Sunday, August 26, 2007

ന്യുനപക്ഷത്തിന്‍റെ ഓണം

ഞാന്‍ ഒരു അന്വേഷണത്തിലാണു്. ഓണത്തിനു് മതേതരത്വം ഉണ്ടോ? ഞങ്ങളുടെ നാട്ടില്‍ കച്ചവടക്കാരെല്ലാം ഓണം "അഘോഷിക്കും" അതായത് നല്ല കച്ചവടം ഉണ്ടാകുന്നതുകൊണ്ടുള്ള അഘോഷം. പക്ഷെ സ്വകാര്യമായി ഏതൊരു അഹിന്ദുവിനോടു ചോദിച്ചാലും ഓണം ഒരു ഹൈന്ദവ അചാരമായിട്ടു മാത്രമെ അവര്‍ അഭിപ്രായപെടുകയുള്ളു.

ഇവിടെ എനിക്ക് പരിചയമുള്ള അനേകം മലബാര്‍ മുസ്ലീമുകളോടു ചോദിച്ചപ്പോഴും അവരും ഇതു തന്നെ അഭിപ്രായപ്പെട്ട്. അപ്പോള്‍ ഓണം ഒരു മതേതര അഘോഷം എന്നു് ഏതു വുധത്തിലാണു് ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയില്ല.

ആദിവാസികളുടെ ഇടയിലും ഓണം ആഘോഷിക്കാറില്ലാ എന്നാണു് ഞാന്‍ അറിഞ്ഞത്. ഓണം എങ്ങനെ ഒരു മതേതര അഘോഷമായി കാണാം. എന്തുകൊണ്ടു് കേരളത്തിലെ ന്യൂനപക്ഷ മത വിഭാഗങ്ങള്‍ ഈ അഘോഷത്തില്‍ പങ്കേടുക്കുന്നില്ല.ഓണത്തില്‍ ഉള്‍പെടുന്ന secular elements എന്തെല്ലാമാണു്. ഈ അഘോഷത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണു്.

24 comments:

 1. "ന്യുനപക്ഷത്തിന്‍റെ ഓണം"

  ReplyDelete
 2. കൈപ്പള്ളിജീ ഞാനീ നാട്ടുകാരനെയല്ല. കാണം വിറ്റും ഓണം ഉണ്ണണ്ണം എന്നു പറേണ ആളുകളുള്ള നാട്ടുകാരനാണേയ്‌. മാവേലി എന്നൊരു രാജാവുണ്ടായിരുന്നു. മൂപ്പര്‍ ഭരിച്ചീരുന്ന കാലത്ത്‌ എല്ലാവരും ഒന്ന്‌ 1 പോലെ ആയിരുന്നു എന്നൊക്കെ പഠിച്ചിരുന്ന പള്ളിക്കൂടമൊക്കെയുള്ള നാട്ടിലായിരുന്നു ഏറെക്കാലം..

  ആരെങ്കിലും ശരിയായ ഉത്തരവുമായി വരും വരാതിരിക്കില്ല വന്നേപറ്റൂ.. :)

  ReplyDelete
 3. എന്റെ വീട്ടിലും കൊല്ലത്ത് പല വീടുകളിലും ലത്തീന്‍ ക്രിസ്ത്യാനികളുടെ ഇടയിലും ഓണം ഉണ്ട്. ബാക്കി മതങ്ങളുടെ കാര്യം വല്യ പിടിയില്ല.

  ReplyDelete
 4. ജീ,
  ഓണം വിളവെടുപ്പിന്റെ ഉത്സവമാണ്. നമ്മുടെ നാട് ഉപഭോത്കൃ സംസ്ഥാനമെന്ന നാണം കെട്ട നെറ്റിപട്ടം സ്വയമെടുത്ത് ചാര്‍ത്തുന്ന കാ‍ലം മുന്നേ നമ്മുക്ക് ഒരു സംസ്കാരം ഉണ്ടായിരുന്നു. വയലില്‍ വിളയുന്നതും തോപ്പില്‍ വളരുന്നതും ഒക്കെ പറിച്ചെടുത്ത് അന്നന്നത്തെ അന്നം തേടുയിരുന്ന ഒരു കാലം. അക്കാലത്ത് കര്‍ക്കിടകം എന്നത് ദുരിതങ്ങളുടേയും വറുതിയുടേയും കാലം. (അത് ഇന്നും അങ്ങിനെ തന്നെ) കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങം പിറക്കുമ്പോള്‍ വിളവെടുപ്പാകും. വിളവെടുപ്പ് ഒരു കൂട്ടായ്മയാണ്. കൂട്ടായ്മകള്‍ എപ്പോഴും അഘോഷമായി പരിണമിക്കാറുണ്ടല്ലോ. ആ കൂട്ടായ്മയോടൊപ്പം മുറ്റത്തും തൊടികളിലും ഒക്കെ കുന്നു കൂടുന്ന വിളവും കൂടാവുമ്പോള്‍ നാട് സമ്പന്നമാകും. സമ്പന്നമായ നാട് പണ്ടെങ്ങോ നാട് ഭരിച്ചിരുന്ന ജനകീയനും പ്രജാക്ഷേമ തത്പരനുമായിരുന്ന ഒരു നേതാവിനെ ജനത്തിന് ഓര്‍മ്മ വരും. അങ്ങിനെ ആ നേതാവിന്റെ നന്മകളും വിളവെടുപ്പിന്റെ വിശേഷങ്ങളുമായി ജനം ആഘോഷത്തോടെ ഒരുമയോടെ ചിങ്ങത്തിലെ തിരുവോണം “ഓണമായി” കൊണ്ടാടും. അതില്‍ ജാതിമത വ്യതിയാനം ഒന്നുമില്ല. പക്ഷേ വിളവെടുക്കുന്നവനേ ആഘോഷിക്കാനുള്ള അവകാശമുള്ളു. വിളവെടുപ്പ് എല്ലാ ജനതക്കും ഉത്സവം തന്നെയാണ്.

