Sunday, January 27, 2008

ബ്ലോഗ് പുസ്തകമാക്കാന്‍ ഉത്സാഹം കാണിക്കുന്നവരോട്.

പുസ്തകത്തില്‍ "comment" ബട്ടണ്‍ വെക്കാന്‍ പറ്റുമെങ്കില്‍ ബ്ലോഗ് പുസ്തകം ആക്കു. രണ്ടണ്ണം എന്നിക്കും തരാന്‍ പറയൂ.

ഇനി പ്രസാധകരോടു്: ബ്ലോഗ് എന്താണെന്നും ബ്ലോഗിന്റെ comment button എന്ത് കോപ്പാണെന്നും അറിയുക. പുതുമയുള്ള എന്തും വിറ്റു കാശാക്കാനുള്ള തിടുക്കത്തില്‍ ബ്ലോഗിന്റെ പ്രധാന ഘടകമായ commentുകള്‍ ഉപേക്ഷിച്ച് പ്രസിദ്ധീകരിക്കുന്നത് ഒരുമാതിരി തറ pirated chinese DVD കാണുന്ന പോലിരിക്കും.

Qualityയും കാണില്ല, Extra featuresഉം കാണില്ല,

ബ്ലോഗ് പൊസ്റ്റുകള്‍ ജീവിക്കുന്ന ലേഖനങ്ങളാണു്, അവയെ മരങ്ങളുടെ ജഢത്തിന്മേല്‍ പഴക്കം ചെന്ന മഷിയില്‍ മുക്കി കൊല്ലരുത്.

23 comments:

  1. ഇംഗ്ലീഷിലും ബ്ലോഗില്‍ നിന്നും പല പുസ്തകങ്ങളും ഇറങ്ങുന്നുണ്ടല്ലോ. ഒരു ബ്ലുക്കര്‍ പ്രൈസ്തന്നെ ഉണ്ട്. ബ്ലുക്ക് എന്ന പദം തന്നെ ഉണ്ടായിരിക്കുന്നു.

    ReplyDelete
  2. ദശലക്ഷക്കണക്കിനു വരുന്ന english blogകളും, 1500 മലയാളം ബ്ലോഗുകളും തമ്മില്‍ യാതൊരു വിത്യാസവും കാണുന്നില്ലെ?


    മലയാളം ബ്ലോഗുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ സംവിധാനം ഇല്ല. നാലും മൂനും ഏഴ് ബ്ലോഗിനു് വേണ്ടി google അണ്ണാച്ചി adsense service തുടങ്ങാനും പോണില്ല. മാത്രമല്ല മലയാളം ബ്ലോഗുകള്‍ പുസ്തകമാക്കുന്നതു് കൊണ്ട് എഴുത്തുകാരനു് വലിയ സാമ്പത്തിക ലാഭം ഉണ്ടാകുമെന്ന് തോന്നുന്നുമില്ല. മലയാളം ബ്ലോഗുകള്‍ പച്ച പിടിച്ച് വരുന്നതേയുള്ളു. ഇരിക്കുന്നതിനു് മുമ്പ് കാലു് നീട്ട് ചളമാക്കണോ?

    English Blogകള്‍ അങ്ങനെയാണോ? ബ്ലോഗില്‍ പരസ്യം പ്രദര്‍ശിപ്പിച്ച് വരുമാനം ഉണ്ടാക്കാം എന്ന് പല ഇം‌ഗ്ലീഷ് ബ്ലോഗുകളും തെളിയിച്ചു് കഴിഞ്ഞു. സാങ്കേതികം, കാര്ഷികം, സാമ്പത്തികം, തുടങ്ങിയ എല്ലാ മേഖലയും ഇം‌ഗ്ലീഷില്‍ ലഭ്യമാണു്.

    ബ്ലോഗ് എഴുത്തിലൂടെ വരുമാനം ഉണ്ടാകണം എങ്കില്‍ വസ്തുനിഷ്ടമായ കാര്യങ്ങള്‍ എഴുതണം. മൊത്തം ബ്ലോഗുകളുടെ 5-10% മാത്രമെ ഈ വിധത്തില്‍ പണം സമ്പാത്തിക്കു എന്നാണു് പഠനങ്ങള്‍ കാണിക്കുന്നത്. ഇന്ന് മലയാളത്തില്‍ 2000 ബ്ലോഗുകള്‍ ഉണ്ടെന്ന് തോന്നുന്നു. ഇതില്‍ 99.9% കണ്ടുവരുന്ന "വിരഹം", "പ്രേമ നൈരാശ്യം", "കപിത", "സാഗിത്യം" തുടങ്ങിയ "കലാ സൃഷ്ടിക്കള്‍"ആണു്. ജനം ഇതെല്ലാം ഇടിച്ചുതള്ളി വന്നു് ഉത്സാഹത്തോടെ വായിച്ച് രസിക്കുന്ന കാലത്ത് മലയാളം ബ്ലോഗ് തീര്‍ശ്ചയായും കാശ് ഉണ്ടാക്കും.

    അന്ന് ആരും ഗള്ഫില്‍ Bus Stopല്‍ പ്ലസ്റ്റിക്‍ folderല്‍ CVയുമായി നില്ക്കില്ല. ചേട്ടന്മാരെല്ലാം DSL connection എടുത്ത് വീട്ടിലിരുന്ന് കദന കഥകളുടെ mega serialകള്‍ സൃഷ്ടിച്ച് കോടീശ്വരന്മാരാകില്ലെ. നാല്കവലകള്‍ തോറും മലയാളം ബ്ലോഗുകള്‍ എഴുതാന്‍ crash courseകള്‍ തുടങ്ങില്ലെ.

    ആ നല്ല നളക്കുവേണ്ടി കാത്തിരിക്കാം.

    ReplyDelete
  3. ചുമ്മാ ഒരു പോസ്റ്റ്‌ അല്ലേ കൈപ്പള്ളി.....

    ReplyDelete
  4. ശരിയാണ്‍. ചുരുങ്ങിയത് നല്ല കമന്റുകളെങ്കിലും അല്ലേ?

