Thursday, December 27, 2007

ക്രിസ്തുവിന്റെ ജനനവും ക്രിസ്തുമസ്സും.

ക്രിസ്തുമസ് സന്ദേശങ്ങൾ വന്നടിയുന്ന ദിനങ്ങളാണല്ലോ. ക്രിസ്തുമസ് എത്രത്തോളം ക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പലരും ചോദിക്കുകയുണ്ടായി. ക്രിസ്തു December 25-നാണോ, January 7-നാണോ ജനിച്ചത് എന്ന് ചിലർ ചോദിച്ചിരുന്നു. ക്രിസ്തുമസ് ആചരിക്കുന്നത് തെറ്റാണോ എന്നും ചിലർ ചോദിച്ചു. ഈ ചോദ്യങ്ങൾക്കൊന്നും എനിക്ക് ഉത്തരമില്ല. നിങ്ങൾ വിശ്വസിക്കുന്ന രീതിയിൽ ജിവിക്കുക. സത്യം നിങ്ങൾ കണ്ടെത്തുക. ക്രിസ്തുമസ് ആചരിക്കുകയോ ആചരിക്കാതിരിക്കുകയോ ചെയ്യാം പക്ഷെ ക്രിസ്തുവിന്റെ ജനനം ആചരിക്കണമോ വേണ്ടയോ എന്ന കാര്യാം പഠിക്കേണ്ടിയിരിക്കുന്നു.

ക്രൈസ്തവ മതത്തിന്റെ പ്രാധമിക ആധാരം സത്യവേദപുസ്തകമാണു് എന്നാണു പറയപ്പെടുന്നതു്. അതിൽ ഇല്ലാത്ത ആചാരങ്ങളാണു് ക്രിസ്തുമസ് എന്ന പേരില് ഇന്ന് ആഘോഷിക്കുന്ന പല ചടങ്ങുകളും. ക്രിസ്തു ജനിച്ച തീയതി ബൈബിളിൽ ഒരിടത്തും പറയുന്നില്ല എന്നുമാത്രമല്ല ഡിസംബർ മാസത്തിൽ ക്രിസ്തു ജനിക്കാൻ സാദ്ധ്യതയും കുറവാണു് എന്നു് പല പണ്ഠിതവൃത്തങ്ങളും പറയുന്നു. പ്രധാനമായും ബൈബിളിൽ പറഞ്ഞിരിക്കുന്ന ചില വരികൾ ശ്രദ്ധിക്കുക.

    ലൂക്കാസ് 2:7 അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.
    2:8  
    അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു.
യെരുശലേമിൽ ഡിസംബർ മാസം മഴക്കാലമാണു്. ആട്ടിടയന്മാർ ഈ തണുത്ത കാലാവസ്ഥയിൽ ആട്ടിനെ പുറത്തിറക്കാറില്ല എന്നുള്ളത് ഒരു സത്യമാണു്. മാത്രമല്ല ബെത്ലഹേമിൽ നിന്നും നസറത്ത് വരെ 110 കി.മി ദൂരം ഉണ്ട്. പൂർണ്ണഗർഭിണിയായ  മറിയ കൊടും തണുപ്പിൽ ഇത്രയും ദൂരം യാത്ര ചെയ്യും എന്ന കാര്യത്തിലും സംശയം ഉണ്ട്.

ക്രിസ്ത് ജനിക്കുന്നതിനും മുമ്പ് റോമക്കാര്‍ ആചരിച്ചിരുന്ന ആചാരമാണു് Saturnalia . ഇന്ന് ഡിസംബര് 25-നു ആചരിക്കപ്പെടുന്നത്.

