ഓര്‍ത്തുവക്കാന്‍ പോലും കഴിയും.ആദ്യം മാനുവല്‍ ആയി അഞ്ചുവട്ടം നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ആവശ്യമായ സ്പീഡില്‍ പമ്പുചെയ്താല്‍ ബാക്കി അതേ വിധത്തില്‍/സ്പീഡില്‍ ആട്ടോമാറ്റിക്കായി പമ്പുചെയ്യാന്‍ ഇതിനുകഴിയും.

    മെഡെല(കൈപ്പള്ളിയുടെ ഫ്രിഡ്ജിലിരിക്കുന്നത്) സ്റ്റെറി-കവറുകളും, അവേന്റ് ബ്രാന്റ് സ്റ്റെറി-കപ്പുകളും നല്‍കുന്നു.ഈ കപ്പിന്റെ അടപ്പുകള്‍ അഞ്ചുപ്രാവശ്യം വരെ പുനരുപയോഗം ചെയ്യാവുന്നതാണ്!കഴുകിയല്ല;സ്റ്റെറിലൈസ് ചെയ്ത്!

    ഇതില്‍ പറയാത്ത ഒരു പ്രശ്നം പലപ്പോഴും അമ്മമാരെ അലട്ടാറുണ്ട്..മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞ് മുലയൂട്ടാന്‍ ബുദ്ധിമുട്ടാകുന്ന അവസ്ഥ.നാട്ടില്‍ ഇത് കൈകൊണ്ട് ഞെരടിയും വലിച്ചും അമ്മമാരെ വേദനിപ്പിക്കുന്ന രീതിയാണ്.ഒടുവില്‍ നടന്നില്ലെങ്കില്‍ കുഞ്ഞിന് പാലുകിട്ടാത്തഗതികേടും!

    അവെന്റിന്റെ niplette എന്നൊരു ചെറീയ പ്രോഡക്റ്റ് ഇതിനൊരു പരിഹാരമാണ്.വേദനയില്ലാതെ ഇന്‍‌വേര്‍ട്ടഡ് നിപ്പിള്‍ വലിച്ചെടുക്കാന്‍ ഇത് ഉപകരിക്കും!

    അതുപോലെ മുലയൂട്ടുന്നതിനിടക്കോ മറ്റോ മുലക്കണ്ണിനുപറ്റുന്ന ക്ഷതങ്ങളോ മുറിവുകളോ അമ്മമാര്‍ക്ക് വേദനയുണ്ടാക്കും.അതിന് bepanthene,purelan(medela) തുടങ്ങിയ ലേപനങ്ങളുപയോഗിക്കുകയും നിപ്പിള്‍ ഷീല്‍ഡെന്ന ഒരു ചെറിയ സാധനം ഉപയോഗിക്കുകയും ആവാം.നിപ്പിള്‍ ഷീല്‍ഡ് വച്ചുകൊണ്ടും ഇത്തരം ക്രീമുകള്‍ പുരട്ടിക്കൊണ്ടും മുലയൂട്ടാന്‍ തടസമില്ല കേട്ടോ?!

    പണ്ടത്തെപ്പോലെ ഏതെങ്കിലും ഒരു നിപ്പിളും കുപ്പിയും എന്ന രീതി മാറ്റാം.കാരണം മുലയുടെ നൈസര്‍ഗികവും പ്രകൃതിദത്തവുമായ രൂപവും ആസ്വാദ്യതയും(കുഞ്ഞിന്) പകരുന്നതരം വലിപ്പം കൂടിയ സാധനങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്.അവ കുഞ്ഞിന്റെ പല്ലിന്റെ ഘടനതെറ്റാതിരിക്കാന്‍ പോലും സഹായിക്കും.

    ഇവയെല്ലാം തന്നെ ഉഷാറായി സ്റ്റെറിലൈസുചെയ്തില്ലെങ്കില്‍ ഓറല്‍ കാന്‍ഡിഡിയാസിസ് പോലുള്ള അണുബാധകള്‍ കുഞ്ഞിനുവന്നേക്കാം.അതും ശ്രദ്ധിക്കുക!

    ReplyDelete
  20. “ഭാരതീയ സംസ്കാരത്തില്‍ സ്ത്രീയുടെ വയറും മുലകളും വസ്ത്രധാരണ രീതിയില്‍ പ്രത്യേകിച്ച് എടുത്തു കാണിക്കുന്നതിന്റെ കാരണം അവളുടെ മാതൃത്വത്തെ പ്രകടിപ്പിക്കാനാണു്. പൊക്കിള്‍ പ്രദര്‍ശിപ്പിക്കുന്നതും അതിനാണു്. പുരുഷന്മാരെ അവന്‍ വന്ന വഴി ഓര്‍മ്മിപ്പിക്കുകയാണ്”
    ഇത് വായിച്ചു അഭീ.. :)
    ഭാഗ്യം!! പൊക്കിള്‍ കൊണ്ട് വഴി ഓര്‍മ്മിപ്പിക്കല്‍ നിര്‍ത്തിയത് സനാതനസംസ്കാരം ചെയ്ത വലിയ ഉപകാരവും!!

    ReplyDelete
  21. കണ്ണൂസ്.
    ഞാന്‍ മനസിലാക്കിയത്:
    കുപ്പിയില്‍ നിന്നും കുടിക്കുന്നതിനേക്കാള്‍ സന്തോഷം മുലപ്പാല്‍ കുടിക്കുന്നതില്‍ തന്നെയാണു്.

    ReplyDelete
  22. പ്രിയയുമായി ചര്‍ച്ച ചെയതതിനു ശേഷം ചില തിരുത്തലുകള്‍.

    ഒരു ദിവസം ശരാശരി 120mlന്റെ മൂന്നു bottle pump ചെയ്യാറുണ്ട്. മായ ഇപ്പോള്‍ നാലു ബോട്ടില്‍ (600ml) കുടിക്കും.

    ReplyDelete
  23. ഹരിയണ്ണാ, കൊട് കൈ ! തകര്‍പ്പന്‍ കമന്റ് :)

    മുമ്പൊക്കെ മാറു മറക്കാത്ത ഈ മാതാക്കളെയാരുന്നല്ലോ ഇല്ലെ നമ്പൂരാരെല്ലാം ‘സം’ ബന്ധം ചെയ്തിരുന്നത് ഈശ്വരാ! ഈഡിപ്പസും നാണിച്ചു കാണും :)

    ReplyDelete
  24. ഇതാണ്‌ ശരിയായ വിവരവിനിമയം. കണ്ടില്ലേ, ബീക്കുട്ടി കൂടി ഓടി വന്നു വിവരങ്ങള്‍ പൂര്‍ണ്ണമാക്കാന്‍.

    നന്ദി. ബാക്കിയുള്ള സംശയങ്ങള്‍ വഴിയേ വരും. കൈപ്പള്ളി, ബീക്കുട്ടി, വല്യമ്മായി, ഹരിയണ്ണന്‍ കമന്റുകള്‍ ട്രാക്ക് ചെയ്യുക. :)

    ReplyDelete
  25. പാലൂട്ടാന്‍ സ്വന്തമായി മുലയില്ലാത്ത എനിക്ക് ഈ വിഷയത്തില്‍ നേരിട്ടുള്ള അനുഭവം ഇല്ല. മായ മോള്‍ ഒരു ദിവസം കുടിക്കുന്ന പാലിന്റെ അളവു പോലും തെറ്റിച്ചെഴുതയപ്പോള്‍ തന്നെ അത് നിങ്ങള്‍ മനസിലാക്കിക്കാണും.

    ഈ വിഷയം അവതരിപ്പിച്ചതിന്റെ ഉദ്ദേശം മുലയൂട്ടിട്ടുള്ള സഹോദരിമാര്‍ മുന്നോട്ട് വന്ന് അവരുടെ അനുഭങ്ങള്‍ പങ്കു വെക്കും എന്നുതന്നെയായിരുന്നു. ബിര്യാണികുട്ടിയും, വല്യമ്മായിയും, ചന്ദ്രകാന്തം മുന്നോട്ട് വന്ന് വിശതമായി തന്നെ വിവരിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഞാന്‍ കരുതിയതിനേക്കാള്‍ നല്ല പ്രതികരണം ലഭിച്ചു . എനിക്ക് അറിയാത്ത പല കര്യങ്ങളും ചൂണ്ടിക്കാണിച്ച Ziyaക്കും നന്ദി പറയട്ടെ. Aventന്റെ ഗുണമേന്മകളെ പറ്റി പറഞ്ഞു തന്ന ഹരിയണ്ണനും പ്രത്യേക നന്ദി.

