Monday, July 24, 2006

പ്രചോദനത്തിന് നന്ദി!

മലയാളഭാഷ വളരെ വൈകിയാണെങ്കിലും പഠിക്കാനുള്ള കാരണമായ് ഞാന്‍‍ പലപ്പോഴും പറയാറുള്ളതു്, എന്റെ ഭാഷ സ്നേഹം, എന്റെ ബൈബിള്‍ പ്രോജക്റ്റ് , പിന്നെ മലയാളം കമ്പ്യൂടിംഗ്, അങ്ങനെ പല പല കാരണങ്ങളാണു്. പക്ഷേ ഏറ്റവും കൂടുതല്‍ എന്നെ സ്വാധീനിച്ചത് നാട്ടില്‍ വച്ച് എനിക്കുണ്ടായ ഒരു അനുഭവമാണു്.

1986. തിരുവനന്തപുരത്തിനടുത്തുള്ള ഏതോ മലയോര പ്രദേശം:
ജൂലൈ മാസത്തില്‍ അബുദാബിയില്‍ നിന്നും ഞാന്‍‍ നാട്ടില്‍ അവധിക്കു പോയകാലം.

ഒരു ലക്ഷത്തില്‍ പരം വരുന്ന എന്റെ ബന്ധുക്കളില്‍ ഏതോ ഒരു ബന്ധുവിന്റെ ഏതോ ഒരു മകളുടെ കല്യാണത്തില്‍ പങ്കുചേരാന്‍ കുടുംബത്തിലെ കുറെ സ്ത്രീകളേയും കൊണ്ട് ഞാന്‍‍ സാരഥിയായി പോകേണ്ടിവന്നു. പരിചയമുള്ള മുഖങ്ങള്‍ ഒന്നും അവിടെ ഇല്ലായിരുന്നു (പ്രവാസത്തിന്റെ ഗുണം!) അപരിചിതരായ കുറെ മനുഷ്യര്. എല്ലാവരേയും കണ്ടു ചിരിച്ച് കവിള്ത്തടങ്ങള്ക്ക് മസ്സില്സ് വച്ചു തുടങ്ങി. പക്ഷേ കുറ്റം പറയരുതല്ലോ, കിടിലന്‍ ബിരിയാണി ആയിരുന്നു! എന്റെ കൂടെ വണ്ടിയില് വന്നവര്‍ അടുത്ത എന്തോ ചടങ്ങിനായി പെണ് വീട്ടുകാരുടെ കൂടെ പോയി. അത് ഒരു കണക്കിന് നന്നായി. എങ്ങനെയെങ്കിലും അവിടെനിന്നും തടിതപ്പാന്‍ മാര്ഗ്ഗം നോക്കി നില്കുകയായിരുന്നു ഞാന്‍‍. ഞാന്‍‍ എന്റെ പ്രീമിയര്‍ പദ്മിനിയും ഓടിച്ച് തിരികെ വീട്ടിലേക്കു മടങ്ങി. കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ വണ്ടി വളഞ്ഞു് തിരിഞ്ഞു് മല ഇറങ്ങി. മഴ തകര്ക്കുന്നുണ്ടായിരുന്നു. മഴവെള്ളം റോഡില് ചെറിയ കുളങ്ങള്‍ സൃഷ്ടിച്ചിരുന്നു. വണ്ടി ഓടിച്ചു് വലിയ പരിചയം ഒന്നും ഇല്ലാത്ത ഞാന്‍‍, വണ്ടി ഒരു "കുളത്തില്" ഓടിച്ച് ഇറക്കി. അല്പനേരം കഴിഞ്ഞു വണ്ടി ചുമച്ചു ചുമച്ചു നിന്നു. എത്ര ശ്രമിച്ചിട്ടും സ്റ്റാര്ട്ട് ആകില്ല എന്നു വാശി പിടിച്ചു വണ്ടി കിടന്നു. റോഡിന്റെ ഇരുവശത്തും ജനവാസം ഇല്ലാത്ത കൃഷിയിടങ്ങള്‍ ആയിരുന്നു.

