Wednesday, March 28, 2007

കേരളത്തിലെ വിവര സാങ്കേതിക തൊഴിലാളികളുടെ ശ്രദ്ധെക്ക്.

നിങ്ങള്‍ മനസിരിത്തി വായിക്കണം.

ഇന്ന് ലോകത്തിലെ വിവര സങ്കേതിക വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട  ഒരു സ്ഥലമാണു അമേരിക്കയിലെ കാലിഫോര്ണിയ. 1940 ല്‍ ആണു അവിടെ ബില്‍ ഹ്യൂലെറ്റും ഡേവ് പക്കാര്‍ഡും HP എന്ന് ലോകമെമ്പാടും അറിയപെടുന്ന Technology Company സ്ഥാപിച്ചത്. അവിടെ അതിനു ശേഷം അനേകം Technology സ്ഥാപനങ്ങള്‍ ഉണ്ടായി. ആ സ്ഥാപനങ്ങളുടെ എല്ലാം പ്രധാന മൂലധനം പുതുമയേറിയ ആശയങ്ങള്‍ തന്നെയായിരുന്നു. ഇന്നും അവിടങ്ങളില്‍ തന്നെയാണു ഏറ്റവും കൂടുതല്‍ Technology Developmentകള്‍ നടക്കുന്നതു. സെമി കണ്ടകറ്റര്‍, നനോ ടെക്നോളജി, ജെനെറ്റിക്സ്, ജി.ഐ.എസ്., ഏറോസ്പേസ്, റോബോടിക്സ് തുടങ്ങി എല്ലാ മേഖലയിലും അവിടം മുന്‍ നിരയിലാണു. അവിടെ ജോലി ചെയ്യുന്നവര്‍ ടെക്നോളജിയെ സ്നേഹിക്കുന്നവരാണു. എഞ്ജിനീര്‍സ് ആണു്.

ഭാരതത്തില്‍ അനേകം സ്ഥാപനങ്ങളുണ്ട്. വിദേശ രാജ്യങ്ങളില്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ പകര്‍ത്തി സ്വദേശീവല്കരിക്കല്‍ അല്ലാതെ മറ്റ് വികസനങ്ങള്‍ കുറവാണു.  ഇവരെ solution provider ഇന്നാണു് അറിയപ്പെടുന്നത്. ഇവര്‍ provide ചെയ്യുന്ന solution എല്ലാം വിദേശികള്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളുടെ കൂട്ടീചേര്‍ക്കല്‍ മാത്രം. സ്വന്തമായി R&D ഉള്ള സ്ഥാപനങ്ങള്‍ വിരലില്‍ എണ്ണാവുന്നത് മാത്രം. കാലിഫോര്‍ണിയയിലെ  സിലിക്കണ്‍ വാലിയുമായി ഭാരതത്തിലെ IT വികസനം താരതമ്യപെടുത്തുന്നതെന്തിനു് എന്ന ചോദ്യം സ്വാഭാവികം.

എന്തിനും ഒരു benchmark ഉള്ളതു് നല്ലതാണു. മാര്‍ഗ ദര്‍ശനത്തിനു. പഠങ്ങള്‍ക്ക്.

ഇന്നു കേരളത്തിലും, ബാങ്ക്ലൂറിലും, ഹൈദറബാദിലും ഉള്ള് IT parkകുകള്‍ ചെയ്യുന്നത് മറ്റൂ ദേശക്കാരുടെ ബുദ്ധിശൂന്യമായ back office ജോലികളും module developmentഉം മാത്രമാണു് എന്ന കാര്യത്തില്‍ സംശയമില്ല. (ബുദ്ധിശൂന്യം എന്നാല്‍ repetitive work എന്നര്‍ത്ഥം)
ചില pharmacutical സ്ഥാപനങ്ങള്‍ R&D operations ഇങ്ങോട്ട് കൊണ്ടു വരുന്നു എന്നും കേട്ടു. പക്ഷേ അതും വിദേശ സ്ഥപനങ്ങളാണു്. അവര്‍ ഉല്പാദിപ്പിക്കുന്ന അറിവും അവര്‍ക്ക് സ്വന്തം.

ഇന്നു IT സ്താപനങ്ങളിലെ ചെറുപ്പകാര്‍ ധാരാളം പണം സമ്പാതിക്കുന്നു.
ഭാരതത്തിന്റെ വികസനം പണം മാത്രമായാല്‍ ഭാവിയില്‍ അനേകം പ്രശ്നങ്ങള്‍ ഉണ്ടാകും. Technologyയില്‍ നാം സ്വയം പരിയാപ്തി നേടണം. അതിനു് out-sourcing parkകുകള്‍ അല്ല വേണ്ടത്. Technology parkകള്‍ തന്നെ വേണം. ഇന്നു Techno-parkഉം Smart-cityയും എല്ലാം അതി ബുദ്ധിമാന്മാരായ Real-esate brokersന്റെ Marketing വിജയങ്ങള്‍ മാത്രം.  വളരെ കുറഞ്ഞ ശമ്പളത്തിനു ഇന്നു കേരളതില്‍ വിദ്യഭയാസമുള്ളവരെ കിട്ടും എന്നറിഞ്ഞ് സ്ഥാപിച്ച് കുറെ കേട്ടിടങ്ങള്‍.  അവിടൊന്നും  Technology വികസിപ്പിക്കുന്നില്ല. Research and Development Centres ഇല്ല. Biotechnologyയും, Artificial Intelligence Researchഉം, Nano-Technologyയും ഒന്നും ഇല്ല. പുതിയ ആശയങ്ങള്‍ ഉണ്ടാകുന്നില്ല.  ഉള്ള Technology ഉപയോഗിക്കുന്നു എന്നു മാത്രം. അവിടെ കേരളത്തിലെ യുവാക്കളുടെ വിയര്‍പ്പിന്റെ ഗന്ധം മാത്രം. Engineering മറന്നുപോയ കുറെ Software Engineers മാത്രം. നമുക്കാവശ്യം Technology development ആണു്. നമ്മള്‍ വികസിപ്പിച്ചെടുക്കേണ്ട സ്ഥാപനങ്ങള്‍ Research and Development centres ആണു. ഓകത്തിന്റെ മുഴുവന്‍ Industrial Back office അല്ല.

യുവാക്കളുടെ മസ്തിഷ്കത്തിന്റെ ചിന്ത ശക്തിയെ ഭാവനാ ശേഷിയും ക്ഷെയിപ്പിക്കുന്ന വിധത്തിലാണു കേരളത്തിലെ IT വികസനം എന്നാണു ഞാന്‍ മനസിലാക്കിയതു്.

