Wednesday, May 09, 2007

പഴങ്കഞ്ഞി !

പണ്ടു പോര്‍ച്ചുഗീസുകാരു കപ്പലില്‍ പോയി അമേരിക്ക കണ്ടുപിടിച്ച ചരിത്രം ഓര്‍മ്മവരുന്നു. ‌അവമ്മാരെല്ലാംകൂടി തൊഴഞ്ഞ് തോഴഞ്ഞ് അമേരിക്കയില്‍ ചെന്നു പെട്ടു. എന്നിട്ട് അത് അവരുടെ കണ്ടുപിടുത്തമാണെന്നു പറഞ്ഞുണ്ടാക്കി. അവിടെ യുഗങ്ങളായി ജീവിച്ചിരുന്നവരുടെ അറിവെല്ലാം അപ്രസക്തം.

അതുപോലെയാണു പണ്ടെങ്ങാണ്ടുണ്ടാക്കിയ ഈ മലയാളം യൂണികോഡ് ബൈബിള്‍നെ (2004ല്‍) Asianet News ഇപ്പോള്‍ "കണ്ടുപിടിച്ചതു". ഇതുവരെ ഇവര്‍ ആരും കണ്ടില്ലെ? അതോ അതു കാണാനുള്ള് സംവിധാനം ഇല്ലായിരുന്നോ? സംവിധാനം ഉണ്ടായിരുന്നിട്ടൂം പരിജ്ഞാനം ഇല്ലായിരുന്നോ? അതോ പ്രസക്തമാണെന്നു തോന്നിയില്ലെ?

കഴിഞ്ഞ മൂനു വര്‍ഷമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മലയാളികള്‍ക്ക് ഇതു സുപരിചിതമാണെന്നാണു ഞാന്‍ കരുതുന്നത്. ബ്ലോഗ് വായനക്കാര്‍ക്കും എന്റെ സുഹൃത്തുക്കള്‍ക്കും ഇതേപ്പറ്റി അറിയാം. അപ്പോള്‍ ഇതു് അവരെ സമ്പന്ധിച്ചിടത്തോളം പഴങ്കഞ്ഞിയാണു്. പിന്നെ മാദ്യമങ്ങള്‍ക്ക് ഈ ബ്ലോഗ് സമൂഹം കുഷ്ടരോഗികളും മാനസിക രോഗികളേയും പോലെ ഒരു നിന്ദ്യവര്‍ഗ്ഗമാണല്ലോ. ബ്ലോഗ് വെറും അപ്രസക്തം. ഇത് ഇപ്പോഴ് വാര്‍ത്തയായി വന്നതിന്റെ കാരണവും മലയാളം ബ്ലോഗ് എഴുതുന്ന എന്റെ സുഹൃത്തും മാദ്ധ്യമ പ്രവര്‍ത്തകനുമായ ഒരു സുഹൃത്തിന്റെ പരിശ്രമത്തിന്റെ ഫലമായിട്ടാണു്. അദ്ദേഹം എന്നോടു ഈ അഭിമുഖത്തെ പറ്റി പറഞ്ഞപ്പോഴും ഈ സംഭവത്തിന്റെ പഴക്കത്തെപറ്റി ഞാന്‍ സൂചിപ്പിച്ചിരുന്നു. പിന്നെ ഞാന്‍ ആലോചിച്ചു. പഴങ്കഞ്ഞിയാണെങ്കിലു മീന്‍ കറിയും അല്പം അച്ചാറുമിട്ട് ഒരു പിടിപിടിക്കാം എന്നു കരുതി. യേത്? Malayalam - Unicodeനേ പറ്റി ഒരു ഞരിപ്പ് പ്രസംഗത്തിനുള്ള എന്തിനു ചുമ്മ കളയണം?

ഞാന്‍ സമ്മതം മൂളി. കഴിയുമെങ്കില്‍ പത്ര മാദ്ധ്യമത്തിനും, കേരളത്തിലെ IT missionഉം, സര്‍ക്കാറിനും, ഒരു തൊഴിയും കൊടുക്കാം എന്നും കരുതി. (നല്ല തൊഴികിട്ടിയാല്‍ ഏത് വയസനും ഒന്നു ചാടും.) അറിയാവുന്ന സാങ്കേതിക മലയാള പദങ്ങള്‍ ഉപയോഗിച്ച് വളരെ ലളിതമായി തന്നെ ഞാന്‍ Unicodeനെ കുറിച്ചും മലയാള മുദ്രണ സംവിധാനത്തെകുറിച്ചും, അതിന്റെ അഭാവത്തില്‍ ഭാഷക്കുണ്ടാവുന്ന ജീര്‍ണതയേ കുറിച്ചുമെല്ലാം പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാറിന്റേയും മാദ്ധ്യമങ്ങളുടെയും അലക്ഷ്യമായ മനോഭാവത്തെ പറ്റിയും ഞാന്‍ പറഞ്ഞിരുന്നു. എന്നു വെച്ചാല്‍ ഒരു ഞെരിപ്പ് പ്രസങ്ങം തന്നെ ഞാന്‍ അവിടെ നടത്തി. പക്ഷെ അതെല്ലാം cut ചെയ്തിട്ട് അവര്‍ക്ക് മനസിലാവുന്ന കുറച്ചു കാര്യങ്ങള്‍ മാത്രം അവതരിപ്പിച്ചു. പിന്നെ അവരുടെ കുഞ്ഞു മനസുകള്‍ക്ക് മനസിലാവാത്ത ചില കാര്യങ്ങള്‍ അവര്‍ സങ്കല്പിച്ചും പറഞ്ഞു. അതായത്: "നൌഷാദ് ഒരു ഇസ്ലാം മത വിശ്വാസിയാണെന്ന്". ഏതോ ഒരു നൌഷാദിന്റെ കാര്യമായതുകൊണ്ടു കുഴപ്പമില്ല. ക്ഷമിക്കാം.