    ReplyDelete
  5. ബ്ലോഗു പുസ്തകമാക്കി ഇറക്കുന്നതിനെക്കുറിച്ചുള്ള എന്റെ ചോദ്യത്തിന് താങ്കള്‍ ഒരിക്കല്‍ താങ്കള്‍ തന്ന മറുപടി ഇങ്ങനെ.
    “ശരിയാണു് ബ്ലോഗ് പുസ്തകങ്ങള്‍ ആക്കി ഇറക്കുന്നതിനു കൂട്ടു ഞാന്‍ നിന്നു. ബ്ലോഗ് എന്ന മാദ്ധ്യമത്തിനു പ്രജാരം കൂട്ടാന്‍ അത് സഹായിച്ചു എന്ന് ഞാന്‍ കരുതുന്നു. ഇനിയും അനേകം പുസ്തകങ്ങള്‍ അങ്ങനെ ഉണ്ടാകും. ഞാന്‍ കൂട്ടു് നില്കുകയും ചെയ്യും.”
    ഈ കൂട്ടുനിന്ന് ഇറക്കിയ പുസ്തകങ്ങളൊക്കെ കമന്റ് ഓപ് ഷന്‍ വച്ച് ഇറക്കിയതാവുമല്ലേ?

    “മലയാളത്തില്‍ 2000 ബ്ലോഗുകള്‍ ഉണ്ടെന്ന് തോന്നുന്നു. ഇതില്‍ 99.9% കണ്ടുവരുന്ന "വിരഹം", "പ്രേമ നൈരാശ്യം", "കപിത", "സാഗിത്യം" തുടങ്ങിയ "കലാ സൃഷ്ടിക്കള്‍"ആണു്.

    "കപിത", "സാഗിത്യം" എന്നിവയോട് ഇത്രയും പുഛം വേണോ? ആണവവും അരവണയും മാത്രമാണല്ലോ ഉദാത്തമായ ബ്ലോഗ് വിഷയങ്ങള്‍? പിന്നെ, “പോട്ടം” കലാസൃഷ്ടിക്കളില്‍ പെടില്ലയോ ആവോ?

    ReplyDelete
  6. കയ്പ്പള്ളീ(മനപ്പൂര്‍വ്വം കൈപ്പള്ളീ എന്നെഴുതാത്തതാ)ഇത് ഏകപക്ഷീയമായ ഒരഭിപ്രായപ്രകടനമാണ് എന്നു പറയാതിരിക്കാന്‍ വയ്യ.എഴുതുന്നവര്‍ തന്നെ വായിക്കുകയും വായിക്കുന്നവര്‍ തന്നെ എഴുതുകയും കമെന്റെന്ന പേരില്‍ പട്ടി പനങ്ങാത്തൊണ്ടിലെന്ന പോലെയുള്ള കടിപിടിയും മാത്രമാണ് ഇന്ന് മലയാളം ബ്ലോഗിങ്ങ് എന്ന് പറയാതിരിക്കാന്‍ ആവുന്നില്ല.കാര്യങ്ങള്‍ ഇങ്ങനെ തന്നെഒതുങ്ങണമെന്ന് കടലാസ് രാജാവുകള്‍ക്ക് നല്ല നിര്‍ബ്ബന്ധവുമുണ്ട്(വനിതയിലെ സര്‍വ്വേ-മലയാളി ഇ-സെക്സിന്റെ വലയിലോ ?)ഇന്റെര്‍നെറ്റ് വായിക്കുന്നവരെല്ലാം കമ്പിതസാഹിത്യം വായിക്കുന്നവരാണെന്ന പ്രചാരണ കൊണ്ടുപിടിച്ചുനടത്തുന്നതിനുപിന്നിലുള്ള മനശാസ്ത്രം സമാന്തരമായ ഒരു അക്ഷരലോകം സാധാരണക്കാരനില്‍ നിന്നും കഴിയുന്നതും അകറ്റി നിര്‍ത്തുക എന്നതു തന്നെയാണ്.അങ്ങനെ ചെയ്യുകവഴി യഥാര്‍ഥമലയാള സമാന്തര സമകാലിക സാഹിത്യത്തിന്റെ അപ്പോസ്തലന്മാര്‍ തങ്ങളാണ് തങ്ങളാണ് തങ്ങള്‍ മാത്രമാണ് എന്ന വിശ്വാസത്തില്‍ ഇളക്കം തട്ടാതെ സൂക്ഷിക്കുക എന്നതും കൂടിയാണ്.ഇല്ലാത്ത പ്രതലത്തില്‍ വല്ലാതെ എഴുതുന്ന ഒരു ജനസമൂഹം ഉണ്ടെന്നും അവര്‍ എഴുതുന്നതെല്ലാം കമ്പിത സാഹിത്യമല്ലെന്നും കാര്യമാത്രാപ്രസക്തമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പുറം ലോകം അറിയേണ്ടത് ഇന്നത്തെ ആവശ്യമാണ്.അല്ലാതെ കമെന്റ് ബട്ടണ്‍ ഉണ്ടായാലേ പ്രിന്റിന് കമെന്റിനോളം വലിപ്പമുണ്ടാകൂ എന്ന ചിന്ത തനി പിന്തിരിപ്പനാണ്.കമെന്റ് കൊണ്ട് ബ്ലോഗിനുണ്ടാകുന്ന നേട്ടങ്ങള്‍ ഒന്നു വസ്തുനിഷ്ഠമായി വിലയിരുത്തൂ.വഴിതെറ്റാതെ തമ്മിലടിയാകാതെ ഒരു അഭിപ്രായരൂപീകരണത്തിനു സഹായിച്ച എത്ര കമെന്റുയുദ്ധങ്ങളുണ്ടെന്ന് ഒന്നു ചൂണ്ടിക്കാണിച്ചു തരൂ.
    ദശലക്ഷം വരുന്ന ഇം‌ഗ്ലീഷ് ബ്ലോഗിനെയും 1500 മലയാളം ബ്ലോഗിനെയും താരതമ്യപ്പെടുത്തുന്നതില്‍ അര്‍ഥമുണ്ടെന്ന് തോന്നുന്നില്ല.മലയാളം ബ്ലോഗ് മലയാളി എന്ന തീരെചെറിയ ജനസമൂഹത്തിന്റെ വളരെ വലിയ കലഹങ്ങളാണ് അതും അവന്റെ മണ്ണില്‍ മുളച്ചമുള്ളുകളല്ല വായുവില്‍ വളരുന്നത്.മണ്ണില്ലാത്തവന്റെ നിലവിളികള്‍.അതിന് പ്രത്യേകതകള്‍ ഏറെയുണ്ട്.
    അധികം മലയാളബ്ലോഗുകളും കേരളം എന്ന ഭൂപ്രദേശത്തിനകത്തു നിന്നുണ്ടാകുന്നതല്ല.കേരളത്തിനകത്ത് ബ്ലോഗിന് പ്രചാരണം ഉണ്ടായാല്‍ മാത്രമേ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അഭിപ്രായരൂപീകരണത്തില്‍ എന്തെങ്കിലും ഒരു ചെറിയ സ്വാധീനമെങ്കിലും ചെലുത്താന്‍ ഈ പ്രസ്ഥാനത്തിനു കഴിയൂ.അതിന് ആദ്യം ചെയ്യേണ്ടത് ബ്ലോഗിനെക്കുറിച്ചുള്ള അവബോധം മാറ്റിയെഴുതുക എന്നതാണ്.അതിന് നാം ബ്ലോഗില്‍ കിടന്ന് ബഹളം വച്ചിട്ട് കാര്യമില്ല.കുടത്തില്‍ കത്തിച്ച വിളക്കുപോലെയാകുമത്.തല്‍ക്കാലം പ്രിന്റിനെ പൊളിക്കാന്‍ പ്രിന്റുതന്നെ ഉപയോഗിക്കേണ്ടിവരും എന്നുതന്നെയാണ് എന്റെ അഭിപ്രായം.

