Wednesday, June 13, 2007

ഇതിലിപ്പം എത്തറ കിളി

അമരകോശം എന്ന സംസ്കൃത നിഖണ്ടുവില്‍ നിന്നും കണ്ടെത്തിയ ശ്ലോകങ്ങളാണിത്. തപീട്ടും തപ്പീട്ടും ഒരു മൈ.. നയെപ്പോലും കിട്ടിയില്ല. ഇതിലിപ്പം എത്തറ കിളിയൊണ്ട് എന്നാണു് എനിക്കറിയേണ്ടതു്. എന്തരായാലും ഇത് ഒണ്ടാക്കിയവമ്മാരു് കോള്ളാം കേട്ട.

खगे विहंगविहगविहंगमविहायसः।
शकुन्तिपक्षिशकुनिशकुन्तशकुनद्विजाः॥३२॥
पतत्रिपत्रिपतगपतत्पत्ररथाण्डजाः।
नगौकोवाजिविकिरविविष्किरपतत्रयः॥३३॥
नीडोद्भवा गरुत्मन्तः पित्सन्तो नभसंगमाः॥३४॥

21 comments:

  1. ഇതിലിപ്പം എത്തറ കിളി?

    ReplyDelete
  2. ഇതു പക്ഷിയുടെ പര്യായങ്ങളാണു കൈപ്പള്ളീ-പലതരം പക്ഷികളുടെ പേരല്ല.

    ഖഗഃ, വിഹംഗഃ, വിഹഗഃ, വിഹംഗമഃ, വിഹായസഃ, ശകുന്തഃ, പക്ഷിഃ, ശകുനിഃ, ശകുന്തഃ, ദ്വിജഃ,... എന്നിങ്ങനെ പോകുന്നു.

    ReplyDelete
  3. ഒരു ശകുന്തം കൂടിപ്പോയി. ക്ഷമി. :)

    ReplyDelete
  4. നന്ദി ഉമേഷ് ---- അണ്ണ ( gap ശ്രദ്ധിക്കു!!!)

    ReplyDelete
  5. കൈപ്പള്ളീ,

    ഗേപ്പു കണ്ടു വന്നതാണ്. ഗേപ്പടക്കാന്‍ ശ്രമിക്കാം.
    കിളികളെത്ര എന്നല്ലേ ചോദ്യം?
    ഉത്തരം: 20

    1.ഖഗ: 2. വിഹംഗ: 3.വിഹഗ:
    4.വിഹംഗമ: 5. വിഹായസ: 6. ശകുന്തി
    7.ശകുനി: 8. ശകുന്ത: 9.ശകുന:
    10. ദ്വിജ: 11.പതത്രി 12. പത്രീ
    13.പതഗ: 14. പതത് 15. പത്രരഥ:
    16. അണ്ഡജ: 17. നീഡോല്‍ഭവ:
    18. ഗരുല്‍മാന്‍ 19. പിത്സത് 20. നഭസംഗമ:

    സംസ്കൃതത്തില്‍ രാമ:, വൃക്ഷ: എന്നിങ്ങനെ പ്രയോഗങ്ങളുണ്ട്. അവ മലയാളത്തില്‍ യഥാക്രമം രാമന്‍, വൃക്ഷം എന്നിങ്ങനെ പറയപ്പെടുന്നു.

    അപ്പോള്‍
    1. ഖഗ: എന്നതിനു ഖഗം എന്നു പറയാം

    2. വിഹഗ:= വിഹഗം

    3. വിഹംഗ:= വിഹംഗം

    4. വിഹംഗമ:= വിഹംഗമം

    5. വിഹായസ: എന്നതിനു

    വിഹായസം എന്നോ വിഹായസന്‍

    എന്നോ പറയാമെന്നു തോന്നുന്നു.