മനസിലാക്കാന്‍ കഴിയുമെങ്കില്‍ മനസിലാക്കു, പ്രതികരിക്കു.

 



25 comments:

  1. കേരളത്തിലെ വിവര സാങ്കേതിക തൊഴിലാളികളുടെ ശ്രദ്ധെക്ക്.

    ReplyDelete
  2. കൈപ്പള്ളിച്ചേട്ടാ,
    സംഗതിയൊക്കെ ശരി തന്നെ പക്ഷെ വിവരസാങ്കേതികവിദ്യാ തൊഴിലാളികളോടാണല്ലോ ചേട്ടന്‍ സംസാരിക്കുന്നത്. ഒരു തൊഴിലാളി എന്ന നിലയില്‍ ഒരാള്‍ക്ക് ഇതില്‍ എന്ത് ചെയ്യാന്‍ കഴിയും? സര്‍ക്കാരോ അത് പോലുള്ള മറ്റ് എജന്‍സികളോ ശ്രദ്ധ പതിപ്പിയ്ക്കണ്ട പോളിസി കാര്യങ്ങളല്ലെ ഇവ? തല്‍ക്കലം പഠിത്തം കഴിഞ്ഞ് ഇറങ്ങിയ ഒരുവന്‍ ജോലി ചെയ്ത് ജീവിയ്ക്കാനാണല്ലോ ശ്രമിയ്ക്കുക. അപ്പോള്‍ ഡെവലപ്പ്മെന്റ് തന്നെ വേണം എന്ന് പറഞ്ഞ് അവസരം വരുന്നത് വരെ ജോലി ചെയ്യാതിരിക്കാന്‍ പറ്റുമോ അല്ലെങ്കില്‍ ഇപ്പോഴുള്ള ബാക്ക് ഓഫീസ് ജോലികള്‍ ഇട്ടെറിയാന്‍ പറ്റുമോ?

    ബെഞ്ച്മാര്‍ക്ക് നല്ലത് തന്നെ. പക്ഷെ സംസ്കൃതം പഠിപ്പിയ്ക്കണെമെങ്കില്‍ കാളിദാസന്‍ തന്നെ നേരിട്ട് വരണം എന്ന് പറയുന്നതില്‍ കാര്യമുണ്ടോ?

    ReplyDelete
  3. ദില്ബ:
    മാറ്റങ്ങള്‍ മുകളിലല്ല തഴേ തന്നെ ആരംഭിക്കണം. മികളിലുള്ളവരെ മുകളിലാക്കിയത് നിങ്ങളാണു. അവരുടെ മനോഭവങ്ങള്‍ ശക്തിപെടുന്നത് നിങ്ങളുടെ അശക്തിയില്‍ നിന്നാണു.

    ReplyDelete
  4. ദില്‍ബാസുരന്‍റെ അഭിപ്രായത്തോട് അനുകൂലിക്കുന്നതിനോടൊപ്പം അതുപോലെ എതിര്‍പ്പും ഉണ്ട് .. പണം കൈയ്യിലുള്ളവര്‍ക്ക് സ്ഥാപനം തുടങ്ങിയാലും പണിക്ക് ആളെ കൂലികൊടുത്ത് വാങ്ങണം, പണം എന്നത് പ്രധാന ഘടകം തന്നെ എന്താ കൈപ്പള്ളി പറഞ്ഞ പോലുള്ള സം‍രംഭങ്ങള്‍ തുടങ്ങാന്‍ പണക്കാരുടേയും സര്‍ക്കാരിന്‍റേയും കരുണക്ക് കാത്തിരിക്കണം സമാന ചിന്താഗതിക്കാരുമൊത്തുള്ള ഒരു വലിയ കൂട്ടായ്മയില്‍ എന്താ നേടാനാവാത്തത് ? വിവര സാങ്കേതിക മേഖലയെ കുറിച്ച് വലിയ ജ്ഞാനമൊന്നും എനിക്കില്ല എങ്കിലും പരിശ്രമം കൊണ്ടു നേടാനാവുന്നതേഒള്ളൂ എന്ന് സ്വന്തം ജീവിതം കൊണ്ടു പഠിച്ചിട്ടുണ്ട്

    .............
    ഈ പോസ്റ്റിട്ട് ഏകദേശം മൂന്ന് മണിക്കൂറാവുന്നു ..കൈപ്പള്ളി ഇന്നലെ ഇട്ട ഐ.ഡി. ടാഗിനെ കുറിച്ചെഴുതിയപ്പോള്‍ എത്ര പേരാ വിമര്‍ശനങ്ങളുകൊണ്ടെല്ലാം വാളെടുത്ത് വന്നത് ഈ പോസ്റ്റിട്ട ഇത്രയും സമയത്തിനുള്ളില്‍ ആ പോസ്റ്റില്‍ ഏകദേശം 20 ല്‍ അധികം കമന്‍റുകള്‍ വന്നു എന്താ അവരെല്ലാം എവിടെ പോയി .. ദില്‍ബനെ പോലെ പ്രതികരിക്കൂ കൂട്ടായ്മയിലൂടെ വിവര സാങ്കേതിക വിദഗ്ദര്‍ക്ക് എന്തെല്ലാം നേടാനാവുമെന്ന് കൂട്ടമായിരുന്ന് ചര്‍ച്ച ചെയ്യൂ .. വിമര്‍ശനങ്ങള്‍ക്ക് മാത്രം മറുപടി പറഞ്ഞാ പോരാ വളരെ പ്രധാനപ്പെട്ട ഈ മാതിരി വിഷയങ്ങളില്‍ മൌനിയാവുക എന്നുവെച്ചാല്‍ എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല എന്ന ചിന്താഗതി വെച്ചുപുലര്‍ത്തുന്നവര്‍ എന്നെ ഞാന്‍ കരുതൂ

