Sunday, July 09, 2006

മരുഭൂമിയിലെ മണ്ടത്തരം

 

വരണ്ട മരുഭുമി, ഉച്ച സമയം 1:10. മേഘശൂന്യമായ ആകാശം. 40 ഡിഗ്രി ചൂട്.

മരുഭൂമിയിലെ മണ്ണിൽ കാറ്റു വീശി പ്രകൃതി സൃഷ്ടിക്കുന്ന വരകളുടെ ചിത്രം എടുക്കാൻ ഒരു ആഗ്രഹം. ഉച്ചക്കു് തലക്കു് ചൂടുപിടിച്ചാൽ ഇതുപോലെ പല ഭ്രാന്തും എനിക്കു തോന്നാറുണ്ടു്. ഞാൻ കരുതിയപോലെ സാമാന്യം ഭേതപേട്ട ഒരു ആശയമാണു്. "മരൂഭൂമി വരച്ച ചിത്ത്രങ്ങൾ."

മണ്ണിൽ ഓടിക്കാവുന്ന വാഹനവുമുണ്ട്. കൂടെ സഹയാത്രികനാകാൻ‍, എനിക്കു മനസിലാക്കാൻ പ്രയാസമുള്ള തനി തൃശൂർ ശൈലിയിൽ സംസാരിക്കുന്ന കരുണനും ഉണ്ടായിരുന്നു. (എന്നാൽ എല്ലാ തൃശൂർക്കാരും കരുണനെ പോലെയല്ല കേട്ടോ !)

ദുബൈ ഷാർജ്ജ അതിർത്തിയിൽ ഉള്ള നസ്വ (Nazwa) എന്ന പ്രദേശം വളരെ പ്രത്യേകതകളുള്ള ഒരു സ്ഥലമാണു്. നസ്വ പ്രദേശത്തു് ഭൂനിരപ്പിൽനിന്നും 80m മണ്ണിൽനിന്നുയരുന്ന രണ്ടു് പാറകളുണ്ട്. (അവയെ മലകളെന്നു വിശേഷിപ്പിക്കാനാവില്ല) അറബികൾ അവയെ "കർണ്ണു് നസ്വ" , Qarn Nazwa القرن نزوه എന്നാണു വിളിക്കുന്നത്. ("കർണ്" എന്നാൽ കൊമ്പ്. "നസ്വ" എന്നാൽ മിധ്യ). മരുഭൂമിയിലെ മരീചികയിൽ നിന്നുയരുന്ന രണ്ടു കൊമ്പുകൾതന്നയാണു ഈ രണ്ടു പാറകളും. ശൂന്യമായ ഭൂമിയുടെ ചക്രവാളത്തിൽ പൊന്തി നിൽക്കുന്ന രണ്ടു സുന്ദരികൾ.

ഈ പാറകെട്ടുകളിൽ ധാരാളം പോടുകൾ ഉണ്ട്. അവയിൽ Eagle Owl (Bubo bubo) എന്ന ഒരു തരം മൂങ്ങകൾ കൂടുകൂട്ടാറുണ്ട്. അതിന്റെ ചിത്രം എടുക്കാൻ 15 വർഷം മുന്പു് പത്രത്തിൽ ജോലി ചെയ്തിരുന്നപ്പോൾ പോയിരുന്നു. അന്നു് ഞാൻ ഈ പാറയിൽ ഓടി കയറി, സൂർയാസ്തമനം കണ്ടു.

അന്നു് അവിടെ മനുഷ്യവാസം ഇല്ലായിരുന്നു. ഇന്നവിടെ മലബാർകാരുടെ സൂപ്പർമാർക്കറ്റുകളും കടകളും ഒക്കെയുണ്ട്. മണൽകാടുകൾ വിദേശികൾക്കു് കാട്ടിക്കൊടുക്കുന്ന ടൂരു് കമ്പനികളുടെ ഒരു വിശ്രമസ്ഥലം ആണിന്നവിടം.

