Sunday, April 01, 2007

പ്രസാദകനില്ലാത്ത പ്രസിദ്ധീകരണങ്ങള്‍ ഭവഃ

ഈ അവധിക്ക് നാട്ടിലുണ്ടായിരുന്നപ്പോള്‍ വിശാലന്റെ (സജീവ് ഇടത്താടന്റെ) കൊടകരപ്പുരാണം വാങ്ങാനായി അറിയാവുന്ന പുസ്തക ശാലകളിലെല്ലാം തപ്പി. കിട്ടീല്ല.
തിരുവനന്തപുരത്തും, ആലപ്പുഴയിലും, കൊല്ലത്തും, പത്തനംതിട്ടയിലും അന്വേഷിച്ച്. തിരുവനന്തപുരത്തുള്ള് Current Booksലും ഒന്നിലധികം തവണ തിരക്കി. ഫലമുണ്ടായില്ല. സാദനം കിട്ടാനില്ല. തുടക്കത്തില്‍ 1000 പുസ്തകം മാത്രം അച്ചടിച്ചു എന്നാണു പ്രസാദകര്‍ പറഞ്ഞത്. പുസ്തകം വായിച്ചവര്‍ക്കെല്ലാം നല്ല അഭിപ്രായങ്ങളാണു്. ഇനിയും ഒരു 5000 പുസ്തകം കൂടി ചിലവാകും എന്നാണു എനിക്ക് തോന്നുന്നത്. അപ്പോള്‍ ആദ്യത്തെ 1000 കോപ്പി ഒരു വന്‍ വിജയമായി പ്രഖ്യാപിക്കാം. അല്ലെ?

ഇനി ഒരു പ്രസാദകരുടേയും ആവശ്യമില്ലാതെതന്നെ പുസ്തകം പുനഃപ്രസിദ്ധീകരിക്കാം എന്നാണു് എനിക്ക് തോന്നുന്നത്. മാത്രമല്ല ഇടനലക്കാര്‍ക്ക് നമ്മളെന്തിനു എന്തിനാ കാശ് വെറുതേകൊടുക്കണം? തലെക്കെന്ത ഓളമുണ്ടോ?
ഇതുപോലുള്ള കുത്തകകളുടെ സ്വാധീനം ഇല്ലതാകുന്നതും ഒരുകണക്കിനു് നന്നായിരിക്കും. അറിയപ്പെടാത്ത് എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പ്രസാദകര്‍ പലപ്പോഴും മടികാണിക്കാറുണ്ട്. ആ പ്രശ്നവും ഒഴിവാകും. അവര്‍ എത്ര പുസ്തകങ്ങള്‍ അച്ചടിച്ചു എന്നും എഴുത്തുകാര്‍ക്ക് അറിയാനും കഴിയില്ല. പുതുമയേറിയ ആശയങ്ങള്‍ ഇവര്‍ പലപ്പോഴും നിരുത്സാഹപ്പെടുത്തുകയും ചെയ്യും. എങ്ങനെ നോക്കിയാലും ഈ third party പ്രസാദകര്‍ സംസ്കാരത്തിനും ഭാഷക്കും ഒരു തലവേദനെ തന്നെയാണു. എന്നുകരുതി ഇവര്‍ നല്ലതൊന്നും ചെയ്യുന്നില്ല എന്നും പറഞ്ഞൂട.

ശരിയാണു് ഞാന്‍ തന്നെ പല വേദികളില്‍ അച്ചടിച്ച് മാദ്ധ്യമങ്ങളെ എതിര്‍ത്തിട്ടുണ്ട്. എഴുത്തിലൂടെ ബ്ലോഗിലെ എഴുത്തുകാര്‍ അവരുടെ അനുഭവങ്ങളും ഭാവനയും നമുക്ക് ആസ്വതിക്കാന്‍ ഒരവസരം അവര്‍ നല്‍കുന്നു. അതിനു പ്രതിഭലമല്ലെങ്കിലും പ്രോത്സാഹനം എന്ന നിലക്ക് അവരുടെ പുസ്തകങ്ങള്‍ നാം വാങ്ങി വായിക്കണം. Online payment mechanism ജനം ഉപയോഗിച്ചു വരുന്നവരെയെങ്കിലും പുസ്തകം അച്ചടിച്ചല്ലാതെ വേറെ ഒരു മാര്‍ഗ്ഗവും ഇപ്പോഴില്ല.

മലയാളം ബ്ലോഗില്‍ തലയില്‍ മുടിയില്ലെങ്കിലും ആള്‍ താമസമുള്ള അനേകം പ്രതിഭകളുണ്ട്. അങ്ങനെ ഒരു സുഹൃത്താണു രാഗേഷ് K. ഉണ്ണികൃഷ്ണന്‍ എന്ന കുറുമാന്‍. അദ്ദേഹത്തിന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞ യുറോപ്പ്യന്‍ സ്വപ്നങ്ങള്‍ എന്ന blog postuകളുടെ പരമ്പര പ്രസിദ്ധീകരണത്തിനു് യോഗ്യതയുള്ള് കൃതികളാണു്. അദ്ദേഹത്തിന്റെ പുസ്തകം പ്രസാദകരില്ലാതെ പ്രസിദ്ധീകരിക്കുന്നത് ആലോചിക്കേണ്ട കാര്യമാണു്. അങ്ങനെ ഈ digital യുഗത്തിലെ മലയാള സാഹിത്യത്തില്‍ ഒരു പുതിയ വിപ്ലവം കൂടി സൃഷ്ടിക്കാം. അത് അനേകം ബ്ലോഗ് എഴുത്തുകാര്‍ക്ക് ഒരു പ്രചോദനവും ആകും. പുട്ടടിക്കാന്‍ അല്പം കാശും ഉണ്ടാക്കാം. (എന്തടെ പറ്റൂലെ ? കൈക്കൂല്ലല്ലെ?)



കുറുമാന്‍
അദ്ദേഹത്തിന്റെ പുസ്തക പ്രസിദ്ധീകരണത്തെ കുറിച്ചു ചോദിച്ചപ്പോള്‍ കുറുമാന്‍ പ്രതികരിച്ചത് ഇങ്ങനെ

എന്ത കുറുമാന്‍ ഒരു പുസ്തകം എഴുതിയാല്‍, 70 രൂപ കൊടുത്ത് നിങ്ങള്‍ അതു് വാങ്ങില്ലെ? ആയിരം കോപ്പി അച്ചടിക്കാന്‍ ഒരുപാടു രൂപയൊന്നും വേണ്ട. എന്തെ ബ്ലോഗ് വായനക്കാര്‍ മാത്രം വിചാരിച്ചാല്‍ പുസ്തകങ്ങള്‍ വിറ്റുപോകില്ലെ? സ്വകാര്യമായി അച്ചടിച്ച്, പോസ്റ്റ് വഴി വിതരണം ചെയ്യാവുന്നതുമാണു്. എന്ത ഇടനിലക്കാരനില്ലതെ പുസ്തകം വില്ക്കാന്‍ കഴിയില്ലെ? നല്ല ഒരു marketing campaign ലൂടെ പ്രചരിപ്പിക്കാവുന്നതേയുള്ളു. മലായാളം ബ്ലോഗിനു് എന്തുമാത്രം reach ഉണ്ടെന്ന് പരീക്ഷിച്ചു നോക്കാം അല്ലെ?
സമകാലിക മലയാള സാഹിത്യ ലോകത്തില്‍ അപ്രസക്തനായ ഒരു വ്യക്തിയെ ഈ ബൂലോഗത്തിലൂടെ പ്രശസ്തനാക്കാമെങ്കില്‍. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ എല്ലാ കോപ്പികളും (ഞാന്‍ മനസിലാക്കിയടത്തോളം) വിറ്റൊഴിഞ്ഞെങ്കില്‍. ഒരു പ്രസാദകന്റെ ആസനവും താങ്ങാതെ തന്നെ ഒരു പുസ്തകം വില്കുന്നത് നമുക്കൊരു പ്രശ്നമാണോ? കുറുമാനെ നീ ധൈര്യമായിട്ട് അച്ചടിക്ക്. ബാക്കി മലയാളം ബൂലോകത്തിനു് വിട്ടു കൊടുക്കു.
-------------
ഈ പോസ്റ്റ് ഇട്ടത്ത് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അനുഭവങ്ങളും പ്രതീക്ഷിച്ചുകൊണ്ടാണു. ഇവിടെ കൈപ്പള്ളി ഒരു വിരല്‍ ചൂണ്ടി മാത്രം (കണ്ണുകള്‍ അല്പം മാറ്റി പിടിക്കണം !). മറ്റെ ഞഞ്ഞ മുഞ്ഞ അഭിപ്രായങ്ങളാണെങ്കില്‍ പറയണ്ട. പിന്നെ പൂര്‍വ്വ വൈരാഗ്യം വെച്ച് എന്റെ ആറാമാലിക്ക് താങ്ങാനായി കാത്തിരിക്കുന്ന Tagഇട്ട കുഞ്ഞനിയന്മാര്‍ക്ക് വേറെ അവസരങ്ങള്‍ ഞാന്‍ തരാം. ഇവിടെ കയറി പണിയാതിരിക്കു. പിന്നെ കാര്യമായിട്ടെന്തെങ്കിലും പറയാനുണ്ടെങ്കില്‍ ധൈര്യമായിട്ട് പറയു. കേള്‍ക്കാം

വിജയ് ഭവഃ

45 comments:

  1. "പ്രസാദകനില്ലാത്ത പ്രസിദ്ധീകരണങ്ങള്‍ ഭവഃ"

    ReplyDelete
  2. ചിന്തിക്കാവുന്ന കാര്യമാണ് കൈപ്പള്ളിച്ചേട്ടാ. പക്ഷെ ആ മാര്‍ക്കറ്റിങ് എന്ന ഭാഗം പറയുന്ന അത്ര എളുപ്പമാവുമെന്ന് തോന്നുന്നില്ല.

    ReplyDelete
  3. സ്വന്തമായ പ്രസിദ്ധീകരണം കൂടുതല്‍ ബുദ്ധിമുട്ടാണ് എന്നുള്ളതല്ലാതെ അത് അസാധ്യം എന്നു തോന്നുന്നില്ല. ബ്ലോഗിലെല്ലാവരും ഒരു പുസ്തകം വാങിയാല്‍ തന്നെ എത്ര പുസ്തകം വാങ്ങാനാകും. 1000 ബ്ലോഗേഴ് ഇല്ലല്ലോ?