    ReplyDelete
  5. കൈപ്പള്ളി പറഞ്ഞതിനോട് യോജിക്കുന്നു..വിരലില്‍ എണ്ണാവുന്ന ചില R&D സ്ഥാപനങ്ങള്‍ ഒഴിച്ചാല്‍ വിവരസാങ്കേതിക വ്യവസായത്തിനു (ബൌദ്ധികമായത്..) ഇന്ത്യയില്‍ നിന്നുള്ള സംഭാവന തുച്ഛം..(പ്രവാസി ഇന്ത്യക്കാരയ ടെക് വിദഗ്ദരുടെ സേവനങ്ങള്‍ ഒരിക്കലും മറക്കാവുന്നതല്ല..)..
    ഒരു ജോലി എന്ന സ്വപ്നം ചുമലിലേറ്റി നടക്കുന്നവര്‍ സ്വാഭാവികം ആയും കാമ്പസ് പ്ലേസ്മെന്റുകളില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്നതും റിയാലിറ്റിയാണ്..നമ്മുടെ ടെക്നോപാര്‍ക്കുകളില്‍ ഇന്‍‌ക്യുബേറ്റര്‍‍ എന്ന ഫസിലിറ്റി ഒരുക്കികൊടുക്കാറുള്ളതിനെപ്പറ്റി കേട്ടിട്ടുണ്ട്..നമ്മുടെ സര്‍വകലാശാലകള്‍ക്ക് പുതിയ റിസര്‍ച്ച് സംരഭങ്ങള്‍ക്ക് സാഹച്രര്യം ഒരുക്കുകയും, നമ്മള്‍ അതിനു തയ്യാറായി വരികയും ചെയ്യണം..ഇല്ലെങ്കില്‍ തീര്‍ച്ചയായും ഒരു കാലത്ത് IT യില്‍ മറ്റു രാജ്യങ്ങള്‍ (റഷ്യ മുതലായവ) ആധിപത്യം നേടും..സര്‍ക്കാര്‍ അല്ല ഗൂഗിള്‍ തുടങ്ങിയത് എന്നു നാം ഓര്‍ക്കണം..കുറച്ച് ഗവേഷണ വിദ്യാര്‍ഥികള്‍ ആണു..

    ReplyDelete
  6. ചാത്തനേറ്: കൈപ്പള്ളി അണ്ണാ . പറഞ്ഞതൊക്കെ ഏറെക്കുറെ ശരിയാണ്‌. എന്നാല്‍ താന്‍ ചെയ്യുന്ന ജോലി സ്വയം ആസ്വദിക്കാന്‍ പറ്റുന്നതാവണം എന്ന് വിശ്വസിക്കുന്ന ചിലരെങ്കിലും ഇക്കൂട്ടത്തിലുണ്ട്.

    വിരലിലെണ്ണാന്‍ പറ്റുന്നതെങ്കിലും ഒരുപിടി പ്രൊഡക്ട് ഡവലപ്പ്മെന്റ് കമ്പനികളും ഇവിടെയുണ്ട്. ചാത്തനും പൊന്നമ്പലവും മുന്‍പ് ഒരുമിച്ച് ജോലിചെയ്തിരുന്ന കമ്പനി അതിലൊന്നാണ്, ഇത്തിരികൂടി മാന്യമായ സമീപനവും കാശും(അതും പറയണമല്ലോ) തന്നിരുന്നെങ്കില്‍ ഞങ്ങളാരും അവിടം വിടില്ലായിരുന്നു.

    ഡവലപ്പേര്‍സിന്റെ അഭിരുചിക്കനുസരിച്ച് ഉണ്ടാക്കുന്ന സാധനം മാര്‍ക്കറ്റ് ചെയ്യുക, ഉപഭോക്താക്കളുടെ പുതിയ ആവശ്യങ്ങള്‍ ഇവിടെ എത്തിക്കുക എന്ന മിനിമം ചീള് ജോലികളെ ഞങ്ങളുടെ പുറം രാജ്യത്തുള്ള വിഭാഗം ചെയ്തുള്ളൂ.

    ആഗ്രഹമുള്ളവര്‍ ഇമ്മാതിരി കമ്പനികള്‍ നോക്കിയെടുക്കണം.

    ReplyDelete
  7. Teknoparkല്‍ കഴുത്തില്‍ Tagഉം തൂക്കി കഴക്കൂട്ടം പട്ടണത്തില്‍ നിരങ്ങുന്ന അനിയന്മാര്‍ക്ക് ഇതിനെ പറ്റി ഒന്നും പറയാനില്ലെ?

    ReplyDelete
  8. IT രംഗത്തെ സാധ്യതകളെപ്പറ്റി എനിക്ക്‌ വലിയ അറിവില്ല. അതു കൊണ്ട്‌ ഈ ചോദ്യങ്ങള്‍ ഒരു സംശയ നിവാരണമായി കണക്കാക്കിയാല്‍ മതി.

    IT രംഗത്തെ സാങ്കേതിക വികസനം എന്ന് പറയുമ്പോള്‍ കൈപ്പള്ളി ഉദ്ദേശിക്കുന്നത്‌ പ്രധാനമായും ഹാര്‍ഡ്‌വെയര്‍ രംഗത്തുള്ള വികസനമല്ലേ? ഉദാഹരണത്തിന്‌, കൂടുതല്‍ ശേഷിയുള്ള പ്രോസസ്സറുകള്‍, ചിപ്പുകള്‍, സെമി കണ്ടക്റ്ററുകള്‍ തുടങ്ങി? അതല്ലാതെ സോഫ്റ്റ്‌വെയര്‍ രംഗത്ത്‌ കൂടുതല്‍ ക്രിയാത്‌മകമായി നമുക്ക്‌ ചെയ്യാന്‍ ഒരുപാട്‌ അവസരങ്ങള്‍ ഉണ്ടോ? മൈക്രോസോഫ്റ്റിനോ, ഗൂഗിളിനോ സമാന്തരമായി ഇവിടത്തെ പ്രാദേശിക കമ്പനികള്‍ വളര്‍ന്നു വരേണ്ട സാധ്യതയാണോ കൈപ്പള്ളി ഉദ്ദേശിക്കുന്നത്‌?

