Monday, July 09, 2007

Part 1 - The ഓര്‍മ്മാസ് & The കുറിപ്പ്സ് - ശാമുവേലിന്റെ രാക്കരച്ചില്‍

1996. അബു ദാബിയില്‍ നിന്നും ദുബായിലേക്ക് ജോലി കിട്ടിയ ആദ്യത്തെ ആഴ്ച തന്നെ ഞാന്‍ കമ്പനി തന്ന Flatലേക്ക് താമസം മാറിയിരുന്നു.
നല്ല ഒരു ഇരുനിലക്കെട്ടിടത്തിലെ താഴത്തെ നിലയിലായിരുന്നു എന്റെ താമസം. അന്ന് എനിക്ക് വണ്ടി ഉണ്ടായിരുന്നില്ല. കമ്പനി ഒരു വണ്ടി വര്ഷ വാടകക്ക് എടുത്തു തന്നു. ഒരു ഒണക്ക Mazda Lantis. എന്റെ വീടിന്റെ അടുത്ത കെട്ടിടത്തിലായിരുന്നു ആ car rental company സ്ഥിതി ചെയ്തിരുന്നത്. നല്ല കാര്യം അല്ലെ. (അതിനെ പറ്റി വരും അദ്ധ്യായങ്ങളില്‍)

സാം എന്ന ശാമുവേല്‍ ആയിരുന്നു എന്റെ സഹമുറിയന്‍. അയാള്‍ ഒരു പെന്തകോസ്തല്‍ കുടുംബത്തില്‍ പെട്ട മൂത്ത കുഞ്ഞാടായിരുന്നു. അവന്റെ മമ്മി അബുദാബിയില്‍ എന്റെ ഉമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ഓഫീസ് സ്റ്റാഫ് ആയിരുന്നു. അവര്‍ തമ്മില്‍ വലിയ പരിചയം ഒന്നുമില്ലായിരുന്നു. ഭാഗ്യം.

സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ എന്റെ വീടു് അന്നു് ഫ്രാന്സ് ആയിരുന്നു; സാമിന്റേത് ഉത്തര കൊറിയയും. കൃത്യം ആറടി ഒന്നരയടി വീതിയുള്ള മീശക്കാരനായിരുന്നു സാമിന്റെ പപ്പ. അദ്ദേഹത്തെ ഒരിക്കലെ ഞാന്‍ കണ്ടിട്ടുള്ളു. കണ്ടപ്പോള്‍ തന്നെ ആദ്യത്തെ ദിവസം എന്നോടു ഏത് സഭക്കാരനാണു് എന്ന് ചോദിച്ചു. അതിനു ശേഷം ഞാന്‍ അദ്ദേഹത്തെ മുഖത്തൊടു മുഖം കണ്ടിട്ടില്ല.

ഞാന്‍ പഠിച്ച സ്കൂളില്‍ എന്റെ നാലു വര്‍ഷം ജൂനിയര്‍ ആയിരുന്നു ശാമുവേല്‍. ഞാന്‍ സ്കൂളിലെ "വന്‍ താരമായതുകൊണ്ട്" ഒരിക്കല്‍ ദുബയില്‍ വെച്ച് യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോള്‍ അവന്‍ എന്നെ തിരിച്ചറിഞ്ഞു. ഒരു കോളേജില്‍ പഠിക്കുകയാണെന്നും താമസിക്കാന്‍ ഒരു സ്ഥലം അന്വേഷിക്കുകയാണെന്നും സാം പറഞ്ഞു. എന്നോടൊപ്പം താമസിക്കാന്‍ ഞാന്‍ ക്ഷണിച്ചു. ഞാന്‍ ഒറ്റക്കാണെന്നും കമ്പനി ഫ്ലാറ്റ് ആയതിനാല്‍ എനിക്ക് വാടക തരേണ്ടെന്നും ഞാന്‍ പറഞ്ഞു. പൊതുവേ ജീവിതം വിരസമായിരുന്നു. സോഡിയം വേപ്പര്‍ കിരണങ്ങള്‍ വിതച്ച തെരുവിലൂടെ ഞങ്ങള്‍ പീത്സ കഷ്ണങ്ങളും തിന്നു നടക്കുമായിരുന്നു. സംഭവരഹിതമായി ജീവിതം അങ്ങിനെ മുന്നോട്ടുപോയി.

കുറച്ചു മാസങ്ങള്‍ കടന്നു പോയി. സാമിന്റെ ചിലവിനു കാശ് കൃത്യമായി വീട്ടില്‍ നിന്നും കൊടുക്കാറുണ്ടായിരുന്നു ; എങ്കിലും കുറച്ചു നാളുകളായി അവന്റെ പോക്കറ്റ് എപ്പോഴും കാലിയായിരുന്നു. മദ്യപാനം, പുകവലി, ഫോണ്‍വിളി, പെണ്‍വിളി ഒന്നുമില്ലായിരുന്നു. സിഗ്നലിനടുത്തുള്ള മലബാറി കടയില്‍ ചപ്പാത്തിയും (വയറിളക്ക് ഗുളികയേക്കാള്‍ വീര്യമുള്ള !) മസാലയും കഴിക്കാന്‍ ഞാന്‍ സ്ഥിരം കൂട്ടികൊണ്ടു പോകാറുണ്ടായിരുന്നു.

ദുബയ് പട്ടണത്തിലെ ആദ്യകാല Internet Technology സ്ഥാപനത്തിലായിരുന്നു എന്റെ ജോലി. അവിടെ അനേകം രാത്രികള്‍ ഞാന്‍ അറിയാതെ മയങ്ങിയിട്ടുണ്ട്. ജോലിത്തിരക്ക് കൂടിയപ്പോള്‍ ഞാന്‍ രാത്രി വൈകിയായിരുന്നു ഫ്ലാറ്റില്‍ എത്താറുണ്ടായിരുന്നത്. അപ്പോഴാണു സാമിന്റെ വിചിത്രമായ ഒരു സ്വഭാവം ഞാന്‍ മനസിലാക്കിയത്. ഇവന്‍ രാത്രികളില്‍ എണീറ്റിരുന്നു് കരയാറുണ്ടായിരുന്നു. ചിലപ്പോള്‍ കരച്ചില്‍ രൂക്ഷമാകാറുണ്ടായിരുന്നു.

