Sunday, July 30, 2006

ഓര്‍ക്കാപ്പുറത്തുള്ള അടി

ചില ചേട്ടന്മാര്‍‍ ചൂടാകുമ്പോള്‍ പറയാറില്ലേ? "എടാ മോനെ ഞാന്‍ കുറെ അടി കൊടുത്തിട്ടും കൊണ്ടിട്ടും ഉണ്ട്". പക്ഷേ ഈ ചേട്ടന്മാര് ‍ആരും തന്നെ അടി കൊണ്ട കഥ ഒരിക്കലും പറഞ്ഞു ഞാന്‍കേട്ടിട്ടില്ല. എനിക്ക് അടി കൊണ്ട കഥ ഇനി ‍ഞാനായിട്ട് അതു നിങ്ങളോടു പറഞ്ഞുതന്നില്ല എന്നു വേണ്ട.

1989 ഡിസംബര്‍:
കഥാപാത്രങ്ങള്‍: "പോത്ത്‍" മത്തായി, പോത്ത് മത്തായിയുടെ മരുമകന്‍"പോടിയന്‍" മത്തായി (അതെ, ഒരേ പ്രായക്കരാണിവര്‍, കണ്ടാല്‍ ‍അനിയനും ചേട്ടനും ആണെന്നേ പറയൂ).
"ബക്കറ്റ്" സുബിന്‍. ആവശ്യത്തിനും അനാവശ്യത്തിനും സ്ഥിരമായി കോളേജില്‍ പിരിവിന് ഈ ചേട്ടനാണു മുന്നില്‍.
"പല്ലന്‍" ജീവന്‍, ദ്വരപാലകരായി വായില്‍ നല്ല രണ്ടു മുഴുത്ത പല്ലുകളുള്ള അടൂര്‍കാരന്‍.
പിന്നെ ഈ ഞാനും.

ട്രോളറും ബോട്ടും ഒക്കെയുള്ള ടീമാ മത്തായിമാരുടെ വീട്ടുകാര്‍. അന്നവരുടെ വീട്ടില്‍ ഉച്ച ഊണിനു് എപ്പോഴും തീന്മേശയുടെ നടുക്കൊരു വലിയ തട്ടില്‍ പൊരിച്ച മത്തി കുന്നുകൂട്ടി വയ്ക്കുമായിരുന്നു. ദൈവത്തിന്റെ മുന്‍പില്‍ ഒരു കാണിക്ക പോലെ ആ മത്തി തട്ടുമാത്രം ആദ്യം കൊണ്ടു വയ്ക്കും. മത്തായിയുടെ അപ്പന്‍ കൊച്ചുതോമ തീന്മേശയുടെ ഒരു തലപ്പത്ത് ഇരിക്കും, എന്നിട്ടെല്ലാവരും നന്ദിസൂചകമായി ഒരുനിമിഷം നിശബ്ദരായി കണ്ണടച്ചുപ്രാര്‍ത്ഥിക്കും. പിന്നെ പൊരിച്ച മത്തിയും കറികളും കൂട്ടി സമര്‍ത്ഥമായ ഭക്ഷണം. മറക്കനാകില്ല.

അന്ന് ഒരു അവധി ദിവസമായിരുന്നു. ഞങ്ങള്‍ എല്ലാവരും രാവിലെ ഒരുമിച്ചുകൂടി കടല്പുറത്തു ഒന്നും ചെയ്യാനില്ലാതെ ഇരിക്കുകയായിരുന്നു. അപ്പോഴാണു "പല്ലന്" ഒരു ഭയങ്കര ഐഡിയാ വന്നത്. ബൈക്കില്‍ "പാലരുവിയില്‍" പോകാം എന്ന കാര്യം.

തടിയന്‍ മത്തായിക്ക് അവനു ചേര്ന്ന ഒരു ബുളറ്റ് എന്‍ഫീല്‍ഡ് ബൈക്കുണ്ട്. പൊടിയനു ഒരു Yamaha 350. എനിക്കു Yamaha RX100. അന്നു പല്ലനും, "ബക്കറ്റ്" സുബിനും ബൈക്കുകള്‍ കൊണ്ടുവന്നില്ല. പല്ലന്‍ മത്തായിയുടെ പിന്നിലും, സുബിന്‍ പൊടിയന്റെ പിന്നിലും കയറി ഞങ്ങള്‍ യാത്രയായി.