    അങ്ങിനെയാണെങ്കില്‍, ഈ മാര്‍ക്കറ്റിന്റെ പ്രത്യേക സ്വഭാവം വെച്ചു നോക്കിയാല്‍ അതൊരു ഭഗീരഥ പ്രയത്‌നം ആയിരിക്കും എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഇപ്പോള്‍ത്തന്നെ ഇന്ത്യയിലെ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളും, സ്വകാര്യ ഗവേഷണ സ്ഥാപനങ്ങളും ഈ വഴിക്ക്‌ ശ്രമിക്കുന്നുണ്ടെന്നാണ്‌ തോന്നുന്നത്‌. (ഇന്ത്യയിലെ ഗവേഷണത്തിന്റെ ദിശാബോധത്തെപ്പറ്റി ഇവിടെ തന്നെയുള്ള പല ഗവേഷകരും സംശയം പ്രകടിപ്പിച്ചിരുന്നു എന്നത്‌ വേറേ കാര്യം. യാത്രാമൊഴി, ഡാലി, വക്കാരി, ലാപുട ഇവിടെയൊക്കെ ഉണ്ടോ?). ഇതിന്റെ ഫലങ്ങള്‍, ബാക്ക്‌ ഓഫീസ്‌ പ്രസ്ഥാനത്തിന്റെ ഫലങ്ങള്‍ പോലെ പെട്ടെന്ന് അനുഭവത്തില്‍ കാണാന്‍ ഒരു പക്ഷേ ബുദ്ധിമുട്ടായിരിക്കും. ഗവേഷണത്തില്‍ താത്‌പര്യവും, അതിന്റെ സാധ്യതകളെ മനസ്സിലാക്കാനുള്ള കഴിവുമുള്ള ബൌദ്ധിക സമ്പത്ത്‌ ആദ്യം തന്നെ വികസിപ്പിച്ചെടുക്കുക എന്നതാണ്‌ ഒരു പക്ഷേ നാം ചെയ്യേണ്ടത്‌. ഇതില്‍, ഇന്ന് സോഫ്റ്റ്‌വെയര്‍ രംഗത്തേക്ക്‌ കടന്നു വരുന്ന യുവാക്കള്‍ക്ക്‌ എത്ര മാത്രം പങ്ക്‌ വഹിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്ക്‌ സംശയമുണ്ട്‌. ഈ കാര്യത്തിലെങ്കിലും, തുടക്കം അല്‍പ്പം മുകളില്‍ നിന്നാവുന്നതായിരിക്കും കൂടുതല്‍ പ്രായോഗികം.

    ReplyDelete
  9. കൈപ്പള്ളിച്ചേട്ടന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. വിദേശ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവര്‍ ചെയ്യുന്ന മോഡ്യൂള്‍ അല്ലാതെ വേറെ ഒന്നും അറിയില്ല എന്ന സ്ഥിതി ആണ്. പഠിച്ചിറങ്ങിയ ഉടനെ ജോലി ചെയ്ത് കാശുണ്ടാക്കാ‍ന്‍ മാത്രമേ കഴിയൂ. പക്ഷേ എക്സ്പീരിയന്‍സ് ആയവര്‍ക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയണം. പ്രത്യേകിച്ച് സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്ത് ഇന്ത്യക്ക് ഏറെ സംഭാവനകള്‍ ചെയ്യാന്‍ കഴിയും.

    ReplyDelete
  10. "Teknoparkല്‍ കഴുത്തില്‍ Tagഉം തൂക്കി കഴക്കൂട്ടം പട്ടണത്തില്‍ നിരങ്ങുന്ന അനിയന്മാര്‍ക്ക് ഇതിനെ പറ്റി ഒന്നും പറയാനില്ലെ?"...

    അവര്‍ മാത്രമല്ല കൈപ്പള്ളി..അമ്പലത്തറയിലും,പീടികത്തിണ്ണേലും പെണ്‍കുട്ടികളെ കമന്റും അടിച്ച്, ‘വൈകീട്ടെന്താ പരിപാടിക്ക്’ കാശ് ‘കട്ട’യിടാന്‍ വഴി എന്താണു എന്നാലോചിച്ച് നടക്കുന്ന എല്ല തറവാടികള്‍ക്കും മറുപടി പറയാന്‍ ബാദ്ധ്യത ഉണ്ട്..കഴക്കൂട്ടത്തും,കൊച്ചീലും,ബാംഗ്ലൂരും ‘ഐ.ടി’ കൂലിപ്പണിക്കാരന്റെ കീശ കീറി വാടക വാങ്ങിക്കൊഴുത്ത House ownersഉം ബാദ്ധ്യസ്ഥരാണ്..

    വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ബാദ്ധ്യത ആവതെ ഒരു ജോലി ഈ ടാഗിനെ അതെ ഉള്ളൂ ഒരു ലക്ഷ്യം..

    ഫീസായിട്ട് മാന്യ സ്വശ്രയ കോളെജുകളും,ടാക്സായിട്ട് സര്‍ക്കാരും കുറേ അടിച്ചു മാറ്റിക്കഴിഞ്ഞു..ഇനിയുള്ളകാലം നാലുമൂട് കപ്പയിട്ടും,നാലു ചുവട് റബര്‍ വെട്ടിയും ജീവിക്കണം എന്ന ആഗ്രഹം മാത്രം ബാക്കിയുണ്ട്..
    :)

    ReplyDelete
  11. കേരളത്തിന്റെ കാര്യത്തില്‍ പണ്ട് ശ്രീനിവാസന്‍ പറഞ്ഞ പോലെ പോളണ്ടിന്റെ കാര്യം എടുത്തിടുമെന്ന് വിചാരിച്ചില്ല.ശരിയാണ് കൈപ്പള്ളിച്ചേട്ടാ..ഇവിടെ ക്രിയേറ്റീവ് ആയിട്ടുള്ള യാതൊരു വര്‍ക്കും നടക്കുന്നില്ല.അല്‍പ്പമെങ്കിലും ക്രിയേറ്റിവിറ്റി ഉള്ള നിങ്ങളൊന്നും ഇവിടെ വര്‍ക്കുകേം ഇല്ല.ഒരു കാര്യം മാത്രം ആശ്വാസത്തിനുണ്ട്. ക്രിയേറ്റിവിറ്റി ഉള്ള കുറച്ച് പേര്‍ പൊങ്ങച്ചമുള്ള ടോട്ടല്‍ മലയാള നാട്ടില്‍ നിന്നാണല്ലോ ടിക്കറ്റ് ബുക്ക് ചെയ്ത് കടലു കടന്ന് പോയത്. കുട്ടന്‍ പറഞ്ഞതു പോലെ ആരുടേയും മാല പറിക്കാനും കലുങ്കേല്‍ ഇരുന്ന് കമറ്റ്നടിക്കാനും ഒക്കെ ഇത്രോം ടാഗിട്ട പയ്യന്മാര്‍ കുറഞ്ഞു കിട്ടുമല്ലോ.അത്രയും ആശ്വാസം.പണ്ടേതോ മന്ത്രി ചോദിച്ചതു പോലെ നമ്മുടേ ഐടി മിഷനെന്താ വിന്ഡോസ് ഉണ്ടാക്കിക്കൂടെ,മൈക്രോസോഫ്റ്റിനെ തോല്‍പ്പിച്ചൂടെ,ടാഗുള്ള പയ്യന്മാര്‍ ഉണ്ടല്ലോ അങ്ങനെ പറയണമെന്നാണ് “വിചാരി“ക്കുന്നതെങ്കില്‍ അതിനുള്ള സമയം ആയിട്ടില്ല,പക്ഷേ ആശ കൈവിട്ടിട്ടില്ല.