  ഓണം എന്നത് വിളവെടുപ്പിന്റെ ഉത്സവമാണെന്ന സത്യം മറക്കപെടുന്നിടത്ത് ഹിന്ദു,ക്രിസ്ത്യാന്‍,മുസ്ലീ വര്‍ഗ്ഗീയത ഉണ്ടാകുന്നു. വിളവെടുപ്പ് ഉത്സവം ആകുന്നിടത്ത് കര്‍ഷകന്‍ എന്ന ഒരു വര്‍ഗ്ഗം മാത്രം ഉണ്ടാകുന്നു. അപ്പോള്‍ ഓണം മതേതരമാകും.

  ReplyDelete
 5. അഞ്ജല്‍ക്കാരന്‍
  ഞാന്‍ മനസിലാക്കിയ secular element ഇതു തന്നെയാണു്. അതു വള്‍അരെ നല്ല തരത്തില്‍ വിശതീകരിച്ചതിനു നന്ദി.

  ചിങ്ങ മാസത്തിലെ വിളവെടുപ്പും മറ്റു കാര്‍ഷിക സംസ്കാരങ്ങളും കേരളത്തിന്‍റെ എല്ലാ മത വിഭാഗങ്ങളും സ്മരിക്കുന്ന ഒന്നാണു്.

  ഒത്തൊരുമയുടെ ഇത്രയും ശ്രേഷ്ടമായ ഒരു ആശയം എന്തുകൊണ്ടു് ഉയര്‍ത്തിപ്പിടിക്കുന്നില്ല.

  നമ്മുടെ സംസ്കാരത്തിന്‍റെ താക്കോല്‍ സൂക്ഷിക്കുന്ന മദ്ധ്യമങ്ങള്‍ എന്തുകൊണ്ടു ഈ വിവരം പ്രചരിപ്പിക്കുന്നില്ല.

  ഇന്നു് ഓണം എന്നാല്‍: കുറേ കോമാളികള്‍ വേഷം കെട്ടി റോഡിലൂടെ നടക്കുന്നു. പിന്നെ കടകളും നല്ല കച്ചവടം നടത്തും. എല്ലാരും കുറേ കള്ള് കുടിക്കും.

  ReplyDelete
 6. ഹൈന്ദവ യജ്ഞവും യാഗവും നടത്തുന്ന പൂണൂലിട്ട മഹബലിയും വാമനനും ഹിന്ദുക്കളായതുകൊണ്ടാവും അഹിന്ദുക്കള്‍ ഓണത്തെ സ്വന്തം ആഘോഷമായി കരുതാത്തത്. തൃക്കാക്കര ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്കു പ്രവേശനമില്ലല്ലൊ.

  ReplyDelete
 7. തിരുവനന്തപുരം നഗരത്തിന്റെ അടുത്തുള്ള ഒരു കടപ്പുറം ആണ്‌ എന്റെ സ്ഥലം. അവിടെ ഓണം, ക്രിസ്തുമസ്സ്,ഈദ്, ബന്ത് , ഹര്‍ത്താല്‍, എലക്ഷന്‍ എല്ലാം സെക്യുലര്‍ ആഘോഷങ്ങള്‍ ആണു.

  എന്താഘോഷം ഉണ്ടായാലും എല്ലാ മതക്കാരും സ്പെഷല്‍ കറി വയ്ക്കും, എക്സ്ട്രാ പെഗ്ഗും അടിക്കും. ജാതിബേദം മതദ്വേഷം ഏതുമില്ലാതെ സര്വരും അങ്ങോട്ടുമിങ്ങോട്ടും കൂമ്പിനിടിയ്ക്കും, ചീത്തവിളിക്കും, പിന്നെ കെട്ടിപ്പിടിച്ചു നടക്കും.