അപ്പോള്‍ lowest common denominatorനു മനസിലാവുന്നതു് മാത്രമാണോ ഈ വാര്‍ത്ത പരിപാടി. ഗൌരവമായ കാര്യങ്ങള്‍ പിന്നെ എവിടെ വാര്‍ത്തയായി വരും? അരു് കേള്‍ക്കും? എന്റെ തംശയങ്ങളാണെ. Unicodeന്റെ ആവശ്യവും അതിന്റെ പ്രസക്തിയും ഇനി ഏത് കാലത്താണവോ നമ്മളുടെ മാദ്ധ്യമ പ്രവര്‍ത്തകര്‍ മനസിലാക്കുക.

ഒന്നാലോചിച്ചാല്‍ പത്ര പ്രവര്‍ത്തകരെ കുറ്റം പറയാന്‍ കഴിയില്ല. കാരണം ഈ വിഷയങ്ങളില്‍ ഉള്ള പൊതുവെയുള്ള പരിജ്ഞാനം അവര്‍ക്ക് കുറവാണ്. Researchനോന്നും സമയവും കൊടുക്കാറില്ല. എന്തിനു ഏറെ പറയണം അവരുടെ സ്ഥാപനങ്ങള്‍ അവര്‍ക്ക് വീട്ടില്‍ ഉപയോഗിക്കാന്‍ സൌജന്യമായി ഒരു internet connection പോലും കൊടുക്കാറില്ല. പിന്നെ ഇതു വല്ലതും അവര്‍ പഠിച്ചിരുന്നു എങ്കില്‍ പിന്നെ ഈ പേന ഉന്തല്‍ പണി അവര്‍ ചെയ്യില്ലല്ലോ.

കഴിഞ്ഞ ആഴ്ച നട്ടില്‍ പ്രസിദ്ധനായ ഒരു സീനിയര്‍ പത്ര പ്രവര്‍ത്തകനോടു ഈ തൊഴിലോനേ കുറിച്ച് ഒരു സംവാദം നടത്തിയപ്പോള്‍ അദ്ദേഹം ഒരു സത്യം എന്നോടു പെട്ടിതുറന്നു പറയുകയുണ്ടായി. "ഇതു് അരി വാങ്ങാനുള്ള ഏര്‍പ്പാടാണു. ലോകം നന്നാക്കാനുള്ളതല്ല". ഞാന്‍ അപ്പോള്‍ തന്നെ തോല്‍വി സമ്മതിച്ചു.

29 comments:

  1. പഴങ്കഞ്ഞി !

    ReplyDelete
  2. കൈപ്പള്ളി, പത്രങ്ങള്‍ക്ക് എപ്പോ‍ഴും സെന്‍സിറ്റീവ് ന്യൂസേ വേണ്ടു.
    അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇന്റര്‍നെറ്റോ അതുപോലെയുള്ള സങ്കേതങ്ങളോ ഇല്ലാത്ത ഒരു വീടു പോലും കേരളത്തിലുണ്ടാവുമെന്ന് തോന്നുന്നില്ല. 2008-ല്‍ ബി.എസ്.എന്‍.എല്‍ ബ്രോഡ് ബാന്‍ഡ് സൌകര്യം ഫോണിനോടൊപ്പം ഫ്രീയായി കൊടുക്കുമെന്നു പറയുന്നു.അങ്ങനെ പത്രങ്ങളുടെ നിലനില്‍പ്പുതന്നെ ഒരു ചോദ്യചിഹ്നമായിക്കൊണ്ടിരിക്കുന്ന സമയത്ത് മലയാളം ടൈപ്പ് ചെയ്യുന്ന ഒരു സങ്കേതത്തെ പരിചയപ്പെടുത്തണമെന്ന് പത്രങ്ങള്‍ക്ക് വലിയ താത്പര്യമുണ്ടാവില്ല.

    ചുരുങ്ങിപ്പോയോയെന്ന സംശയമുണ്ടെങ്കിലും ഇന്നലെ താങ്കളുടെ ഇന്റര്‍വ്യൂ നന്നായിരുന്നു.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  3. യധാര്ത്ത liberation അറിവിന്റെ liberation തന്നെയാണു്. അതു ജനങ്ങളില്‍ എത്തിക്കുന്നത് എപ്പോഴും നല്ലതാണു. BSNL അങ്ങനെ ചെയ്യാന്‍ തയ്യാറായിട്ടുണ്ടെങ്കില്‍, വ്യവസായ മേഖലയില്‍ അതു് മൂലം ഉണ്ടാവുന്ന മെച്ചം ചില്ലറയല്ല.

    കമ്പ്യൂട്ടറും അപ്പോഴത്തേക്കും വില കുറഞ്ഞ ഒരു വീട്ടുപകരണമായി തീരുകയും ചെയ്യും.

    വിമാനം വന്നുകഴിഞ്ഞാല്‍ കപ്പലുകള്‍ എല്ലാം ഉപയോഗ ശൂന്യമാകും എന്നു പണ്ടു ജനം പറഞ്ഞു നടന്നിരുന്നു. ഇന്നു കപ്പലുകളുടെ എണ്ണം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല.