    ReplyDelete
  7. ഞാന്‍ ആദ്യം ബ്ലോഗിലേക്ക് വരുന്നത് തന്നെ കൊടകരപുരാണം ബുക്ക് വായിച്ചിട്ട് ആണ് .

    ReplyDelete
  8. മലയാളം ബ്ലോഗ് എന്താണെന്ന് ജനത്തെ അറിയിക്കാന്‍ ബ്ലോഗില്‍ നിന്നുണ്ടായ ചില നോവലുകളും ചെറുകഥകളും അങ്ങേയറ്റം സഹായിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

    ഇന്ന് ആ സ്ഥിധിയല്ല. കഥ എഴുതി അച്ചടിക്കാനുള്ള ഒരു ചവിട്ടുപടിയായി ബ്ലോഗിനെ കാണുന്നവര്‍ ധാരാളമുണ്ട്.

    ആ പ്രസിദ്ധീകരണങ്ങള്‍ ബ്ലോഗിന്റെ byproduct മാത്രമായിരുന്നു. അവര്‍ ആരും കഥ എഴുതി അച്ചടിക്കണം എന്ന മുന്‍വിധിയോടെ ബ്ലോഗ് തുടങ്ങിയവരല്ല.


    വിശാലനും, കുറുമാനും സജ്ജീവമായി ഇന്നും ബ്ലോഗ് എഴുതുന്നുണ്ട്. പുസ്തകം പ്രസിദ്ധീകരിച്ച് അവര്‍ പണം സമ്പാദിച്ചു എന്ന് ഞാന്‍ കരുതുന്നില്ല. ബ്ലോഗില്‍ നിന്നും കിട്ടിയ പ്രസിദ്ധിയേകാള്‍ വലിയ പ്രസിദ്ധി അച്ചടിച്ച പുസ്തകത്തില്‍ നിന്നും കിട്ടി എന്നും കരുതുന്നില്ല. എന്റെ വെറും കരുതലുകുളല്ലെ.

    പേര്.. പേരക്ക!!
    ഈ കൂട്ടുനിന്ന് ഇറക്കിയ പുസ്തകങ്ങളൊക്കെ കമന്റ് ഓപ് ഷന്‍ വച്ച് ഇറക്കിയതാവുമല്ലേ? കുറുമാനും, വിശാലനും, വില്സണും, അനിലനും എല്ലാം ഇന്നും ബ്ലോഗ് എഴുതുന്നുണ്ട്. comment option ഇന്നലെ വരെ ഉണ്ടായിരുന്നു. ഞാന്‍ പറയുന്നത് വ്യക്തമാകുന്നുണ്ട് എന്ന് കരുതുന്നു.

    "കപിത", "സാഗിത്യം" എന്നിവയോട് ഇത്രയും പുഛം വേണോ?
    പേരക്ക.
    It is a given fact that a large proportion of writing on any media in any language will be of average or below average quality. Only between 3 to 5% would be of outstanding quality. There was a time when we did have a larger percentage of interesting blogs. This percentage has shrunk to an invisible margin. The Malayalm Blog has grown steadily over the last two years, But the percentage of Quality writing has shrunk.

    പിന്നെ comment എന്ന് ഞാന്‍ ഉദ്ദേശിച്ചത് dialogue. ആണു്. കവലയില്‍ ബസ്സ് കാത്തു് നില്ക്കുന്ന യുവതിയെ നോക്കി "മാന്യന്മാരായ" മൂപ്പില്സ് പറയുന്ന comment അല്ല. ഞാന്‍ ഉദ്ദേശിച്ചത് സംവാദം, ചര്‍ച്ച, വിശകലനം എന്ന അര്ത്ഥത്തിലാണു്.

    സനാതനന്‍
    ബ്ലോഗില്‍ ധാരാളം നല്ല ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇനിയും ഉണ്ടാകും. comment ഇല്ലെങ്കില്‍ ബ്ലോഗിനു ജീവന്‍ ഇല്ല. comment എന്നാല്‍ "കോള്ളാം" "ഗംഭീരം" "കിടു" എന്നതിലുപരി, കാര്യമായ ചര്‍ച്ചകളും നടക്കാറുണ്ട്.

    സുഹൃത്തെ pornography വായിക്കുന്നതും കാണുന്നതും മഹാ പാപമാണു് എന്നു് നിങ്ങളുടെ അച്ചടി മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിനു ബ്ലോഗ് എന്തു കുറ്റം ചെയ്തു. മലയാളം ബ്ലോഗില്‍ മാത്രമെ താങ്കള്‍ പറയുന്ന പോലുള്ള സാഹിത്യ കൃതികള്‍ കാണാന്‍ കഴിയു. മറ്റ് അനേകം മലയാളം (ASCII-HACK) സൈറ്റുകള്‍ എല്ലാം തെറി തന്നെയാണു് ഇപ്പോഴും വിളമ്പുന്നത്.