    ReplyDelete
  26. ഹരിയണ്ണാ, ശരിയാ ... :-)

    എനിക്കും മനസ്സില്‍ ‍തോന്നിയ വരിയാണ് താങ്കളുടെ രണ്ടാമത്തെ കമന്റിന്റെ അവസാന വാചകമായി എഴുതിയത്. :-)

    ഓഫ് ടോപ്പിക്കേ: കൈപ്പള്ളീ, ഈ ലിങ്ക് ഓഫീസിലെ ഡിഫ്രന്റ് ഡിപ്പാര്‍ട്ട്മെന്റസിലെ മലയാളി ലേഡീ സ്റ്റാഫുകള്‍ക്കയച്ചിരുന്നു. എന്റെ മെയില്‍ ബോക്സില്‍ ഇപ്പോള്‍ ‘തേങ്ക്സുകള്‍’ വന്നുകൊണ്ടിരിക്കുന്നു.

    ബാക്ക് ഓഫീസിലെ ചിത്രചേച്ചി പറഞ്ഞു: ‘ആറു മാസം മുന്‍പ് ലിങ്ക് അയച്ചുതരാമായിരുന്നില്ലേടാ.......’
    (അതെന്താണാവോ! നാളെ ചോദിക്കണം)

    വേറൊരുത്തി: ‘നല്ല ആര്‍ട്ടിക്കിള്‍. രണ്ടാമത്തെ അഭിപ്രായം ചിരിപ്പിച്ചു. പവര്‍കട്ട് ഇഷ്യു.’

    HR ലെ ഒരു മഹതി: ‘നന്നായിട്ടുണ്ട്. ഇങ്ങനത്തെ വല്ലതും അയച്ചാമതി. ഇനി സര്‍ദാര്‍ജോക്ക്സ്ന്നും പറഞ്ഞ് വളിപ്പ് ഫോര്‍വേഡ് ചെയ്താല്‍ വിവരമറിയും!’

    IT യിലെ ഒരു മഹാനുഭാവ: ‘ങും..ങും.. എന്തൊരിണ്ട്രസ്റ്റാ അവന് പെണ്ണുങ്ങളുടെ കാര്യങ്ങളറിയാന്‍!’

    ലേഡീസിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഡീസന്റായിരുന്നു. ബട്ട്,

    അകൌണ്ട്സിലെ ഒരു മഹാന് (മഹാന്‍ പോലും, വൃത്തികെട്ടവന്‍, കശ്മലന്‍) ലിങ്ക് കൊടുത്തപ്പോ എനിക്ക് കിട്ടേണ്ടത് കിട്ടി! കിട്ടിയതും വാങ്ങി ഞാനിതാ യാത്രയാവുകയാണ്...

    പുള്ളി പറഞ്ഞത്:

    “ആരുടെയോ ***, ആരുടെയോ പാല്, ആരുടെയോ കുട്ടി, ആരുടെയോ ഫ്രിഡ്ജ്.. നീയെന്തിനാടാ പുല്ലേ അതും നോക്കിയിരിക്കുന്നത്? വയസ്സ് കുറേയായല്ലോ.. പോയ് പെണ്ണ്കെട്ടടാ.. എന്നിട്ട് അനുഭവങ്ങള്‍ പറ. അല്ലതെ അവിടെ വായിച്ചു ഇവിടെ വായിച്ചു എന്നൊക്കെ പറയാനേ നിന്നെകൊണ്ടൊക്കെ പറ്റൂ, കിളവാ! ഒനോട് എന്റെ പിസിയില്‍ ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്തുതരാന്‍ പറഞ്ഞിട്ട് മൂന്ന് ദിവസമായി! സമയമില്ലാന്നും പറഞ്ഞ് നടക്കുന്നു. ആളുകളെ ‘മുലയൂട്ടലിന്റെ സാങ്കേതിക വശങ്ങള്‍‘ പഠിപ്പിക്കാന്‍ നിനക്ക് സമയമുണ്ട് അല്ലേടാ..? വച്ചിട്ടുണ്ട് ഞാന്‍..”

    ഇതി വാര്‍ത്താഹഃ

    ReplyDelete
  27. ഭാര്യയ്ക്കു് പ്രത്യേകിച്ചു് ഉദ്യോഗമൊന്നും ഇല്ലാത്തതു കൊണ്ടു് ഇമ്മാതിരി പ്രശ്നമൊന്നും നേരിടേണ്ടി വന്നില്ല. എന്തരെങ്കിലും പറയാമെന്നു വച്ചാല്‍...

    ലൈംഗീകമായ താല്പര്യം, ശീലം കൊണ്ടു് പല സാധനങ്ങളിലായി മനുഷ്യന്‍ കാലാകാലങ്ങളില്‍ നിക്ഷേപിച്ചു വച്ചിട്ടുണ്ടു്. പുരുഷന്റെ കാര്യമാണെങ്കില്‍, കൌമാരപ്രായത്തിലെ ചലിക്കാത്ത ചിത്രങ്ങളില്‍ നിന്നും ചലിക്കുന്ന ചിത്രങ്ങളിലേക്കും സാഹചര്യമനുസരിച്ചു് ഓരോ ഭാഗങ്ങളിലേക്കും ചിലപ്പോള്‍ പുരുഷന്‍മാരില്‍ തന്നെയും നിക്ഷേപിച്ചു്, പിന്നെ അവയെ പ്രാപിച്ചു് സായൂജ്യമടയാറുണ്ടു്. എന്നാല്‍ സ്തനങ്ങളിലും ഊരുക്കളിലും ഒക്കെ നിക്ഷേപിക്കപ്പെടുന്നതു് ഭൂരിപക്ഷമായി വരികയും അതിനനുസരിച്ചു് സ്ത്രീകള്‍ അവകളെ ആകര്‍ഷകമാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നിടത്താണു് സ്തനസൌന്ദര്യം എന്ന അബദ്ധം ജനിക്കുന്നതു്.

    ഉപജീവനമെന്ന പേരില്‍പോലും നൈസര്‍ഗ്ഗികമായ ആഹാരവും മരുന്നുമായ മുലപ്പാല്‍ കുഞ്ഞിനു തടയാനൊരാള്‍ക്കും അവകാശമില്ല. പിന്നെയാണോ ഒരബദ്ധത്തിന്റെ പേരില്‍?

    ഓ ടോ. കൈപ്പള്ളിയെ ഇങ്ങനെ കാണുന്നതില്‍ സന്തോഷം.

    ReplyDelete
  28. കണ്ണൂസ്,

    നിപ്പിളിന്റെ കാര്യം പ്രത്യേകം ചോദിക്കാന്‍ കാരണമുണ്ട്. നിപ്പിള്‍ ഫീഡ് ചെയ്ത കുട്ടി, പിന്നീട് മുലയില്‍ നിന്ന് നേരിട്ട് പാല്‍ കുടിക്കാന്‍ മടി കാണിക്കുമെന്ന് ഡോക്റ്റര്‍മാര്‍ തന്നെ പറഞ്ഞിരുന്നു. ശരിയാണോ?

    ഞങ്ങളുടെ അനുഭവത്തില്‍ ശരിയാണ്. ഞങ്ങളുടെ രണ്ടാമത്തെ കുട്ടി(അച്ചു) ഉണ്ടായപ്പോള്‍ ഈ പറഞ്ഞപോലെ പമ്പ് വാങ്ങിയിരുന്നു. കുറച്ച് ദിവസമേ ഉപയോഗിച്ചുള്ളു എന്നതാണ് വാസ്തവം. ഒന്നാമതായി ഭാര്യയുടെ ഓഫീസ് അന്ന് ഫ്ലാറ്റിനടുത്ത് തന്നെ ആയിരുന്നു. ഉച്ചക്ക് വീട്ടില്‍ വരാനുള്ള സമയം ഉണ്ടായിരുന്നു. പക്ഷേ കുപ്പിയില്‍ എടുത്ത് വച്ചിരിക്കുന്ന പാല്‍ കുടിച്ച് കഴിഞ്ഞാല്‍ മുല വലിച്ച് കുടിക്കാന്‍ അവന് ഭയങ്കര മടിയായിരുന്നു. കാരണം സിമ്പിള്‍. അവിടെ അഞ്ചു വലി വലിക്കുന്ന ക്വാണ്ടിറ്റി ഒരു വലിക്ക് കുപ്പിയില്‍ നിന്ന് കിട്ടും.

