Tuesday, May 15, 2007

ഇനി ഈ സിമന്റും കമ്പിയും ചുടകട്ട കഷണങ്ങളും....

മൂന്നാറില്‍ അനധികൃതമായി നിര്‍മ്മിച്ച എല്ലാ കെട്ടിടങ്ങളും പൊളിച്ചു എന്നത് വളരെ നല്ല കാര്യം തന്നെ. നേതാക്കന്മാര്‍ക്ക് കൊതി കെറു മൂത്തിട്ടാണു ഓടി ചെന്നു കഴിഞ്ഞ ഇലക്ഷനു കായി തരാത്ത എല്ല മൊയ്ലാളിമാരുടെം പള്ളക്കിട്ട് ചവിട്ടിയത് എന്നുള്ളത് വേറെ കാര്യം. അതിലോട്ട് ഒന്നും കടക്കുനീല്ല. രണ്ടു കൂട്ടരും ചെറ്റകളായതുകൊണ്ടു നമ്മുടെ നിലവാരത്തിനു പറ്റിയ വിഷയമല്ല.

എന്റെ ചില സംശയങ്ങള് അതൊന്നുമല്ല‍:

ഇനി ഈ ഇടിച്ച് പോളിച്ച ഇട്ട സിമന്റും കമ്പിയും ചുടകട്ട കഷണങ്ങളും എന്തു് ചെയ്യും? ആനയ്ക്കും പുലിക്കും തിന്നാനായി കാട്ടില്‍ കൊണ്ടു തട്ടുമോ? അതോ പൊളിക്കാന്‍ പോയവര്‍ ഇതിനെയെല്ലാം ലോറിയില്‍ ചുമന്ന് കയറ്റി നമ്മുടെ സ്വന്തം മാലിന്യ സംസ്കരണ സ്ഥാനങ്ങളായ railway track ന്റെ സൈഡില്‍ കൊണ്ടു തട്ടുമോ? അതോ ഇറച്ചി കോഴിയുടെ waste തട്ടാന്‍ മാത്രമായി നിര്‍മ്മിച്ചിരിക്കുന്ന പാലങ്ങളുടെ കീഴിലോ?

മണ്ണ് വാരി മണ്ണ് വാരി കായലുകളും ആറുകളും ആഴം കൂടി എന്നു നിലവിളിക്കുന്നവരുടെ സമാധാനത്തിനു് ഇതെല്ലാം കൊണ്ടു് അവിടെ കൊണ്ടിട്ട് നികത്തിയാലോ?

വേണ്ട. അതൊന്നും വേണ്ടിവരില്ല. എന്തായാലും ഈ കുടി ഒഴിപ്പിച്ച എല്ലാ സ്ഥലങ്ങളും തിരിച്ച് Forest Departmentനു കൈമാറാനൊന്നും പോണില്ല. സിമന്റും കമ്പിയും ചുടുകട്ട കഷണങ്ങള്‍ എല്ലാം അവിടെ തന്നെ കിടക്കട്ടേ. Foundation ഉറപ്പിക്കാനായി അതെല്ലാം അവിടെ തന്നെ കുഴിച്ചിടാം.

എന്തായാലും ദേവികുളത്ത് അടുത്ത വര്‍ഷം പോകുമ്പോഴ് പഴയ കെട്ടിടങ്ങള്‍ പോയി കുറേ പുതിയ കെട്ടിടങ്ങള്‍ അവിടെ തന്നെ കാണാം. ഇതായിരിക്കും ഈ Tourism വികസനം വികസനം എന്നു പറയുന്നത്, അല്ലെ?

25 comments:

  1. ഇനി ഈ സിമന്റും കമ്പിയും ചുടകട്ട കഷണങ്ങളും....

    ReplyDelete
  2. സിമന്റും കമ്പിയും അവിടെത്തന്നെ വെക്കും. നേതാക്കന്മാര്‍ വീണ്ടും കൂറുമാറുമ്പോള്‍, പൊളിച്ചു നീക്കിയ കെട്ടിടങ്ങളുടെ സ്ഥാനത്ത് വേറെ കെട്ടിടങ്ങള്‍ പണിയും. അപ്പോള്‍, അതിനൊക്കെ ഈ സിമന്റും കമ്പിയും ഉപയോഗിക്കും. അതിന്റെ പൊടിയൊക്കെ നമ്മുടെ കണ്ണിലിടും. അല്ല പിന്നെ.

