Sunday, May 04, 2008

പുതിയ സാമ്രാജ്യങ്ങള്‍.

ലോക ശക്തി അഥവാ super power എന്ന് ഞാന്‍ കരുതുന്നത്: ഒരു രാജ്യം എടുക്കുന്ന തീരുമാനങ്ങള്‍ ലോകത്തുള്ള മറ്റെല്ലാ രാജ്യങ്ങളിലും എങ്ങനെ പ്രതിഫലിക്കുന്നു എന്നുള്ളതാണു്. കഴിഞ്ഞ 50 വര്‍ഷം അമേരിക്കയും റഷ്യയും ഈ പട്ടികയില്‍ പെട്ടിരുന്നു. സൈനിക ശക്തിയില്‍ ഇന്നും അമേരിക്കയും റഷ്യയും മുന്നിലാണു്. പക്ഷെ സൈനിക ശക്തികൊണ്ടു മാത്രം ഒരു രാജ്യം ആഗോള ശക്തിയായി അംഗീകരിക്കപ്പെടുന്നില്ല.

റഷ്യ എടുക്കുന്ന തീരുമാനങ്ങള്‍ ഇന്ന് ലോകത്തിലുള്ള മറ്റ് CISനു പുറത്തുള്ള രാജ്യങ്ങളെ ഒരു വിധത്തിലും ബാധിക്കുന്നില്ല. ഇന്ത്യയും ജപ്പാനും എടുക്കുന്ന തീരുമാനങ്ങള്‍ പോലും ആരെയും കാര്യമായി ബാധിക്കുന്നില്ല. പക്ഷെ ചൈനയുടെ തീരുമാനങ്ങള്‍ ലോകത്തെ മുഴുവന്‍ ബാധിക്കുന്നു. ഇവിടെയാണു് ചൈനയുടെ അന്താരഷ്ട്ര സ്വാധീനവും ശക്തിയും തെളിയുന്നത്. ചൈന സൈനിക ശക്തി പ്രത്യക്ഷത്തില്‍ പ്രകടിപ്പിക്കുന്നില്ല. അതും അവരുടെ പ്രധാനപ്പെട്ട നയങ്ങളില്‍ ഒന്നാണു്. പക്ഷെ അവരുടെ സാമ്പത്തിക ശക്തിയില്‍ ആര്‍ക്കും സംശയമില്ല. ചൈനയുടെ നയങ്ങള്‍ ആഫ്രിക്കയിലും, അമേരിക്കയിലും, റഷ്യയിലും ഇന്ത്യയിലും ശ്രദ്ധേയമായ സാമ്പത്തിക ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ചൈന സാമ്പത്തിക സഹായം നല്‍കി സഹായിക്കുന്ന അനേകം ആഫ്രിക്കന്‍ രാജ്യങ്ങളുണ്ട്. പ്രതിഫലമായി അവര്‍ ആ രാജ്യങ്ങളുടെ ഭൂസമ്പത്തും, ധാതുപദാര്‍ത്ഥങ്ങളും അടങ്കലോടെ കൊണ്ടുപോകും എന്നത് വേറെ കാര്യം.

ഇന്നത്തെ യൂറോപ്പും ആധുനിക ആഗോള വന്‍ ശക്തികളുടെ പട്ടികയില്‍ പെടുത്താം. ഇന്ന് യൂറോപ്പ് മൊത്തത്തില്‍ ഒരു രാജ്യത്തിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ നടപ്പാക്കുന്ന തീരുമാനങ്ങള്‍ പല രാജ്യങ്ങളുടെ നയങ്ങളേയും സ്വാധീനിക്കുന്നു. അവര്‍ ലോകത്തിലെ പ്രധാന സാമ്പതിക കേന്ദ്രവുമാണ്.

പക്ഷെ, 18ആം നൂറ്റാണ്ടില്‍ കണ്ടതുപോലുള്ള ഒരു പുതിയ സാമ്രാജ്യ സംസ്കാരം അല്ല ഇപ്പോള്‍ കണ്ടുവരുന്നത്. കാരണം അന്നുണ്ടായ സാമ്രാജ്യ ശക്തികള്‍ അധികവും മറ്റു രാജ്യങ്ങളില്‍ ഉള്ള ജനങ്ങളുടെ അജ്ഞതയെ ചൂഷണം ചെയ്യുകയായിരുന്നു. അവര്‍ അധികവും തന്നെ യൂറോപ്പ്യന്‍ ശക്തികളായിരുന്നു.

