Sunday, September 17, 2006

നാം എന്തിനിങ്ങനെ ചെയ്യുന്നു:

(ഇതില്‍ മലയാളികളുടെ പരസ്യമായ ചില പെരുമാറ്റങ്ങളെ കുറിച്ചുള്ള തുറന്ന പരാമര്‍ശങ്ങള്‍ അടങ്ങുന്നു. സഹിക്കാന്‍ പറ്റാത്തവര്ക്ക് ഇപ്പോള്‍ തന്നെ വായന നിര്‍ത്താം)

പല സ്ഥലങ്ങളിലും എന്റെ നാട്ടുകാര്‍ (യെസ്സ് മല്ലുസ്) അവരുടെ അവരുടെ ചില പ്രത്യേകതകള്‍ കാണിക്കാറുണ്ട്.


Sh. Zayed Streetലുള്ള ഒരു 30 നില കെട്ടിടത്തില്‍, ലിഫ്റ്റിനു വേണ്ടി 22ആം നിലയിലുള്ള കാത്തു നില്‍ക്കുന്ന ചില വിദേശികള്‍. ഈ നിലയിലാണ് കിച്ചനും കോഫി ഷോപ്പും. അതിനാല്‍ നല്ല തിരക്കുള്ള നിലയാണ്.

ലിഫ്റ്റ് കാത്തു നിന്നവര്‍ ഈ ഞാനും, ഇറാനികളും, അമേരിക്കന്‍സും, അറബികളും പിന്നെ രണ്ട് സിന്ധികളും ആയിരുന്നു. അവിടെ മലയാളിയായി ഈ ഉള്ളവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നര്‍ത്ഥം. എല്ലാവര്‍ക്കും താഴേക്കാണു് പോകേണ്ടത്. അതനുസരിച്ച് ആരോ ലിഫ്റ്റിന്റെ താഴേക്കുള്ള ബട്ടന്‍ അമര്‍ത്തി. ബട്ടണില്‍ പ്രകാശം തെളിഞ്ഞു. അതായത് "ചേട്ടന്മാരെ ചേച്ചികളെ "ലിഫ്റ്റ്" ആകുന്ന ഞാന്‍, ഇപ്പോള്‍ മുകളിലാണു്. ഉടന്‍ താഴേക്ക് വരുന്നുണ്ട്, പ്ലീസ് വെയിറ്റ്".

ഒരു മലയാളി ചേട്ടന്‍ തിടുക്കത്തില്‍ ഓടിവന്ന്, രണ്ടു ബട്ടനും അങ്ങ് അമര്‍ത്തി. അതായത്, മുകളിലേക്കുള്ളതും താഴേക്കുള്ളതും. മുകളിലേക്കുള്ള ബട്ടനും പ്രകാശിച്ചു് തുടങ്ങി. ചിലരൊക്കെ ഈ ആളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വരുന്ന ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നവര്‍ക്ക് പോകാന്‍ വഴികൊടുത്തുകൊണ്ട് എല്ലാവരും ഒരു വശത്തേക്ക് അല്പം മാറി നിന്നു. മല്ലു ചേട്ടന്‍ ലിഫ്റ്റിന്റെ മുന്നില്‍ ശിവലിംഗത്തിന്റെ മുന്നിലെന്ന പോലെ നിന്നു. മുകളിലത്തെ നിലയില്‍നിന്നും ലിഫ്റ്റ് വന്നു നിന്നു. നിറഞ്ഞ ലിഫ്റ്റിന്റെ ഉള്ളിലേക്ക് മല്ലു ചേട്ടന്‍ ഉന്തിതള്ളി കയറി. ലിഫ്റ്റിലുള്ളവര്‍ മുഖംചുളിപ്പിച്ച് അയ്യാളെ ശപിച്ചുകൊണ്ട് പുറത്തിറങ്ങി. കാത്തുനിന്നവരെല്ലാം ലിഫ്റ്റില്‍ കയറി. "ശ്രീനിവാസന്‍" സ്റ്റൈലില്‍ മല്ലു ചേട്ടന്‍ ടൈയും തലമുടിയും നന്നാക്കി.

എന്റെ മനസില്‍ ഒരു സംശയം. എന്തിനാണാവോ ഈ ആള്‍ രണ്ടു ബട്ടനും അമര്‍ത്തിയത്?

എന്റെ മനസ്സ് അറിഞ്ഞെന്നോണം ‍ എന്റെ അടുത്ത് നിന്ന ഒരു യുവതി അയാളോട് ഈ ചോദ്യം ചോദിച്ചു. "Excuse me, This lift is going down. You pressed for going up ?".
മലയാളി ചേട്ടന്‍ പതറി. "Ai yaam... Ai yaaam. the hurry.. very very hurry.. two battan pressing ante the lift come cookly"

ഇനി ഈ പറഞ്ഞ് ഭാഷയുടെ പരിഭാഷ. "ക്ഷമിക്കണം മാഡം, ഞാന്‍ വളരെ തിരക്കിലാണ്, ഞാന്‍ കരുതുന്നത്, ലിഫ്റ്റിന്റെ രണ്ടു ബട്ടനും ഒരുമിച്ച് ഞെക്കിയാല്‍ ലിഫ്റ്റ് പെട്ടന്ന് വരും എന്നാണു്, ഞങ്ങളുടെ നാട്ടില്‍ ഉള്ള 30 നില കെട്ടിടങ്ങളില്‍ അങ്ങനെയാണ്. അതിന്റെ മുകളിലേക്ക് വരുന്ന് ഇരപ്പാളികള്‍ കുറച്ച് നേരം വെരുതെ വെയിറ്റ് ചെയ്യട്ടെ. യെസ്സ് ദാറ്റ്സ് ആള്‍! മാഡത്തിന്റെ പേര്?"