    ReplyDelete
  3. നമ്മുടെ നാട്ടില്‍ ആരും കാണാതെ പോവുന്ന ഒരു യാഥാര്‍ത്ഥ്യം കൈപ്പള്ളി.. കൂടുതലും സാധ്യത അതവിടെ തന്നെ ഉപേക്ഷിച്ച് ഏമാന്‍‌മാര്‍ സഥലം വിടാനാണ്..(ഇത്രയും എഴുതിയപ്പോഴാണ് സുവിന്റെ കമന്റും ഈ വഴിക്കണല്ലോ പോയതെന്ന് ഓര്‍ത്തത്..
    എന്തായാലും നമ്മുടെ പരിസ്ഥിതിക്ക് ഗുണമാവുന്ന ഒന്നും ഇവരില്‍ നിന്നും തല്‍ക്കാലം പ്രതീക്ഷികണ്ട...:)

    ReplyDelete
  4. കേരളത്തെ കുറിച്ച്,പരിസ്ഥിതിയെക്കുറിച്ച്... ഇത്ര ആത്മാര്‍ഥമായി ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് ഭ്രാന്തു പിടിക്കും...വേറൊന്നും സംഭവിക്കില്ല.

    ReplyDelete
  5. ഞാനും മലയാളത്തില്‍ ബ്ലൊഗാന്‍ പഠിച്ചു
    സഹായിച്ച കൊടകരപുരാണത്തിനും, സുവിനും, തമനുവിനും, കൈപ്പള്ളിക്കും നന്ധി.

    ReplyDelete
  6. Sha:
    ഈ അവസരത്തില്‍ ഇന്നലെ കൃത്യ സമയത്തിനു രണ്ടു കെട്ട് gypsum boardഉം ഞാന്‍ മറന്നു വെച്ച് മൊബൈല്‍ ഫോണും അതൊടൊപ്പം രണ്ടു മുട്ടറോസ്റ്റും എനിക്ക് work siteല്‍ എത്തിച്ചു തന്ന അജ്മല്‍ ഖാന്‍ എന്ന പാകിസ്ഥാനി ഡ്രൈവറിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തട്ടെ.

    ഇനി ആര്‍ക്കെങ്കിലും ഈ പോസ്റ്റുമായി ബന്ധില്ലാത്ത നന്ദി പ്രകാശനം നടത്തണമെങ്കില്‍ ഇപ്പോള്‍ ആവാം.

    Sha:
    "കൊടകരപ്പുരണത്തിനു" നന്ദി പറയണ്ട. അതൊരു പുസ്തകമല്ലെ?
    പിന്നെ വളരെ നിര്‍ബന്ധമാണെങ്കില്‍ "വിശാലന്‍" എന്ന സജീവ് ഇടത്താടനോടു് നന്ദി പറയാം.

    ReplyDelete
  7. സിമന്റ് പ്ലാസ്റ്റിക് ആസ്ബറ്റോസ് ഇതൊക്കെ ഉണ്ടാക്കുന്ന മാരകമായ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ക്രിയാത്മകമായ ഒരു ചര്‍ച്ചപോലും നടക്കാത്ത നാടാണ് നമ്മുടേത്. പത്രക്കാര്‍ക്ക് വേണ്ടത് വില്‍ക്കാനാവുന്ന വിശേഷങ്ങള്‍ മാത്രമല്ലേ. ഇതൊക്കെ ഓര്‍മിപ്പിക്കുന്നതിനു നന്ദി കൈപ്പള്ളീ.
    ഓഫ്: പാവം ഷാ... ഒരു നന്ദി പറഞ്ഞേനു വെറുതെ വിട്ടൂടേ മാഷേ..

    ReplyDelete
  8. കൈപ്പള്ളി കൈപ്പള്ളിയേപ്പോലെ ചിന്തിക്കുന്നു, ഞാന്‍ എന്നെപ്പോലേയും.
    -കമന്റോ,ഏയ്, ഒന്നൂല്യാ!

    ReplyDelete
  9. ഞാനാലോചിച്ചത് അപ്പോള്‍ അവിടെന്ന് വെട്ടിമാറ്റിയ മരങ്ങള്‍ക്കൊക്കെ ആര് സമാധാനം പറയും എന്നായിരുന്നു? :(

    ReplyDelete
  10. Manu.