    അച്ചടിച്ച പത്രങ്ങള്‍ എന്നും കേരളത്തില്‍ ഉണ്ടവും. അത് ഉണ്ടാവണം. പക്ഷെ ഇപ്പോഴുള്ള് കസേരകളില്‍ ഒട്ടിയിരിക്കുന്ന കിളവന്മാരെയ് എല്ലാം വലിച്ച് പറിച്ച് കളയണം. എന്നിട്ട് തലയില്‍ ആള്‍ താമസമുള്ള ചോരത്തിളപ്പുള്ള ചെറുപ്പക്കാരെ അവിടെ പിടിച്ചിരുത്തണം. നിങ്ങളെല്ലാം ഈ പത്രങ്ങളെ എങ്ങനെ സഹിക്കുന്നു.

    ReplyDelete
  4. നല്ല ഒന്നാന്തരം സാഹിത്യ വാരികകള്‍ മലയാളത്തിലുണ്ടായിട്ടും,
    മലയാളമനോരമയും മംഗളവും ഏറ്റവും റീഡര്‍ഷിപ്പുള്ള വാരികകളായതെന്തേ കൈപ്പള്ളീ?

    അച്ചടിക്കാരെ മാത്രം കുറ്റം പറഞ്ഞാല്‍ മതിയോ?
    ബിസിനസ്സിന്റെ പരമ പ്രധാന ലക്ഷ്യം ലാഭമുണ്ടാക്കലല്ലേ? ജനങ്ങളെ നന്നാക്കലല്ലോ? അത് ലോകത്തെവിടേയും അങ്ങനെയല്ലേ?
    (ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കുന്നത് ഡിമാന്റ് എന്ന സാമ്പത്തിക ശാസ്ത്ര പ്രതിഭാസമല്ലേ?
    നാട്ടില്‍ ഒരു ടെക്നോളജി ചാനല്‍ തുടങ്ങിയാല്‍ എത്ര പേര് കാണും? അറ്റ്ലീസ്റ്റ് ലോകപ്രശസ്തരായ ഇന്ത്യന്‍ എഞ്ചിനീയേര്‍സില്‍?)

    ReplyDelete
  5. കൈപ്പള്ളീ..യൂണിക്കോട്‌ റിസര്‍ച്ചിനിടയില്‍ ഏതെങ്കിലും പെണ്‍കുട്ടി മാനഭംഗപ്പെട്ടാല്‍ ലൈവും, ഹിസ്റ്ററിയും നിരത്തും മാധ്യമങ്ങള്‍... അവരെ ഈ നിലയില്‍ എത്തിച്ചതു ഇവിടുത്തെ പ്രബുദ്ധ പ്റേക്ഷകര്‍ ആണു. അതുകൊണ്ട്‌ അത്‌ സാരമാക്കേണ്ടാ.. യൂണിക്കോട്‌ കൊണ്ട്‌ അരെങ്കിലും കോടീശ്വരന്‍ ആയാല്‍ ടി.വി.കാമറകള്‍ പുറകെ വരും.. ജീവിതവിജയം ഒപ്പിയെടുക്കാന്‍. ഒരു സംസ്കാരത്തിലേക്കുള്ള ചവിട്ടു പടികളെക്കുറിച്ച്‌ പറയാന്‍ ഇവിടെ ആരും ഉണ്ടാവില്ല. പണത്തിണ്റ്റെ പടികള്‍ മതി...ഒന്നും നന്നവില്ല മാഷെ..

    ReplyDelete
  6. 'വെറുതേ എന്നെ തല്ലി കൈ ചീത്തയാക്കണ്ടാ അമ്മാവാ..' എന്ന ചിന്താഗതിയുടെ നല്ല ഉദാഹരണം..

    ReplyDelete
  7. g.manu
    ഞാന്‍ ഏറ്റവും വെറുക്കുന്ന ഒരു പ്രയോഗമാണു. "ഒന്നും നന്നവില്ല .." എന്നുള്ളത്.

    ഈ ജനം നന്നാവും എന്ന പ്രത്യാശയുള്ളതുകൊണ്ടാണു ഞാനെഴുതുന്നതും പ്രവര്ത്തിക്കുന്നതും.

    ഒരിക്കല്‍ കടലില്‍ തീരത്ത് അനേകം starfish അടിഞ്ഞുകൂടി. അപ്പോള്‍ ഒരു പെണ്‍കുട്ടി അതിനെയെല്ലാം പെറുക്കി തിരിച്ച് കടലിലെറിയുകയായിരുന്നു. ഒരാള്‍ ചോദിച്ചു: "എന്തിന നീ ഇതു ചെയ്യുന്നത്. ഈ തീരത്തുള്ള എല്ലാ starfishനേയും നീ തിരിച്ചെറിയുമോ?
    എന്തു് വിത്യാസമാണു നീ ഉണ്ടാക്കാന്‍ പോകുന്നത്?

    അവള്‍ പറഞ്ഞു: "ഞാന്‍ കടലിലേക്ക് തിരിച്ചെറിഞ്ഞ ആ starishനു വിത്യാസം അനുഭവപ്പെട്ടുകഴിഞ്ഞു." ഒരണ്ണമെങ്കില്‍ ഒരണ്ണം. വിത്യാസം ഒരുമിച്ചു വേണ്ട.

