Tuesday, August 01, 2006

സംഘടിത പ്രസ്ഥാനത്തിന്റെ സ്വഭാവ വൈഭവം

ഒരു Wash basinല്‍ ശേഖരിച്ച ജലം അതിന്റെ അടിയിലെ അടപ്പ് തുറന്നു വിട്ടാല്‍ ജലം ഒരു ചുഴിയായി രൂപം കൊള്ളും. ഈ ജലത്തിന്റെ molecules (H2O) നാം പരിശോധിച്ചാല്‍ ജലത്തിന്റെ ഈ സ്വഭാവത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ ആവില്ല. എത്ര ശ്രമിച്ചാലും ഒരു തുള്ളി ജലത്തില്‍ ഈ സ്വഭാവലക്ഷണം നമുക്ക് കാണാനാവില്ല.

നിയന്ത്രണങ്ങള്‍ക്ക് അതീതമാണു സമുഹം. വ്യക്തികളെ നിയന്ത്രിക്കാം. ഈ വ്യക്തി ഉള്‍പെടുന്ന സംഘത്തിനു ഒരു വ്യത്യസ്ത സ്വഭാവം ആയിരിക്കും.

ജുലൈ 4നു് ഒരാള്‍ എന്നെ ഫോണില്‍ വിളിച്ച് പറഞ്ഞു അത്യാവശ്യമായി യൂണികോഡിനെ കുറിച്ചു എന്നെ ഇന്റര്‍‌വ്യൂ ചെയണമെന്ന്. കാരണം അവരുടെ ഓണ്‍ലൈന്‍ മാസിക യൂണികോഡിലേക്കു മാറ്റാന്‍ പോകുന്നു. നല്ല കാര്യം, അങ്ങനെ ഒരെണ്ണം കൂടി യൂണികോഡിലേക്കു മാറട്ടെ. മനസില്‍ എങ്ങോ ഒരല്പം സുഖവും തോന്നി. മലയാളം പഠിക്കാത്ത എന്നെ മലയാള ഭാഷയുമായി ബന്ധപെടുത്തി ഒരു ഇന്റര്‍‌വ്യൂ. എന്റെ കൂട്ടുകാര്‍ ആരും വിശ്വസിക്കില്ല. മനസില്‍ അഹ്ലാദം തോന്നി. എന്നാലും എന്തു ചെയ്യും? എന്റെ ബിസ്സിനസ്സ് സംബന്ധമായിട്ടുള്ള ഒരുപാടു ‌Visuals ഉം Renderings ഉം Specifications ഉം ഒക്കെ ബാക്കി കിടക്കുന്നു തീര്‍ക്കാന്‍. മനസ്സില്ലാ‍മനസ്സോടെ പുള്ളിയോട് ഞാന്‍ തീരെ സമയമില്ല എന്ന കാര്യം അറിയിച്ചു .

അങ്ങനെയിരിക്കേ, ജൂലൈ 24 നു വീണ്ടും ഒരാള്‍ വിളിച്ചു, ഇന്റര്‍‌വ്യൂവിനുള്ള ചോദ്യങ്ങള്‍ എനിക്ക് ഈ-മെയില്‍ ചെയ്തിട്ടുണ്ട് എന്നു പറഞ്ഞു. എത്രയും പെട്ടന്നു തന്നെ അതിന്റെ മറുപടി എഴുതി തിരിച്ചയക്കാനും പറഞ്ഞു.

എന്റെ ചിന്തകള്‍ ഇങ്ങനെ പോയി: “ജൂലൈ 25 മുനിസിപ്പാലിറ്റിയില്‍ വര്‍ക്ക് submission ചെയ്യാനുള്ള ദിവസമായിരുന്നു. രാവിലെ കോണ്ട്രാക്റ്ററുമ്മാരുമായി മീറ്റിങ്ങുമുണ്ട്. അതൊക്കെ അവിടെ നില്‍ക്കട്ടെ. സാരമില്ല. ചോദ്യങ്ങള്‍ക്ക് മറുപടി തയാറാക്കി അയക്കാം. ഒന്നുമില്ലേലും എന്റെ മലയാള ഭാഷയ്ക്കു വേണ്ടിയല്ലേ?”

