Tuesday, January 13, 2009

മണ്ണിലോട്ടം (Part 2/2)

ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
നിർമ്മാതാക്കൾ നിർദ്ദേശിക്കുന്ന വിധത്തിൽ പ്രവർത്തിപ്പിച്ചില്ലെങ്കിൽ വാഹനത്തിന്റെ Transmission കേടാകാനും സാദ്ധ്യതയുണ്ടു്. 4 വീൽ ഡ്രൈവ് സംവിധാനത്തെക്കുറിച്ചു് വിശദമായ വിവരവും പ്രവർത്തന പരിധികളും വാഹനത്തിന്റെ operation manual പഠിച്ചു മനസ്സിലാക്കേണ്ടതാണു്.

Jerboa എന്ന മരുഭൂമിയിൽ കാണപ്പെടുന്ന ഒരു തരം Nocturnal (രാമൃഗം ?) എലിയുടെ കാൽപാടുകൾ


വെറുതേ മണ്ണിലൂടെ വണ്ടി ഓടിച്ചു് രസിക്കാനാണെങ്കിൽ, ഏതെങ്കിലും desert safari company-ക്കാരെ വിളിച്ചു പറഞ്ഞാൽ അവർ വന്നു നമ്മളെ കൊണ്ടുപോകുമല്ലൊ !

വാഹനം എന്നത് ഉദ്ദേശിക്കുന്ന ഇടം വരെ നമ്മെ എത്തിക്കാനുള്ള യന്ത്രം മാത്രമാണു്. ലക്ഷ്യ സ്ഥലം എത്തിക്കഴിഞ്ഞാൽ നമ്മൾ ഇറങ്ങി നടന്നു സ്ഥലത്തുള്ള പ്രകൃതി ഭംഗി ആസ്വദിക്കുക. 'പോട്ടം പിടിക്കണ സൂത്രം' ഉണ്ടെങ്കിൽ 'പോട്ടങ്ങൾ' പിടിക്കുക. ചിത്രീകരിക്കാൻ അനേകം വിഷയങ്ങൾ ഉള്ള പ്രദേശമാണു്. ഈ ലേഖനം nature photographyയെക്കുറിച്ചല്ലാത്തതിനാൽ അതിനെക്കുറിച്ചു് കൂടുതൽ എഴുതുന്നില്ല.

മരുഭുമിയിൽ നിന്നും സസ്യങ്ങളുടെയും പക്ഷികളുടെയും മുട്ടകളോ മറ്റു വസ്തുക്കളോ ശേഖരിക്കുന്നതു് കുറ്റകരമാണു്. മരുഭൂമിയിൽ വളരുന്ന സസ്യങ്ങൾ ഫ്ലാറ്റുകളിൽ കൊണ്ടുവന്നാൽ അവ വളരില്ല എന്നുമാത്രമല്ല, വീട്ടിൽ വളരുന്ന സസ്യങ്ങൾക്ക് അവയിൽ നിന്ന് പുതിയ രോഗങ്ങൾ പടരുകയും ചെയ്യും.

പക്ഷികളും മൃഗങ്ങളും അവരുടെ സാമ്രാജ്യത്തിൽ സ്വന്തം നിയമങ്ങളനുസരിച്ചാണു് ജീവിക്കുന്നതു്. നമ്മൾ അവരുടെ നീതിന്യായങ്ങളിൽ ഇടപെട്ടുകൂടാ. കുഞ്ഞു പക്ഷികളെയും ജീവികളെയും ഊളനും, കഴുകന്മാരും കൊല്ലാൻ ശ്രമിക്കുന്നതു കണ്ടാൽ നിശ്ശബ്ദമായി നോക്കി നില്കുക മാത്രം ചെയ്യുക. മനുഷ്യരുടെ sentiments ഒന്നും അങ്ങോട്ടു് പ്രയോഗിചുകൂടാ.


എലിയുടെ മാളം

തീകത്തിക്കാൻ, കണ്ണില്ക്കാണുന്ന പുല്ലും, മരങ്ങളും നശിപ്പിക്കരുതു്. പകരം, Barbecue-വിനുള്ള സാധനങ്ങൾ നമ്മൾ വാഹനത്തിൽത്തന്നെ കരുതണം. നിങ്ങൾ ഉണ്ടാക്കിയ തീ അണക്കാൻ അഗ്നി ശമനസേന മരുഭൂമിയിൽ പ്രവർത്തിക്കുന്നില്ല അതുകൊണ്ടു് തീ കൂട്ടിയാൽ, തിരികെ പോകുമ്പോൾ വെള്ളം ഒഴിച്ചു അണയ്ക്കാൻ മറക്കരുതു്.


ചില പ്രദേശങ്ങളിൽ വാഹനം ഓടിക്കുന്നതിനു് നിയന്ത്രണമുണ്ടു്. എണ്ണയും ദ്രാവകങ്ങളും കടത്തിവിടുന്ന ഭൂഗർഭ കുഴലുകൾ ഉള്ള ഇടങ്ങളിൽ വാഹനം ഓടിക്കുന്നതു് കുറ്റകരമാണു്. അങ്ങനെയുള്ള ഇടങ്ങളിൽ ചൂണ്ടുപലകകൾ വിവരം രേഖപ്പെടുത്തിയിട്ടുണ്ടാകും.

മണ്ണിലോട്ടം (Part 1/2)

ഇമറാത്തിൽ ഇപ്പോൾ ശീതകാലമാണു്. ചെറിയ തോതിൽ ചില ഇടങ്ങളിൽ മഴയും പെയ്യുന്നുണ്ട. അതി സുന്ദരവും പ്രകൃതി രമണീയവുമായ അനേകം പ്രദേശങ്ങൾ ഇവിടെയുണ്ടു്. ഈ പ്രദേശങ്ങൾ അധികവും മനുഷ്യവാസമില്ലാത്ത മരുഭൂമികളാണു്. ഖ്വാനീജ്ജ്, ഖത്ത്, വർഖ, മിർദ്ദിഫ്, ഫലജ്ജ് അൽ മു-അല്ല എന്നീ പ്രദേശങ്ങൾ പിക്നിക്കിനു പറ്റിയ ഇടങ്ങളാണു്. പിന്നെ മണ്ണിൽ വാഹനം ഓടിച്ചു് അല്പം പരിശീലനമുള്ളവർക്ക് അൽ-ഐനും നല്ല സ്ഥലമാണു്. അവധി ദിവസങ്ങളിൽ മണ്ണിൽ വാഹനം ഓടിച്ചു് കളിക്കുന്നതു ഇവിടെയുള്ളവരുടെ ഒരു വിനോദമാണു്, മലയാളത്തിൽ പറഞ്ഞാൽ "ഞങ്ങൾക്ക് ഇതൊരു ഹോബിയാണു്".