    ഇന്റെര്‍നെറ്റ് വായിക്കുന്നവരെല്ലാം കമ്പിതസാഹിത്യം വായിക്കുന്നവരാണെന്ന പ്രചാരണ പൂര്ണമായും തെറ്റല്ല. Lets call a spade a spade. The facts cannot be contorted to suite our agenda. It is absolutely true that a large number internet users in Kerala use internet for pornography. But that is not unique to kerala. Keralites are so obsessed with this utopian morality that they fail to see the benifits of any media.

    അല്ലാതെ കമെന്റ് ബട്ടണ്‍ ഉണ്ടായാലേ പ്രിന്റിന് കമെന്റിനോളം വലിപ്പമുണ്ടാകൂ എന്ന ചിന്ത തനി പിന്തിരിപ്പനാണ്. ഇതിനുള്ള മറുപടി മുകളിലുണ്ട്.

    ReplyDelete
  9. എന്റെ കാഴ്ചപ്പാടില്‍.... (എന്റെ ബ്ലോഗല്ലെ, എന്റെതല്ലാതെ നിങ്ങളുടെ കാഴ്ചപ്പാട് ഇവിടെ ഓടുല്ലല്ലോ.) ബ്ലോഗ് കഥയും കവിതയും എഴുതാനുള്ള പ്രതലമേയല്ല. Englishല്‍ എഴുത്തുന്നവരില്‍ ചുരുക്കം ചിലര്‍ മാത്രമാണു് കവിതയും കഥയും എഴുതുന്നവര്‍.

    ഒരു ഉദാഹരണത്തിനു്. afrigator.com എന്ന African blog aggregator ശ്രദ്ദിക്കു.
    ഭൂരിഭഗം ബ്ലോഗുകളും രാഷ്ട്രീയവും സമൂഹികവുമായ വിഷയങ്ങളാണു് കൈകാര്യം ചെയ്യുന്നത്.

    Kenyaയില്‍ ഇപ്പോഴ് നടക്കുന്ന കലഹങ്ങള്‍ ഏറ്റവും അധികം blogലൂടെയാണു് പുറം ലോകം അറിയുന്നത്.

    ഒറീസയില്‍ ഇപ്പോഴ് നടക്കുന്ന വിഷയത്തെക്കുറിച്ചും, വൃക്ക കളവിനെ കുറിച്ചും അനേകം ഹിന്ദി ബ്ലോഗുകള്‍ കാണാന്‍ കഴിയും.

    കഥ കവിത തുടങ്ങിയ ആവിഷ്കാര സാഹിത്യ കൃതികളോടൊപ്പം തന്നെ വാര്ത്താമാദ്ധ്യമങ്ങള്‍ സ്പര്‍ശിക്കാന്‍ ഇഷ്ടപ്പെടാത്ത വിഷയങ്ങള്‍ വെളിപ്പെടുത്തുന്ന മാദ്ധ്യമമായാണു് അവര്‍ blogനെ കാണുന്നത്. മലയാളികള്‍ ബ്ലോഗിനെ ഒരു എഴുത്തു് കളരിയായി കാണുന്നതില്‍ തെറ്റില്ല. പക്ഷെ 99% ബ്ലോഗുകളും fiction മാത്രമായാകുമ്പോള്‍, മലയാളിയുടെ സാമൂഹിക ഭോധത്തെ തന്നെ ചോദ്യം ചെയ്യേണ്ടിവരും.

    ReplyDelete
  10. ബ്ലോഗ് സാഹിത്യം കമ്പ്യൂട്ടര്‍ അറിയാത്തവരില്‍ എത്തിക്കുവാന്‍ അച്ചടിച്ച് പുസ്തകമാക്കുന്നതല്ലേ ഉചിതം? എന്റെ ബ്ലോഗും അച്ചടിമഷി പുരളുന്ന വേളയായതിനാല്‍ പറയുന്നതല്ല.
    കൈപ്പള്ളിയെ തോല്പിക്കാനും തര്‍ക്കിച്ച് ജയിക്കാനുമൊന്നും അല്ല.
    എന്നാലും ഇതൊരു അപരാധമായ ഏര്‍പ്പാടാണെന്നും തോന്നിയില്ല - പ്രസാധനം എന്ന പരിപാടി..

    ReplyDelete
  11. കാര്യങ്ങള്‍ നേരേ പറഞ്ഞാലേ ലേഖനരൂപത്തില്‍ മനസ്സിലാക്കാവൂ എന്നു ശാഠ്യം പിടിക്കേണ്ടതില്ലല്ലോ! കഥയും കവിതയുമെല്ലാം പ്രതിനിധാനം ചെയ്യുന്നത് നമ്മള്‍ ജീവിക്കുന്ന സമൂഹത്തെ തന്നെയാണ്. സാമൂഹിക-രാഷ്ടീയ-കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ തന്നെയാണ് അവ കൈകാര്യം ചെയ്യുന്നത്/ചെയ്യേണ്ടത്. മലയാളം ബ്ലോഗുകളില്‍ കാണുന്ന സാഹിത്യരചനകളില്‍ ചെറിയൊരു ശതമാനമെങ്കിലും ഇങ്ങനെയൊരു കര്‍മ്മം നിറവേറ്റുന്നുണ്ട്. എഴുതുന്നത് ഫിക്ഷന്‍ ആണെങ്കിലും അതിന് ലേഖകന്റെ ചുറ്റുപാടുകളും അനുഭവങ്ങളും അറിവുകളും ഉള്‍പ്പെടുന്ന യാഥാര്‍ത്ഥ്യവുമായി വലിയ ബന്ധമുണ്ട്.

    കൈപ്പള്ളി പറഞ്ഞ പോലെ ചര്‍ച്ച ചെയ്യാന്‍ ഇതിനോളം പോന്ന ഒരു മാധ്യമം ഇന്നില്ല. ആരോഗ്യകരമായ ചര്‍ച്ചകള്‍ സാഗിത്യത്തിലും കപിതയിലും ബ്ലോഗു വഴി നടക്കാന്‍ സാധ്യതയുണ്ടെങ്കില്‍ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്? സാഗിത്യവുമായി ബന്ധം കുറവുള്ള മലയാളികളെ ആസ്വാദനത്തോട് കൂടുതല്‍ അടുപ്പിക്കുകയും ആവാം അതിലൂടെ. സാഹിത്യകൃതികള്‍ ആസ്വാദനം മാത്രം ലക്ഷ്യമിട്ടുള്ള വെറും എഴുത്തുകുത്തുകള്‍ മാത്രമല്ല, സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ശക്തിയേറിയ മാധ്യമങ്ങള്‍ തന്നെയാണ്. പോട്ടോഗ്രാഫി (പോണോഗ്രാഫിയല്ല!)യും അത്ര തന്നെ ശക്തിയുള്ള ഒരു മാധ്യമമാണ്, ഒരു റെസ്പോണ്‍സിബിള്‍ മീഡിയം ആയി ഉപയോഗിച്ചാല്‍!