അല്പദൂരം മുന്പെ ഒരു മുറുക്കാന്‍ കടയും ഒരു ബസ് സ്റ്റോപ്പും കാണുന്നുണ്ടായിരുന്നു. പുറത്ത് ഇറങ്ങി വണ്ടി തള്ളി ഒരു വശത്താക്കി അതിന്റെ ഡോറുകള്‍ പൂട്ടി ഞാന്‍‍ മുന്നോട്ട് നടന്നു. അടുത്ത മുക്കില് പോയി മെക്കാനിക്ക് പണി വശമുള്ള അരെയെങ്കിലും കൂട്ടിക്കൊണ്ടുവരാം എന്നു മനസില് തിട്ടം ഇട്ടു. സുന്ദരികളായ ഒരുപറ്റം യുവതികള്‍ ആ ബസ് സ്റ്റോപ്പില് ബസ് കാത്ത് നില്കുന്നുണ്ടായിരുന്നു. മുറുക്കാന്‍ കടയില് അന്വേഷിച്ചപ്പോള്, കാര്‍ നന്നാകുന്ന ഇടം അവിടുന്ന് 10 കി.മി . ദൂരത്തുള്ള "പാലോട്" എന്ന സ്ഥലത്താണെന്നു കടക്കാരന്‍ പറഞ്ഞു. പിന്നെ അങ്ങോട്ട് പോകുന്ന ബസ് സുന്ദരികള്‍ നില്കുന്ന സ്റ്റോപ്പില് നിര്ത്തുകയും ചെയ്യും. എനിക്ക് സമാധാനം ആയി. ഞാന്‍‍ ബസ് സ്റ്റോപ്പിലേക്ക് മമ്മൂട്ടി സ്റ്റൈലില് ഗൌരവത്തോടെ നടന്നു.

ദൂരത്ത് നിന്ന് ഒരു ബസ് വരുന്നു. ഞാന്‍‍ ബസ്സിന്റെ ബോര്ഡില് എത്തി നോക്കി. ഒന്നും മനസിലായില്ല. "ഇറ്റ്സ് ഇന്‍ മലയാളം !!!!!!" കമഴ്ത്തി വെച്ച പോപ് കോണും മലയാളവും അന്ന് എനിക്ക് ഒരു പോലെയായിരുന്നു. ഒരു നിമിഷം ഞാന്‍‍ പതറിപ്പോയി. കണ്ടക്ടറോടു " വണ്ടി പാലോടു് പോകുമോ" എന്നു അന്വേഷിച്ചു. ഇല്ല എന്നു പറഞ്ഞു.

നിരാശയോടെ ബസ്സില് നിന്നും ഞാന്‍‍ താഴെ ഇറങ്ങി. കറുത്ത പുക മുഖത്ത് തുപ്പി കൊണ്ടു ബസ് വിട്ടു പോയി. എന്റെ മനസില് കുറെ കാര്യങ്ങള്‍ പ്രത്യക്ഷമായി തെളിഞ്ഞു. എനിക്ക് എന്റെ ഭാഷ വായിച്ചു പഠിക്കാന്‍ സമയമായി. ഇനി അധികം നീട്ടി കൊണ്ട് പോയാല് അത് എന്റെ ഗ്ലാമറിനെ ബാധിക്കും. പക്ഷേ അത് പിന്നത്തെ കാര്യം. ഇപ്പോള്‍ അതിലും വലിയ പ്രശ്നം മുന്നിലുണ്ട്. പാലോട് പോകുന്ന ബസ് എങ്ങിനെ കണ്ടുപിടിക്കും? ബസ്സിന്റെ മലയാളം ബോര്ഡ് വായിക്കാന്‍ എനിക്ക് അറിയില്ല എന്ന കാര്യം യുവതികളെ ഞാന്‍‍ ചമ്മലോടെ അറിയിച്ചു. അതില് ചിലര്‍ ചിരിച്ചു. ചിലര്‍ അമര്ഷത്തോടെ കണ്ണുരുട്ടി കാട്ടി. അതുവരെ ഉണ്ടായിരുന്ന എന്റെ എല്ലാ ഗ്ലാമറും മഴ വെള്ളത്തില് ഒലിച്ചു പോയി. പിന്നെ ഞാന്‍‍ ആരുടെയും മുഖത്ത് നോക്കിയില്ല. അവസാനം ബസ് വന്നു. ഒരു പെണ്കുട്ടി എന്നെ വിളിച്ചു, ബസ് അതാണെന്നു ചൂണ്ടി കാട്ടി. വീണ്ടും യുവതികള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു. ഞാന്‍‍ അതി ഗംഭീര ചമ്മലോടെ ബസില് കയറി യാത്രയായി.