ഖത്ത്, റാസ് അൽ ഖൈമഃ


ഇമറാത്തിൽ ഈ വിനോദത്തിനു് Dune Bashing എന്നും Desert Drive എന്നുമാണു് പറയപ്പെടുന്നതു്. മലയാളത്തിൽ അനുയോജ്യം ഒരു പദം എനിക്ക് അറിഞ്ഞൂടാത്തതുകൊണ്ടു് 'മണ്ണിലോട്ടം' എന്നാക്കി .

കുടുംബമായി കഴിയുന്ന മലയാളികളുടെ കൂട്ടത്തിൽ 4X4 ഉള്ളവർ ധാരാളമാണു്. അവരുടെ പ്രിയ വാഹനങ്ങൾ പ്രാഡോയും, പജ്ജേറോയും, പാത്ത് ഫൈന്ററും, എഫ് ജേ ക്രൂസറും, ഹമ്മർ H3-യുമാണു്. ഇവ 3ലിറ്റർ മുതൽ 4 ലിറ്റർ വരെയുള്ള 6 സിലിന്റർ വാഹനങ്ങളാണു്. ഇവ മണ്ണിൽ നല്ല പ്രകടനങ്ങളാണു് കാഴ്ചവെക്കുന്നതു്. പിന്നെ ഇതിന്റെയും മുകളിൽ വരുന്ന ഇനത്തിൽ പെടുന്ന വാഹനങ്ങളാണു് ലാന്റ് ക്രൂസർ, ഹമ്മർ H2, നിസാൻ പറ്റ്രോൾ, റേഞ്ച് റോവർ എന്നീ വാഹനങ്ങൾ. ഇവ 4ലിറ്ററിനു മുകളിലുള്ള 8 സിലിന്റർ വാഹനങ്ങളാണു്.

ഞാൻ സ്ഥിരമായി വിനോദത്തിനായി ഈ പ്രദേശങ്ങളിൽ പോകാറുണ്ടു്. അവിടെ നിന്നും എടുത്ത ചിത്രങ്ങൾ നിങ്ങൾ പലയിടങ്ങളിലും കണ്ടിട്ടുണ്ടാകും. പക്ഷെ 4X4 ഉള്ള എന്റെ മലയാളി സുഹൃത്തുകൾ ആരും തന്നെ ഈ വിനോദത്തിൽ ഏർപ്പെടാറില്ല എന്നാണു് ഞാൻ മനസിലാക്കിയതു്. എന്നു കരുതി ഞാൻ പറയുന്ന പുളൂസ് എല്ലാം കേട്ടു് പിള്ളേരെയും പെമ്പെറന്നോത്തിയേയും കൊണ്ടു് ഇങ്ങോട്ടെല്ലാം വണ്ടിയും കൊണ്ടു പോയിട്ട് മണ്ണിൽ കുടുങ്ങിയാൽ, കുറ്റം എന്റെ തലയിൽ വരാതിരിക്കാനാണു് ഞാൻ ഇതു് എഴുതുന്നതു്.

കരുതലുകൾ.
1) വാഹനത്തിന്റെ Insuranceൽ off-road recovery എഴുതി ചേർക്കാൻ ഓർമ്മിക്കുക. ചില നല്ല insurance സ്ഥാപനങ്ങൾ ഈ സേവനം സൌജന്യമായി കൊടുക്കുന്നുണ്ടു്.
2) വാഹനത്തിൽ കരുതേണ്ട സാധനങ്ങളുടെ പട്ടിക:
ജാക്ക്(Jack), കെട്ടി വലിക്കാനുള്ള സ്റ്റീൽ കേബിൾ, car batteryയിൽ പ്രവർത്തിപ്പിക്കാവുന്ന എയർ കമ്പ്രസ്സർ, ടയർ പ്രഷർ ഗേജ്ജ്, ടയറിന്റെ വാൽവ് ഊരാനുള്ള 'സുന'. (അവസാനത്തെ രണ്ടു് സാധനങ്ങളും വളരെ അത്യാവശ്യമാണു്. ഇലക്റ്റ്റോണിൿ പ്രഷർ ഗേജ്ജ് വാങ്ങുന്നതു് കൊണ്ടു് കാശു് കൂടുതൽ കൊടുക്കാം എന്നല്ലാതെ അത്യാവശ്യത്തിനു് ഉപയോഗിക്കാൻ നോക്കുമ്പോൾ അതിൽ battery കാണില്ല). ഈ പറഞ്ഞ സാധനങ്ങൾ എല്ലാം ചുരുങ്ങിയ വിലക്കു തന്നെ എല്ലാ വൻ സൂപ്പർ മാർക്കറ്റിലും, Ace ഹാർഡ്‌വേറിലും ലഭിക്കും.



ടയർ പ്രഷർ ഗേജ്ജ്


3) GPS, അതായതു്, ഭൌമിക സ്ഥാന നിർണ്ണയ സംവിധാനം!(എങ്ങനെ കൊള്ളാമോ?) ഈ കുന്ത്രാണ്ടം ഇല്ലാതെ റോഡില്ലാത്ത ഏതെങ്കിലും ഗുദാമിൽ പോയാൽ തിരിച്ചു വരാൻ വളരെ ബുദ്ധിമുട്ടും. മാത്രമല്ല Civil Defence കാരോടു് സഹായം അഭ്യർത്ഥിക്കുമ്പോൾ GPS cordinates കൊടുത്താൽ അവർക്കു് നമ്മളെ കണ്ടുപിടിച്ചു് മണ്ണിൽ നിന്നും മാന്തി പുറത്തെടുക്കാനും കഴിയും.