ജനുവരി മാസത്തില് പൂജാഗിരികളായ (Pagan) റോമാക്കാര് സന്ദേശങ്ങള് കൈമാറിയിരുന്നു. ഈ ആചാരം ക്രിസ്തുമസ് (Christmas Cards) സമ്പ്രദായത്തിന്റെ ഭാഗമായി മാറി .
1223-ലാണു St. Francis (of Assisi) ഉണ്ണിയേശുവിന്റെ Nativity Scene-ന്റെ രൂപങ്ങള് പ്രചരിപ്പിക്കുന്നത്.
പൂജാഗിരികൾ ആചരിച്ചിരുന്ന പുരാതന ആഘോഷങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ  ആദ്യകാല ക്രസ്തവ സഭകൾ പരിശ്രമിച്ചിരുന്നു. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടെർട്ടൂളിയാനുസ് ഈ വിഷയത്തേക്കുറിച്ച് അനേകം ലേഖനങ്ങള് എഴുതിയിട്ടുണ്ട്.
പൂജാഗിരികളായ റോമാക്കാര് ആചരിച്ചിരുന്ന സാറ്റുര്ണാലിയ എന്ന ആഘോഷമാണു ഇതു. December 21-നാണു് ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം. സൂര്യന്റെ തിരിച്ചു വരവു് അഘോഷിക്കുന്ന ഈ ദിനം റോം ആസ്ഥാനമാക്കിയ കത്തോലിക്ക സഭ ക്രൈസ്തവ സമ്പ്രദായങ്ങളിൽ കൂട്ടിച്ചേർത്തു്. ഈ ദിനങ്ങള്‍ ജനം കൂത്താടി ആഘോഷിച്ചിരുന്നു. Emperor Justinian AD 529 ആണു Dec 25 അവധി ദിവസമായി പ്രഘ്യാപിച്ചതും ക്രൈസ്തവ ആചാരമാക്കി പുനര്‍നാമകരണം ചെയതും. അങ്ങനെ Festival of the Sun, Festival of The Son ആയി മാറി. ദൈവവിരുദ്ധമായ ഒരു ദിനത്തെ ദൈവീകമാക്കി മാറ്റി.
ബൈബിളില്‍ നിലവിലുണ്ടായിരുന്ന യഹൂദരുടെ ആചാരങ്ങളെക്കുറിച്ച് ഈ വചനം ശ്രദ്ധിക്കു:
യെശയ്യാപ്രവാചകന്റെ പുസ്തകം അദ്ധ്യായം : 1
    1:13 ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ചകൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും--നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ.
    1:14 
    നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാൻ വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു.
ബൈബിളിൽ മൂന്ന് ജന്മ ദിന ആഘോഷങ്ങളെ കുറിച്ച് വിവരിക്കുന്നു. മൂന്നും ദുരന്തങ്ങളിൽ അവസാനിക്കുന്നതായി അറിയിക്കുന്നു.
1) ഉല്പത്തി പുസ്തകം 40-ആം അദ്ധ്യായത്തില് യോസേഫ് സ്വപ്നം വിവരിച്ച പ്രകാരം അപ്പക്കാരുടെ പ്രമാണിയെ (Pastry chef !) ഫറവോന്റെ തിരുനാളില് (ജന്മദിനത്തിനു) തന്നെ വധിച്ചു.
2) മത്തായി എഴുതിയ സുവിശേഷം അദ്ധ്യായം 14-ല്

    14:6 എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.
    14:7 അതുകൊണ്ടു എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്നു അവൻ സത്യംചെയ്തു വാക്കുകൊടുത്തു. 

    14:8 അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു.

    14:9 രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാൻ കല്പിച്ചു;
    14:10 ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.
3) മൂനാമ്മത്തെ birthday party ഈയോബിന്റെ പുസ്തകത്തിലെ ഒന്നാം അദ്ധ്യായായത്തില് നിന്നുമാണു്.
    1:4 അവന്റെ പുത്രന്മാർ ഓരോരുത്തൻ താന്താന്റെ ദിവസത്തിൽ താന്താന്റെ വീട്ടിൽ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‍വാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.
    1:5 എന്നാൽ വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.