    കൈപ്പള്ളിച്ചേട്ടാ,ഇന്നലത്തെ പൊങ്ങച്ചക്കാര്യത്തിനു പകരം ഇടേണ്ടിയ പോസ്റ്റായിരുന്നു ഇത്. ദില്‍ബനും കണ്ണൂസുമൊന്നും പറഞ്ഞതുപോലെ ടാഗിട്ട പയ്യന്മാര്‍ പ്രതികരിക്കണ്ട വിഷയമല്ല ഇത്.അവരുടെ കൊക്കിലുമൊക്കെ ഒതുങ്ങാതെ അപ്പുറം ചിന്തിക്കേണ്ട കാര്യങ്ങളാണ് നിങ്ങള്‍ പറഞ്ഞു വെച്ചത്,കേരളത്തിന്റെ ഐടീ വികസനം എന്നാല്‍ ഐടിപാര്‍ക്കുകള്‍ ഉണ്ടാക്കി പണി ഔട്സോര്‍സ് ചെയ്തെന്നാല്‍ മാത്രം മതിയാകും എന്ന് കരുതുന്നവര്‍ കണ്ണ് തുറക്കട്ടെ.കൌണ്ടര്‍പാര്‍ട്സിനു ഡെലിവറബിള്‍സ് എസ് എല്‍ എ ടാര്‍ജറ്റിനു മുന്നിലെത്തിക്കുന്ന കരവിരുതിനു കൂടുതല്‍ എളുപ്പം പൈസ കിട്ടുമായിരിക്കും.പക്ഷേ ടെക്നോളജി ഡവലപ്പ്മെന്റ്റിനും റിസേര്‍ച്ചിനും ഈ എളുപ്പം കിട്ടുന്ന പൈസയേക്കരുതി വേണ്ട എന്ന് വെക്കുന്നത് ക്രിയേറ്റീവ് വര്‍ക്കിനെ സഹായിക്കുകില്ല എന്നത് സത്യം തന്നെയാണ്.

    ഒരു കാര്യം വിചാരം ചേട്ടായിയോട്...കൈപ്പള്ളിച്ചേട്ടായി ഒരു പോസ്റ്റിട്ടാല്‍ അതില്‍ക്കിടന്നുരുണ്ട് ഗോളടിക്കാതിരി ചേട്ട..എന്നേയും സേതുവിനേം തോല്‍പ്പിക്കാന്‍ ആരുണ്ടെടാ എന്ന് കൊച്ചില്‍ ഹനീഫ കിരീടത്തില്‍ ചോദിച്ച പോലെ ഇരിക്കുന്നു ചേട്ടാ‍യിയുടെ കമന്റ് കാണുമ്പോള്‍.യൂണിക്കോഡ് ബൈബിളിന്റെ ഏതെങ്കിലും പേജുകള്‍ “പേജ് നോട്ട് എക്സിസ്റ്റിംഗ്” എന്ന് കാണാം എന്ന് വിചാരിക്കുന്നവര്‍ക്ക് ഉല്‍പ്പത്തി മുതല്‍ വെളിപാട് വരെ കാണിച്ചു കൊടുക്കുന്ന കഴിവുള്ളയാളാണ് കൈപ്പള്ളിയെന്ന് അല്‍പ്പസമയം അങ്ങോരുടെ വെബ് വര്‍ക്ക് പരിശോധിച്ചാല്‍ അറിയാം.അതിന്റെ അപ്പുറത്ത് കേറി കൈപ്പള്ളി ചരിതം ക്ലാസ്സെടുക്കല്ലെ ബൂലോഗപ്പള്ളിക്കൂടത്തിലെ സാറന്മാരെ.ഇന്നലത്തെ മഴയിലും ഗ്രഹണിക്കുമൊക്കെ കിളിര്‍ത്തവര്‍ എന്തു കേട്ടാലും അങ്ങ് മുണ്ടാതെ ഉരിയാടാതെ ഇരിക്കും എന്ന് വിചാരിച്ചാല്‍ തെറ്റി. ഷിറ്റിലാതെ ഒരു ജസ്റ്റ് റിമമ്പര്‍ ദാറ്റ്...:) (തമാശാണേ .ഞാന്‍ നന്നായിക്കോളാം.)

    ReplyDelete
  12. പോസ്റ്റ് കണ്ടിട്ട് കൈപ്പള്ളിക്ക് ഇന്ഡ്യന്‍ ഐ.ടി.രംഗത്തെപ്പറ്റി വളെരെ പിടിപാടില്ല എന്ന് മനസ്സിലായി. താഴെ പറയുന്ന കമ്പനികളുടെ റിസര്‍ച് ലാബുകള്‍ ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്നു:

    1) HP Research Labs - Bangalore
    2) Micosoft Research Labs - Bangalore
    3) IBM Resreach Labs - Delhi & Bangalore
    4) Motorola Research Labs - Bangalore

    4-ഉം തുടങ്ങിയത് കഴിഞ്ഞ 4 കൊല്ലത്തിനകത്താണ്‍. ഏകദേശം 300 പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ 50% എങ്കിലും അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയവരാണ്‍.

    ഇതു കൂടാതെ Google, Yahoo തുടങ്ങിയ കമ്പനികളും റിസര്‍ച്ച് ചെയ്യുന്നുണ്ട്. ഈ കമ്പനികളില്‍ റിസര്‍ച്ചും ഡെവലപ്മെന്റും വേര്‍തിരിക്കപ്പെട്ടിട്ടില്ല.

    GE യുടെ റിസര്‍ച്ച് ലാബാണ്‍ ഇന്‍ഡ്യയില്‍ ആദ്യം സ്ഥാപിക്കപ്പെട്ടത്. ഇപ്പോള്‍ 1000-ത്തോളം ഗവേഷകര്‍ ഇവിടെ ജോലി ചെയ്യുന്നു. (ഐ.ടി. മേഖലയിലല്ല). ജി.എം, DAIMLERCHRYSLER എന്നീ സ്ഥാപനങ്ങള്‍ക്കും ബാംഗ്ലൂരില്‍ റിസര്‍ച്ച് സെന്ററുണ്ട്.

    ഇതു കൂടാതെ ഇന്‍ഫോസിസ് പോലെയുള്ള കമ്പനികള്‍ക്ക് സ്വന്തമായ റിസര്‍ച്ച് ഫെസിലിറ്റിയുണ്ട് (Infosys Setlabs). ഇവ പേരെടുത്ത് വരുന്നേയുള്ളൂ.