യൂറോപ്പും ചൈനയും പ്രത്യക്ഷത്തില്‍ കാണുന്നതിനേക്കാള്‍ പല കാര്യങ്ങളിലും സമാന ശൈലിയില്‍ പ്രവര്‍ത്തിക്കുന്നതായി കാണാം.

യൂറോപ്പിലുള്ള വന്‍ തൊഴിലാളി സംഘടനകളും, സ്ഥാപനങ്ങളും സര്‍ക്കാരുമായി ഒത്തുചേര്‍ന്ന് സാമ്പത്തിക പുരോഗമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ചൈനയിലും ഇതേ സ്വഭാവം നമുക്ക് കാണാം.

രണ്ട് ശക്തികളും capitalism പൂര്‍ണമായി സ്വീകരിച്ച് പോരുന്നു. ചൈനയുടെ കുതിച്ചു് ചാട്ടത്തിന്റെ ചരിത്രത്തില്‍ മനുഷ്യാവകാശ ലംഘനവും ഏകാധിപത്യവും ഒന്നും സാമ്പത്തിക മുന്നേറ്റത്തിനു ഒരു തടസമല്ല എന്നുള്ളതും ശ്രദ്ധിക്കണം.

പക്ഷെ ചൈനയുടെ ശൈലിയും, ഉദ്ദേശങ്ങളും, പ്രവര്‍ത്തനരീതിയും യൂറോപ്പുമായി വിത്യസ്തമാണു്.

യൂറോപ്പിലും അമേരിക്കയിലും ഉള്ളതുപോലുള്ള ജനാധിപത്യ സ്വഭാവമുള്ള നിബന്ധനകള്‍ ചൈനയില്‍ ഇല്ല. തൊഴിലാളി സംഘടനകളും, തൊഴിലാളികളുടെ അവകാശങ്ങളും, തൊഴില്‍ നിയമങ്ങളും ഒന്നും ഒരു പ്രശ്നമായി ചൈനയില്‍ വരുന്നില്ല. പ്രതികരണ സ്വാതന്ത്ര്യം ലഭിക്കാത്ത ഒരു വ്യവസ്ഥിതിയില്‍ ഏത് ദിശയിലേക്ക് വേണമെങ്കിലും ദേശത്തെ നയിക്കാം എന്ന് ലോകത്തിനു് കാണിക്കുകയാണു് ചൈന. യൂറോപ്പ് ഒരു രാജ്യവുമായി ഇടപെടുമ്പോള്‍ പല നിബന്ധനകളും മുന്നോട്ട് വെക്കും. ചൈനയ്ക്ക് ഈ വിധത്തില്‍ യാതൊരു നിബന്ധനകളും ഇല്ല. സുഡാനിന്റെ ഏറ്റവും അടുത്ത സുഹൃത്താണു് ചൈന. അവിടെ എത്ര ജനങ്ങളെ കൂട്ട കൊല ചെയ്താലും ചൈനക്ക് അത് പ്രശ്നമല്ല. ചൈനയുടെ neo capitalisത്തില്‍ ഈ വക പ്രശ്നങ്ങള്‍ ഒന്നും പരിഗണിക്കാന്‍ വകുപ്പില്ല.

രണ്ടു വിത്യസ്ത സാമ്രാജ്യ ശക്തികളാണ് 21ആം നൂറ്റാണ്ട് പ്രകടമാകാന്‍ പോകുന്നത്.