4) ചവറു് സൂക്ഷിക്കാനുള്ള സഞ്ചികൾ. പ്രകൃതി നമ്മുടേ കുപ്പ തൊട്ടിയല്ല, അവിടം വൃത്തിയാക്കാൻ ആരും വരില്ല. നമ്മൾ പോയപ്പോൾ കണ്ട വിധത്തിൽ തന്നെ ആയിരിക്കണം നമ്മൾ അവിടെനിന്നും തിരികെ വരുമ്പോഴും.

5) പെട്രോൾ പകുതി ടാങ്കു് മതിയാകും. ഫുള്‍ അടിച്ചാൽ വാഹനത്തിന്റെ ഭാരം കൂടും. ഭാരം കുറയ്ക്കാൻ വാഹനത്തിൽ നിന്നും ആവശ്യമില്ലാത്ത സാധനങ്ങൾ (Marble, metal, roof tiles തുടങ്ങിയതിന്റെ samples, laptop, sub-woofer speaker, etc.) എടുത്തു മാറ്റുക.

6) ഫുൾ charge ചെയ്ത Mobile Phone-കൾ

മണ്ണു്
ആദ്യം നാം മനസിലാക്കേണ്ടതു് ഇമറാത്തിലെ മണ്ണു് എല്ലായിടത്തും ഒരു തരമല്ല എന്നുള്ളതാണു്. ഉണങ്ങി വരണ്ടു് കിടക്കുന്ന മണ്ണു് വളരെ മൃദുലവും ആഴമുള്ളതുമാണു്. അതിനാൽ ഉറച്ച മണലിൽ മാത്രമേ പരിചയമില്ലാത്തവർ വണ്ടി ഓടിക്കാവൂ. അൽ-ഐൻ, ലിവ, തുടങ്ങിയ പ്രദേശങ്ങളിൽ 8ലിറ്റർ വാഹനങ്ങളുമായി മാത്രമെ പോകാൻ ശ്രമിക്കാവൂ. മനുഷ്യന്റെയും, വാഹനങ്ങളുടെയും അടയാളങ്ങൾ ഇല്ലാത്തതിനാൽ ഈ പ്രദേശങ്ങളിലുള്ള മൺകുന്നുകളെ virgin sand എന്നാണു അറിയപ്പെടുന്നതു്. മഴ പെയ്തു കഴിഞ്ഞ സമയത്താണു് മണ്ണിൽ ഓടിച്ചു പഠിക്കാൻ പറ്റിയ സമയം. ഈ ദിവസങ്ങളിൽ ഇവിടങ്ങളിൽ അനേകം വിനോദ സഞ്ചാരികൾ സഹായത്തിനു് ഉണ്ടാകും.

virgin sand

ഒന്നു രണ്ടു തവണ മണ്ണിൽ വഹനം ഓടിച്ചാൽ പരിശീലിക്കാവുന്നതാണു് 'മണ്ണിലോട്ടം'. കൂടുതൽ ധൈര്യം വേണമെങ്കിൽ മണ്ണിൽ വണ്ടി ഓടിക്കുന്നതിനായിട്ടുള്ള ഒരു ദിവസത്തെ പ്രത്യേക പരിശീലനം ദുബൈയ്യിലുള്ള എല്ലാ ഡ്രൈവിങ്ങ് സ്കൂളുകളും നൾകുന്നുണ്ടു്.

സാങ്കേതികം
ഇനി അറിഞ്ഞിരിക്കേണ്ടതു് അല്പം automobile engineering ആണു്. എല്ലാ 4X4 വാഹനങ്ങളും ഒരുപോലെയല്ല നിർമ്മിച്ചിരിക്കുന്നതു്.
വാഹനം Rear Wheel Drive-ല്‍ മാത്രം പ്രവർത്തിപ്പിക്കുമ്പോൾ എഞ്ചിൻ ഉത്പാദിപ്പിക്കുന്ന ശക്തി രണ്ടു ചക്രങ്ങളിലും ഒരുപോലെ എത്തുകയില്ല. ഒരു ചക്രത്തിൽ മണ്ണിൽ നിന്നുള്ള എതിര്‍പ്പു് (ഘര്‍ഷണം) അധികമായി വരുമ്പോള്‍ diffrentialന്റെ പ്രവർത്തനം മൂലം ശക്തി എതിർപ്പില്ലാത്ത ചക്രത്തിലേക്ക് പകർന്നു കൊടുക്കും. ഇതു് എല്ലാ വാഹനങ്ങൾക്കും ഏർപ്പെടുത്തിയിരിക്കുന്ന ഒരു സംവിധാനമാണു്.

വാഹനം 4H എന്ന modeലേക്ക് മാറ്റുമ്പോൾ മുമ്പിലും പുറകിലും 60%-40 %എന്ന അളവിൽ ചക്രങ്ങൾ പ്രവർത്തിപ്പിക്കും. ഇപ്പോഴും Differential പ്രവർത്തിക്കുന്നതിനാൽ രണ്ടു് ആക്സിലും പ്രവർത്തിക്കുന്നു. പക്ഷെ ഓരോ ആക്സിലിലും ഒരു ചക്രം മാത്രമാണു് ചലിക്കുന്നതു്. ഇനി 4HL എന്ന modeൽ പ്രവർത്തിപ്പിച്ചാൽ, മുമ്പിലും പുറകിലും 50%-50% എന്ന അളവിൽ ശക്തി നൾകും. L വിശേഷിപ്പിക്കുന്നതു Differential Lock ആണു്. ഈ വിധത്തിൽ നാലു് ചക്രങ്ങളും ഒരുപോലെ കറങ്ങും. ഇനിയുള്ളതു് 4LLC. ഈ Low Gear modeൽ കൂടുതൽ ശക്തിയിൽ ചക്രങ്ങൾ കറങ്ങും. ഈ mode-ൽ വാഹനം 10 മിനിറ്റിൽ കൂടുതൽ പ്രവർത്തിപ്പിച്ചാൽ വാഹനത്തിന്റെ Transmission ചൂടാകുന്നുണ്ടു് എന്ന വണ്ടി കണ്ണുരുട്ടി കാണിക്കും. (മുന്നറിയിപ്പു് നൾകും എന്നു് !). ഈ സമയം അതിക്രമിച്ചാൽ വണ്ടിയുടെ Transmission കയ്യിൽ ഊരി വരാനും സാദ്ധ്യതയുണ്ടു്. പിന്നൊരു സമാധാനം 4LLC mode ഉപയോഗിക്കേണ്ട സന്ദര്‍ഭങ്ങൾ വളരെ കുറവാണു്. വാഹനം പൂർണ്ണമായി മണ്ണിൽ പുതഞ്ഞാൽ മാത്രമെ ഈ mode ഉപയോഗിക്കാൻ ശ്രമിക്കാവൂ.