    ഇംഗ്ലീഷ് ബ്ലോഗേഴ്സിനോടുള്ള താരതമ്യം. ഇംഗ്ലീഷുകാരന്‍ കേരളത്തില്‍ വന്ന് കടലോരത്ത് തുണിയഴിച്ചിട്ടിരുന്ന് വെയിലു കൊള്ളുന്നെന്നതു കൊണ്ട്, പാടത്തും പറമ്പത്തും ആവശ്യത്തിനു വെയിലു കൊള്ളാന്‍ വിധിയുള്ള നമ്മള്‍ അങ്ങനെ ചെയ്യണമെന്നുണ്ടോ? മലയാളത്തില്‍ എല്ലാ മാധ്യമങ്ങളിലും ശക്തിയേറിയ ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പൊതുവെ കാണുന്ന mere sensationalism ന് അപ്പുറം നിക്കുന്ന ചര്‍ച്ചകളും ആശയസംവേദനവും!

    മലയാളം ബ്ലോഗുകളില്‍ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ ഇനിയും കൂടുതലായി വരേണ്ടതുണ്ട് എന്നതു സത്യം തന്നെ. അതിനു വേണ്ടി ബ്ലോഗ് എന്നാല്‍ ഇന്നതേ ആകാവൂ, അതിലപ്പുറമോ, അതിനിപ്പുറമോ ഒന്നും അതില്‍ വരാനുള്ളതല്ല എന്ന കണിശനിലപാട് ഇത്തരമൊരു നല്ല മാധ്യമത്തെത്തന്നെ തരം താഴ്‍ത്തിക്കാണിക്കാനേ ഉതകൂ. എന്തിനെയെങ്കിലും എന്തിലേക്കെങ്കിലും ചുരുക്കിക്കെട്ടി അടക്കി നിര്‍ത്തുക എന്നതിനു പകരം, അതിന്റെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തി ശക്തിപ്പെടുത്താനുള്ള വഴികളെപ്പറ്റി ആലോചിച്ചൂടേ നമുക്ക്?

    Google now gives you an option to use referral ads. You may ptly display the same on Malayalam blogs too.

    ReplyDelete
  12. 'എന്റെ കാഴ്ചപ്പാടില്‍.... (എന്റെ ബ്ലോഗല്ലെ, എന്റെതല്ലാതെ നിങ്ങളുടെ കാഴ്ചപ്പാട് ഇവിടെ ഓടുല്ലല്ലോ.) ബ്ലോഗ് കഥയും കവിതയും എഴുതാനുള്ള പ്രതലമേയല്ല..' എന്നതിനോട് യോജിക്കാനാവില്ല.

    അച്ചടിമാധ്യമത്തില്‍ എത്രപേരുടെ കഥയും കവിതയും മഷിപുരളുന്നുണ്ട്. അവിടെ എഴുതാന്‍ സാധിക്കാത്തവര്‍ എവിടെപ്പോയി എഴുതും ?

    ഇങ്ങനെ ഒരു മാധ്യമമുള്ളപ്പോള്‍ അതിനെ ഉപയോഗപ്പെടുത്തുകയെന്നത് അത്യാവശ്യം തന്നെയാണ്. ( കോപ്പിറൈറ്റിനും ലെഫ്റ്റിനുമൊന്നും ബ്ലോഗറില്‍ വലിയ സ്കോപ്പില്ലെന്ന സത്യം അവശേഷിക്കെ തന്നെ.)

    ReplyDelete
  13. ഏറനാടന്‍:
    വളരെ ലളിതമായി നോക്കുമ്പോള്‍ ആ രീതി പ്രത്യക്ഷത്തില്‍ ശരിയായി തോന്നും.
    സാധാരണ supermarketല്‍ Choclateഉം Ice creamഉം സൌജന്യമായി product samples ആയി കൊടുക്കുന്നത് കണ്ടിട്ടില്ലെ. വിശാലന്റെയും കുറുമാന്റെയും പുസ്തകങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം അവരുടെ ബ്ലോഗിലേക്ക് കടന്നു വരാനുള്ള product samples ആയിരുന്നു.

    പക്ഷെ എപ്പോഴും product samples മാത്രം കൊടുത്തുകൊണ്ടിരുന്നാല്‍ full productന്റെ ഗുണവും മെച്ചവും ജനം അറിയില്ലല്ലോ.

    മലയാളം ബ്ലോഗ് വരുന്നതു വരെ മലയാളി മലയാളത്തില്‍ നിരവധി pornographic siteുകളും groupകളും ഉണ്ടായിരുന്നു. (അവ നല്ലതോ ചീതയോ എന്നത് അപ്രസക്തമായ ഒരു വിഷയവുമാകുന്നു.) മലയാളത്തില്‍ (Unicode)ല്‍ blog ചെയ്യാന്‍ കഴിഞ്ഞതോടെ, മലയാളിക്ക് മലയാളത്തില്‍ തെറി മാത്രമല്ല മറ്റ് പല കാര്യങ്ങളും കൂടി അറിയാം എന്ന് മനസിലായി.

    മലയാളി Web 2.0 എന്തെന്നുപോലും അറിയാതെ ആ സാമൂഹിക വിപ്ലവത്തിലേക്ക് അറിയാതെ കാലുവെച്ചു എന്നതാണു് സത്യം.

    ഇവരെ സംബന്ധിച്ചിടത്തോളം Web 2.0 യുടെ ഭാഗങ്ങളായ Feed Syndicationഉം, Colaborative Authoringഉം, Collective Intelligencഉം, എല്ലാം പുതിയ ആശയങ്ങളാണു്.
    ഈ വിപ്ലവത്തിനിടയില്‍ comment പാടില്ല എന്ന് പറയുന്നവരോട് എന്ത് സമാധാനം പറയണം എന്ന് എനിക്കറിയില്ല.