    6.ശകുന്തി= ശകുന്തി
    7.ശകുനി:= ശകുനി
    8.ശകുന്ത:= ശകുന്തം

    (ഇനി വേണ്ട, വയ്യ എന്നു തീരുമാനിച്ച് ‘മുത്തു’ ഉള്ളതെല്ലാം വിറ്റുപെറുക്കി ഹൃഷികേശത്തേക്കു യാത്രയായി. കേദാര്‍നാഥിലേക്കുള്ള മാര്‍ഗ്ഗമധ്യേ അയാ‍ള്‍ ഒരു പേരാലിനു ചുവട്ടില്‍ ശകുന്തങ്ങള്‍ കൊത്തിപ്പറിക്കുന്ന ഒരു ജഡം കണ്ടു. ശ്രീമാന്‍ കുറുമാന്‍ എനിക്കു മാപ്പു നല്‍കട്ടെ!)

    9.ശകുന:= ശകുനന്‍/ശകുനം എന്നൊക്കെ പറയാമായിരിക്കണം

    ....അങ്ങിനെയങ്ങിനെ

    മേല്‍പ്പറഞ്ഞ ഇരുപതും പക്ഷിയുടെ പര്യായങ്ങളാണ്.

    ഇവയില്‍ ചില പദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് പക്ഷികളുടെ പ്രകൃതി/സ്വഭാവം ഇവകളെ ആധാരമാക്കിയാണെന്നു കാണാം.

    ഉദാഹരണം.

    വിഹാ എന്നത് ആകാശത്തെ കുറിക്കുന്നു. വിഹഗം,വിഹംഗം, വിഹംഗമം എന്നു പറഞ്ഞാല്‍ ആകാശത്തില്‍ ഗമിക്കുന്നവ/ചരിക്കുന്നവ എന്നര്‍ത്ഥം.

    ദ്വിജന്‍ എന്നാല്‍ രണ്ടു ജന്മം കൈക്കൊണ്ടവന്‍ എന്നര്‍ത്ഥം. തള്ളപ്പക്ഷി മുട്ടയിടുന്നതോടെ ഒന്നാം ജന്മം സംസിദ്ധമായി. പിന്നെ മുട്ട വിരിയുമ്പോള്‍ രണ്ടാം പിറവിയും.

    പത്രം എന്നാല്‍ ചിറകു എന്നര്‍ത്ഥമുണ്ട്. അപ്പോള്‍ പത്രീ എന്നു പറഞ്ഞാല്‍ ചിറകുള്ളത് എന്നു വിവക്ഷ.

    പത്രം (ചിറകു) രഥമായിട്ടുള്ളവന്‍ പത്രരഥന്‍. പക്ഷി തന്നെ.

    അണ്ഡം = മുട്ട. അണ്ഡത്തില്‍ നിന്നു ജനിക്കുന്നവന്‍ അണ്ഡജന്‍. കിളി.

    നീഡം= കൂട്. അതില്‍ ഉല്‍ഭവിച്ചവന്‍/പിറന്നവന്‍ നീഡോല്‍ഭവന്‍. കിളി.

    ഗരുല്‍= ചിറക്. അപ്പോള്‍ ഗരുല്‍മാന്‍ =ചിറകുള്ളവന്‍

    നഭസ്സ്= ആകാശം. ആകാശത്തില്‍ സംഗമിക്കുന്നവന്‍/കൂടിച്ചേരുന്നവന്‍ നഭസംഗമന്‍.

    ഇവയില്‍ ചില പദങ്ങള്‍ക്കു നനാര്‍ത്ഥങ്ങളുമുണ്ട്.

    ഉദാഹരണം:

    ദ്വിജ: = പക്ഷി, ബ്രാഹ്മണന്‍, ചന്ദ്രന്‍, പാമ്പ്, പല്ല്.

    പതഗ: = പക്ഷി, സൂര്യന്‍, ആകാശത്തിലെ ജ്യോതിര്‍ഗോളം

    ശകുന:=പക്ഷി, പരുന്ത്, കഴുകന്‍

    ശകുനി:= പക്ഷി, ദുര്യോധനാദികളുടെ മാതുലന്‍, പൂവന്‍ കോഴി, കുരുവിപ്പക്ഷി

    ഒരു വാക്കിനു തന്നെ പല അര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നിടത്ത് സന്ദര്‍ഭം നോക്കി വേണം അര്‍ത്ഥഗണന ചെയ്യാന്‍.