സമയം 10:00 മണി, പ്രശാന്ത സുന്ദരമായ കാലവസ്ഥ. കൊല്ലം-ചെങ്കോട്ട റോഡിലുള്ള ഒരു കാട്ടരുവിയുടെ ഉത്ഭവ സ്ഥാനമാണു "പാലരുവി". പലരും പറഞ്ഞു കേട്ടതല്ലാതെ ഞങ്ങളാരും മുന്‍പെ അവിടെ പോയിട്ടില്ല.

ഇളം വെയിലില്‍ ഞങ്ങളുടെ മൂന്നു ബൈക്കുകളും വളഞ്ഞ തിരിഞ്ഞ റോഡിലൂടെ മല കയറി. ഗ്രാമങ്ങള്‍ മാറി പാടങ്ങളായി, പാടങ്ങള്‍ മാറി കാടുകളായി.

അകാശം മൂടിമറയ്ക്കുന വൃക്ഷങ്ങള്‍ നിറഞ്ഞ പച്ചില കാട്. മരച്ചില്ലകള്‍ ഇരുവശത്തും താഴ്ന്നു കിടക്കുന്നുണ്ടായിരുന്നു. പൊടിയന്റെ പിന്നിലിരുന്ന "ബക്കറ്റ്" സുബിന്‍ ഓടികൊണ്ടിരുന്ന വണ്ടിയിലിരുന്നു ഒരു മരച്ചില്ല ഒടിച്ചു കയ്യില്‍വെച്ച് ആട്ടി ആട്ടിയിരുന്നു. തലതെറിച്ച ഒരുത്തനാണിവന്‍ എന്ന് എനിക്ക് നലതുപോലെ അറിയാമായിരുന്നു. എങ്കിലും ഇത്രയും വലിയ കഴുതയാണെന്നു ഒരിക്കലും കരുതിയില്ല. കൈയിലിരുന്ന മരച്ചില്ല കൊണ്ടു വഴിവക്കില്‍ മൂത്രമൊഴിക്കാനിരുന്ന ഒരു ചെറുപ്പക്കാരനെ ,"വനം വൃത്തികേടാക്കുന്നോടാ(ഡാഷ് ) മോനെ!" എന്നു വിളിച്ചുകൊണ്ടു മുതുകത്ത് നല്ല ഒരു അടിവെച്ചുകൊടുത്തു. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയായതിനാല്‍ അടിക്കു ഡബള്‍ കനമുണ്ടായിരുന്നിരിക്കണം. അടികൊണ്ട് അയാള്‍ ഞങ്ങളെ നല്ല മുഴുത്ത തെറി പറഞ്ഞു. ഞങ്ങള്‍ അതു കാര്യമാക്കാതെ, വണ്ടിനിര്‍ത്താതെ വേഗം വിട്ടുപോയി.

ഒരു കി.മി. കഴിഞ്ഞു വഴിവക്കില്‍ ഒരു ഭക്ഷണ ശാല കണ്ടു ഞങ്ങള്‍ വണ്ടി നിര്‍ത്തി. കടയില്‍ കസ്റ്റമേഴ്സായിട്ടു ഞങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. നാലുപേരും കൈകള്‍ കഴുകി ഭക്ഷണം കഴിക്കാന്‍ ഇരുന്നു. പുട്ടും കടലയും, മുട്ട റോസ്റ്റും ഒക്കെ ഞങ്ങള്‍ കഴിച്ചു തുടങ്ങി. കടയുടെ പിന്‍ ഭാഗത്തു അടുക്കളയില്‍ ചില്ലിട്ട ജനാലയുള്ള ഒരു വാതിലുണ്ടായിരുന്നു. ആ ജനാലയിലൂടെ ഒരാള്‍ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിന്നെ വേറെയും കുറെ പേര്‍ ഞങ്ങളെ അടുകളയില്‍ നിന്നും നോക്കുന്നുണ്ടായിരുന്നു. ആ ചെറിയ ജനാലയിലൂടെ മുഖം വ്യക്തമല്ലായിരുന്നു. ഒരാള്‍വന്നു കടയുടെ ഷട്ടര്‍ താഴ്ത്തി. ഞങ്ങള്‍ക്കപ്പോഴാണു കാര്യം മനസിലായത്- "ബക്കറ്റ്" അടികൊടുത്ത ആള്‍ ഈ കടയിലെ ഒരു അടുക്കള പണിക്കാരനാണ്. അടുക്കളയില്‍ ഒരു ഏഴെട്ടു പേരെങ്കിലും ഉണ്ടായിരുന്നുകാണും. ബക്കറ്റു സുബിനെ ചൂണ്ടിക്കോണ്ട് ഒരാള്‍ "ഇവന്‍ തന്നെ, ഇവന്‍തന്നെ !" എന്നു വിളിച്ചുകൊണ്ട് ചാടി വീണു.