    ReplyDelete
  4. "പ്രസാദകനില്ലാത്ത പ്രസിദ്ധീകരണങ്ങള്‍ ഭവഃ"

    - Nalla karyam thanne kaippalli. pandu masangalkku munpu sankuchithan ithine kuricchu prasthavichirunnu. Thalparyam ulla vishayam thanne aanu. Alochikkanonnumilla, angadu irangi purapeduka thanne. pinne oru correct - ente peru RAGESH KUMAR ENNALLA - Ragesh Kurumath Unnikrishnan Ennanu (malayalathil ezhuthan kazhiyatha oru avasaramanu, kshamikkuka)

    ReplyDelete
  5. മേല്‍പ്പറഞ്ഞ കാര്യം പണ്ട് ഞാന്‍ കമന്റായി ഇട്ടത് ഇതാ:
    At 25/1/07 6:58 AM, സങ്കുചിത മനസ്കന്‍ said...
    ബൂലോക കൂടപ്പിറപ്പുകളേ,
    ബദല്‍ മാധ്യമം എന്ന നിലയില്‍ ബ്ലോഗ്‌ വളരുന്നതിനോടൊപ്പം ഒരു ബദല്‍ പ്രസാധനസംരംഭം ആലോചിച്ചാലോ?

    കുറുമാന്റെ യുറോപ്പ്‌ സ്വപ്നങ്ങള്‍ എന്ന പുസ്തകം ബൂലോകം പ്രിന്റ്‌ ചെയ്ത്‌ പ്രസിദ്ധീകരിക്കുന്നു. നോ ഡിസ്റ്റ്രിബ്യൂട്ടേഴ്സ്‌. തുക അയക്കുന്നവര്‍ക്ക്‌ വി.പി.പി ആയി പുസ്തകം എത്തിക്കാനുള്ള സംവിധാനം. പൂശിയാലോ കുറൂ?

    തോപ്പില്‍ മുഹമ്മദ്‌ ബീരാന്‍ എന്ന തമിഴ്‌ നോവലിസ്റ്റ്‌ പുതിയ നോവല്‍ എഴുതിയാല്‍ പത്രത്തില്‍ പരസ്യം ചെയ്യും. ആവശ്യമുള്ളവര്‍ മണിയോര്‍ഡര്‍ അയക്കും. അങ്ങേര്‌ സ്വന്തം നിലയ്ക്ക്‌ പ്രിന്റ്‌ ചെയ്ത്‌ കോപ്പി തപാലില്‍ അയച്ചു കൊടുക്കും. വില്‍ക്കുന്നവനും വാങ്ങുന്നവനും ലാഭം!

    വിശാലന്റെ ആദ്യ എഡീഷന്‍ ഒരു മാസത്തിനുള്ളില്‍ വിറ്റുപോകും. ഇത്‌ ബ്ലോഗില്‍ നിന്നുള്ള രണ്ടാം പുസ്തകമാക്കിയാലോ?

    -സങ്കുചിതന്‍.

    ReplyDelete
  6. കുറുമാന്റെ കഥകള്‍ക്ക് ഓര്‍ഡര്‍..ഓര്‍ഡര്‍,ഞാനുണ്ടേയ്,ഒരു പത്ത് കോപ്പി ഉറപ്പ് വാങ്ങിയിരിക്കും.ഗുണമുണ്ട്
    മേലാല്‍ കുറുമാന്‍ തുടരും തുടരും എന്ന് പറഞ്ഞ് ടെന്‍ഷന്‍ അടിപ്പിക്കൂല്ല :)

    നല്ല ആശയം തന്നെയാണ് കൈപ്പള്ളിച്ചേട്ടാ,സങ്കുചിതന്മാഷേ.ഇന്റ്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗിച്ചെഴുതുന്നതൊക്കെ അതിന്റെ സാധ്യതകള്‍ ഉപയോഗിച്ചു തന്നെ മാര്‍ക്കറ്റിംഗ് നടത്തുന്നത് വളരെ നല്ല്ലൊരാശയമാണു.

    ReplyDelete
  7. ഒരു വാഗ്ദാനം
    രാജേഷ് കുറുമാന്‍റെ യൂറോപ്പ് സ്വപനങ്ങള്‍ സ്വകാര്യമായി പ്രസിദ്ധീകരിക്കാന്‍ ബൂലോകത്തിലെ 10 പേര്‍ മുന്നോട്ട് വരികയാണെങ്കില്‍ അതില്‍ ഒരംഗമായി പ്രസിദ്ധീകരണത്തിനും വിപണനത്തിനും ചിലവാകുന്ന പണത്തിന്‍റെ പത്തിലൊരു ഷയര്‍ തരാന്‍ ഞാന്‍ ഒരുക്കമാണ്
    ഈ പുസ്തകത്തിന്‍റെ വിപണനം..യു.എ.ഇയിലും. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും അതാത് സ്ഥലത്തെ ബ്ലോഗേര്‍സ്സ് ഏറ്റെടുത്ത് (കമ്മീഷന്‍ വ്യവസ്ഥയില്‍)വിജയിപ്പിക്കാന്‍ കഴിയും .. കേരളത്തില്‍ മറ്റു ബ്ലോഗേര്‍സ്സിന്‍റെ ആത്മാര്‍ത്ഥമായ പരിശ്രമത്താലും ഇത് വിജയിപ്പിക്കാനാവും ...

    ReplyDelete
  8. കുറുമാന്‍:
    പേരു് തെറ്റിച്ചതില്‍ ക്ഷമിക്കുമല്ലോ. മാറ്റി എഴുതിയിട്ടുണ്ട്.

    ദില്‍ബാസുരന്‍:
    എളുപ്പമല്ലാത്തത് ചെയ്തു പ്രാവര്ത്ത്കമാക്കി കാണിക്കുന്നതിലാണു Thrill. എല്ലാവമ്മാരും ചെയ്യുന്നത് വീണ്ടും വീണ്ടും ചെയ്യുന്നതില്‍ എന്തോന്ന് രസം.

    നിലവില്‍ yahoo കൊടികുത്തി വാണിരുന്ന മേഖലയില്‍ google അതിനെ മറികടന്നില്ലെ.

    ജനകീയമായ ഏതൊരു പത്ഥതിക്കും പിന്തുണ താനെ വരും.

    publishing houseകള്‍ക്ക് അവരുടേതായ ചില commercial കാഴ്ചപ്പാടുകളുണ്ടാവും. എഴുതുകാരുടെ കലാവിഷ്കാരങ്ങളും പ്രാസദകരുടെ commercial interestഉം തമ്മില്‍ പൊരുത്തപ്പെടണമെന്നില്ല.

    ഈ മാര്‍ഗ്ഗത്തിലൂടെ ഈ തടസം നാം അപ്പാടെ എടുത്തുകളയുന്നു.

    ജനദ്രോഹപരമല്ലാത്തതും, നിയമ വിരുദ്ധമാല്ലാത്തതുമായ എന്തും എഴുതാം.

    ആദ്യം ഒരു ദര്‍ശനം വേണം. പിന്നെ ഒരു പത്ഥധി വേണം. അതു ചെയ്യാന്‍ കഴിവുള്ള പയ്യന്മാര്‍ വേണം. ഈ ആശയം മനസിലാക്കാന്‍ കഴിവുള്ള കുറച്ചുപേരെ തിരഞ്ഞെടുക്കണം. അവര്‍ അതു പ്രചരിപ്പിക്കണം. ഇതില്‍ സാമ്പത്തിക നേട്ടം കൂടുതല്‍ കിട്ടും എന്ന് ജനത്തിനു മനസിലാക്കാന്‍ കഴിഞ്ഞാല്‍. പിന്നെ അത് ഒരു trend ആകും. അതു വിജയിക്കുക തന്നെ ചെയ്യും.

    Everything is possible. We make it possible

    ReplyDelete
  9. വിശാലണ്റ്റെയും കുറുമാണ്റ്റെയും ബുക്‌ തന്നാല്‍ ഡെല്‍ഹിയില്‍ മിനിമം ആയിരം കോപ്പിയെങ്കിലും വിറ്റു ഞാന്‍ തരാം..ഡെല്‍ഹി കറണ്റ്റ്‌ ബുക്സില്‍ ഇതുവരെ കൊടകരപുരാണം എത്തിയിട്ടില്ല. മറ്റൊരു സാധ്യത കൂടി തെളിയുന്നു. ബ്ളോഗിലെ മികച്ച നര്‍മ്മങ്ങള്‍ തിരഞ്ഞെടുച്ചു ഒരു "ബ്ളോഗ്‌ ച്ചിരി" ഇറക്കിയാലും നന്നാവും. പുഴ.കോം പോലെയുള്ള ഓണ്‍ലൈന്‍ സ്റ്റോറുള്ളപ്പൊള്‍ വില്‍പന ബുദ്ധിമുട്ടാവില്ല. മനോരമ പോലെയുള്ള പത്രസൈറ്റുകളില്‍ ഒരു ഫ്ലാഷ്‌ ആഡ്‌ കൊടുത്താല്‍ തകര്‍ക്കും..

    ReplyDelete
  10. വളരെ ശ്രദ്ധിച്ച്‌, ആസൂത്രണം ചെയ്ത്‌, ചര്‍ച്ച ചെയ്ത്‌ നടപ്പാക്കേണ്ട കാര്യമാണ്‌. ഒരു പുസ്തകം ഇറക്കുകന്നതിനായി മാത്രം ഒരു സെറ്റ്‌-അപ്പ്‌ ഉണ്ടാക്കുന്നത്‌ ബുദ്ധിയാണെന്ന് തോന്നുന്നില്ല. (ലേ-ഔട്ട്‌ മുതല്‍ ഷെല്ഫില്‍ എത്തുന്നത്‌ വരെയുള്ള എല്ലാ കാര്യങ്ങളിലും നമുക്ക്‌ വേറെ കുറെ പ്രൊഫഷണലുകളുടെ സഹായം ആവശ്യമായി വരും എന്നോര്‍ക്കുക. അതു കൊണ്ട്‌ ഒരു one time venture-ന്‌ അത്‌ ഒരു പക്ഷേ സാമ്പത്തികമായ ബാധ്യത ആയിരിക്കും. പുസ്തകത്തിന്റെ വില നമ്മള്‍ വിചാരിച്ചിടത്ത്‌ നിര്‍ത്താന്‍ പറ്റി എന്നു വരില്ല). ബ്ലോഗിലെ സൃഷ്ടികള്‍ മാത്രം പ്രസാധനം ചെയ്ത്‌ പിടിച്ചു നില്‍ക്കാനും പറ്റില്ല. ഫലത്തില്‍, ഒരു പക്ഷേ, ചര്‍ച്ചകള്‍ എത്തി നില്‍ക്കുക പുതിയൊരു പബ്ലിഷിംഗ്‌ കമ്പനി എന്ന ആശയത്തില്‍ത്തന്നെ ആയിരിക്കും.