    വാല്‍ക്കഷണം.

    പദങ്ങളുടെ ദ്വയാര്‍ത്ഥപ്രയോഗത്തെ ആധാരമാക്കി രസകരങ്ങളായ പല ശ്ലോകങ്ങളും കവിവര്യന്‍‌മാര്‍ സൃഷ്ടിച്ചിട്ടുണ്ട്.

    ഒരുദാഹരണം:

    പണ്ടു ഒരു പഥികന്‍ നടന്നു ക്ഷീണിച്ചു ഒരു ഗ്രാമത്തിലെത്തിച്ചേര്‍ന്നു. സമയം സന്ധ്യയായി. ആകാശത്ത് മഴമേഘങ്ങള്‍ ഉരുണ്ടു കൂടിയിരിക്കുന്നു.
    അയാള്‍ അടുത്തു കണ്ട ഒരു വീട്ടില്‍ കയറി കുറച്ചു വെള്ളം കുടിക്കാന്‍ ചോദിച്ചു.

    അവിടെ ഒരു സുന്ദരിയായ തരുണി മാത്രമേ ഉണ്ടായിരുന്നുള്ളു. അവള്‍ അയാള്‍ക്കു വെള്ളം നല്‍കി.

    അയാള്‍ ചോദിച്ചു:“ഇവിടെ അടുത്തെവിടെയെങ്കിലും ഈ രാത്രി കഴിച്ചുകൂട്ടാനുള്ള സത്രമോ വല്ലതുമുണ്ടോ?”

    തരുണി മറുപടിയായി ഒരു പദ്യം ചൊല്ലി.

    “പാറപ്പുറത്തീഗ്രാമത്തില്‍
    പാന്ഥാ പായൊന്നുമില്ലെടോ
    പൊങ്ങും പയോധരം കണ്ട്
    വേണമെങ്കില്‍ വസിച്ചിടാം”

    അര്‍ത്ഥം:

    പറപ്പുറത്തീഗ്രാമത്തില്‍= ഈ അപരിഷ്കൃതമായ ഉള്‍നാടന്‍ ഗ്രാമത്തില്‍

    പാന്ഥാ= അല്ലയോ വഴിപോക്കാ

    പായൊന്നുമില്ലെടോ= സുഖനിദ്രക്കു വേണ്ടുന്നതായ മെത്ത തുടങ്ങിയ സാമഗ്രികളൊന്നുമില്ല

    പൊങ്ങും= (എന്നാല്‍) പൊങ്ങിനില്‍ക്കുന്ന

    പയോധരം കണ്ട്= പയോധരം കണ്ടിട്ട്

    വേണമെങ്കില്‍ വസിച്ചിടാം= വേണമെങ്കില്‍‍ (എന്റെ ഈ വീട്ടില്‍) കൂടാം.

    ഇനിയെന്താണ് ഈ ‘പയോധരം’ എന്നു നോക്കാം.

    പയസ്= വെള്ളം, പാലു

    പയോധരം= വെള്ളത്തെ ധരിക്കുന്നത്;അതായത് കാര്‍മേഘം

    പയോധരം= പാലിനെ ധരിക്കുന്നത്. അതെന്താണെന്നു ഊഹിക്കാമല്ലോ.

    ഇതിലേതാണു തരുണി ഉദ്ദേശിച്ചതെന്നു അവളെ രഹസ്യമായി കണ്ട് ചോദിച്ചാലേ അറിയാന്‍ പാങ്ങുള്ളു.

    സസ്നേഹം
    ആവനാഴി.