ബാല്യം മുതല്‍ സുഹൃത് ബന്ധമുള്ള എന്റെ രണ്ടു സുഹൃത്തുക്കളില്‍ ഒരാളാണു് പൌലോസ്. സാധാരണ എയറൊനോട്ടിക്കല്‍ എഞ്ചിനീയറിംഗിലും സ്ത്രീ വിഷയത്തിലും എന്റെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഫോണ്‍ വിളിക്കുന്നത് പൌലോസിനെയാണു. പൌലൊസിനു് സ്ത്രീകളെ കുറിച്ച് പണ്ടെ നല്ല വിജ്ഞാനമാണു . സാങ്കേതിക കാരണത്താല്‍ അദ്ദേഹം ഇപ്പോള്‍ ഭാര്യാരഹിതനാണു് എന്നത് ഒരു പ്രശ്നമായി ഞാന്‍ കരുതിയിട്ടില്ല എന്നും ഓര്‍മ്മിപ്പിക്കട്ടെ.

ചെറുക്കന്റെ ഈ രാക്കരച്ചില്‍ കേട്ട് എനിക്ക് പേടിയായി. ഇവന്‍ എന്തിനാണു് ഈ രാത്രി എണീറ്റിരുന്ന് ഇങ്ങനെ കരയുന്നത്? ഇനി മുഹറത്തിനു് ഷിയാകള്‍ നടത്തുന്ന സ്വയമര്‍ദ്ദനശിക്ഷ പോലുള്ള വല്ല മതാചാരവുമാണോ? അതോ ബുദ്ധിഭ്രംശം സംഭവിച്ചോ? പ്രശ്നത്തിനു പരിഹാരം കാണാന്‍ ഞാന്‍ പൌലൊസിനെ വിളിച്ചു.

ഒരാളിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ തലയിടുന്നത് എനിക്ക് തീരെ താല്പര്യമില്ലാത്തതിനാല്‍ ഞാന്‍ വളരെ നയപരമായി അവനോടു കാരണം തിരക്കി. അപ്പോഴാണു മനസിലായത് സാമിനു് ഒരു സ്ത്രീയുമായി ബന്ധം ഉണ്ടെന്ന്. പക്ഷെ ഞാന്‍ സംശയിച്ചിരുന്നപോലെ അവര്‍ തമ്മില്‍ പ്രണയത്തിലൊന്നുമല്ലായിരുന്നു. അതു മാത്രമല്ല അവള്‍ വേറെ ഏതോ ഒരുത്തനോടൊപ്പം താമസവുമായിരുന്നു. അയാള്‍ ഇതറിഞ്ഞാല്‍ സാമിനു് ഒരു നല്ല ഇടി ഉറപ്പ് എന്നുള്ള കാര്യത്തില്‍ സന്ദേഹമുണ്ടായിരുന്നില്ല. അവള്‍ക്കാകട്ടെ സാമിനേക്കാള്‍ 14 വയസു പ്രായക്കൂടുതലുണ്ടായിരുന്നു. എന്നേക്കാള്‍ 10 വയസു മൂപ്പുണ്ടായിരുന്നു അവള്‍ക്ക്. അപ്പോള്‍ എനിക്കെത്ര വയസ്സ്, അവള്‍‌ക്കെത്ര വയസ്സ്, സാമിനെത്ര വയസ്സ്? കിഴക്കോട്ടു പോയ തീവണ്ടിയുടെ പുക എങ്ങോട്ട് പോയി? കണ്‍ഫൂഷം കുല കുത്തി വാണു.

അവള്‍ അവനോടു കുറെ ഹൃദയദ്രവീകരണശക്തിയുള്ള കഥകള്‍ പറഞ്ഞിരുന്നുവത്രെ. അവളുടെ കാമുകന്‍/സഹമുറിയന്‍ അവളെ പീഡിപ്പിച്ചിരുന്നുവെന്നും, അവന്‍ അവളുടെ പാസ്‌പോര്‍ട്ട് പണയം വച്ചുവെന്നും.....അവള്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കാന്‍ പണമില്ലെന്നും.... അങ്ങനെ കുറെ സ്ഥിരം കേള്‍ക്കാറുള്ള സെന്റി കഥകള്‍. സാം ഈ പെണ്ണിന് എല്ലാ മാസവും 600 ദിര്ഹം വെച്ച് കൊടുക്കാറുണ്ടായിരുന്നു. മലബാറി കടയിലെ ചപ്പാത്തിയുടേയും ചണ്ണ മസാലയുടേയും വിലയെ പറ്റി വല്ല ചിന്തയും ഇവനുണ്ടോ. അവനു് അവളോടു് ഫുള്‍ ടൈം സഹതാപമായിരുന്നു. വരുമാനമില്ലാത്ത ഈ മണ്ടന്‍ അവളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചു. എന്നാല്‍ അതുകൊണ്ടു ഇവനു് എന്തെങ്കിലും പ്രയോജനമുണ്ടോ? അതും ഇല്ല. ചുമ്മാ കാശും കൊടുത്ത് പുറകേ നടക്കല്‍ മാത്രം മിച്ചം. പാവം സാം. മദ്യം തോടാതെ തന്നെ അവന്‍ ഒരു ഫുള്‍ ടൈം ദേവദാസ് ആയി തീറ്‌ന്നു. പിന്നെ രാത്രി ഒടുങ്ങാത്ത കരച്ചിലും. ചുരുക്കത്തില്‍ അവന്‍ അവള്‍ക്കും അവനു ഞാനും ഭക്ഷണത്തിനുള്ള ചിലവു വഹിച്ചു. അപ്പോള്‍ മണ്ടന്‍ ആരായി? യെസ് യുവര്‍ ഓണര്‍. ഞാന്‍ തന്നെ. സ്ത്രീപുരുഷ ബന്ധങ്ങളുടെ അന്തര്‍ലീനതകളെക്കുറിച്ചോ അതില്‍ നിന്നും ഉത്ഭവിക്കുന്ന ബാഷ്പീകരണങ്ങളെക്കുറിച്ചോ മനസിലാക്കാനുള്ള പ്രായം കൈവരിക്കാത്ത ഒരു ഇളം പൈതലിനെ ശരിക്കും മുതലെടുക്കുകയായിരുന്നു ഈ കാപാലിക. ആങ്ഹാ !!! അത്രക്കായോ?

