Friday, November 03, 2006

കമ്പിളി കുപ്പായം

ഫാത്തിമ ചാരുകസേരയില്‍ ഇരുന്നു കംബിളി നെയ്യുകയാണു്. പച്ചയും വെള്ളയും ചുവപ്പും കറുപ്പും നിറത്തിലുള്ള കംബിളി കുപ്പായം. എഴുപതു വയസുകാരിയയ ഫത്തിമയുടെ കൈകള്‍ ഉണങ്ങിയ ഒലിവ് മരച്ചില്ലകള്‍ പോലെ വരണ്ടവയായിരുന്നു. ഫാത്തിമ ചെറുമകള്‍ടെ ആദ്യത്തെ ആണ്‍കുഞ്ഞിനു വേണ്ടി കുപ്പായം നെയ്യുകയാണു. മൂനു തലമുറകള്‍ കണ്ട ഭാഗ്യവതിയാണവര്‍.

പുറത്ത് മഴ തകര്‍ത്തു പെയ്യുന്നുണ്ട്. പഴയ ഈ നാലുനില കെട്ടിടത്തില്‍ ഫാത്തിമ താമസം തുടങ്ങിയിട്ട് വര്‍ഷം അമ്പതു് കഴിഞ്ഞു.

കഴിഞ്ഞ തവണ അവര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അയലത്തെ കെട്ടിടത്തിന്റെ ഒരു വശം തകര്‍ന്നു പോയിരുന്നു. ഫാത്തിമയുടെ കെട്ടിടം ആകെ ഒന്നു കുലുങ്ങിയിരുന്നു.

അവര്‍ മുകളിലേക്ക് നോക്കി, മെല്‍കൂരയിലെ പൊട്ടിപോളിഞ്ഞ പ്ലാസ്റ്ററില്‍ നിന്നും ധാര ധാരയായി മഴ തുള്ളികള്‍ പാത്രത്തില്‍ വീഴുകയാണു്. അവര്‍ അത് ശ്രദ്ധിക്കുന്നില്ല. ജനാലെക്കു പുറത്ത് മഴയില്‍ നിന്നും രക്ഷ നേടാന് ഒച്ച വെച്ച് ഒതുങ്ങി കൂടുന്ന രണ്ടു് വെള്ള പ്രാവുകളെ ഫാത്തിമ കണ്ടു. "സുബഹാനള്ള, അവരെ കാക്കാന്‍ പടച്ചവന്‍ ഉണ്ട്."

അവര്‍ കംബിളി കുപ്പായത്തിന്റെ നെയ്ത്ത് തുടര്‍‍ന്നു. വെള്ളം കൊള്ളാന്‍ ഒരു വലിയ പാത്രം താഴെ ചെറുമകന്‍ ഹൊസ്നി കൊണ്ടു വെച്ചതാണു്. അതു ഏതാണ്ടു് പാതി നിറഞ്ഞു. നിശബ്ദമായ ആ വലിയ മുറിയില്‍ മഴ തുള്ളികളുടെ താളം പ്രതിദ്വനിച്ചുകൊണ്ടിരിന്നു.

മഴ.
ഇടിയും മിന്നലിന്റെയും വാദ്യഘോഷത്തോടുള്ള മഴ.

ഫാത്തിമ ജനാലയിലേക്ക് നോക്കി. അവിടെ നേരത്തെ കണ്ട വെള്ള പ്രാവുകള്‍ ഇല്ല. അരണ്ട വെളിച്ചത്തില്‍ ജനാല ചില്ലിനപ്പുറത്തെ നഗരം കാണാം. മേഖാവൃതമായ അകാശത്തിന്റെ പശ്ചാത്തലത്തില്‍ ദാവീദിന്റെ നക്ഷത്രമുള്ള അവരുടെ പതാക കാറ്റില്‍ പറക്കുകയാണു്.

പാത്രം നിറഞ്ഞു തുളുമ്പുകയാണു്. ഹൊസ്നിയെ വിളിക്കാന്‍ തുന്നല്‍ നിര്‍ത്തി. "എട.. നീ ഒരു പാത്രം കൂടി കൊണ്ടു..." അതു പറഞ്ഞു തീരും മുമ്പേ ഹൊസ്നി പാത്രവുമായി ഓടി വന്നു. നല്ലവനാണു അവന്‍. വലിയുമ്മ മനസില്‍ വിചാരിക്കുന്നതു അവന്‍ പ്രവര്‍ത്തിക്കും.