ആദ്ധ്യായത്തിന്റെ അവസാനം ഈയ്യോബിന്റെ മൂത്ത മകന്റെ ജന്മദിനാഘോഷത്തിനു തന്നെ പത്തുമക്കളേയും കൊല്ലാൻ ദൈവം സാത്താനെ അനുവദിച്ചു. ബൈബിളിൽ പ്രധാന കഥാപുരുഷന്മാരാണു അബ്രഹാമും, മോശയും, ദാവീദും. "ദൈവത്തിന്റെ സുഹൃത്ത്" എന്ന് ദൈവം പലയിടത്തും വിശേഷിപ്പിച്ച അബ്രഹാമിന്റെ ജന്മദിനം പ്രത്യേകിച്ച് എടുത്തുപറയുകയോ, അഘോഷിച്ചതായിട്ടോ കണ്ടിട്ടില്ല. മോശയുടെ ജീവിതവും പ്രവൃത്തികളും വിശദീകരിക്കുന്ന ബൈബിളിൽ അദ്ദേഹത്തിന്റെ ജന്മത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. ദൈവത്തിന്റെ ദാസന്മാരായ ഒരു വ്യക്തിയുടെ ജന്മ ദിനം പോലും ബൈബിളിൽ പറയുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണു്.
ബിബിളിൽ ജന്മദിനാഘോഷം പാടില്ല എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെങ്കിലും അനുകൂലമല്ല എന്ന് അനുമാനിക്കാം. ക്രിസ്തുവിന്റെ ജനനം അഘോഷിക്കണമായിരുന്നു എങ്കിൽ ബൈബിളിൽ ക്രിത്യമായ തിയതികൾ ഉണ്ടാകുമായിരുന്നു. പക്ഷെ ക്രിസ്തു ക്രൂശിക്കപ്പെട്ട ദിനം ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ ദിനം ആചരിക്കാനും പറയുന്നു.

പുറപ്പാടു പുസ്തകം അദ്ധ്യായം : 12:1-2
സംഖ്യാപുസ്തകം അദ്ധ്യായം : 9:1-5
ലേവ്യപുസ്തകം അദ്ധ്യായം : 23:4-5
മത്തായി എഴുതിയ സുവിശേഷം അദ്ധ്യായം : 26:2

ഇത്ര വ്യക്തമായി പലയിടത്തും ക്രിസ്തുവിന്റെ മരണദിനം ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടും പെസഹ ദിനത്തെക്കാൾ ക്രിസ്തുമസാണു് ഇന്ന് ആചരിക്കപെടുന്നത് . ക്രിസ്തുമസിന്റെ ആരംഭത്തെ കുറിച്ച് അനവധി Christian Encyclopaedia കളിൽ തന്നെ വിശദീകരിക്കുന്നുണ്ട്. കൂടുതല് വിവരങ്ങള് നിങ്ങള് തന്നെ അന്വേഷിച്ച് കണ്ടെത്തു.

എല്ലാവർക്കും എന്റെയും കുടുംബത്തിന്റേയും Happy New Year !!!

21 comments:

  1. നന്ദി..നവവത്സര ആശംസകള്‍...
    അന്വേഷിപ്പിന്‍ കണ്ടെത്തും എന്നല്ലേ?
    സി.കെ. ബാബുവും ഒരു പോസ്റ്റ് ഇട്ടിരുന്നു...

    ReplyDelete
  2. ക്രിസ്‌മസിനെ കുറിച്ച് കൈപ്പള്ളി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിതന്നെ. റഷ്യന്‍, അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭകളൊക്കെ ജനുവരി 7നാണ് ക്രിസ്‌മസ് ആഘോഷിക്കുന്നതെന്ന് കേട്ടിട്ടുണ്ട്. അന്ന് ട്വല്‍ത്ത് നൈറ്റായാണ് പാശ്ചാത്യര്‍ ആചരിക്കുന്നത്.