    വിചാരം, ഒരു പുസ്തകം അച്ചടി രൂപത്തില്‍ ഇറക്കുന്നതും അതിന്‌ ഒരു വില നിര്‍ണ്ണയിക്കുന്നതും അതിന്റെ വ്യാവസായിക സാധ്യതകള്‍ മുതലാക്കാനാണ്‌. (വിശാലനോടും ഞാന്‍ ഇതേ കാര്യം സൂചിപ്പിച്ചിരുന്നു) ബ്ലോഗര്‍മാരുടേതായി ഒരു പബ്ലിഷിംഗ്‌ കമ്പനി ഉണ്ടാകുന്നെങ്കില്‍ അതില്‍ മുതല്‍ മുടക്കാമെന്നല്ലാതെ, ഒരു പുസ്തകം ഉണ്ടാക്കുന്നതിനുള്ള ചെലവിലേക്ക്‌ സംഭാവന ചെയ്യുക എന്നത്‌ എനിക്ക്‌ യോജിക്കാന്‍ പറ്റാത്ത കാര്യമാണ്‌. കൈപ്പള്ളി ഉദ്ദേശിക്കുന്നത്‌ ഒരു വ്യാവസായിക സംരഭമാണ്‌. (നെറ്റില്‍ വരാത്തവര്‍ക്കും വായിക്കാന്‍ വേണ്ടി എന്നൊക്കെ ആണെങ്കില്‍ പ്രിന്റ്‌ എടുത്ത്‌ താത്‌പര്യമുള്ളവര്‍ക്ക്‌ കൊടുത്താല്‍ പോരേ?). അതില്‍ ഞാന്‍ 10% മുതല്‍ മുടക്കിയാല്‍, സംരഭത്തിന്റെ 10% അവകാശവും ലാഭ/നഷ്ട ത്തിന്റെ ആനുപാതികമായ ഭാഗവും ഞാന്‍ പ്രതീക്ഷിക്കും.

    സങ്കുചിതന്‍ പറഞ്ഞത്‌ നല്ലൊരു ആശയമാണ്‌. പ്രൊഫഷണല്‍സിന്റെ സഹായം ഒന്നും കൂടാതെ ഒരു കവറും, ലേ ഔട്ടും തയ്യാറാക്കുക, ഇങ്ങനെ ഒരു പുസ്തകം ഉണ്ടെന്ന് നമ്മള്‍ തന്നെ കഴിയുന്നത്ര പ്രചാരം കൊടുക്കുക, വേണ്ടവര്‍ക്ക്‌ പൈസ കിട്ടിയാലുടന്‍ നല്ല പേപ്പറില്‍, നല്ല പ്രിന്റര്‍ ഉപയോഗിച്ച്‌ കോപ്പികള്‍ തപാലായോ നേരിട്ടോ എത്തിക്കുക. ഒരു തുടക്കം എന്ന നിലയില്‍ ഇതാവും നല്ലതെന്ന് എനിക്ക്‌ തോന്നുന്നു.

    ReplyDelete
  11. വിശാലന്റെ പുസ്തകം എല്ലാ കറന്റ്‌ ബുക്ക്സ്റ്റാളുകളീലും കിട്ടില്ല.
    ത്രിശ്ശൂര്‍ കറ്റന്റിന്റെ ശാഖകളില്‍ മാത്രമെ ഇത്‌ ലഭിക്കുകയുള്ളു.
    ഇല്ലെങ്കില്‍ നേരിട്ട്‌ ത്രിശ്ശൂര്‍ കറന്റിനെ വി പി പി അയക്കാനായി എഴുതുക.
    ഇത്‌ റീപ്രിന്റ്‌ ചെയ്യിക്കുവാനും ഉപകരിക്കും.

    ഡി സി യുടെ ചില ശാഖകള്‍ക്കും കറന്റ്‌ ബുക്ക്സ്റ്റാള്‍ എന്നാണ്‌ പേര്‌. അവിടെ ഇത്‌ കിട്ടുകയില്ല.


    kaippaLLi,
    kuRumaan's actual name is kuRumaaNTi. short name for kuruman puchaandi.

    kuruman is a grasshoper(puchandi) entered in to the Money plant grown inside
    blog villa.

    Blog marketing concept is great and will be successfull in all aspects.

    ReplyDelete
  12. ടൈപ് സെറ്റിംഗ്, പ്രൂഫ് റീഡിംഗ് എന്നീ ജോലികള്‍ക്കുള്ള സൌകര്യം എന്റെ പെട്ടിക്കടയിലുണ്ട്. പ്രിന്റിംഗ് കൊച്ചിയില്‍ ചെയ്താല്‍ മതിയെങ്കില്‍ അതും കുറഞ്ഞ ലാഭം മാത്രം ഈടാക്കി ഏറ്റെടുത്ത് ചെയ്യാം. കൂടാതെ പുസ്തകം ആവശ്യമുള്ളയിടത്ത് തപാലിലെത്തിക്കാനുള്ള ഏര്‍പ്പാടുകളും ചെയ്യാം.

    ReplyDelete
  13. നല്ല ആശയം. പക്ഷെ ഒരു പുതിയ പരിപാടി തുടങുന്നതിന് മുന്‍പ്‌ ഇപ്പോഴത്തെ അന്തരീക്ഷം അറിയുന്നത്‌ നല്ലതാണെന്ന്‌ തോന്നുന്നു. അതില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ് മാര്‍കറ്റിങ് എന്നത്‌. പുസ്തകം തപാലിലയക്കുക എന്നൊക്കെ പറഞാല്‍, തപാല്‍ ചാര്‍ജ് അറിയുമോ? കൊറിയര്‍ അയക്കാന്‍ എല്ലാ ഗ്രാമങ്ങളിലും കൊറിയര്‍ എത്തില്ല. അവര്‍ അടുത്ത പട്ടണങളിലെ അവരുടെ ഓഫീസില്‍ എത്തിച്ച്‌ അവര്‍ക്ക്‌ തോന്നിയാല്‍ വിളിച്ച്‌ വിവരം അറിയിക്കും. ആ ഫോണ്‍ വിളിസമയത്ത് നാമില്ലെങ്കില്‍ സംഗതി ഫ്ലാറ്റ്... അവര്‍ തിരിച്ചയക്കും. അതിന്റെ ചാര്‍ജ്ജ് അറിയുമോ?
    ഇന്ന്‌ ഡി.സിയാണ് ഏറ്റവും വലിയ പുസ്തക വില്‍പ്പനശാല ശൃംഘലയുള്ള പ്രസാധകര്‍. നാട്ടില്‍ പുസ്തകശാല എന്ന്‌ പറഞാല്‍ ഡി.സി ബുക്സ് എന്ന്‌ ചുരുക്കം. ബൂലോകത്തുതന്നെ എത്രപേര്‍ മറ്റുപ്രസാധകരെ അന്വേഷിച്ച്‌ പോയിട്ടുണ്ട്‌? മാത്രമോ, ഇപ്പോള്‍ വാള്‍മാര്‍ട്ട് പോലുള്ള ഭീകരന്മാര്‍ വരുന്നു. അവരിലൂടെ പുസ്തകം വില്ക്കണമെങ്കില്‍ നല്ലൊരു തുക അവര്‍ക്ക്‌ ഫ്ലോറ് ഫീസ് ആയി കൊടുക്കണം. അതും കൂടാതെ മക്ഗ്രോഹില്ല് പെന്‍‌ഗ്വിന്‍ തുടങിയ പ്രസാധക ഭീമന്മാര്‍ക്കും മലയാളത്തില്‍ നല്ല കമ്പമുണ്ട്‌, പക്ഷെ ഇപ്പോളുള്ള പല മലയാള പ്രസാധകസംഘങള്‍‌ക്കും മാര്‍ക്കെറ്റിങ് പോരാ എന്നതിനാല്‍ അവര്‍ അറച്ചുനില്‍ക്കുന്നു. ഒരു ഡി.സിയുമായി എത്രപേര്‍ കൂട്ടുപിടിക്കും? പിന്നൊന്ന്‌ പൂര്‍ണ്ണയാണ്. അവര്‍ക്ക്‌ അത്ര ശാഖകളില്ല.
    ഒരു പുസ്തകംഗ് ഉത്സാഹിച്ച്‌ ഇറക്കാം, പക്ഷെ അത് തുടരണമെങ്കില്‍ നല്ലൊരു പ്ലാന്‍ ഇല്ലാതെ പറ്റില്ല.
    പുസ്തകം ഒരു അത്യാവശ്യസാധനമോ ലക്ഷ്വറി സാധനമോ അല്ല. അതിനാല്‍ ഒരു ലെവല്‍ വിട്ട വിലയിട്ടാല്‍ ആരും തിരിഞു നോക്കുകപോലുമില്ല. ഈ 70 രൂപയില്‍ (ഉദ്ദേശം) പ്രിന്റിങ് ചാര്‍ജ്, വിതരണം, വില്‍പ്പന കമ്മീഷന്‍ മറ്റ് പൊതുചിലവുകള്‍ ഓവര്‍ഹെഡ് പോലത്തെ, കിഴിച്ചാല്‍ ലാഭം 3% കിട്ടുമോ? ബൂലോക കണക്കപിള്ളകള്‍ പറയട്ടെ.
    ഗുണാളന്റെ മോബ്ചാനല്‍ (www.mobchannel.com) അല്ലെങ്കില്‍ വിടരുന്ന മൊട്ടുകള്‍ എന്ന ബ്ലോഗ് ഞാന്‍ ഉറ്റുനോക്കുന്ന ഒരു സംഭവമാണ്.
    ഇത്തരം കാര്യങളില്‍ എനിക്ക്‌ കൂടുതല്‍ പറയാന് കഴിയും, എല്ലാവരും അഭിപ്രായം പറയട്ടെ. -സു-