    പുസ്തകം പ്രസിദ്ധീകരിക്കുന്ന വേളയില്‍ ചില കാര്യങ്ങള്‍ കൂടി സാലിഹിനോട് പറയട്ടെ:

    വളരെ പുരാതനമായ ചില ആചാരങ്ങള്‍ പിന്തുടരുന്ന ഒരു വ്യവസായമാണു് കേരളത്തിലെ പുസ്തക പ്രസിദ്ദീകരണം മേഖല. പ്രസാദകന്റെ കാരുണ്യം പ്രതീക്ഷിച്ചാണു് പല പുതിയ എഴുത്തുകാരും എഴുതുന്നത്. എത്ര പുസ്തകം വിറ്റു എന്നതിനു് കൃത്യമായ കണക്കുകള്‍ പലപ്പോഴും ഉണ്ടാവാറില്ല.

    എനിക്ക് കഥ എഴുതാന്‍ അറിയില്ല, അറിയാമായിരുന്നു എങ്കില്‍ എപ്പോഴ് അച്ചടിച്ചു എന്ന് ചോദിച്ചാല്‍ മതി.

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. കുട്ടന്‍മേനൊന്‍ said...
    ഇങ്ങനെ ഒരു മാധ്യമമുള്ളപ്പോള്‍ അതിനെ ഉപയോഗപ്പെടുത്തുകയെന്നത് അത്യാവശ്യം തന്നെയാണ്.

    We seem to be going round and round the same cirle. ആരു പറഞ്ഞു എഴുതാന്‍ പാടില്ലാ എന്ന്? fiction മാത്രം എഴുതല്ലെ ചേട്ടന്മാരെ എന്നല്ലെ പറഞ്ഞോള്ളു. 99.9% Fiction 00.1% Non-fiction, ഇതാണോ മലയാളിയുടെ e-സംസ്കാരം?

    ReplyDelete
  16. fiction മാത്രം എഴുതല്ലെ ചേട്ടന്മാരെ എന്നല്ലെ പറഞ്ഞോള്ളു. 99.9% Fiction 00.1% Non-fiction, ഇതാണോ മലയാളിയുടെ e-സംസ്കാരം?

    മലയാളം ബ്ലോഗില്‍ ഇങ്ങിനെയൊരു ചോദ്യം ഉന്നയിക്കാന്‍ ധൈര്യം കാണിച്ച പ്രിയപ്പെട്ട കൈപ്പള്ളീ അഭിവാദനങ്ങള്‍ !!

    ReplyDelete
  17. ആത്മാര്‍ത്ഥതകൊണ്ട് കൈപ്പള്ളി പറയുന്നതൊക്കെ അങ്ങ വിവാദമാവുകയാണല്ലോ.. ഒരു പാട് വൈരുദ്ധ്യങ്ങള്‍ ഈ പറച്ചിലിലുണ്ട് എന്നു തോന്നുന്നു. ചുമ്മാ തോന്നുന്നതുമാകാം. വായനക്കാരുടെ കത്തും കൂടി രചനകളോടൊപ്പം പ്രസിദ്ധീകരിക്കണം എന്നു പറയുമ്പോലെയല്ലേ കമന്റും കൂടെ എന്നു പരയുന്നത്. പക്ഷേ എനിക്ക് ആനുകൂലമനോഭാവമുള്ള ഒരു ആശയമാണ്. വെറും കമന്റുകളല്ല. പോസ്റ്റുകളുടെ (ആശയ)ഇടം വലുതാക്കിയ കമന്റുകള്‍.

    ReplyDelete
  18. വെള്ളെഴുത്ത്
    The lame comparison we tend to draw with traditional print media is rather sad and pitiful.

    Its akin to comparing 8mm black and white film and VSAT satelite video conferencing. There is a vague and primitive relationship, but there is no functional similarity.

    There will be period in our own lifetimes where traditional print media will loose its significance. Lifestyles are changing in India and Kerala. Lifestyles that will provide easy access to the internet and thereby exposure to new technologies. Technologies our people will use in everyday life.

    Today the blog and the internet are luxuries, not necessities. When they turn to be necessities, all paradigms will shift.

    ReplyDelete
  19. ബ്ലോഗ് പുസ്തകം ആയി മാറുന്നതിന് വിമാനത്തില്‍ നിന്നും കാളവണ്ടിയിലേക്കുള്ള അന്തരം ഉണ്ട്. വിമാ‍നത്തില്‍ യാത്ര ചെയ്യുന്നവന്‍ കാളവണ്ടിയിലേക്ക് യാത്ര മാറ്റുന്നതിന് തുല്ല്യമാണ് ബ്ലോഗെന്ന അതിരുകളില്ലാത്ത ആശയം സംവേദന മാധ്യമത്തില്‍ നിന്നും പുസ്തകമെന്ന പരിമിതികള്‍ മാത്രമുള്ള ഒരു മാധ്യമത്തിലേക്ക് ബ്ലോഗര്‍ മാറുന്നത്. ബൂലോകത്ത് നിന്നും പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത് മലയാള ബ്ലോഗിങ്ങിന്റെ സന്ദേശം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു എന്നതൊഴിച്ചാല്‍ മറ്റേതെങ്കിലും ഗുണപരമായ ഘടകങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

    ഒരു പോസ്റ്റിട്ടാല്‍ മിനിട്ട് കൊണ്ട് നൂറ് കണക്കിന് വായനകള്‍ ഉണ്ടാവുകയും അഭിപ്രായങ്ങള്‍ സ്വരൂപിക്കപ്പെടുകയും നിമിഷങ്ങള്‍ കൊണ്ട് നിരൂപണങ്ങളും ആസ്വാദനങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന ബ്ലോഗെന്ന മാധ്യമത്തിലെ രചനകള്‍ക്ക് ലഭിക്കുന്ന ജീവസുറ്റ പ്രതികരണങ്ങള്‍ പുസ്തകത്തില്‍ ഒരിക്കലും ലഭിക്കില്ല തന്നെ. “എന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍” ബ്ലോഗില്‍ വായിച്ചപ്പോള്‍ കുറുമാനോടൊപ്പം ചേര്‍ന്ന് യാത്ര ചെയ്ത അനുഭൂതിയാണ് ഉണ്ടായത്. പുസ്തകം വായിച്ചപ്പോള്‍ ഒരു യാത്രാ വിവരണം വായിച്ച അനുഭവവും. അതുപോലെ തന്നെയായിരുന്നു കൊടകരപുരാണവും. നമ്മുടെ ഏറ്റവും അടുത്ത സരസനായ് ഒരു ചങ്ങാതി ദുസ്സഹമായ ജീവിതത്തിന്റെ വിശ്രമവേളകളില്‍ നമ്മോട് പറയുന്ന കല്ലുവച്ച നര്‍മ്മങ്ങള്‍ റൂമിലിരുന്ന് ആസ്വാദിക്കുന്നതിന് തുല്യമായിരുന്ന കൊടകരപുരാണം പുസ്തകമായപ്പോള്‍ ഒരു ഹാസസാഹിത്യം വായിക്കപ്പെടുമ്പോഴുള്ള രസം ആണ് ഉണ്ടാവുക. അതായത് പോസ്റ്റിന് ശേഷം ഉണ്ടാകുന്ന കമന്റുകളിലൂടെ പോസ്റ്റിന്റെ ഉടമയും വായനക്കാരും നേരിട്ട് സംവേദിക്കുകയാണ്.

