Wednesday, May 18, 2005

ഒരത്ഭുത നിയമം

ചലച്ചിത്ര സംവിധായകന്‍ വിനയന്‍റെ പുതിയ ചിത്രമായ "അത്ഭുത ദ്വീപ്", ഹോളിവുഡില്‍ പുനര്‍‌നിര്‍‌മ്മിക്കാന്‍ ആലോചനകള്‍ നടക്കുന്നതായി പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും കണ്ടു. ഇതു സംഭവിച്ചുകൂടായ്കയില്ല . വിനയനും "കുള്ളസംഘവും" ഹോളിവുഡ് താരങ്ങളാകാനും സാദ്ധ്യത കാണുന്നു. അത് വളരെ നല്ല കാര്യം. അങ്ങനെ കൊച്ചു കേരളത്തിലെ കലാകാരന്മാര്‍ ലോകസിനിമയില്‍ പച്ച പിടിക്കട്ടെ.

സിനിമ നിര്‍‌മ്മിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ഹോളിവുഡ് കമ്പനി ചെന്നൈയില്‍ വന്നത് സിനിമയുടെ പകര്‍പ്പാവകാശം വാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ്. കൊള്ളാം വളരെ നല്ല കാര്യം. ഇത് വളരെ ശ്രദ്ധേയമായ ഒരു സംഭവമായി ഞാന്‍ കരുതുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍, ഒരു ഇന്ത്യന്‍ സിനിമാ നിര്മ്മാതാവ് പോലും പകര്‍പ്പവകാശം തേടി വിദേശത്ത് പോയ വാര്ത്ത ഇതുവരെ കേട്ടിട്ടില്ല. പകര്‍പ്പവകാശം പോയിട്ട്, കോപ്പിയടിച്ച സിനിമക്കു ഒരു കടപ്പാടു പോലും ജനങ്ങളെ അറിയിക്കില്ല. അതെങ്ങിനെ സാധിക്കും? സ്വന്തം ക്രിയയായിട്ടാണല്ലോ ഇവരതുനമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. അതിന് കോപ്പിയടിക്കുന്നവനെ കുറ്റം പറയണ്ട. കാശ് കൊടുത്ത് ഇതു കാണാന്‍ പോകുന്ന പ്രേക്ഷകന്‍,പുതുമയും തനിമയും ഒന്നും പ്രതീക്ഷിക്കുന്നില്ല.

അമേരിക്കകാര്‍ ഇന്ത്യയില്‍ പകര്‍പ്പവകാശം തേടി വന്നതിന് വിശദമായ കാരണങ്ങളുണ്ട്. "അത്ഭുത ദ്വീപ്"ന്‍റെ ഉടമകളുടെ രേഖാമൂലമുള്ള സമ്മതിയില്ലാതെ ഹോളിവുഡില്‍ ഈ ചിത്രം നിര്മ്മിച്ചാല്‍. ചിത്രത്തിന്‍റെ യഥാര്ത്ഥഉടമകള്‍ക്ക് അമേരിക്കന്‍ കോടതിയില്‍
കേസ്സ് കൊടുക്കാം. മിക്കവാറുമുള്ള കേസ്സുകള്‍ വിജയിച്ചിട്ടുമുണ്ട്. വിജയിച്ചാലും വിജയിച്ചില്ലെങ്കിലും അങ്ങനെ ഒരു സംവിധാനം അവിടെയുണ്ട്. ആയിരക്കണക്കിനു വിദേശ സിനിമകളും പാശ്ചാത്യ സംഗീതങ്ങളും, ഇന്ത്യയില്‍ ഒരു കൂസലുമില്ലാതെ പകര്ത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ കോടതികളില്‍ ഇതുവരെ ഒരു വിദേശി പോലും കേസ്സ്കൊടുത്ത ചരിത്രമില്ല.