All wheel Drive (AWD) എന്ന പേരിൽ വിപണിയിൽ ഇറക്കുന്ന ചില വാഹനങ്ങളിൽ മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ സംവിധാനങ്ങളും ഇല്ല എന്നാണു് ഞാൻ മനസിലാക്കുന്നതു്. പ്രത്യേകിച്ചു് Differential Lock ചെയ്യാനുള്ള സംവിധാനം.

ദാണ്ടെ വാഹനം മണ്ണിൽ!:
വാഹനം റോഡിൽ നിന്നും മണ്ണിലേക്കു് ഇറക്കിയ ശേഷം ടയറിന്റെ പ്രഷർ 20 psi ആയി കുറയ്ക്കുക. ഇങ്ങനെ ചെയ്താൽ ടയറും മണ്ണുമായി കൂടുതൽ ബന്ധം ഉണ്ടാകും. തിരിച്ചു് റോഡിൽ കയറിയ ശേഷം കമ്പ്രസ്സർ ഉപയോഗിച്ചു് പ്രഷർ കൂട്ടാനും മറക്കരുതു്. കുറഞ്ഞ പ്രഷറിൽ വാഹനം റോഡിൽ ഓടിച്ചാൽ ടയറിന്റെ കാറ്റു പോയിക്കിട്ടും. ടയർ ഇല്ലാതാകുമെന്നു്.

മണ്ണിൽ വാഹനം ഓടിക്കുമ്പോൾ എപ്പോഴും ഉറച്ച സ്ഥാനം നോക്കി ഓടിക്കുക. ചില ഇടങ്ങളിൽ നമ്മളേക്കാൾ നേരത്തെ പോയ അണ്ണന്മാരുടെ വാഹനങ്ങൾ സ്ഥിരം പോയതിനാൽ ഉറച്ച പാതകൾ കാണാൻ കഴിയും. ഈ പാതകൾ പിന്തുടർന്നാൽ പ്രശ്നങ്ങളിൽ നിന്നും ഒഴിവാകും.

വാഹനം മണ്ണിൽ താഴ്നാൽ:
പലർക്കും മണ്ണിൽ ഓടിക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ മനസിൽ ആദ്യം കടന്നു വരുന്ന ഭയം വാഹനം മണ്ണിൽ താഴ്‌ന്നു പോയാൽ എന്തു ചെയ്യും എന്നുള്ളതാണു്.

വാഹനത്തിന്റെ ഷാസി മണ്ണിൽ ഇരിക്കാതെ ശ്രദ്ധിക്കണം

ഓടിക്കൊണ്ടിരിക്കുന്ന വാഹനം സാധാരണ ഗതിയിൽ മണ്ണിൽ താഴില്ല. പലപ്പോഴും വാഹനം നിർത്തുമ്പോഴാണു് താഴുന്നതു്. നിർത്തിയ വാഹനം ചലിച്ചു തുടങ്ങുമ്പോഴും താഴാൻ ഇടയാകും. അതുകൊണ്ടു തന്നെ വാഹനം നിർത്തുമ്പോൾ എപ്പോഴും ചരിവിൽ കയറ്റി നിർത്തുക. അങ്ങനെ നിർത്തിയാലും പുറകിലോ മുന്നിലോ ഒഴിഞ്ഞ ഇടമായിരിക്കണം. രണ്ടു കുന്നിന്റെ ഇടയിൽ വാഹനം ഒരിക്കലും നിർത്തരുതു്.

വാഹനം മണ്ണിൽ പുതയുന്നതായി തോന്നിയാൽ, അധികം ആക്സലറേറ്റ് ചെയ്യാതെ തന്നെ, Steering Wheel നേരെയാക്കിയ ശേഷം Transmission , 4HLCയിലും പിന്നെ 4LLC modeലേക്കു മാറ്റി ഒന്നുകൂടി പയറ്റി നോക്കണം. (Steering Wheel നേരെ അല്ലെങ്കിൽ Automatic Transmission ഉള്ള വാഹനങ്ങളിൽ 4LLC mode പ്രവർത്തിക്കില്ല.)

ഇതൊന്നും നടന്നില്ല എങ്കിൽ വാഹനത്തിൽ നിന്നും ഇറങ്ങി ടയറിന്റെ പ്രഷർ 10psi ആയി കുറയ്ക്കുക. വാഹനത്തിന്റെ ഷാസിയും (chassis) തറയുമായി മുട്ടാതെ നോക്കുക. ഇനി എത്ര വമ്പൻ വാഹനമാണെങ്കിലും ഷാസി മണ്ണിൽ ഇരുന്നുപോയാൽ ചക്രങ്ങൾ തറയുമായി ബന്ധമില്ലാതെ വെറുതെ കറങ്ങി തുടങ്ങും. ഇവിടെയാണു് ആദ്യം പറഞ്ഞ Off Road recoveryഉള്ള Insurance Company എന്ന മർമ്മ പ്രധാനമായ കാര്യം ആവശ്യമായി വരുന്നതു്.
അവർ വന്നു നിമിഷ നേരം കൊണ്ടുതന്നെ വണ്ടി വലിച്ചു പുറത്താക്കി തരും.