പൌലോസിന്റെ ഉപദേശം അനുസരിച്ച് ഞാന്‍ ചില കാര്യങ്ങള്‍ തീരുമാനിച്ചു. നമ്മള്‍ പണ്ടേ ഭയങ്കര പുലിയായതുകൊണ്ട് കാര്യങ്ങളെല്ലാം വളരെ വ്യക്തമായി അറിയാമായിരുന്നു. ഇതു ഇങ്ങനെ അധികനാള്‍ വിട്ടാല്‍ സിഗ്നലിനടുത്തുള്ള മലബാറി കാക്കയുടെ കടയിലെ പറ്റ് മുഴുവന്‍ ഞാന്‍ കൊടുത്ത് മുടിയും എന്ന കാര്യം മനസിലാക്കാന്‍ എനിക്കധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. അങ്ങനെ ഒരു ദിവസം ഞാന്‍ അവളെ ഫോണില്‍ വിളിച്ച് കാര്യം അന്വേഷിച്ചു. രണ്ടു മണിക്കൂര്‍ സമയം ഫോണില്‍ സംസാരിച്ചുവെങ്കിലും അവളുടെ മറുപടി എനിക്കു തൃപ്തികരമായില്ല. അതിനാല്‍ ഞാന്‍ അവളെ ഫ്ലാറ്റില്‍ പോയി കണ്ടു. ചോദിക്കേണ്ടുന്ന കൂടുതല്‍ വിവരങ്ങള്‍ പോകുന്ന വഴി പൌലോസ് ഫോണിലൂടെ പറഞ്ഞു് തന്നിരുന്നു.

അവള്‍ നഗരത്തിലെ സാമാന്യം ഭേദപ്പെട്ട ഒരു സ്ഥലത്തായിരുന്നു താമസം. അതായത് താഴെ പാര്‍ക്കിംഗ് ലോട്ടില്‍ ഒരൊറ്റ Nissan “സണ്ണി“ച്ചായനോ Toyota "കുരുവിള"യോ ഇല്ലായിരുന്നു. എല്ലാം കൂടിയ ശകടങ്ങളായിരുന്നു. അവളുടെ ഭാവഹാവാദികള്‍ കണ്ടാല്‍ കാശിനു് ബുദ്ധിമുട്ടുള്ളവളാണെന്നു തോന്നുകയുമില്ല. പൌലോസ് പറഞ്ഞു തന്ന പാഠങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ അവളെ സധൈര്യം നേരിട്ടു. കാര്യങ്ങള്‍ എല്ലാം ചോദിച്ചു മനസിലാക്കി. അവള്‍ സെന്റിക്കഥകള്‍ എന്നോടും വിളമ്പി . ഞാനാകട്ടെ അവള്‍ക്ക് ആയിരം ദിര്‍ഹംസ് കടം കൊടുത്തിട്ട് ആ ഫ്ലാറ്റില്‍നിന്നു പുറത്തിറങ്ങി.(ചിരിക്കാന്‍ വരട്ടെ.)

അവളുടെ ദയനീയാവസ്ഥ അറിഞ്ഞിട്ടാണു് കാശു കടം കൊടുത്തത് എന്നാണു ഞാന്‍ സാമിനോടു പറഞ്ഞത്. അവനാകട്ടെ ഇതറിഞ്ഞ് ഞെട്ടി തെറിച്ചു. സാമിന്റെ ഉപദേശിയും ആദര്‍ശധീരനുമായ ഈ ഞാന്‍ ആ പെണ്ണിന്റെ കണ്ണീര്‍ കണ്ട് നിലം‌പരിശായെന്നോ? അസംഭവ് !!! ഇതൊരിക്കലും സംഭവിച്ചുകൂടാ!!! സാമിന്റെ ഗുരുസ്ഥാനീയനും ദുബയിലെ ഏക അന്നദാതാവുമായ വ്യക്തി ഞാനായതിനാല്‍ അവനത് സഹിച്ചില്ല. അവന്‍ കുപിതനായി. സാം അവളെ ഉടന്‍ തന്നെ ഫോണില്‍ വിളിച്ച് കാശ് തിരിച്ച് വാങ്ങാന്‍ അങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞു. എന്നിട്ട് പതിവല്ലാത്ത അധികാരസ്വരത്തില്‍ എന്നോടു പറഞ്ഞു. "വണ്ടി എടുക്ക് അണ്ണ"

ഞാന്‍ എന്റെ ആയിരം ദിര്‍ഹംസ് തിരികെ കിട്ടുന്നതോര്‍ത്ത് പെട്ടെന്നു വണ്ടി സ്റ്റാര്‍ട്ടാക്കി.

അവിടെയെത്തിയ സാം അവളെ ശകാരിച്ചു. എല്ലാ ബന്ധവും ഇതോടെ തീര്‍ന്നു എന്ന മട്ടില്‍ ക്ഷുഭിതനായിട്ടാണു അവന്‍ ഫ്ലാറ്റില്‍ നിന്നിറങ്ങിവന്നത്. ഞാന്‍ അവള്‍ക്ക് കൊടുത്ത രണ്ടു നീല നോട്ടുകള്‍ സാം എന്റെ പോക്കറ്റില്‍ തിരുകിവച്ചുതന്നു. പിന്നെ കുറച്ചു കാലം അവന്‍ അവളുമായി ഫോണില്‍ ചില്ലറ "സൊള്ളല്‍" ഉണ്ടായിരുന്നു. രാത്രി കാലങ്ങള്‍ വീണ്ടും നിശ്ശബ്ദമായി. പിന്നെ ഒരിക്കലും അവന്‍ രാത്രി കരഞ്ഞിട്ടില്ല.

സാമിനു് അവളോടുള്ള പ്രണയം യധാര്‍ത്ഥത്തില്‍ അവളുടെ ദുരവസ്ഥയില്‍ നിന്നും ഉളവായ സഹതാപം മാത്രമായിരുന്നു. അവളുടെ ആ അവസ്ഥ മാറിയാല്‍ പ്രണയത്തിന്റെ അടിസ്ഥാനം തന്നെ തെറ്റും എന്ന് അവനു തോന്നി. പിന്നെ അവളെ കാണാന്‍ കാശുമായി ചെല്ലാന്‍ അവനു് സ്ഥാനമില്ലാതാകും. ആ സ്ഥാനം മറ്റൊരാള്‍ ഏറ്റെടുത്താല്‍ അവനത് ഭീഷണിയായിത്തീരും. മൂന്നാമതൊരാള്‍ കടന്നുവരും. ആരുടെ കയ്യില്‍ നിന്നു് വേണമെങ്കിലും പണം സ്വീകരിക്കാന്‍ മടിയില്ലാത്തവളാണവള്‍ എന്ന് സാമിനു് ബോദ്ധ്യം വന്നു. എല്ലാ പ്രശ്നവും അതോടെ തീര്‍ന്നു. പ്രണയം എങ്ങോ പോയ് മറഞ്ഞു. എല്ലാ പ്രണയവും ശ്രേഷ്ഠമല്ല എന്നും ചിലതെല്ലാം മഹ ചളമാണു് എന്നും ഞാനും മനസിലാക്കി.