    എല്ലാവരേയും മാറ്റാന്‍ കഴിയില്ല. മാറ്റണമെന്നുമില്ല. എനിക്ക് കഴിയുന്നത് ഞാന്‍ ചെയട്ടെ. നിങ്ങള്‍ക്ക് കഴിയുന്നത് നിങ്ങള്‍ ചെയ്യു. ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തരുത്.

    നാടിന്റെ നന്നാവല്‍ ഒരു Goal ആയി കാണാന്‍ ശ്രമിക്കുന്നതാണു പ്രശ്നം. അതു ഒരു goal അല്ല. ഒരു perpetual process ആണു. പുതിയ മാറ്റങ്ങള്‍ക്ക അനുസരിച്ച് നമ്മള്‍ മാറണം. ആ മാറ്റം വേഗം ഉണ്ടാവുകയും വേണം.

    തെറി മാസികയാണെ ജനത്തിനു വേണ്ടതെങ്കില്‍ അതു കൊടുക്കു. പക്ഷെ സമൂഹം മുഴുവന്‍ അതു മാത്രമെ വായിക്കാവു എന്നു നിഷ്കര്‍ശിക്കുമ്പോളാണു പ്രശ്നം.

    The Denial of Choice is also a crime against Freedom of Choice.

    (Microsoftന്റെ എതിരെ (ആദ്യകാലങ്ങളില്‍) എനിക്കുണ്ടായിരുന്നു എതിര്‍പ്പും ഇതായിര്ന്നു.)

    We need diversity. We need specialization. We need real indipendent experts in various fields.

    നന്നാവുമോ. തീര്‍ശ്ചയായും നന്നാവും

    നാം choice എന്താണെന്ന് പഠിച്ചുവരുന്നതേയുള്ളു. മലയാളം പട്ടെന്നാല്‍ യേശുദാസ്, coffee എന്നാല്‍ bru, വാഹനം എന്നാല്‍ ambassador. ദാസേട്ടന്‍ സ്വയം പട്ടു് നിര്ത്തുന്നവരെ അദ്ദേഹം പടും. അതു ഒരു consumer തീരുമാനമല്ല. (യേശുദാസിന്റെ) "producer"ന്റെ മാത്രം തീരുമാനമാണു്. So we are still not a proper consumer society.

    ഒരു മേഖലയിലും നാം ഒരു developed civil society ആയിട്ടില്ല. ആയിക്കൊണ്ടിരിക്കുന്നു. പക്ഷെ ആയിട്ടില്ല.

    ReplyDelete
  8. കൈപ്പള്ളി പറഞ്ഞ
    “മലയാളം പട്ടെന്നാല്‍ യേശുദാസ്,
    coffee എന്നാല്‍ bru,
    വാഹനം എന്നാല്‍ ambassador.“

    ഇത് നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ശരിയല്ല. നാട്ടില്‍ പുറങ്ങളിലായാല്‍ പോലും. ഭൂരിഭാഗവും മാറിക്കഴിഞ്ഞ ഈ വിപ്ലവം കണ്ടില്ല എന്നു നടിക്കാനാവില്ല.
    കണ്‍സ്യൂമറിസം അത്രമാത്രം സ്റ്റ്രോങ് ആണ് നമ്മുടെ നാട്ടില്‍.

    കൈപ്പള്ളിയുടെ കമന്റില്‍ തൂങ്ങിയുള്ള ഓഫ് ടോപ്പിക്കിനു മാ‍പ്പ്.

    ReplyDelete
  9. കൈപ്പള്ളി മാഷേ..

    കുറിപ്പ് നന്നായി... നമ്മുടെ സമുഹത്തിന്റെ ഇന്നത്തെ ഭൂരിഭാഗത്തിനുവേണ്ടി എളുപ്പത്തില്‍ വിറ്റുപോകുന്ന വിഭവങ്ങള്‍ ഒരുക്കുകയേ ജനപ്രിയ മാധ്യമങ്ങള്‍ ചെയ്യുന്നുള്ളു. നാളത്തെ ഭൂരിപക്ഷത്തെക്കുറിച്ച് ഒരു മുന്‍ നോട്ടം ഇല്ല.
    (സാക്ഷരത തന്നെ കമ്മിയായിരുന്ന എന്റെ ഗ്രാമത്തിലെ നല്ലൊരു ശതമാനം ഇന്ന് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ അറിയുന്നവരാണ്)

    സമൂഹം മാറുന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് പലപ്പോഴും വൈകിയേ ബോധമുധിക്കാറുള്ളൂ എന്ന സത്യം ഭയപ്പെടുത്തുന്നതാണ്. പല പരിഷ്കൃത സമൂഹങ്ങളിലും സമൂഹത്തിന്റെ മുന്നേ നടന്നവരാണ് മാസ് മീഡിയ എന്ന യാഥര്‍ത്ഥ്യവുമായി കൂട്ടി വായിക്കുമ്പോള്‍ പ്രത്യേകിച്ചും.

    തനിക്കാവുന്നത് ചെയ്യുക എന്ന ജീവിതാദര്‍ശത്തോട് ബഹുമാനമുണ്ട്.. അഭിനന്ദനങ്ങള്‍

    ReplyDelete
  10. ദോശയ്ക്കും ചമ്മയ്ന്തിക്യും വായന വല്യ വായില്‍ വിളയാട്ട്‌.

    കൊണവിചാരമൊള്ള വല്ലോം എയ്ത്യാ ആളില്ല്യാ.