    ഇന്ന് ബാംഗ്ലൂരിലെങ്കിലും outsourcing-നൊപ്പം സ്ഥാനം product development-നുമുണ്ട്. ജോലിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമായത് സിലിക്കണ്‍ വാലിയില്‍ തുടങ്ങുന്ന മിക്ക 'start up'-കളും പ്രവര്‍ത്തിക്കുന്നത് ബാംഗ്ലൂരിലാണ്‍ എന്നാണ്‍. ഓരോ കൊല്ലവും 2-3 B$ അക്വിസിഷനാണ്‍ ബാംഗ്ലൂരില്‍ നടക്കുന്നത്. കഴിഞ്ഞ കൊല്ലം ഞങ്ങളുടെ കമ്പനി അമേരിക്കയിലുള്ള ഒരു മൊബൈല്‍ മെസ്സേജിങ് കമ്പനിയെ ഏറ്റെടുത്തു. തിരക്കി വന്നപ്പോഴാണ്‍ മനസ്സിലാ‍യത്. ഈ കമ്പനിയുടെ ഡെവലപ്മെന്റ് 100% ഉം ഹൈദരാബാദിലാണ്‍.

    ഇന്‍ഡ്യയിലുള്ള റിസര്‍ച്ച് സെന്ററുകള്‍ രാജ്യത്തിന്‍ നല്ല കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്‍. മൈക്രോസോഫ്റ്റിന്റെ റിസര്‍ച്ച് സെന്റര്‍ 'emerging market technology research' -ലാണ്‍ കേന്ദ്രീകരിക്കുന്നത്. പക്ഷേ മിക്ക കമ്പനികളും global research ആണ്‍ ചെയ്യുന്നത്. നാനോ റ്റെക്നോളജിയില്‍ ഇന്ന് ലോകത്തില്‍ ഏറ്റവും പ്രശസ്തരായ ചില വ്യക്തികളും, ചര്‍ച്ച ചെയ്യപ്പെടുന്ന ചില കണ്ടുപിടുത്തങ്ങളും ഇന്‍ഡ്യയില്‍ നിന്നാണ്‍ എന്ന് കൈപ്പള്ളിക്കറിയാമോ. സെര്‍വര്‍ സൈഡ് ആര്‍കിറ്റെക്‍ചരും, ബിസിനസ് മോഡലുകളുമാണ്‍ ഇന്ഡ്യക്കാര്‍ ശോഭിക്കുന്ന മറ്റൊരു മേഖല.

    ഇന്‍ഡ്യയില്‍ നിന്ന് ഇന്നു പുറത്തു വരുന്ന കമ്പ്യൂട്ടര്‍ സയന്‍സ് Phdക്കാരുടെ എണ്ണം വളരെ കുറവാണ്‍. (around 50 per year). അവരുടെ നിലവാരം വളരെ മോശവും. എന്നാല്‍ MIT, Harward, Carnegie അടക്കമുള്ള കലാശാലകളില്‍ പഠിച്ച്, ലോകത്തിലെ ഏറ്റവും മികച്ച റിസര്‍ച്ച് ലാബുകളില്‍ പ്രവര്‍ത്തന പരിചയമുള്ള ഒട്ടേറെ വ്യക്തികള്‍ ഇന്ന് ബാംഗ്ലൂരിലെ റിസര്‍ച്ച് ലാബുകളില്‍ ജോലി ചെയ്യുന്നുണ്ട്.

    മലയാളികള്‍ ഐ.ടി. ഗവേഷണ രംഗത്ത് പൊതുവേ പിന്നോക്കമാണ്‍. ബംഗാളികളുടെ എണ്ണം വളരെ കൂടുതലുമാണ്‍. മാനേജര്‍മാരുടെ എണ്ണമെടുത്താല്‍ നേരെ തിരിച്ചും. കേരളത്തില്‍ ഗവേഷണ പഠനത്തിനുള്ള സാധ്യത വളരെ കുറവാണ്‍. ഉള്ള സ്ഥാപനങ്ങള്‍ ഇന്‍ഡ്യന്‍ നിലവാരത്തിനും വളരെ താഴെയാണ്‍. I.T entrepreneurship-ഉം മലയാളികളില്‍ താരതമ്യേന കുറവായിട്ടാണ്‍ കാണുന്നത്. റിസ്കെടുക്കാനുള്ള വിമുഖതയായിരിക്കാം. ചിന്തിക്കേണ്ട വിഷയമാണ്‍. ഇന്ന് ഒരു ഫ്രഷ് CS Phd-ക്ക് 10 ലക്ഷം രൂപയാണ്‍ തുടക്ക ശംബളം. IIM-കാരന്‍ ഒരു പക്ഷെ അതിലും കൂടുതല്‍ കിട്ടുമായിരിക്കും. കൂടുതലാളുകള്‍ താത്പര്യം കാണിക്കാത്തത് ഇതു കൊണ്ടാകാം.

    ReplyDelete
  13. കൈപ്പള്ളി,
    പോകല്ലെ , ഞാന്‍ വിശദമായി എഴുതിക്കൊണ്ടിരിക്കുന്നു

    ReplyDelete
  14. കിരണ്‍സ്.. ദയവ് ചെയ്ത് വ്യക്തിഹത്യ ഒഴിവാക്കുക

    ReplyDelete
  15. കൈപ്പള്ളീ, ദാണ്ടേ കിടക്കുന്നു കുറച്ച് ലിങ്കുകള്‍:

    http://research.microsoft.com/aboutmsr/labs/india/
    http://www.motorola.com/content.jsp?globalObjectId=5521
    http://www.research.ibm.com/irl/
    http://www.hpl.hp.com/india/director/index.html