    പരിസ്ഥിധി സംരക്ഷണത്തിന്റെ വിഷയം ഞാന്‍ നാട്ടില്‍ പലവെട്ടം സ്വകാര്യമായി രാഷ്ട്രീയക്കാരുമായി സംസാരിച്ചപ്പോള്‍ അവര്‍ അതിനേക്കാള്‍ അതിഗംഭീരമായ പ്രശ്നങ്ങള്‍ പരിഹരിക്കാതെ കിടക്കുന്നു എന്ന് ചൂണ്ടി കാണിക്കും. ശരിയാണു. അതെല്ലാം പരിഹരിക്കേണ്ടതു തന്നെയാണു. പക്ഷെ എല്ല പ്രശ്നങ്ങളെയും ഒരുമിച്ച് പരിഹരിക്കാന്‍ ശ്രമിക്കുന്നതാണു പ്രശ്നം. ചെറിയ ചെറിയ കാര്യങ്ങള്‍ അപ്പോള്‍ തന്നെ പരിഹരിച്ചാല്‍ ഭാവിയില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാവില്ല.

    ഇപ്പോള്‍ മൂന്നാറില്‍ എത്ര metric tonnes of concrete ഉണ്ടാവും. തീരദേശ പ്രദേശമാണെങ്കില്‍ കടലില്‍ ഭിത്തികെട്ടാനെങ്കിലും ഉപകരിക്കുമായിരുന്നു. മൂന്നാര്‍ കാട്ടില്‍ ഇതിനെ എന്തു ചെയ്യും? ഈ സിമന്റു കട്ടകള്‍ മണ്ണില്‍ അലിയില്ല. അതെല്ലാം കുഴിച്ചിട്ടാല്‍ അവിടെ ഒന്നും കിളിക്കുകയുമില്ല. പ്രകൃതിയുടെ ആക്രമണം പ്രതിരോധിക്കാനായി നിര്‍മ്മിക്കുന്നതാണു് concrete. അപ്പോള്‍ ഈ അടുത്ത കാലത്തൊന്നും അതു് നശിക്കില്ല.

    ഈ ഇടിക്കലും പൊളിക്കലും കഴിഞ്ഞ് ഇതൊകെ ശരിയായ രീതിയില്‍ സംസ്കരിക്കുന്നതിനെ കുറിച്ച് ആരെങ്കിലും അലോചിച്ചിട്ടുണ്ടോ?

    മൂന്നാര്‍ പ്രകൃതിസ്നേഹികളുടെ സങ്കേതമാണെന്നാണല്ലോ പറയുന്നത്. പ്രകൃതിയെ നശിപ്പിച്ചുകോണ്ടല്ല പ്രകൃതിയെ സ്നേഹിക്കുന്നത്. ഇതു് മറ്റെ "ആനപ്രേമികള്‍" ആനയെ കാട്ടില്‍ നിന്നും പിടിച്ചു കൊണ്ടുവന്ന് കുന്തവും വടം കയറും വെച്ച് "സ്നേഹിക്കുന്ന" കണക്കായിപോയി.

    Inji Pennu
    ഇന്നു വെട്ടിമാറ്റിയ മരത്തെ പറ്റി ദുഖിക്കാതെ. അതു കഴിഞ്ഞുപോയ കാര്യം. അവിടെ നാളെ വളരാനുള്ള കാടിനെ കുറിച്ച് ദുഖിക്കു. ഇനി അവിടെ മരം വെട്ടാതിരിക്കാനുള്ള് മാര്‍ഗ്ഗത്തെ പറ്റി ആലോചിക്കു.

