Monday, August 28, 2006

ചിറകുകള്‍: പാര്‍വതിയുടെ കടും വാശി

ചിറകുകള്‍: പാര്‍വതിയുടെ കടും വാശി എന്ന ലേഖനം വായിച്ചു. എനിക്ക് ഒരു ചെറിയ അഭിപ്രായമുണ്ട്.

Legalize Prostitution.

ഞെട്ടി?
ഞെട്ടണ്ട.
നല്ലതേ വരു.

എല്ലാത്തിനും പരിഹാരങ്ങളുണ്ട്. പക്ഷേ പരിഹാരങ്ങള്‍ തേടുന്നതിനും മുമ്പ് നമ്മള്‍ പൊയ്‌മുഖങ്ങള്‍ അഴിച്ചുമാറ്റി പ്രശ്നങ്ങള്‍ ഉണ്ടെന്നു മനസിലാക്കണം. ഉറങ്ങുന്നവനെ ഉണര്ത്താം, ഉറക്കം നടിക്കുന്നവനെ എന്തുചെയ്യും. കാലുമടക്കി അടിച്ചോ ചവിട്ടിയോ താഴെയിടണം.

പുരുഷനും സ്ത്രീയും പ്രപഞ്ചത്തില്‍ ഉള്ള കാലം വരെ ലൈംഗിക തൊഴില്‍ നിര്ത്താന് ഉടയതമ്പുരാന്‍ വിചാരിചാലും കഴിയില്ല, പക്ഷേ മനുഷ്യന്‍ മനസുവെച്ചാല്‍ അത് നിയന്ത്രിക്കാന്‍ കഴിയും. നിയന്ത്രിക്കണമെങ്കില്‍ ലൈംഗിക തൊഴില്‍ ചെയുന്ന സ്ത്രീകളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ വരണം.
ലൈംഗിക തൊഴിലാളികളെ നിയമപരിധിക്കുളില്‍ കൊണ്ടുവരുമ്പോള്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ പലതാണു്.

1) സര്‍ക്കാരിനു് ലൈംഗിക തൊഴിലിന്മേല്‍ ഒരു നിയന്ത്രണം ഉണ്ടാകും.
2) ഈ തൊഴിലില്‍ വരുന്നവര്‍ക്‍ minimum പ്രായ പരിധിയും വേതനവും നിശ്ചയിക്കപ്പെടും. ലൈംഗിക അടിമത്വം അവസാനിപ്പിക്കാം.
3) ലൈംഗിക സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാറിനു കരം ഈടാക്കാം.
4) തൊഴിലാളികളുടെ സംരക്ഷണം സര്‍ക്കാറിന്റേതാകും, ഗുണ്ടകളുടേതാവില്ല.
5) ഗുണ്ടകളും "മാമമാരും" തൊഴില്‍ രഹിതാരാകും. അനുബന്ധപ്പെട്ട മയക്കുമരുന്നു് കച്ചവടം, ചൂതാട്ടം, വണ്ടിമോഷണം ഒക്കെ ബാധിക്കപ്പെടും.
6) HIV/AIDS ഉം മറ്റു ലൈംഗിക രോഗങ്ങളെയും കൂടുതല്‍ നിയന്ത്രിക്കാം.

ഞാനീ പറഞ്ഞതൊന്നും എന്റെ തലയില്‍ ഉത്ഭവിച്ച കാര്യങ്ങളല്ല.