    പിന്നെ പിന്നെ അവന് മുലപ്പാല്‍ തന്നെ പഥ്യമില്ലാതെ ആയി. അതിനു കാരണം ഞങ്ങള്‍ തന്നെ. ഇടക്ക് പൊടി കലക്കി കൊടുത്തു. അത് കൂടുതല്‍ ഇഷ്ടമായി എന്ന് തോന്നുന്നു. പാവം അതിനാല്‍ വളരെ കുറച്ചേ മുലപ്പാല്‍ കുടിച്ചിട്ടുള്ളു. വലിയ മോന്‍ മൂന്ന് വയസ്സു വരെ കുടിച്ചിരുന്നു. ആര്‍ക്കാണ് ആരോഗ്യം കൂടുതല്‍ എന്ന് ഒരു കമ്പാരിസണ്‍ സ്റ്റഡി നടത്തണമെങ്കില്‍ കുറച്ചു നാള്‍ കൂടി കഴിയണം.

    ഓ.ടോ
    ഹരിയണ്ണാ... അഭിനന്ദനങ്ങള്‍. ഇപ്പോഴാണ് അറിഞ്ഞത്.

    ReplyDelete
  29. അല്പം വില കൂടുതലാണെങ്കിലും കഴിയുമെങ്കില്‍ ഓട്ടോമാറ്റിക്ക് ബ്രെസ്റ്റ് പമ്പ് തന്നെ വാങ്ങിക്കാന്‍ ശ്രദ്ധിക്കണം. മാനുവല്‍ പമ്പ് ചെയ്ത് ഉള്ള ആരോഗ്യം കൂടി പോവും. മാത്രമല്ല, നന്നായി പാല്‍ വലിച്ചെടുക്കാനൊക്കെ മാന്വല്‍ പമ്പില്‍ മിക്ക സ്ത്രീകള്‍ക്കും ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് ആദ്യത്തെ രണ്ട് മൂന്ന് മാസങ്ങള്‍ കഴിഞ്ഞാല്‍.

    (യു.എസില്‍/യു.കെയില്‍ ബ്രെസ്റ്റ് പമ്പ് ഈസ് വെരി കോമണ്‍ ആസ് എ ഫീഡിങ്ങ് ബോട്ടില്‍. അതുകൊണ്ട് നല്ല ചോയ്സും ഉണ്ട്, പൊതുവേ വിലയും കുറവാ‍ണെന്ന് കേട്ടിട്ടുണ്ട്. എഫ്.ഡി.എ അപ്പ്രൂവ്ഡ് പമ്പാണോ എന്ന് നോക്കാന്‍ അവരുടെ സൈറ്റില്‍ സൌകര്യമുണ്ട്)

    കുഞ്ഞിനുള്ള ഗുണങ്ങള്‍ മാറ്റിനിറുത്തിയാലും ബ്രെസ്റ്റ് ഫീഡിങ്ങ് സ്ത്രീകളെ ബ്രെസ്റ്റ് ക്യാന്‍സറില്‍ നിന്ന് ഒരളവു വരെ സംരക്ഷിക്കുമെന്ന് ഒരുപാട് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

    ഒരു ചെറിയ ഓഫ്:
    (സ്തന സൌന്ദര്യം കൊണ്ട് മുലപ്പാല്‍ കൊടുക്കാത്തവര്‍ തുലോം കുറവാ‍ണ്, പക്ഷെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം മുലപ്പാല്‍ കൊടുക്കാന്‍ കഴിയാത്ത ഒരുപാട് സ്ത്രീകളുണ്ട്. അതില്‍ സ്ത്രീകള്‍ക്ക് ഗില്‍റ്റി തോന്നേണ്ട കാര്യമില്ല. )

    ReplyDelete
  30. കൈപ്പള്ളി..
    നല്ലൊരു പോസ്റ്റ്..വളരെയധികം ഉപകാരപ്പെടുന്നത്.

    എന്റെ ചിലപ്പൊരുത്തക്കേടുകള്‍

    നാലുമാസത്തേക്ക് അമ്മിഞ്ഞപ്പാല്‍ ശേഖരിച്ച് വച്ചിരിക്കുന്നതില്‍ ഒരു ശരിയില്ലായ്മ തോന്നുന്നു. സത്യം എനിക്ക് ഇതില്‍ ഒരു അതി ബുദ്ധിയുടെ ലക്ഷണം കാണുന്നു.. ഒന്നോ രണ്ടൊ ദിവസത്തേക്ക് സൂക്ഷിച്ചിച്ചു വയ്ക്കുന്നതല്ലെ ഉചിതം( ബിരിയാണിക്കുട്ടിയുടെ അഭിപ്രായവും നോക്കൂ)

    ഒരു ഫ്രീസറില്‍ ഏതൊരു സാധനവും അധികകാലം ഇരുന്നാല്‍ അതിന്റെ ഒര്‍ജിനാലിറ്റി നഷ്ടപ്പെടും.

    ReplyDelete
  31. മുലപ്പാല്‍ എപ്പോഴാണു് നിലക്കുന്നത് എന്നൊരു ആശംഖ ഉള്ളപ്പോള്‍ കിട്ടാവുന്നത്ര പാല്‍ ശേഖരിക്കാനാണു് ഇങ്ങനെ ചെയ്യുന്നത്.

    deep ഫ്രീസറില്‍ പാല്‍ ശേഖരിക്കുന്നത് മൂലം ഒരു ദോഷവും ഇല്ല എന്നാണു് അനുഭവം.

    ReplyDelete
  32. കുഞ്ഞന്‍
    ഫ്രീസറും. deep ഫ്രീസറും രണ്ടും വിത്യാസമുണ്ട്. ഇന്ന് നാം ഭക്ഷിക്കുന്ന് 70% ഭക്ഷണ വസ്തുക്കളും ഒരു തവണ എങ്കിലും deep freezerല്‍ ഇരിന്നുട്ടുള്ളതായിരിക്കും.

    ReplyDelete
  33. മൂന്ന് തരം ഫ്രീസിങ്ങ് ഉണ്ട്

    1. എപ്പോഴും തുറക്കുന്ന് റെഫ്രിജറേറ്ററിനുള്ളിലെ ഫ്രീസര്‍ ആണെങ്കില്‍ , ഒന്നോ ഒന്നര ആഴ്ചയാണ് ബ്രെസ്റ്റ് മില്‍ക് ചീത്തയാവാതെ സൂക്ഷിക്കുന്ന മാക്സിമം കാലാവധി.
    2. മറിച്ച് ഫ്രീസര്‍ സെപരേറ്റ് ഡോര്‍ ആണ് ഫ്രിഡ്ജിന്റെ എങ്കില്‍, അല്ലെങ്കില്‍ സെപരേറ്റ് എന്റിറ്റി പോലെയാണെങ്കില്‍ അപ്റ്റു മൂന്ന് മാസമാ‍ണ്.
    3. ഡീപ് ഫ്രീസര്‍ ആണെങ്കില്‍, അതായത് ഫ്രിഡ്ജ് പോലെ തന്നെ ഫ്രീസര്‍ മാത്രമായതാണ്, പാല് മാത്രം സ്റ്റോറ് ചെയ്യാനുള്ളതാണെങ്കില്‍ ആ‍റ് മാസം വരെ സൂക്ഷിക്കാം എന്നാണ്.

    ഫ്രീസറിന്റെ ടേമ്പറേച്ചറുകള്‍ വ്യതിയാനം വരാതെ സൂക്ഷിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്.

    പക്ഷെ ഫ്രെഷ് ഫ്രെഷ് തന്നെയാണ്. മിക്കവരും 24 മണിക്കൂറിനുള്ളതേ സൂക്ഷിക്കാറുള്ളൂ. കാരണം എന്നും വലിക്കാണെങ്കില്‍ പാല് തീര്‍ന്നു പോകാനുള്ള സാധ്യത കുറവാവും.