    ReplyDelete
  11. "അവിടെ നാളെ വളരാനുള്ള കാടിനെ കുറിച്ച് ദുഖിക്കു. ഇനി അവിടെ മരം വെട്ടാതിരിക്കാനുള്ള് മാര്‍ഗ്ഗത്തെ പറ്റി ആലോചിക്കു"
    ഇനി അവിടെ കാട് പോയിട്ടൊരു പുല്‍നാമ്പ് പോലും വളരുന്ന ലക്ഷണമില്ല കൈപ്പള്ളീ.ഇപ്പോള്‍ മൂന്നാറില്‍ തണുപ്പില്ല, കോണ്‍ക്രീറ്റ് പൊടിപടലത്തില്‍ മൂടിയ ചൂട്കാറ്റേയുള്ളൂ. ഇപ്പോഴത്തെ നടപടി കൊള്ളാം, എങ്കിലും കൈപ്പള്ളി ഉയര്‍ത്തുന്ന ചോദ്യം തന്നെയാണെന്റേയും, ഈ സിമന്റ് കോണ്‍ക്രീറ്റ് കട്ടകളും ഇഷ്ടികയും ഇനി എന്തു ചെയ്യും..? നാളയോ മറ്റന്നാളോ പ്രഖ്യാപിക്കാന്‍ പോകുന്ന ഏക്കറ് കണക്കിനു ‘റിസര്‍വ് വനത്തില്‍’ കൊണ്ട് തള്ളുമായിരിക്കും. പരിസ്ഥിതിയൊക്കെ അങ്ങട്ട് വികസിക്കട്ടന്നേ..!!
    ഓഫ്: ആ സി.പി.ഐ കെട്ടിടത്തില്‍ ഞാനും അന്തിയുറങ്ങീട്ടുണ്ട്..കെട്ടിടനിര്‍മ്മാണ ചട്ടമൊക്കെ ഉണ്ടാവുന്നതിനുമുന്‍പെങ്ങോ നിര്‍മ്മിച്ചതാണ് ആ കെട്ടിടം എന്നാണു ഞാന്‍ കരുതിയത്..! :)

    ReplyDelete
  12. ഈ കോണ്‍ക്രീറ്റും ചുടുകട്ടേം കല്ലും സിമന്റും പരിസരപ്രദേശങ്ങളിലെ റോഡുകളിലെ ഖട്ടര്‍ നികത്താന്‍ ഉപയോഗിക്കാന്‍ പറ്റുമോ?... അങ്ങിനെ ഉപയോഗിക്കാമെങ്കില്‍ വെള്ളത്തൂവലില്‍നിന്നും മൂന്നാര്‍ വരെയുള്ള റോഡിലെ കുഴികള്‍ മാത്രം നികത്താന്‍ മൂന്നാറിലുള്ള മുഴുവന്‍ കെട്ടിടങ്ങളും തകര്‍ത്താലും തികയാതെ വരും...

    ReplyDelete
  13. മൂന്നാറിലെ കല്ലുകളും കട്ടകളും കോണ്‍ക്രീ‍റ്റുമൊക്കെ അവിടെനിന്നും പൂര്‍ണമായും പുറത്തേക്കു കൊണ്ടു വന്ന് സംസ്കരിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി വരുന്നുവെന്നും അതിന് വേണ്ടി നൂറ് കണക്കിന് ജോലിക്കാരേയും ലോറികളേയും ഏര്‍പ്പാടാക്കുന്നുവെന്നുമൊക്കെ വൈകിട്ടത്തെ വാര്‍ത്തയില്‍ കേട്ടു. ഇതുവരെയുള്ള പോക്കു കണ്ടിട്ട് ഇതു നല്ലനിലക്ക് തന്നെയാണെന്ന് തോന്നുന്നു.

    ReplyDelete
  14. കയ്യേറ്റവും കെട്ടിടനിര്‍മാണവും തടയേണ്ടിയിരുന്നത്‌ തുടക്കത്തിലായിരുന്നു. കൈയ്യേറിയതില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ടായിരുന്നെന്നാണ് അറിവ്‌. നല്ലത്‌ ചെയ്യണമെന്നാഗ്രഹമുണ്ടായിരുന്നെങ്കില്‍ ഇതയും വലിയ സാമ്പത്തിക നഷ്ടം വരുത്താതെ ആ കയ്യേറ്റ കെട്ടിടങ്ങളും ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത്‌ ലേലം ചെയ്യണമായിരുന്നു. സര്‍ക്കാര്‍ കടം 55,000 കോടിയില്‍ നല്ലൊരു പങ്കും നികന്ന്‌ കിട്ടിയേനെ. കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി വനവര്‍ക്കരണം ഒരിക്കലും സാധ്യമല്ല. പലരും കോടതികളിലൂടെ അനുകൂല വിധികള്‍ നേടിയെന്നും വരാം. ചിലപ്പോള്‍ നഷ്ടപരിഹാരവും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ കൊടുക്കേണ്ടി വന്നെന്നും വരാം. എന്തും നശിപ്പിക്കാന്‍ എളുപ്പമാണ്. പ്രത്യേകിച്ചും പ്രകൃതിയെ. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ നിറയുമ്പോള്‍ ഇന്ന്‌ ജനം നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന്‌ ശ്രദ്ധ തിരിക്കാം. അല്ലാതെ ഇതുകൊണ്ട്‌ നഷ്ടങ്ങളുടെ കണക്കുമാത്രം ബാക്കി.