    സത്യത്തില്‍ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട മാറാനായ പെരുന്നാള്‍ ഈസ്റ്റര്‍ ആണ്. എല്ലാ പ്രമുഖ സഭകളും അത് അങ്ങനെ തന്നെയാണ് ആഘോഷിക്കുന്നതും. എന്നാല്‍ ഈസ്റ്ററിനെ അതിജീവിച്ച് ക്രിസ്തുമസ് പ്രാമുഖ്യം നേടിയതിന് പിന്നില്‍ മറ്റ് ഒട്ടേറെ താത്പര്യങ്ങളുണ്ടാവും. കാത്തലിക്‍ തിയോളജി തന്നെയാണ് അതില്‍ ഒരു വില്ലന്‍ എന്ന് തോന്നുന്നു.

    ഓര്‍ത്തഡോക്സ് - കാത്തലിക്‍ വിഭാഗങ്ങള്‍ തമ്മിലുള്ള തിയോളജി സംബന്ധമായ പ്രധാന വ്യത്യാസം തന്നെ, ക്രിസ്തുവിനെ എങ്ങനെ കാണുന്നു എന്നതിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ക്രൂശിത രൂപമാണ് കത്തോലിക്ക മെത്രാന്മാരുടെ കുരിശുമാലയില്‍ കാണപ്പെടുന്നത്. പള്ളികളിലും അതങ്ങനെ തന്നെ. എന്നാല്‍ ഒഴിഞ്ഞ കുരിശാണ് ഓര്‍ത്തഡോക്സ് ദേവാലയങ്ങളില്‍. പീഡാനുഭവങ്ങള്‍ക്കിരയായി ക്രൂശിതനായ ക്രിസ്തുവിനെ കത്തോലിക്ക സഭ ഐക്കണാക്കി കാട്ടുമ്പോള്‍ ഓര്‍ത്തഡോക്സ് സഭകള്‍ ഉത്ഥിതനായ - ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെയാണ് പ്രതീകമായി കാണുന്നത്. കത്തോലിക്ക ബൈബിളുകള്‍ നോക്കിയാല്‍ സീനായ് മലയില്‍ വച്ച് യഹോവ മോശയ്ക്ക് കൊടുത്തതായി പറയുന്ന പത്തുകല്‍പ്പനകളില്‍ വിഗ്രഹാരാധനയെ കുറിച്ചുള്ള പരാമര്‍ശം കാണാനാവില്ല എന്നതും ഓര്‍ക്കണം.

    (കത്തോലിക്കരൊഴിയെയുള്ള ക്രിസ്ത്യാനികള്‍ പ്രൊട്ടസ്റ്റന്റ് ആണ് എന്ന് ചിലരെങ്കിലും കരുതുന്നുണ്ടാവും. അതു് തെറ്റാണെന്ന് മാത്രം സാന്ദര്‍ഭികമായി കുറിക്കട്ടെ.)

    ക്രിസ്‌മസ് കാലം ലോകവ്യാപകമായി ഏറ്റവുമധികം വാണിജ്യം നടക്കുന്ന കാലം കൂടിയാണ്. അതങ്ങനെ ആയിരിക്കുവോളം ക്രിസ്‌മസ് തന്നെയാവും ആളുകളുടെ കണ്ണില്‍ വലിയ ആഘോഷം.

    ReplyDelete
  3. കൈപ്പിള്ളി മാഷേ...ലേഖനത്തിനു നന്ദി...

    പുതുവത്സര ആശംസകള്...