  ReplyDelete
 8. മതത്തിന്‍റ്റെ കോണിലൂടെ നോക്കിയാല്‍ ഓണം ഒരു മതാചാരം തന്നെ
  കേരളത്തിന്‍റ്റെ സാഹചര്യത്തില്‍ അതൊരു പൊതു ആഘോഷവും

  ReplyDelete
 9. കൈപള്ളീ,
  ഓണാശംസകള്‍....
  :)

  ReplyDelete
 10. എന്താ ഓണത്തിന്റെ വിളവെടുപ്പുത്സവം എന്ന്‌ പറയുന്നത്‌. മഴകഴിഞ്ഞ്‌ വിളവിറക്കുന്ന സമയമല്ലേ അത്‌? ആകെ ഉണ്ടാകുന്നത്‌ വാഴക്കുല മാത്രമാവും.

  ഓണവുമായ ബന്ധപ്പെട്ട ആചാരങ്ങള്‍ ഹിന്ദുക്കള്‍ക്ക്‌ കൂടുതലായതുകൊണ്ടാവും അതിന് ഒരു ഹൈന്ദവഛായ. കൂടാതെ അതിന്റെ ഐതിഹ്യവും ആവഴിയില്‍ തന്നെ ആണല്ലോ..

  എന്റെ വീട്ടില്‍ പച്ചക്കറിസദ്യയുണ്ടാവും, 10 ദിവസവും പൂക്കളമുണ്ടാവും. എന്നാല്‍ തൃക്കാക്കരപ്പനെ വെക്കലില്ല; അനുബന്ധപൂജകളും ഇല്ലേഇല്ല. പള്ളിയിലും എന്തെങ്കിലും പ്രത്യേക ചടങ്ങുകള്‍ കണ്ടിട്ടില്ല.

  ReplyDelete
 11. ഓണത്തിന്റെ മഹാ‍ബലി പുരാണത്തിലെ മഹാബലിയല്ലെന്നാണ് കേസരി ബാലകൃഷ്ണപിള്ളയുള്‍പ്പെടെ യുള്ളവര്‍ പറഞ്ഞിട്ടുള്ളത്. ഓണത്തോടനുബന്ധിച്ച് ഒരു പൂജകളുമില്ല. തൃക്കാക്കരപ്പനെ ഉണ്ടാക്കുന്നത് പൊക്കമുള്ള പിരമിഡിന്റെ ആകൃതിയിലാണ്. ഇതിന് ഈജിപ്ഷിയന്‍ ചുറ്റുപാടുകളുമായി ബന്ധമില്ലേ എന്ന് ആനന്ദ് ഈയിടെ ഒരു കഥയില്‍ സന്ദേഹിച്ചിരുന്നു. തൃക്കാക്കരപ്പന്റെ മുന്‍പില്‍ അട നേദിക്കുന്നൊരു പരിപാടി ചിലടങ്ങളില്‍ ഉണ്ട്.

  ഓണക്കാഴ്ചയില്‍ ഈഴവരുടെ അരിയുണ്ടയും പുലയരുടെ അവലും സവര്‍ണര്‍ സ്വീകരിച്ചുരുന്നതുകൊണ്ട് പന്തിഭോജനത്തിന്റെ സ്വഭാവവും ഓണത്തിനുണ്ടായിരുന്നു എന്ന് ശൂരനാട് കുഞ്ഞന്‍ പിള്ള.
  ഓണത്തിന്റെ ആഘോഷം പൂക്കളുടെയാണ്. മഹാബലിയുടെതല്ല.
  കൂടുതല്‍ പിന്നെ എഴുതാം.

  ReplyDelete
 12. ഓണം ആദിവാസികള്‍ക്കില്ല എന്നു പറഞ്ഞത് തെറ്റാണ്.ഒരു വയനാട്ടുകാരന്‍ എന്ന നിലയില്‍ എനിക്കിതു പറയാനാവും.ഓണമുണ്ടെങ്കിലൂം അത് വേണ്ട വിധം ആഘോഷിക്കാന്‍ സാമ്പത്തിക സാഹചര്യം അവരെ അനുവദിക്കാറില്ല എന്നതാണ് സത്യം.

  കൈപ്പള്ളിക്കും കുടുംബത്തിനും ഓണാശംസകള്‍...

  ReplyDelete
 13. ഓണത്തിന്റെ മതേതരസ്വഭാവം മലയാളിസമൂഹം ആ ഉത്സവത്തിന്‌ ചാര്‍ത്തിക്കൊടുത്തതാവണം. അതു നല്ലത്‌ തന്നെ. എങ്കിലും അടിസ്ഥാനപരമായി ഓണം ഒരു ഹൈന്ദവാചാരം തന്നെയെന്നു പറയേണ്ടി വരും.