    ReplyDelete
  14. കണ്ണൂസ്സിന്‍റെ അഭിപ്രായത്തെ മാനിക്കുന്നു .. ശരി തന്നെയാണ് ഒരു പുസ്തകം പ്രസിദ്ധീകരികണമെങ്കില്‍ പല മാനദണ്ഡങ്ങളും ഉണ്ടായേക്കാം, കൈപ്പള്ളി ഇവിടെ ഉദ്ദേശിച്ചത് കുറുമാന്‍റെ നേതൃത്വത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കാനാണ് , ഒരു പുസ്തകം പ്രസിദ്ധീകരിക്കലും വിപണന മേഖല കണ്ടെത്തലും ഒരു വ്യക്തിക്ക് അസാദ്ധ്യമാണ് എന്നാല്‍ ഒത്തിരി പേര്‍ അതും പ്രശ്നങ്ങള്‍ സൃഷ്ടിക്കും ആയതിനാല്‍ പത്തോ അതില്‍ കുറഞ്ഞ ആളുകള്‍ ചേര്‍ന്ന് (ലാഭേഛകളേക്കാള്‍ ബ്ലോഗ് സാഹിത്യത്തോട് ആത്മാര്‍ത്ഥതയും സത്യ സന്ധതയും പുലര്‍ത്തുന്നവരും ആയിരിക്കണം ) ഒരുപക്ഷെ വിചാരിക്കും പോലെ പെട്ടെന്നിതൊന്നും ക്ലിക്കാകണമെന്നില്ല പരിശ്രമം കൊണ്ടേ ഉയര്‍ച്ച നേടാനാവൂ .. ഒത്തിരി പ്രമുഖരുടെ പുസ്തകങ്ങള്‍ പുസ്തക ശാലകളില്‍ കെട്ടികിടക്കുന്ന കാലമാണിന്ന് എന്നാല്‍ ഈ പുസ്തകത്തിന് ഒരു പ്രത്യേകതയുണ്ട് ഇതൊരു ഇലക്ട്രോണിക്ക് മാധ്യമത്തിന്‍റെ സൃഷ്ടി കൂടിയാണ് ആയതിനാല്‍ ഇപ്പോള്‍ തന്നെ ഇതിന്‍റെ പ്രചാരണം ഏകദേശം കഴിഞ്ഞിരിക്കുന്നു അതിന്‍റെ ഉള്ളടക്കവും രസികത്വവും നമ്മള്‍ വായിച്ചറിഞ്ഞിരിക്കുന്നു ഇതെല്ലാം വായിക്കാന്‍ താല്‍‍പര്യമുള്ളവര്‍ ഇന്‍റര്‍നെറ്റിന് വെളിയില്‍ അനേകം പേരുണ്ട്

    ഇതൊരു കമ്പനിയാവണമെന്നൊന്നും നിര്‍ബ്ബന്ധമില്ല ഒത്തിരി പ്രസ്സുകള്‍ പണിയൊന്നുമില്ലാതെ കിടക്കുന്നൊരു രാജ്യമാണ് കേരളം, നമ്മുടെ കണ്ടന്‍റെ (കുറുമാന്‍ കഥകളോ മറ്റോ) പ്രസ്സിന്‍റെ ഏല്‍പ്പിച്ചാല്‍ നമ്മുടെ ഓര്‍ഡര്‍ പ്രകാരം പുസ്തകം അച്ചടിച്ച് തരും അല്ലാതെ തോപ്പില്‍ മുഹമ്മദ് മീരാന്‍ ചെയ്യുന്നത് പോലെ ചെയ്താല്‍ മാക്സിമ 100 കോപ്പിക്ക് മുകളില്‍ ഓര്‍ഡര്‍ വരില്ല , ഒരു പുസ്തകമായി മുന്‍പില്‍ വന്നാല്‍ തന്നെ വായിക്കാന്‍ മടിയാണ് എപ്പോഴും തിരക്കെന്ന് പറഞ്ഞ് ടെലിവിഷന്‍ സീരിയലിന് മുന്‍പില്‍ തപസ്സ് ചെയ്യുന്നവര്‍ക്ക് , ചര്‍ച്ച ചെയ്താല്‍ മാത്രം പോരാ അത് പ്രവര്‍ത്തിയില്‍ എത്തണം .. എത്തിക്കണം ഈ പരിശ്രമത്തിന്‍റെ കൂടെ എന്‍റെ എല്ലാ സഹകരണവും ഉണ്ടായിരിക്കും

    ReplyDelete
  15. കണ്ണൂസിന്റെ അഭിപായം കൊള്ളാമെന്നു തോന്നുന്നു.പ്രൊഫഷണല്‍സിന്റെ സഹായം ഒന്നും കൂടാതെ ഒരു കവറും, ലേ ഔട്ടും തയ്യാറാക്കന്‍ നമ്മള്‍ വിചാരിച്ചാല്‍ നടക്കില്ലെ? സാമ്പത്തില ലാഭം ഒരു തുടക്കം എന്ന നിലയില്‍ നമ്മള്‍ നോക്കാതെ ഇരിക്കുന്നതാവും നല്ലത്. ഒരോ ബ്ലോഗറും അവനവനു പറ്റുന്ന മേഖലയില്‍ സഹായിക്കുക. വേണമെങ്കില്‍ ഒരു കവര്‍ ഡിസൈനിങ്ങ് മത്സരം പോലെയെല്ലാം ചിന്തിക്കാവുന്നതാണ്‌. ഇനീം ഒരു പാടു പുസ്തകങ്ങള്‍ ബ്ലോഗില്‍ നിന്നും വരാനുണ്ട്. ഇതൊരു നല്ല തുടക്കം ആവട്ടെ

    ഇങ്ങനെ ഒരു ആശയം നമുക്കു മുന്പില്‍ കൊണ്ടു വന്ന കൈപ്പള്ളിക്ക് ആശം സകള്‍ !!

    ReplyDelete
  16. ഇക്കാസ് വന്ന പോലെ ഇനിയും ആളുകള്‍ മുന്നോട്ടു വരട്ടെ. നീളമുള അഭിപ്രായങ്ങല്‍ ചുമ്മ തട്ടി വിടാതെ ഒരോത്തര്‍ ക്കും എങ്ങനെ ഇതിന്റെ ഭഗമാകം എന്നു ചിന്തിക്കൂ. കവര്‍ ഡിസൈനിങ്ങ് മത്സരം ഉണ്ടെങ്കില്‍ ഞാന്‍ റെഡി.

    ReplyDelete
  17. പ്രസാദകനില്ലാത്ത പ്രസിദ്ധീകരണങ്ങള്‍ എന്ന ആശയം പ്രവര്‍ ത്തികമാക്കാന്‍ എന്തൊക്കെയാണ്‌ നമ്മുടെ മുന്നിലുള്ള വെല്ലുവിളികള്‍ ? ഈ മേഖലയില്‍ ഉള്ള ആര്‍ ക്കെങ്കിലും ഒന്നു വിശദമാക്കാമോ? അതറിഞ്ഞു കഴിഞ്ഞാല്‍ ഒരോന്നും എങ്ങനെ മറികടക്കും എന്നു നമുക്കു ചിന്തിക്കാം ..

    ReplyDelete
  18. പ്രൈസിംഗ്‌, പൊസിഷനിംഗ്‌, മാര്‍ക്കറ്റിംഗ്‌ ഇവ എങ്ങനെ എന്നതിലാണ്‌ ആദ്യം ആശയങ്ങള്‍ വരേണ്ടത്‌. യാഥാസ്ഥിതികമായ വിതരണം (സ്ഥാപിതമായ കടകളിലൂടെ) ആണ്‌ ലക്ഷ്യമെങ്കില്‍, കുറേ കാര്യങ്ങളിലെങ്കിലും പ്രൊഫഷണല്‍ സഹായം വേണ്ടി വരും. നല്ല പ്രിന്റിംഗ്‌ ആന്‍ഡ്‌ പ്രെസന്റേഷന്‍ വലിയ ഒരു ഘടകമാണ്‌. ബ്ലോഗിന്‌ പുറത്ത്‌ ആരും കൃതിയെ വികാരപരമായി സമീപിക്കില്ല എന്നോര്‍ക്കുക.

    ReplyDelete
  19. എന്തായാലും കൈപ്പള്ളി പറഞ്ഞതു പോലെ നമുക്ക്‌ ഒരു കൈ നോക്കാം. അതിനുള്ള സാധ്യതകളെപ്പറ്റി ഒന്നു പഠിച്ചു നോക്കാം.

    ലേ ഔട്ടും, ടൈപ്പിങ്ങും, പ്രൂഫ് റീഡിംഗും ചെയ്തു കൊടുത്താല്‍ പ്രിന്റിംഗ് മാത്രം ചെയ്യുന്നതിന് ചെലവ്‌ എന്താകുമെന്ന്‌ (1000 കോപ്പികള്‍) ഒന്നു തിരക്കുമോ. നാട്ടില്‍ ആകുന്നതായിരിക്കും നല്ലത്‌. ഇക്കാസ്‌ ഒന്നു തിരക്കൂ..

    സഹകരിക്കാന്‍ താല്‍പ്പര്യവും, സമയവുമുള്ളവര്‍ ഒന്നു ചേര്‍ന്നു ശ്രമിച്ചാല്‍ സംഭവം നടക്കും. വലിയ സംരംഭങ്ങളെപ്പറ്റി ചിന്തിക്കുന്നത്‌ ഇപ്പോള്‍ വേണ്ടാ എന്നാണെന്റെ അഭിപ്രായം.

    എല്ലാ ചെലവുകളും, റൊയല്‍റ്റിയും (കൂടുതല്‍ ചോദിക്കല്ലേ കുറുമാനേ..) ഒക്കെ നോക്കിയിട്ട് പുസ്തകത്തിന് വില നിശ്‌ചയിക്കാം, അത് താങ്ങാവുന്നതാണൊ എന്ന്‌ നോക്കാം.