സാധരണ ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ സമാ‍ധാനചര്‍ച്ചക്കായി പതിവായി എന്നെയാണു നിയോഗിക്കാറുള്ളത്‍. സമധാന ചര്‍ച്ച ചളമാകുമ്പോള്‍ രണ്ടാം ഘട്ടത്തിലേക്കു കടക്കും. അസഭ്യം പറഞ്ഞ് എതിരാളിയുടെ വീര്യം കുറക്കുക. ഈ പ്രയോഗത്തില്‍ സമര്‍ത്ഥനായ ഒരു വ്യക്തിയാണു "പെടിയന്‍" മത്തായി. പക്ഷെ ഈ വക മുറകളൊന്നും തന്നെ പ്രയോഗിക്കാന്‍ അവസരം കിട്ടിയില്ല. അതെങ്ങനാ? ചോദ്യവും സംസാരവും ഒന്നു ഉണ്ടായിരുന്നില്ലല്ലോ! ഓര്‍ക്കാപുറത്തുള്ള ഒടുക്കത്തെ അടിയല്ലായിരുന്നോ !

അടികൊണ്ട കക്ഷി സുബിന്റെ പുറത്ത് ചാടി വീണു. അടുക്കളയിലെ പിന്നണി സംഘം ഞങ്ങളെയും പൊതിഞ്ഞു.

പിന്നെ വാദ്യഘോഷത്തോടുകൂടിയ പൊടിപൊടിച്ച തല്ലായിരുന്നു. ഞങ്ങളെ അവര് ‍ശരിക്കും പെരുമാറി. പെട്ടന്നുള്ള അടിയായതു കാരണം വലിയ പ്രയോഗത്തിനൊന്നും സമയം കിട്ടിയില്ല. തടിയനും പൊടിയനും അവര്‍ക്കാവുന്ന വിധത്തില്‍ തിരിച്ചും ശരിക്കു് കൊടുത്തു. എനിക്കും കിട്ടി നാലഞ്ച് നല്ല തൊഴി. "പല്ലന്‍" ജീവന്‍ "അടിക്കല്ലേ ചേട്ടാ അടിക്കല്ലേ" എന്നു വിളിചുകൊണ്ട് കസേര പരിചയായി ഉപയോഗിച്ച് ഇടി തടയുന്നുണ്ടായിരുന്നു.

എന്റെ കാലിനും കൈയ്ക്കും ചെറിയ മുറിവുകള്‍ ഉണ്ടായിരുന്നു. അവസാനം ആരോ ഷട്ടര്‍വലിച്ച് തുറന്നു. ഞങ്ങള്‍ അവിടെനിന്നും ബൈക്കുകളും കൊണ്ട് അടികൊണ്ട നായ്കളെ പോലെ ഓടി. എല്ലവരുടെ വസ്ത്രങ്ങളിലും പെരുമാറ്റത്തിന്റെ വര്‍ണ്ണപകിട്ടാര്‍ന്ന ലക്ഷണങ്ങളുണ്ടായിരുന്നു. ഭാഗ്യത്തിനു ആര്‍ക്കും എല്ലുകള്‍ക്ക് പൊട്ടലൊന്നും ഇല്ലായിരുന്നു.

ഞങ്ങള്‍ വണ്ടി ഒരു നാലഞ്ച് കി.മി. ദൂരം ഓടിച്ചശേഷം വണ്ടി നിര്‍ത്തി നഷ്ടങ്ങളുടെ കണക്കെടുത്തു.

വെറുതേ വഴിയിലിരുന്നവന് അടികൊടുത്തു. പിന്നെ അവന്റെ കയ്യില്‍‍ തന്നെ ചെന്ന്പെട്ട് അവന്റെ സംഘത്തിന്റെ കയ്യിലിരുന്ന അടിയും വാങ്ങി. കുടെവന്ന നാറി ചെയ്ത എരപ്പാളിത്തരത്തിനു വെറുതെ ഞങ്ങളെല്ലാവരും മൃഗീയമായി ശിക്ഷിക്കപ്പെട്ടു.

ജിവിതത്തില്‍ മറക്കാനാവാത്ത പല പാഠങ്ങളില്‍ ഒന്നായിരുന്നു അത്. കര്‍മ ഫലം എന്നൊക്കെ പറയാറില്ലേ?. അതിങ്ങനെയും ഭവിക്കാം എന്നു പഠിച്ചു.

1 comment:

  1. എന്താ ചെയ്യുക. കൂടെയുള്ള ഓരോരുത്തന്മാരുടെ കൈയിലിരിപ്പിന്....

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..