  മഹാബലിയും വാമനനും ഹൈന്ദവപുരാണകഥാപാത്രങ്ങളാണല്ലോ. അക്കഥയെ അടിസ്ഥാനപ്പെടുത്തിയുള്ള ഉത്സവം എല്ലാ അര്‍ത്ഥത്തിലും മതത്തിനതീതം എന്നു പറയാനാകുമോ? എല്ലാ മതക്കാരും ഈ ഉത്സവത്തെ ആനന്ദത്തോടെ നോക്കിക്കാണുന്നുണ്ടെങ്കില്‍ അതിനു കാരണം കേരളത്തില്‍ നില നിന്നു പോരുന്ന സാഹോദര്യമനോഭാവം തന്നെ. വേറൊന്ന്, കേരളത്തിന്റെ ദേശീയോത്സവമായി ഗവണ്‍മന്റ്‌ പ്രഖ്യാപിച്ചിട്ടുള്ളതാണല്ലോ ഓണം. (1961-ല്‍ പട്ടം താണുപിള്ളയുടെ സര്‍ക്കാര്‍) ആ നിലയ്ക്കും ഇത്‌ കേരളത്തിലുള്ള മുഴുവന്‍ പേരുടേയും ആഘോഷമാണെന്നു പറയാം.

  വിളവെടുപ്പിന്റെയൊക്കെ കാര്യം പറയാതിരിക്കുന്നതാ ഭേദം. പത്തറുപതു കൊല്ലം മുമ്പ്‌ വരെ വിളവെടുപ്പൊക്കെ നടക്കുമ്പോള്‍ ആര്‍ക്കായിരുന്നിരിക്കണം ആഹ്ലാദം? മാടമ്പി ആഹ്ലാദിക്കുന്നതു കാണുമ്പോള്‍ അടിയാനും ഓച്ഛാനിച്ചു നിന്നാണെങ്കിലും ചിരിക്കും. (ഓണം പ്രമാണിച്ച്‌ ചില്ലറ എക്സ്ട്രാ ബെനെഫിറ്റ്സ്‌ അവനും കിട്ടുമായിരുന്നിരിക്കണം.)

  ReplyDelete
 14. ന്യൂനപക്ഷത്തിന്റെ ഓണം എന്നഭിപ്രായത്തോട് വിയോജിപ്പ് കാരണം കേരളത്തില്‍ ഹിന്ദുക്കളാണ് ഭൂരിപക്ഷം അവരെല്ലാം ഓണം ആഘോഷിക്കുന്നു.ഓണത്തിന് മതേത്വരത്ത്വം ഉണ്ടോ എന്നു ചോദിച്ചാല്‍ ഇന്നത്തെ വിശ്വാസപരമായ കാഴ്ച്ചപാടാണെങ്കില്‍ ഒട്ടും ഇല്ലാ എന്നു പറയാം പക്ഷെ അഞ്ജല്‍ക്കാരന്‍ പറഞ്ഞ പരമമായ സത്യത്തിലാണെങ്കില്‍ തീര്‍ത്തും മാതേത്വരത്ത്വം ഉണ്ട്.മാവേലി കേരളത്തില്‍ (കേരളം ഭരിച്ചിരുന്നു സങ്കല്പം തന്നെ തെറ്റാണ് കേരള സംസ്ഥാനം രൂപീകരിച്ചത് 1950 ന് ശേഷമല്ലേ.. കേരളത്തില്‍ എന്നതായിരിക്കും ശരി) ഭരിച്ചിരുന്ന കാലത്ത് (ഒരുപക്ഷെ തെക്കന്‍ തിരുവിതാംക്കൂറിലെ ഏതെങ്കിലും ഒരു ഭാഗത്തുള്ള ഒരു കൊച്ചു പ്രദേശമായിരിക്കാം അദ്ദേഹത്തിന്റെ ഭരണ പ്രദേശം) ഇസ്ലാം ലോകത്ത് തന്നെ ഉണ്ടായിട്ടില്ലായിരിക്കാം ഇങ്ങനെയുള്ളൊരു സാഹചര്യത്തില്‍ എല്ലാ മതങ്ങളും ഒരുപോലെ എന്ന സങ്കല്പം ഉണ്ടാവും, ഇതൊരു കേരളീയ ഉത്സവമെന്ന നിലയില്‍ മലയാളികളുടെ ഇന്നത്തെ ഒരു കൂട്ടായ്മയ്ക്കു വേണ്ടി ഈ ആഘോഷത്തില്‍ മതേത്വരത്ത്വം നമ്മുക്ക് ചേര്‍ക്കാം അനോണി ആന്റണി പറഞ്ഞതു പോലെ ഒരുമിച്ചിരുന്ന് കുടിക്കാം, സത്യത്തില്‍ ഇവിടെ ശരിക്കും സെക്കുലര്‍ ഭാവം വരുന്നുണ്ട്.
  ഐതിഹ്യത്തിലെ വികൃതികള്‍
  മാവേലി (മഹാബലി എന്നതൊരു പേരാവാന്‍ ഒരു വഴിയും ഇല്ല .. മഹത്തായ ഒരു ത്യാഗ മരണം .. അതിന്റെ മഹാബലി എന്നു വിളിച്ചൂടെ രക്ത സാക്ഷിത്വം എന്നൊക്കെ വിളിക്കുനത് പോലെ - അന്ന് രാഷ്ട്രീയക്കാരില്ലാത്തത് നന്നായി അല്ലെങ്കില്‍ ഇന്നു ഓണത്തിന് പകരം മാവേലിയുടെ രക്തസാക്ഷിത്വ ദിനമായി ആഘോഷിച്ചേനെ... ഈശ്വരാ രക്ഷ-) എന്ന ചക്രവര്‍ത്തി ഒരു അസുരനായാണല്ലോ സങ്കല്‍‌പ്പം ശരിക്കും പറഞ്ഞാല്‍ ദ്രാവിഡനായ ദളിതന്‍ (ഇരുണ്ട തൊലിക്കാരായ ദ്രാവിഡരെ നീച മനുഷ്യരായ രാക്ഷസനെന്നോ .. അസുരന്‍ എന്നല്ലാം മുദ്രകുത്തിയ ആര്യ വംശരുടെ പ്രചരണ തന്ത്രം) അദ്ദേഹത്തിന്റെ ഭരണത്തില്‍ ജാതീതിതമായൊരു ചിന്തയ്ക്ക് വലിയ സ്ഥാനം ഉണ്ടായിരുന്നിരിക്കാം, ദളിതന്റെ ഭരണത്തില്‍ ദളിതന്‍ അടിമപണിക്ക് വിധേയനാവേണ്ട അവസ്ഥ വരുന്നില്ല ഇതില്‍ അസൂയ പൂണ്ട ആര്യവംശം ചതിയിലൂടെ മാവേലിയെ, അദ്ദേഹത്തിന്റെ ഭരണ വ്യവസ്ഥതയെ ഇല്ലാതാക്കി (ആര്യമാര്‍ ദേവന്മാരെന്ന പ്രചരണം പാമരില്‍ വിശ്വാസമുണ്ടാക്കി) ആശ്വാസമെന്ന നിലക്ക് മാവേലിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കുന്നു .. എല്ലാ ജാതികള്‍ക്കും തുല്യ സ്ഥാനം നല്‍കിയ മാവേലിയുടെ ഓര്‍മ്മ ഏകത്വം ഓര്‍മ്മിപ്പിക്കുന്നുവെങ്കിലും ആ ഏകത്വത്തില്‍ സെമറ്റിക്ക് മതങ്ങള്‍ക്ക് സ്ഥനമുണ്ടാവാന്‍ ചരിത്രം അനുവധിക്കുന്നില്ല, മാത്രമല്ല ഒരു യഥാര്‍ത്ഥ മുസ്ലിം ബിംബാരാധയിലധിഷ്ടിതമായ വിശ്വാസ പ്രമാണങ്ങളെ ഉള്‍കൊള്ളാനാവുകയും ഇല്ല അങ്ങനെ വന്നാല്‍ അവര്‍ സിര്‍ക്ക് ചെയ്യുന്നവനാവും , സിര്‍ക്ക് ചെയ്യുന്നവന്‍ ഇസ്ലാമിന് പുറത്താണ്... ഇവിടെ മതേത്വരത്ത്വം എന്ന സങ്കല്പം അഞ്ജല്‍ക്കാരന്‍ പറഞ്ഞതു മാത്രമാണ്.