    എല്ലാ പോസ്റ്റുകളും പൂര്‍ണ്ണമാകുന്നത് കമന്റുകളിലൂടെയാണ്. കമന്റുകള്‍ എന്നാല്‍ ഒരു പോസ്റ്റിന്റെ താഴെ “കൊള്ളാം...”, “കിടിലന്‍...”, “അതി ഗംഭീരം”, “തനിക്ക് വേറെ പണിയൊന്നും ഇല്ലേ..”, “ഇഷ്ടപ്പെട്ടില്ല.”, “:)“, “:(“‍ ഒന്നും അല്ല. പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന വിഷയത്തോട് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വസ്തുനിഷ്ടമായും കാര്യകാരണ സഹിതവും പറയുക എന്നതാണ്. അതും കൂടി ചേരുമ്പോഴേ പോസ്റ്റുകള്‍ക്ക് ജീവന്‍ ഉണ്ടാകുള്ളൂ.

    ഒരു പോസ്റ്റിലെ പോസ്റ്റിന്റെ ഉടമയുടെ ഒരു അഭിപ്രായത്തെ കമന്റുകളാല്‍ തിരുത്തപ്പെടാം. അങ്ങിനെയുള്ള തിരുത്തലുകളും മാറ്റം മറിക്കലുകളും നിലപാടുമാറ്റമായി കണ്ടും കൂട. കാരണം ഒരു നല്ല ചര്‍ച്ചയില്‍ ഊരിതിരിഞ്ഞ് വരുന്ന ഒരു ആശയത്തിനായിരിക്കും ആ പോസ്റ്റില്‍ ഉടമ ഉന്നയിച്ച അഭിപ്രായത്തിനേക്കാള്‍ ആധികാരികത. അതുകൊണ്ട് തന്നെ കമന്റുകള്‍ക്ക് ബ്ലോഗിങ്ങില്‍ ഉള്ള പ്രധാന്യം പോസ്റ്റുകള്‍ക്കു തുല്യമോ ഒരു പക്ഷേ അതിലധികമോ ആയിരിക്കും. ഒരു പോസ്റ്റിന്മേല്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കഴമ്പ് ഉണ്ട് എന്ന് തോന്നുന്ന കമന്റുകളും കൂട്ടി ചേര്‍ത്ത് പോസ്റ്റ് തിരുത്തുന്നതും ബ്ലൊഗിങ്ങിന്റെ നല്ല ശീലങ്ങളില്‍ ഒന്നാണ്. പുസ്തകത്തിലേക്ക് വരുമ്പോള്‍ ഇത്തരത്തിലുള്ള ഗുണവും നന്മയും ചര്‍ച്ചകള്‍ക്കുള്ള സാധ്യതയും തുലോം കുറവാണല്ലോ.

    പുസ്തകം എഴുതാം. പ്രസിദ്ധീകരിക്കാം. തെറ്റൊന്നുമില്ല. പക്ഷേ ബ്ലോഗിലെ പോസ്റ്റുകള്‍ പുസ്തകം ആകുമ്പോള്‍ ആ പുസ്തകം പൂര്‍ണ്ണമാകണം എന്നില്ല. കാരണം കമന്റുകളില്ലാത്ത പോസ്റ്റുകള്‍ അപൂര്‍ണ്ണമാണ് എന്നത് തന്നെ.

    ReplyDelete
  20. ഇന്നിവിടെ അല്പ്പം തീയിട്ട് പോകാമെന്ന് കരുതുന്നു.
    ആദ്യമായി ഔട്ട് സ്റ്റാന്ഡിംഗ് ബ്ലോഗ്സ് 3 പെര്സന്റെന്ന് പറഞ്ഞതിനെക്കുറിച്ച്.
    ഇത് അതിശയോക്ത്തിയാണ്. യാഥാര്ത്യം അതിനേക്കാള് എത്രമാത്രം തറലെവലില്.
    സമുദ്രനിരപ്പിന് കീഴെ.
    ഇതിന്നര്ത്ഥം നല്ല പോസ്റ്റുകള് ഉണ്ടാകുന്നില്ലെന്നല്ല. ഘടാഘടിയന് ആശയങ്ങളുടെ, അറിവിന്റെ ബ്ലോഗുകളുണ്ട്.
    കൈപ്പള്ളി പറഞ്ഞ ശതമാനക്കണക്കിലും താഴെയാണിതെന്ന് മാത്രം.
    ഇതാ എന്റെ സമറത്ഥനം.
    36000 പോസ്റ്റുകളുണ്ടായി 2007ലെന്ന് ഏവൂരാന്. അതില് ഈ ഔട്ട് സ്റ്റാന്ഡിംഗ് എത്രവരും. ഏറിയാലൊരു 30 എണ്ണം.
    അതേതൊക്കെ എന്ന് പറഞ്ഞ് കണ്ണിലെ കരടാകുന്നില്ല. അറ്റ്ലീസ്റ്റ് ഒരു കുന്തമെങ്കിലും ആകണമെന്നുണ്ട്.ആരാവാന് ഞാനില്ല.