നിറഞ്ഞു തുളുമ്പുന്ന പാത്രം ഹൊസ്നി നീക്കി മാറ്റി, പകരം ഒരു വലിയ പാത്രം അവിടെ വെച്ചു്. മഴ തുള്ളികള്‍ അതിലേക്ക് ഓരോന്ന് ഓരോന്നായി വീഴുന്നുണ്ട്. അവര്‍ അതിലേക്ക് എത്തിനോക്കി ഒറപ്പുവരുത്തി. നെടുവീര്‍പ്പിട്ടു. പുറത്തു അവരുടെ പതാക കാറ്റില്‍ വിളയാടുകയാണു്. ഇരുമ്പ് പാത്രത്തില്‍ മഴ തുള്ളികളുടെ ധ്വനി ആ വലിയ മുറിയില്‍ മുഴങ്ങി തുടങ്ങി. അവര്‍ വീണ്ടും തുന്നലിലേക്ക് മടങ്ങി.

4 comments:

  1. കൊടുങ്കാറ്റു കഴിഞ്ഞോ? ഇനിപുറത്തിറങ്ങാമല്ലോ? കാറ്റിലും മഴയിലും പെട്ട് ഞാന്‍ എഴുതിവെച്ച ഒരു കഥ അനാഥമായി കിടക്കുന്നു.

    വായിക്കണം. വായിച്ചിട്ട് കഴിയുമെങ്കില്‍ വിമര്‍ശിക്കണ. എന്നെയല്ല. കഥയെ. എവിടെ നന്നാകണം. ആശയങ്ങള്‍ വ്യക്താമാണോ. "എന്താണു ഈ ... വരികൊണ്ടു ഉദ്ദേശിച്ചതു". ഈ വിധത്തില്‍ വിശകലനം ചെയ്യണം.

    ഞാന്‍ മുമ്പ് കഥ എഴുതിയിട്ടില്ല. English ലും എഴുതിയിട്ടില്ല. നിങ്ങളൊക്കെ കഥ എഴുതുന്നതു കണ്ട് ഞാന്‍ എഴുതി നോക്കിയതാണു്.

    എനിക്കു ഇത് പഠിക്കണം. വീണ്ടും ഒന്നുകൂടി പറയുന്നു വിശകലനം ചെയ്യണം, മോശാഅണെങ്കില്‍ എന്തുകോണ്ടു മോശമാണെന്നു പറയണം. അല്ലാതെ "mont blanc പേനകൊണ്ടെ എഴുതിയാല്‍ കഥവരില്ല എനൊന്നു പറഞ്ഞ് സമയം കളയരുത്. കൊള്ളാമെങ്കില്‍ എന്തുകൊണ്ടു കൊള്ളാം എന്നു പറയണം. വെറുതെ എന്റ പുറം ചൊറിയരുത്. അതിനു വിട്ടില്‍ ആളുണ്ട്.

    ReplyDelete
  2. കൈപ്പള്ളി ചേട്ടാ,
    പിണങ്ങരുത്. കഥയില്‍ ചേട്ടന്‍ എന്താണ് ഉദ്ദേശിച്ചതു എന്നു രണ്ടു മൂന്നാവര്‍ത്തി വായിച്ചിട്ടും മനസ്സിലാവുന്നില്ല.
    കഥകള്‍ മനസ്സിനെ സന്തോഷിപ്പിക്കുകയോ‍ കരയിക്കുകയൊ അങനെ എന്തെങ്കീലും ഒരു രസം അതിലുണ്ടാവണം. മറിച്ചു ഇതു വായിച്ചപ്പോള്‍ ഒന്നും തോന്നിയില്ല . നിസ്സംഗത പോലും.
    നന്നാക്കാന്‍ ശ്രമിക്കൂ.
    -വീണ

    ReplyDelete
  3. കൈപ്പള്ളീ..
    കഥാവസാനം വരേക്കും സ്മൂത്തായ ഒരു ഒഴുക്കുണ്ട്. പക്ഷേ പ്രതീക്ഷ നല്‍കിയ ദാവീദിന്റെ നക്ഷത്രമുള്ള പതാക, ചില വ്യക്തമായ സന്ദേശം നല്‍കിയ പ്രതീക്ഷ അവസാനത്തില്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ നിരാശയാണ്‍ ഉണ്ടാക്കിയത്.
    ആദ്യമായാണ് എഴുതുന്നതെന്ന് തോന്നുകയില്ല തന്നെ. കഥയായിട്ടില്ല, അതിന്റെ പശ്ചാത്തലം മാത്രമേ ‘കമ്പിളി കുപ്പായത്തില്‍’ പറഞ്ഞിട്ടുള്ളൂ..
    ഇക്കഥ തന്നെ തുടര്‍ന്നുമെഴുതാമോ?.
    സസ്നേഹം
    ഇബ്രു

    ReplyDelete
  4. വീണ, ചില നേരത്ത്.

    ഇത് ഫലസ്തീനിലെ ഒരു വൃദ്ധയുടെ ഒരു അവസ്ഥ വിശേഷണം മാത്രമാണു. അവരുടെ സ്വകാര്യമായ ഒരു പ്രധാന ജോലി അവര്‍ ചെയ്യുകയാണു. കുപ്പായം നെയ്ത്. പുറത്തു മഴ പെയ്യുന്നു. കൊടി പാറിപ്പറക്കുന്നു. രണ്ടു വെള്ള പ്രാവുകള്‍ ജാനാലയില്‍ അല്പനേരം വന്നിരുന്നിട്ട് പോയി. ചെറുമക മഴത്തുള്ളി ശേഖരിക്കാന്‍ പാത്രങ്ങള്‍ മാറ്റി വെക്കുന്നു.