    ReplyDelete
  34. Breast pumps are supplied free when mothers leave hospitals, a practise in vogue for many years here in the US. (I am an aagOLavalkkaraNa mooTuthaangngi mooraachchi amErikkan). If needed Lactation Clinics would help. Mother's Groups and similar help groups provide instructions. Leaving your baby at the baby sitter's place along with pumped milk has been here for years.(That is right, our condescending mentality).

    Breast pump may not work for some mothers, could be the trigger to the brain is not proper in them since neuronal signaling also is involved.

    Mammary gland, salivary gland and sweat gland are dermal glands which may have a common origin evolutionarily. Milk is not 'enriched' or 'glorified' sweat. Production and secretion of milk and sweat have distinct mechanisms and pathways. Regulating sweat by sprays may not influence milk production.
    Some Monotremes (platypus, spiny ant eater) which do not have mammary glands secrete a kind of "milk" through their sweat glands.This could be considered 'fatty sweat'.

    So, no sweat for milk!

    ReplyDelete
  35. വിജ്ഞാനപ്രഥമായ ലേഖനം...

    ലിങ്ക് ഫേവറേറ്റിലേക്ക് തള്ളിയിട്ടുണ്ട്..ഭാവി കണക്കിലെടുത്ത് :)

    ReplyDelete
  36. ലോകത്തിന്ന് ലഭ്യമാകുന്ന കളങ്കമേതുമില്ലാത്ത ഏക അന്നം അമ്മിഞ്ഞ പാലാണ് എന്നുള്ളതില്‍ സംശയമൊന്നുമില്ല തന്നെ. അവകാശപ്പെട്ട അന്നം അവകാശിക്ക് നല്‍കാതെ അവരവരുടെ ഭൌതിക ജീവിതത്തിന് നിറപ്പകിട്ടേകാന്‍ ശ്രമിക്കുന്നവര്‍ വാഴുന്ന ഇക്കാലത്ത് ജന്മാവകാശം ആവോളം ആസ്വാദിക്കാന്‍ അവസരം കിട്ടിയ മായകുട്ടിക്ക് സര്‍വ്വ മംഗളങ്ങളും. ഒപ്പം ഔദ്യോതിക ജീവിതത്തിന്റെ തിരക്കിനിടയിലും മാതൃത്വത്തിന്റെ മഹനീയത കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്ന മാതാവിനും മംഗളങ്ങള്‍.


    അമ്മിഞ്ഞ പാലിനോടുള്ള നമ്മുടെ സമീപനം തിരുത്തപ്പെടേണ്ടുന്നതുണ്ട്. അമൃത് എന്നൊന്ന് പുരാണങ്ങളില്‍ നിന്നും കേട്ടിട്ടുണ്ട്. പക്ഷേ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. അതുകൊണ്ട് തന്നെ അമൃത് ഒരു മിത്താണ്. ആ മിത്തിന്റെ തനി സ്വരൂപം തന്നെയാണ് അമ്മിഞ്ഞപാല്‍. നുണഞ്ഞിറക്കുന്ന കുഞ്ഞും ചുരത്തുന്ന അമ്മയും അനുഭവിക്കുന്ന സായൂജ്യത്തിനും സാഫല്യത്തിനും ഒപ്പം വെക്കാന്‍ ലൊകത്ത് മറ്റെന്തെങ്കിലും ഉണ്ടാകുമെന്ന് കരുതാന്‍ വയ്യ.

    സ്വന്തം കുഞ്ഞിന്റെ കുടിക്ക് ശേഷവും പാല്‍ ബാക്കിയാകുന്ന അമ്മമാര്‍ അമ്മിഞ്ഞ പാല്‍ അന്യമാകുന്ന കുട്ടികള്‍ക്കായി ദാനം ചെയ്യണം. ഉല്പാദനവും ഉപഭോഗവും ഒരേ സമയത്ത് നടക്കുന്ന ഒരു പ്രകൃയയാണ് അമ്മിഞ്ഞ പാലിന്റെ കാര്യത്തില്‍ നടക്കുന്നത് എങ്കില്‍ അന്യ കുട്ടികള്‍ക്കായി അമ്മിഞ്ഞ പാല്‍ ചുരത്താന്‍ അമ്മമാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാം. പക്ഷേ സൂക്ഷിച്ച് വെച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഈ അമൂല്യ ഭക്ഷണം എന്ന തിരിച്ചറിവ് ചെറിയ ആശ്വാസമല്ല നല്‍കുന്നത്.
    ജനനത്തോടെ അമ്മയെ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക്, ജനിതകമായ തകരാറുകളാല്‍ അമ്മിഞ്ഞ ചുരത്താന്‍ കഴിയാത്ത നിസ്സഹായരായ അമ്മമാരുടെ ശിശുക്കള്‍ക്ക്, സ്വന്തം കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ കഴിയാത്ത മാനസ്സിക വൈകല്യങ്ങളില്‍ പെട്ടു പോയ അമ്മമരുടെ മുലപ്പാല്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് ഒക്കെ ഇങ്ങിനെ ബാക്കിയാകുന്ന പാല്‍ അനുഗ്രഹമാകണം.


    വിധി വൈപിര്യത്താല്‍ പിറവിയോടെ കുട്ടിയെ നഷ്ടപ്പെട്ടു പോകുന്ന അമ്മമാരുടെ അമ്മിഞ്ഞ പാലും കുട്ടിയുടെ ആവശ്യത്തിന് ശേഷവും ബാക്കിയാകുന്ന പാലും ഒക്കെ ശേഖരിച്ച് കേടു കൂടാതെ സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവീധാനങ്ങള്‍ നമ്മുടെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അമ്മിഞ്ഞ പാലിന്റെ മഹത്വം തിരിച്ചറിഞ്ഞ് അത് ഉപയോഗ ശൂന്യമാകുന്നതിനെ തടയാന്‍ നമ്മുക്ക് കഴിയണം. ഒരിടത്ത് ആവശ്യത്തിലധികം ഉള്ളത് മറ്റൊരിടത്ത് അത്യാവശ്യത്തിന് പോലും ലഭ്യമാകാത്ത ജീവിത സാഹചര്യത്തില്‍ അമ്മിഞ്ഞ പാലും ആ പ്രകൃയയയില്‍ നിന്നും വിഭിന്നമല്ല. അധികമായിടത്ത് നിന്നും ശേഖരിച്ച് ആവശ്യമായിടത്ത് വിതരണം ചെയ്യപ്പെടേണ്ട വസ്തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രാണജലം തന്നെയാണ് അമ്മിഞ്ഞപ്പാല്‍.

    ജീവിതത്തില്‍ നിന്നും ലഭിച്ച അറിവുകള്‍ പങ്കുവെക്കാന്‍ കാട്ടിയ നല്ല മനസ്സിന് കൈപ്പള്ളിക്ക് അഭിനന്ദനങ്ങള്‍!

    ReplyDelete
  37. പണ്ട് തിരു.ജില്ലാ കളക്ടറും മികച്ച തമാശക്കാരനുമായിരുന്ന സനലണ്ണന്‍ പണ്ട് സാക്ഷരതാക്ലാസിലെ ഒരു ചോദ്യം സ്മരിച്ചത് ഞാനും സ്മരിക്കുന്നു :)

    ചോദ്യം:“ഈ മുലപ്പാലും കുപ്പിപ്പാലും തമ്മിലുള്ള വ്യത്യാസങ്ങളെന്തൊക്കെയാണെന്ന് ആര്‍ക്കെങ്കിലും ഒന്നെണീറ്റുപറയാമോ?!”
    സാറിന്റെ ചോദ്യം വന്ന് അല്പം കഴിഞ്ഞപ്പോ ഒരമ്മച്ചി പാലുകൊടുത്തുതളര്‍ന്നമുലകളുടെ അഭിമാനത്തോടെ എണീറ്റു.
    “അത് സാറേ! കുപ്പിയാവുമ്പം താഴേങ്ങാനും വീണാ പൊട്ടി പാലുതൂവിപ്പോവും! മൊലപ്പാലാവുമ്പം അങ്ങനെവരൂല്ലല്ലാ!!” :)

    അമ്മമാര്‍ക്ക് പ്രയോജനകരമായേക്കാവുന്ന ഒരു വിവരസാങ്കേതികവിദ്യകൂടി പറയാനാണ് ഈ കൊച്ചുവെളുപ്പാങ്കാലത്ത് ഇങ്ങോട്ട് വന്നത്!
    :)
    കുഞ്ഞിനെ മുലയൂട്ടുമ്പോള്‍(പൊട്ടുന്നകുപ്പിയിലായാലും അല്ലെങ്കിലും!) അക്കാലത്ത് ഉപയ്യോഗിക്കാന്‍ പാടില്ലാത്ത ഒട്ടേറെ മരുന്നുകളുണ്ട്.
    പല ജലദോഷമരുന്നുകളും പൊതുഅസുഖമരുന്നുകളും ഒക്കെ ഗര്‍ഭകാലത്തിലേതുപോലെ മുലയൂട്ടല്‍ കാലത്തും വര്‍ജ്ജിക്കണം!വിശദമായി ഏതാകാം ഏതായിക്കൂടാ എന്നൊക്കെ ആവശ്യക്കാര്‍ വരുന്നതനുസരിച്ച് പറയാം.