    കൈപ്പള്ളി പറഞ്ഞതിനൊട് ഇന്നും എന്റെ യോജിപ്പ്. ഇന്നലേയും നാളേയും അതു തന്നെ എന്റെ നിലപാട്.
    ബ്ലോഗുകളാണ് വരും കാല സംഭവം. മനുഷ്യന് പരിണാമത്തില് ആശയ വിനോദ വിജ്ഞാന വരുംകാല ഉപാധി ബ്ലോഗുകളൊ
    സ്പൈഡര് വെബ്ബുകളൊ ഒക്കെത്തന്നെ. പക്ഷെ ഒരുപാട് ദൂരം പോകാനുണ്ട് അതിലേക്ക്.
    ചവറെഴുത്തുകള് ഉത്തരവാദിത്വമില്ലാത്തമട്ടിലെ എഴുത്തുകള് വായനകള് അഭിപ്രായങ്ങള് എന്നിവയില് വിഹരിക്കുന്ന
    ഇന്നത്തെ ബഹുഭൂരിപക്ഷം സ്വയം വിശകലനത്തിന്ന് പ്രാപ്ത്തരാകുന്നത് വരെ.

    ഇതില് ഒരു സൗഹൃദവും വളരാനില്ല. നല്ല അയല്പക്കമില്ലാത്തവന്ന് നെറ്റിലും അത് ലഭിക്കില്ല.ഒര് സൗഹൃദവും
    മൃതസജ്ഞീവനിയല്ല. പക്ഷേ നാം ഒര് പുതിയ സംസ്കാര നിര്മ്മിതിയിലാണ്. അത് മാത്രമാണ് ബ്ലോഗിന്റെ സാംഗത്യം.

    ഇതല്ലെന്ന് സമര്ത്ഥിക്കുന്നവര് കലുംകിലിരുന്ന് കാലാട്ടുന്ന യുവത്വം. ഉത്തരവാദിത്വമുള്ള ഒന്നും ചെയ്യില്ല പണിക്കു പോകുന്ന ചെറുമികളേയും
    ചെറുമനേയും കളിയാക്കുക കമന്റടിക്കുക. പീടികത്തിണ്ണ നിരങ്ങുക. ശീട്ടുകളീക്കുക. സിനിമ കാണുക ഉറങ്ങുക. ഓസിയായി മദ്യപിക്കുക.
    വ്യഭിചരിക്കുക, ചെണ്ടപ്പുറത്ത് കോലുവക്കുന്നിടത്തൊക്കെ പോവുക എന്നീമട്ടിലെ ജീവിത ശൈലി പോലെയുള്ള ഒന്ന്. ഇതിന്നാളു കൂടും. പക്ഷെ ഒരു ഗുണവുമില്ല മാത്രമല്ല വല്ലതും തടയുകയും ചെയ്യും. ഇതിന്റെ എണ്ണം വിസ വരുന്നതനുസരിച്ച് കുറയും.



    സ്വയം മഹാകവിയായും, പണ്ഠിതനായും ചമയാതെ, മറ്റുള്ളവരുടെ ചൈതന്യം കെടുത്താതേയും , നല്ലതിനെ മാത്രം നല്ലതെന്ന് പറഞ്ഞും ശീലിക്കുക.

    ഒരുഗ്രൂപ്പിനും ഒരാള്ക്കും ഇതില് പ്രസക്തിയില്ല. ഇതൊരു സംസ്കാര രൂപീകരണമാണ്. അല്ലെന്ന് പറയുന്നവന് പിന്തിരിഞ്ഞ് നില്ക്കുന്നു.
    ഒഴുക്കിനെതിരെ മണലുകൊണ്ട് അണ കെട്ടുന്നു.

    ഇനി നാമൊക്കെ എങിനെ കരുതിയാലും കുതറിയാലും ഇത് സ്വയം രുപാന്തരപ്പെട്ടിരിക്കും. കട്ടായം. അമ്മയാണെ സത്യം.

    നിരര്ത്ഥക ബ്ലോഗെഴുതുന്ന സമയം കൈക്കോട്ടുകിളക്കുക വാഴ വക്കുക തൈ നടുക.
    പരോപകാരാര്ത്ഥം ഇദം ശരീരം...

    അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം എന്ന് ചിന്തിക്കാന് പഠിക്കുക.

    ReplyDelete
  21. കൈപ്പള്ളി,
    പറഞ്ഞത് ശരിയാണ്. പലതിന്റെയും നിലവാരം വളരെക്കുറവാണ്. പക്ഷേ,അതിനും വായനക്കാരുണ്ടെന്ന സത്യം മറക്കരുത്. ജപ്പാനില്‍ മൊബൈല്‍ നോവലുകളില്‍ എഴുതുന്ന പൈങ്കിളിസാഹിത്യനോവലുകള്‍ പലതും പുസ്തകമാവുന്നു. ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റുപോകുന്നു.
    പോസ്റ്റുകളില്‍ എന്തെങ്കിലും ഒരു മെസ്സേജ് വായനാക്കാരന് ലഭിക്കണം എന്നു തന്നെയാണ് എന്റെയും അഭിപ്രായം. contact എന്ന താങ്കളുടെ ചിത്രം തികച്ചും വ്യക്തിപരമായ ഒരു ചിത്രമായിരിക്കെ തന്നെ, ബന്ധങ്ങളുടെ ഗാഢതയെ പറ്റി ഓരോ വായനക്കാരനേയും ചിന്തിപ്പിക്കുന്നു എന്നതിനാല്‍ വളരെയേറെ പ്രസക്തമാണ്. സനാതനന്റെ കവിതകളില്‍ പലതിലും രാഷ്ടീയമുണ്ട്. സമൂഹത്തോട് സംവദിക്കുവാനും പ്രതികരിക്കാനും നോണ്‍ ഫിക്ഷന്‍ തന്നെ വേണമെന്നില്ല. മറ്റൊരുദാഹരണം സുജിത്തിന്റെ കാര്‍ട്ടൂണുകള്‍.
    :)

    ReplyDelete
  22. ഗള്‍ഫ് മല്ലുവിലും ബ്ലോഗിനുള്ള OPTION ഉണ്ട് ഒരു ജനപ്രിയന്‍ എന്ന നിലക്ക് അങ്ങയുടെ കൃതികള്‍ അങ്ങേക്ക് തന്നെ പോസ്റ്റ്‌ ചെയ്യാവുന്നതാണ് . രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് അറിയിച്ചാല്‍ ഞങ്ങള്‍ തന്നെ ചെയ്തു തെരുന്നതാണ്

    Thanks
    Gulfmallu Admin
    www.gulfmallu.tk

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..