    http://company.monsterindia.com/dcin/

    ReplyDelete
  16. താങ്കള്‍ പറയുന്നത് പോലെ ഒരു ദിവസം എണീറ്റ് വന്നിട്ട്..ശെരി ഒരു പ്രൊഡക്റ്റ് കമ്പനി ഉണ്ടാക്കിക്കളയാം എന്നു കരുതുന്ന പോലെ എളുപ്പമുള്ള പണി അല്ല ഇത്. ഈ പറഞ്ഞ ജെനെറ്റിക്സും പ്രൊഡക്റ്റ്സും നാനോടെക്നോളജിയുമൊക്കെ വികസിപ്പിക്കാന്‍ ഒരുപാട് മച്ചുരിറ്റി വേണം.IBM അമേരിക്കയില്‍ സ്ഥാപിച്ചത് 1914 ല്‍ ആണു. എന്നിട്ടും 1985 ലെ ഒരു വിന്‍ഡോസ് പോലുള്ള ഓപറേറ്റിങ് സിസ്റ്റം വന്നുള്ളൂ. ഇന്ത്യന്‍ ഐ ടി ക്ക് ഇപ്പോ വളരെ ചെറുപ്പമാണു. സെര്‍വീസ് കമ്പനിയിലെ 10-15 വര്‍ഷത്തെ എക്സ്പീരിയന്‍സാണ് ആദ്യം ഒരു നല്ല പ്രൊഡക്റ്റ് ഡെവലപ്പര്‍ക്ക് വേണ്ടത്.(ഇവിടെ ഉദ്ദേശിച്ചത് windows,oracle പോലെ ഉള്ള വലിയ പ്രൊഡക്റ്റുകളാണു.) ഏതായാലും നമ്മളും ഇന്നു ആ വഴിയില്‍ തന്നെയാണു. infosys,tcs,wipro എല്ലാവരും R&D തുടങ്ങിക്കഴിഞ്ഞു. പിന്നെ ഇന്നു IBM ഒക്കെ സെര്‍വീസിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. 100 വര്‍ഷം പഴക്കമുള്ള ഈ ഫീല്‍ഡിലേക്ക് നമ്മള്‍ നേരേ പ്രൊഡക്റ്റും കൊണ്ട് കയറുന്നതല്ല ബുദ്ധി. അല്ലേല്‍ ഇവിടെ നിന്നു പോയ IIT പിള്ളേര്‍ തിരിച്ചു വന്നു വല്ലതും ചെയ്യണം. അതും ഇപ്പോ നടക്കുന്നുണ്ട്. ഇവിടെ നിന്നുള്ള സാധാരണ ബിടെക്കുകാരനില്‍ നിന്നും ബില്‍ ഗേറ്റ്സിനെയും സ്റ്റീവ് ജോബ്സിനെയും പ്രതീക്ക്ഷിക്കരുത്.

    ReplyDelete
  17. 'You said it Keralian'

    ഞാന്‍ 6 മാസം മുന്‍പ് വരെ ജോലി ചെയ്തിരുന്ന സ്ഥാപനം (പേര്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്..) ആര്‍ടിഫിഷ്യല്‍ ഇന്റ്റലിജെന്റ്സിലും,ജെനറ്റിക് അല്‍ഗോരിതംസിലും, റിസേര്‍ച് ആന്റ് ഡെവലപ്മെന്റ് നടത്തിയിരുന്ന ഒരു ചെറിയ സ്ഥാപനം ആയിരുന്നു..90% മലയാളീസ് (മല്ലൂ എന്ന വാക്ക് വെറുക്കുന്നു..) ബ്രാന്‍ഡ് നേയിം ജോലി ചെയ്തിരുന്നത്..ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അത് ഏകദേശം ക്ലോസ് ചെയ്തു..
    കേരളത്തില്‍ ഐ.ടി ശൈശവദശയില്‍ ആണു..വലുതാകുമോ എന്നു പോലും അറിയില്ല..എങ്കിലും ശുഭപ്രതീക്ഷ ഉണ്ട്..

    ReplyDelete
  18. കേരളീയന്‍
    കമന്റിനു നന്ദി.

    എനിക്ക് ഇതേകുറിച്ച് ഇപ്പോള്‍ അത്ര വിവരം കുറവാണു്. ഈ മേഖലയില്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഒന്നും നേടാന്‍ ഇല്ലാഞ്ഞിട്ട് വിട്ടുപോയിട്ട് വര്‍ഷങ്ങളായി.
    എങ്കിലും താങ്കള്‍ പറഞ്ഞ നാലു സ്ഥാപനങ്ങള്‍.

    1) HP Research Labs - Bangalore
    2) Micosoft Research Labs - Bangalore
    3) IBM Resreach Labs - Delhi & Bangalore
    4) Motorola Research Labs - Bangalore

    ഇതെല്ലാം അമേരിക്കന്‍ സ്ഥപനങ്ങളാണു. ഇവരുടെ പ്രവര്ത്തന ഫലം ഭാരതത്തിനു എന്തു ഗുണം ചെയ്യുന്നു എന്നായിരുന്നു എന്റെ ചോദ്യം.

    Infosyഉം Wiproയും ഒഴികെ വേറെ ആരും പുതുതായി ഒന്നും തന്നെ ഈ മേഖലയില്‍ പ്രസക്തമായ സംഭാവന ചെയ്യുന്നില്ല എന്നാണു എന്റെ അറിവു്.

    ഈ sectorല്‍ ഇത്രമാത്രം foreign investment ഉള്ള് സ്ഥിധിക്ക് ഒരു 10% എങ്കിലും ദേശീയ പത്ഥതികള്‍ക്ക് ഇവര്‍ ചിലവാക്കുന്നുണ്ടോ?

    സംശയമാണു്.

    ReplyDelete
  19. കൈപ്പള്ളീ,
    ഈ അമേരിക്കന്‍ കമ്പനികള്‍ക്ക് താത്പര്യമുള്ള വിഷയങ്ങളില്‍ ഇന്‍ഡ്യാ കേന്ദ്രീകൃതമായ ഗവേഷണം നടക്കുന്നുണ്ട്. ചിലത് 'confidential' ആയത് കൊണ്ട് പ്രതിപാദിക്കുന്നില്ല. പക്ഷെ ഒരു കാര്യം പറയാം. ഇന്ന് ഇന്‍ഡ്യ എല്ലാവരുടെയും റഡാറില്‍ ഉണ്ട്. ഇന്‍ഡ്യയിലെ 20 കോടി മധ്യവര്‍ഗ്ഗത്തെ എല്ലാവര്‍ക്കും വേണം. ലോക്കലൈസേഷന്റെ പ്രാധാന്യം നമ്മള്‍ മനസ്സിലാക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇവര്‍ സ്വാംശീകരിക്കുന്നുണ്ട്. ഇന്‍ഡ്യയിലെ ഐ.ടി. ഗവേഷണത്തെപ്പറ്റി ഒരു പ്രത്യേക പോസ്റ്റിടാം.

    ReplyDelete
  20. കേരളീയന്‍.
    ഒരു മാറ്റവും കേരളത്തില്‍ ഈ മേഖലയില്‍ സംഭവിക്കും എന്ന് എനിക്ക് തോന്നുന്നില്ല.

    കുറെ കൂടി വസ്തുക്കള്‍ നാട്ടുകാരുടെ കൈയില്‍ നിന്നും പൊന്നുംവില കൊടുത്ത് smart-cityയും brilliant-cityയും ഉണ്ടാക്കി കുറേകൂടി നല്ല ശമ്പളം കൊടുത്ത് യുവാക്കളെ കഴുതപ്പണി ചെയ്യിപ്പിക്കും. Technology Development ഒന്നും ഇവിടെ ഉണ്ടാവാന്‍ പോകുന്നില്ല.