    എന്നാല്‍ പെറ്റുകഴിഞ്ഞ് ഉടനേതന്നെ ഗര്‍ഭനിരോധനത്തിനു വഴിയന്വേഷിച്ച് ഗുളികകളെ ശരണം പ്രാപിക്കുന്നവര്‍ക്ക് ഒരു (നിയമപ്രകാരമുള്ള) മുന്നറിയിപ്പ്!!
    ഏതെങ്കിലും ഒരെണ്ണം;അല്ലെങ്കില്‍ മുമ്പ് വാങ്ങിത്തിന്നിരുന്ന കമ്പനീടെ അതേ സാധനം ഒക്കെ ആരോടും മിണ്ടാതെ(നാണം വന്നിട്ടായിരിക്കും) വാങ്ങിത്തിന്നരുത്!
    പാലൂട്ടുന്നസമയത്ത് പ്രൊജസ്ട്രോണ്‍ വകുപ്പിലെ ഹോര്‍മോണ്‍ മാത്രമുള്ള ഗര്‍ഭനിരോധന ഗുളികകളേ ഉപയോഗിക്കാവൂ..
    ഇപ്പോള്‍ യു.എ.ഇ.യില്‍ ആകെ ഒരൊറ്റ ബ്രാന്റേ അതിനുപറ്റിയതുള്ളൂ!
    സെറാസെറ്റ്(CERACETTE)എന്നാണതിന്റെ പേര്!
    ഓര്‍മ്മയിരിക്കട്ടെ!!
    :)

    ReplyDelete
  38. അഞ്ചല്‍..
    “വിധി വൈപരീത്യത്താല്‍ പിറവിയോടെ കുട്ടിയെ നഷ്ടപ്പെട്ടു പോകുന്ന അമ്മമാരുടെ അമ്മിഞ്ഞ പാലും കുട്ടിയുടെ ആവശ്യത്തിന് ശേഷവും ബാക്കിയാകുന്ന പാലും ഒക്കെ ശേഖരിച്ച് കേടു കൂടാതെ സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍...”
    കൊള്ളാം.സദുദ്ദേശമാണ്!
    പക്ഷേ കുഞ്ഞുനഷ്ടപ്പെട്ട വേദനയിലിരിക്കുന്ന ഒരമ്മയോട് മുലപ്പാലുദാനം ചെയ്യാന്‍ എങ്ങനെ പറയും?! വേദനയോടെ ചുരത്തുന്നത് ചോരമയമായേക്കാം..!!

    ReplyDelete
  39. എതിരന്‍ കുതരവന്‍
    I never said milk is sweat or, milk is glorified sweat glands. "രൂപാന്തരം പ്രാപിച്ച" എന്ന് എഴുതിയത് ശ്രദ്ദിച്ചില്ലെ. Milk ducts are the result of an evolutionary process, that began as sweat glands. As you have rightly pointed out in the duck-billed platypus, one of the few mammal without mammary glands.

    American guru please read carefully . I said antiperspirant sprays inhibit the production of milk, not the contrary.

    ReplyDelete
  40. ഇതിന്റെ പേരില്‍ ഒരു തിരുത്ത്‌ വേണം--
    മുലയൂട്ടല്ല- പാലൂട്ട്‌ എന്നാക്കു.
    കൈപ്പള്ളി ഇപ്പറഞ്ഞതൊക്കെ ശിവാജി ഗണേശന്‍
    പണ്ട്‌ പാടി അഭിനയിച്ചിരുന്നു...

    "പാലൂട്ടി വളര്‍ത്തക്കിളി
    പയം കൊടുത്ത്‌ വളര്‍ത്തക്കിളി
    നാന്‍ വളര്‍ത്തും മായക്കിളി
    നാളേയ്‌ വരും കൈപ്പള്ളിക്ക്‌
    എന്നമ്മ്മ്മ്മാാ
    മുലയൂട്ടമ്മ്മാാാ...."

    എമ്പ്ലോയ്ഡ്‌ പേരന്റ്സിന്‌ വളരെ ഉപകാരപ്രദമായ ലേഖനം എന്നത്‌
    എന്റ്‌ ഓണ്‍ സബ്ജക്റ്റ്‌ കമന്റ്‌.

    ReplyDelete
  41. വിയര്‍പ്പ് രൂപാന്തരം പ്രാപിച്ചതാണോ മുലപ്പാല്‍? ആദ്യം വിയര്‍പ്പ് ഉണ്ടായിട്ട് അത് പാല്‍ ആയി മാറുകയാണോ? മുലപ്പാല്‍ നിര്‍മ്മാണം ഒരു സങ്കീര്‍ണപ്രക്രിയ അല്ലേ?
    (ഓഫീസില്‍ മലയാളം എഴുതാന്‍ പറ്റുകയില്ല. അതാണ് ഇംഗ്ലീഷില്‍ എഴുതിയത്. നേരേ ചൊവ്വേ ഇംഗ്ലീഷ് എഴുതാന്‍ ഒട്ട് അറിയത്തുമില്ല. അതുകൊണ്ടാണ് 'enriched' 'glorified' എന്നൊക്കെ വാക്കുകള്‍ വന്നു കയറിയത്).

    ആ‍ാന്റിപെഴ്സ്പിരന്റ് സ്പ്രേ മുലപ്പാല്‍ നിര്‍മ്മാണം കുറയ്ക്കും എന്ന് പരീക്ഷണങ്ങളില്‍ നിന്നും തെളിഞ്ഞിട്ടുണ്ടോ?

    ( ചുമ്മാ ഒരു ചോദ്യം:അങ്ങോട്ടും ഒരു ഗുരു വിളിയ്ക്ക് സ്വാതന്ത്ര്യം തന്നിരിക്കയാണോ?)

    ReplyDelete
  42. ബ്രെസ്റ്റ് പമ്പ് സംഗതി ഒരു ഫ്ലോപ്പായി ആണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. ട്രൈ ചെയ്യാന്‍ ആദ്യം മാനുവല്‍ വാങ്ങി, പിന്നെ ഓട്ടോമാറ്റിക്കും. ബ്രാന്റ് നുക്ക് ആണ് വാങ്ങിയത്. അവന്റിന്റെ വേറൊരു സാധനം ഉപയോഗിച്ചിഷ്ടപ്പെട്ടില്ലാഞ്ഞത് കൊണ്ട് അത് ഒഴിവാക്കി. പ്രശ്നം എന്താച്ചാല്‍ അച്യുതന്‍ കുപ്പിയില്‍ നിന്ന് കുടിക്കുകയേയില്ല. നിപ്പിള്‍ വായില്‍ വെച്ചാല്‍ അപ്പോള്‍ തുപ്പും! മുലയൂട്ടിയാല്‍ മാത്രേ ചെക്കന്‍ കുടിക്കൂ. പ്ലാസ്റ്റിക് വിരോധിയാണെന്ന് തോന്നുന്നു-ഒരു പാസിഫൈയര്‍ പോലും എടുത്ത് ‍ വെച്ചു കൊടുത്താല്‍ ഉടന്‍ കൈ കൊണ്ട് എടുത്തിട്ടത് വലിച്ചെറിയും! ആള് തനി നാടനാണെന്ന് തോന്നുന്നു.
    മുലയൂട്ടുന്നതിന്റെ ഒരു ഗുണം, അവന് അസുഖമായി ഹോസ്പിറ്റലില്‍ അഡ്മിറ്റായപ്പോള്‍ ഫ്രീ ആയി പ്രൈവറ്റ് മുറി തന്നു. മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രോത്സാഹനമായുള്ള പോളിസി ആണത്രേ.