    ReplyDelete
  6. കൈപ്പള്ളി എഴുതിയത്‌ IIIII IIIIIIIIIII ഇങ്ങനെ കുറെ വരകളായിട്ടാണ്‌ എന്റെ PC യില്‍ വരുന്നത്‌. അതു കൊണ്ട്‌ ഒരു ഓടോ എഴുതാം -
    ആവനാഴി ജീ,
    ഈ ശ്ലൊകം എനിക്കു പുതിയത്‌ ഞാന്‍ കേട്ടിരിക്കുന്നത്‌-

    സല്‍ക്കാരമേകാനയി പാന്ഥ കേള്‍ക്കെടോ
    തല്‍ക്കാലമിങ്ങില്ല ഗൃഹാധിനാഥന്‍
    പയോധരത്തിന്റെയുയര്‍ച്ച കണ്ടി-
    ട്ടീയാധിയെങ്കില്‍ പുലരെഗ്ഗമിക്കാം

    എന്നാണ്‌
    ഞാന്‍ ഇവിടെയില്ല

    ReplyDelete
  7. പക്ഷിക്ക് ഇത്രയും പര്യായങ്ങളോ, വിവരണം കലക്കി ആവനാഴിമാഷേ.
    ഓടോ:
    ആവനാഴി മാഷിന്റെയും പണിക്കര്‍ സാറിന്റെയും ശ്ലോകങ്ങളും തകര്‍പ്പന്‍. :-)

    ReplyDelete
  8. ഡോ. പണിക്കര്‍ ഉദ്ധരിച്ച ശ്ലോകത്തിലെ ആദ്യത്തെ വരിയില്‍ ഒരക്ഷരം കൂ‍ടിപ്പോയി. “കേള്‍ക്ക” എന്നു മതി.

    ഏ. ആര്‍. രാജരാജവര്‍മ്മ ഇതിനു രണ്ടു രൂപങ്ങള്‍ കൊടുത്തിട്ടുണ്ടു്.

    ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേര്‍ന്ന ഉപജാതി:

    സല്‍ക്കാരമേകാനയി പാന്ഥ കേള്‍ക്ക
    തല്‍ക്കാലമിങ്ങില്ല ഗൃഹാധിനാഥന്‍
    പയോധരത്തിന്റെയുയര്‍ച്ച കണ്ടി-
    ട്ടീയാധിയെങ്കില്‍ പുലരെഗ്ഗമിക്കാം

    ഇന്ദ്രവംശയും വംശസ്ഥവും ചേര്‍ന്ന ഉപജാതി:

    സല്‍ക്കാരമേകാനയി പാന്ഥ കേള്‍ക്കെടോ
    തല്‍ക്കാലമിങ്ങില്ല ഗൃഹാധിനായകന്‍
    പയോധരത്തിന്റെയുയര്‍ച്ച കണ്ടതാ-
    ലീയാധിയെങ്കില്‍ പുലരെഗ്ഗമിച്ചിടാം

    ഈ രണ്ടു ശ്ലോകങ്ങളുമ് കൂടിക്കലര്‍ന്നുപോയി എന്നു തോന്നുന്നു.

    ആവനാഴിയുടെ ശ്ലോകം കേട്ടിട്ടില്ല.

    അല്ലാ, ഈ ശ്ലോകങ്ങള്‍ക്കു് ഇവിടെന്തു പ്രസക്തി?

    ReplyDelete
  9. കൈപ്പള്ളീ,

    തെറ്റു പറ്റി, ക്ഷമിക്കൂ. ഇരുപതില്‍ കൂടുതലുണ്ട്. ഞാന്‍ നാലാമത്തെ വരി വിട്ടു പോയി.

    ദാ ഇതും കൂടി ചേര്‍ക്കൂ.

    21. നഗൌക:
    22. വാജി:
    23.വികിര:
    24.വി:
    25.വിഷ്കിര:
    26.പതത്രയ:

    ഇനി 21 മുതലുള്ളവ പദങ്ങളുടെ അര്‍ത്ഥം വ്യാഖ്യാനസഹിതം കൊടുക്കുന്നു.