    കഴിവുള്ളവര്‍ ഇനി Americaയില്‍ പോകേണ്ട. അവര്‍ ഇവിടെ വന്നു കഴിവുകള്‍ ചോര്‍ത്തി കോണ്ടുപൊയിക്കോളും. ഭരതത്തിനു് ഇപ്പോഴും നഷ്ടം. നിങ്ങളോക്കെ എവിടം കൊണ്ടാണു് ചിന്തിക്കുന്നതെന്നറിയില്ല.

    ReplyDelete
  21. ഒറ്റക്കാണെന്നറിയാം എങ്കിലും ഒറ്റക്കുപയറ്റി മതിയായി.

    നിങ്ങളോടോന്നും പറഞ്ഞിട്ടു് കര്യമില്ല എന്നു ഇപ്പോഴ് മനസിലായി.

    ലാല്‍ സലാം

    ReplyDelete
  22. കൈപ്പള്ളീ,

    റ്റെക്നോളജിയില്ലാത്തതല്ല പലപ്പോഴും പ്രശ്നം; അത് അഫോഡബിള്‍ അല്ലാത്തതാണ്‍. ചിലപ്പോള്‍ ഇന്‍ഫ്രാസ്റ്റ്രക്ചറിന്റെ അഭാവവും. മറ്റു ചിലപ്പോള്‍ സാമൂഹ്യ പരിതസ്ഥിതിയും (നിരക്ഷരത, ദാരിദ്രം, വിശ്വാസങ്ങള്‍, ശീലങ്ങള്‍ ...). അതു കൊണ്ട് തന്നെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന റ്റെക്നോളജി വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. ഇന്ന് "Emerging Market Research" എല്ല്ലാ MNCകളും അത്യന്താപേക്ഷിതമായി കരുതുന്നു. ഇത് രാജ്യത്തോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല; മറിച്ച് കമ്പോള സാധ്യത കണ്ടിട്ടാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ കമ്പോളവ്യവസ്ഥിതി നിലനില്‍ക്കുന്ന ഒരു രാജ്യത്ത് മറ്റെന്താണ്‍ കൈപ്പള്ളി പ്രതീക്ഷിക്കുന്നത്? പിന്നെ ഇതു കൊണ്ട് ഉണ്ടാകാവുന്ന ചില നല്ല വശങ്ങളുണ്ട്:

    1) ഈ സ്ഥാപനങ്ങളില്‍ പരിശീലിപ്പിക്കപ്പെട്ട ഇന്‍ഡ്യക്കാര്‍ പുറത്ത് വന്ന് സമൂഹ നന്മക്കായി പ്രവര്‍ത്തിച്ചേക്കാം.

    2) ഈ സ്ഥാപനങ്ങള്‍ നല്‍കുന്ന റിസര്‍ച്ച് ഗ്രാന്റ് ഇന്‍ഡ്യന്‍ കലാശാലകളില്‍ ഗവേഷണം പുഷ്ടിപ്പെടുത്തിയേക്കാം.

    3) ഗവേഷണ മേഖലയിലെ ജോലി സാധ്യത കൂടുതല്‍ പേരെ ഈ മേഖലയിലേക്കെത്തിച്ചേക്കാം.

    ഇതൊക്കെ സാധ്യതകളാണ്‍. സാക്ഷാത്കരിക്കാനുള്ള മനസ്സ് എന്നെങ്കിലും മലയാളിക്കുമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.

    ReplyDelete
  23. പ്രിയ കൈപ്പള്ളീ,

    വിവരസാങ്കേതികസ്ഥാപനങ്ങളെന്നു പൊതുവില്‍ കരുതപ്പെടുന്ന സംരംഭങ്ങളില്‍ പലതും ഐ.ടി. ഇനേബിള്‍ഡ് സേവനങ്ങള്‍ മാത്രമാണു നല്‍കുന്നത്. ഡാറ്റാ എന്റ്രി, ട്രാന്‍സ്ക്രിപ്ഷന്‍, കാള്‍ സെന്റര്‍ സര്‍വീസ് പോലുള്ള വിഭാഗങ്ങളെ ഐ.ടി വികസന സംരംഭങ്ങളായി കാണരുതല്ലോ. ഐ.ടി. ഡവലപ്മെന്റ് എന്നയിനത്തില്‍ വളരെച്ചെറിയൊരു പങ്കാണു വരുന്നത്.

    തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി ജീവനക്കാരെ 12 മണിക്കൂറോളം ബന്ദികളാക്കി പണിയെടുപ്പിക്കുന്ന ഐ.ടി.ഇനേബിള്‍ഡ് സര്‍വീസ് സ്ഥാപനങ്ങള്‍ തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില് മാത്രം ആകെയുള്ളതിന്റെ 60 % ത്തിലേറെ വരും. ഇവിടങ്ങളിലെ ജീവനക്കാരും സ്ഥാപനങ്ങളും കൈപ്പള്ളി കരുതുന്ന സാങ്കേതിക വിദഗ്ദരല്ല, മലയാള ഭാഷക്ക് ഇവര്‍ എന്തു ചെയ്തു എന്ന ചോദ്യം അതിനാല്‍ അപ്രസക്തം.

    പുതിയ ബ്രാഹ്മണ്യത്തിന്റെ വേദമായി ഐ.ടി മാറിക്കഴിഞ്ഞിരിക്കുന്നു. കഴുത്തിലെ ആ ടാഗ് അതിന്റെ പൂണൂലുമാകുന്നു (ഒരു കോര്‍പരേറ്റ് ഐഡന്റിറ്റി). എന്നാല്‍ യാഗം നടത്തുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം! ബഹുഭൂരിഭാഗവും വാല്യക്കാര്‍.

    ഓടോ: നിര്‍ഭാഗ്യവശാല്‍ ഈയുള്ളവനും ഐ.ടിക്കാരനാകുന്നു. സിസ്റ്റം അനലിസ്റ്റ് എന്ന പേരില്‍...

    ReplyDelete
  24. This comment has been removed by a blog administrator.

    ReplyDelete
  25. പുതിയ ബ്രാഹ്മണ്യത്തിന്റെ വേദമായി ഐ.ടി മാറിക്കഴിഞ്ഞിരിക്കുന്നു. കഴുത്തിലെ ആ ടാഗ് അതിന്റെ പൂണൂലുമാകുന്നു (ഒരു കോര്‍പരേറ്റ് ഐഡന്റിറ്റി). എന്നാല്‍ യാഗം നടത്തുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം! ബഹുഭൂരിഭാഗവും വാല്യക്കാര്‍.

    RiZ, good!

    -സങ്കുചിതന്‍

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..