    അതന്നെ ബ്ലോഗ്‌ അതന്നെ പത്രം അതന്നെ ലൈഫ്‌

    യേത്‌

    ReplyDelete
  11. മാറും.. മാറുന്നുണ്ട്..
    മാറാതെവിടെപ്പോവാനാ..

    ReplyDelete
  12. കുമാര്‍‌ജിയോട് യോജിക്കുന്നു.
    ഡിനയല്‍ ഓഫ് ചോയിസ് ഒരു കാലത്ത് ഉണ്ടായിരുന്നു.
    തുരുമ്പ് ചുവക്കുന്ന കാമ്പക്കോളായും ഗോള്‍ഡ് സ്പോട്ടും (ഇപ്പോ കീടനാശിനി ചുവയായി-എങ്കിലും ചോയിസാണ് ഇവടെ ഫോക്കസ്)
    ചോക്കളേറ്റ് എന്നു വച്ചാല്‍ വെയിലുകൊണ്ട് ഒരുകി വെള്ളമായ ഫൈവ് സ്റ്റാറും, പിന്നെ യാതൊരു വിധ പാക്കേജിംഗ് ടെക്നോളജിയോ, നൂട്രീഷണല്‍ ഇന്‍ഫര്‍മേഷനോ നല്‍കാതെ പാക്കറ്റിലാക്കി വരുന്ന ഭക്ഷ്യസാധനങ്ങളും കണ്‍‌സ്യൂമേര്‍സിന്റെ മുകളില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ടെലെക്കോം, ഇന്റര്‍നെറ്റ്, ട്രാന്‍‌സ്പോര്‍ട്ട് (പ്രത്യേകിച്ച് വിമാനം)ഇവയിലൊക്കെ ഇതായിരുന്നു സ്ഥിതി. നോ ചോയിസ്, ഉള്ളത് വേസ്റ്റ് സെര്‍വീസ്.
    മാര്‍ക്കെറ്റ് ലിബറലൈസേഷന്‍ അതൊക്കെ ഒരു പാട് മാറ്റി മറിച്ചു. അംബാസഡര്‍ പോയിട്ട് മേബാക്ക് വരെ ഇപ്പോ ഇന്ത്യയില്‍ ഓടുന്നു.പറഞ്ഞാ വിശ്വസിക്കുമോന്നറിയൂല, കൊച്ചിയില്‍ ഔഡി എ 8 ഉം, പോഷ് കൈയിനും ഞാന്‍ കണ്ടിട്ടുണ്ട്!!!!
    സിറ്റിയിലെ പിള്ളേര്‍ക്ക് സ്വിസ്സ് ചോക്കളേറ്റ് മതി. കറിപൌഡറുകളുടെ പാകിംഗില്‍ വന്ന വ്യത്യാസം നോക്കിയാല്‍ അറിയാം കണ്‍‌സ്യൂമെറിനെ കാണുന്ന കാഴ്ചപ്പാട് മാറി എന്നത്.
    എങ്കിലും....
    ഒത്തിരി നന്നാവാനുണ്ട്. കണ്‍സ്യൂമെറിന് ചൂസി ആകുന്നതില്‍ ലിമിറ്റുകളില്ല. കണ്‍‌സ്യൂമെര്‍ ചൂസി ആകുന്നതെങ്ങനെ? കൂടുതല്‍ സപ്ലെയേര്‍സ് വരുമ്പോ, കൂടുതല്‍ കോമ്പറ്റീഷന്‍ വരുമ്പോ, ചെറിയ കാര്യങ്ങലില്‍ പോലും ശ്രദ്ധ ചെലുത്തി , കണ്‍സ്യൊമറുടേ ശ്രദ്ധ പിടിച്ചു പറ്റി മാര്‍ക്കെറ്റില്‍ മുന്നിലെത്താന്‍ കമ്പനികള്‍ ശ്രമിക്കുമ്പോള്‍, കണ്‍സ്യൂമെര്‍ ഡിമാന്റ് വളരെ സോഫിസ്റ്റിക്കേറ്റഡ് ആകും.

    എന്നു വച്ച് പഴയതെല്ലാം കളയണം എന്നല്ല. ക്വാളിറ്റി വലിയൊരു ഘടകമാണ്.

    സ്വിച്ചിട്ടാല്‍ ലൈറ്റ് കത്തണം..ദാറ്റ്‌സ് ആള്‍ എന്നു വിചാരിക്കുന്ന കണ്‍സ്യൂമേര്‍സിന് , അതിനെ പ്രൊമോട്ട് ചെയ്യുന്ന ഒരു എക്കോണമിയില്‍ ഇതൊന്നും നടക്കില്ല.ഗവര്‍മെന്റാണ് ഈ മാറ്റത്തിന്റെ ഡ്രൈവര്‍. മാര്‍ക്കെറ്റ് മലക്കെ തുറക്കട്ടെ.

    പിന്നെ ലിവിംഗ് സ്റ്റൈലും ബയിംഗ് ബിഹേവിയറിലെ ഒരു ഘടകമാണ്. ഇന്ത്യക്കാരുടെ ജീവിതം ഒരു continous improvisation ആണെന്നല്ലേ സായിപ്പന്മാര്‍ പറയുന്നത്. അവിടെ ചൂസ് ചെയ്യാന്‍ സൌകര്യവും സമയവും ഇല്ല.

    ഓഫിന് മാപ്പേയ്.