അന്താരാഷ്ട്ര സ്വാധീനമാണു് ഒരു രാജ്യത്തിന്റെ യഥാര്ത്ത ശക്തി എന്ന് കരുതുന്നു.
കൊച്ചു രാജ്യങ്ങള്‍ ഇന്നത്തെ ശക്തികളുമായി തന്ത്രപരമായി ഇടപെടാനും പഠിച്ചു കഴിഞ്ഞു. ഈ അടുത്ത ഞാന്‍ ശ്രദ്ധിച്ച ഒരു രാജ്യമാണു് ലിബിയ. നയപരമായി അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും വലിയ മാറ്റം കാഴ്ചവെച്ച ഒരു രാജ്യമായി മാറി. 80കളില്‍ തീവ്രവാദത്തിന്റെ ആഗോള തലസ്ഥാനമായ ലിബിയ ഇന്ന് ഫ്രാന്‍സിന്റെയും ബ്രട്ടണിന്റെയും സുഹൃത്താണു്. തീവ്രവാദവും, ഇസ്ലാമിസവും, അണു ആയുധ നിര്‍മാണ പദ്ധതിയും എല്ലാം മതിയാക്കി പുരോഗതിയുടെ വഴി സ്വീകരിച്ചതിനു് പ്രതിഫലമായി പല യൂറോപ്പ്യന്‍ രാജ്യങ്ങളുടെ സഹായവും ഇന്ന് ലിബിയ അനുഭവിക്കുന്നു. തീവ്രവാദത്തിനെതിരെ അമേരിക്കയുമായി സഹകരിക്കുന്നതിനു് അമേരിക്ക ലിബിയയുടെ പെട്രോള്‍ വാങ്ങുന്നു. ചൈനയുമായി സഹകരിച്ച് പെട്രോള്‍ വില്ക്കുന്നു. ഒരു വന്‍ ശക്തിയുമായി മാത്രം കൂട്ടുപിടിച്ച് ചരിത്രം ആവര്‍ത്തിക്കാന്‍ ലിബിയക്ക് താല്പര്യമില്ല. ഏത് ശക്തിയുമായി വേണമെങ്കിലും സഹകരിക്കും എന്ന് തെളിയിക്കുകയാണു ലിബിയ. കിഴക്കും പടിഞ്ഞറും എന്നു് വേര്‍തിരിവില്ലാതെ ഇടപെടുന്നു. ഇതു മൂലം ലിബിയയില്‍ സാംസ്കാരികവും സാമ്പത്തീകവുമായ സന്തുലിതാവസ്ഥ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ഇതാണു് ബോധോദയം ഉള്ള രണ്ടാംകിട രാജ്യങ്ങള്‍ ഇപ്പോള്‍ ചെയ്തുവരുന്നത്.

ലിബിയയില്‍ ചൈനയുടെ സ്വാധീനം പ്രത്യക്ഷത്തില്‍ ഇപ്പോള്‍ കാണാന്‍ കഴിയില്ല എങ്കിലും അഫ്രിക്കയില്‍ പലയിടത്തും China Townകള്‍ പെങ്ങിവരുന്നുണ്ട്. അങ്കോളയിലും കീന്യയിലും, ഇറാനിലും, സൌത്താഫ്രിക്കയിലും ചൈനയുടെ വ്യാപാര സ്വാധീനം വളരെ പ്രകടമാണു്.

സാമ്രാജ്യത്വ ശക്തി എന്ന പദത്തിനു പുതിയ അര്ത്ഥങ്ങള്‍ ഉണ്ടായി വരുകയാണു്. യുദ്ധവും അധിനിവേശവും ഇല്ലാതെ തന്നെ സമാധാനപരമായി രണ്ടു് വന്‍ സാമ്രാജ്യങ്ങള്‍ ഉണ്ടായി വരുന്നു. ഇന്ന് ആഫ്രിക്കയിലെ ഉത്തര പ്രദേശത്തുള്ള രാജ്യങ്ങള്‍ എല്ലാം തന്നെ യൂറോപ്പിനു് ഇന്ധനങ്ങള്‍ വില്കുന്നു. ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങളുടെ 2/3 കയറ്റുമതികള്‍ യൂറോപ്പിലേക്കാണു് പോകുന്നത്. ഭൂരിഭാഗം നിക്ഷേപങ്ങളും യൂറോപ്പില്‍ നിന്നു തന്നെയാണു്. ചുരുക്കത്തില്‍ 18ആം നൂറ്റാണ്ടിലെ സാമ്രാജ്യ ശക്തികളും കോളനികളും തമ്മിലുണ്ടായിരുന്നതിനേക്കാള്‍ അടുത്ത ബന്ധങ്ങള്‍ ഇന്ന് ഇവര്‍ തമ്മില്‍ നിലനില്ക്കുന്നു.

പക്ഷെ യൂറോപ്പില്‍ സാമ്രാജ്യത്വം എന്ന പദത്തിനോട് കടുത്ത വിരോധം നിലനില്ക്കന്നു. ആശയത്തിലും ഫലത്തിലും ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് അതുതന്നെയാണെങ്കിലും അതിനെ ദാര്‍ശനികപരമായി എതിര്‍ക്കുന്നവര്‍ അനേകമാണു്. നൂറ്റാണ്ടുകളുടെ സാമ്രാജ്യത്വം സൃഷ്ടിച്ച വൃണങ്ങള്‍ അവര്‍ക്ക് മറക്കാന്‍ സമയമായില്ല.