1988 നെതര്‍‌ലാന്റില്‍ വേശ്യാവൃത്തി നിയമം കോണ്ടുവന്നു, അംസ്റ്റര്‍ഡാമിലും, ദെന്‍ ഹാഗിലും‍, റോട്ടര്‍ഡാമിലും വ്യഭിചാര സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. അതിനോടൊപ്പം 2000ല്‍ മയക്കുമരുന്നുകളില്‍ ഏറ്റവും വീര്യം കുറഞ്ഞ കഞ്ചാവ് (Cannabis sativa, Cannabis indica) അനുവദനീയമാക്കി. വെറും രണ്ടു വര്ഷത്തിനുള്ളില്‍ മാരകമായ Heroine, Crack, Coccaine മുതലായ മയക്കുമരുന്നിന്റെ വില്പനയില്‍ സാരമായി കുറവു രേഖപെട്ടു. വര്ഷം 500ല്‍ പരം ബലാത്സംഗങ്ങള്‍ നടന്നിരുന്ന സിറ്റിയില്‍ അതു 50നു താഴെയായി. ശേഷം ജര്മനിയും ഈ മാര്‍ഗ്ഗം സ്വീകരിച്ച് നിയമങ്ങള്‍ മാറ്റി. മേല്‍ പറഞ്ഞ രണ്ടു രാജ്യങ്ങളും ജനാധിപത്യ വ്യവസ്ഥിതിയുടെ നല്ല ഉദാഹരണങ്ങളാണു്.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.liberator.net/articles/prostitution.html സന്ദര്‍ശിക്കൂ.

ജനങ്ങളെ സന്മാര്‍ഗ്ഗത്തില്‍ നയിക്കേണ്ട ജോലി സര്‍ക്കാറിന്റെതല്ല. അത് കടുംബങ്ങളും, മതങ്ങളും നിര്‍‌വഹിച്ചുകൊള്ളും. ജനങ്ങളുടെ സ്വകാര്യ ജിവിതത്തില്‍ ഏത്തിനോക്കേണ്ട ആവശ്യവും സര്‍ക്കാറിനില്ല. പൊള്ളയായ കുറെ ആചാരങ്ങളും, കള്ള സന്മാരഗ്ഗികളും നിറഞ്ഞ നമ്മുടെ സമൂഹത്തില്‍ ചട്ടങ്ങള്‍ മാറ്റുവാന്‍ സമയമായി.
പഴയകാല ചട്ടങ്ങളകും ആചാരങ്ങള്‍ക്കുമൊന്നും വിലകല്പിക്കാത്ത സമൂഹമാണു് നമ്മുടേത്. സത്യാവസ്ഥകള്‍ മനസ്സിലാക്കി സമൂഹം മുന്നോട്ടു പോകണം. പുറകിലേക്കു നോക്കി തിരിഞ്ഞു് നടന്നാല്‍ മലര്‍ന്നുവീഴും.

7 comments:

  1. ഇതു കൊള്ളാവുന്ന ഏര്‍പ്പാടാ. ഈ പ്രശ്നം വോട്ടിനിടുകയാണെങ്കില്‍ എന്റെ വോട്ട് വേശ്യാവൃത്തിക്കു നിയമസാധുത നല്‍കുന്നതിനു തന്നെ.

    (ദാരിദ്ര്യം കൊണ്ടു വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവരെ, വേശ്യകള്‍ എന്നു വിളിക്കുന്നതിനു പകരം ശരീരം വില്‍ക്കുന്നവര്‍ എന്നു വിളിക്കുന്നതാണു സാമൂഹികപരമായി ശരി; കിഡ്നി വില്‍ക്കുന്ന ദരിദ്രരെപ്പോലെ ശരീരം വില്‍ക്കുന്ന സ്ത്രീകള്‍. ഇന്ത്യയിലെ മിക്ക പ്രശ്നങ്ങളും നിയമപരമായി നമുക്കു പരിഹാരങ്ങള്‍ ഉണ്ടു്, അല്ലെങ്കില്‍ യുക്തിപരമായി പരിഹാരങ്ങള്‍ സാധ്യമാണു്. സംവരണം നല്ലൊരു ഉദാഹരണം. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം നടത്താതെ സംവരണം പൂര്‍ണ്ണമായും ഉപയോഗിക്കപ്പെടില്ല-വേശ്യാവൃത്തിക്കു നിയമസാധുത നല്‍കുന്നതുകൊണ്ടും ഉപയോഗമില്ല.)