സ്ത്രീ വിഷയത്തില്‍ പൌലോസ് ഒരു മഹാ ബുദ്ധിമാനാണു് എന്ന് എനിക്ക് ബോദ്ധ്യമായി.

ഇതു ഒരു കഥയാകുന്നു. അപ്പോള്‍ ജീവിച്ചിരിക്കുന്ന വ്യക്തികളുമായി യാതൊരു ബന്ധവുമില്ല.
വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ പേരുകള്‍ മാറ്റിയിട്ടുണ്ട്

38 comments:

  1. womens liberation പ്രസങ്ങം ഒന്നും വേണ്ട. കഴിഞ്ഞ കാര്യങ്ങളുടെ autopsyയും വേണ്ട. എന്റെ അനുഭവങ്ങളാണു്.
    എനിക്ക എഴുതി പരിചയമില്ല എന്ന കാര്യം നിങ്ങളേവര്‍ക്കും അറിയാം.
    ഭാഷയും ശൈലിയും നന്നാക്കാന്‍ ക്രിയാത്മകമായ വിമര്‍ശനം നള്‍കി സഹായിക്കു.

    സഹിക്കാന്‍ പറ്റില്ല ബോറാണെങ്കില്‍ നിര്‍ത്തും.

    തുടരണമെങ്കില്‍ തുടരും.

    സസ്നേഹം
    :)

    ReplyDelete
  2. കൈപ്പള്ളീ,ഭാഷാപരമായ പ്രശ്നങ്ങളൊന്നും പരിഗണിക്കുന്നില്ല.അനുഭവങ്ങള്‍ വ്യത്യസ്തമാവുമ്പോള്‍ അതിന് പ്രസക്തിയുണ്ട്.സവിശേഷമായ നിങ്ങളുടെ ശൈലിയില്‍ എഴുതിയതുകൊണ്ട് വായിക്കാന്‍ ഒരു രസവുമുണ്ട്.

    ReplyDelete
  3. കൈപ്പള്ളീ, വിഷ്ണു പറഞ്ഞതുപോലെ ഭാഷ ഒരു പ്രശ്നമല്ല. താങ്കള്‍ തുടര്‍ന്നും എഴുതൂ.

    ReplyDelete
  4. ഒരു കൂട്ടുകാരനെ കപട പ്രണയത്തിന്റെ വാഷ്പീകരണത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആയിരം ദീര്‍ഹം റിസ്ക് ചെയ്ത് നടത്തിയ സൈക്കോളജികല്‍ ത്രില്ലര്‍ ഇഷ്ട്പ്പെട്ടു. എങ്കിലും ഒറ്റ സംശയം ബാക്കി, "നല്ല ഒരു ഒറ്റനിലക്കെട്ടിടത്തിലെ താഴത്തെ നിലയിലായിരുന്നു എന്റെ താമസം" ആ ഒറ്റനിലകെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ആരായിരുന്നുകാണും?

    ReplyDelete
  5. * ഇതു ഒരു കഥയാകുന്നു. അപ്പോള്‍ ജീവിച്ചിരിക്കുന്ന വ്യക്തികളുമായി യാതൊരു ബന്ധവുമില്ല.


    ** വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ പേരുകള്‍ മറ്റിയിട്ടുണ്ട്

    HAHAHA! Athu Kalakki ;)
    Jeevichchirikkaatha vyakthikalkku svakaaryathayO? ;)

    ReplyDelete
  6. ഭാഷയെക്കെ അവിടെ നില്‍ക്കട്ടെ മാഷെ....

    നിങ്ങടെ സ്വന്തം ശൈലിയില്‍ എഴുതു ഇത്തരം അനുഭവങ്ങള്‍ ! നന്നായിരിക്കുന്നു....

    പൌലോസ് ആളു പുലി തന്നെ :)

    ReplyDelete
  7. ഇടിവാള്‍
    അതില്‍ ഏതു വേണ്മെങ്കിലും എടുക്കാം. ഇല മുള്ളില്‍ വീണാലും ഇലയുടെ പ്റത്തോട്ട് നമ്മള്‍ ചാടി വീണാലും നമ്മള്‍ careful അയിരിക്കണ്ടെ. വീഴുമ്പോള്‍ കറക്‍റ്റായിട്ട് വീഴണ്ടേ.

    ReplyDelete
  8. ആ‍ഹ. നന്നായിട്ടുണ്ട് അനുഭവകഥ. ഭാഷയ്ക്ക് അനുഭവസാക്ഷ്യത്തില്‍ യാതൊരു പ്രസക്തിയുമില്ല. പൌലോസ് ആളുപുലിയാണല്ലേ..

    ReplyDelete
  9. ഒറ്റനിലക്കെട്ടിടത്തിലെ താഴത്തെ നിലയിലായിരുന്നു താമസമെങ്കിലും കഥയുമായി ബന്ധമില്ലാത്ത ജീവിച്ചിരിപ്പില്ലാത്ത വ്യക്തികളുടെ പേരുകള്‍ മാറ്റീയിട്ടുണ്ടെങ്കിലും സംഗതി ഉഷാറായിട്ടുണ്ട്.
    “അവള്‍ക്ക് സാമിനേക്കാള്‍ 14 വയസു മൂപ്പുണ്ടായിരുന്ന. എന്നേക്കാള്‍ 10 വയസു മൂപ്പുണ്ടായിരുന്നു അവള്‍ക്ക്. അപ്പോള്‍ എനിക്കെത്ര വയസ്, അവള്‍ക്ക് എത്ര വയസ്, സാമിനു് എത്ര വയസു്“ പണ്ടെന്നോ ചെയ്ത വഴിക്കണക്കിലെ വഴികളെല്ലാം പരതിയിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.
    വ്യത്യസ്തമായ അവതരണ രീതി, good.

    ReplyDelete
  10. ശൈലിയും അനുഭവവും വായനാ രസം നല്‍കി.:)

    ReplyDelete
  11. ഓര്‍മ്മക്കുറിപ്പാണെങ്കിലും ഇതില്‍ ഒരു പൊതുവായ വിഷയം അടങ്ങിയിരിപ്പുണ്ട് - പലര്‍ക്കും പറ്റിയ അല്ലെങ്കില്‍ പറ്റാവുന്ന!