യൂറോപ്പ്യന്‍ യൂണിയനില്‍ വീണ്ടും രാജ്യങ്ങളെ ചേര്‍ത്ത് വികസിപ്പിക്കാനുള്ള ശ്രമം തടയാന്‍ ഫ്രാന്‍സും, നെതര്‍ലാന്റും എത്രതന്നെ പരിശ്രമിച്ചാലും വികസനം നടക്കുകതന്നെ ചെയ്യും. ചേരുന്ന രാജ്യങ്ങളില്‍ യൂറോപ്പ്യന്‍ ആദര്‍ശങ്ങളും, വ്യാപാര നയങ്ങളും, നിയമ വ്യവസ്ഥകളും അടിച്ചേല്പിക്കുകയും ചെയ്യും. നല്ലതിനായാല്‍ കൂടി ഇത് ഒരു വിധത്തില്‍ സാമ്രാജ്യത്വം തന്നെയാണു് എന്ന് ഞാന്‍ പറയും.

റോം പലവെട്ടം ശ്രമിച്ച് പരാജയപ്പെട്ട യൂറോപ്പ്യന്‍ സാമ്രാജ്യം ഇന്ന് പ്രാബല്യത്തില്‍ വന്നു എന്ന് വേണമെങ്കില്‍ പറയാം. യൂറോപ്പ് ഇന്ന് എല്ലാ അര്‍ത്ഥത്തിലും ഒരു സാമ്രാജ്യ ശക്തിയാണു്. ഒരു രാജ്യത്തിന്റെ നേട്ടം യുറോപ്പിന്റെ മൊത്തം നേട്ടമാകുന്നു. 27 പട്ടാളങ്ങളുള്ള, 27 തലസ്ഥാനങ്ങളുള്ള ഒരു വന്‍ സാമ്രാജ്യം. ജനാധിപത്യ സാമ്രാജ്യം.

അമേരിക്കയുടെ ആഗോള സ്വാധിനത്തിനുണ്ടായ ക്ഷയത്തിനു കാരണം അവരുടെ വിദേശ നയങ്ങളില്‍ ഉണ്ടായ പാളിച്ച മാത്രമാണെന്ന് കരുതരുത്. അമേരിക്കയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയും കണക്കിലെടുക്കണം. സൈനിക ശക്തി കൊണ്ടു മാത്രം അമേരിക്കയെ ഒരു ശക്തിയായി ലോകം ഇനി അംഗീകരിക്കും എന്നു് കരുതിന്നില്ല. അമേരിക്കയുടെ റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരാണു് ഇതിനെല്ലാം കാരണം എന്ന് വിശ്വസിച്ചാല്‍ പ്രശ്നം ഗുരുതരമാകും. അപ്പോള്‍ ഒരു പുതിയ പ്രസിഡന്റ് വന്നാല്‍ അവരുടെ ശക്തി തിരികെ കിട്ടുമോ?. ഇല്ല എന്നാണു് എനിക്ക് തോന്നുന്നത്.


ആഗോളവല്കരണം തന്നെയാണു് ഒരു പരിധിവരെ അമേരിക്കയെ ഒന്നാം സ്ഥാനത്തില്‍ നിന്നും പുറംതള്ളിയത്. ആഗോള തലത്തില്‍ വിപണനം നടത്തുന്ന ചൈനയുടെ ഉയര്‍ച്ചയും അതുമൂലം ഉണ്ടായതാണു്. അല്ലാതെ അമേരിക്ക ആ വളര്‍ച്ച അനുവദിച്ചതുകൊണ്ടല്ല. അമേരിക്കയല്ല, ആരു വിചാരിച്ചാലും ആഗോളവല്ക്കരണം തടയാന്‍ കഴിയില്ല. അപ്പോള്‍ ശക്തിയുടെ ആഗോളവല്കരണം നിയന്ത്രിക്കാനും ആര്‍ക്കും കഴിയില്ല.

ഇന്ത്യയും ഈ ശക്തികളുടെ പട്ടികയില്‍ പെടുമോ?