    ReplyDelete
  2. ഗാന്ധിജി മുംബയിലെ ചുവന്ന തെരുവിനു അനുമതി (അര്‍ദ്ധ മനസ്സാ) കൊടുത്തതും ഇതേ കാരണങ്ങള്‍ കൊണ്ട് തന്നെയല്ലെ? അത് മൊത്തം ഇന്‍ഡ്യയില്‍ പ്രാവര്‍ത്തികമാക്കാം ആകാശം ഇടിഞ്ഞു വീഴില്ല. പക്ഷെ ..........

    ReplyDelete
  3. എങ്ങിനെയാ ഇത് ശരിയാവാ? തെറ്റ് തെറ്റ് തന്നെയല്ലെ? അതിനെ നിയമം കൊണ്ട് ശരിയാക്കിയാല്‍ ശരിയാവുമൊ? അങ്ങിനെയാണെങ്കില്‍ pedophilia, child molestation ഇതൊക്കെ നിയമം കൊണ്ട് വന്നാല്‍ മതിയൊ? എവിടെയാണ് മാഷേ നമ്മള്‍ ആ വര വരക്കാ? അങ്ങിയെണെങ്കില്‍ ഇതിനു ഇന്റെര്‍വ്യൂവും റിക്രൂട്ടമെന്റും റെസ്യൂമയും ഒക്കെ ഉണ്ടാവുമൊ?

    പിന്നെ ഇതും ആ ലിങ്ക് ചെയ്ത ലേഖനവും തമ്മില്‍ എന്തു ബന്ധം? ഇത് അംഗീകരിക്കപ്പെടാത്തതുകൊണ്ടാണൊ നാട്ടില്‍ സ്ത്രീകള്‍ക്ക് നേരെ ചൊവ്വെ നടക്കാന്‍ പറ്റാത്തത്?
    അതോ നിയമപാലകര്‍ കണ്ണടക്കുന്നതുകൊണ്ടൊ? എവിടെ നിയമം ഇല്ല അവിടെ സാമൂഹ്യ വിരുദ്ധര്‍,കള്ളന്മാര്‍, കൊലപാതകികള്‍, സ്റ്റ്രീകളോടും അല്ലാതെയും അഴിഞ്ഞാടുന്നു അല്ലാ‍തെ കേരളത്തില്‍ മാത്രമല്ല ഇതൊക്കെ. പക്ഷെ അതിനു പകരം ഒരു തിന്മയെ ഒരു നിയമത്തിലേക്ക് കൊണ്ട് വന്ന് സാധൂക്കരിക്കുന്നതിനെക്കുറിച്ച് എനിക്ക് ഒട്ടും മനസ്സിലാവുന്നില്ല.

    തോക്ക് കൈവശം വെക്കാവുന്ന അമേരിക്കായിലാണല്ലൊ കാനഡയേക്കളും ബ്രിട്ടനേക്കാളും ക്രൈം റേറ്റ്!

    ReplyDelete
  4. ഇതു വെറും ഒരു ചര്‍ച്ചെക്കുവെച്ച് പരിഹസിക്കപെടാന്‍ എനിക്കു തീരെ താല്പര്യമില്ല. വിഷയത്തെപറ്റി പഠിക്കാന്‍ ഒരു നല്ല അവസരമായി കാണുക.

    മറ്റു രാഷ്ട്രങ്ങള്‍ എങ്ങിനെ ഈ വിഷയം കൈകാര്യം ചെതു എന്നു വിശാല മനസോടെ പഠിക്കണം. മറ്റൊരു നിയമവുമായി ഉപമിക്കാന്‍ ആവാത്ത ഒരു വിഷയമാണിതി.

    സ്ത്രീകള്‍ക്കാണു് ഇങ്ങനെയൊരു നിയമം കൊണ്ടു ഏറ്റവും കൂടുതല്‍ ഗുണം ഉണ്ടാവുക എന്നോര്‍ക്കണം.