ഇന്ത്യയില്‍ പകര്‍പ്പവകാശ നിയമം പ്രാബല്ല്യത്തില്‍ വന്നാല്‍, രൂക്ഷമായ ഭാവനാക്ഷാമം ബാധിച്ച നമ്മുടെ കഥാകൃത്തുക്കളും, സംഗീത സംവിധായകരും ഒക്കെ കടപൂട്ടേണ്ടിവരും.

ഒരു കാര്യം ഞാന്‍ മനസ്സിലാക്കിയത്, ദൃഢമായ പകര്‍പ്പവകാശ നിയമങ്ങളും അവയുടെ പരിപാലനവുമാണ്, ഹോളിവുഡിനെ ലോകത്തിലെതന്നെ ഏറ്റവും വലിയ സിനിമാ വ്യവസായ കേന്ദ്രമാക്കി മാറ്റിയ‌ത്. നല്ല നിയമങ്ങളാണ് അമേരിക്കയിലെ സിനിമാതൊഴിലാളികളെ സം‌രക്ഷിച്ചത്. ആ നിയമങ്ങള്‍ ഒരു സംസ്ക്കാരത്തെ സൃഷ്ടിച്ചു. മറ്റുള്ളവന്‍റെ കലാസൃഷ്ടിയെ അംഗീകരിച്ച് അതിന് പ്രതിഫലം കൊടുക്കുന്നു, ആ നല്ലസംസ്ക്കാരം.

ആ നിയമങ്ങളുടെ അലയടികള്‍ അമേരിക്കയുടെ അതിരുകള്‍ താണ്ടി തരംഗങ്ങളായി, ഇങ്ങ് കൊച്ചുകേരളത്തില്‍ എത്തി. ആ നിയമത്തിന്‍റെ ശക്തികാരണമാണ് അമേരിക്കക്കാര്‍ വിനയനെ തേടി പകര്‍പ്പവകാശത്തിനായി ഇന്ത്യയില്‍ വന്നത്.

നമ്മുടെ മണ്ണില്‍ പിറക്കാത്ത നിയമം, ഇന്നുംനമുക്ക് മനസ്സിലാവാതെ, നമുക്കതീതമായ് നിലക്കൊള്ളുന്ന ഒരു വിദേശ സംസ്ക്കാരത്തിന്‍റെ അത്ഭുത നിയമം.വിനയനും, ഭാവിയില്‍ ലോകപ്രശസ്തരാകാന്‍ പോകുന്ന കുള്ളന്മാരും അനുഭവിക്കാന്‍ പോകുന്നത് ആ നിയമത്തിന്‍റെ സദ്ഫലങ്ങളാണ്.

നമുക്കവരില്‍ നിന്നു പഠിക്കാന്‍ എന്തെല്ലാം നല്ലവശങ്ങളുണ്ട്. പക്ഷേ നാം പഠിക്കാന്‍ ഇഷ്ടപ്പെടുന്നതു അവരുടെ വിനോദ സംസ്ക്കാരം മാത്രമാണ്. അവരുടെ വസ്ത്രധാരണ രീതികളും, അവരുടെ ജീവിത ശൈലികളും. അനുകരണം മോശമല്ല. പക്ഷേ അവരുടെ കര്മ്മ ബോധവും ,തൊഴില്‍ സംസ്ക്കാരവും കൂടി അനുകരിക്കാന്‍ നാം ശ്രമിക്കണം.

2 comments:

  1. അത്ഭുതദ്വീപും ഒരു കോപ്പിയടിയല്ലേ?

    ReplyDelete
  2. ഗളിവേഴ്സ് ട്രാവല്സ് ഉദ്ധേശിച്ചാണേങ്കില്‍. അല്ല.

    അതുമിതും തമ്മില്‍ ധാരാളം ആശയ വിത്യാസങ്ങള്‍ ഉണ്ട് എന്നാണ് എന്‍റെ അറിവ്, ഞാന്‍ ഈ ചിത്രം കണ്ടിട്ടില്ല. കണ്ടിട്ട് പറയാം.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..