  ReplyDelete
 15. വിഷ്ണുമാഷേ , ഉത്സവങ്ങളും ആഘോഷങ്ങളും കൊണ്ടാടുവാന്‍ പണമല്ല വേണ്ടത്‌, നല്ല മനസ്സാണു. മനസ്സുകളുടെ കൂടിച്ചേരലാണു ഉത്സവങ്ങള്‍. മനുഷ്യര്‍ ഒത്തുകൂടി തിന്നും,കുടിച്ചും,ആടിയും പാടിയും അങ്ങിനെ ആര്‍മ്മാദിക്കുക ! അങ്ങിനെയായിരിക്കണം ഏതൊരു ഉത്സവങ്ങളും ആവിര്‍ഭവിച്ചിരിക്കുക . ആ അര്‍ത്ഥത്തില്‍ എല്ലാ ഉത്സവങ്ങളും മതേതരമാണു. മതങ്ങള്‍ ഉടലെടുത്തിട്ട്‌ ചില്ലറ വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ഉദാഹരണത്തിനു ഇസ്ലാം മതം 1500 വര്‍ഷങ്ങള്‍ക്കിപ്പുറത്ത്‌, കൃസ്ത്യന്‍,ബുദ്ധമതങ്ങള്‍ യഥാക്രമം 2000,2500 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പും ഒക്കെയാണല്ലോ . അതിനും മുന്‍പേയുള്ളതാണു ഇന്നും തുടര്‍ന്നു വരുന്ന ഓണം പോലെയുള്ള ആഘോഷങ്ങള്‍ . ഇന്നു പക്ഷെ ഉത്സവങ്ങള്‍ എന്നു പറയുന്നത്‌ വെറും പര്‍ച്ചെയിസിങ്ങ്‌ മാത്രമായി ചുരുങ്ങി . നഗരത്തില്‍ പോയി വേണ്ടുന്നതും, വേണ്ടാത്തതുമായി കുറെ സാധനങ്ങള്‍ വാങ്ങിക്കെട്ടി വരുക എന്നതാണു ഓണവും അതുപോലെ മറ്റു ആഘോഷങ്ങളും കൊണ്ട്‌ ഇന്ന് ഉദ്ധേശിക്കുന്നത്‌.