നിർത്തുമ്പോൾ എപ്പോഴും ചരിവിൽ കയറ്റി നിർത്തുക

20 വർഷത്തെ സംഭവബഹുലമായ ജീവിതത്തിന്റെ ഇടയിൽ രണ്ടു തവണ മാത്രമാണു് ഞാൻ മണ്ണിൽ പെട്ടതു്. ഒരിക്കൽ എന്റെ ആന മണ്ടത്തരം കൊണ്ടും, പിന്നെ ഒരിക്കൽ ദൌർഭാഗ്യം കൊണ്ടും.

"എന്തിനു് ഇതു് ചെയ്യണതു് പുല്ലെ?"
"ഇങ്ങൻ ബെദ്ധപ്പെട്ട് എന്തിനിടെ പുല്ലെ ഇതൊക്കെ ചെയ്യണതു്?"
മണ്ണിലോട്ടം ഒരിക്കൽ ചെയ്താൽ എപ്പോഴും ചെയ്യാൻ തോന്നുന്ന വലിയ ചെലവില്ലാത്ത രസകരമായ ഒരു വിനോദമാണു്. മാത്രമല്ല പ്രകൃതി സ്നേഹിയാണെങ്കിൽ പഠിക്കാൻ ഒരുപാടു കാര്യങ്ങളുണ്ടു്.

അനേകം സസ്യങ്ങളും പ്രാണികളും പക്ഷികളും ഇഴ ജന്തുക്കളും മൃഗങ്ങളും നിറഞ്ഞ പ്രദേശമാണു് ഇവിടം. മരുഭൂമിയിലെ ജീവികളും മറ്റുള്ള പ്രദേശങ്ങളിലെ ജീവികളെ പോലെ ശത്രുജീവികളില്‍ നിന്നു് സ്വയം സംരക്ഷിക്കാന്‍ കപടാവരണം ധരിക്കുന്നതിനാല്‍ കണ്ണില്‍പെടാന്‍ പ്രയാസമാണു്. അതുകൊണ്ടു് കണ്ണുണ്ടായാൽ മാത്രം പോര, അവയെ കാണണമെന്നു കരുതി നോക്കുകയും വേണം. അങ്ങനെ നോക്കുന്നവനു മാത്രമെ അവയെ കാണാൻ കഴിയൂ.

രണ്ടാം ഭാഗം

Sunday, January 11, 2009

മക്കളെ കൊല്ലുന്ന അമ്മമാർ.

അഞ്ചലിന്റെ ഹൃദയസ്പർശ്ശിയായ ഈ ലേഖനം വായിച്ചപ്പോൾ ചരിത്രത്തിൽ പേരു കേട്ട രണ്ടു അമ്മമാരെ ഓർമ്മവന്നു.

1800-കളിൽ അമേരിക്കയിൽ അടിമത്വത്തിലേക്ക് വിൽക്കപ്പെടാതിരിക്കാനായി സ്വന്തം മക്കളെ കറുത്തവർഗ്ഗക്കാരികളായ അമ്മമാർ കൊന്നിരുന്നു. അങ്ങനെ അമേരിക്കൻ നിയമ ചരിത്രത്തിൽ പ്രസിദ്ധമായ ഒരു case ആയിരുന്നു മാർഗ്ഗററ്റ് ഗാർനറിന്റെ case. മാസങ്ങളോളം കോടതിയിൽ വിചാരണ നടത്തേണ്ടി വന്നു. കാരണം അടിമ ഒരു് അടിമയെ കൊലപ്പെടുത്തി എന്നു കോടതി അംഗീകരിച്ചാൽ കൊല്ലപ്പെട്ട അടിമ മാനുഷ്യസ്ത്രീയായി അംഗീകരിക്കേണ്ടി വരും. അന്നു നിലവിലുണ്ടായിരുന്ന വ്യവസ്ഥിധിയിൽ അടിമകൾ ഉടമസ്ഥന്മാരുടെ മുതലായിരുന്നു. അതിനാൽ മുതൽ നശിപ്പിച്ചൂ എന്ന കുറ്റത്തിനു മാത്രം വിചാരണ ചെയ്തു. മർഗ്ഗററ്റ് ഗാർനറിന്റെ ചരിത്രം കഥകളും, സിനിമകളും, നാടകങ്ങളുമായി അവതരിപ്പിച്ചിട്ടുണ്ടു്.

ഇനിയുള്ള ഒരു് അമ്മ യവന കഥകളിലെ കഥാപത്രമായ മീഡിയയാണു്. ജേസൺ എന്ന വീരന്റെ നായികയും അദ്ദേഹത്തിന്റെ മക്കളുടെ അമ്മയുമായ മീഡിയ. ജേസണിന്റെ വീര ദൌത്യങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചതു് മന്ത്രവാദിനിയായ ഇവളായിരുന്നു. അവസാനം ശത്രുക്കളിൽ നിന്നും ക്രൂരമായി മർദ്ദിക്കപ്പെടാതിരിക്കാൻ അമ്മ തന്നെ രണ്ടു മക്കളേയും കൊലപ്പെടുത്തുന്നു.

ഇതിൽ നിന്നെല്ലാം മനസിലാക്കാൻ കഴിയുന്നതു് അമ്മ സ്വന്തം മക്കളെ കൊലപ്പെടുത്തുന്നതു് പലപ്പോഴും അവരോടുള്ള അമിതമായ സ്നേഹം കൊണ്ടായിരിക്കും എന്നാണു്. പക്ഷെ നാം മനസിലാക്കാൻ ശ്രമിക്കാത്ത പലതും അതിനപ്പുറം ഉണ്ടെന്നു് അഞ്ചൽക്കാരൻ ചൂണ്ടിക്കാണിക്കുന്നു.