    ഇത് ബോറൊന്നുമല്ല, രസമുണ്ട് വായിക്കാന്‍... തുടരൂ... പക്ഷെ, ഇതും ഒരു മാവിലേറാണ് കേട്ടോ :)

    ReplyDelete
  12. ആയിരം ദിര്‍ഹം പുല്‍സ്‌ പുല്‍സ്‌ ആയിട്ടു വലിച്ചെറിഞ്ഞയാളല്ലെ....വീരാ.... ഗംഭീരം....
    എഴുത്തിന്റെ ശൈലി നല്ലതാണ്‌.

    ReplyDelete
  13. കൈപ്പള്ളീ,

    വാ വാ, അനുഭവത്തിന്റെ വലിയ ഭന്ധാരങ്ങള്‍ ഒന്നൊന്നായി തുറന്നാലും. നല്ല രസമായി, സുഖിച്ച് വായിച്ചു.
    -നിര്‍ത്തുകയോ? പരസ്യത്തില്‍ പറഞ്ഞപോലെ ‘അക്കാര്യം മറന്നേക്കൂ”

    അഭിനന്ദനങ്ങളോടെ,

    ReplyDelete
  14. ചാത്തനേറ്:1000 ദിര്‍ഹം വലിച്ചെറിഞ്ഞത് പൌലോച്ചന്‍ തന്ന അടവായിരുന്നല്ലേ!!! എന്നാലും ഒരു 500 പോരായിരുന്നോ? തിരിച്ച് കിട്ടീലായിരുന്നെങ്കിലോ?

    ReplyDelete
  15. കീ ബോര്‍ഡില്‍ മലയാളം എഴുതാന്‍ അറിയാവുന്നവനെല്ലാം എഴുത്തുകാരനായി. ഒരു വരി മുറിക്കാനറിയാവുന്നവനെല്ലാം കവിയായി. ഫോണില്‍ കാമറ പ്രവര്‍ത്തിപ്പിക്കാനറിയാവുന്നവനെല്ലാം ഫോട്ടോഗ്രാഫറായി.

    കൈപ്പള്ളി,
    മുകളിലെ വരികള്‍ അങ്ങയുടെത്താണ്‌, അതിന്റെ ചുടാറിയിട്ട്‌ പോരെ മാഷെ,
    എല്ലാവിധ ബഹുമാനവും നിലനിര്‍ത്തികെണ്ട്‌ തന്നെ ചോദിക്കട്ടെ, ഇത്‌ അങ്ങ്‌ പറഞ്ഞ എത്‌ ഗണതില്‍ പെടും. ഇത്‌ ചോദിക്കാനോ പറയനോ ഒരുത്തനും ഇവിടെ വരില്ലെന്നറിയാം. അവര്‍ക്ക്‌ കൈപ്പളിയെന്ന ആള്‍ദൈവത്തെ പേടിയ, ബഹുമാനമല്ല.

    പിന്നെ അങ്ങയുടെ ബ്ലോഗില്‍ ഡിസിപ്ലിന്‍ വേണമെന്ന് പറഞ്ഞിരുന്നു. അത്‌ പോസ്റ്റിന്‌ വേണ്ടല്ലെ.
    QWERTY

    ReplyDelete
  16. അണ്ണാ,
    അടുത്ത ഭാഗം പോരട്ടെ.

    ReplyDelete
  17. വിഷ്ണു പ്രസാദ്, വിമതം, ഇടിവാള്‍, തക്കുടു പുള്ളി,കുട്ടമ്മേനൊന്‍| KM , ആപ്പിള്‍കുട്ടന്‍ ,
    ആപ്പിള്‍കുട്ടന്‍ , ദില്‍ബാസുരന്‍ : നന്ദി.



    ബഹുമാനപ്പെട്ട ബീരന്‍ കുട്ടി.
    താങ്കളാണു് എന്നോടു ഇതെല്ലാം എഴുതാന്‍ എന്നോടു പറഞ്ഞത്
    .
    സാരമില്ല. താങ്കള്‍ക്ക് എന്റെ ഭാഷയും ശൈലിയും ഇഷ്ടപ്പെട്ടില്ല എന്നു് പറഞ്ഞതില്‍ എനിക്ക് വിഷമമില്ല. നന്നാക്കാന്‍ ശ്രമിക്കുന്നുണ്ട്.

    പിന്നെ ഇവിടെ എല്ലാവരും എന്നെ ഭയക്കുന്നു എന്നു പറഞ്ഞു. അതു് വേദനജനകമായ ഒരു കമന്റാണു്. എന്നെ നേരില്‍ കണ്ടവര്‍ ഇവിടെ അനേകം പേരുണ്ട്. അവര്‍ക്കും എന്നെ ഭയമാണോ എന്ന് സംശയമുണ്ട്. അങ്ങനെ എന്നെ ഭയക്കുന്നു ഉണ്ടെങ്കില്‍ എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കട്ടെ.

    തുറന്ന് അഭിപ്രായം പറഞ്ഞതിനു് നന്ദി. എന്നെ ഭയക്കാത്ത ഒരു സുഹൃത്തുണ്ടല്ലോ. അതുമതി.

    ReplyDelete
  18. ബ്ലോഗെഴുത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാനദണ്ഡങ്ങള്‍ ഉണ്ട് എന്ന് ധരിക്കുന്നത് തെറ്റ്. എനിക്കറിയാവുന്നത് പോലെ നേരം പോക്കിന് ഞാനെഴുതുന്നു. ഒരേ പോലെ ചിന്തിക്കുന്നവര്‍ നല്ലതെന്ന് പറയുന്നു. അല്ലാത്തവരില്‍ ചിലര്‍ മോശമെന്ന് പറയും. ചിലര്‍ ഒന്നും പറയാതെ പോകും.

    ബൂലോകത്ത് കാണുന്ന കവിതകള്‍ വായിച്ച് ഞാനൊരു വഴിക്കായി. കഥകള്‍ വായിച്ച് ഞാനും കഥയെഴുതുവാന്‍ തുടങ്ങി. കാരണം “ഓ കഥയെഴുത്ത് ഇത്രേക്കേയുള്ളു” എന്ന ചിന്ത ബൂലോക കഥകള്‍ വായിക്കുമ്പോള്‍ മനസ്സില്‍ നിറയും. അതുകൊണ്ട് തനിക്കറിയാവുന്ന പോലെ എന്തെഴുതിയാലും “കൊള്ളാം” എന്ന് പറയാനും ആളുണ്ട് എന്ന ആത്മധൈര്യം എനിക്കും കഥയെഴുതാന്‍ പ്രചോദനം ആകുന്നു. പക്ഷേ ബൂലോകത്തിന് പുറത്തുള്ള ആരെങ്കിലും എന്റെ “കഥ” വായിച്ചാല്‍ ഇതിനേം “കഥ” എന്ന് വിളിക്കാമോ എന്ന് ചോദ്യമുണ്ടാകുമെന്നതില്‍ സംശയമില്ല.