ഇന്ത്യയും ചൈനയും രണ്ടും രണ്ട് തരത്തില്‍ പെട്ട രാജ്യങ്ങള്‍ തന്നെയാണു്. സമാനമായ ജനസംഖ്യയുടെ കാര്യത്തിലല്ലാതെ ഇന്ത്യ ചൈനയുമായി ഒരു വിധത്തിലും സമാനമല്ല.
ഇന്ത്യന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര കമ്പനികള്‍ പണം കൊടുത്തുവാങ്ങികൂട്ടിയത് കൊണ്ട് മാത്രം ഇന്ത്യ ഒരു വന്‍ ശക്തിയാകുന്നില്ല. ഈ ധന സമ്പത്ത് ഇന്ത്യന്‍ ജനങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന് കൂടി ചോദിക്കണം. ചൈനക്കു ചുറ്റുമുള്ള രാജ്യങ്ങളുമായി ചൈന എല്ലാ രീതിയിലും ബന്ധങ്ങള്‍ വികസിപ്പിക്കുന്നു. ഇന്ത്യക്ക് മൂന്നു ചുറ്റും സമുദ്രവും, കുറേ ദരിദ്ര രാഷ്ട്രങ്ങളും ഒരു ശത്രു ദേശവുമാണുള്ളത്. ആഗോള തലത്തില്‍ ശക്തി പ്രകടിപ്പിക്കാന്‍ പറ്റിയ അന്തരീക്ഷം ഇവിടില്ല. മാത്രമല്ല ഒരു രാജ്യവുമായി ഇന്ത്യ കാര്യമായ ബന്ധവും ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. ജനാധിപത്യ ഇന്ത്യ ഏത് ദിശയില്‍ പോകണം എന്ന് തീരുമാനിക്കാന്‍ ഇന്ത്യന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല. അപ്പോള്‍ ആഗോള ശക്തിയാവാന്‍ ജനാധിപത്യം ഇവിടെ ഒരു തടസമായി അനുഭവപ്പെടും. ഈ തടസം ചൈനക്കില്ല.

റഷ്യയും, അമേരിക്കയും, യൂറോപ്പുമെല്ലാം ആഗോള ശക്തിയാണെന്ന് ഒരു സമാധാനത്തിനെങ്കിലും അവകാശപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ആരും ഇങ്ങനെ പറഞ്ഞ് കേള്‍ക്കാറില്ല. ഇങ്ങനെ ഒരു ആഗ്രഹം ഇന്ത്യന്‍ ജനതക്ക് ഇല്ല എന്നു് തന്നെ മനസിലാക്കാം. ചൈനയുടെ വളര്‍ച്ചയുടെ മാര്‍ഗ്ഗം പിന്തുടരാന്‍ ഇന്ത്യ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കണം.

--------------------------------------
അക്ഷരത്തെറ്റുകള്‍ തിരുത്തി സഹായിച്ച അഭിലാഷിനു് പ്രത്യേകം നന്ദി പറയുന്നു.

15 comments:

 1. ജീവിതത്തില്‍ ആദ്യമായി കൈപ്പള്ളി എഴുതിയ ഒരു മികച്ച ലേഖനം വായിച്ചു. :)

  ReplyDelete
 2. ലേഖനത്തിനെ കുറിച്ച് കണ്ണൂസിന്റെ അഭിപ്രായത്തിനോടു യോജിക്കുന്നു.

  Btw,

  ലേഖനത്തിന്റെ അവസാനം വായിക്കുന്നതോടെ എന്റെയുള്ളില്‍ നുരഞ്ഞുപൊന്തിയ ഒരു ചോദ്യത്തിനു ഉത്തരമായി :-)

  ശ്ശെടാ ഒരു അക്ഷരത്തെറ്റുമില്ലേന്ന് ഞാന്‍ ഇങ്ങനെ സങ്കടപ്പെടുകയായിരുന്നു, കൈപ്പള്ളിയെ അക്ഷരത്തെറ്റോടെ വായിക്കുന്നതിന്റെ സുഖം... ങാ.. എല്ലാം ഓര്‍മ്മകള്‍ മാത്രമായ്.

  ReplyDelete
 3. നല്ല ലേഖനം കൈപ്പള്ളീ..