    ReplyDelete
  4. കൈപ്പള്ളീമാഷേ, ലേഖനത്തിനു നന്ദി. സബിന്‍ ഏബ്രഹാം ഇവിടെ പറഞ്ഞിരീക്കുന്നതിന്റെ ബാക്കിയായി ഒരു കാര്യം കൂടെ ഇവിടെ പറയട്ടെ. ക്രിസ്മസ് എന്നാല്‍ Birthday of Jesus എന്ന അര്‍ത്ഥത്തിലല്ല ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് സഭകള്‍ വിലയിരുത്തുന്നതും കണക്കാക്കുന്നതും. ബൈബിളില്‍ പറഞ്ഞിര്ക്കുന്നതുപോലെ ദൈവം മനുഷ്യനായി അവതരിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസം എന്നേയുള്ളൂ. അതിനാല്‍ ഡിസംബര്‍ 25 ന് ക്രീസ്തുവിന്റെ ഇത്രാമത്തെ പിറന്നാള്‍ എന്നൊരു അര്‍ത്ഥം ഇല്ല. തീയതിക്കു വലിയ പ്രാധാന്യവും ഇല്ല. തന്റെ ഓര്‍മ്മയ്കായി ക്രിസ്തു ശിഷ്യന്മരോട് ചെയ്യുവാന്‍ ആവശ്യപെട്ടതെന്തെന്ന് ലൂക്കോസ് 22::19 ല്‍ പറയുന്നുണ്ട്.അതാണ് ദിവ്യബലിയില്‍ ചെയ്യുന്നതും.

    ReplyDelete
  5. പലയിടത്തും പലതാണ് പറയുന്നത് എന്നത് നേര് . അത് പോലെ തന്നെ പലരും ആഘോഷിക്കുന്നതും പല സമയത്ത് തന്നെ ആണ് . ഏതായാലും ഒന്നുറപ്പാണ് , അത് ഡിസംബര്‍ 25 ആയിരിക്കില്ല.
    ഇവിടെ പറയുന്നത് നോക്കൂ

    "In the first 200 years of Christian history, no mention is made of the calendar date of Jesus' birth. Not until the year 336 do we find the first mention of a celebration of His birth."

    AND

    Around 200, when Clement of Alexandria mentioned the speculations about Christ's birthday, he said nothing about a celebration on that day. He casually reported the various ideas extant at that time: "And there are those who have determined not only the year of our Lord's birth, but also the day..., the 25th day of Pachon... Furthermore, others say that He was born on the 24th or 25th of Pharmuthi" ("The Stromata, or Miscellanies," The Ante-Nicene Fathers, Vol. 2, Eerdmans, Grand Rapids, 1986, p. 333).

    Later, in 243, the official feast calendar of the time, De Pascha Computus, places the date of Christ's birth as March 28. Other dates suggested were April 2 and November 18. Meanwhile, in the East, January 6 was chosen, a date the Greeks had celebrated as the birth of the god Dionysus and the Egyptians as the birth of the god Osiris. Although pagans commonly celebrated the birthdays of their gods, in the Bible a birthday is never celebrated to the true God (who, of course, had no birth or day of origin

    again...

    In Rome December 25 was made popular by Pope Liberius in 354 and became the rule in the West in 435 when the first "Christ mass" was officiated by Pope Sixtus III. This coincided with the date of a celebration by the Romans to their primary god, the Sun, and to Mithras, a popular Persian sun god supposedly born on the same day

    ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്ത് പറഞ്ഞിരിക്കുന്ന കാലാവസ്ഥ അതിഷ്ടിതമായ കണ്ടെത്തലുകള്‍ ഒരുവിധം ശരിയാണെന്നു തോന്നുന്നു.

    ReplyDelete
  6. "അങ്ങനെ Festival of the Sun, Festival of The Son ആയി മാറി. ദൈവവിരുദ്ധമായ ഒരു ദിനത്തെ ദൈവീകമാക്കി മാറ്റി."

    വിസ്മൃതമാകുന്നതോ,മറക്കപ്പെടുന്നതോ ആയ സത്യങ്ങള്‍ ബ്ലൊഗിലൂടെ പുറത്തുവരുന്നത് അശ്വാസകരമാണ്.

    ഉത്സവങ്ങളെ സ്വന്തമാക്കുന്നതിലൂടെ സാംസ്കാരികമായി ജനസമൂഹത്തിനുമുകളില്‍ അവകാശം സ്ഥാപിക്കാന്‍ പുരോഹിത വര്‍ഗ്ഗത്തിന് അനായാസം സാധിക്കുന്നു.