    ReplyDelete
  20. ഇതെങനെ മാര്‍ക്കെറ്റ് ചെയ്യാം എന്നതിന് ഒരു സോളിഡ് എഇഡിയ ആണ് ആദ്യം വേണ്ടത്‌. പിന്നെ ഐഡിയ എങനെ പ്രാവര്‍ത്തികമാക്കാം എന്ന പ്ലാനും.
    ഇന്ന്‌ ഒരു കുറുമാന്റെ പുസ്തകം ഇറക്കിയാല്‍ അതിന് സഹകരിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും നാളെ ഒരു പുസ്തകം ഇറക്കണമെന്നുണ്ടായാല്‍, എപ്പോഴത്തെ പ്ലാന്‍ അന്നും ബുദ്ധിമുട്ടില്ലാതെ ഓടണം. അപ്പോ ഒരു ലോങ്ങ് ടേം പ്ലാന്‍, അതുനടപ്പിലാക്കാന്‍ ചുമതലക്കാരന്‍...
    കൂട്ടരെ വികാരപരമായി സമീപിക്കരുത്‌.. തോട്ടാല്‍ പൊള്ളും, പൊള്ളാതിരിക്കാന്‍ ശ്രമിക്കാം.
    കേരളത്തിലെ പ്രസിദ്ധീകരണരംഗത്ത് വളാരെ മാറ്റങള്‍ കൊണ്ടുവന്ന ആളാണ് മള്‍‌ബറിയുടെ ഷെല്‌വി. അദ്ദേഹത്തെപ്പറ്റി അറിയുന്നവര്‍ ധാരാളം ബൂലോകത്ത്‌.
    ഡിസ്ക്ലൈമ്‌ര്‍-ഇതൊരു കോഷന്‍ - വാണിങ് മാത്രം. പൊള്ളാതിരിക്കണമല്ലോ. -സു-

    ReplyDelete
  21. കൈപ്പള്ളി മുന്നോട്ടുവെച്ച ആശയം നല്ലതാണ്.
    പക്ഷേ സുനിലേട്ടന്‍ പറഞ്ഞതു പോലെ വികാരപരമായി സമീപിച്ചാല്‍ പൊള്ളുക തന്നെ ചെയ്യും.
    എന്റെ ഗ്രാഫിക്സ് പാഠങ്ങളും ടിപ്സുകളും ഒരു പുസ്തകമായി ഇറക്കാന്‍ അതിയായ ആഗ്രഹമുണ്ട്.
    നാട്ടില്‍ വെച്ച് ഒരാവേശത്തിനു ഒരു മാസിക തുടങ്ങി പൂട്ടിയവനെന്ന നിലയിലും മൂന്നു പുസ്തകങ്ങള്‍ മുന്‍ കയ്യെടുത്ത് പ്രസിദ്ധീകരിച്ച് തട്ടുമ്പുറത്ത് ചിതലുകള്‍ക്ക് സദ്യയൊരുക്കിയവനെന്ന നിലയിലും ഞാന്‍ പറയട്ടെ...
    ടൈപ്സെറ്റ് ചെയ്യാനും അച്ചടിപ്പിക്കാനും എളുപ്പമാണ്, അത് മാര്‍ക്കറ്റ് ചെയ്യാന്‍ ഇമ്മിണി ബല്യ പ്രയാസം തന്നേണ്.
    അതുകൊണ്ടാണ് കേവലം റോയല്‍റ്റി വാങ്ങി കുത്തകകളുടെ മാര്‍ക്കറ്റിംഗ് സംവിധാനത്തെ ആശ്രയിക്കുന്നത്.
    എന്നാല്‍ ബൂലോഗരുടെ ഒരു കൂട്ടായ്മ നൂറുശതമാനം ആത്മാര്‍ത്ഥതയോടെ ഒരു പ്രസാധന സംരംഭം തുടങ്ങുകയാണെങ്കില്‍ അത് തീര്‍ച്ചയായും നല്ല കാര്യമായിരിക്കും. പുസ്തകം ബൂലോഗര്‍ക്കിടയില്‍ മാത്രം മാര്‍ക്കറ്റ് ചെയ്താല്‍ പോരല്ലോ? നാട്ടിലും വിദേശങ്ങളിലും മാര്‍ക്കറ്റിംഗ് ശൃംഖല സൃഷ്‌ടിക്കുകയാണ് ആ‍ാദ്യം വേണ്ട കാര്യം. വിവിധ തലങ്ങളില്‍ പ്രഗത്ഭരായ ഇത്രയും തലകള്‍ ഒന്നിച്ച് കിട്ടുക എന്നത് കൊച്ചു കാര്യമല്ലല്ലോ?
    ആലോചിക്കാവുന്ന കാര്യം.

    ReplyDelete
  22. പ്രസാധകനില്ലാത്തതിന്റെ നേട്ടങ്ങള്‍:
    • പുസ്തകത്തിന്റെ എണ്ണം, വില്പന എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ ധാരന പുസ്തകമെഴുതുന്നയാള്‍ക്ക് (പുസ്തകമെഴുതുന്നയാളാണ് പ്രസാധനവും എന്ന രീതിയില്‍) ഉണ്ടാവും.
    • പുതിയ എഴുത്തുകാര്‍ നേരിടുന്ന അവഗണന അഭിമുഖീകരിക്കേണ്ടി വരില്ല. പല പബ്ലിഷിംഗ് പ്രസ്ഥാനങ്ങളും എഴുത്തുകാരില്‍ നിന്നും പ്രിന്റിങ്ങിനുള്ള ചിലവ് വാങ്ങി, ലാഭം വന്നാല്‍ മാത്രം ആ പണം തിരികെക്കൊടുക്കുന്ന രീതിയാണിപ്പോള്‍. (പുതിയ എഴുത്തുകാ‍രുടെ കാര്യത്തിലാണേ)
    • പുസ്തകം വി.പി.പിയായി അയയ്ക്കുന്നതിനാല്‍, ബുക്ക് സ്റ്റാളുകാര്‍ക്ക് നല്‍കേണ്ടുന്ന കമ്മീഷന്‍ പൂര്‍ണ്ണമായും ഒഴിവാക്കാം. ഇത് പുസ്തക വിലയില്‍ കുറവു വരുത്തുവാനോ, ഒരു പുസ്തകം വില്‍ക്കുന്നതില്‍ കിട്ടുന്ന ലാഭമായോ ഉപകാരപ്പെടുത്താം.
    • എഴുത്തുകാരന്‍ കബളിക്കപ്പെടില്ല. 1000 കോപ്പിയന്ന് പറഞ്ഞ് 3000 കോപ്പി പുറത്തിറക്കി, 1000-ന്റെ റോയല്‍റ്റി നല്‍കുക എന്ന രീതി നടപ്പിലാവില്ല.


    പ്രസാധകനില്ലാത്തതിന്റെ ദോഷങ്ങള്‍:
    • മാര്‍ക്കറ്റിംഗ് എന്ന തലവേദന എഴുത്തുകാരന്റെ ചുമലില്‍ വരുന്നു. ഡി.സി.(ഉദാഹരണം) മാര്‍ക്കറ്റ് ചെയ്യുന്ന ചിലവില്‍ ഒരു പുതിയ ആള്‍ക്ക് മാര്‍ക്കറ്റിംഗ് സാധ്യവുമല്ല. അതു പോലെ ഡി.സിയുടെ ഒരു പരസ്യത്തിനു കൊടുക്കുന്ന വിശ്വാസ്യത, മറ്റൊരാളുടെ പരസ്യത്തിനു കൊടുക്കണമെന്നുമില്ല.
    • വില്‍പ്പനയും അത്ര സുഗമമല്ല. വി.പി.പി ആയി അയയ്ക്കാമെന്നു പറഞ്ഞാലും, ഇന്ന് വീടുകളില്‍ മിക്കവരും ജോലിക്കാരായതിനാല്‍, വി.പി.പി. കൊണ്ടുവരുമ്പോള്‍ ആളില്ലാത്ത അവസ്ഥയുണ്ടാവാം. ബുക്ക് സ്റ്റാളുകളിലൂടെയുള്ള വില്പനയാവും ഇങ്ങിനെ നോക്കുമ്പോള്‍ കൂടുതല്‍ പ്രായോഗികം. പുസ്തക പ്രദര്‍ശനങ്ങളിലാണ്, ഇന്ന് കൂടുതലും പുസ്തകങ്ങള്‍ വിറ്റുപോവുക. ലൈബ്രറികള്‍ പോലും പ്രദര്‍ശനങ്ങളില്‍ നിന്നും പുസ്തകം മേടിക്കുവാനാണ് കൂടുതല്‍ താത്പര്യപ്പെടുന്നത്. അവിടെയും നല്ല ഒരു പ്രസാധകന്റെ സ്റ്റാളിലിരിക്കുന്ന പുസ്തകങ്ങള്‍ക്ക് കിട്ടുന്ന ശ്രദ്ധ, മറ്റുള്ളവയ്ക്ക് കിട്ടണമെന്നില്ല.


    ചില സംശയങ്ങള്‍:
    • പൂര്‍ണ്ണമായും ബൂലോഗത്തിലൂടെ പുസ്തകങ്ങള്‍ വിറ്റഴിക്കുവാന്‍ സാധിക്കുമോ? ആദ്യത്തെ ഒന്നു രണ്ട് പുസ്തകങ്ങള്‍ ഒരു പക്ഷെ, എല്ലാവരും പ്രോത്സാഹനമെന്ന നിലയില്‍ മേടിച്ചേക്കാം. തുടര്‍ന്ന്, ബ്ലോഗില്‍ വായിച്ചവ വീണ്ടും വാങ്ങി വായിക്കുവാന്‍ എല്ലാവരും തയ്യാറാവുമോ?
    • എങ്ങിനെ തുടങ്ങിയാലും ഒടുവില്‍ അത് മറ്റൊരു പബ്ലിഷിംഗ് കമ്പനിയിലല്ലേ അവസാനിക്കൂ? എഴുത്തുകാരന്‍ പണം മുടക്കുവാന്‍ തയ്യാറാണെങ്കില്‍, നല്ല പബ്ലിഷിംഗ് കമ്പനിയിലൂടെ പുറത്തുവരുന്നതാവില്ലേ കൂടുതല്‍ നേട്ടം?