    21. നഗ:= ചെടി, മരം, വൃക്ഷം. അപ്പൊള്‍
    നഗൌക: = വൃക്ഷവാസി- കിളി
    22. വാജി: = പക്ഷി, കുതിര, അമ്പ്, ഇന്ദ്രന്‍,
    ആടലോടകം, വേഗമേറിയ, ബലമുള്ള
    23. വികിര:= പക്ഷി
    24. വി:= പക്ഷി, കുതിര
    25. വിഷ്കിര:= പക്ഷി, ചിതറല്‍
    26. പതത്രയ:
    ഇതിനു എനിക്കു തോന്നുന്നത് ഇങ്ങിനെ
    വ്യാഖ്യാനിക്കാം എന്നാണ്. പത: = പറക്കല്‍.
    അപ്പോള്‍ ചിറക് എന്നു വേണമെങ്കില്‍
    വ്യാഖ്യാനിക്കാം. അപ്പോള്‍ പതത്രയ:= മൂന്നു
    ചിറകുള്ളത്. കിളീകള്‍ക്കു മൂന്നു ചിറകെന്നു
    പറയാമല്ലോ; വാലും രണ്ടു ചിറകുകളും.
    വാലും പറക്കുക‍ എന്ന ക്രിയയെ
    സഹായിക്കുന്നുണ്ട്.‍

    പണ്ഡിതന്‍‍‌മാരായ അനുവാചകസഹൃദയര്‍
    പതത്രയ: എന്നതിനു ഞാന്‍ കൊടുത്ത
    വ്യാഖ്യാനം തെറ്റെങ്കില്‍ തിരുത്തുമെന്നു
    കരുതുന്നു.

    സസ്നേഹം
    ആവനാഴി.‍

    ReplyDelete
  10. ആവനാഴിജീ,
    പതത്രിഃ എന്ന വാക്കിനെ മറ്റു പദങ്ങളോടു കൂട്ടി ചേര്‍ത്തപ്പോള്‍ അതിന്റെ പ്രഥമാ ബഹുവചനരൂപമായി ---പതത്രയഃ എന്നു പറഞ്ഞതല്ലേ? പതത്രിഃ എന്നത്‌ പക്ഷി പതികുന്നത്‌ എന്നും ചിറകുള്ളത്‌ എന്നും അര്‍ഥം (പതത്രം - ചിറക്‌)
    Is there any way to read those words of kaippally shown as lllllllllllllll in my PC?

    ReplyDelete
  11. പണിക്കര്‍ മാഷേ,

    ദേവനാഗരി ലിപി കമ്പ്യൂട്ടറില്‍ ഇല്ലാത്തതുകൊണ്ടാകും അമരകോശത്തിലെ ശ്ലോകം വായിക്കാന്‍ കഴിയാതെ പോയത്. ഫോണ്ട് ഇറക്കുമതി ചെയ്തു നോക്കൂ.

    ആ ശ്ലോകം ഇവിടെ മലയാളലിപിയില്‍ എഴുതാം.

    ഖഗേ വിഹംഗവിഹഗവിഹംഗമവിഹായസ:
    ശകുന്തിപക്ഷിശകുനിശകുന്തശകുനദ്വിജാ:
    പതത്രിപത്രിപതഗപതത്പത്രരഥാണ്ഡജാ:
    നഗൌകോവാജിവികിരവിവിഷ്കിരപതത്രയ:
    നീഡോല്‍ഭവാ ഗരുല്‍മന്ത:പിത്‌സന്തോ നഭസംഗമാ:

    പിന്നെ, സല്‍ക്കാരമേകാനായി..... എന്നു തുടങ്ങുന്ന ശ്ലോകത്തില്‍ ഒരു വൃത്തഭംഗം അനുഭവപ്പെടുന്നില്ലേ? അതോ എനിക്കു തോന്നുന്നതോ?

    കുതിരവട്ടാ,

    ഇനിയുമുണ്ട് പക്ഷിക്കു പര്യായങ്ങള്‍.
    ഉദാഹരണം:

    പക്ഷഗമ:
    പക്ഷഹര:

    ഉമേഷെ,

    ഇവിടെ ഈ ശ്ലോകങ്ങളുടെ പ്രസക്തിയെപ്പറ്റിയല്ലേ ചോദ്യം. ദ്വയാര്‍ത്ഥങ്ങളുള്ള വാക്കുകള്‍ സംസ്കൃതഭാഷയില്‍ ധാരാളമുണ്ടെന്നും, ചിലത് സന്ദര്‍ഭം വച്ചു വ്യാഖ്യാനിച്ചാലും ആശയക്കുഴപ്പം സൃഷ്ടിക്കാം എന്നു കാണിക്കാനാണു ഈ ശ്ലോകം ഇവിടെ ഉദ്ധരിച്ചത്.