    ഇഞ്ജി: താങ്കള്‍ പറഞ്ഞ സമൂഹിക പ്രശ്നങ്ങള്‍ (pedophilia, child molestation) വളരെ കൂടുതല്‍ വര്‍ധിച്ചു വരുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഈ വിധ പ്രശ്നങ്ങള്‍ നാട്ടില്‍ ഉണ്ട് എന്നു അദ്യം ജനം അങ്കീകരിക്കണം.

    തെറ്റും ശെരിയും ഒക്കെ relative ആണ്. കാലത്തിനും സഹചര്യത്തിനും ഒക്കെ അനുസരിച്ച് മാറികോണ്ടേയിരിക്കും. അതിനെ ചെറുക്കാന്‍ ശ്രമിക്കരുത്. ദോഷമേ ഭവിക്കു. 16 നൂറ്റാണ്ടിലെ ശെരികളെല്ലാം ഇന്നത്തെ തെറ്റുകളാണു. ഒതുപോലെ തന്നെ തെറ്റുകളും ശെരികളായി മാറി. ഇതിനെയോക്കെ മാറ്റുമ്പോളാണു് "വിപ്ലവം" എന്നു പറയുന്നത്. കെട്ടിട്ടിലെ.

    ഞാന്‍ ലേഖനത്തില്‍ തന്ന ലിങ്ക്‍ താങ്കള്‍ വായിച്ചില്ല എന്നു തോന്നുന്നു. ഒന്നുകൂടി തരുന്നു.

    വ്യഭിചാര നിയമത്തിന്‍റെ കൂടെ അനുബന്ധപെട്ട ഒരുപാട് നിയമങ്ങള്‍ വരും. അതില്‍ age of consent എന്നൊരു clause ഉണ്ടാകും.

    ഭാരതത്തില്‍ ലൈംഗിഗ വിശകലനവും വിമര്‍ശനങ്ങളും തുറന്നു ചര്‍ച്ച ചെയാറില്ല. ചെറുപ്പാക്കാരെ ലൈംഗിഗ ശുചിത്വത്തെ കുറിച്ചും രോഗങ്ങളെ കുറിച്ച് വിദ്യാഭ്യസ സ്ഥാപനങ്ങള്‍ പോലും നല്ലതുപോലെ ഭോധവല്‍‌കരണവും നടത്തുന്നില്ല.

    "മാനകേട്" എന്നോര്ത്ത് Vaginal Cancer പുറത്തു് പറയാതെ വളര്ത്തി വലുതാക്കി മരിച്ച് അനേകം സ്ത്രീകളുള്ള് നാടാണ് കേരളം.

    ആദ്യം മാറെണ്ടത് ജനങ്ങളുടെ മനോഭാവങ്ങളാണ്‍.

    ReplyDelete
  5. ഇഞ്ചീ, ശിശുപീഢനവും മറ്റും തികഞ്ഞ കുറ്റങ്ങളാണ്‌. അതുമായി താരതമ്യപ്പെടുത്താന്‍ പറ്റിയ ഒരു കാര്യമല്ല വേശ്യാവൃത്തി. പ്രായപൂര്‍ത്തിയായ രണ്ട്‌ പേര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം ഒരു കുറ്റകൃത്യമല്ല. നിയമവിധേയമാക്കേണ്ടത്‌, ആ പ്രക്രിയക്ക്‌ ആരെങ്കിലും ഒരാള്‍ ഈടാക്കുന്ന ഫീസ്‌ മാത്രമാണ്‌. ഇതിന്റെ ധാര്‍മിക വശങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നില്ല. പക്ഷേ, ഒരു സമൂഹം അരാജകത്വത്തിലേക്ക്‌ വഴുതി വീഴുന്ന ഒരവസ്ഥ ഉണ്ടെങ്കില്‍, ഇത്തരം നിയമങ്ങളെപ്പറ്റി ആലോചിക്കുന്നതില്‍ തെറ്റില്ല എന്നാണ്‌ എന്റെ അഭിപ്രായം