    കേരളത്തിലെ ജനങ്ങള്‍ ഇന്നാഘോഷിക്കുന്ന ഓണവും,വിഷുവും,വിജയ ദശമിയും ബുദ്ധമതവുമായി ബന്ധപ്പെട്ട ഉത്സവങ്ങളായിരുന്നു.
    പഴയകാലത്തെ മാമാങ്കം ബൌദ്ധ പണ്ഡിതരുടെ മേളയായിരുന്നത് ...കാലക്രമത്തില്‍ മാറ്റി അഭ്യാസികളുടെ വീര്യപ്രകടനത്തിനുള്ള വേദിയാക്കി, വീരന്മാരായ ബൌദ്ധരെ കൊന്നൊടുക്കാനുള്ള ആചാരമാക്കിയെടുത്തു.ബുദ്ധന്റെ ജന്മദിനമായ വിജയദശമി
    ഇന്ന് വിദ്യാരംഭദിനമായും, ഇരുട്ടിന്റെ ആസുരശക്തിയെ നിഗ്രഹിച്ച് പ്രകാശത്തിന്റേയും,അറിവിന്റേയും ലോകം വീണ്ടെടുത്ത ദിനമായും ആഘോഷിക്കുന്നു.
    ചുരുക്കത്തില്‍ ചരിത്രത്തെ മറക്കാന്‍ കുറച്ചു കള്ളക്കഥകള്‍ക്ക് നിഷ്പ്രയാസം സാധിക്കുന്നു.

    കൈപ്പള്ളിയുടേ പൊസ്റ്റ് ഉജ്ജ്വലമായിരിക്കുന്നു,സെബിന്റെയും,അനില്‍ശ്രീയുടേയും കമന്റുകള്‍ക്കും നന്ദി.

    ReplyDelete
  7. കൈപ്പള്ളിയുടെ ഈ പോസ്റ്റും, സെബിന്‍, അനില്‍ ശ്രീ തുടങ്ങിയവരുടെ മറുപടികളുമെല്ലാം കൂടുതല്‍ വിവരങ്ങള്‍ തരുന്നു.

    ജനിച്ച തീയ്യതിയ്ക്കല്ലാ, പിന്നയോ ക്രിസ്തു ജനിച്ചു എന്നതതിനത്രേ പ്രാധാന്യം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

    ReplyDelete
  8. പ്രിയപ്പെട്ട കൈപ്പള്ളിച്ചേട്ടാ,ലേഖനത്തിനു നന്ദി.
    പുതുവത്സര ആശംസകള്...
    അപ്പു പറഞ്ഞപോലെ ആഘോഷങ്ങള്‍ ഓര്‍മ പുതുക്കലാണെങ്കില്‍ - എല്ലാപ്പോഴും യേശുവിനെ ഓര്‍ക്കണമെന്നല്ലേ വചനം പറയുന്നത്?.
    എന്റെ അഭിപ്രായത്തില്‍, യേശു ഒരാളുടെ ഹ്രുദയത്തില്‍ ജനിക്കുന്നത് എന്നാണൊ അന്നായിരിക്കും അവന്റെ ക്രിസ്തുമസ്. ഹ്രുദയത്തില്‍ യേശുവില്ലാതെ ക്രിസ്തുമസ് ആഘോഷിക്കുന്നവരെ അടിച്ചോടിക്കാന്‍ യേശു വരാന്‍ സമയമായി.