    ആ യോഷാരത്നം എന്താണുദ്ദേശിച്ചതെന്നു അവളുടെ ഭാവഹാവാദികള്‍ കണ്ടേ നിര്‍‌ണ്ണയിക്കാന്‍ പറ്റൂ എന്നു തോന്നുന്നു. അവളുടെ ചുണ്ടുകള്‍ ഈറനണിഞ്ഞിരുന്നുവോ, അവളുടെ കടക്കണ്ണൂകളില്‍ മദജലം പൊടിഞ്ഞിരുന്നുവോ, അവളതു ചൊല്ലുമ്പോള്‍ കാല്‍നഖം കൊണ്ടു നിലത്ത് കവിത രചിച്ചിരുന്നുവോ ഇത്യാദി ലക്ഷണങ്ങള്‍ ഒരു പക്ഷേ സഹായകമായേക്കാം. ഇവിടെയാണു കാമശാസ്ത്രത്തിന്റെ പ്രസക്തി. യാത്രികന്‍ ഈവക ലക്ഷണങ്ങള്‍ ശ്രദ്ധിച്ചിരുന്നുവോ എന്നാണു ചിന്തിക്കേണ്ടത്. ഏതായാലും അച്ചടിച്ച ശ്ലോകം വായിക്കുന്ന അനുവാചകന്‍ ചിന്താക്കുഴപ്പത്തിലാണു.

    സസ്നേഹം
    ആവനാഴി

    ReplyDelete
  12. ശകുന്തിപക്ഷീ ശകുനി ശകുന്ത ശകുന ദ്വിജാഃ

    പതത്രിപത്രിപതഗപതല്‍‌പത്രരഥാണ്ഡജാഃ

    നഗൌകോവാജിവികിരവിവിഷ്കിരപതത്രയഃ

    നീഡോത്ഭവാ ഗരുത്മന്തഃ പിത്സന്തോ നഭസംഗമാഃ

    ശകുന്തി - പറക്കുവാന്‍ കഴിവുള്ളത്

    പക്ഷീ - പക്ഷങ്ങള്‍ (ചിറകുകള്‍) ഉള്ളത്

    ശകുനി - ശകുന്തിയര്‍ത്ഥം തന്നെ.

    പതത്രീ പത്രീ- പതത്രിണൌ, പത്രിണോ എന്ന് രൂപം. ചിറകുള്ളത് എന്ന് അര്‍ത്ഥം.

    പതമെന്നാല്‍ പക്ഷം - ചിറകുകൊണ്ട് ഗമിക്കുന്നത് എന്നര്‍ഥം.

    പതല്‍ - ഗമിക്കുന്നത്

    പത്രരഥ - ചിറകുകളാകുന്ന രഥമുള്ളത്.

    അണ്ഡജ - മുട്ടയില്‍ നിന്നുണ്ടാകുന്നത്.

    നഗൌകാഃ - വൃക്ഷം വാസസ്ഥാനമായിട്ടുള്ളത്

    വാജീ - വാജങ്ങള്‍ ഉള്ളത് - ചിറകുകള്‍ ഉള്ളത്. വേഗമുള്ളത് എന്നുമാവാം.

    വികരഃ - കൊത്തിച്ചിനയ്ക്കുന്നത്.

    വിഃ - ഗമിക്കുന്നത്.

    വിഷ്കിരഃ - വികിരശബ്ദാര്‍ത്ഥം തന്നെ.

    പതത്രിഃ പതിക്കുന്നത് - പറക്കുന്നത് (പതേരത്രിന്‍). പതത്രീ പതത്രയഃ എന്ന് രൂപം

    നീഡോത്ഭവഃ - കൂട്ടില്‍ പിറന്നുണ്ടായവ.

    ഗരുത്മന്തഃ ചിറകുള്ളത് എന്ന് ശബ്ദാര്‍ത്ഥം.