    കൈപ്പള്ളി എഴുതുന്നത് കൈപ്പള്ളിക്ക് അറിയാവുന്ന പോലെ. അതില്‍ “ചോദ്യങ്ങള്‍ക്ക്” പ്രസക്തിയില്ല. എഴുതുന്നത് ദുരൂഹതയില്ലാതെ സംവേദിക്കാന്‍ കഴിയുന്നുണ്ട് എന്നിടത്ത് എഴുത്തുകാരന്‍ എന്നുള്ള നിലക്ക് കൈപ്പള്ളി വിജയിക്കുന്നു. എഴുതുന്നത് വായിച്ച് കഴിഞ്ഞിട്ട് ഇതിന്റെ ആശയം അല്ലെങ്കില്‍ അര്‍ത്ഥം അല്ലെങ്കില്‍ സന്ദേശം അല്ലെങ്കില്‍ സൃഷ്ടി മുഴുവനായും തന്നെയും എന്താണ് എന്ന് എഴുത്ത്കാരനോട് ചോദിക്കേണ്ടി വരുന്ന ഒരുപാട് രചനകള്‍ ബൂലോകത്ത് അവതരിക്കപെടുന്നുണ്ട്.

    അതു വച്ചു നോക്കുമ്പോള്‍ എന്തെഴുതിയാലും, അത് സങ്കേതികമാകട്ടെ, ഓര്‍മ്മകളായിക്കോട്ടേ, ലേബല്‍ മറ്റെന്തോ ആയിക്കോട്ടെ - വായനക്കാരനോട് ലളിതമായി സംവേദിക്കുന്നതാണ് കൈപ്പള്ളിയുടെ ശൈലി. പ്രത്യകിച്ചും മാതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു ഉദാഹരണം.

    അടിസ്ഥാന വിദ്യാഭ്യാസത്തില്‍ മലയാളം അഭ്യസിക്കാതെ ഒരു വിധം ഭംഗിയായി മലയാളത്തില്‍ എഴുതാന്‍ അഭ്യസിച്ചു എന്നതും കാണാതിരുന്നു കൂട. മലയാളം മറ്റുള്ളവരെ പഠിപ്പിക്കാന്‍ ഉതകുന്ന തരത്തിലുള്ള ചെറു സങ്കേതങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നുള്ളതും അഭിനന്ദനാര്‍ഹമാണ്.

    ഈ പോസ്റ്റും ഒരനുഭവം എന്ന നിലയില്‍ വയിക്കുമ്പോള്‍ രസം ഉളവാക്കുന്നത് തന്നെയാണ്.

    ReplyDelete
  19. kaithamullu : കൈതമുള്ള്
    അണ്ണ. അനുഭവങ്ങള്‍ എല്ലാം ഇവിടെ പറഞ്ഞാല്‍ ചിലപ്പോള്‍ വീട്ടില്‍ നിന്നും ചവിട്ട് പുറത്താക്കും. അവിടെ balcony ഒഴിവുണ്ടോ?

    ReplyDelete
  20. എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള കൈപ്പള്ളിയുടെ പോസ്റ്റുകള്‍ മിക്കതും മറ്റുള്ള ബ്ലോഗര്‍മാരെക്കുറിച്ചോ അവരുടെ ബ്ലോഗിനെക്കുറിച്ചോ ബ്ലോഗിംഗ്‌ രീതിയെക്കുറിച്ചോ എന്തെഴുതണം എന്തെഴുതരുത്‌, അല്ലെങ്കില്‍ എങ്ങനെയെഴുതണം എങ്ങനെ എഴുതരുത്‌ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചോ ഒക്കെയാണ്‌. ആ പോസ്റ്റുകളൊക്കെ അനാവശ്യങ്ങളായും തീരെ മേന്മയില്ലാത്തതായും ആണ്‌ തോന്നിയിട്ടുള്ളത്‌ (അങ്ങനെയുള്ള പോസ്റ്റുകള്‍ എഴുതരുത്‌ എന്ന് ഇപ്പോഴും ഞാന്‍ പറയുന്നില്ല. താങ്കള്‍ക്ക്‌ എഴുതണമെന്ന് തോന്നുന്നതൊക്കെ എഴുതൂ. എന്റെ അഭിപ്രായം പറഞ്ഞുവെന്ന് മാത്രം). പക്ഷേ ഈ വ്യത്യസ്തമായ പോസ്റ്റ്‌ കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നി. ഇങ്ങനെയുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
    ഏറ്റവും ചിരിപ്പിച്ച ഭാഗം: "അവള്‍ക്ക് സാമിനേക്കാള്‍ 14 വയസു മൂപ്പുണ്ടായിരുന്ന. എന്നേക്കാള്‍ 10 വയസു മൂപ്പുണ്ടായിരുന്നു അവള്‍ക്ക്. അപ്പോള്‍ എനിക്കെത്ര വയസ്, അവള്‍ക്ക് എത്ര വയസ്, സാമിനു് എത്ര വയസു്, കിഴക്കോട്ടു പോയ തീവണ്ടിയുടെ പുക എങ്ങോട്ട് പോയി? cambleetly കണ്‍ഫൂഷം."
    ഹഹ! സീരിയസില്‍നിന്ന് കണ്ണടച്ചുതുറക്കുമ്പോഴേക്കും കറങ്ങിത്തിരിഞ്ഞ്‌ കോമഡിയില്‍ വന്ന് മൂക്കും കുത്തി ദേ കിടക്കുന്നു! നന്നായിട്ടുണ്ട്‌!
    പിന്നെ, ഒരു വരി മുറിക്കാനറിയുന്ന കവികളുടെയും മൊബൈല്‍ഫോണ്‍ ഫോട്ടോഗ്രാഫര്‍മാരുടെയുമൊക്കെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കൈപ്പള്ളിയുടെ ഈ പോസ്റ്റ്‌ തന്നെ കൈപ്പള്ളിക്ക്‌ സഹായകമാകട്ടെ എന്ന് ആശിക്കുന്നു. ആശംസകള്‍!