Friday, January 09, 2009

Book Republic




Book Republic
ഇതു് വളരെ നല്ല ഒരു സംരംഭമാണെന്നു എനിക്കു് തോന്നുന്നു. കേരളത്തിൽ ഇപ്പോഴ് നിലവിലുള്ള 18ആം നൂറ്റാണ്ടിൽ ജീവിക്കുന്ന
കുത്തക പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ നിന്നും എഴുത്തുകാരെ മോചിപ്പിച്ചു 21 ആം നൂറ്റാണ്ടിലേക്കു് കൊണ്ടുവരാൻ ഇതു് സഹായകരമായിരിക്കും.

സഹകരണ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളിലൂടെ മലയാള സാഹിത്യ ലോകം അറിയാത്ത അനേകം എഴുത്തുകാരെ ഈ പദ്ധതിയിലൂടെ പരിചയപ്പെടാനും കഴിയും.

അധികവും ബ്ലോഗ് എഴുത്തുകാരാണു് അംഗങ്ങൾ എങ്കിലും, പുസ്തകം സ്വന്തമായി പ്രസിദ്ധീകരിക്കാൻ കഴിയാത്ത ദരിദ്ര സാഹിത്യകാർക്കും ഇതു സഹായകരമാകും. ഭാവിയിൽ ആദിവാസി ഗോത്ര വർഗ്ഗക്കാരുടെയും, ദളിത സാഹിത്യകാരുടെയും കൃതികൾ book-republicലൂടെ പ്രസിദ്ധീകരിക്കാനും ശ്രമിക്കണം.

കാശുള്ളവനു് എന്തു വേണമെങ്കിലും എഴുതാൻ കഴിയും, കാശില്ലാത്തവന്റെ എഴുത്തും വായിക്കാൻ നമുക്ക് ഒരവസരം വേണ്ടേ?
---------
Text Corrected by ജയരാജൻ

Wednesday, January 07, 2009

Vote ചെയ്യാൻ പറയുന്ന മമ്മൂട്ടിയോടു്.

ശ്രീ മമ്മൂട്ടിയുടെ രണ്ടാമത്തെ postനു ഇട്ട comment ആണു് ഇതു്. അവിടെ ഇതു് കാണാൻ സാധിക്കില്ല.

------------------

ശ്രീ മമ്മൂട്ടി.
ഇടതു് മുന്നണിയുടെ നേതാക്കളെ നിർത്തുന്നതു് Politburo. അവിടെ ജനാധിപത്യം ഇല്ല.
Congress partyയുടെ സ്ഥാനാർത്ഥിയെ നിർത്തുന്നതു് high command. അവിടെയും ജനാധിപത്യം ഇല്ല. ഇവർ രണ്ടും അയോഗ്യരെ സ്ഥാനാർത്ഥിയായി നിർത്തിയാൽ, ഇന്ത്യൻ constitution പോയിട്ടു് പത്രം വായിക്കാൻ പോലും അക്ഷരാഭ്യാസമില്ലാത്ത 60% ഇന്ത്യൻ ജനത എന്തു് ചെയ്യും? Section 49-O of the Constitution എടുത്തുവെച്ചു പ്രയോഗിക്കാൻ അവർക്ക് അറിയില്ലല്ലെ?

ജനാധിപത്യവും voters rightsഉം മറ്റെല്ലാ സവിധാനങ്ങളും പ്രായോജനപ്പെടണമെങ്കിൽ ജനങ്ങൾക്ക് അക്ഷരാഭ്യാസം വേണം. എന്തുകൊണ്ടാണു് കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു് രാഷ്ട്രീയ ബോധം കൂടുതൽ ഉള്ളതു് എന്നു ചിന്തിച്ചിട്ടുണ്ടോ? ആന്ധ്ര പ്രാദേശിലും, ഉത്തർ പ്രദേശിലും ഏതെങ്കിലും ഒരു നേതാവിനെ പരിഹസിച്ചു എന്താ ആരും അവിടെ മിമിക്രി അവതരിപ്പിക്കാത്തതു്?

ജനങ്ങൾ സ്വതന്ത്രരാണെങ്കിൽ മാത്രമെ ജനാധിപത്യം നടപ്പിൽ വരു. ആദ്യം അജ്ഞതയിൽ നിന്നു് മോക്ഷം കിട്ടാതെ ജനം സ്വതന്ത്രര്‍ ആവില്ല. പക്ഷെ നാടു ഭരിക്കാൻ വിദ്യാഭ്യാസം ഒരു ഘടകമല്ല എന്നാണു് നമ്മുടെ ജനനായകന്മാർ ജനങ്ങളെ പഠിപ്പിച്ചു വെച്ചിരിക്കുന്നതു്.

യൂണിവേസിറ്റി വിദ്ധ്യാഭ്യാസമില്ലാത്ത ഒരുത്തനു് പെണ്ണു പോലും കൊടുക്കാത്തവരാണു് മലയാളികൾ പക്ഷെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോൾ ആ കാര്യം എന്താ ആരും അന്വേഷിക്കാത്തതു്?

പറഞ്ഞു വന്നതു് ഇതാണു്. മമ്മൂട്ടി നാട്ടുകാരോടു വോട്ടു് ചെയ്യാൻ പറയുന്നതു് നല്ല കാര്യമാണു്. പക്ഷെ വിദ്യാഭ്യാസമുണ്ടെങ്കിൽ മാത്രമെ നേതാക്കൾ പറയുന്ന വിവരവും (വിവരക്കേടും) വായിച്ചും കേട്ടും മനസിലാക്കാൻ കഴിയൂ. അപ്പോൾ വിദ്യാഭ്യാസം ഉള്ള ജനതക്കു മാത്രമെ യോഗ്യതയുള്ള ജനനായകന്മാരെ തിരിച്ചറിയാൻ കഴിയൂ. താങ്കളുടെ പുതിയ പടം release കാണാൻ class cut ചെയുതു ഉച്ചക്കു തമ്പാനൂരിൽ നില്ക്കുന്ന പിള്ളേരോടു് schoolൽ പോകാൻ പറയൂ. സാർ പറഞ്ഞാൽ ചിലപ്പോൾ കേൾക്കും.