    ReplyDelete
  6. ദയവായി താങ്കളെ പരിഹസിച്ചു എന്ന് വിചാരിക്കരുത്. ഇത് വളരെ സീരിയസ് ആയ ഒരു മാറ്റര്‍ ആണ് എന്റെ മനസ്സില്‍. അതുകൊണ്ട് തന്നെയാണ് ഇത് ഇങ്ങിനെ ഒരു വിഷയം ആയിട്ടും ഞാന്‍ ഇതിനൊരു റെസ്പോണ്‍സ് വെച്ചത്. അല്ലെങ്കില്‍ ഒരു പെണ്ണായ എന്നെയാണ് ആദ്യം ആളുകള്‍ പരിഹസിക്കുക,
    തെറി വിളിക്കുക. നല്ല ഭയം ഉണ്ട് എനിക്ക് ഇതിനെക്കുറിച്ച് സംസാരിക്കാന്‍..എങ്കിലും താങ്കളുടെ നിര്‍ദ്ദേശം കേട്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

    താങ്കള്‍ തന്നെ ലിങ്കില്‍ ആദ്യത്തെ വാക്യം തന്നെ
    “The following page is a fact-based positional paper on prostitution, not a scientific study.” എന്നായിരുന്നു. അതുകൊണ്ട് അത് അധികം വായിച്ച് നോക്കാന്‍ ഞാന്‍ താല്‍‍പ്പര്യം കാണിച്ചില്ല. മാത്രവുമല്ല പാശ്ചാത്യ നാടുകളുലിള്ള ഒരു ‘സ്റ്റഡി’ വെച്ച് നമ്മുടെ നാട്ടില്‍ ഒരു കാരണവശാലും നമുക്ക് സാമൂഹ്യപരമായി ഒന്നും നടപ്പിലക്കാന്‍ പറ്റില്ല. കാരണം നമ്മുടെ സമൂഹ ചിന്താഗതിയല്ല അവരുടെത് എന്നതുകൊണ്ട് തന്നെ. അമ്മക്കും അപ്പനും ബോയ്ഫ്രണ്ടും ഗേള്‍ ഫ്രന്റും ഉള്ളത് ഒര്‍ അല്‍ഭുതം പോലുമല്ല പാശ്ചാത്യ നാടുകളില്‍...

    (ഈ ഫാക്റ്റ് ബേസ്ഡ് പേപ്പേര്‍സ് ഞാന്‍ മിക്കതും കണ്ടിട്ടുള്ളത് ഇതു പോലെ കഞ്ചാവും ഹെറോയിനും തോക്കും ഇവിടെ അമേരിക്കയില്‍ ലീഗലൈസ് ചെയ്യാന്‍ വേണ്ടി അവരുടെ വമ്പന്‍ സംഘടനകള്‍ തന്നെ ഇഷ്ടം പോലെ ചെയ്യാറുണ്ട്. മരിച്ച് വീഴുന്നത് കറമ്പന്‍ കുട്ടികള്‍ ആയത് കൊണ്ട് അവരുടെ അമ്മമ്മാര്‍ക്ക് ഈ സ്റ്റഡി ഒന്നും സ്പോണ്‍സര്‍ ചെയ്യാനുള്ള വിവരമോ പൈസയോ ഇല്ലാത്തതുകൊണ്ട് തന്നെ.)