    ReplyDelete
  21. കൈപ്പള്ളീ:
    കീബോര്‍ഡില്‍ കൈ വയ്ക്കാനറിയാവുന്നവര്‍ക്കൊക്കെ എഴുതാനുള്ളതാണ്‍ ബ്ലോഗ്. അതല്ലേ അതിന്റെ തനിമ? അത് കൈപ്പള്ളിയും അംഗീകരിച്ചിരിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്.

    എഴുതിയ “അനെക്ഡോട്” ഒരു കഥയാക്കാ‍ന്‍ ഒരു വഴി. ഇങ്ങനെ തുടങ്ങി നോക്കുക:

    “അവളുടെ ഡോര്‍ ബെല്ലടിച്ചപ്പോള്‍ എന്റെ വിരലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ആയിരം ദിര്‍ഹം മുഴുവനുമില്ലേ എന്ന് ഒന്നുകൂടി തിട്ടപ്പെടുത്തി....”


    ഹൃദയസ്പര്‍ശിയായ സംഭവമാണ്, ഏതായാലും.

    ReplyDelete
  22. പൊന്നുകൈപ്പള്ളീ, തുടരണമെന്ന് മാത്രമല്ല, ഈ ശൈലി മാറ്റരുത് താനും. ബ്ലോഗുകളിലെ “”ഗൃഹുതാരുര”“ സാഹിത്യം വായിച്ചു വായിച്ചു ഛര്‍ദ്ദിക്കുന്ന പരുവമായിരിക്കുമ്പഴാണ് ഒരു ചെയ്ഞ്ചായി ഇതുപോലത്തെ പുതുമയുള്ള പോസ്റ്റുകള്‍ വരുന്നത്. ദയവു ചെയ്ത് ശൈലി മാറ്റരുത്; പണ്ട് വള്ളിനിക്കറിട്ടതും തോട്ടുവരമ്പത്തിരുന്നതും തിരിച്ചിട്ടും മറിച്ചിട്ടും അയവിറക്കുന്നത് കേട്ടുമടുത്തവര്‍ക്കു വേണ്ടിയെങ്കിലും.

    regards,

    ReplyDelete
  23. Deepdowne.
    Thank you for reading this rather insignificant post. This was written in a state of induced stupor. I am also glad that you enjoed it.
    However you have drawn my attention to someting more interesting. The Jolly Mallus living within the confines of the blog will henceforth remember me for writing this sort of crappy memoirs and critiques of similar crappy posts. Since this is easy to digest. This is not my intention.

    If, and only if time permits, I urge you to use the tags on my blog to see how many posts I have written criticizing the mallu bunch (as you have alleged) . I am sure they are comparitively less. And that too was because my observations were from an entirely different perspective. Please understand I am different by circumstances, not by choice. Hence my observations are sincere and not forced. Most of my writings have been technical in nature. The blog was a conduit to understand the general feeling about the use of Malayalam Unicode. It was never intended as a forum to scream at the public. But unfortunately the state of affairs was so messed up here that anyone with a few remaining grey cells will naturally scream.

    Let me add one more line In defence of this post. This was not about about me. It was about helping a friend.

    അഞ്ചല്കാരന്
    വളരെ വിശതമായ ഒരു അവലോകനം എഴുതിയതിനു് നന്ദി.

    ReplyDelete
  24. കൈപ്പള്ളി മാഷെ,
    ഞാന്‍ കൂടുതല്‍ പറഞ്ഞാല്‍ അത്‌ പിന്നെം പ്രസ്നമാവും. അത്‌കൊണ്ട്‌ ഞാന്‍ ഇവിടെ നിര്‍ത്തി, നിങ്ങളുടെ ഭാഷയും സംവേദന രീതിയും ഒന്നും ഞാന്‍ പറഞ്ഞില്ലല്ലോ, അതിനുള്ള യോഗ്യത എനിക്കില്ല. ഞാന്‍ പറഞ്ഞത്‌ അങ്ങയുടെ തനെ അല്‍പ്പം മുന്‍പുള്ള ഒരു പോസ്റ്റിനെക്കുറിച്ചാണ്‌. ഞാന്‍ അത്‌ തിരിച്ചെടുത്തു. പ്രസംഗിക്കാന്‍ ആര്‍ക്കും കഴിയും, പക്ഷെ പ്രവര്‍ത്തികമാക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ്‌ കിട്ടി.

    പിന്നെ അല്ലാഹുവിന്റെ അടിമയും ബീരാന്‍ കുട്ടിയും ബ്ലോഗും തമ്മിലുള്ള ബന്ധം എന്താണെന്ന് കൂറെ ചിന്തിച്ചു. നോ രക്ഷ, അതും വിട്ടു മാഷെ,

    തുറന്ന് പറയാത്തത്‌ ഭീരുത്വമായി കാണരുത്‌.

    ഒരിക്കല്‍കൂടി, ഞാന്‍ അങ്ങയെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്‌.

    ReplyDelete
  25. ഹേയ് വേണ്ടായിരുന്നു.
    നന്നായിട്ടുണ്ട് ഓര്‍മ്മക്കുറിപ്പ്.
    -സുല്‍

    ReplyDelete
  26. പൌലോസ് ഉസ്താദ് തന്നെ...!

    എഴുത്ത് നന്നാക്കാം ഇനിയും,തുടര്‍ന്നുമെഴുതിയാല്‍..!

    ReplyDelete
  27. വളരെ മനോഹരമായിട്ടുണ്ട്.
    വീണ്ടും എഴുതുക.
    കൈപ്പള്ളിയുടെ ശൈലി വളരെ നല്ലതാണ്..

    ReplyDelete
  28. കൈപ്പള്ളീ,ഏഴുത്ത് തുടരുക.താങ്കള്‍ അങ്ങനെ പേടിക്കണ്ട ആ‍ളാണെന്നു തോന്നിയിട്ടില്ല.

    ReplyDelete
  29. കൈപ്പള്ളീ

    എനിയ്ക്കു കൈപ്പള്ളിയെ അഭിനന്ദിയ്ക്കാനേ വാക്കുകള്‍ ഉള്ളു. കാരണം പഠിയ്ക്കാത്ത ഭാഷയില്‍ എഴുതുക മാത്രമല്ല, കഥ/അനുഭവം എഴുതുക അത് പ്രോത്സാഹനാര്‍ഹം ആണ്.