മല്ലു ചേട്ടന്‍ 14 ആം നിലയിലേക്ക് അമര്‍ത്തി. ലിഫ്റ്റ് 14ആം നിലയില്‍ ഇറങ്ങി. ചേട്ടന്‍ മാത്രം ചാടി ഇറങ്ങി.

വാതില്‍ അടഞ്ഞ ശേഷം കൂട്ടത്തിലുണ്ടായിരുന്ന രണ്ടു് സിന്ധികള്‍ തമ്മില്‍ ഹിന്ദിയില്‍ പറയുന്നത് കേട്ടു. "ബില്കുല്‍ മല്ബാറി ജൈസ.." എനിക്ക് സങ്കടം വന്നു.

ഈ സീന്‍ പലപ്പോഴും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ഇപ്പോഴാണ് ഇതുപോലെഒരു നല്ല സീനില്‍ അനുഭവിക്കാന്‍ കഴിഞ്ഞത്.

മറ്റുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ സ്വാഭാവികമായി കാണിക്കുന്ന സാമാന്യ മര്യാദകള്‍ നാം മലയാളികള്‍ പലപ്പോഴും കാണിക്കാറില്ല.

സ്ത്രീകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുക.
മറ്റുള്ളവരുടെ പുസ്തകങ്ങള്‍ തുപ്പല്‍ തൊട്ടു മറിക്കുക.
ഡോക്ടറുടെ waiting roomല്‍ ഉള്ള വാര്‍ത്താപത്രങ്ങള്‍ ചിഹ്നഭിന്നം ആക്കുക.
റെസ്റ്റാറന്റില്‍ കൈകഴുകുന്ന സ്ഥലത്ത് ശബ്ദമുണ്ടാക്കി കാര്‍ക്കിച്ച് തുപ്പുക.
പൊതുസ്ഥലങ്ങളില്‍ തുപ്പുക. (National Passtime)
സിഗ്നലില്‍ ഡ്രൈവര്‍ സൈഡ് ഡോര്‍ തുറന്ന് റോഡില്‍ തുപ്പുക.


ഇതെല്ലാ നാട്ടുകാരും ചെയുന്ന കാര്യമായിരിക്കാം, പക്ഷേ മലയാളികള്‍ ധാരാളമുള്ള ഈ നാട്ടില്‍ ഇതു കണ്ടുവരുന്നത് മലയാളികളിലാണ്.

നാം ഇനി എന്നിതെല്ലാം പഠിക്കും?

27 comments:

  1. ഇതു പൊതുവെ എല്ലായിടത്തുമുള്ള ഇന്ത്യക്കാരുടെ പെരുമറ്റം തന്നേയാണു.ഒരു സാധാരണക്കാരന്‍ ചെയ്താല്‍ സംസ്കാരമില്ലത്തവനായും അഭ്യസ്തവിദ്യരായാല്‍ ‘ഹറി ബറി സോറിയൊക്കേ‘ പറഞാല്‍ സംസ്കാര സമ്പന്നനുമായി!

    ReplyDelete
  2. ലിഫ്റ്റിന്‍റെ രണ്ട് ബട്ടണും പ്രസ്സ് ചെയ്യുന്ന കാര്യത്തില്‍ മലയാളി മാത്രമല്ല, ഇല്ലാത്ത തിരക്ക് കാണിക്കുന്ന എല്ലാ @#$%&#$ അങ്ങിനെ തന്നെയണെന്ന് തോന്നുന്നു... നാടും ഭാഷയും അവിടെയൊരു പ്രശ്നമല്ല. ലിഫ്റ്റ്ഡോര്‍ തുറക്കുമ്പോള്‍ അതിന്‍റെ മുന്നില്‍ തന്നെ ഒരു നില്പുണ്ട്... നായ പുല്ലൂട്ടില്‍ കയറിയ മാതിരി.

    റെസ്റ്റാറന്റില്‍ കൈകഴുകുന്ന സ്ഥലത്ത് ശബ്ദമുണ്ടാക്കി കാര്‍ക്കിച്ച് തുപ്പുക - ഇത് മലയാളിക്ക് മാത്രം അഭിമാനിക്കാവുന്ന ഒരു വകുപ്പാണ്.
    ഇത് കണ്ടാല്‍ എനിക്കൊരിക്കലും പ്രതികരിക്കതിരിക്കാനാവാറില്ല, അതോണ്ട് തന്നെ പലരുമായി ഈ കാര്യത്തില്‍ ഒടക്കിയിട്ടുമുണ്ട്... മിക്കവരും ഒന്നും മിണ്ടാറില്ല, ചിറി തുടച്ച് സ്ഥലം വിടാറാണ് പതിവ് -എന്‍റെ ഭാഗ്യം :)

    ReplyDelete
  3. അതുപോലെ ചിലര്‍ക്ക് കഴുകിയ കൈ ഒരു കുടയലുമുണ്ട്.

    ReplyDelete
  4. ലിഫ്റ്റ് യാത്രക്കാരനെ ആക്ഷേപിക്കാൻ വരട്ടെ ...
    എന്തായിരുന്നു അദ്ദേഹത്തിന്റെ തിരക്ക് എന്ന് നമുക്കറിയില്ല...

    ഒരു കഥ വായിച്ചതോർക്കുന്നു...ചുരുക്കിപ്പറയാം..
    ഒരു സുഖവാസകേന്ദ്രത്തിലേക്ക് പോകുന്ന ഒരു ബസ്സ്. ഒരാളൊഴികെ എല്ലാവരും യാത്രയും വഴിവക്കിലെ സൗന്ദര്യവും ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യുന്നു. ഒപ്പം ഈ മുരടനെ അനിഷ്ടത്തോടെ വീക്ഷിക്കുകയും ചെയ്യുന്നു.. ഇടയ്ക്ക് ചായ കുടിക്കാനോ മറ്റോ ബസ്സ് നിർത്തിയാൽ ഇദ്ദേഹം അക്ഷമനാകുന്നു..ഡ്രൈവറുമായി വഴക്കിടുന്നു..
    യാത്രക്കാർക്കെല്ലാവർക്കും ഇയാളൊരു അരസികൻ...