  പ്രിയപ്പെട്ട കൈപ്പള്ളി.. എനിക്ക്‌ ഈ വിഷയത്തെക്കുറിച്ചു കുറച്ചധികം പറയാനുണ്ടായിരുന്നു. പക്ഷെ അത്‌ പിന്നെയാകാം ...
  ഓണാശംസകളോടെ.....

  ReplyDelete
 16. ഓണം സര്‍ക്കാരിന് നല്ല നികുതി വരുമാനം കിട്ടുന്ന ഉത്സവമാണ്. അത്‌ മതേതരമായിരുന്നാല്‍ കൂടുതല്‍ കിട്ടും. ഓണത്തിനു പിന്നിലെ ഐതിഹ്യം ഡിലീറ്റ്‌ ചെയ്താല്‍ നല്ലതായിരുന്നു. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക്‌ പാല്‍ പഴം പച്ചക്കറികളിലൂടെ രാസ,കള, കുമിള്‍, കീടനാശിനികള്‍ കേരളീയരെ തീറ്റിക്കുവാനൊരവസരം അവര്‍‍ക്ക്‌ കാശുണ്ടാക്കുവാനും. പൊടിപൊടിച്ച കച്ചവടം കേരളത്തില്‍ നടക്കുമ്പോള്‍ ഖജനാവിലേയ്ക്കുള്ള വരുമാനം അറിയാനെന്താണൊരു മാര്‍ഗം. അപ്പോള്‍ ദിവസവും ഓണം ആകാം അല്ലെ.

  ReplyDelete
 17. അഞ്ചല്‍കാരന്‍ പറഞ്ഞതിനെ പിന്താങ്ങിക്കൊണ്ട് മറ്റൊന്നുകൂടി പറയട്ടെ, “നല്ലൊരു ഇന്നലെ നമുക്കുണ്ടായിരുന്നു എന്ന് ഓര്‍മ്മിക്കുവാനൊരു ദിവസം അത് നല്ലൊരു നാളെ ഉണ്ടാവുമെന്ന് വിശ്വസിക്കാനും പ്രയത്നിക്കാനും ഉപകരിക്കുമെങ്കില്‍ ജാതി-മതഭേദമന്യേ ആചരിക്കാനുതകും. നല്ലതിനെതിരെ എല്ലാക്കാലത്തും കുത്തിത്തിരുപ്പുണ്ടായിരുന്നതായും ഐതിഹ്യങ്ങള്‍ വെളിപ്പെടുത്തുന്നു. ഇതില്‍ ഹിന്ദുക്കളുടെ പൂജകള്‍ മാറ്റി നിര്‍ത്തിയാല്‍ തികച്ചും മതേതരത്വമായ ഒരാഘോഷമാണ് ഓണം. കാലം വിതക്കുന്ന വിഷ ബീജങ്ങള്‍ പലതും വര്‍ഗ്ഗീയവല്‍ക്കരിക്കുമ്പോള്‍ നമുക്കതില്‍ നിന്നും മാറി നിന്ന് ആത്യന്തികമായി മനുഷ്യരാണ് നാ‍മെന്നു വിശ്വസിച്ചുകൊണ്ട് പൊതുനന്മയിലൂന്നുന്ന എന്തിനേയും വരവേല്‍ക്കാം ആ‍ഘോഷിക്കാം, അതിനു ഉത്സവമെന്നോ, പെരുന്നാളെന്നോ, പടയണിയെന്നോ, എന്തു കുന്തം വേണമെങ്കിലും പറയട്ടെ,,, എല്ലാവര്‍ക്കും നന്മ നിറഞ്ഞ, സമൃദ്ധി നിറഞ്ഞ വര്‍ഷങ്ങള്‍ പ്രദാനം ചെയ്യട്ടെ എന്ന് ആശംസിച്ചുകൊണ്ട്,

  ReplyDelete
 18. ആദ്യം ഓണാശംസകള്‍!

  നല്ലൊരു ചര്‍ച്ചയ്ക്കാണ്‌ ചേട്ടായി തുടക്കമിട്ടിരിക്കുന്നത്‌!

  ചിങ്ങത്തിലാണ്‌ ഞങ്ങടെ നാട്ടില്‍ (വര്‍ക്കല) വയലുകളൊക്കെ കൊയ്തിരുന്നത്‌. ഓണത്തിനു മുന്‍പ്‌ കൊയ്ത്‌ തീര്‍ക്കാന്‍ എല്ലാരും തിരക്ക്‌ പിടിക്കുമായിരുന്നു.

  സിബു ചേട്ടന്റെ നാട്ടില്‍ എങ്ങനെയാന്ന് എനിക്കറിയില്ല. ഓണം എന്ന് പറയുന്നത്‌ വിളവെടുപ്പ്‌ മഹോത്സവം തന്നെയല്ലേ?