    ഞങ്ങട മക്കളും ഇതു പോലെയാണ്. സംസാരിയ്ക്കും പക്ഷെ എഴുതാന്‍ വിഷമം. ഒരാള്‍ക്കു ഞാനൊരു മലയാളം ബ്ലോഗൊക്കെ ഉണ്ടാക്കി കൊടുത്തു. ഇനി എന്തങ്കിലും എഴുതാന്‍ ഞാന്‍ പ്രോത്സാഹിപ്പിയ്ക്കുകയാണ്.

    ഞാന്‍ പറഞ്ഞുവരുന്നത് എന്താന്നു വച്ചാല്‍, ഭാഷ അറിയാവുന്നവരെയും അല്ലാത്തവരെയും പ്രോത്സാഹിപ്പിയ്ക്കുക എന്നുള്ളതും ബ്ലോഗിന്റെ ഒരു ഉദ്ദേശമാണ് എന്നാണ്.

    ReplyDelete
  30. കൈപ്പള്ളി,
    'എന്റെ ശ്രദ്ധയില്‍പ്പെട്ട പോസ്റ്റുകളെ'ക്കുറിച്ചാണ്‌ ഞാന്‍ പറഞ്ഞത്‌. അല്ലാതെ താങ്കള്‍ വിചാരിക്കുന്നപോലെ എല്ലാ പോസ്റ്റുകളെയും കൊള്ളിച്ച്‌ ഞാന്‍ ഒന്നും allege ചെയ്തിട്ടില്ല. കാരണം എല്ലാ പോസ്റ്റുകളും ഞാന്‍ ഇന്നുവരെ നോക്കിയിട്ടില്ല.

    ഏതായാലും ഇത്തരത്തിലുള്ള states of stupor ഇനിയുമിനിയും ഉണ്ടാകട്ടെ. മംഗളങ്ങള്‍!

    ReplyDelete
  31. ഒരൊറ്റയിരുപ്പിന്, യാതൊരു വിരസതയുമില്ലാതെ, രസിച്ച് വായിച്ചു. സമയം കിട്ടുമ്പോള്‍ ഇത്തരം രചനകളും ഞാന്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു.

    ReplyDelete
  32. haha! You have got a real flair for writing. Frankly, didn’t think you could observe with a creative eye, since you seemed very technical, even your photographs speak so. Looks like both the sides of your brain works in perfect condition! Bravo!

    ReplyDelete
  33. This comment has been removed by the author.

    ReplyDelete
  34. ഉദ്യമം ശ്ലാഖനീയം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

    എന്നാല്‍ കൂലങ്കഷമായി ചിന്തിച്ചപ്പോള്‍ ഉരുത്തിരിഞ്ഞ ഒന്നു രണ്ടു നിരീക്ഷണങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കട്ടെ.

    ഒന്ന്:

    മീശക്കു ആറടി വീതിയുള്ള മൃത്യര്‍ ജനിക്കാനിരിക്കുന്നതേയുള്ളു എന്നുള്ള തിരിച്ചറിവുകൊണ്ടാണല്ലോ അതു വെട്ടി ഒന്നര അടി ആക്കിയിരിക്കുന്നത്. അതുകൊണ്ട് അതിഭാവുകത്വത്തിനു എന്തെങ്കിലും കുറവു സംഭവിച്ചോ? ഇല്ല.

    ബുള്‍സ് ഐയില്‍ ഉപ്പും കുരുമുളകും വിതറുന്നതുപോലെ അനുവാചകര്‍ക്കു രസമേറാന്‍ വേണ്ടി “ഹസ്തദേവാലയം” പ്രയോഗിച്ചിരിക്കുന്ന ചില പൊടിക്കൈകളാണിതെന്നു വ്യക്തം. എന്നാല്‍ പിന്നെ ഇത്ര ലുബ്ധിക്കുന്നതെന്തിനു? ആറടി തന്നെ കിടന്നോട്ടെ. :)

    രണ്ട്:

    memoir എന്ന ലേബല്‍ കൊടുത്തതുകൊണ്ട് ഓര്‍മ്മക്കുറിപ്പുകളാണിവ എന്നു നിര്‍ണ്ണയം. അപ്പോള്‍ “ ഇതു ഒരു കഥയാകുന്നു. അപ്പോള്‍ ജീവിച്ചിരിക്കുന്ന വ്യക്തികളുമായി യാതൊരു ബന്ധവുമില്ല.” എന്നുള്ള പ്രസ്താവന വിരോധാഭാസം എന്ന ദോഷത്തിനു പാത്രീഭൂതമായിത്തീരുന്നു.

    പകരം “വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ പേരുകള്‍ മാറ്റിയിട്ടുണ്ട് ” എന്നു മാത്രം പ്രസ്താവിക്കുന്നതാവില്ലേ കുറെക്കൂടി അനുയോജ്യം?

    ReplyDelete
  35. മനശാസ്ത്ര ചികിത്സ കലക്കി, കടുകും വറുത്തു.പി എം മാത്യു വെല്ലൂരോക്കെ കൈപ്പള്ളിയുടെ മുന്നില്‍ ആര്. ‍

    ReplyDelete
  36. ഹഹഹ.... എന്താ ഇതു സാധനം കൈപ്പള്ളി... അത്യുഗ്രന്‍ !!!!
    നല്ല ഭാഷ... നല്ല നര്‍മ്മം.. അതിശയിപ്പിക്കുന്ന പ്രായോഗിക ബുദ്ധി.
    ചിത്രകാരന്‌ ഈ അനുഭവകഥ വളരെ വളരെ ഇഷ്ടപ്പെട്ടു.
    തകര്‍പ്പന്‍ അഭിനന്ദനങ്ങള്‍ !!

    ReplyDelete
  37. Way to go Kaippallee! :-)
    I love your style of writing.

    enjoyed this memoir.

    keep posting.

    ReplyDelete
  38. കൈപള്ളീ: നിങ്ങള്‍ ചാലുമാറി ഉഴുതുന്നു; കാരണവന്മാരും കാരണോത്തികളും നെറ്റി ചുളിച്ചെന്നിരിക്കും ; എങ്കിലും പുതിയ വിത്തുകള്‍ മുളപൊട്ടാതിരിക്കില്ല. heading (The ഓര്‍മ്മാസ് & The കുറിപ്സ്) ല്‍ തന്നെ നയം വ്യക്തമാവുന്നു. തുടരും എന്നറിയാം; ഭാവുകങ്ങള്‍.

    വായിക്കാന്‍ വൈകി; നാട്ടിലായിരുന്നു.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..