    അവസാനം ഇയാൾക്കിറങ്ങാനുള്ള സ്റ്റോപ്പെത്തി..
    വഴിവക്കിലുള്ള തന്റെ വീട്ടിലേക്ക് തടിച്ചുകൂടി നിൽക്കുന്ന ജനങ്ങളുടെ ഇടയിലൂടെ അയാൾ
    അലമുറയിട്ട് കുതിക്കുന്നു...

    ReplyDelete
  5. സ്ത്രീകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുക.
    മറ്റുള്ളവരുടെ പുസ്തകങ്ങള്‍ തുപ്പല്‍ തൊട്ടു മറിക്കുക.


    ആദ്യം പറഞ്ഞിരിക്കുന്നത് രണ്ടാമതുള്ളതിനെപ്പോലുള്ള ഒരു തെറ്റാണോ?
    എങ്കില്‍ പലപ്പോഴും ഞാനതു ചെയ്തുപോയിട്ടുണ്ട്. കുഞ്ഞുങ്ങളെയുമെടുത്ത് ക്ലിനിക്കിന്റെ വാതിലിനടുത്തെത്തുന്ന പലരെയും അത്തരത്തില്‍ ‘സഹായിച്ചിട്ടു’ണ്ട്. തനി മല്ലുത്തരം ആണോ അത്?

    ഈയിടെ ആദ്യമായി കോയമ്പത്തൂര്‍ നഗരത്തിലുള്ള ഒരു വെജി.റെസ്റ്റോറന്റില്‍ പ്രാതല്‍ കഴിക്കാനിടവന്നു. ആദ്യമായിട്ടാണ് ആ സ്ഥലത്ത് പോയത്. കഴുത്തുകോണകമണിഞ്ഞ ചുള്ളന്മാര്‍ പലരും മസാല്‍ ദോശ തുടങ്ങി കാമ്പ്ലിക്കേറ്റഡ് ഡിഷുകള്‍ സ്പൂണ്‍ ഫോര്‍ക്ക് കൊണ്ടു കഴിച്ചിട്ട് കുടിക്കാനുള്ള വെള്ളം ഉപയോഗിച്ച് ഒന്നു കുലുക്കുഴിഞ്ഞിട്ട് വായ് കഴുകാതെ ബില്ലും കൊടുത്തു പോകുന്നതു കണ്ടു. കണ്ടു പരിചയമില്ലാത്തതുകൊണ്ടാവും, അറപ്പു തോന്നി.

    ReplyDelete
  6. ഭക്ഷണം കഴിക്കുന്നിടത്ത് ശബ്ദമുണ്ടാക്കി തുപ്പുക എന്നത് നാട്ടിന്‍ പുറത്ത് സാധാരണമാണോ...!!
    അത്രയ്ക്കും മോശമാണോ നമ്മുടെ നട്ടിന്‍ പുറത്തെ സംസ്കാരം...!! സാധാരണ അതൊക്കെ കണ്ടാല്‍ മുതിര്‍ന്നവര്‍ ശാസിക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്.

    ഈ വക പ്രവര്‍ത്തികളൊന്നും തന്നെ വിദ്യാഭ്യാസമില്ലായ്മയുടേയോ അല്ലെങ്കില്‍ നാട്ടിന്‍പുറ സംസ്കാരത്തിന്‍റേയോ സൃഷ്ടികളല്ല എന്നണെനിക്ക് തോന്നുന്നത്. ഒരോരുത്തരുടേയും വികലമായ പെരുമാറ്റ രീതിയായി മത്രേ എനിക്കതിനെ കാണാന്‍ കഴിയുന്നുള്ളു.

    22 വര്‍ഷം നാട്ടിപുറത്ത് വളര്‍ന്നതിന് ശേഷം തന്നെയാണ് ഈയുള്ളവനെ ഇങ്ങോട്ട് കെട്ടിയെടുത്തത്. എന്‍റെ ഗ്രാമം, എന്നെ ലിഫ്റ്റും
    ഏ സിയും ഉപയോഗിക്കാന്‍ പഠിപ്പിച്ചില്ലെന്നെയുള്ളു, മാന്യമായി പെരുമാറാന്‍ പഠിപ്പിച്ച് തന്നെയാണ് വിട്ടത്.

    ReplyDelete
  7. സ്ത്രീകള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുക (സ്ത്രീകള്‍ക്ക് മാത്രമല്ല, പുറകെ വരുന്ന എല്ലാവര്‍ക്കും) എന്നത് വെസ്റ്റേണ്‍ എറ്റിക്വെറ്റ്‌സ്-ന്റെ ഭാഗമാണല്ലോ.

    ReplyDelete
  8. വളരേ നേരം കാത്ത് നിന്നിട്ട് കിട്ടുന്ന ബസ്സ് അടുത്ത സ്റ്റോപ്പിൽ നിർത്തുമ്പോൾ നമുക്ക് അക്ഷമ!!
    നമ്മൾ മാത്രമാണ് ശരി എന്ന് പറയുന്നിടത്താണ് എല്ലാ പ്രശ്നവും!!!

    ReplyDelete
  9. ഇഞ്ചിപ്പെണ്ണേ,

    സായ്പ്പിന്‍റെ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് എനിക്കിതിനെയൊന്നും വിശകലനം ചെയ്യാന്‍ സാധിക്കില്ല.