    കൈപ്പള്ളീ നല്ല പോസ്റ്റ്.
    (കുട്ടികളുള്ളവര്‍ക്ക് ഞാന്‍ ഭയങ്കരായി റെക്കമെന്റ് ചെയ്യുന്ന ഒരു സാധനമാണ് ബേബി മോണിട്ടര്‍. പ്രത്യേകിച്ച് കുട്ടിയുടെ അടുത്ത് എപ്പോളും ഇരിക്കാന്‍ സാധിക്കാത്തവര്‍ക്ക്-കുഞ്ഞ് ഉറങ്ങുമ്പോഴും മറ്റും.അതിനെപ്പറ്റി എഴുതാമോ?)

    ReplyDelete
  43. വിഞ്ജാനപ്രദമായ ഒരു ലേഖനം.

    എല്ലാ അമ്മമാരിലേക്കും എത്തപെടേണ്ട ലേഖനം.

    ഞങ്ങളുടെ മൂത്ത മകള്‍ മൂന്ന് വയസ്സ് വരെ മുലകുടിച്ചിരുന്നു. രണ്ടാമത്തവള്‍ ഒരു വയസ്സായപ്പോള്‍ തന്നെ മുലകുടിക്കാതെയായി,പകരം കുപ്പി പാലിനോട് ഭ്രമം കയറി. ഇപ്പോ മൂന്ന് വയസ്സാകാറായിട്ടും കുപ്പിപാല്‍ നിര്‍ബന്ധം. പാല്‍ മാത്രമല്ല, കുപ്പിയിലാണെങ്കില്‍, ചായയും, കാപ്പിയും ഒക്കെ കുടിക്കും.

    പാല്പൊടിക്കൊക്കെ എന്താ വില! 23-24 ദിര്‍ഹമുണ്ടായിരുന്ന ബേബി ലാക്കിനൊക്കെ ഇപ്പോള്‍ 35-38 ദിര്‍ഹംസായി! മുലപ്പാല്‍ തന്നെ എല്ലാം കൊണ്ടും മിച്ചം. ആരോഗ്യപരമായും, സാ‍മ്പത്തികമായും :)

    ReplyDelete
  44. ഉപകാരപ്രദമായ നല്ല ലേഖനം. പരിചയമുള്ള ചില കുടുംബങ്ങള്‍ക്ക് ഞാന്‍ ഇതിന്റെ കോപ്പി അയയ്ക്കുന്നുണ്ട്. :)

    ReplyDelete
  45. യ്യൊ...

    കോപ്പി വിത്ത് ഡ്യൂ അക്ക്നോളജ്മെന്റ്സ്... എന്നെ കൊല്ലാന്‍ വരണ്ട :))

    ReplyDelete
  46. വളരെ ഉപകാരപ്രദം കൈപ്പള്ളി.

    ഈ നാല് മാസത്തേയ്ക്കുള്ളത് ശേഖരിച്ചു വെയ്ക്കണോന്ന് ഒരു ശങ്ക എനിക്കും ഉണ്ട്.

    ReplyDelete
  47. Breast pump നെക്കുറിച്ച് ആദ്യമായാണു കേള്‍ക്കുന്നത്. പിന്നെ വിയര്‍പ്പില്‍ നിന്നാണ് മുലപ്പാല്‍ ഉണ്ടാകുന്നതെന്നതും പുതിയ അറിവു തന്നെ
    വിശദമായി ഈ അറിവു പങ്കുവെച്ചതിനു കൈപ്പളിക്ക് നന്ദി

    ReplyDelete
  48. ഇപ്പോള്‍ ലഭ്യമായിട്ടുള്ള ആന്റീ പെര്‍സ്പിരന്റുകള്‍(കക്ഷത്തുനിന്നുമുള്ള വിയര്‍പ്പിനെ കുറക്കാനുള്ള സാധനം)മിക്കതും അമോണിയാ അല്ലെങ്കില്‍ അതുപോലെ ഏതെങ്കിലും ഒക്കെ കലര്‍ന്നതാണ്.ഇതിലെ അമോണിയാ വിയര്‍പ്പിലെ പ്രോട്ടീന്‍ ഘടകങ്ങളുമായിച്ചേര്‍ന്ന് ഒരു ജല്‍ രൂപത്തിലാവും.ഈ സാധനം വിയര്‍പ്പ് തടയുകയല്ല;വിയര്‍പ്പിനെ കുറക്കുകയാണ് ചെയ്യാറ്!
    ഇതില്‍ അമോണിയാ ഉള്ള ആന്റീ പെര്‍സ്പിരന്റുകള്‍ ബ്രെസ്റ്റ് കാന്‍സറിനുകാരണമാകുമെന്ന് പല പഠനങ്ങളിലും കാണുന്നുണ്ടെങ്കിലും ഇന്നും നിരോധിക്കപ്പെട്ടവയല്ല!
    ഇനി അമോണിയ ഇല്ലാത്തവ ചോദിച്ചു വാങ്ങൂ.
    പക്ഷേ,ഇവ പാലുല്പാദനം കുറക്കുന്നതായി വ്യക്തമായ പഠനങ്ങളൊന്നും കണ്ടിട്ടില്ല.അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ അതിന്റെ ഒരു ലിങ്ക് ഇടൂ കൈപ്സ്!!

    മുലപ്പാല്‍ കൂട്ടാന്‍ “ബ്രിവേഴ്സ് ഈസ്റ്റ്” എന്ന തികച്ചും നാചുറലായ സാധനം ഗുളികരൂപത്തില്‍ കിട്ടുന്നത് വാങ്ങി സേവിക്കുക;അല്ലെങ്കില്‍ അതേ ഗണത്തില്‍ പെടുന്നതരം “ബ്രെസ്റ്റ് മില്‍ക് ടീ” കളും കിട്ടുന്നുണ്ട്!

    ReplyDelete
  49. അമ്പതടിച്ചിട്ട് കുറേ നാളായി.

    എപ്പോളും 30 അല്ലെങ്കില്‍ 60 ആയാണു അടിക്കാറ്.

    സംഭം ഓടോ ആയാലും ഈ പോസ്റ്റ് ലൈവ് ആയി നിക്കണ്ടേ.

    ReplyDelete
  50. അസ്സല്‍ ലേഖനം കൈപ്പള്ളീ, മുലപ്പാല്‍ ക്രോസ് കണ്ടാമിനേറ്റ് ചെയ്യാതെ സൂക്ഷിക്കാനുള്ള നടപടികള്‍ കൂടി വിശദമായി പറഞ്ഞാല്‍ നന്നായിരുന്നു.

    എല്ലാ അമ്മമാരോടും,

    നിങ്ങള്‍ കുഞ്ഞിനു ബീയര്‍ കൊടുക്കുമോ? സിഗററ്റ്? കറുപ്പ്? പിന്നെന്തിനു പശുവിന്‍പാല്‍ കൊടുക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ?
    ഉത്തരവും ഞാന്‍ തന്നെ പറയാം. പാല്‍ക്കുപ്പിയില്‍ പാല്‍ ആരോഗ്യത്തിനു ഹാനികരം എന്ന് മുന്നറിയിപ്പില്ല. പശുവിന്റെ പാല്‍ എന്തൊക്കെയോ കുട്ടിക്ക് കൊടുക്കുമെന്ന് പരസ്യങ്ങളിലും പല ഡോക്ടര്‍മാരുടെ ഉപദേശത്തിലും കേള്‍ക്കുകയും ചെയ്യും.

    ഓരോ ജന്തുവിന്റെയും പാല്‍ ഓരോ രീതിയിലാണ്‌. എലിയുടെ പാല്‍ മനുഷ്യന്റേതിലും പ്രോട്ടീനും ഹോര്‍മോണുകളും കൂടുതല്‍ അടങ്ങിയതാണ്‌, കാരണം എലിക്കുഞ്ഞ് ആറുമാസത്തില്‍ മുതിര്‍ന്ന എലി ആകണം. മനുഷ്യക്കുഞ്ഞിന്റെ വളര്‍ച്ച പത്തു പതിനേഴു കൊല്ലമാണ്‌. പശുവിന്‍ പാല്‍ കുട്ടി രണ്ടു വയസ്സില്‍ നാനൂറു കിലോ തൂക്കത്തില്‍ വളരാനുള്ള രീതിയില്‍ നിര്‍മ്മിച്ചതാണ്‌.