    ReplyDelete
  13. അരവിന്ദ്
    ഓഫ് എന്നാല്‍ ഒരു വരി, അല്ലെങ്കില്‍ രണ്ടു വരി. വെണ്ട കടുപ്പിക്കണമെങ്കില്‍ ഒരു പരഗ്രാഫ്.

    ഇതൊരുമാതിരി വലിച്ച വാരിയടിയായിപ്പോയി.

    :)

    സാരമില്ല. കിടക്കട്ടേ.

    ReplyDelete
  14. കൈപ്പള്ളീ ഉലകത്തിന്‍ പോക്ക്‌ ഇമ്മാതിരിയൊക്കെയായത്‌ ചിലര്‍ക്ക്‌ കൈപ്പൊള്ളും. അല്ലേ? ന്നാലും പാലുകൊടുത്തു വളര്‍ത്തിയതിമ്മാതിരി ഒരു വിഷപ്പാമ്പായിരുന്നോ? എന്നാവും പാപ്പരാസികള്‍ നിങ്ങളെ- അല്ല- ബ്ലോഗറന്മാരെ മൊത്തം കരുതുക!

    ReplyDelete
  15. സാലിഹ് (ഏറനാടന്‍)
    എന്നെ ഏതു പപ്പരാസിയാണു പാലുതന്നു "വളര്ത്തിയതു". ഇവുടുത്തെ മലയാളം മാദ്ധ്യമങ്ങളോ?

    എവര്‍ എന്നെ വളര്ത്താന്‍ ഞാന്‍ നടനോ, അല്ലെങ്കില്‍, സ്റ്റേജില്‍ തുള്ളുന്ന കോമാളിയോ, രാഷ്ട്രീയക്കാരനോ സ്വര്ണക്കടക്കാരനോ.


    ഞാന്‍ അവര്‍ക്ക് news story മാത്രം. Another Slot. ഞങ്ങള്‍ തമ്മില്‍ അങ്ങനെ ഒരു ബന്ധം ഒന്നുമില്ല. എനിക്ക് മാദ്ധ്യമക്കാരെ ചുമക്കേണ്ട ഒരു ആവശ്യവുമില്ല.

    ഇതു നല്ലെ തമാശ.

    ReplyDelete
  16. കൊടകരപുരാണം ബുക് കവറിനു മൌസ്ന്റെ പടം തന്നെ വേണം എന്ന ശഠിച്ച ബ്ലൊഗ്ഗിതര സമൂഹം കൈപ്പള്ളിയുടെ അധ്വാനത്തെ ‘ഇസ്ലാമായ നൌഷാദിന്റെ യുണീക്കോഡ് ബൈബിള്‍‘ എന്നു വിശേഷിപ്പിച്ചതില്‍ അത്ഭുതമില്ല..
    വിവാദങ്ങള്‍ക്കാണു മാധ്യമ കവറേജ് കൈപ്പള്ളി..
    എല്ലാം ശരിയാവും..
    മലയാളികള്‍ എല്ലാവരും കയറിവരട്ടെ ബ്ലോഗിന്റെ പാതയിലേക്ക്...(ബ്ലോഗ് അന്ന് വഴി തെറ്റാതെയും ഇരിക്കട്ടെ..!!!!!)
    പ്രോഗ്രാം കാണാന്‍ പറ്റിയില്ല..ന്യൂസ് ചാനല്‍ നമുക്ക് കിട്ടില്ല ഇവിടെ..
    :)

    ReplyDelete
  17. ശ്രീ നൗഷാദ്‌ ഏലിയാസ്‌ കൈപ്പള്ളീ,
    നിങ്ങളെ വളര്‍ത്തിയത്‌ അവരല്ല. എന്ന്‌ നിങ്ങള്‍ക്ക്‌ തന്നെയറിയവുന്ന സംഗതിയല്ലേ? പിന്നെ എന്നോട്‌ ചോദിച്ചാ ഞാനെന്താപ്പാ പറയ്‌വാ! രണ്ടീസം ഏഷ്യാനെറ്റില്‌ ഇങ്ങളെ ബൈബിള്‍ സുവിശേഷം ഉണ്ടായിരുന്നുവല്ലോ. അതു കഴിഞ്ഞ്‌ മണിക്കൂറുകളായില്ല, ദേ വരുന്നൂ മൊത്തം പാപ്പരാസികളും പഴങ്കഞ്ഞി കുടിക്കുന്നോരാന്നും പറഞ്ഞ്‌.. അതു കണ്ടപ്പോ സീരിയസല്ലാതെ പറഞ്ഞതാ ഈ പാതിസത്യം ഭായി.. പാലുകൊടുത്തില്ലേലും ഇങ്ങള്‌ ബൂലോഗത്തെ പുലിയും പാമ്പും ഒക്കെതന്നെയ്‌! അത്‌ ഇങ്ങള്‌ സമ്മയിച്ചില്ലേലും അംഗീകരിക്കാന്‍ ലച്ചം ലച്ചം ബൂലോഗരുണ്ടെന്നത്‌ കാനേഷുമാരികണക്കല്ലേ? ഹിഹി. (ഞാനൊരു വിവാദത്തിന്‌ തിരികൊളുത്തിയില്ലാ, ഉവ്വോ? ങ്‌ഹെഹേ?)