അങ്ങനെ, പ്രിയയും മകനും ഉറങ്ങിയ ശേഷം കൊച്ചുവെളുപ്പാങ്കാലത്ത് 3:00 AM വരെ ഇരുന്നു എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതി. അതെ, എന്റെ ശൈലിയില്‍ തന്നെ. എന്റെ കൂടെ കൂട്ടിനു അക്ഷരപിശാചുകളും. രാത്രി ഇവരുടെ ശല്യം കൂടുതലാണു കേട്ടോ.

അങ്ങനെ ജൂലൈ 30നു പിന്മൊഴികളില്‍ മാസിക പുതിയ രൂപത്തില്‍ പുറത്തിറങ്ങിയ വിവരം വായിച്ചറിഞ്ഞു. എന്റെ ഇന്റര്‍‌വ്യൂ കണ്ടില്ല. മറ്റൊരാള്‍ വളരെ കാര്യമായി, നന്നായി അതെഴുതിയിരിക്കുന്നു. വിഷയം നല്ലതുപോലെ കൈകാര്യം ചെയ്തിരിക്കുന്നു. ആരെയും കുറ്റപ്പെടുത്താതെയുള്ള ഉഗ്രന്‍ ലേഖനം.

എനിക്ക് അതങ്ങനെ വന്നതില്‍ യാതൊരു പരാതിയുമില്ല. പക്ഷെ,അവര്‍ക്ക് എന്നെ വിളിച്ച് ഒരു വാക്ക് പറയാമായിരുന്നു - എന്റെ ഇന്റര്‍‌വ്യൂ ഉണ്ടാകില്ലെന്ന കാര്യം. ഒന്നുമില്ലെങ്കിലും എന്റെ ഉറക്കം കളഞ്ഞു ഞാനിരുന്നു എഴുതിയിലല്ലേ?

പിന്നെയാണ് Kevin Kelly എഴുതിയ ആ കാര്യം എനിക്കോര്‍മ്മ വന്നത്. “വ്യക്തികള്‍ക്കല്ല, സമൂഹത്തിനാണു പ്രധാന്യം“ .

ഇതിലെ വ്യക്തികള്‍ നല്ലവരാണ്, പക്ഷേ ഒരു സംഘടിത പ്രസ്ഥാനത്തില്‍ വികാരങ്ങള്‍ക്കോ തീരുമാനങ്ങള്‍ക്കോ വ്യക്തികളുടെ സ്വഭാവം ഉണ്ടായി എന്നുവരില്ല. അതിന് അതിന്റേതായ ഒരു ജീവനും ഒരു വ്യക്തിത്വവും സൃഷ്ടിക്കപ്പെടും.

3 comments:

 1. കൈപ്പിള്ളി ചേട്ടാ
  മാധ്യമങ്ങളുടെ കാര്യം അങ്ങിനെ ആണ്..അവര്‍ മാത്രമല്ല..വെരി സിമ്പിള്‍ ആയിട്ട് പറഞ്ഞാല്‍..
  ഇപ്പൊ പെണ്ണുകാണാന്‍ പോവുമ്പോഴും അങ്ങിനെ തന്നെയാണ്..ഇഷ്ടപ്പെട്ടില്ലാന്ന് മുഖത്ത് നോക്കി പറയൂലാ..വേറെ എന്തെങ്കിലും മുട്ടാപ്പോക്ക് കാരണം പിന്നെ ഇങ്ങോട്ട് വിളിയൊന്നും വരാത്തപ്പൊ അങ്ങോട്ട് ചോദിക്കുമ്പൊ ചെറുക്കന്‍ വീട്ടുകാര് പറയും..അതുപോലെ തന്നെ എടുത്താല്‍ മതി...