പിന്നത്തെ ഒരു മാസം ലൈബ്രറിയില് പോയി മലയാളഭാഷയുടെ ചരിത്രത്തെകുറിച്ചും കേരള സംസ്കാരത്തെ കുറിച്ചും മനസിരുത്തി പഠിച്ചു. എന്റെ ജീവിതത്തിലെ നല്ലൊരു ഭാഗം ഞാന്‍‍ ഈ ഭാഷയെ അവഗണിച്ച് കളഞ്ഞല്ലോ എന്ന കുറ്റബോധം ആയിരുന്നു പിന്നെ. ഒറ്റയ്ക്കു ആരുടെയും സഹായം ഇല്ലാതെ പരിഹാസ്യങ്ങള്‍ സഹിച്ച് സമയം എടുത്ത് വായിക്കാന്‍ പഠിച്ചു. ഇപ്പോഴും ആ പഠിപ്പ് ഞാന്‍‍ തുടര്ന്നുകൊണ്ടേയിരിക്കുന്നു.

ഈ കൊച്ചു കുറിപ്പിലൂടെ ഞാന്‍ ആ ബസ് സ്റ്റോപ്പില്‍ നിന്ന സുന്ദരികളോടു നന്ദി പറയുന്നു - എനിക്ക് മലയാളഭാഷ പഠിക്കാന്‍ പ്രചോദനം തന്നതിന് !

13 comments:

  1. എന്നിട്ടെന്തായിരുന്നു ആ‍ദ്യം വായിച്ച മലയാളം വാക്ക്‌ ?
    ഓര്‍ക്കുന്നുണ്‍ദോ?

    ReplyDelete
  2. അദ്യം വായിച്ച വാക്ക് ഓര്മയില്ല. അദ്യം വായിച്ച മലയാളം നോവല്‍ ഓ. വി. വിജയന്റെ "കസാകിന്റെ ഇതിഹാസം". ആദ്യം വായിച്ച മലയാളം കവിത "കുമാരനാശന്റെ വീണപൂവ്"

    ReplyDelete
  3. ആദ്യാമായിട്ട് വായിച്ചത് ഖസാക്കൊ? ബോര്‍ഡ് വായിക്കാന്‍ അറിഞ്ഞൂടാഞ്ഞിട്ട് മലയാളം പഠിച്ചിട്ട് ആദ്യമായിട്ട് വായിച്ചത്..എന്റെ കര്‍ത്താവെ! ഞാന്‍ പോലും താടി വളര്‍ത്തിയെനെ എന്നാ..
    എനിക്ക കവിളത്ത് മസ്സില്‍ പ്രയോഗം പിടിച്ചു :)

    ReplyDelete
  4. ഈ ബസ്സിന്റെ ബോര്‍ഡ്‌ വായിക്കാന്‍ വേണ്ടിയാണ്‌ ഞാന്‍ തമിഴ്‌ വായിക്കാന്‍ പഠിച്ചത്‌. അക്ഷരങ്ങള്‍ കുറവായത്‌ കാരണം സംഗതി താരതമ്യേന എളുപ്പമായിരുന്നു.

    ReplyDelete
  5. കോളേജില്‍ എന്റെ ക്ലാസില്‍ ഒരു സിംഗപ്പൂരുകാരി കുട്ടി ഉണ്ടായിരുന്നു. അവള്‍ താമസിച്ചിരുന്നത്‌ മയ്യനാട്‌ എന്ന സ്ഥലത്ത്‌. ബസിന്റെ ബോര്‍ഡ്‌ തിരിച്ചറിയാന്‍ നിഷാദിനേം കണ്ണൂസിനേം പോലെ കഷ്ടപ്പെട്ട്‌ പഠിക്കാതെ ആ മടിച്ചിക്കോത 50 അക്ഷരം ഉപേക്ഷിച്ച്‌ തന്റെ ബസ്സുകളുടെ ബോര്‍ഡില്‍ യുണീക്ക്‌ ആയ "യ്യ" മാത്രം പഠിച്ചു. ഒന്നാം വര്‍ഷം കുഴപ്പമില്ലാതെ വന്നു കൃത്യമായി വീട്ടില്‍ തിരിച്ചെത്തി. രണ്ടാം വര്‍ഷം പകുതിയായപ്പോള്‍ ഒരു ദിവസം വഴി തെറ്റി വേറൊരിടത്ത്‌ പെട്ടു.