Monday, January 05, 2009

സ്നേഹപൂർവ്വം മമ്മൂട്ടിക്ക്

-------------
ഈ ലേഖനം ശ്രീ മമ്മൂട്ടിയുടെ ബ്ലോഗിൽ comment അയി എഴുതിയതാണു്. Moderation ഉള്ളതിനാൽ അതിവിടെ പ്രസിദ്ധീകരിക്കുന്നു.
-------------

ശ്രീ മമ്മൂട്ടി ബ്ലോഗ് തുടങ്ങിയതു് വളരെ നല്ല കാര്യമാണു്. പക്ഷെ ഒരു അപേക്ഷയുണ്ടു്. താങ്കളുടെ ആരാധകരുടെ അനുമോദനങ്ങളും പ്രശംസയും മാത്രം കൊണ്ടു ബ്ലോഗു് നിറച്ചിട്ട് കാര്യമില്ല. ബ്ലോഗിന്റെ സ്വഭാവമനിസരിച്ചു ചോദ്യങ്ങൾക്കു് മറുപടിയും എഴുതണം.

LDFന്റെ സ്ഥാനാർത്ഥിയായി താങ്കൾ കേരള രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നു എന്ന വാർത്ത കണ്ടു.

ഇന്നുവരെ കേരളം കണ്ടിട്ടുള്ള രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും വ്യത്യസ്തമായ ഒരു ഭാവി താങ്കൾക്കുണ്ടു. Obamaയുടെ election വിജയത്തിന്റെ പ്രധാന കാരണം അദ്ദേഹം internetലൂടെ യുവജനങ്ങളുമായി അടുക്കാൻ കഴിഞ്ഞു എന്നുള്ളതാണു്. താങ്കൾക്കും അതിനുള്ള കഴിവുണ്ടു് എന്നു് എനിക്കു് തോന്നുന്നു. ആ കഴിവു് താങ്കൾ ബ്ലോഗിലൂടെ തെളിയിക്കണം.

താങ്കൾ കേരള രാഷ്ട്രീയത്തിലേക്കു് കടന്നുവരുമ്പോൾ കേരളത്തിനെന്തു് ഗുണം എന്നു് ഞാനടക്കമുള്ള ചിലർ ചോദിച്ചേക്കാം. അതിനുള്ള മറുപടി കൂടി ബ്ലോഗിലൂടെ താങ്കൾ എഴുതണം.

നാടു ഭരിച്ച പൂർവികരുടെ പോരായ്മകളും കോട്ടങ്ങളും എണ്ണി പറഞ്ഞുകൊണ്ടാണു് ഇന്നുവരെ കേരളത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കടന്നു വന്നതു്. പക്ഷെ അതിൽ നിന്നും വ്യത്യസ്തമായി തന്നെ ഭാവിയിൽ പ്രായോഗികമായി എന്തെല്ലാം മാറ്റങ്ങൾ വരുത്താൻ കഴിയും എന്നതിനെ കുറിച്ചും സാമ്പത്തിക ഭദ്രത എങ്ങനെ ഉറപ്പുവരുത്താം എന്നും. കാർഷിക മേഖല എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ചും ഇവിടെ എഴുതണം.

കഴിഞ്ഞ മന്ത്രിസഭ ഭരിച്ചു് ഭരിച്ചു് ഒരു വഴിക്കാക്കിയ പല വികസന പദ്ധതികളും അലംങ്കോലപ്പെട്ടു കിടക്കുന്ന കാര്യം ശ്രീ മമ്മൂട്ടിക്ക് അറിയമായിരിക്കും.

എങ്കിലും ഒരു ചെറിയ clue തരാം.

വിഴിഞ്ഞം തുറമുഖം: ചില വൻകിട real-estate കച്ചവടക്കാർ കാശുണ്ടാക്കിയതല്ലാതെ പദ്ധതി എങ്ങും ചെന്നെത്താതെ കിടക്കുന്നു.

വള്ളാർപ്പാടം Container Terminal: നാടിന്റെ നന്മയേക്കാൾ ചുരുക്കം ചില വ്യക്തികളുടെ താല്പര്യങ്ങൾ മാത്രം പരിഗണിച്ചു് ഇപ്പോഴും എങ്ങും ചെന്നെത്താതെ കിടക്കുന്നു.

സ്മാർട്ട് സിറ്റി: മൂന്നു കൊല്ലം മുമ്പു് പദ്ധതി ഒപ്പുവെച്ചിട്ടും ഇന്നുവരെ എങ്ങും കൊണ്ടെത്തിച്ചിട്ടില്ല.

ടെക്നോ സിറ്റി: കേരളത്തിന്റെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ കലാപരിപാടികൾ കണ്ടു നിക്ഷേപകർ ഭയന്നു പിന്മാറി നില്കുന്നു.

തലസ്ഥാന നഗരമായ തിരുവനതപുരത്തു് നടപ്പിലാക്കാം എന്നു ഉറപ്പു പറഞ്ഞിട്ടും ഇതുവരെ ഒന്നും പൂർത്തിയക്കാതെ പല projectകളും പാതി വഴി നിർത്തി വെച്ചിരിക്കുന്നു. Airportന്റെ expansion projectന്റെ കഥ ഒരു mega-serial പോലെ നീണ്ടു നീണ്ടു പോകും.

ഇത്രയും പറഞ്ഞതിന്റെ കാരണം:
സാമ്പതിക തകർച്ച എല്ലാം ചർച്ച ചെയ്യാൻ എളുപ്പമാണു്. കാരണം കേരളത്തിലുള്ള ആരെയും പേരെടുത്തു് പരാമർശിക്കണ്ടല്ലോ. ഇനി അല്പ നേരം കേരളത്തിലെ ഭാവിയെ കുറിച്ചു് എഴുതു. ശ്രീ മമ്മൂട്ടിക്ക് എഴുതാൻ കേരളത്തിൽ തന്നെ വിഷയങ്ങൾ ഒരുപാടുണ്ടു്. ധൈര്യമായിട്ടു് തന്നെ ഇവിടെ എഴുതു.