    താങ്കള്‍ ഒരു പെണ്‍കുട്ടിയെ സമൂഹം ഉപദ്രവിക്കുന്നതിന് ഈ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചത് എനിക്ക് മനസ്സിലായിട്ടില്ല. കാരണം രണ്ടും തെറ്റുകള്‍ ആണ്. നമ്മുടെ നാട്ടില്‍ ഇത് ലീഗലൈസ് ചെയ്താല്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നത് കൂടുകയാല്ലാതെ കുറയാന്‍ എന്തു ചാന്‍സ് ആണ് താങ്കള്‍ കാണുന്നത്? നമ്മുടെ നാട്ടില്‍ മിക്കവരും പോകുന്നത് കബളിക്കപ്പെട്ടാ‍ണ് ആല്ലാതെ പാശ്ചാത്യ നാടുകളില്‍ കാണുന്ന പോലെ അറ്റ്-വില്‍ അല്ല. ( ഇവിടെ കബളിക്കപ്പെട്ടു വരുന്നത് ഫിലിപ്പൈന്‍സില്‍ നിന്നും മെക്സിക്കോയില്‍ നിനും തായ്ലാണ്ടില്‍ നിന്നുമാണ്. ) ബാക്കി മിക്കവരും അറ്റ്-വില്‍ ആണ്.. മെഡിസിന്‍ പഠിക്കാന്‍ പൈസ ഉണ്ടാക്കാന്‍ പോകുന്ന മദാമ്മകളെ കുറിച്ച് വരെ ഞാന്‍ ഡോക്യുമെന്റ്രീസ് കണ്ടിട്ടുണ്ട്. അല്ലാതെ കബളിക്കപെട്ടിട്ടല്ല..പിന്നെ പാശ്ചാത്യര്‍ക്ക് ചാരിത്ര്യം വിശുദ്ധി എന്നിവ ഒരു സ്ത്രീക്ക് വേണ്ട ഗുണങ്ങളേയല്ല.അല്ലെങ്കില്‍ സമൂഹം ഒരിക്കലും അതു പ്രതീക്ഷിക്കുന്നില്ല. ഒരു പയ്യന്‍ കമന്റടിച്ച് എന്നും പറഞ്ഞ് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുള്ള നാടാണ് നമ്മുടേത്. അതുകൊണ്ട് തന്നെ താങ്കളുടെ ഈ വാദഗതി എനിക്ക് തീരെ ബോധിച്ചില്ല. ക്ഷമിക്കണം.
    നല്ല നിയമാപാലകര്‍ മാത്രം ഉണ്ടെങ്കില്‍ ശരിയാക്കാവുന്ന ഒരു സമൂഹ തിന്മയെ വെറൊരു തിന്മ വെച്ച് നീതികരിക്കുക...എനിക്ക് അതൊട്ടും തന്നെ മനസ്സിലാവുന്നില്ല..
    താങ്കള്‍ പറഞ്ഞ ഈ ലൈം..വിദ്യാഭ്യാസവും ഇതും തമ്മില്‍ യാതൊരു ബന്ധവുമില്ല. ആ വിദ്യഭ്യാസം വേണ്ടത് തന്നെ.

    ദയവായി താങ്കളെയല്ലെ താങ്കളുടെ ഈ വാദഗതിയെയാണ് ഞാന്‍ പ്രതിരോധിക്കുന്നത് എന്ന് കരുതണം....

    കണ്ണൂസേട്ടാ,
    ഇവിടെ 16 വയസ്സാണ് ബിലോ ഏജ്, നാട്ടില്‍ 18 വയസ്സും. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് തീരെ ചെറിയ കുഞ്ഞുങ്ങള്‍ ആണെന്ന് കരുതരുതെ. അതുപോലെ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നത് തെറ്റെന്ന് എങ്ങിനെ നിര്‍വ്വചിക്കുന്നു എന്ന് ചിന്തിക്കൂ? ആ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് അത് തീരുമാനിക്കാന്‍...തങ്ങളെ ഒരാള്‍ മുതലെടുക്കുവാണൊ എന്ന് തീരുമാനിക്കാന്‍ അറിവില്ലാ എന്നുള്ളതുകൊണ്ട് മാത്രമാണ്. അതുപോലെ തന്നെയാണ് നമ്മുടെ നാട്ടില്‍ ഇതില്‍ പെട്ടു പോവുന്ന 25 വയസ്സുള്ള ഒരു സ്ത്രീയും...
    അവര്‍ അറിയാതെ അകപ്പെടുന്നതാണ് . അല്ലാതെ അറ്റ് വില്‍ അല്ല. അറ്റ് വില്‍ ആവുന്നത് പിന്നെ വളരെ നാളുകള്‍ക്ക് ശേഷം ഈ അഴിയാ കുരുക്കില്‍ പെടുന്നത് കൊണ്ടാണ്. എത്ര പേര്‍ റീഹാബിലിറ്റേഷന്‍ കാരണം മുംബായില്‍ നിന്നും കല്‍ക്കത്താ‍യില്‍ നിന്നും രക്ഷപ്പെട്ടു.