    പിത്സന്തഃ - എപ്പോഴും പറക്കുവാനാഗ്രഹിച്ചുകൊണ്ടിരിക്കുന്നവ.

    നഭസംഗമഃ - ആകാശത്തെ ഗമിക്ക ശീലമായിട്ടുള്ളവ.


    ഇതൊക്കെ കഴിഞ്ഞുള്ള അടുത്ത ശ്ലോകങ്ങളില്‍ പക്ഷികളുടെയൊക്കെ പേരു പറയുന്നുണ്ട്. അത് വേണമെങ്കില്‍ പിന്നൊരിക്കല്‍.

    എവിടെയെങ്കിലും ഃ വിട്ടുപോയിട്ടുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കുക. ഹിഹിഹി.

    ReplyDelete
  13. ഉമേഷേ,

    “സല്‍ക്കാരമേകാനയി പാന്ഥ കേള്‍ക്ക” എന്നതില്‍ “സല്‍ക്കാരമേകാനിഹ പാന്ഥ കേള്‍ക്ക” എന്നു മാറ്റി എഴുതിയാല്‍ ശ്രവണസുഖം കൂടാന്‍ സാധ്യതയില്ലേ? .."ഏകാനയി” എന്നത് മാറിക്കിട്ടുമല്ലോ. “ഏകാനായി” എന്നതല്ലേ കൂടുതല്‍ ശരി?

    സസ്നേഹം
    ആവനാഴി.

    ReplyDelete
  14. ആവനാഴിജീ,
    ഏകാന്‍ + അയി ആണ്‌ ആ വാക്ക്‌, അല്ലയോ എന്നര്‍ത്ഥം
    ഏകാനായി എന്നല്ല.
    പിന്നെ വൃത്തഭംഗപ്രശ്നം തീര്‍ന്നല്ലൊ അല്ലേ.

    "നഗൌകോവാജിവികിരവിവിഷ്കിരപതത്രയ:"

    ഈ വാക്ക്‌ ഇകാരാന്തം പ്രഥമാബഹുവചനം, പദം പിരിക്കുമ്പോള്‍ അവസാനം പതത്രിഃ എന്നു വരും

    ReplyDelete
  15. പണിക്കരുമാഷേ.. ആ നഗൌകോവാജിയില്‍ ആ പതത്രയഃ എനിക്ക് മനസ്സിലാകാഞ്ഞിട്ടാണ് ഞാന്‍ ഇതിനിതുവരെ റിപ്ലെ ഇടാതിരുന്നത്. പതത്രിഃ ആണെന്ന് പക്ഷേ തോന്നുന്നില്ല. ആ പദം അതിനു മുന്നിലുള്ള വരിയില്‍ ഉണ്ടല്ലോ.

    ReplyDelete
  16. പണിക്കര്‍ മാഷേ,

    പതത്രി: എന്നു ശ്ലോകത്തില്‍ ഉള്ളതിനാല്‍ പിന്നെ പതത്രയ: എന്നത് പതത്രിയുടെ ബഹുവചനരൂപമാണു എന്നു വ്യാഖ്യാനിക്കുമ്പോള്‍ ‍ അവിടെ പുനരുക്തി എന്നൊരു ദോഷം സംഭവിക്കുന്നില്ലേ? അതുകൊണ്ടാണു മൂന്നു ചിറകുള്ളത് എന്നു ഞാന്‍ വ്യാഖ്യാനിക്കാന്‍ സംഗതിയായത്. എന്റെ വ്യാഖ്യാനം ശരിയാണു എന്നു കടും‌പിടുത്തം പിടിക്കുന്നതല്ല എന്നു പ്രസ്താവിച്ചുകൊള്ളട്ടെ.

    ഏകാന്‍ + അയി എന്ന വ്യാഖ്യാനം തന്നതില്‍ സന്തോഷിക്കുന്നു.

    സസ്നേഹം
    ആവനാഴി

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. ഓ!!! സുവിന്റെ വ്യാഖ്യാനം ഇപ്പോഴേ നോക്കിയുള്ളൂ... സുവേ ആ ബാക്കിയുള്ള ശ്ലോകങ്ങളായിരിക്കും കൈപ്പള്ളിമാഷ് അന്വേഷിച്ച് പോയതെന്ന് തോന്നുന്നു...