    ReplyDelete
  15. ഈ വക ചെലവുകളൊക്കെ മുന്നില്‍ കണ്ടതു കൊണ്ടാ‍ണല്ലോ കൈപ്പള്ളി കെട്ടിടം വച്ചവരോട് ഇടിയ്ക്കാന്‍ പറഞ്ഞിട്ട് അവര്‍ മൈന്‍ഡ് ചെയ്യാതെ “ഓ..പിന്നെ.. അതും ഞങ്ങളുടെ ചെലവില്‍ത്തന്നെ വേണോ..! വേണോങ്കി മാറ്റെടാ സര്‍ക്കാരേ’ന്നവര്‍ പറഞ്ഞത്.
    എന്തായാലും കാര്യങ്ങള്‍ അവാസാനിക്കുംവരെ കാത്തിരിക്കാം

    ReplyDelete
  16. അപ്പോള്‍ കയ്യേറിയ സ്ഥലവും അതിലെ കെട്ടിടങ്ങളും നമുക്ക് സംരക്ഷിക്കാമായിരുന്നു എന്ന് ചുരുക്കം.
    ഒരു സംശയം...ഇവിടെ ഇപ്പോള്‍ ഇതെല്ലാം പൊളിക്കേണ്ടി വന്നത് പരിസ്ഥിതി പ്രശ്നം മൂലമാണോ? സര്‍ക്കാര്‍ ഭൂമിയില്‍ ആരെന്തൂ പണിതാലും അപ്പോള്‍ പൊളീക്കണ്ടാ എന്നാണോ?

    പൊളീച്ച സാധനങ്ങള്‍ ഇടാന്‍ അറബിക്കടലില്‍ വരെ സ്ഥലം അന്വേഷിച്ച കൈപ്പള്ളീ, ഈ കെട്ടിടങ്ങള്‍ അവിടെ നിന്നിരുന്നു എങ്കില്‍ അവിടെ വരുന്നവര്‍ പ്രകൃതിക്കു ചെയ്യാമായിരുന്ന കടുംകൈകള്‍ കൈപ്പള്ളിയുടെ മനോമുകുരത്തീല്‍ എന്തേ വന്നില്ല.

    ReplyDelete
  17. ഇങ്ങനേയും ചിന്തിക്കാം. നന്നായിരിക്കുന്നു.

    ReplyDelete
  18. കൈപ്പള്ളി മാഷെ,
    നല്ല ചിന്ത.ഉദ്ദേശശുദ്ധിക്കുമുന്നില്‍ നമിക്കുന്നു.

    ReplyDelete
  19. കൈപ്പള്ളിജി,
    പഴയ വിപ്ലവഗാനത്തിനെയിനി പുതിയ വരിയിട്ട്‌ പാടേണ്ടിവരുമോ? ദാ ഇങ്ങനെ?

    "നമ്മള്‍ ഇടിക്കും (കൊയ്യും) ഇടമെല്ലാം
    നമ്മുടേതാകും ചെങ്കിളിയേ..!

    ReplyDelete
  20. വികടകുമാര്‍...

    "അപ്പോള്‍ കയ്യേറിയ സ്ഥലവും അതിലെ കെട്ടിടങ്ങളും നമുക്ക് സംരക്ഷിക്കാമായിരുന്നു എന്ന് ചുരുക്കം. "

    ഞാന്‍ അങ്ങനെ പറഞ്ഞോ? എവിടെ. ഒന്നു കാണിച്ചുതരൂ?

    "സര്‍ക്കാര്‍ ഭൂമിയില്‍ ആരെന്തൂ പണിതാലും അപ്പോള്‍ പൊളീക്കണ്ടാ എന്നാണോ?"