    തെങ്ങിന്‍ ചുവട്ടില്‍ തുപ്പുന്നതിനേയും അല്ലെങ്കിലവിടെ ‘സുരേഷ് ഗോപി’യടിക്കുന്നതിനേയുമൊന്നും ഞാന്‍ കുറ്റം പറഞ്ഞിട്ടില്ല. അതൊന്നും ആരെയും ബാധിക്കുന്നതോ അല്ലെങ്കില്‍ ആരെങ്കിലും പോയി നോക്കുന്ന കാര്യങ്ങളോ അല്ല. മാന്യമായി ഇടപെടുവാന്‍ നാട്ടിന്‍പുറ സംസ്കാരം ഒരു തടസ്സമല്ല എന്നാണ് ഞാന്‍ പറഞ്ഞത്.

    മലയാളം സിനിമ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കാണിക്കുന്ന കാര്യങ്ങളെല്ലാം അനുകരിക്കാന്‍ നിന്നാല്‍ ചുറ്റിപ്പോകും പെങ്ങളേ.

    കൈ കൊണ്ട് ചോറുണ്ണുന്ന നമ്മള്‍ തന്നെ അത് ആകെ വിരലിന്‍റെ ഉള്ളില്‍ കൂടെ ഒക്കെ തുറിപ്പിച്ച് ചളിപിളി എന്നാക്കി തിന്നുന്നവനെ, അറിവില്ലായ്മ എന്ന പേരില്‍ അംഗീകരിക്ക്വോ...!!! ഈ ഒരു വിത്യാസം തന്നെയാണ് ഞാന്‍ ഉദ്ദേശിക്കുന്നതും.

    ഇവിടെ അടി ഉണ്ടാക്കാന്‍ നിന്നാല്‍, വീട്ടില്‍ ചെന്നാലും അടി കിട്ടും... ഉമ്മാടേന്നും മോള്‍ടേന്നും :)

    ReplyDelete
  10. എന്തൊക്കെ കാണണം... എന്തൊക്കെ കേള്‍ക്കണം ഭഗവാനേ..

    നാട്ടിലും, പിന്നെ ബ്ലോഗിലും ;) !

    ReplyDelete
  11. സദ്യ കഴിച്ചിട്ടുണ്ടൊ അഗ്രന്‍?
    പപ്പടം പഴം പായസം അച്ചാറിട്ടു അണച്ച് കിതച്ച് പിടിച്ച്..
    ആ സമയത്ത് “കത്തീം മുള്ളി” പ്പോവും.

    ReplyDelete
  12. ഹെന്‍റമ്മോ... എന്നെയിപ്പോ കത്തീടേം മുള്ളിന്‍റേം ആളാക്കിയോ. വെളുക്കാന്‍ തേച്ചത് പാണ്ടായോ... കര്‍ത്താവേ!!!

    മറിയം ഞാന്‍ പറഞ്ഞതൊക്കെ ഒന്നു കൂടെ വായിച്ചാല്‍ മറിയം എന്നേം വിളിക്കും സദ്യ കഴിക്കാന്‍ :)

    ഇടിവാളേ ഞാന്‍ വീട്ടീ പോവ്വാ... എന്നെ കാത്തോളണേ.

    ReplyDelete
  13. പായസത്തിലേക്ക് പഴത്തിനെ പതുക്കെ ഇറക്കികെടത്തിയിട്ടു , പഴത്തിനെ പായസത്തിലലിയിപ്പിക്കനുള്ള മന്ത്രം ഒന്നു പറഞ്ഞിട്ടു പോവൂ അഗ്രാ‍ാ

    ReplyDelete
  14. ഇങ്ങനെ കുറച്ചു പേരെ കല്യാണത്തിനു ക്ഷണിക്കുകയും വെപ്പുകാരനായി സലീം കുമാറിനെ കൊണ്ടു വരികയും ചെയ്താല്‍ അയാളുടെ ആത്മഗതം ഇങ്ങനെ കേള്‍ക്കുമാറാകും
    “എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ !“

    ReplyDelete
  15. പിന്മൊഴിച്ചാലു വെട്ടിയ ദെവസം തന്നെ എവമ്മാരിവിടെ ക്യേറി നെരങ്ങ്‌ണല്ല്-ന്നല്ലേ കൈപ്പള്ളീ ഇപ്പോ ആത്മഗതിച്ചത്? ;)

    പള്ളു വിളിക്കല്ലേ. ഗേറ്റ് തൊറന്നതിന്റെ ഒരു ആര്‍പ്പാടം കാണിക്കേണ്.

    ReplyDelete
  16. കൈ കൊണ്ടുണ്ണുന്നതും കത്തിവെച്ച് തിന്നുന്നതും എല്ലാം അതതിന്റെ സൌകര്യം അനുസരിച്ച് ചെയ്യണം എന്ന അഭിപ്രായക്കരനാണ് ഞാന്‍. നാല് ഫോറിനേഴ്സിന്റെ കൂടെ ഇരിക്കുമ്പോള്‍ ചോറും ചിക്കന്‍ കറിയും ആണെങ്കില്‍ പോലും ഞാന്‍ ഫോര്‍ക്ക് ഉപയോഗിച്ചേ കഴിക്കാറുള്ളു. എന്നാല്‍ എന്റെ വീട്ടുകാരുടെ കൂടെ ഭക്ഷണം കഴിക്കുമ്പോള്‍ ഒരു സ്പൂണ്‍ പോലും ഞാന്‍ ഉപയോഗിക്കാറില്ല.

    തെങ്ങിന്‍ ചുവട്ടില്‍ ശബ്ദത്തോടെ തുപ്പുന്നതില്‍ എന്താണ് പ്രശ്നം? ആ സമയത്ത് കൂടെയുള്ള ആര്‍ക്കും അതൊരു അസൌകര്യം ആവുന്നില്ലല്ലോ. അതേ സമയം ഒരു മുന്തിയ ഡിന്നര്‍ വിരുന്നില്‍ വെച്ച് അത് ചെയ്താല്‍ കൂടി നില്‍ക്കുന്ന മറ്റുള്ളവര്‍ക്ക് അത് അസൌകര്യമാവില്ലെ?