കർൺ നസ്വ പാറകൾക്കു ചുറ്റം ഇപ്പോൾ കമ്പിവേലി കെട്ടിയിരിക്കുന്നു. ദുബൈ സർക്കാരിന്റെ വന്യമൃഗസംരക്ഷണ വകുപ്പു് പക്ഷികൾക്കു് സംരക്ഷണം നൽകാൻ വേണ്ടി അവിടം കെട്ടിയടച്ചതാണ്. രണ്ടു സുന്ദരികളെയും കൂടിലിട്ടതുപോലെ എനിക്കു് തോന്നി. മനുഷ്യരിൽനിന്നും മൃഗങ്ങളെ സംരക്ഷിക്കാനും, മൃഗങ്ങളിൽനിന്നും മനുഷ്യരെ സംരക്ഷിക്കാനും ഒരേ പരിഹാരം: മൃഗങ്ങളെ കൂട്ടിലടയ്ക്കുക. ഇതെന്തു ഞ്യയം? എങ്കിലും സാരമില്ല. കുറേ കാലം കൂടി ആ പാറകൾ നിലകൊള്ളുമല്ലോ! മലകൾ പൊട്ടിച്ചു് കടലിൽ കല്ലിട്ട്, കൃതൃമ ദ്വീപുകൾസൃഷ്ടിക്കുന്നതിന്റെ ഇടയിൽ ഈ പാറക്കെട്ടുകൾകൂടി കടലിൽ പോകാതിരിക്കാനകും, ദുബൈ സർക്കാരു് ഈ സുന്ദരികളെ രണ്ടു വളച്ചു വേലി കെട്ടിയത്!

വണ്ടി ദുബൈ-ഹത്ത റോഡിലൂടെ ഇറക്കം ഇറങ്ങി വരുമ്പോൾ സുന്ദരികൾ രണ്ടും ഉയർന്നു വന്നു. എന്റെ 4X4 വാഹനത്തിൽ ടാങ്കു് നിറയെ ഇന്ധനവും, ഫ്രിഡ്ജു് നിറയെ കുടിക്കാനുള്ള വെള്ളവും, ഉപഗ്രഹങ്ങളുടെ സഹായത്താൽ ദിശ നിർണ്ണയിക്കുന്ന ഉപകരണവും (GPS, Global Positioning System) ഉണ്ട്. 4WD ഗിയർ അമർത്തി വളരെ ധൈർയത്തോടെ തന്നെ വണ്ടി മണ്ണിലേക്കിറക്കി. വണ്ടി പതുക്കെ മുന്പോട്ടു് നീങ്ങി. കടലിൽ തിരകൾ തുളച്ചു മാറ്റുന്ന കപ്പൽ പോലെ മണ്കുന്നുകൾ താണ്ടി വണ്ടി നീങ്ങി. ഒരു മണ്കുന്നിന്റെ താഴ്ന്ന വശത്തെത്തിയപ്പോൾ വാഹനത്തിന്റെ കണ്ണാടിയിൽ ഞാൻ നോക്കി. അതിസുന്ദരിയായു് അവൾ നിൽക്കുന്നു - കർണു് നസ്വ.

ടാറിട്ട പാതയിൽ നിന്നും എതാണ്ടു് 200 മിറ്റരു് ഉള്ളിൽ വണ്ടി നിർത്തി. സുർയന്റെ നേരെ നീലാകാശത്തിന്റെ മുന്നിൽ പ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന ആ പാറയുടെ ചിത്രം ഒപ്പിയെടുക്കാൻ എനിക്കു തോന്നി. വണ്ടി പൂഴി മണ്ണിൻ മേൽ നിർത്തി. പുറകിലത്തെ വാതിൽ തുറന്ന്, ക്യാമറയിൽ രണ്ടു് ചിത്രങ്ങൾ പകർത്തി .(ഒന്നാമത്തെ അബദ്ധം). സാധാരണ റോഡിലൂടെ വണ്ടിയോടിക്കുന്നതു പോലെയല്ല മരുഭൂമിയിൽ വണ്ടി ഓടിക്കുന്നത്. മണ്ണിൽ വണ്ടി നിർത്തുമ്പോൾ ഉറച്ച മണ്ണിൽ മാത്രമേ നിർത്താൻ പാടുള്ളു. ഓടികൊണ്ടിരിക്കുന്ന 4WD വണ്ടി മണ്ണിൽ താഴില്ല.