    ഇതിനെല്ലാം ഞാന്‍ ഉത്തരം പറയണോ? എന്തിനു്? ഇതല്ലല്ലോ എന്റെ വിഷയം. ഞാന്‍ എഴുതിയ പോസ്റ്റു് വായിക്കാതെ ചുമ്മ കമന്റുകള്‍ മാത്ത്രം വായിച്ച് എന്നോടു മെക്കെട്ട് കേറുകയാണോ "വികടകുമാര്‍"?

    പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്നും പറഞ്ഞു എന്നെ വിവാദത്തിലേക്ക് ഉന്ദി നീക്കാനുള്ള പരിപാടിയാണൊ? വേണ്ട.


    "ഈ കെട്ടിടങ്ങള്‍ അവിടെ നിന്നിരുന്നു എങ്കില്‍ അവിടെ വരുന്നവര്‍ പ്രകൃതിക്കു ചെയ്യാമായിരുന്ന കടുംകൈകള്‍ കൈപ്പള്ളിയുടെ മനോമുകുരത്തീല്‍ എന്തേ വന്നില"


    എന്റെ തലയില്‍ പല കാര്യങ്ങളും വരാറില്ല.

    ഞാന്‍ എന്തെ സൌരയുധത്തിലെ നക്ഷത്ര സ്ഫോടനത്തെ പറ്റി ചിന്തിക്കുനില്ല?

    ഞാന്‍ എന്തെ കേരളത്തില്‍ മാക്രികളുടെ വംശനാശത്തെ പറ്റി ചിന്തിക്കുനില്ല?

    എനിക്ക് സൌകര്യമുള്ള് കാര്യത്തെ പറ്റി സൌകര്യമുള്ളപ്പോള്‍ ചിന്തിക്കും. എഴുതും. പറ്റൂലെ?

    ശെടാ!!! ഞാന്‍ എന്തരിനെ പറ്റി ചിന്തിക്കണം എഴുതണം എന്നുള്ള ആ ചെറീയ സ്വാന്ത്ര്യം എങ്കിലും എനിക്ക് വിട്ടു തരൂ.

    ReplyDelete
  21. ഇനിയാരെങ്കിലും വനം (പൊതുസ്ഥലം) കൈയേറി എന്തെങ്കിലും പണിയുന്നതിനു മുമ്പ് ഒന്നു ചിന്തിക്കും. ആ നിലക്ക് പരിസ്ഥിതിക്കു വേണ്ടി വളരെ നല്ല കാര്യമാണ് മന്ത്രി ചെയ്തത്.

    പൊളിക്കുന്നതിന്റെ കാശും, പരിസ്ഥിതിക്കു വരുത്തിയ നാശത്തിനുള്ള കാശും അവശിഷ്ടങ്ങള്‍ സംസ്കരിക്കുന്നതിന്റെ കാശും കൂടി ഈടാക്കണം ഈ പണിതവരുടെ കൈയില്‍ നിന്നും. എല്ലാവര്‍ക്കും ഒരു പാഠമാവണം ഈ സംഭവം.

    പൊതുസ്ഥലം കൈയേറി എന്തു നിര്‍മ്മിച്ചാലും, അതു പാ‍ര്‍ട്ടി ഓഫീസായാലും അമ്പലമായാലും പള്ളിയായാലും, ഇടിച്ചു നിരത്തണം. പാര്‍ട്ടി ഓഫീസ് പിന്നെയും പൊളിക്കാന്‍ പറ്റുമായിരിക്കും, പക്ഷേ പൊതുസ്ഥലം കൈയേറി പണിത ഒരു ആരാധനാലയത്തിനെയും തൊടാന്‍ ഒരു രാഷ്ട്രീയക്കാരനും നട്ടെല്ലുണ്ടാവില്ല. കൈയേറ്റക്കാര്‍ ആ സ്ഥലത്ത് ഒരു കൊച്ചു പള്ളിയോ അമ്പലമോ ആദ്യം പണിതിട്ട് പിന്നീട് എന്തു കാണിച്ചാലും ആരും ചോദിക്കില്ലായിരുന്നു, മണ്ടന്മാര്‍.

    പൊതുസ്ഥലത്തു നില്‍ക്കുന്ന എല്ലാ പാ‍ര്‍ട്ടി ഓഫീസുകളുടെയും(ഓല ഷെഡ്ഡുകള്‍ അടക്കം) അമ്പലങ്ങളുടെയും പള്ളികളുടെയും ഒരു ലിസ്റ്റുണ്ടാക്കി മന്ത്രിക്കു കൊടുക്കുകയാണ് വേണ്ടത്. പൊളിക്കട്ടേ എല്ലാം.