    ഈ ആശയം നല്ലതാണെങ്കിലും; പ്രസാധനത്തെക്കുറിച്ചും, പുസ്തകവിപണനത്തെക്കുറിച്ചും, വില്പനയെക്കുറിച്ചും നന്നായി അവഗാഹമുള്ള ആരെങ്കിലും ഇതിനെക്കുറിച്ച് നന്നായി പഠിച്ച്, ഇതിന്റെ നേട്ടങ്ങളേയും കോട്ടങ്ങളേയും അവതരിപ്പിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനേ എന്നെനിക്കു തോന്നുന്നു.
    --

    ReplyDelete
  23. കുറുമാന്‍ജിയും പുസ്‌തകയുടമയാവും. ഉടനെയതുണ്ടാവും. ആ സുദിനം കാത്തിരിക്കാം നമുക്ക്‌.

    ശ്രീ.വി.എം'സ്‌ പുരാണം പുസ്‌തകം ഒരു നോക്കുകാണുവാനും കാത്തിരിക്കുന്നു. എന്നാണാവോ എമറാത്തില്‍ ഇതു ലഭ്യമാവുക.

    ReplyDelete
  24. പ്രൂഫ് റീഡിംഗ് വിചാരത്തെ ഏല്‍പ്പിച്ചാലോ?
    പുള്ളിയാവുമ്പോള്‍ കുത്തും കോമായുമൊന്നും തപ്പി അലയേണ്ടല്ലോ?

    ReplyDelete
  25. ഈ അനോണിയെ എനിക്കു മനസിലയീ..ഹി ഹി

    ReplyDelete
  26. വേറൊരു കാര്യം, തപ്പിയപ്പോള്‍ കിട്ടീല്യാന്ന്‌ വെച്ച്‌ കൈപ്പള്ളി വിചാരിക്കുന്നുണ്ടോ, വിശാലന്റെ പുസ്തകത്തിന്റെ ആയിരം കോപ്പികളും ഇത്രയും വേഗം വിറ്റുപോയി എന്ന്‌? എങ്കില്‍ തെറ്റി.
    വിശാലന്‍ ഫസ്റ്റ് എഡിഷന്‍ റോയല്‍റ്റിയ്ക്ക്‌ വേണ്ടി സ്റ്റേറ്റ്മെന്റ് ചോദിക്കുമ്പോള്‍ അറിയും കാര്യം.
    -സു-

    ReplyDelete
  27. കൈപ്പള്ളീ,

    ആശയം കൊള്ളാം.
    ഇതേ ആശയം ദശകങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിച്ചവരും നടപ്പാക്കിയവരും ഇന്ന് എവിടെ എന്ന ഒരു ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നു.

    കുറേ നാള്‍ പുസ്തകപ്രസാധനവും അച്ചടിയും പ്രൂഫ് റീഡിംഗും ബുക്ക് സ്റ്റാളും വില്‍പ്പനയുമൊക്കെയായി (കോളേജ് പഠിത്തത്തിന്നിടയില്‍)നടന്ന ഒരാളെന്ന നിലയില്‍ പറയട്ടെ: നമ്മള്‍ക്കും പരീക്ഷിക്കാം. അദ്ധ്വാനവും തലവേദനകളും മുടക്കുമുതലും എഴുതിത്തള്ളാന്‍ തയ്യാറാണെങ്കില്‍ മാത്രം. അവസാനം കുറുജി മാത്രം കാണും ആളൊഴിഞ്ഞ അരങ്ങില്‍; ബാക്കി താങ്ങിയവരൊക്കെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എവിടെയൊക്കേയൊ എങ്ങിനെയൊക്കേയോ ‘ബിസി’യായിരിക്കും.(ജീവിതം പഠിപ്പിച്ച പാഠം!)

    നിരുത്സാഹപ്പെടുത്തകയല്ലാ, നല്ലവണ്ണം ആലോചിച്ച് മാത്രം എടുത്ത് ചാടുക എന്നു പറയുകയായിരുന്നു.

    വീക്കിലിയില്‍ സീരിയലൈസ് ചെയ്ത, എന്റെ ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ കുറെ നാള്‍ പല പ്രസാധകരുടെയും പിന്നാലെ നടന്നു നടന്ന് അവസാനം ആമിനാ ബുക്സ്റ്റാള്‍കര്‍ക്ക് കരാറെഴുതി, 100 രുപ ടോക്കന്‍ അഡ്വാന്‍സ് വാങ്ങി, ബോംബെക്ക് വണ്ടികയറിയവനാ ഞാന്‍.പിന്നെ അതിനെന്ത് സംഭവിച്ചുവെന്ന് ഒരു പിടിയുമില്ല.പ്രസിദ്ധീകരിച്ചോ, പ്രസിദ്ധീകരിച്ചെങ്കില്‍ ആരുടെ പേരില്‍ എന്നൊന്നും ഇന്നും അറിയില്ല.(ഇതൊരു വലിയ റാക്കറ്റായിരുന്നു,അന്നൊക്കെ)
    - ആമിനാ ബുക്ക്സും ഇന്നില്ലാ.

    ശരി, കാടു കയറുന്നില്ലാ. കൂട്ടായി എന്തെങ്കിലും ചെയ്യുന്നുവെങ്കില്‍ എന്നേയും ലിസ്റ്റില്‍ ചേര്‍ത്തോളൂ.
    വിജയീ ഭവ:

    ReplyDelete
  28. കൈപ്പള്ളി,

    വിശാല്‍‌ജിയുടെ കൊടകരപുരാണം വാങ്ങാന്‍ കോഴിക്കോടുള്ള കറന്റ് ബുക്സ്/കോസ്മോ ബുക്സ് ഷോറൂമുകള്‍ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞ ഒരാള്‍ ആണു ഞാന്‍..
    കുറുമാന്‍‌ജി യുടെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ തീര്‍ച്ചയ്യായും പുസ്തകമാക്കേണ്ട് ഒരു കൃതിയാണു..
    ഫ്രീ സോഫ്റ്റ്വയര്‍ പോലെ ഫ്രീ ബുക് കമ്മ്യൂണിറ്റിയും ഉയര്‍ന്നു വരണം..ഒരു ചര്‍ച്ചയില്‍ അവസാനിക്കാതെ, എല്ലാം യാഥാര്‍ത്ഥ്യമാവട്ടെ..

    ReplyDelete
  29. കൈതമുള്‍
    ഞഞ്ഞ മുഞ്ഞ കമന്റ് ഇടല്ലെ ഇടല്ലെ എന്നു നേരത്തെ പറഞ്ഞതാണു.

    "ബാക്കി താങ്ങിയവരൊക്കെ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എവിടെയൊക്കേയൊ എങ്ങിനെയൊക്കേയോ ‘ബിസി’യായിരിക്കും.(ജീവിതം പഠിപ്പിച്ച പാഠം!"

    ഇദ്ദേഹത്തെ താങ്ങിയത് ഞാനാണു.
    നിരുത്സാഹപെടുത്താനാണെങ്കില്‍ ദോ, ലവിടെ എങ്ങാനം പോയി ഇരുന്ന് ചെയ്യ്.


    സുഹൃത്തുക്കളെ.
    printingനും marketingനും കുറുജിക്കു വരുന്ന ചിലവിന്റെ 50% ഞാന്‍ വഹിച്ചുകോള്ളാം.

    ഇന്നു yahoo malayalam, MSN മലയാളം ഒക്കെ പരസ്യങ്ങള്‍ ചെയ്യുന്നുണ്ട്. online പരസ്യങ്ങള്‍ മാത്രം മതി.


    ഇതിന്റെ On-line വിജയം ഒന്നു ആദ്യം പരീക്ഷിച്ചു നോക്കാം.

    ebay, yahoo shopper, souq.com പോലുള്ള online storeകള്‍ ധാരാളമുണ്ട്. അതു വഴി പുസ്തകം വില്കാം.

    കേരളത്തിലെ വിതരണം ഇപ്പോള്‍ ഒരു പ്രശ്നമക്കണ്ട. ഇതിന്റെ വിജയം കഴിഞ്ഞ് ജനം അന്വേഷിച്ച് വരും.

    നാട്ടിലേക്കാള്‍ നല്ല പ്രിന്റിങ്ങ് systems uaeയില്‍ ഉണ്ട്. വേണമെങ്കില്‍ പ്രിന്റിങ് ഇവിടെ തന്നെ നടത്താം.

    ഇനി എന്താണു പ്രശ്നം?

    ReplyDelete
  30. This comment has been removed by a blog administrator.

    ReplyDelete
  31. കുട്ടന്‍സ്‌

    Free ?

    അണ്ണ ബൂക്ക് വിറ്റ് കാശുണ്ടാക്കി പത്തിരിയും കോഴിയെറച്ചിയും വാങ്ങണ കാര്യമാണു ഇവിട ചര്‍ച്ച് ചെയ്യണത്. Free പരിപാടി ഇവിട പറ്റൂല്ല.
    qw_er_ty

    ReplyDelete
  32. നല്ല സംരംഭം!

    കൈപള്ളീ, കുറുമാന്‍... സധൈര്യം മുന്നോട്ട്‌!!

    മാര്‍കറ്റിംഗ്‌ പ്രശ്നങ്ങള്‍ തരണം ചെയ്യാനാവുമെന്ന ആത്മവിശ്വാസം ഉണ്ടെങ്കില്‍ നമുക്ക്‌ പുതിയ ഒരു രീതി തുടങ്ങാമന്നേ! ബ്ലൊഗ്ഗില്‍ നിന്നുള്ള രണ്ടാമത്തെ ബുക്ക്‌ അങ്ങനെ പ്രകാശിതമാവട്ടെ.

    ഏത്‌ രീതിയിലും സഹകരിക്കാന്‍ തയ്യാറാണ്‌ - സാമ്പത്തികമായും ( ആവശ്യമെങ്കില്‍)

    ReplyDelete
  33. ‘കൊടകരപുരാണം‘ ആദ്യത്തെ ബ്ലോഗ് സാഹിത്യം എന്ന ലേബലില്‍ തൃശ്ശൂര്‍ കറന്റ് ബുക്സ് ഇറക്കിയത് എന്തുകൊണ്ടും നന്നായി എന്ന അഭിപ്രായം തന്നെയാണ് ഇപ്പോഴും എനിക്കുള്ളത്.