തിരിച്ചു ഞാൻ വണ്ടിയിൽ കയറി ആക്സിലറേറ്ററിൽ കാലമർത്തി. വാഹനത്തിന്റെ ചക്രങ്ങൾ മണ്ണിൽ തെന്നുന്നുണ്ടു് എന്ന മുന്നറിയിപ്പു് വണ്ടിയുടെ സെന്സറുകൾ നൽകുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ അതു് കാർയമാക്കിയില്ല. ആ മണ്ണു് കാറ്റുവീശി വീഴ്ത്തിയ പുത്തൻ മണ്ണായിരുന്നു - കാലുകുത്തിയാൽ ഒരടിയോളം താഴേക്കിറങ്ങുന്ന മൃദുലമായ ചുവന്ന പൂഴി മണ്ണ്. ആംഗലേയത്തിൽ പറഞ്ഞാൽ "virgin sand".
വണ്ടി നല്ലതുപോലെ ഒന്ൻ ഇരുന്നു. അപ്പോഴാണു് പഴയ ഹിന്ദി സിനിമയിലെ ഫ്ലാഷ്ബായ്ക്കു് പോലെ ഒരു കാർയം ഓർമ്മ വന്നത്. പിറ്റേദിവസം ഷോപ്പിംഗു് മാളിൽ വണ്ടി തിരിക്കുമ്പോൾ സിമന്റു് തറയിൽ ചക്രങ്ങൾ പൂച്ച നിലവിളിക്കുന്ന പോലെ ശബ്ദം ഉണ്ടാക്കി. അതു് മോശമല്ലേന്ൻ കരുതി അടുത്തു് കണ്ട ഒരു ഇറാനിയുടെ ടയരു് കടയിൽ ചെന്നു ടയറിൽ കാറ്റു 30 പി.എസ്. ഐ. യിൽനിന്നും 40 പി.എസ്.ഐ ആക്കി. (രണ്ടാമത്തെ അബദ്ധം) മണ്ണിൽ യാത്രചെയുമ്പോൾ ടയറിലെ കാറ്റു് 18 പി.എസ്.ഐ ആയിരിക്കണം ഈ കാർയം വളരെ നല്ലതുപോലെ അറിയാമായിരുന്നിട്ടും എനിക്കു് ഈ അബദ്ധം പറ്റി. ടയരു് പ്രഷരു് കുറയ്ക്കാൻ വിട്ടുപോയി! വണ്ടി ശരിക്കും മണ്ണിൽ ഇരുന്നു. ഉപദേശകൻ അടുത്തിരുന്നു മനസിലാകത്ത തൃശൂർ ഭാഷയിൽ എന്തോ എന്നോടു പറഞ്ഞു. എനിക്കൊന്നും മനസിലായില്ല. ഉപദേശങ്ങൾക്കിനി വിലയില്ലലോ. വണ്ടി മണ്ണിൽ ഇരുന്നിലെ. എനിക്കു കലിയും സങ്കടവും ഒരുമിച്ചു വന്നു. ഒരു ദീർഖശ്യാസം വലിച്ചു വണ്ടിയിൽ നിന്നും പുറത്തിറങ്ങി.