    ഓരോ ജനതയ്ക്കും ഓരോ ശീലങ്ങള്‍. അവയൊന്നും ആത്യന്തികമായി നല്ലതോ ചീത്തയോ എന്ന് പറയാന്‍ പറ്റില്ല. ഓരോ സാഹചര്യത്തിലും ഓരോന്നാവും ഇണങ്ങുന്നത്.

    ReplyDelete
  17. InjiPennu: അഭിപ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഒന്നികില്‍ എഴുതിയതിനോട് യോജിക്കണം, അല്ലെങ്കില്‍ വിയോജിക്കണം. അല്ലെങ്കില്‍, പുതുതായി എന്തെങ്കിലും പറഞ്ഞുതരണം.


    പറഞ്ഞത് മനസിലായി എന്നു തോന്നുനു.

    ReplyDelete
  18. Ralminov:
    ഞാന്‍ പറഞ്ഞ ആള്‍ ഭക്ഷണം കിച്ചനില്‍ നിന്നും ഭക്ഷണം കഴിച്ചിട്ട് തിരിച്ച് ഓഫിസില്‍ പോകുന്ന തിരക്കാണ്‍.

    ReplyDelete
  19. ഇതുമായിട്ട് നേരിട്ട് ബന്ധമില്ലെങ്കിലും:

    ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലുകള്‍ ഒന്നില്‍ ഒരു നിബന്ധന വെയ്ക്കാന്‍ ശ്രമിച്ചു:

    അതായത് എല്ലാവരും സ്പൂണ്‍ കൊണ്ടേ ഭക്ഷണം മെസ്സ് ഹാളില്‍ കഴിക്കാവൂ. കാരണം പലര്‍ക്കും (പ്രധാനമായും ഉത്തരേന്ത്യക്കാര്‍ക്ക്) മറ്റുള്ളവര്‍ (പ്രധാനമായും ദക്ഷിണേന്ത്യക്കാര്‍-മലയാളികള്‍ ഉള്‍പ്പടെ) കൈകൊണ്ട് കഴിക്കുന്നത് വളരെ അരോചകമായി തോന്നുന്നത്രേ.

    ഈ നിബന്ധന കേട്ട് രോഷം കൊണ്ട ഞങ്ങളിലൊരാള്‍ പറഞ്ഞു:

    “ആ റൂള്‍ കൊണ്ടുവന്നവനോട് പോയി ചോദിക്ക്, നീയൊക്കെ രാവിലെ നമ്പര്‍ റ്റൂവിന് പോയിട്ട് സ്പൂണുകൊണ്ടാണോടാ അവിടം വൃത്തിയാക്കുന്നതെന്ന്”.

    എന്തായാലും ആ ശ്രമമൊക്കെ അതിന്റെ വഴിക്ക് പോയി.

    (നിഷാദേ, ക്ഷമിക്കണേ).

    നാട്ടില്‍ സായിപ്പിന്റെ സംസ്കാരം നമ്മള്‍ കാണിക്കേണ്ട. പക്ഷേ ചേരയെ തിന്നുന്ന നാട്ടില്‍ പോയാല്‍ നടുക്കഷ്ണം തിന്നണമെന്ന് ചൊല്ലു പോലെ മറുനാട്ടില്‍ പോയാല്‍ നമ്മള്‍ ഒന്നുരണ്ട് മാസം അവിടുത്തെ രീതികള്‍ മനസ്സിലാക്കുക, എന്നിട്ട് അതിനനുസരിച്ച് പെരുമാറാന്‍ ശ്രമിക്കുക. ശ്രമിച്ചാല്‍ പറ്റാവുന്നതേ ഉള്ളൂ. അല്ലാ‍തെ എന്റെ നാട്ടിലെ സംസ്കാരം തന്നെ ഞാന്‍ ലോകം മുഴുവന്‍ എന്തുവന്നാലും കാണിക്കും എന്ന രീതിയില്‍ ലോകത്തെവിടെയും പെരുമാറുന്നത് എത്രമാത്രം ശരിയാണെന്ന് സംശയം.

    എന്റെ വീട്ടിലെ വാഷ് ബേസിനില്‍ ആര് എത്ര ശബ്‌ദമുണ്ടാക്കി തുപ്പിയാലും എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നില്ല. പക്ഷേ ജപ്പാനിലെ ഹോട്ടലില്‍ ആരെങ്കിലും അങ്ങിനെ ചെയ്യുമ്പോള്‍ ഏതൊരു ജപ്പാന്‍ കാരനെയും പോലെ എനിക്കും തോന്നും, ഈ നാട്ടില്‍ ഇയാളിങ്ങനെ ചെയ്യാന്‍ പാടുണ്ടോ എന്ന്. എനിക്ക് അപ്പോള്‍ തോന്നുന്ന വികാരം ഓക്കാനമൊന്നുമല്ല, ആ നാട്ടിലെ സംസ്കാരവുമായി അയാള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയാത്തതിന്റെ വിഷമം. പക്ഷേ ആരോഗ്യപരമായ അല്ലെങ്കില്‍ അങ്ങിനെയല്ലാതെ ചെയ്യാന്‍ പറ്റാത്ത എന്തെങ്കിലും കാരണം കൊണ്ടാണ് അയാള്‍ അങ്ങിനെ ചെയ്യുന്നതെങ്കില്‍ അത് എനിക്ക് ഓക്കെയാണു താനും. അത് എനിക്കറിയാമെങ്കില്‍ അടുത്തിരിക്കുന്ന ജപ്പാന്‍‌കാരന്‍ മുഖം ചുളിച്ചാലും എനിക്ക് ഒന്നും തോന്നില്ല-കാരണം അങ്ങിനെ ഉറക്കെ തുപ്പിയതിന് എനിക്ക് ബോധ്യമായ ഒരു കാരണം അയാള്‍ക്കുണ്ട്.