  ഇനി വളരെ രസകരമായ ഒരു സംഗതി ഈയിടയ്ക്ക്‌ എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു - ചേരമാന്‍ പെരുനാള്‍ ഇസ്ലാം മതം സ്വീകരിച്ച്‌ മക്കത്തേക്ക്‌ യാത്രയായത്‌ ഒരു തിരുവോണത്തിന്‍ നാളില്‍ ആണെന്നും, അതിന്റെ ഓര്‍മ്മയ്ക്കായാണ്‌ ഓണം ആഘോഷിക്കാന്‍ തുടങ്ങിയതെന്നും മലബാര്‍ മാനുവലില്‍ ലോഗന്‍ സൂചിപ്പിച്ചിട്ടുണ്ടത്രേ!

  എന്താകും ഓണത്തിന്റെ ചരിത്രം?

  ReplyDelete
 19. നൂനപക്ഷത്തിന്റെ ഓണവും മതേതരത്വവുമാണല്ലോ കൈപ്പള്ളീയുടെ അന്വേഷണം.

  1 ഓണം കേരളത്തിന്റെ ഒരാഘോഷമായി തുടങ്ങിയ കാലത്ത് അവിടെ ന്യൂനപക്ഷവും ഭൂരിപക്ഷവും എന്ന വേര്‍തിരിവില്ലായിരുന്നു എന്നാണ് മനസ്ലിലാക്കേണ്ടത്. ചരിത്രപരമായി നോക്കുമ്പോള്‍(അത്ര ലാവിഷ് ആയ ചരിത്രം ഇല്ല)ക്രിസ്തുവിനു മുന്‍പ് രണ്ടാം നൂറ്റാണ്ടില്‍ ഓണം മധുരയില്‍ ആഘോഷിച്ചിരുന്നതായി തെളിവുകള്‍ ഉണ്ട്.

  അന്നു കേരളത്തിലെന്നല്ല ഇന്ത്യയിലെല്ലായിടത്തും ‍മതങ്ങള്‍ ഇന്നത്തേതു പോലെ അല്ലായിരുന്നു എന്നും വിശ്വസിയ്ക്കാവുന്നതാണ്. അതായത് മതങ്ങള്‍ സെക്കുലര്‍ ആയിരുന്നു. അല്ലെങ്കില്‍ ദൈവം മതങ്ങളുടെ ഒരന്വേഷണമായിരുന്നു.

  അതിനു ശേഷമാണ് ഇന്ത്യയില്‍ ഹിന്ദുമതമെന്ന ആശയം ഉണ്ടായതു, ക്രിസ്ത്യാനിയും മുസ്ലീമും ഒക്കെയായി ജനം മാറിയതും.

  ചുരുക്കത്തില്‍ ഓണം മാത്രമല്ല, ഇന്ത്യയിലെ അഥവാ കേരളത്തിലെ എല്ലാ പുരാതന ആഘോഷങ്ങളും സെക്കുലര്‍ ആയിരുന്നു എന്നു കരുതാം.

  ഇന്ത്യയിലെ എല്ലാ ആചാരങ്ങളേയും ഹിന്ദു/ബ്രാഹ്മണമതത്തിന്റെ വരുതിയില്‍ കൊണ്ടു വരുന്നതിനു അതിന്റെ ഒടേര് എടുത്ത മാര്‍ഗങ്ങളാണ് പുരാണങ്ങളും, മിത്തുകളും.

  അവയുടെ സഹായത്തോടെ ‘ബ്രാഹണര്‍’ആചാരങ്ങളും ആഘോഷങ്ങളും ഒക്കെ സ്വന്തമാക്കി.മാവേലി അതിലൊരു മിത്ത് ആണ്.

  ഒത്തിരി ഒത്തിരി ഇതിനേക്കുറിച്ചെഴുതാനുണ്ട്. പക്ഷെ മിത്തുകളുടെ വാല്‍മീകത്തിനുള്ളില്‍ ചരിത്രം തുടിയ്ക്കുന്നുമുണ്ട്. ‍

  അപ്പോള്‍ ഓണം കേരളത്തിലെ ‘ന്യൂനപക്ഷങ്ങളുടെ’ ‍സംസ്കാരിക പാരമ്പര്യമാണ്. അതാഘോഷിയ്ക്കാന്‍ എന്തു കൊണ്ട് അവരു മുന്നോട്ടു വരുന്നില്ല എന്നുള്ളതു പ്രസക്തമായ ഒരു ചോദ്യമാണ്.

  കേരളത്തിന്റെ സംസ്കാരത്തേയും, ചരിത്രത്തേയും വൈകാരികമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ഓണത്തിന്റ മതേതരത്വത്തെ ഉള്‍ക്കൊള്ളാന്‍ കഴിയൂ. ക്രിസ്ത്യാനിയും, മുസല്‍മാനും മാത്രമല്ല, ഹിന്ദുവും ഇതു മനസിലാക്കേണ്ടിയിരിയ്ക്കുന്നു.

  അതെങ്ങനെ മനസിലാക്കാം എന്നുള്ളത് വലിയ ഒരു പഠനപ്രക്രിയയാണ്.