    ഏതു ദിവസം?
    "പൂയ്യപള്ളി" റൂട്ടിലോട്ട്‌ ബസ്‌ സര്‍വീസ്‌ തുടങ്ങിയ ദിവസം.

    അല്ല കണ്ണൂസേ, ഈ ബുക്ക്‌, ഈ സര്‍വീസ്‌, ഈ കോമേര്ഴ്സ്‌, ഈ-ഗവര്‍ണ്‍മന്റ്‌, ഈ ദിര്‍ഹം എന്നൊക്കെ കേട്ടു ഈ ബസ്സും തുടങ്ങിയോ?

    ReplyDelete
  6. ഓഡിയോ കാസറ്റ് നോക്കിയാണ് ഞാന്‍ തമിഴ് പഠിച്ചത്. പണ്ടത്തെ കാസറ്റിലൊക്കെ ഇംഗ്ലീഷിലും തമിഴിലും എഴുതുമായിരുന്നല്ലോ. അങ്ങിനെ പഠിച്ച് പഠിച്ച് അത്യാവശ്യം എഴുതാനും വായിക്കാനും പഠിച്ചു. പക്ഷേ പറയാന്‍ കൊഞ്ചം പുത്തിമുട്ട്.

    പക്ഷേ അക്ഷരം പഠിക്കണമെങ്കില്‍ ജാപ്പനീസ് പഠിക്കണം. പത്തു രണ്ടായിരം കാഞ്ചിയും പിന്നെ ഹിരക്കാന, കഥക്കാന, റോമാജി...

    ഒരു ദിവസം ഞാന്‍ താമസിക്കുന്ന സ്ഥലത്തിന്റെ ജാപ്പനീസ് സാര്‍ കാഞ്ചിയിലെഴുതി പകുതി വന്നപ്പോള്‍ സാര്‍ ബാക്കി കാഞ്ചി മറന്നുപോയി!

    ReplyDelete
  7. കൈപ്പള്ളിയുടെ പോസ്റ്റുകളും, ഭാഷാസ്നേഹവും കണ്ടിട്ട്‌ ഇത്രയും വൈകി ഭാഷ പഠിച്ച ആളാണെന്ന് തോന്നിയതേയില്ല!!!

    പിന്നെ ആദ്യം തന്നെ ഖസാക്ക്‌ വായിച്ചത്‌: അത്‌ തന്നെ കൈപ്പള്ളിയുടെ സ്ഥിരോത്സാഹത്തെ കാണിക്കുന്നു...

    ബസ്സിന്റെ ബോര്‍ഡ്‌ വായിക്കുക എന്ന സമസ്യ ആണ്‌ മിക്ക പ്രവാസികളെയും തങ്ങളുടെ മക്കളെ മലയാളം പഠിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. എന്റെ ഒരു സുഹൃത്ത്‌ മലയാളമറിയാത്ത തന്റെ മൂത്ത മകള്‍ ബസ്സിന്റെ ബോര്‍ഡ്‌ വായിക്കാന്‍ കഷ്ടപ്പെടുന്നത്‌ കണ്ട്‌, ഇളയ മകനെ മലയാളം പഠിപ്പിക്കുന്നുണ്ട്‌.

    ഒന്നു കൂടി,
    ആ അജ്ഞാതരായ പെണ്‍കുട്ടികളോട്‌ ബൂലോഗവാസികളെല്ലാം കടപ്പെട്ടിരിക്കുന്നു. നമുക്ക്‌ നല്ലൊരു ബ്ലോഗറെ തന്നതിന്‌...

    ReplyDelete
  8. കൈപ്പുള്ളിയേട്ടാ,

    താങ്കള്‍ മലയാളം പഠിക്കാതിരുന്നത്‌ എന്തുകൊണ്ടാണ്‌ എന്ന് വിശദമാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു. യൂണികോഡ്‌ ഫോണ്ടിനു വേണ്ടി വാദിക്കുമ്പോള്‍ രക്തം തിളയ്ക്കുന്ന അങ്ങ്‌ മലയാളം .....

    ReplyDelete
  9. നമസ്കാരം.
    ഒ:ടോ: ഞാ‍ന്‍ കൂവി തെളിഞൊ?.
    നന്ദു
    റിയാദ്.

    ReplyDelete
  10. ഇന്നാണ് വായിക്കുന്നത്
    കൈപ്പള്ളിയോട് ബഹുമാനം തോനുന്നു.

    ReplyDelete
  11. ഗുരുവേ നമ: :)))

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..