നാലു ടയറും മണ്ണിൽ മുങ്ങി. ഇനി തുൽയ ഭാരമുള്ള മറ്റൊരു 4WD വന്നു കെട്ടി വലിച്ചു് ടയറുകൾ മണ്ണുമായി അടുപ്പിച്ചാൽ മാത്രമെ വണ്ടി കയറി വരികയുള്ളു. ഇതു പണ്ടു് പലതവണ പറ്റിയിട്ടുള്ള അബദ്ധമാണു്. ഞാൻ അതു സുഹൃത്തിനോടു് പറഞ്ഞാൽ എന്റെ വില പോകും. അതുകൊണ്ടു് ഞാനൊന്നും മിണ്ടിയില്ല. സമയം 2 മണിയായി. നല്ല ഒന്നാംതരം ചൂടുകാറ്റു് അടിക്കുന്നുണ്ട്. ജീവിതത്തിൽ ആദ്യമായി മരുഭൂമിയിൽ വന്ന പുള്ളിക്കാരൻ വിരണ്ടുതുടങ്ങി. ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഞാൻ ഒരു കുപ്പി വെള്ളം എടുത്തു് പോക്കറ്റിൽ തിരുകി. ഒരണ്ണം കരുണനും വച്ചുനീട്ടി. എന്നിട്ടു വളരെ സമധാനത്തോടെ പറഞ്ഞു, "അരെങ്കിലും ഇതുവഴി വരതിരിക്കില്ല. പാറയുടെ പടിഞ്ഞാറേ ഭാഗത്തു് കടകളും റെസ്റ്റാറെന്റും ഉണ്ട്. നമുക്ക ആ ദിശയിലേക്കു് നടക്കാം. അതിനിടയിൽ ഏതെങ്കിലും വണ്ടി വന്നാൽ കൈകാട്ടി നിർത്തുകയും ചെയ്യാം." തലയിൽ വെള്ള തുണികെട്ടി വിജനമായ ആ പ്രദേശത്തൂടെ ഞങ്ങൾ രണ്ടും പതുക്കെ നടന്നു നീങ്ങി. മുന്നിൽ "കർണു് നസ്വ" സുന്ദരികൾ എന്നെ നോക്കി ചിരിക്കുന്നതുപോലെ എനിക്കു തോന്നി.

ഏതാണ്ടു് പത്തു് മിനിറ്റോളം ഞങ്ങൾ നടന്നു. അപ്പോഴാണു ഒരു യന്ത്രത്തിന്റെ മനോഹരമായ ആ ശബ്ദം ഞങ്ങൾ കേട്ടത്. ഞങ്ങൾ തിരിഞ്ഞു നോക്കി. ഒരു 1950 മോഡൽ ലാന്റു് റോവർ. മരുഭൂമിയിലെ പഴയ പുലിയായുന്നു ഇവൻ. ഞങ്ങൾ ആ വണ്ടിക്കു കൈകാട്ടി. വണ്ടി നിർത്തി. അതിന്റെ സാരഥി മുഖത്തു മണ്ണിലെ വരകൾ പോലെ ഒരുപാടു വരകളുള്ള ഒരു വയസൻ അറബിയായിരുന്നു. ആ മനുഷ്യന്റെ അദ്ധ്വാനിച്ചു തഴമ്പിച്ച തന്റെ കൈ പുറത്തേക്കു നീട്ടി. അദേഹം എനിക്കു സമാധാനുവും ദൈവത്തിന്റെ കരുണയും അനുഗ്രങ്ങളും നേർന്നു. ഞാൻ അദ്ദേഹത്തിനും അവ തിരികെ നേർന്നു. കാർയം പറഞ്ഞു് ഞാൻ സഹായം അഭ്യർത്ഥിച്ചു.

നിശബ്ദമായി ഏതോ വിശുദ്ധ കടമ നിറവേറ്റുന്ന പോലെ അദ്ദേഹം തന്റെ പഴയ ലാന്റ റോവറിന്റെ മുന്നിൽ ഇരുമ്പു് വടം കെട്ടി എന്റെ വണ്ടി കെട്ടിവലിച്ചു. വെറും 5 മിനുട്ടിനുള്ളിൽ പുതഞ്ഞുകിടന്ന എന്റെ വണ്ടിയുടെ നാലു ടയറുകളും പുറത്തെടുത്തു. അദ്ദേഹം വന്നതുപോലെ തിരികെ പോയി.

യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ അപരിചിതരെ വിജനമായ സ്ഥലത്തു സഹായിക്കുന്ന അസാധാരണ മനുഷ്യൻ. വൽയവൻ! അദ്ദേഹത്തിൻ നന്മകളും ദീർഖായുസും നേർന്നുകൊണ്ടു് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

2 comments:

  1. പടങ്ങള്‍ കാണ്മാനില്ലാ‍ാ.. ഗൂഗിളമ്മച്ചി ഫോര്‍ബിഡന്‍ അടിക്കുന്നു..

    ReplyDelete
  2. നല്ല പോസ്റ്റ്!
    അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കൂ..
    പടങ്ങള്‍ കാണാന്‍ വയ്യ!

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..