    നാട്ടില്‍ അധികമാര്‍ക്കും കാറില്ല. അതുകൊണ്ട് കാര്‍ എറ്റിക്കുറ്റികളൊന്നും നമുക്കറിയണമെന്നില്ല-അല്ലെങ്കില്‍ നമ്മുടെ നാട്ടിലെ കാറെറ്റിക്കുറ്റിമൈല്‍ക്കുറ്റികളൊന്നുമായിരിക്കില്ല സായിപ്പ് നാട്ടില്‍. പക്ഷേ സായിപ്പ് നാട്ടില്‍ ചെന്ന് രണ്ടുമൂന്നു മാസം കഴിഞ്ഞും അവിടുത്തെ നമുക്ക് പാലിക്കാവുന്നതായ എറ്റിക്കുറ്റികള്‍ നമ്മള്‍ പാലിക്കാതിരിക്കുന്നെങ്കില്‍ കുഴപ്പം നമ്മുടെകൂടെയാണെന്ന് തോന്നുന്നു.

    ഒരു നാട്ടിലെ രീതികള്‍ മനസ്സിലാക്കാന്‍ ഫോര്‍മല്‍ വിദ്യാഭ്യാസവും സിറ്റി ബ്രെഡ്ഡിന്റെ സംസ്കാരവും (അതെന്താണെന്ന് പിടികിട്ടിയില്ല) അത്രയധികം വേണം എന്ന് തോന്നുന്നില്ല. വിയറ്റ്‌നാം കോളനിയില്‍ ഇന്നസെന്റ് കൃഷ്ണമൂര്‍ത്തി എന്ന് പറയാന്‍ പത്താം ക്ലാസ്സൊന്നും പാസ്സാവേണ്ട നാക്കു വടിച്ചാല്‍ മതി എന്ന് പറയുന്ന ടോണില്‍, സാമാന്യബോധം മാത്രം മതി എന്ന് തോന്നുന്നു. ഒരു വിസയൊക്കെ കിട്ടി വിമാനത്തില്‍ കയറി വേറൊരു രാജ്യത്ത് വന്നെത്താനുള്ള സാമാന്യബോധമൊക്കെ മതി ഒരു ക്യൂവില്‍ ആള്‍ക്കാര്‍ നിക്കുന്നുണ്ടെങ്കില്‍ അതിന്റെ പുറകിലായി നമ്മള്‍ നില്‍ക്കണമെന്നും ഒക്കെ മനസ്സിലാക്കാന്‍. ദ കിംഗില്‍ മമ്മൂട്ടി പറഞ്ഞ സെന്‍‌സ് മതി അവിടുത്തെ ആള്‍ക്കാരെ നിരീക്ഷിച്ച് അവര്‍ ചെയ്യുന്ന രീതികളൊക്കെ പതുക്കെപ്പതുക്കെ മനസ്സിലാക്കി അതിനനുസരിച്ച് പെരുമാറാന്‍. അതിന് ആ നാട്ടിലെ സംസ്കാരം മുഴുവന്‍ നമ്മിലേക്ക് ആവാഹിക്കേണ്ട ആവശ്യവുമില്ല. നാട്ടുനടപ്പനുസരിച്ച് ചെയ്യുക, അത്രമാത്രം.

    ഇഞ്ചി പറഞ്ഞ കാര്യങ്ങള്‍ ആദ്യമായി ഗള്‍ഫില്‍ വരുന്ന ആള്‍ ആദ്യത്തെ ഒന്നോ രണ്ടോ മാസം ചെയ്യുന്നതാണെങ്കില്‍ മനസ്സിലാക്കാം. അല്ലെങ്കില്‍ റാല്‍‌മിനോവ് പറഞ്ഞതുപോലെ മനസ്സ് ആകപ്പാടെ കലങ്ങിമറിഞ്ഞ് നില്‍ക്കുന്ന ഒരവസ്ഥയില്‍ ഒരാള്‍ ചെയ്‌തതാണെങ്കിലും മനസ്സിലാക്കാം. പക്ഷേ ശരാശരി മലയാളി സാധാരണ മറുനാട്ടില്‍ എപ്പോഴും ചെയ്യുന്ന കാര്യങ്ങളാണ് ഇവയൊക്കെ എങ്കില്‍ കുറച്ചൊക്കെ അത് മാറ്റാവുന്നതേ ഉള്ളൂ-സ്വല്പമൊക്കെ പരിസരം നിരീക്ഷിച്ച് ചെയ്യാനുള്ള ക്ഷമ മാത്രം മതി, അതിന്.

    ആള്‍ക്കാര്‍ അറിവില്ലായ്‌മ കൊണ്ട് ചെയ്യുന്നതിനെ അടച്ചാക്ഷേപിക്കേണ്ട. പക്ഷേ ആള്‍ക്കാരുടെ അറിയാനുള്ള ശ്രമമില്ലായ്മ ചൂണ്ടിക്കാണിക്കുക തന്നെ വേണം.

    ഞാന്‍ നാട്ടില്‍ വഴിയില്‍ തുപ്പിയേ ശീലിച്ചിട്ടുള്ളൂ. അതുകൊണ്ട് ഇവിടെയും തുപ്പുക തന്നെ ചെയ്യും എന്ന് പറഞ്ഞ് സിംഗപ്പൂര്‍ തെരുവീഥികളില്‍ കൂടി തുപ്പിത്തുപ്പി നടന്നാല്‍ അതൊക്കെ അവിടുത്തെ കോടതിയില്‍ പറഞ്ഞ് മനസ്സിലാക്കാന്‍ അവിടുത്തെ ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷ്, മലയ, തമിഴ്, മാണ്ഡരിന്‍ (അല്ലെങ്കില്‍ ചൈനീസ്) ഇവയിലേതെങ്കിലും അറിഞ്ഞിരിക്കണമെന്നാണോ പുള്ളിസപ്തസതീഷ്‌ബഹൂ?