    ഏതായാലും ഒരു ‘വിഷ്ണുവാഹനഃ‘ അടിക്കുറിപ്പ് ചേര്‍ത്ത് പുള്ളിപ്പരുന്തിന്റെ പോട്ടം ഇട്ടിട്ടുണ്ട്. എല്ലാരും അണ്ണന്റെ പോട്ടം ബ്ലോഗ് കൂടെ നോക്കിക്കൊള്ളൂ. ഇന്നത്തെ സംസ്കൃതപാഠത്തിനുള്ള മുതലുകിട്ടും.

    qw_er_ty

    ReplyDelete
  19. ആവനാഴിജീ, മനു ജീ,

    മുമ്പു പറഞ്ഞ 27 പേരുകള്‍ പതത്രികളുടെതാണ്‌ എന്നേ അര്‍ത്ഥമുള്ളു.

    രണ്ടാമതു പതത്രിഃ എന്ന ശബ്ദം ഉദ്ദേശിച്ചിട്ടില്ല. അതു കൊണ്ട്‌ പുനരുക്തി ഇല്ല

    ReplyDelete
  20. ആവനാഴിജീ, മനു ജീ,അമരകോശപ്രകാരം 27 പര്യായങ്ങളാണ്‌

    1. ഖഗഃ, 2. വിഹംഗഃ 3. വിഹഗഃ 4. വിഹംഗമഃ 5. വിഹായാഃ 6. ശകുന്തിഃ 7. പക്ഷീ 8. ശകുനിഃ 9. ശകുന്തഃ 10. ശകുനഃ 11. ദ്വിജഃ 12. പതത്രീ 13. പത്രീ 14 പതഗഃ 15. പരുത്‌16 പത്രരഥഃ 17. അണ്ഡജഃ 18. നഗൗകാഃ 19. വാജീ 20 വികിരഃ 21. വിഃ 22 വിഷ്കിരഃ 23. പതത്രിഃ 24. നീഡോത്ഭവഃ 25. ഗരുത്മാന്‍ 26. പിത്സന്‍ 27 .നഭസംഗമാഃ.
    ആ പാദത്തിന്റെ അവസാനം വന്ന പതത്രയഃ എന്ന പദം ഇവയെല്ലാം പതത്രികളുടെ പേരുകളാണ്‌ എന്ന്ഉ സൂചിപ്പിക്കുന്നു
    can u pl remove this word veri? otherwise this is my last xcomment if I succeed

    ReplyDelete
  21. പയോധരത്തിന്റെ ദ്വയാര്‍ത്ഥത്തില്‍ ഭ്രമം മൂത്തെങ്കില്‍ ഇതാ ഒന്നു കൂടി. ഉള്ളൂരിന്റെ ഉമാകേരളത്തില്‍ നിന്നു്.

    നല്ലാര്‍ക്കു വായ്ക്കുന്ന പയോധരങ്ങള്‍
    വല്ലാതെ കണ്ടാര്‍ത്തിയെഴും യുവാക്കള്‍
    നല്ലാര്‍ക്കു വായ്ക്കുന്ന പയോധരങ്ങ-
    ളല്ലാതെ കണ്ടില്ലൊരു മാര്‍ഗ്ഗമെങ്ങും..

    അര്‍ത്ഥം:

    നല്ല ആര്‍ക്കു് (arc) പോലെയുള്ള ആകൃതി ഉള്ള പയോധരങ്ങളെ (വെള്ളം നിറഞ്ഞ മേഘങ്ങള്‍)കണ്ടിട്ടു് ആര്‍ത്തി മൂത്ത യുവാക്കള്‍ നല്ലാര്‍ക്കു്‌ (സ്തീകള്‍ക്കു്) വായ്ക്കുന്ന പയോധരങ്ങള്‍ (ആ‍വനാഴി പറഞ്ഞതു്) അല്ലാതെ മറ്റൊരു വഴിയും കണ്ടില്ല.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..