  ഇന്ത്യയില്‍ ഉള്ള മാനവശേഷി വേണ്ട വിധം ഉപയോഗിക്കാത്തതും ഇന്ത്യയുടെ വളര്‍ച്ചയെ പിന്നോട്ട് വലിക്കുന്നു എന്ന് തോന്നിയിട്ടുണ്ടോ? അതു പോലെ തന്നെ ലോകത്തിലെ എണ്ണപ്പെട്ട സമ്പന്നന്മാര്‍ വസിക്കുന്ന ഇന്ത്യയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പട്ടിണിയും ഉള്ളത് എന്ന് കൂടി ഓര്‍ക്കണം. ആ ദരിദ്രര്‍ കൂടിയാണ് ജനാധിപത്യ ഭരണകൂടത്തെ തെരെഞ്ഞെടുക്കുന്നത്. ആരു കൂടുതല്‍ വാഗ്ദാനം ചെയ്യുന്നോ അവര്‍ക്ക് വോട്ട്, അല്ലാതെ ആര് ഇന്ത്യയെ മുന്നോട്ട് നയിക്കണമെന്ന് അവര്‍ ചിന്തിക്കാറില്ല. ഭരണത്തില്‍ എത്തിയാല്‍ പിന്നെ ഇന്ത്യയുടെ ഉയര്‍ച്ച അല്ലല്ലോ, സ്വന്തം ഉയര്‍ച്ചയും സ്വന്തം ആശയം നടപ്പാക്കലുമല്ലേ നടക്കുന്നത്?.

  **** **** ***
  വായിച്ചു കൊണ്ടിരുന്നപ്പോള്‍ ഇത് കൈപ്പള്ളീയുടെ എഴുത്തല്ലല്ലോ എന്ന് കരുതി. പക്ഷേ അവസാനം കണ്ടപ്പോള്‍ ഉറപ്പിച്ചു.. തന്നെ തന്നെ കൈപ്പള്ളി തന്നെ..

  ReplyDelete
 4. ഭാരതീയ ജനാധിപത്യത്തിന്റെ വളര്‍ച്ച ശരിയായ ദിശയില്‍ അല്ലാത്തതിനു ഒരു കാരണം എണ്ണമറ്റ രാഷ്ട്രീയ സംഘടനകളും,അവര്‍ സ്വീകരിക്കുന്ന തെറ്റാ‍യ തീരുമാനങ്ങളുമാണ്.അഴിമതിയാണ് ഭാരതീയ ജനാധിപത്യത്തിന്റെ മുഖമുദ്ര.ഇത് ബ്രിട്ടീഷ്കാരന്‍ സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്തുന്നതിന് ഉപയോഗിച്ച് വിജയിച്ച ഒരു മാര്‍ഗ്ഗമായിരുന്നു.അത് പണമായിട്ടും,അധികാരങ്ങളായിട്ടും,മറ്റു രൂപങ്ങളില്‍ വ്യാപിച്ചു.സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ടീയ സംഘടനകള്‍ അത് ഉപയോഗിക്കുന്നത് അവരവരുടെ ഗുണത്തിനായിട്ടാണ്.ഭരണവ്യവസ്ഥയിലെ ഉദ്യോഗസ്ഥ തലത്തിലും,അത് മറ്റെന്തിനേക്കാളും ഗുരുതരമായ നിലയിലാണ്.ഇതിനെ മറികടക്കാന്‍ ഭാരതീയ ജനതക്ക് എന്നാവുന്നുവോ, അന്ന് രാ‍ജ്യം ഒരു കുതിച്ച് ചാട്ടത്തിനു വഴിയൊരുക്കും.
  ലോക സാമ്രാജ്യങ്ങള്‍ ഉണ്ടാവുന്നത് ഒരു തരത്തിലും നല്ലതല്ല എന്ന വിശ്വാസക്കാരനാണ് ഞാന്‍.അത് രാജ്യങ്ങളുടെ മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുന്നു എന്നതിലുപരി, ഒരു രാജ്യത്തിനും ഗുണം ചെയ്യുന്നില്ല.

  ഒരു നല്ല ലേഖനം വായിക്കാന്‍ നല്‍കിയ കൈപ്പള്ളിക്ക് അഭിനന്ദനങ്ങള്‍.

  ReplyDelete
 5. ആഗോളവല്കരണം തന്നെയാണു് ഒരു പരിധിവരെ അമേരിക്കയെ ഒന്നാം സ്ഥാനത്തില്‍ നിന്നും പുറംതള്ളിയത്. ആഗോള തലത്തില്‍ വിപണനം നടത്തുന്ന ചൈനയുടെ ഉയര്‍ച്ചയും അതുമൂലം ഉണ്ടായതാണു്. അല്ലാതെ അമേരിക്ക ആ വളര്‍ച്ച അനുവദിച്ചതുകൊണ്ടല്ല. അമേരിക്കയല്ല, ആരു വിചാരിച്ചാലും ആഗോളവല്ക്കരണം തടയാന്‍ കഴിയില്ല. അപ്പോള്‍ ശക്തിയുടെ ആഗോളവല്കരണം നിയന്ത്രിക്കാനും ആര്‍ക്കും കഴിയില്ല.