    നല്ലത് ആരു ചെയ്താലും അഭിനന്ദിക്കുകയാണ് വേണ്ടത്. രാഷ്ട്രീയക്കാരുടെ കൊതിക്കെറുവായി പുച്ഛിച്ചു ചെറുതാക്കത് ഈ സംഭവത്തെ. എന്തിന്റെ പേരിലായാലും നമ്മുടെ സ്വത്തിനെ വീണ്ടെടുക്കാന്‍ മന്ത്രി കാണിച്ച ചങ്കൂറ്റം അഭിനന്ദനം അര്‍ഹിക്കുന്നു. ജനങ്ങള്‍ക്കു വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്. ചെറ്റരാഷ്ട്രീയം എന്ന ലേബല്‍ ഈ ലേഖനത്തിനു യോജിച്ചതല്ല.

    ReplyDelete
  22. ക്ഷമിക്കുക പ്രിയ സുഹൃത്തെ...
    ഇത്ര വികാരം കൊള്ളേണ്ട കാര്യം ഒന്നും ഞാന്‍ പറഞ്ഞീട്ടില്ല. താങ്കളുടെ ലേഖനത്തില്‍ നിന്നു എന്റെ വികട മനസ്സിനു മനസ്സിലായ കാര്യങ്ങള്‍ പറഞ്ഞു എന്നെ ഉള്ളൂ....ഒരു ലേഖനം വായിക്കുമ്പോള്‍ അത് എഴുതാനുണ്ടായ സാഹചര്യം “കൂട്ടി” വായിക്കേണ്ട കര്‍ത്തവ്യം വായനക്കാരനുണ്ടല്ലോ. അല്ലാതെ എഴുതിയ വാക്കുകള്‍ മാത്രം വായിച്ച് അര്‍ഥം മനസ്സിലാക്കാനാണെങ്കില്‍ വല്ല നിഘണ്ഡുവും വായിച്ചാല്‍ മതിയല്ലൊ.

    എന്തരിനെ പറ്റിയും ചിന്തിക്കനുള്ള സ്വാതന്ത്യം താങ്കള്‍ക്കുള്ള പോലെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കും കൊടുത്തു കൂടെ. അല്ലെങ്കില്‍ പിന്നെ രാഷ്‌ട്രീയക്കാരും നമ്മളും തമ്മില്‍ എന്ത് വ്യത്യാസം?

    ReplyDelete
  23. കൈപ്പള്ളി ചെറ്റ രാഷ്ടീയം എന്ന് വിളിച്ചത്
    “എന്തായാലും ദേവികുളത്ത് അടുത്ത വര്‍ഷം പോകുമ്പോഴ് പഴയ കെട്ടിടങ്ങള്‍ പോയി കുറേ പുതിയ കെട്ടിടങ്ങള്‍ അവിടെ തന്നെ കാണാം. ഇതായിരിക്കും ഈ Tourism വികസനം വികസനം എന്നു പറയുന്നത് " ഇതിനെയാണെന്നാണ് എനിക്ക് ലേഖനത്തില്‍ നിന്ന് മനസ്സിലായത്. ഏതൊക്കെ ഗവണ്മെന്റ് മാറിവന്നാലും വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന ചെറ്റരാഷ്ടീയം തന്നെ. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി നടത്തുന്ന നാടകങ്ങള്‍. അല്ലാതെ ഇപ്പോഴത്തെ ഗവണ്മെന്റ് നടപടിയെ വിമര്‍ശിക്കുന്നതായി ഈ ലേഖനത്തെ മനസ്സിലാക്കുന്നത് വായനയുടെ പിഴവായി ഞാന്‍ വിലയിരുത്തുന്നു.