    പക്ഷേ ഏത് സാഹചര്യത്തില്‍ വളര്‍ന്ന ഒരു മലയാളിയും സിംഗപ്പൂരില്‍ വഴിയില്‍ തുപ്പി നടക്കില്ല എന്ന് തന്നെ തോന്നുന്നു-അല്ലെങ്കില്‍ കൂടി വന്നാല്‍ ഒന്നോ രണ്ടോ തവണ മാത്രം. അതായത് വേണ്ടിവന്നാല്‍ ഇതൊക്കെ പാലിക്കാന്‍ നമുക്ക് അസാമാന്യ കഴിവുണ്ട്. വേണ്ടെന്ന് വെച്ചിട്ടല്ലേ.

    ReplyDelete
  20. ഞാന്‍ പലപ്പോഴും ഉച്ച ഭക്ഷണം വീട്ടില്‍ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നാണ്‍ കഴിക്കുക. ചോറും നെയ്യ് മീന്‍ കറിയും, പയറും, ഉമ്മ കോടുത്തുവിട്ട നാരങ്ങ അച്ചാറും പപ്പടവും. ഇതോക്കെ ഫോര്‍ക്കും സ്പൂണും ഉപയോഗിച്ചാണ്‍ കഴിക്കാറ്. എന്നാലെ കൈ കീബോര്‍ഡില്‍ വെയ്ക്കാന്‍ പറ്റു. (ഇല്ല. കഴിച്ച് കഴിഞ്ഞ് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള സാവധാനം എന്നിക്കില്ല )

    ReplyDelete
  21. സഹചര്യത്തിനനുസരിച്ചു പെരുമാറാനും,ശീലങ്ങള്‍ മാറ്റിയെടുക്കാനും മലയാളിയെ പഠിപ്പിക്കെണ്ട ആവശ്യമില്ല.(ചേരയെ തിന്നുന്ന നാട്ടില്‍ പോയാല്‍ ചേരയുട നടുക്കഷണം തിന്നുന്നവരാണ് മലയാളികള്‍) പക്ഷെ ചില സമയത്തുള്ള അശ്രദ്ദകൊണ്നടൊ,ധുര്‍തി കൊണ്ടൊ അങ്ങിനെ സംഭവിച്ചുപൊകുന്നവരുണ്ട്. എല്ലാം തികഞ്ഞവര്‍ മലയാളികള്‍ എന്ന ധാരണ ശരിയല്ല. മറ്റുനാട്ടുകാരില്‍ നിന്നും പഠിക്കെണ്ട് ചില ശീലങ്ങളുമുണ്ട്.സായിപ്പിണ്ടെ കത്തിയും,മുള്ളും,ജാ‍ടയും പോക്കറ്റിലിട്ടു നടക്കുന്നതി എനിക്കു യോജിപ്പില്ല.വിരലുകൊണ്ട് പല്ലുതുടക്കുന്നതു കൊണ്ടെ തെങ്ങിന്‍ ചുവട്ടിലേക്ക് കാറിതുപ്പുന്നതു കൊണ്ടെ എന്താ പ്രശനമുള്ളത്.

    ReplyDelete
  22. വക്കാരി പറഞ്ഞതു കാര്യം. മറ്റുള്ളവര്‍ക്കു എങ്ങിനെ അസൌകര്യമുണ്ടാക്കാതിരിക്കം എന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന കര്യങ്ങലേ ഉള്ളൂ ഇതെല്ലാം.
    നമ്മുടെ നാട്ട്ടില്‍ തിരക്കിനോട്‌ മല്ലിട്ട്‌ കാര്യങ്ങള്‍ സാധിച്ച്‌ ശീലമുള്ള നമ്മള്‍ മറ്റിടങ്ങളില്‍ എതിയാലും അതേ മത്സരബുദ്ധിയോറ്റെ കാര്യങ്ങള്‍ ചെയ്യുന്നതു കൊണ്ടാണ്‌ ചിലപ്പോള്‍ ഇതു സംഭവിക്കാറ്‌.

    അതേ സമയം കൈകൊണ്ടു കഴിച്ചു അതു വടക്കെ ഇന്ത്യക്കാരന്റെ ഷര്‍ട്ടില്‍ തുടക്കാതിരുന്നാല്‍ അയാള്‍ പരാതിപ്പെടേണ്ട കാര്യവുമില്ല.

    മറ്റുള്ളവര്‍ക്കു ശല്യമാവാതിരിക്കുക. അവനവനു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെങ്കില്‍ മറ്റുള്ളവരെ അവരുടെ പാട്ടിനു വിടുക..
    ജീവിയ്ക്കുക ജീവിയ്ക്കാനനുവദിക്കുക...

    ReplyDelete
  23. നമ്മുടെ പാലക്കാട്‌ ബസ്‌ സ്റ്റാണ്റ്റില്‍ ഒരു ദിവസം ഞാന്‍ കണ്ട കാഴ്ച്ചയാണ്‌- തിരുവനന്തപുരത്തുനിന്നും വന്ന ഒരു ബസ്സില്‍ നിന്നും കുറെ ആളുകള്‍ ഇറങ്ങി , അതില്‍ കുറേ പേര്‍ കോയമ്പത്തൂരിനുള്ള ബസ്സിനടുത്തേക്കു ചെന്നു. ഇറങ്ങാന്‍ കാണിച്ച തിരക്കും തിക്കുമൊന്നും കോയമ്പത്തൂറ്‍ ബസ്സിനു മുന്‍പിലില്ല- അവിടെ ക്യൂ, മറ്റെല്ല ബസ്സിണ്റ്റെയും വാതില്‍ക്കല്‍ ഇടിയോടിടി -- ആളുകള്‍ ഒന്നു തന്നെ പാക്ഷേ പെരുമാറ്റം രണ്ടു രീതിയില്‍. മലയാളിക്ക്‌ അഡ്ജസ്റ്റ്‌ ചെയ്യാന്‍ നന്നായറിയാമല്ലൊ.