  ---അഭിപ്രായത്തിനോടു യോജിക്കുന്നു.

  ReplyDelete
 6. നല്ല ലേഖനം.വ്യക്തിനിഷ്ഠമായ കൈപ്പള്ളി റ്റച്ച് അവലോകനത്തില്‍ ഉണ്ട്.അത് കൊണ്ട് തന്നെ മുഴുവനായി അംഗീകരിക്കാന്‍ ആവുന്നില്ല.

  യൂറോപ്യന്‍ യൂണിയന്റെ രൂപീകരണം,യൂറോയുടെ വളര്‍ച്ച,ഡോളറിന്റെ തളര്‍ച്ച ഇവയൊക്കെ യൂറോപ്പിന് ഒരു എഡ്ജ് നല്‍കിയിട്ടുണ്ട്.പക്ഷെ ഒരു സാമ്രാജ്യം എന്ന കള്ളിയില്‍ അതിനെ ഉള്‍പ്പെടുത്താമോ എന്ന ചോദ്യം അവശേഷിപ്പിക്കുന്നു.

  ചൈന ഒരു നിര്‍ണ്ണായക ശക്തിയായി എന്നത് അംഗീകരിക്കുന്നു.പക്ഷെ ജനാഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണോ അവിടുത്തെ അവസ്ഥകള്‍ എന്നത് അറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല.അതു പോലെ തൊഴില്‍ രംഗത്ത് കൂലിക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.പക്ഷെ അവിടുത്തെ ഭരണകൂടം വളരെ ശ്രദ്ധയോടെയാണ് ഓരോ ചുവടും വെയ്ക്കുന്നത്.മറ്റൊന്ന് ഇന്റര്‍നാഷണല്‍ ഇമേജിനെ കുറിച്ച് അവര്‍ അധികം ആകുലരുമല്ല.തങ്ങളെ ലോകത്തിന് ഒപ്പിച്ച് മാറ്റുന്നതിനു പകരം ലോകത്തെ തങ്ങളെ അംഗീകരിക്കാന്‍ പാകത്തില്‍ മാറ്റാനുള്ള ശ്രദ്ധാപൂര്‍വ്വമുള്ള ശ്രമങ്ങള്‍ അവര്‍ സ്വീകരിക്കുന്നു.

  ഇന്ത്യയെ തീരെ തള്ളി കളയേണ്ടതില്ല എന്നതാണ് സാമ്പത്തിക വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്റെ അഭിപ്രായം.ഇന്ത്യന്‍ മൂലധനത്തെയോ ഇന്ത്യന്‍ സംരംഭകത്വത്തെയോ നിങ്ങള്‍ക്ക് അവഗണിക്കാം.പക്ഷെ ഇന്ത്യന്‍ വിപണി,അതിനെ അവഗണിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.അതു കൊണ്ടു തന്നെ ഇന്ത്യന്‍ മൂലധനത്തെയും സംരംഭകത്വത്തെയും പലപ്പോഴും മാനിക്കാന്‍ ലോകം നിര്‍ബന്ധിതരാകുന്നു.

  ഇന്ത്യയിലെ ജനാധിപത്യം തന്നെ പലപ്പോഴും ദൌര്‍ബലമായി തോന്നാം.ഉദാഹരണത്തിനു എതിര്‍പ്പുകളില്ലാതെ ഒരു പദ്ധതി നടപ്പാക്കാന്‍ ദുബയിയെ പോലെയോ ചൈനയെ പോലെയോ ഇന്ത്യക്ക് കഴിയില്ല.(ഒരു പക്ഷെ കാലാന്തരത്തില്‍ ജനാധിപത്യം പക്വമാകുമായിരിക്കും).ഈ എതിര്‍പ്പിന്റെ ധാരാളിത്തം വേഗതയെ ബാധിക്കും എന്നത് നേര്.എന്നത് കൊണ്ട് സര്‍വ്വാധിപത്യം വരട്ടെ എന്ന് ആഗ്രഹിക്കുക വയ്യ.