    പെണ്ണുങ്ങള്‍ ഒറ്റക്ക് സഞ്ചിരിക്കണമെങ്കില്‍ കര്‍ശന നിയമപരിപാടികള്‍ക്ക് പകരം ഇത് നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് എന്ത് എങ്ങിനെ എന്ന് എനിക്കിപ്പോഴും ആശ്ചര്യം..

    ReplyDelete
  7. ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. അമേരിക്കയില്‍ ഇത് ലീഗല്‍ ആയിട്ടുള്ളത് ലാസ് വേഗസില്‍ ആണ്. അതുകൊണ്ട് തന്നെ വഴിയില്‍ മൊത്തം ഇവര്‍ അവരുടെ വിസിറ്റിങ്ങ് കാര്‍ഡും paamphlets വെച്ച് വഴി നീളെ നമ്മുടെ നാട്ടില്‍ കാണുന്ന വഴിയോര കച്ചവടക്കാരെപ്പോലെയാണ്.
    ഇത്രേം ഹീനമായ dehumanizing കാര്യം ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. ഇതു ഹ്യൂമണ്‍ സ്ലേവറിയും തമ്മില്‍ എന്ത് വിത്യാസം എന്ന് എനിക്കറിയില്ല. അതുകൊണ്ട് തന്നെ വേഗസ് ഒരു നശിച്ച സ്ഥലം അല്ലെങ്കില്‍ സിന്‍ സിറ്റി ഓഫ് അമേരിക്ക എന്നാണ് അറിയപ്പെടുന്നത്.
    കുടുംബങ്ങളായി അല്ലെങ്കില്‍ കൊച്ചു കുട്ടികളുമായി ആരേയും അവിടെ നിങ്ങള്‍ വഴിയിലോ ഒന്നും 90%കാണില്ല. ഇത്രേം ഫ്രീ ആയ അമേരിക്കയില്‍ പോലും കുട്ടികള്‍ ഉള്ളവര്‍ അങ്ങോട്ട് പോകാറില്ല. നമ്മള്‍ അത് കാണുമ്പോള്‍ സഹിക്കില്ല. അത്രക്കും dehumanizing ആണത്. അവര്‍ അവരെത്തന്നെ വില്‍ക്കുന്നത്. കണ്ടവരില്‍ മിക്കവരും 99% ചെറിയ പെണ്‍കുട്ടികളും... ആണ്‍കുട്ടികളെ അവിടെ അധികം കണ്ടില്ല? എന്തുകൊണ്ട് എന്ന് നിങ്ങള്‍ ദയവായി ഒന്ന് ചിന്തിക്കൂ?

    പിന്നെ, ഇത് ലീഗലാക്കാം എങ്കില്‍ ചീത്ത പുസ്തകങ്ങളും കടകളിലും ഇന്റെര്‍നെറ്റിലും ഒക്കെ ലീഗല്‍ ആക്കണ്ടെ? കാലങ്ങളായുള്ള മനുഷ്യന്റെ ആഗ്രഹങ്ങളെല്ലെ ഇതൊക്കെ? അങ്ങിനെ എവിടെ നമ്മള്‍ ഒരു വര വരക്കും?

    സമൂഹം ഒരോ തിന്മകള്‍ കാലങ്ങളായി കാണുന്നത് സമൂഹ നന്മക്കാണ്. അത് കപടസദാചാരം എന്ന് വിചാരിക്കുന്നത് എത്ര പുരോഗമനവാദം എന്ന് പറഞ്ഞാലും തെറ്റാണ് എന്നാണെന്റെ അഭിപ്രായം.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..