ഇതും വായിക്കുക

Sunday, January 04, 2009

മമ്മൂട്ടിയുടെ ബ്ലോഗിൽ കട്ട മുതൽ commentഅയി

മമ്മൂട്ടി സാറിന്റെ പുതിയ ബ്ലോഗിൽ Saahil എന്ന ബഹുമാനപ്പെട്ട സുഹൃത്തു് ചില പകർപ്പവകാശ ലംഖനങ്ങൾ അദ്ദേഹത്തിന്റെ ബ്ലോഗിൽ comment ആയി പൂശിയ വിവരം ഖേദ പൂർവ്വം അറിയിക്കുന്നു.
ഇതു പ്രസിദ്ദികരിക്കുമ്പോഴത്തേക്കും ചിലപ്പോൾ commentഉം profileഉം അപ്രത്യക്ഷമാകും. അതിനാൽ ഇവ രണ്ടും ഇവിടെ സൂക്ഷിക്കുന്നു.






September 19നു Stephen Popick എഴുതിയ ഈ ലേഖനം വള്ളി പുള്ളി വിടാതെ അതുപോലെ തന്നെ പുള്ളി പകർത്തിയിരിക്കുകയാണു്. ജനുവരി ഒന്നിനു് രാവിലെ പല്ലും തേച്ചു "മമ്മൂക്ക"യുടെ ബ്ലോഗിൽ comment എഴുതാനായി മാത്രം ബ്ലോഗ് തുടങ്ങിയ Fans മാത്രമായിരുന്നു ഇതു കണ്ടതു് എങ്കിൽ ഒരു പ്രശ്നവുമില്ലായിരുന്നു. പക്ഷെ ഖേദവശാൽ google search ചെയ്യാൻ അറിയാവുന്ന ചിലരും ഉണ്ടായിരുന്നു.


ഇതു വായിച്ചു കഴിഞ്ഞു നിങ്ങൾ പറയും, "വിട്ടേക്കു കൈപ്പള്ളി, പയ്യനല്ലെ". ശരിയാണു് പയ്യനാണു്. പക്ഷെ വളർന്നു വളർന്നു് ഒരു വൻ കള്ളനാകാതിരിക്കാൻ, (അല്ലെങ്കിൽ കുറച്ചുകൂടി നല്ല ഒരു കള്ളനാകാനെങ്കിലും) ഇതു സഹയകരമാകും. മാത്രമല്ല content മോഷണം നമ്മുടേതായാലും വല്ലവന്റെ[read as non-malayalees]തായാലും തെറ്റു് തെറ്റു തന്നെ. മോഷണം എവിടെ, ആരു്, എപ്പോഴ് ചെയ്താലും, അതു് പോക്കി എടുത്തു പുറത്തു കൊണ്ടുവന്നു അലക്കണം. പക്ഷെ ഇതു് അധികം ആരും ഇപ്പോഴ് ചെയ്യുന്നില്ല. Internetൽ നിന്നും മോഷ്ടിച്ചാൽ ആരും ഒന്നും ചെയ്യില്ല എന്നൊരു തോന്നൽ ഉള്ളതുകൊണ്ടാണു് ചിലർ ഇതു് ചെയ്യുന്നതു്.

Saturday, January 03, 2009

"സ്നേഹപൂർവ്വം മമ്മൂട്ടി" എന്ന ബ്ലോഗിനു് സ്നേഹപൂരവ്വം

2009 ജനുവരി ഒന്നാം തിയതി മലയാളം ബ്ലോഗ് ലോകത്തേക്കു് "സ്നേഹപൂർവ്വം മമ്മൂട്ടി" എന്ന പേരിൽ ഒരു പുതിയ ബ്ലോഗ് കടന്നു വന്നു. മമ്മൂട്ടി സ്വന്തമായി ബ്ലോഗിൽ എഴുതുകയാണോ അല്ലയോ എന്നതു് ഇവിടെ പ്രസക്തമല്ല. ആഗോള സാമ്പത്തിക തകർച്ച എങ്ങനെ തരണം ചെയ്യാം എന്നുള്ള ബ്ലോഗിലെ ആദ്യത്തെ പോസ്റ്റും ഇവിടെ വിഷയമല്ല. മമ്മൂട്ടിയെ പോലൊരു വ്യക്തി ബ്ലോഗിൽ വരുന്നതു് എന്തുകൊണ്ടും മലയാളം ബ്ലോഗിനും മലയാളം unicode പ്രചരണത്തിനു് വളരെ സഹായകരമായ ഒരു കാര്യം തന്നെയാണു് എന്നു ചൂണ്ടിക്കാണിക്കാനാണു് ഞാൻ ഈ പോസ്റ്റ് എഴുതുന്നതു.

ഈ ബ്ലോഗിൽ comment എഴുതാനായി രണ്ടു ദിവസത്തിനകം ഏകദേശം 92 പേരു് പുതിയ blogger IDകൾ ഉണ്ടാക്കി എന്നതാണു് വിഷയം. (ചിലരുടെ profile ദൃശ്യമല്ലാത്തതിനാൽ അവരേക്കുറിച്ച് അറിയില്ല) ഇതു വായിക്കാനായി നിരവധി net-cafeയിലും, കുറേ പേരുടെ computerകളിലുമായി മലയാളം unicode fontഉകൾ install ചെയ്യപ്പെട്ടിരിക്കും. മലയാള ഭാഷ computingനു് ഈ ബ്ലോഗ് വിലമതിക്കാനാവാത്ത ഒരു പ്രോത്സാഹനം തന്നെയാണു്.

ഇന്നുവരെ ഒരു അക്കാദമിക്കും ചെയ്യാൻ കഴിയാത്ത പ്രചരണമാണു ഇപ്പോൾ മലയാളം ബ്ലോഗിനു് കിട്ടിയിരിക്കുന്നതു്. ഭാവിയിൽ സിനിമാ താരങ്ങളുടേയും, രാഷ്ട്രീയക്കാരുടേയും പേരിൽ ഇതുപോലെ ബ്ലോഗുകൾ ഉണ്ടാകട്ടെ എന്നു് ആശംസിക്കുന്നു.

"സ്നേഹപൂർവ്വം മമ്മൂട്ടി" എന്ന ബ്ലോഗിനു് എന്റെ വക ഒരു Thank you