    തികച്ചും അപ്രശസ്തനായ ഒരാളുടെ കുറിപ്പുകള്‍ തൃശ്ശൂര്‍ കറന്റ് ബുക്സ് പോലുള്ള ഒരു സ്ഥാപനം ഇറക്കുക എന്ന് വച്ചാല്‍ അത് വലിയ കാര്യമായി തന്നെ കാണണം. അതിന്റെ ഒരു ഇമ്പാക്റ്റ് ചില്ലറയല്ല. ഉമേച്ചിയുടെയും മറ്റും മാരക റെക്കമന്റേഷനിലാണെങ്കില്‍ പോലും!

    അവര്‍ക്ക് അതിന്റെ പേരില്‍ സാമ്പത്തിക നേട്ടം വല്ലതും ഉണ്ടായാല്‍ അതവര്‍ അര്‍ഹിക്കുന്നതുതന്നെയാണ് എന്നാണെന്റെ പക്ഷം.

    പിന്നെ ബ്ലൊഗ് സാഹിത്യം എന്നൊരു സംഭവം നടക്കുന്നുണ്ട് എന്ന് മലയാളില്‍ കുറേ പേര്‍ അറിഞ്ഞ നിലക്ക് ഇനി ഒരു പുസ്തകം ബ്ലോഗില്‍ നിന്ന് ഇറങ്ങുമ്പോള്‍ കൈപ്പള്ളിയും വിശ്വവും പണ്ട് സൂചിപ്പിച്ച പോലെ, കൈപ്പള്ളി വീണ്ടും പറഞ്ഞ പോലെ വായനക്കാരന് നേരിട്ട് വാങ്ങാന്‍ ഒരു സൌകര്യം ഉണ്ടെങ്കില്‍ അത് നല്ല ഓപ്ഷന്‍ തന്നെയാണ്.

    സാമ്പത്തിക നേട്ടം പ്രാധാന കാരണമാണെങ്കിലും ബുക്കിന്റെ ലേ ഔട്ട്, കവര്‍, പ്രിന്റിങ്ങ് ‍ക്വാളിറ്റി എന്നിവയെല്ലാം നമുക്ക് തന്നെ തീരുമാനിക്കാമെന്നതും, വായനക്കാരനും എഴുത്തുകാരനും തമ്മില്‍ ഒരു നല്ല ബന്ധം വരുവാന്‍ സാഹചര്യമൊരുങ്ങും എന്നുള്ളതും ആരോടും ചോദിക്കാതെ തന്നെ നമുക്ക് റെസ്പോണ്‍സ് അറിയാമെന്നുള്ളതുമെല്ലാം വലിയ കാര്യം തന്നെ.

    200 പേജുകളുള്ള ഒരു പുസ്തകം സൂ‍പ്പര്‍ ഡ്യൂപ്പര്‍ ക്വാളിറ്റിയില്‍ 1000 കോപ്പികള്‍ പ്രിന്റ് ചെയ്യാന്‍ എല്ലാ ചിലവും കൂട്ടി മാക്സിമം 25,000/- രൂപയോളമേ വരു.

    ഒരു പേജിന് 50 പൈസ കണക്കാക്കി 100 രൂപ വിലയിട്ടാല്‍ 250 പുസ്തകം ചിലവായാല്‍ തന്നെ പ്രിന്റിങ്ങ് കോസ്റ്റ് ടാലിയാവും.

    ‘യൂറോപ്പ് സ്വപനങ്ങളും‘ അതുകഴിഞ്ഞ് ഇറങ്ങാന്‍ പോകുന്ന ‘മൊത്തം ചില്ലറ‘ അടക്കമുള്ള എല്ലാ ബുക്കുകളും 1000 കോപ്പിയിലേറെ നമ്മള്‍ ബ്ലോഗേഴ്സും നമ്മളുടെ പരിചയക്കാരും തന്നെ വാങ്ങും എന്നതില്‍ എനിക്ക് സംശയമില്ല.

    പുരാണത്തിന്റെ യു.എ.ഇ. പ്രകാശനത്തിന് കണക്കെടുത്തപ്പോള്‍ മൊത്തം റിക്വയര്‍ മെന്റ് 500 കോപ്പികള്‍ ആയിരുന്നു എന്നത് നിസാരകാര്യമല്ല. ഇത്രക്കും സപ്പോര്‍ട്ടീവായ ഒരു കമ്മ്യൂണിറ്റിയില്‍ നിന്നും വരുന്ന പുസ്തകം എന്നത് തന്നെയാണീ അവസ്ഥക്ക് പിന്‍ബലം.

    കുറുമാന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ പുസ്തകമാവുക എന്നത് ഇപ്പോള്‍ നമ്മുടെ സ്വപ്നമാണ്. അതിനുവേണ്ടി കഴിയുന്ന എന്ത് സഹായത്തിനും എല്ലാവരും ഒരുക്കവുമാണ്.

    എന്റെ എല്ലാവിധ സപ്പോര്‍ട്ടുകളും ആശംസകളും എപ്പോഴും ഉണ്ടായിരിക്കും.

    ഓ.ടോ.
    40 യൂറോ അയച്ചുതരാം. ഒരു ബുക്ക് ഒപ്പിട്ട് അയച്ചുതരാമോ ? എന്ന് ചോദിച്ച് ഒരാളുടെ മെയില്‍ വന്നു ഇന്നലെ.

    ആള്‍ ആരെന്നറിയാമോ?
    ‘മരപ്പട്ടി‘ ഫ്രം അയര്‍ലണ്ട്.

    ReplyDelete
  34. കൈപ്പള്ളീ,
    ഗോബിക്കല്ലെടാ കുട്ടാ!
    -നിരുത്സാഹപ്പെടുത്താനല്ലാ, ഉത്സാഹിച്ച് തന്നെയാണു കമന്റിയത്. വരും വരായ്കള്‍ അറിഞ്ഞിരിക്കണമെന്നതിനാല്‍ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുവെന്ന് മാത്രം.

    “-കൂട്ടായി എന്തെങ്കിലും ചെയ്യുന്നുവെങ്കില്‍ എന്നേയും ലിസ്റ്റില്‍ ചേര്‍ത്തോളൂ“ എന്നു പറഞ്ഞത് ആത്മാര്‍ത്ഥമായിതന്നെയാണ്.

    ReplyDelete
  35. കൈപ്പള്ളി നല്ല ചിന്ത. സുനില്‍ പറഞ്ഞതുപോലെ വിടരുന്നമൊട്ടുകളില്‍ (http://vidarunnamottukal.blogspot.com) ഇതിനു മുമ്പെ തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ചൊരു പോസ്റ്റുണ്ടായിരുന്നു. അന്നതു വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നു തോന്നുന്നു. എങ്കിലും അവര്‍ ഓപ്പണ്‍ മാഗസിന്‍ എന്ന പരിപാടിയുമായി മുന്നോട്ട് പോകുന്നുണ്ട്. ഇപ്പോള്‍ www.mobchannel.com ലൂടെ ഓണ്‍ലൈന്‍ പുസ്തക വിതരണവും ആരംഭിച്ചിട്ടൂണ്ട്. ഓണ്‍ലൈനിലൂടെ ആവശ്യപ്പെട്ടാല്‍ ഇന്ത്യക്കകത്ത് വി.പി.പി. ആയി അയച്ചുകൊടുക്കുന്നതാണെന്നും, ഇവയില്‍ വിശാലന്റെ കൊടകര പുരാണവും ഉണ്ടെന്ന് സൈറ്റ് സന്ദര്‍ശിച്ചാല്‍ കാണാവുന്നതാണ്. ഗുണാളന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പറയുമെന്ന് പ്രതീക്ഷിക്കാം.

    ReplyDelete
  36. കൈപ്പള്ളി,
    ഫ്രീ എന്നുകേട്ടപ്പോള്‍, നമ്മള്‍ (അണ്ണന്‍) ഓസിനു പൊത്തകം വാങ്ങാന്‍ ഇറങ്ങിയതാണെന്ന് വിചാരിച്ചോ..:)..("Free Software Community " )പറയുന്നപോലെ “Free as in Freedom ”അതാണു നുമ്മ ഉദ്ധേശിച്ചത്..പൊറോട്ടേം,കോഴീം കഴിക്കാനല്ലെങ്കില്‍ കൂടിയും കുറുമാന്‍‌ജിയുടേയും, മൊത്തം ചില്ലറയും അടക്കം സകല ബ്ലോഗ് സാഹിത്യവും,പ്രസിദ്ധീകരിക്കണം..കവര്‍ ഡിസൈനിലും, കണ്ടന്റിലും സകലമാന സ്വാതന്ത്ര്യവും ബ്ലോഗന്മാര്‍ക്കു സ്വന്തമാക്കിക്കൊണ്ട്..
    പൊത്തകത്തിന്റെ ആമുഖം പ്രമുഖ സാഹിത്യകാരന്മാര്‍ എഴുതുന്ന പതിവിനു പകരം ബ്ലോഗില്‍ വന്ന കമന്റുകള്‍ ആമുഖങ്ങളായിടണം..
    ബ്ലോഗ്ഗേഷ്സ് ബ്ലോക്ക് ഇറക്കുന്ന പുസ്തകങ്ങള്‍ ഞാന്‍ പഠിച്ച സ്കൂളുകളില്‍(ലൈബ്രറികള്‍) സൌജന്യമായി സ്വന്തം ചിലവില്‍ ഞാന്‍ കൊടുക്കാം..
    നിങ്ങള്‍ പ്രസ്ഥാനം തുടങ്ങിക്കോ..
    --കുട്ടന്‍സ്..