  ReplyDelete
 7. ഒന്നും മുഴച്ചുനില്‍ക്കാത്ത കൈപ്പള്ളിയുടെ ലേഖനം , നല്ല ലേഖനം :)

  ReplyDelete
 8. ആമേരിക്കായുടെ ബൂര്‍ഷാനയങ്ങളെയാണ് നാം
  ആദ്യം എതിര്‍ക്കേണ്ടത് .ദരിദ്രരാഷ്റ്റങ്ങളില്‍ ഭക്ഷണപൊതി കൊടുത്തു മയക്കി അവിടെ തങ്ങള്‍
  നിശ്ചയിക്കുന്ന ഒരു ഭരണ സംവിധാനം നടപ്പാക്കാന്‍ ശ്രമിക്കുന്ന അമെരിക്ക തന്നെയാണ്
  ലോകത്തെ ഏറ്റവും വലിയ തീവ്രവാദ രാഷ്ടം.
  ചൈന ലോകത്ത് എന്തേലും ആയിട്ടുണ്ടെങ്കില്‍
  അത് ആ ജനതയുടെ അധ്വാനത്തിന്റെ ഫലമാണ്
  അവിടെ ആനാവശ്യ ഹര്‍ത്താലുക്കളോ പണിമുടക്കുക്കളൊ ഇല്ല അവിടുത്തെ ജനങ്ങള്‍
  രാജ്യഠിന്റെ വികസനത്തിനു വേണ്ടിയാണ് പ്രയനിക്കുന്നത്
  നല്ല ലേഖനം കൈപ്പിളി

  ReplyDelete
 9. രാധേയന്‍ പറഞ്ഞതു പോലുള്ള സംശയങ്ങള്‍ എനിക്കും തോന്നി- യൂറോപ്പിനെ കുറിച്ചും, ഇന്ത്യയെ കുറിച്ചും. നല്ല നിരീക്ഷണങ്ങള്‍. അക്ഷരത്തെറ്റ് അധികം ഇല്ലാത്തതിനാല്‍ വായിക്കാന്‍ സുഖം. :-)

  ReplyDelete
 10. ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സംശയം .. ജനാധിപത്യമോ അതോ ആഗോളവല്‍കരണമോ നല്ലത് ???? .... മൊത്തത്തില്‍ ഇപ്പൊ എനിക്കൊരു കണ്‍ഫ്യൂഷന്‍ ....

  ReplyDelete
 11. ഇത്രയും വളരെ നല്ലൊരു ലേഖനം അടുത്തിടെയൊന്നും ഞാന്‍ വായിച്ചിട്ടില്ല.

  ഈ ലേഖനം ഇവിടെ പങ്കു വച്ചതിന് കൈപ്പള്ളിക്ക് നന്ദി.

  ReplyDelete
 12. നല്ല നിരീക്ഷണങ്ങള്‍.

  ReplyDelete
 13. നല്ല ലേഖനം..

  “പ്രതികരണ സ്വാതന്ത്ര്യം ലഭിക്കാത്ത ഒരു വ്യവസ്ഥിതിയില്‍“
  അതൊരു വല്ലാത്ത അവസ്ഥയല്ലേ? ആ അവസ്ഥയില്‍ ഇരുന്നുകൊണ്ട് തന്റെ രാജ്യം ആഗോളശക്തിയാണെന്നു പറയുന്നതില്‍ എത്രത്തോളം ഔചിത്യമുണ്ട് എന്നൊരു സംശയം മാത്രം

  ReplyDelete
 14. കൈപള്ളി.. നല്ല ലേഖനം,

  പിന്നെ സ്വാധീനം എന്നത് സാമ്പത്തിക ശക്തിയിലോ സൈനിക ശക്തിയിലോ മാത്രമാണോ? ഒരു രാജ്യത്തിന്റെ ശക്തി/സ്വാധീനം എന്നത് സമൂഹത്തിന്റെ പല മേഖലകളില്‍ (ശാസ്ത്രം, സാങ്കേതികവിദ്യ, കല, സാഹിത്യം, ഫാഷന്‍, സാമ്പത്തിക ശാസ്ത്രം, വ്യവസായം, നീതിനിര്‍വ്വഹണം, ഭരണം, ജീവിതശൈലി മുതലായവയില്‍ ) വിപണന സാധ്യതയുള്ള നവീന കണ്ടുപിടിത്തങ്ങള്‍ / മാറ്റങ്ങള്‍ പടച്ചു വിടാനുതകുന്ന പരിസ്ഥിതി ഒരുക്കാനുള്ള ശേഷികൂടിയല്ലേ?

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..