    ഇതില്‍ ചില ബിംബങ്ങള്‍ കൊണ്ടു സൃഷ്ടിച്ച് ഒരു tableau അണു. യധാര്‍ത്ഥത്തില്‍ കഥ അല്ല.
    -----------------------------
    മഴ = ഇന്തിഫാദ. انتفاض കുടയല്‍, കുടഞ്ഞു കളയല്‍ എന്നാണു ഈ വാക്കിന്റെ അര്‍ത്ഥമെങ്കിലും വിപ്ലവം, uprising എന്ന അര്‍ത്ഥത്തിലാണു ഈ വാക്കിന്റെ പ്രയോഗം. ഇതുവരെ രണ്ടു ഇന്തിഫാദകള്‍ നടന്നിട്ടുണ്ട്.

    പൊട്ടിപൊളിഞ്ഞ വീട് = ഫലസ്തീന്‍ പ്രദേശം

    ഫാത്തിമ പ്രാവിനെ ശ്രദ്ദിക്കുന്നു, പിന്നെ അവ പറന്നു പോകുന്നു = ഇടക്കിടെ ഫലസ്തീന്‍ ജനതക്ക് വിദൂരത്തില്‍ മാത്രം കണാന്‍ കഴിയുന്ന സമാദനമാണു ഇവിടെ കാണിക്കുന്നത്. മഴ (ഇന്തിഫാദ) കടുത്തപ്പോള്‍ അവര്‍ വീടു വിട്ട് പറന്നുകളഞ്ഞു.

    നെയ്യുന്ന നാല് നിറമുള്ള കുപ്പായം = ഫലസ്തീന്‍ എന്ന സ്വതന്ത്ര ദേശം. ഫലസ്തീനിന്റെ കൊടിയുടെ നിറങ്ങള്‍ വെള്ളയും, കറുപ്പുയും, പച്ചയും ചുവപ്പുമാണു്.

    മഴ കൂട്ടാക്കാതെ നഗരത്തില്‍ പാറിപ്പറക്കുന്ന ദാവിദിന്റെ (ഇസ്രയേല്‍) കൊടി = ഇന്തിഫാദ കാര്യമാക്കാതെ ഭരണം നടത്തുന്ന ഇസ്രായിലി സര്‍ക്കാര്‍.

    ഹൊസ്നി ചെറിയ പാത്രം മാറ്റി പുതിയ വലിയ പാത്രം വെക്കുന്നു = ഇസ്രായേല്‍ ഒരു ഇന്തിഫാദ അടിച്ചമര്‍ത്തുമ്പോള്‍, പൂര്‍വാധികം ശക്തിയോടെ ഫലസ്തീന്‍ ജനത വീണ്ടും ഒരു ഇന്തിഫാദ സൃഷ്ടിക്കുന്നു.

    ഫാതിമ നെയ്യുന്ന കുപ്പായം = ഫലസ്തീന്‍ സമൂഹം അവരുടെ സങ്കല്പാമായ ഒരു ദേശത്തിനു വേണ്ടി പരിശ്രമിക്കുന്നു.

    നിങ്ങള്‍ ചൊദിച്ചതുകൊണ്ടു എഴുതിയതാണു. ഇതില്‍ കരയാനും ചിന്തിക്കാനുമെല്ലാം വിഷയങ്ങളുണ്ടെന്നാണു ഞാന്‍ കരുതിയതു്. മനസില്‍ കാണുന്നത് അതുപോലെ പ്രതിഭലിപ്പിക്കാനുള്ള ഭാഷാ പരിമിതികളുണ്ട്. ഇനി ഇതിലും നല്ലതുപോലെ എഴുതാന്‍ ശ്രമിക്കാം. തുറന്ന അഭിപ്രായത്തിനു ഹൃദയം നിറഞ്ഞ നന്ദി. വീണ്ടും അഭിപ്രായങ്ങള്‍ എഴുതണം.
    -----------------------------
    എനിക്ക് ഫാലസ്തീനില്‍ ഹമാസ്സ് നടത്തിയിരുന്ന തീവ്രവാദപരമായ അക്രമണങ്ങളോട് താത്വീകമായ എതിര്‍പ്പുണ്ട്. ഇവിടെ ചിത്രീകരിച്ചിരിക്കുന്നതു ഒരു അവസ്ഥാ വിശഷണം മാത്രമാണു. ഇവിടെ രണ്ടുകൂട്ടരേയും വിരല്‍ ചൂണ്ടാന്‍ ശ്രമിച്ചിട്ടില്ല എന്ന് തോന്നുന്നു.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..