    മിഥ്യ ഒന്ന്:
    പശുവിന്‍ പാലിലെ കാത്സ്യം കുട്ടിയുടെ എല്ലുകളെ ബലപ്പെടുത്തും
    സത്യം- പശുവിന്‍ പാല്‌ കോര്‍ട്ടിസോള്‍ പ്രൊഡക്ഷനെ നാശകോശമാക്കുകയും ഓസ്റ്റിയോപോറോസിസ് പോലെ മാരകമായ എല്ലുരോഗങ്ങള്‍ ഉണ്ടാക്കുകയും മനുഷ്യനില്‍ ചെയ്യും. പാല്‍ കുടി ശീലമില്ലാത്ത നാടുകളില്‍ ആളുകള്‍ക്ക് എല്ലുരോഗങ്ങള്‍ തീരെക്കുറവാണ്‌

    മിഥ്യ രണ്ട്:
    പശവിന്‍ പാല്‍ പ്രോട്ടീനുകള്‍ ആരോഗ്യത്തിനു നല്ലതാണ്‌

    സത്യം- പശുവിന്‍ പാല്‍ കുട്ടികളില്‍ ചുമ, ശ്വാസം മുട്ടല്‍ ലാക്റ്റോസ് ഇന്‍‌ടോളറന്‍സ് എന്നിവയുണ്ടാക്കും. പാലുത്പന്നങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ ഹൃദ്രോഗം, ടൈപ്പ് ഒന്ന് പ്രമേഹം, (പലതരം) ക്യാന്‍സര്‍, സൈനസൈറ്റിസ്, ക്രോണ്‍സ്, ചെവിപഴുപ്പ്, സന്ധിവാതം, എക്സിമ എന്നിവ പതിന്മടങ്ങ് കൂടുതലാണ്‌. പാല്‍ കഴിക്കാത്തവരില്‍ പ്രോട്ടീന്‍ കുറവൊന്നും കാണാറില്ല.

    മിഥ്യ മൂന്ന്: വളര്‍ച്ചയ്ക്കും അംഗവടിവിനും ബുദ്ധിശക്തിക്കും പശുവിന്‍ പാല്‍ നല്ലതാണ്‌.
    സത്യം- സ്പോര്‍ട്ട്സ് താരങ്ങള്‍, ഗായകര്‍, നടീനടന്മാര്‍ , മോഡലുകള്‍, ഗവേഷകര്‍ തത്വചിന്തകര്‍ തുടങ്ങി നൂറുകണക്കിനു പ്രതിഭകളെ പാലോ ജന്തുനജ്യംനായ യാതൊന്നുമോ കഴിക്കാത്തവരഅയി കാണിച്ചു തരാം (ഐസക്ക് ന്യൂട്ടണ്‍, ബ്രാഡ് പിറ്റ്, ജാമി ലീ കര്‍ട്ടിസ്, മൈക്കിള്‍ ബോള്‍ട്ടണ്‍/ ജാക്സന്‍, മാക്‍ഡോഗള്‍, ഒളിവിയ ന്യൂട്ടണ്‍ ജോണ്‍, ട്രേസി ചാപ്പ് മാന്‍, ബ്രയന്‍ ആഡംസ്, ഏഞ്ജല ബസ്സെറ്റ്, അബ്രഹാം ലിങ്കണ്‍, അലിഷ്യ സില്‍‌വര്‍സ്റ്റോണ്‍, ബില്‍ ഗോള്‍ഡ്ബെര്‍ഗ്....)

    പശുവിന്‍ പാലിലെ ഹോര്‍മോണുകള്‍ മനുഷ്യന്റെ ശാരീരികസന്തുലിതാവസ്ഥയെ താളം തെറ്റിച്ച് രോഗിയാക്കുന്നു. പശുവന് പാലും മഹാസനാതനവ്യാധിയായ പ്രമേഹം-ഒന്നുമായി അടുത്ത ബന്ധമുണ്ട്

    മിഥ്യ നാല്‌:
    അയ്യായിരത്തിലധികം വര്‍ഷമായി പാല്‍ നമ്മുടെ ഭക്ഷണത്തിലുണ്ട്, അതുകൊണ്ട് അത് അനുവദനീയമെന്ന് വിശ്വസിക്കാം. വേദങ്ങളിലും ആയുര്‍‌വേദത്തിലും പാലിനെപ്പറ്റി പറയുന്നുണ്ട്.
    സത്യം:
    ഇത്രയും വര്‍ഷമായി പുകയിലയും മദ്യവും കഞ്ചാവും നമുക്കൊപ്പമുണ്ട്. ഇതിനെക്കുറിച്ചെല്ലാം ആയുര്‍‌വേദത്തില്‍ പറയുന്നുമുണ്ട്.

    കുട്ടിക്ക് എന്തു കൊടുക്കണം?
    അഞ്ചര മാസത്തോളം മുലപ്പാല്‍ ധാരാളം മതി.
    ശേഷം പഞ്ഞപ്പുല്ല്, ഏത്തക്കാ കുറുക്ക് എന്നിവ മുലപ്പാലുപയോഗിച്ചും പച്ചക്കറി, പഴം സ്റ്റ്രേയിനുകളും മുലപ്പാലിനൊപ്പം കൊടുക്കാം

    രണ്ടുവയസ്സോടെ കുട്ടി പൂര്‍ണ്ണമായും നമ്മുടെ ചോറും കറികളും കഴിക്കാന്‍ പ്രാപ്തനാകും. അവനു ധാരാളം പച്ചക്കറികള്‍, വെറുതേ കടിച്ചു തിന്നാന്‍ പഴങ്ങള്‍, ഇടയ്ക്കൊക്കെ ചെറിയ മീനുകള്‍ (മുള്ളു കളഞ്ഞ് തോരനാക്കാം, കറി വച്ച് മുള്ളെടുത്ത് കളഞ്ഞ് കൊടുക്കാം) എന്നിവ ധാരാളം മതി. പശുവിന്‍പാല്‍, ബീഫ്, പോര്‍ക്ക്, ട്രാന്‍സ് ഫാറ്റ് ചേരുന്ന ഭക്ഷണം എന്നിവ കൊടുക്കാതെ ഇരിക്കുക. കുട്ടി സ്കൂളില്‍ പോയി തുടങ്ങുമ്പോള്‍ കഴിയുന്നതും സോഫ്റ്റ് ഡ്രിങ്കുകള്‍, ഫാസ്റ്റ് ഫുഡുകള്‍ എന്നിവ വാങ്ങുന്നതില്‍ നിന്നും അതിനെ നിരുത്സാഹപ്പെടുത്തുക.


    പശുവിന്‍‌ പാല്‍ അപകടകാരിയാണ്‌. ഫോര്‍മുലപ്പാലു പോലും കുട്ടിക്ക് അത്യാവശ്യമല്ല

    [പാലില്‍ ഗവേഷിക്കുന്നവര്‍ക്ക് ഇതുപോലെ ലിങ്കുകള്‍ തന്ന് സഹായിക്കാം (ഡോ. മാക്‌ഡോഗള്‍ അമേരിക്കയുടെ ആസ്ഥാന നുട്രീഷനിസ്റ്റും (ബുഷിനു മുന്നേ വരെ) പ്രസിഡന്റുമാരുടെ ഡയറ്റ് അഡ്വൈസറും സര്വ്വോപരി ലക്ഷങ്ങളുടെ സനാതനവ്യാധികര്‍ തീര്‍ത്തുകൊടുക്കുന്ന ഭിഷഗ്വരനുമാണ്‌.

    http://www.nealhendrickson.com/mcdougall/030400pudairyproductsfalsepromises.htm ]

    ReplyDelete
  51. വളരെ പ്രസക്തമായ പോസ്റ്റ്.എത്രകാലം വരെ മുലയൂട്ടണമെന്ന ഒരു സംശയത്തിന് എവിടെയും തൃപ്തികരമായ ഉത്തരം കിട്ടിയില്ല. ഞങ്ങളുടെ ഡോക്ടര്‍ പറഞ്ഞത് ഒന്നര വയസ്സിനുശേഷം നിര്‍ത്തണമെന്നാണ്. കാരണം മുലകുടി കാരണം മറ്റു ഭക്ഷണങ്ങളുടെ ഇന്‍ ടേക്ക് കുറയ്ക്കുകയും ഒന്നരവയസ്സിന് ശേഷം കുട്ടിയുടെ വളര്‍ച്ചക്കാവശ്യമായ പല ഘടകങ്ങളും മുലപാലില്‍ നിന്നും മാത്രം ലഭിക്കില്ല എന്നതുമാണ് ഡോക്ടറുടെ അഭിപ്രായം. ഇതിനെക്കുറിച്ച് കുറേ തിരഞ്ഞെങ്കിലും വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് കണ്ടത്. വിവരമുള്ളവര്‍ എന്റെ സംശയം ദൂരികരിക്കുമല്ലോ?