    ReplyDelete
  18. പത്രക്കാര്‍ക്ക്, അവരുടെ പത്രം വായിക്കാന്‍ വേണ്ടി, എന്തെങ്കിലും ന്യൂസ് അടിച്ചിറക്കുകയും, ചാനലുകാര്‍ക്ക്, അവരുടെ ചാനലിനുമുന്നില്‍ ആളെ ഇരുത്താന്‍ വേണ്ടി എന്തെങ്കിലുമൊക്കെ കാണിക്കുകയും ആണ് വേണ്ടത്. അതിനുള്ള ഗവേഷണം അവര്‍ നടത്തും. അതിനുവേണ്ടി, എന്തും കണ്ടുപിടിക്കുകയും ചെയ്യും. അവര്‍ക്ക് യൂണിക്കോഡ് ബൈബിള്‍, ഇപ്പോ കണ്ടുപിടിച്ചു എന്നു പറഞ്ഞാലേ കാര്യമുള്ളൂ. അല്ലെങ്കില്‍ കേള്‍ക്കുന്നവര്‍ വിചാരിക്കില്ലേ, അതിനെപ്പറ്റി, ഇത്രയും കാലം അവര്‍ക്ക് അറിയില്ലായിരുന്നോ എന്ന്. അവര്‍ കൈപ്പള്ളിയുടെ പേര് മാറ്റിപ്പറഞ്ഞോ?
    ഞാന്‍ കണ്ടില്ല. കാണണമെന്നുണ്ടായിരുന്നു. ഞാനും ഗാര്‍ണിയര്‍ fructis തന്നെയാണ് ഉപയോഗിക്കുന്നത്. ഹിഹിഹി.

    ബ്ലോഗിനെ അവരൊന്നും, കാര്യത്തിലെടുക്കും എന്ന് തോന്നുന്നില്ല. എല്ലാ വീട്ടിലും ബ്ലോഗിനെപ്പറ്റി അറിയുന്നതുവരെ കാത്തിരിക്കാം.

    ഗൌരവമായ കാര്യങ്ങള്‍, എഴുതിക്കൊടുത്ത്, ഏതെങ്കിലും പത്രത്തില്‍ അതേപടി വരുമെന്ന് ഉറപ്പ് തരുന്ന ഏതെങ്കിലും പത്രക്കാരെ കണ്ടെത്തുക.

    ReplyDelete
  19. കൈപ്പള്ളി, താങ്കളുടെ ശ്രമത്തിന്‌ എല്ലാവിധ ആശംസകളും നേരുന്നു...

    ശരിയ്ക്കും നമുക്ക് ഒരു ചോയ്‌സ്‌ ഉണ്ടോ? ഹിന്ദുസ്‌താന്‍ ലിവര്‍‌ തന്നെ നാലഞ്ച്‌ സോപ്പുമായി വന്ന്‌ ഇതില്‍ ഒന്നു വാ‍ങ്ങിക്കൂ... എന്നു പറയുന്നു... ഇതാണോ ശരിയ്ക്കും ചോയ്സ്?

    ReplyDelete
  20. പണ്ടൊരു പട്ടര്‍ (no prejudice, pls!)പറഞ്ഞ പോലെ ദേ, ഗന്ധര്‍വന്‍മാഷ് പറഞ്ഞത് തന്നെ ഞാന്‍ ഒന്നൂടെ അങ്ങട്ട് പറയുന്നു.
    (ഇത്ര ചുരുക്കി പറയാന്‍ അറിയാഞ്ഞിട്ടും കൂടെയാണേയ്)

    ReplyDelete
  21. ലവിടെ ഒരു കുഴപ്പമില്ലേ? ടി വി വന്നു എന്ന് നമ്മള്‍ അറിഞ്ഞത് റേഡിയോയിലൂടെയാണൊ? അതുപോലെ തന്നെ യൂണികോഡ്, ബ്ലോഗിങ്ങ് ഇതിനെ പറ്റിയൊക്കെ ടി.വി എന്ന മാധ്യമത്തിലൂടെ വാര്‍ത്ത വരാന്‍ ശ്രമിക്കണമെന്നില്ല? ഒരു കമ്പ്യൂട്ടറുള്ളയാള്‍, ഇതറിഞ്ഞിട്ടേ കാര്യമുള്ളൂ. അത് ഇന്റെര്‍നെറ്റ് ഫോറമിലൂടേയും മറ്റും അറിയുന്നതാണ് നല്ലത്. അങ്ങിനേ അതിനു ശരിയായ പ്രചാരം കിട്ടൂ. ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവനേ ഇതെന്താണീ പറയുന്നതെന്ന് മനസ്സിലെങ്കിലും ആവൂ..
    എത്ര്യോ മലയാളികള്‍ ഇപ്പോഴും മംഗ്ലീഷ് തന്നെ ഉപയോഗിക്കുന്നു ഇന്റര്‍നെറ്റില്‍? അത് ആദ്യം മാറണം എന്ന് വിചാരിക്കുന്നു. എല്ലാവരും ബ്ലോഗണമെന്നില്ല, പക്ഷെ ഈമെയില്‍ അയക്കുമ്പോഴെങ്കിലും അവര്‍ക്ക് മലയാളം ഉപയോഗിക്കാം....ഉപയോഗിക്കണം...

    ReplyDelete
  22. ഇഞ്ജി:
    യൂണികോഡ് ഒരിക്കലും. ഇന്റര്‍നെറ്റില്‍ മാത്രം പ്രാഭല്യത്തില്‍ കൊണ്ടുവരേണ്ട ഒരു standard അല്ല. എല്ലാ digital encodingലും ഉപയോഗിക്കേണ്ട ഒന്നാണു. അതു മൊബൈല്‍ ഫോണിലും, TV ചന്നെലിലും, പത്രങ്ങളിലും എല്ലാം വരണം.