    ReplyDelete
  24. ആദിയും വക്കാരിയും മറ്റുളളവരും പറഞ്ഞതൊക്കെ തന്നെയാണ് ഞാനും ഉദ്ദേശിച്ചിരുന്നത്. പക്ഷേ, മിസ്സായ പള്ളിയിലെ അടിയുടെ കോട്ടം തീര്‍ക്കുവാനോ എന്തോ, എന്‍റെ അഭിപ്രായങ്ങളെ ഒരു മുന്‍വിധിയോടെയാണ് ഇഞ്ചിയും മറിയവും കണ്ടിരിക്കുന്നതെന്ന് തോന്നുന്നു.

    ഞാന്‍ പറഞ്ഞത്, ഇത്തിരി പോന്ന ഫുട്പാത്തില്‍ മറ്റുള്ളവന്‍റെ വഴി മുടക്കി നിരന്ന് നടക്കുന്ന ഫ്രണ്ട്സും, പൊതുവാഹനത്തിലിരുന്ന് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കി ഉച്ഛത്തില്‍ പാട്ടാസ്വദിക്കുന്നവനും, ഇടുങ്ങിയ ലിഫ്റ്റില്‍ അടുത്ത് നില്‍ക്കുന്നവന്‍റെ ചെവിക്കുറ്റി തെറിക്കുന്ന വിധത്തില്‍ മൊബൈലില്‍ സംസാരിക്കുന്നവനും മുന്നിലിരിക്കുന്നവന്‍റെ ഭക്ഷണപാത്രത്തിലേക്ക് തുപ്പല്‍ തെറിപ്പിച്ച് പൊട്ടിച്ചിരിക്കുന്നവനും വാഷ്ബേസിനില്‍ കാര്‍ക്കിച്ച് തുപ്പുന്നവനും ... ഇവരെല്ലാം തന്നെ വിദ്യാഭ്യാസമില്ലായ്മയുടേയോ അല്ലെങ്കില്‍ നാട്ടിന്‍പുറ സംസ്കാരത്തിന്‍റേയോ സൃഷ്ടികളല്ല... വക്കാരി പറഞ്ഞ പോലെ വേണ്ടെന്ന് വെച്ചിട്ട് തന്നെ.

    ഇഞ്ചി> ‘കുഞ്ഞിലേ ഫോര്‍ക്ക് കൊണ്ട് പ്ലേറ്റില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഫോര്‍ക്ക് പ്ലേറ്റില്‍ ഉരച്ച് ശബ്ദം ഉണ്ടാക്കിയാല്‍ ബാഡ് മാനേര്‍സ് എന്നും പറഞ്ഞ് വഴക്ക് കിട്ടുമായിരുന്നു എനിക്കൊക്കെ’.

    നാട്ടിന്‍പുറത്ത് കഞ്ഞി കുടിക്കുന്ന കോരനും ‘കഞ്ഞിപ്പാത്രം നിരക്കി ശബ്ദമുണ്ടാക്കെല്ലെടാ മക്കളേ’ എന്ന് തന്നെയാണ് മക്കളെ പഠിപ്പിക്കുന്നത്.

    മറിയം> ‘പായസത്തിലേക്ക് പഴത്തിനെ പതുക്കെ ഇറക്കികെടത്തിയിട്ടു , പഴത്തിനെ പായസത്തിലലിയിപ്പിക്കനുള്ള മന്ത്രം ഒന്നു പറഞ്ഞിട്ടു പോവൂ അഗ്രാ‍ാ‘.

    ...പഴത്തിനെ പതുക്കെ ഇറക്കികെടത്തിയിട്ടു....
    പിന്നെ മന്ത്രോം കുന്ത്രോം ഒന്നും വേണ്ട മറിയം... വിരല് ചേര്‍ത്തങ്ങട്ട് ഞെരടി കൊടുത്താല്‍ മതി. പക്ഷേ, പായസം കഴിക്കുന്ന പോലെ ചോറ് തിന്നാല്‍ നല്ല പെട തരാന്‍ വീട്ടിലാളുകളുണ്ടായിരുന്നു.

    പുള്ളി പറഞ്ഞതാണ് ശരി.
    മറ്റുള്ളവര്‍ക്കു ശല്യമാവാതിരിക്കുക. അവനവനു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെങ്കില്‍ മറ്റുള്ളവരെ അവരുടെ പാട്ടിനു വിടുക.. ജീവിയ്ക്കുക ജീവിയ്ക്കാനനുവദിക്കുക...

    ഇഞ്ചി: അഭിപ്രായപ്രകടനത്തെ അടിയായി കാണാന്‍ എനിക്ക് കഴിയുന്നില്ല :)

    ReplyDelete
  25. This comment has been removed by a blog administrator.

    ReplyDelete
  26. Ralminov:

    ഒറിജിനല്‍ മറ്റീരിയല്‍ ഒന്നും ഇല്ലേ സാര്‍? Mail Forward എന്റെ ബ്ലോഗില്‍ തന്നെ വെച്ച് കേറ്റി. ഒരു വഴിക്ക് പോകുന്ന തല്ലെ കൈപ്പളീടെ ബ്ലോഗിനും ഒരണം ഇരിക്കട്ടെ. അല്ലേ?

    ReplyDelete
  27. ഡിലീറ്റ് ചെയ്തു കൈപ്പള്ളീ,
    ചക്രം റീഇന്‍വെന്റ് ചെയ്യേണ്ടെന്നേ ഉദ്ദേശിച്ചുള്ളു....

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..