    ReplyDelete
  52. ദസ്തക്കിര്‍
    കുട്ടി പാൽ കുടിക്കുന്ന കാലം വരെ മുലപ്പാൽ കൊടുക്കണം. ഒരു വയസെന്നോ നാലു വയസെന്നോ ഇല്ല. മുലയൂട്ടൽ നിർത്തണം എന്ന് പറയുന്ന ഡോക്ടരിൻ വിവരമില്ല എന്ന് ഞാൻ പറയും.

    ReplyDelete
  53. ദസ്തക്കിര്‍,

    അമേരിക്കന്‍ പീഡിയാട്രിക്ക് അസ്സോസിയേഷന്‍ പറയുന്നത്, ആറ് മാസം വരെ മുലപ്പാല്‍ മാത്രവും അത് കഴിഞ്ഞാല്‍ മുലപ്പാലും മറ്റു സോളിഡ് ആഹാരവും കൊടുത്തു തുടങ്ങാമെന്നാണ് ഒരു കൊല്ലം വരെ. ഒരു കൊല്ലം കഴിഞ്ഞാല്‍ കുട്ടിയ്ക്ക് മുലപ്പാലില്‍ നിന്നു മാത്രം അത്യാവശ്യമായ പോഷാകാ‍ഹാരങ്ങള്‍ ലഭിക്കില്ല.
    മൂന്നോ നാലോ വയസ്സ് വരെ കുട്ടിക്ക് മുലപ്പാല്‍ കൊടുത്താല്‍ പിന്നെ ആ ശീലം നിറുത്താന്‍ കുട്ടിക്ക് കൂടുതല്‍ ഇമോഷണല്‍ പ്രശ്നങ്ങളുണ്ടാക്കും, അതുകൊണ്ടാണ് മിക്കവരും ഒന്നോ ഒന്നരോ വയസ്സിലോ നിറുത്തുന്നത് ഓര്‍മ്മ അധികം ഉറയ്ക്കും മുന്നേ. പിന്നെയത് പാലിന്റെ ആവശ്യതയേക്കാളും ഇമോഷണല്‍ അറ്റാച്ചമെന്റായി മാറും. ആദ്യത്തെ കുട്ടിയൊക്കെ ആണെങ്കില്‍ അത് വളരെ ബുദ്ധിമുട്ടുണ്ടാക്കും. ഒന്നര വയസ്സിനു ശേഷം മുലപ്പാല്‍ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. മുലപ്പാല്‍ ആദ്യം കൊടുക്കുന്നത് പ്രധാനമായും കുട്ടികളുടെ ഇമ്മ്യൂണിറ്റിയ്ക്കാണ്.
    മാത്രമല്ല അമ്മമാരുടെ ആരോഗ്യവും നോക്കണം. ഈ വലിച്ചെടുക്കുന്ന കാത്സ്യം എല്ലാം അമ്മമാരുടെ എല്ലില്‍ നിന്നു നഷ്ടപ്പെടുന്നവയാണെന്നും ഓര്‍ക്കണം. 5% വരെ ബോണ്‍ ലോസ്സാണ് അമ്മമാര്‍ക്ക് മുലയൂട്ടുമ്പോള്‍. മുലയൂട്ടല്‍ നിറുത്തി ആറ് മാസത്തിനുള്ളിലാണ് ഈ നഷ്ടം റിക്കവറാവുക.

    ReplyDelete
  54. Inji Pennu.
    I do agree with most of your comment. However, it is also important to remember that breastfeeding should not be stopped for the wrong reasons.

    Most children do stop breastfeeding within the first 2 years of age. In rare case they may continue to an additional two years.

    Forcible disruption of breastfeeding at any age can certainly be traumatic for the baby. The mother may also experience Breast engorgement that may progress to other infections.

    There are plenty of ill informed inexperienced paediatricians out there giving poor advice to young mothers on these matters. Therefore it is vital to do our own research on these matters.



    O.T.
    sorry for the English post, in the process of re-writing keyman keymap

    ReplyDelete
  55. ഒരു കാര്യം കൂടി പറഞ്ഞോട്ടേ

    മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ നമ്മുടെ നാടന്‍ ബലികറുകയേക്കാള്‍ കേമന്‍ ആരുണ്ട്? ഒരു സൈഡിഫക്റ്റും ഉണ്ടാവുകയുമില്ല. മുറ്റമില്ലാത്തവര്‍ക്ക് കുറച്ചു ചെടിച്ചട്ടിയില്‍ വെച്ചു പിടിപ്പിച്ചാല്‍ മതിയാവും. മിക്സിയിലോ അല്ലെങ്കില്‍ കല്ലിലോ ലേശം വെളളം ചേര്‍ത്തരച്ച് നീര് പിഴിഞ്ഞ് സേവിച്ചാല്‍ മതി.

    ReplyDelete
  56. ഇഞ്ചിപ്പെണ്ണ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഏറെക്കുറേ ഞങ്ങളുടെ ഡോക്ടറും പറഞ്ഞത്. നിര്‍ബന്ധിച്ച് പാല്‍കുടി നിര്‍ത്തിപ്പിക്കണം എന്നൊന്നും പറഞ്ഞില്ല. പാല്‍കുടി നിര്‍ത്തിയ ശേഷം മകള്‍ മറ്റു ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇവിടെ സൂചിപ്പിക്കാതിരുന്ന മറ്റൊരു കാര്യം കൂടുതല്‍ കാലം മുലപ്പാല്‍ കുടിക്കുന്ന കുട്ടികളില്‍ ടൂത്ത് ഡീകേയുടെ സാധ്യത കൂടുമെന്നതാണ്. ഈ വിവരങ്ങള്‍ ഈ പുസ്തകത്തില്‍ ഉണ്ട്. ചാപ്റ്റര്‍ 1, പേജ് 38.
    http://www.amazon.com/gp/reader/0894809946/ref=sib_dp_pt#reader-link

    ReplyDelete
  57. കൈപ്പള്ളീ, വളരെ ഉപകാരപ്രദമായ പോസ്റ്റ്‌. നന്ദി! ഉപകാരപ്രദമായ ചർച്ചയും. ഇത്‌ എല്ലാവരും വായിക്കട്ടെ.

    ReplyDelete
  58. നന്ദി കൈപ്.....
    ഉപകാരപ്രദമായ പോസ്റ്റ്....

    ReplyDelete
  59. ഇപ്പോഴെങ്കിലും ഈ പോസ്റ്റ് വായിക്കാൻ പറ്റിയത് ഭാഗ്യം. ഒരു പുതിയ അറിവ് പകർന്ന് തന്നതിന് നന്ദി കൈപ്‌സ്.

    ReplyDelete
  60. ++++++++++++++.....
    പ്ലസ്സീന്ന് വന്ന് കമന്റ്ന്ന് ട്ടാ :)

    ReplyDelete
  61. വളരെ നല്ല പോസ്റ്റ്‌ കൈപ്പള്ളീ... വൈകിയെങ്കിലും വിവാഹിതനാകും മുമ്പ് ഇതേ പറ്റിയുള്ള മിഥ്യാധാരണകള്‍ അകറ്റാന്‍ ഈ പോസ്റ്റും പോസ്റ്റിലെ കമന്‍റുകളും സഹായിച്ചു. താങ്ക്സ്.

    ReplyDelete
  62. നല്ല പോസ്റ്റ്‌.. താങ്ക്സ് കൈപ്സ് :)

    ReplyDelete
  63. നല്ല ഉപയോഗപ്രദമായ പോസ്റ്റ് ..ഇന്നാണ് കണ്ടത് .

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..