    കെട്ടിടങ്ങള്‍ വെറുതെ പൊളിച്ച് പരിസ്ഥിതിക്ക് ദോഷമാകുന്ന അവശിഷ്ടങ്ങള്‍ അവിടെ ഉപേക്ഷിക്കാതെ അവകൂടി പുനസംസ്കരണത്തിനു വിധേയമാക്കുന്ന ഒരു പൂര്‍ണ്ണ നടപടിയെക്കുറിച്ച്... വനനശീകരണത്തിനുമറുപടി വനവല്‍ക്കരണം മാത്രമാണെന്ന (ഇപ്പോള്‍ കെട്ടിടങ്ങള്‍ പൊളിച്ചിടത്ത് മരങ്ങള്‍ മുളച്ചുപൊന്തുന്നതു വരെ ഈ സര്‍ക്കസിന് അര്‍ത്ഥമില്ല എന്ന )സത്യത്തെക്കുറിച്ച്...കാട് സ്വന്തം മച്ചുനന്മാര്‍ക്ക് തീറെഴുതിക്കൊടുത്ത് കാലംതോറും സര്‍ക്കാരുകള്‍ മാറിവരുമ്പോള്‍ ഇത്തരം കസര്‍ത്തുകള്‍ കാണിച്ച് കയ്യടിവാങ്ങിക്കുന്ന രാഷ്ട്രീയക്കാരന്റെ ചെറ്റത്തരത്തെക്കുറിച്ച്... കൊടിയുടെ നിറത്തിനപ്പുറം ചിന്തിക്കാനറിയാത്ത നമ്മുടെ കുഞ്ഞുമനസ്സുകളെക്കുറിച്ച് ... അങ്ങനെ പലതും ഓര്‍ക്കാനുണ്ടിവിടെ.

    ReplyDelete
  24. മനു,
    ചെറ്റ രാഷ്ട്രീയം എന്നത് പോസ്റ്റിന്റെ ലേബല്‍ ആണ്. പോസ്റ്റുകളെ തരം തിരിക്കുന്നതിന് എഴുത്തുകാരന് ബ്ലോഗ്ഗര്‍ കൊടുക്കുന്ന ഒരു സംവിധാനമാണ് അത്. വായനക്കാര്‍ അതിനെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട കാര്യം ഇല്ല. എന്നാലും ഞാന്‍ കൈപ്പള്ളിയോട് ഇപ്പോള്‍ നടന്നത് ചെറ്റ രാഷ്ട്രീയം അല്ല എന്നു പറഞ്ഞു എന്നു മാത്രം.

    ഏല്ലാവിധ കൈയേറ്റങ്ങളും ഒഴിപ്പിക്കേണ്ടതാണ്. അതു വനമായാലും, ഭാരതപ്പുഴയായാലും, ദേശീയപാതയോരമായാലും ശരി.

    വളരെക്കാലം എന്റെ മനസ്സിലുണ്ടാ‍യ ഇക്കാര്യം അതിനേക്കാള്‍ നന്നയി വി. എസ് ചെയ്തപ്പോള്‍ ഒരു സന്തോഷം. അതിനെ പലരും(കൈപ്പള്ളി അല്ല) പല കാരണങ്ങള്‍ കൊണ്ടും വില കുറച്ചു കാണാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സങ്കടവും. നല്ല കാര്യങ്ങള്‍ ആരു ചെയ്താലും അതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

    ഒരു കള്ളന് നല്ല ചുട്ട അടികൊണ്ടാല്‍ ബാക്കിയുള്ളവര്‍ അതു കണ്ടു പഠിച്ചോളും. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കുറയുകയും ചെയ്യും.

    ReplyDelete
  25. വളരെ ധീരമായൊരു നടപടിയാണ് മൂന്നാറില്‍ സര്‍ക്കാര്‍ നടത്തിയത്. കുറെക്കാലമായി ആരും മുന്‍‌കൈയെടുക്കാതിരുന്ന ഈ പ്രവൃത്തിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പക്ഷെ ഇത്തരം ഇടിച്ചുനിരത്തലുകള്‍ സര്‍ക്കാരിന് കയ്യടി നേടാനുള്ള മാര്‍ഗ്ഗമാ‍ണെങ്കില്‍ കൈപ്പള്ളി ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും പ്രസക്തിയുണ്ട്. എന്നാല്‍ പ്രകൃതിയുടെ സംരക്ഷണമാണ് സര്‍ക്കാരിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യമെങ്കില്‍ ഇത്തരം സംശയങ്ങള്‍ അസ്ഥാനത്തായിരിക്കുമെന്ന് വരും ദിവസങ്ങള്‍ തെളിയിക്കും. അങ്ങനെ, ഇടിച്ചുനിരത്തിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ വേണ്ട വിധം നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന് വിശ്വസിക്കാം........

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..