    ReplyDelete
  37. കൈപ്പള്ളി , കമന്റുകളിട്ട സുഹ്രുത്തുക്കളെ , നിങ്ങള്‍ പറഞ്ഞതു നൂറു ശതമാനം ശരിയാണു.ഓപെണ്‍ പബ്ലിഷിംഗ്‌ ഫൗണ്ടേഷന്‍ എന്നൊരു സ്ഥാപനം കണ്ണൂരില്‍ നിന്നും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടു.കണ്ണൂരാനേ ആമുഖത്തിനു നന്ദി.
    ഇതിനെ സംബന്ധിച്ഛു ഞാന്‍ മുന്‍പെഴുതിയ ലേഖനങ്ങളുടെ ഉള്ളടക്കം ചുവടെ.ഗള്‍ഫ്‌ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു കരീം മാഷുമായീ ചര്‍ച്ചകള്‍ നടത്തി വരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇമെയില്‍ ആയീ അയച്ചു തരാം.യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ..

    ReplyDelete
  38. കൈപ്പള്ളി , കമന്റുകളിട്ട സുഹ്രുത്തുക്കളെ , നിങ്ങള്‍ പറഞ്ഞതു നൂറു ശതമാനം ശരിയാണു.ഓപെണ്‍ പബ്ലിഷിംഗ്‌ ഫൗണ്ടേഷന്‍ എന്നൊരു സ്ഥാപനം കണ്ണൂരില്‍ നിന്നും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടു.കണ്ണൂരാനേ ആമുഖത്തിനു നന്ദി.
    ഇതിനെ സംബന്ധിച്ഛു ഞാന്‍ മുന്‍പെഴുതിയ ലേഖനങ്ങളുടെ ഉള്ളടക്കം ചുവടെ.ഗള്‍ഫ്‌ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു കരീം മാഷുമായീ ചര്‍ച്ചകള്‍ നടത്തി വരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇമെയില്‍ ആയീ അയച്ചു തരാം.യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ..

    ReplyDelete
  39. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

    http://www.mobchannel.com/signon/switchmodule.do?page=/acceptswitch.do&prefix=/blogdigest

    ReplyDelete
  40. The history of mankind has been marred by the battles orchestrated to capture the best trade routes.

    A community of middle men control the policies that affect the lifes of the entire human race.

    By controlling the distribution channel that takes care of delivering consumer ready artifacts they deny consumers the right to purchase a finished product in it's fair value.

    Producers on the other hand are saddled by the lack of ability to reach to the market.
    In many cases the value addition offered by the distribution channel are mere packaging ,labelling and advertising.
    Islamic financing and Co-Operative enterprises have attempted to achieve a better way to do commerce,but commerce should remain an individual enterprise to retain it's vibrancy.
    Internet is one of the biggest infrastructures built by individuals.

    No other technological enterprise has seen such wide spread acceptance and contribution from individuals.

    One of the key factors that helped individuals to establish their presence is open source software,using which they can build their own virtual enterprise with zero cost.


    Open Commerce Foundation is an attempt to extrapolate this model to all other artifacts and not just software.

    By opening up the distribution channel which is owned by corporates and converting them into open access end points,
    OCF tries to bring individual enthusiasm and participation into commerce and build a truly open distribution channel.
    Reach us out at praveengeorgemi@yahoo.com to find out how you can help.

    ReplyDelete
  41. പരമ്പരാഗതമായീ മധ്യവര്‍ത്തികള്‍ middle men ഒരു വസ്തുവിന്റേ വില്‍പന മൂല്യത്തിന്റേ ഭൂരിഭാഗവും കൈക്കലാക്കുന്നു ..

    ഓപെണ്‍ കൊമേര്‍സ്‌ പ്രോജെക്റ്റ്‌ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പറ്റം മധ്യവര്‍ത്തികളെ സൃഷ്ടിക്കുന്നതിലൂടെ മധ്യ വര്‍ത്തികളാല്‍ ഉയര്‍ത്തപ്പെടുന്ന വില്‍പന മൂല്യത്തിന്റേ സിംഹഭാഗവും ആ വസ്തു നിര്‍മ്മിക്കുന്ന വ്യക്തിക്കോ സമൂഹത്തിനോ തിരിച്ചു നല്‍കുന്നു.
    ഉദാഹരണത്തിനു ബ്ലൊഗ്‌ എന്ന വസ്തുവിനു മൂല്യം കൂട്ടി ആ മൂല്യം ബ്ലോഗര്‍മാര്‍ക്കു തന്നെ തിരിച്ചു കൊടുക്കുകയാണു വിടരുന്ന മൊട്ടുകള്‍ ചെയ്യുന്നതു ..

    വരൂ അംഗമാവൂ...ഈ വിലാസത്തില്‍ vidarunnamottukal@gmail.com ഒരു മെയില്‍ അയക്കൂ...
    ഈ പരിപാടി ഓപെണ്‍ കൊമേര്‍സ്‌ ഫൗന്‍ഡേഷന്‍ എന്ന സംഘടനയുടെ ആദ്യത്തേ സംരംഭം ആണു .
    http://www.opencommercefoundation.com
    ക്രമേണ കായിക,ബൗദ്ധിക ശേഷികള്‍ വേണ്ടി വരുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും ഈ രീതിയില്‍ മാര്‍കെറ്റ്‌ കണ്ടു പിടിക്കാന്‍ സഹായിക്കുക എന്നതാണു പ്രഖ്യാപിത ലക്ഷ്യം.

    2007 ലെ മികച്ച ബ്ലോഗുകള്‍ പേപ്പര്‍ ബാക്ക്‌ എഡിഷനായീ പുറത്തിറക്കുന്നു..
    ഓതേര്‍സ്‌ പ്രസ്സ്‌ http://www.apress.com മാതൃകയില്‍ 2007 ലെ മികച്ച ബ്ലോഗുകള്‍ - കഥകള്‍, കവിതകള്‍, നോവലെറ്റുകള്‍ , ചിത്രങ്ങള്‍ , എന്നിവ ചേര്‍ത്തു ഫ്രീ ഡൊക്യുമന്റ്‌ ലൈസെന്‍സ്‌ വ്യവസ്ഥിതിയില്‍ പുറത്തിറക്കുന്നു .
    വില്‍പനയില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ 50 % എഴുത്തുകാര്‍ക്കും മിച്ചം 50% അടുത്ത വര്‍ഷത്തേ പ്രതിമാസ സമ്മാനത്തിനും ഉപയോഗിക്കുന്നതായിരിക്കും .

    ഈ ഏര്‍പ്പാട്‌ തുടര്‍ന്നുള്ള എല്ലാ വര്‍ഷവും നടത്തിക്കോണ്ടു പോകാനും പദ്ധതിയുണ്ടു.

    ഈ മാസത്തേ മല്‍സരത്തിനു തിരഞ്ഞെടുത്ത പോസ്റ്റുകള്‍ ചുവടെ.
    തുടക്കമായതിനാല്‍ ചില പാകപ്പിഴകള്‍ ഉണ്ടാവും ..ക്ഷമിക്കുമല്ലോ..

    ReplyDelete
  42. പിന്നെ കൈപ്പള്ളി വ്യക്തിപരമായീ പറഞ്ഞാല്‍ കോപ്പിറൈറ്റ്‌ എന്നു പറഞ്ഞു നിങ്ങള്‍ കൂട്ടുന്ന ബഹളത്തിനോടു എനിക്കു തീരെ യോജിപ്പില്ല . മനുഷ്യ സമൂഹം കൊണ്ടും കൊടുത്തും തന്നെയാണു വലര്‍ന്നതു. ചക്രം ഉണ്ടാക്കിയ പിതാമഹന്‍ അതിന്റെ കോപ്പി റൈറ്റ്‌ എടുത്തു വച്ചാലത്തേ കാര്യം താങ്കള്‍ ഒന്നു ആലൊചിച്ചു നോക്കൂ.. ഈ വിഷയത്തില്‍ താങ്കളുടെ നിലപാടു മാറും എന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  43. This comment has been removed by a blog administrator.

    ReplyDelete
  44. കൈപ്പള്ളി said...

    ഗുണാളന്‍:
    വിഷയം "പ്രസാദകനില്ലാത്ത പ്രസിദ്ധീകരണങ്ങള്‍ ഭവഃ"
    Copyright and ownership are intertwined concepts.

    The third world psyche has not yet comprehended the values of copyright.

    Copyright is the foundation of creative progress. Diluting this basic right dilutes art, intellect and associated creative concepts.

    copyrightനെ കുറിച്ചുള്ള എന്റെ ധാരണകള്‍ എനിക്ക് വിട്ടുതരു.

    നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന സാദനം വല്ലവനും കട്ട് കൊണ്ടുപോയി വിറ്റ് കാശുണ്ടാക്കുമ്പെള്‍ നിങ്ങള്‍ എന്തു ചെയ്യും?

    ReplyDelete
  45. താങ്കളുടെ അഭിപ്രായങ്ങള്‍ തീര്‍ച്ചയായും താങ്കളുടേതു തന്നേ. താങ്കള്‍ പറഞ്ഞ പല കാര്യങ്ങളും ഓപെണ്‍ ചിന്താ ഗതിക്കനുകൂലമായതു കൊണ്ടു ചോദിച്ചു എന്നു മാത്രം ക്ഷമിക്കുമല്ലോ..
    ഒരു പക്ഷേ http://www.apress.com എന്ന സംഘടനെയെക്കുറിച്ചു താങ്കള്‍ക്കു അറിവു കാണും . ഓപെണ്‍ സോര്‍സില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ഇത്തരം സംഭവങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും പൊട്ടി മുളച്ചിട്ടുണ്ടു.. ഇവയെല്ലാം തന്നെ തുറന്ന ലോകം എന്ന ഫിലോസഫിയില്‍ വിശ്വസിക്കുന്നു . ആ ചിന്താഗതിയില്‍ വിശ്വസിക്കുന്നവര്‍ പേറ്റെന്റിനേക്കുറിച്ചും കോപ്പി റൈറ്റിനെക്കുറിച്ചും വേവലാതിപ്പെടാറില്ല. കൊമേര്‍ഷ്യല്‍ വല്‍ക്കരണം അതു ചെയ്യുന്നവരുടെ ഉപ ജീവന മാര്‍ഗമാണു.അവരെ തടയുന്നതിനു പകരം സ്വയം കൊമേര്‍ഷ്യല്‍ വല്‍ക്കരിക്കുക എന്ന താങ്കളുടെ ആശയം നല്ലതു തന്നെ . എല്ലാ പിന്തുണയും ശുഭാശംസകളും

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..