  2 ഇനി ഓണത്തില്‍ അടങ്ങുന്ന സെക്കുലര്‍ എലിമെന്റുകളേക്കുറിച്ചു ചോദിച്ചാല്‍

  മാവേലി ഓണത്തിന്റെ ഒരു മിത്താണ് എന്നു നെരത്തേ പറഞ്ഞുവല്ലോ? പക്ഷെ ആ മിത്തിന്റെ ഉള്ളില്‍ കേരളത്തിന്റെ ചരിത്രമുണ്ട്. അതു സെക്കുലര്‍ ആണ്.

  ഇന്ന് ഓണം അമ്പലങ്ങളില്‍ കോണ്ടാടുന്നുണ്ട്. മിത്തുകളെ വ്യാപാരവല്‍ക്കരിച്ചതില്‍ അമ്പലങ്ങളുടെ സ്ഥാനം വലുതാണല്ലോ. എന്നാല്‍ കേരളത്തില്‍ ഓണവുമായി വളരെ കൂട്ടി മുട്ടിച്ചു വച്ചിരിയ്ക്കുന്നത് തൃക്കാക്കര ക്ഷേത്രത്തെ ആണ്.

  തൃക്കാക്കര ക്ഷേത്രവും ഓണവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് 9/14/2003 ല്‍ പുഴ മാഗസിനില്‍ ഒരു ലേഖനം വന്നിരുന്നു. അതെഴുതിയ ആളിന്റെ പേര് അറിയാന്‍ കഴിയുന്നില്ല. ആ ലേഖനം അനുസരിച്ച്, തൃക്കാക്കര അമ്പലത്തെക്കുറിച്ച് ക്രിസ്തുവിനു മുന്‍പ് നാലാം ശതകത്തില്‍ കേരളത്തില്‍ വന്ന മെഗസ്തനീസ് എഴുതിയിരുന്നു

  അതുപോലെ ഈ ക്ഷേത്രത്തിന്റെ അന്നത്തെ അവകാശികള്‍ പുലയരും പുലയനാടുവാഴികളുമായിരുന്നു.

  ചെരനാടു ഭരിച്ചിരുന്ന ഇന്ദ്രവിഴ എന്ന ചേരരാജാവാണ് ഓണം ഒരാഘോഷമായി തുടങ്ങിയത് എന്നും പറയുന്നു.

  ഇനിയും കൂടുതല്‍ ഇപ്പോള്‍ എഴുതുന്നില്ല.

  കൈപ്പള്ളിയുടെ ഈ അന്വേഷണം ഒരു ഗവേഷണത്തിനുള്ള വകയുണ്ട്.

  തല്‍ക്കാലം നിര്‍ത്തട്ടെ.

  ReplyDelete
 20. പൂക്കളവും തിരുവാതിരകളീയും ഓണത്തപ്പനും ഒന്നുമില്ലെങ്കിലും ഓണസദ്യയും, ഊഞ്ഞാലും, ബന്ധുക്കളുടെ ഒത്തു ചേരലും എല്ലാം തീര്‍ച്ചയായും നമ്മുടെ വീട്ടിലും ഉണ്ട്. ആഫ്റ്റ്രോള്‍, ഐതിഹ്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഇതോരു ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ആണല്ലോ?

  ReplyDelete
 21. ഞാനിവിടെ ചിലതൊക്കെ കുറിച്ചിട്ടുണ്ടായിരുന്നു.
  http://ralminov.blogspot.com/2006/09/onam-hijacked-harvest-festival.html

  ReplyDelete
 22. കൈപ്പള്ളിയുടെ നല്ല ചോദ്യം.
  മാവേലി കേരളത്തിന്റെ നല്ല ഉത്തരം.

  ReplyDelete
 23. AS a true muslim 1 cant follo the rites of onam. but if it enhances harmony among people beyond religion, its ok 4 muslims too to celebrate onam. Again A true muslim cant believe in the onam myth. just in the case of vande matharam. tht song consists some thing which is against the one and only one god concept of islam (Hidayath). still famous muslims during indpndnce mvmnt used to respect and recite vande mataram only coz of patrioticm. this dsnt mean that muslim is against it.
  At last
  prpht mohd (pbuh) once was meeting jews to reach in an a harmony deal in a masjid. then jews prayer time aproached. Mohd, pbuh without hesitation provided the mosque to th jews to pray. thats mohd, pbuh and islam. pls reply

  ReplyDelete
 24. Dear Hassan.
  Thank you for that comment.

  Many malayalees do not go along with the myth of Onam.

  Sadly the spirit and the context has been sucked out of Onam.

  As my peers have pointed out in the earlier comments. The Myth of Onam has gained popularity in recent decades.

  Having said that. I respectfully would like to question you on the use of the term "True Muslim". It naturaly draws the implication that there exists such a congregation as false muslims.

  I wouldn't know? I am neither.

  Further if this is an attempt to draw me into a religious discussion. I am sorry. A malayalam blog is hardly a place to discuss accademic matters.

  Once again thank you for your comment.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..