  ഇപ്പോ വണ്‍സ് ബിറ്റണ്‍ അല്ലെ..ഇനി ഒരു കാലത്തും ആര്‍ക്കും വേണ്ടീട്ട് മൂന്നു മണി വരെ മിനക്കെട്ട് ഇരിക്കരുത്.. :)

  ReplyDelete
 2. നമ്മള്‍ ചെയ്യാനുള്ളത് ചെയ്യുക, അതിന്റെ ഫലത്തെപ്പറ്റി അധികം ചിന്തിക്കാതിരിക്കുക, ലഭിക്കാനുള്ളത് നമുക്ക് ഇന്നല്ലെങ്കില്‍ നാളെ കിട്ടും എന്നുള്ള കാര്യങ്ങള്‍ അതിന്റെ നല്ല അര്‍ത്ഥത്തില്‍ എടുത്താല്‍ ഇനിയും മൂന്നുമണിവരെയോ നാലുമണിവരെയോ നമുക്ക് ആര്‍ക്കുവേണ്ടിയും മിനക്കെട്ടിരിക്കാം. കാരണം, നമുക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പ്രതിഫലം ഒരു ഉപകാരം ഒരാള്‍ക്ക് ചെയ്യുമ്പോള്‍ നമുക്കുതന്നെ കിട്ടുന്ന നിസ്വാര്‍ത്ഥമായ മാനസിക സംതൃപ്തിയാണ്. അത് ചിലപ്പോള്‍ നമ്മുടെ ശാരീരകവും മാനസികവുമായ ആരോഗ്യത്തിനുപോലും ഗുണകരമാകും.

  അതുകൊണ്ട് എന്റെ വ്യക്തിപരമായ അഭിപ്രായം ഇനിയും ആര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരങ്ങള്‍ ചെയ്യാന്‍ അവസരം കിട്ടിയാല്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ ആ ഉപകാരം ചെയ്യാന്‍ നമുക്ക് അവസരം തന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അത് ചെയ്യുക. അതിനുശേഷം അവരുടെ പ്രവര്‍ത്തികളെപ്പറ്റി ആലോചിക്കുകയേ ചെയ്യാതിരിക്കുക.

  (തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായം മാത്രമാണേ) :)

  ReplyDelete
 3. ഉന്തിന്റെ കൂടെ ഒരു തള്ളും എന്ന നിലയിലേക്കാവും ചില നേരത്ത് കാര്യങ്ങള്‍, നിഷാദേ...

  പ്രസ്ഥാനങ്ങള്‍ക്ക് മുഖം കിളിര്‍ക്കുന്നത് -- അതൊരു പ്രത്യേക പ്രതിഭാസമാണ്. രാഷ്ട്രീയ പാര്‍ട്ടികളിലും മറ്റും അംഗത്വമെടുക്കാത്തതും ഉരുത്തിരിയുന്ന മുഖത്തിന്റെ അപരിചിതത്വവും ഭീകരതയും ഭയന്നാണ്.

  ചില കാര്യങ്ങളിലേക്ക് ചുരുണ്ടിയെറിയുന്ന സമയവും കഴിവും -- വൃഥാ പോകില്ലെന്ന് കരുതാം, അല്ലേ?

  കര്‍മ്മജീവിതത്തിന്റെ ബാലപാഠങ്ങളുരുവിട്ട് നമുക്കും മറക്കാം തിക്താനുഭവങ്ങള്‍, അല്ലേ?

  അതിനിടയില്‍, മണ്ണും ചാരിനിന്നവര്‍ പെണ്ണും കൊണ്ടു പോകുന്നത് കണ്ടില്ലെന്ന് നടിക്കാം...

  ഇനിയും രാത്രികളിങ്ങനെ ഉണര്‍ന്നിരിക്കേണ്ടിയിരിക്കുന്നു -- നമുക്ക് വേണ്ടിത്തന്നെ.

  ആത്മാവില്‍ കൃമിയുള്ളവര്‍ ഭാഗ്യവാന്മാര്‍, രാ‍ത്രികാലങ്ങള്‍ അവര്‍ക്കുണര്‍ന്നിരിപ്പാനുള്ളതാകുന്നു.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..