    ഇന്നു ഒരു മലയാളം മാദ്ധ്യമം മാത്രമായ Asianet Network. Englishലാണു അവരുടെ website ഉണ്ടാക്കിരിക്കുന്നത്. അതില്‍ അവര്‍ വാര്ത്തയും കൊടുക്കുന്നു. TVക്ക് വേണ്ടി അവര്‍ നിര്‍മ്മികുന്ന അതേ വാര്‍ത്ത തന്നെ വര്‍ക്ക് വേണമെങ്കില്‍ മലയാളത്തില്‍ internetല്‍ പ്രസിദ്ധീകരിക്കാം. converging mediaകളുടെ ഈ യുഗത്തിലേക്ക് നമ്മുടെ മാദ്ധ്യമങ്ങള്‍ എത്താന്‍ സമയം ഏറെ അതിക്രമിച്ചുകഴിഞ്ഞു.

    ബ്ലെഗിങ്ങിനു് മാത്രമുള്ള് സൂത്രമല്ല unicode. ചൈനക്കാരന്റെ ബഹിരാകാശ പേടകത്തിന്റെ process control consoleന്റെ LCD sreenലും UNICODE അക്ഷരങ്ങളാണു തെളിയുന്നത്. മലയാളിക്ക് തെറിപടം കാണാന്‍ അവന്‍ ഉപയോഗിക്കുന്ന mobile ഫോണില്‍ പോലും unicode ഉപയോഗികാന്‍ അവനു സമയമില്ല.

    ReplyDelete
  23. ആകെമൊത്തം ചുരുക്കിയാല്‍ "വൃക്ഷങ്ങളെ വധിച്ച്‌ അരച്ചു പരത്തി അതിന്മേല്‍ പതിപ്പിക്കുന്ന അക്ഷരമുദ്ര പ്രാകൃതമാണ്‌ ഈ നൂറ്റാണ്ടില്‍.." പോലത്തെ കൈപ്പള്ളി സ്റ്റൈല്‍ ഇല്ലിയോ ഈ ഇന്റെര്‍വീലില്‍? കാണാനുള്ള താല്‍പ്പര്യം പോയി.

    ReplyDelete
  24. ഇത് ആരെങ്കിലും റെക്കോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഒന്നു കാണാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു..
    ശ്രീ കൈപ്പള്ളി.. താങ്കളുടെ പ്രയ്ത്നത്തിനെന്നെങ്കിലും ഫലമുണ്ടാവും എന്ന് വിശ്വസിച്ചു കാത്തിരിക്കാം..:)

    ReplyDelete
  25. കൈപ്പള്ളീ, ഗള്‍ഫ് റൌണ്ടപ്പില്‍ പ്രോഗ്രാം ഞാനും കണ്ടായിരുന്നു. പക്ഷേ യൂണിക്കോഡ് എന്താണെന്ന് എന്റെ കൂടെ അതേ പ്രോഗ്രാം കണ്ട വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് ഞാന്‍ വിശദീകരിച്ചുകൊടുക്കേണ്ടി വന്നു. ഏഷ്യാനെറ്റ് ഇത്രയ്ക്ക് പിശുക്കുകാണിച്ചതെന്തിനായിരുന്നു? “

    ReplyDelete
  26. വനജ പോസ്റ്റ് ചെയ്തത് ഞാന്‍ കണ്ടിരുന്നു...

    ചേട്ടായി നന്നായോന്ന് ഞാന്‍ ആലോചിക്കാതിരുന്നില്ല. പിന്നെ എഡിറ്റഡ് ആയിരിക്കുമെന്ന് തോന്നി...

    സാരമില്ല ചേട്ടായി...

    ReplyDelete
  27. Anna enikkum Malayalathil bloganam

    ReplyDelete
  28. ഈ ഇന്റര്‍വ്യൂ വനജ ഇവിടെ പോസ്റ്റിയതു് ഇപ്പോള്‍ കണ്ടു.

    "ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം"

    സാരമില്ല. പഴങ്കഥയില്‍, ആനയെക്കാണാന്‍ പോയ നാലു് അന്ധന്മാര്, ഇപ്പോള്‍ ടെലിവിഷന്‍ ക്യാമറയുമായാണു് നടപ്പെന്നു കരുത്യാല്‍ മതി.

    അവരു കാണാന്‍ വന്നല്ലോ എന്ന് ആനയ്ക്കും, ആനയെ കണ്ടു എന്നു് അവര്‍ക്കും പറയാം.

    ന്യൂസ് ചാനലുകള്‍ക്ക് വിവരം മുളയ്ക്കുമെന്നു്‌ കരുതിയിരിക്കുവാന് നമുക്കാവില്ല. അവരുടെ തന്നെ attention span-ന്റെ കുഴപ്പമാണു്‌. അക്കാദമികമായ ഒരു കവറേജിനുള്ള ആമ്പിയറൊന്നും അവ‌ര്‌ക്കില്ല തന്നെ. ആകെയുള്ള അല്പ നേരത്തു്‌, റിപ്പോര്ട്ടിലാകമാനം നീതിപൂര്വമായ contextual relevance പാലിച്ചാല് സെന്സേഷനല് ന്യൂസുണ്ടാവുന്നതെങ്ങിനെ?

    ഇതാണല്ലോ ബ്ലോഗ്‌ എനിക്കു്‌ പ്രിയപ്പെട്ട മാധ്യമമായി മാറുന്നതു്‌.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..