    ReplyDelete
  9. കൈപ്പള്ളിമാഷേ, ഒരു സംശയംകൂടെ ചോദിക്കട്ടെ, ക്രിസ്തുവിന്റെ മരണദിനം "ആചരിക്കാന്‍" ബൈബിളില്‍ വ്യക്തമായും ആഹ്വാനം ചെയ്തിട്ടുണ്ട് എന്നതിനു താങ്കള്‍ ഇവിടെ റെഫറന്‍സായി കൊടുത്തിരിക്കുന്ന വേദഭാഗങ്ങള്‍
    പുറപ്പാടു പുസ്തകം അദ്ധ്യായം : 12:1-2
    സംഖ്യാപുസ്തകം അദ്ധ്യായം : 9:1-5
    ലേവ്യപുസ്തകം അദ്ധ്യായം : 23:4-5
    മത്തായി എഴുതിയ സുവിശേഷം അദ്ധ്യായം : 26:2 എന്നിവയാണ്. അതിലെല്ലാം,
    യഹൂദന്മാരുടെ ആചാരമായിരുന്ന പെസഹാപെരുന്നാളിനെ കുറിച്ചാണ് പറയുന്നത്. ക്രിസ്തു ക്രൂശിക്കപ്പെട്ടത് ഇതുപോലെ ഒരു പെസഹപെരുന്നാളിനായിരുന്നു വെന്നത് ശരിതന്നെ. പക്ഷേ, ആപെരുനാളിനെപ്പറ്റി പറഞ്ഞിരിക്കുന്ന ഈ ഭാഗങ്ങള്‍ ക്രിസ്തുവിന്റെ പീഢാനുഭവം “ആചരിക്കാനുള്ള“ ആഹ്വാനമായി എങ്ങനെ കണക്കാക്കാനാവും?

    ഇങ്ങനെയുള്ള പെസഹപെരുനാളിനു തന്നെ ക്രിസ്തു ബലിയായി തീര്‍ന്നതിന് ക്രിസ്ത്യന്‍ തിയോളജിയില്‍ വലിയ അര്‍ത്ഥതലങ്ങള്‍ ഉണ്ടെങ്കിലും ഈ വേദഭാഗങ്ങളെ ക്രൂശുമരണം വര്‍ഷം തോറും ആചരിക്കാനുള്ള നിര്‍ദ്ദേശമായി കരുതാന്‍ പറ്റില്ല എന്നു ഞാന്‍ കരുതുന്നു. യഥാര്‍ത്ഥത്തില്‍ ക്രിസ്റ്റുവിന്റെ ജനനവും ക്രൂശുമരണവും ഉത്ഥാനവുമെല്ലാം ക്രിസ്ത്യാനിറ്റിയില്‍ (പ്രത്യേകിച്ച് കത്തോലിക്കാ, ഓര്‍ത്തഡോക്സ് സഭകള്‍ക്ക്) സര്‍വ്വ പ്രധാനമാണെങ്കിലും, അതിന്റെയൊന്നും ദിനങ്ങള്‍ ആചരിക്കാനോ, ആചരിക്കാതിരിക്കാനോ ബൈബിളില്‍ പറയുന്നില്ല. എങ്കിലും ഈ സഭകളുടെ പാരമ്പര്യപ്രകാരം യേശുവിന്റെ ജനനം, സ്നാനം,അന്ത്യത്താഴം (പെസഹ), ക്രൂശുമരണം, ഉയര്‍പ്പ്, സ്വര്‍ഗാരോഹണം എന്നീ ദിനങ്ങള്‍ ഒരേ പ്രാധാന്യത്തോടെ ഈ വിഭാഗങ്ങള്‍ എല്ലാവര്‍ഷവും ആചരിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും കൊമേഴ്സലൈസ് ചെയ്യപ്പെട്ടത് ക്രിസ്തുമസ് ആയതിനാലാവാം അതിന് “ഏറ്റവും പ്രാധാന്യം കൊടുക്കുന്നു“ എന്നു തോന്നുന്നത്.

    സാന്ദര്‍ഭികമായി ഒന്നുകൂടെ പറയട്ടെ:"എന്റെ ഓര്‍മ്മയ്ക്കായി ഇപ്രകരം ചെയ്‌വീന്‍" എന്നു പറഞ്ഞ് യേശു ശിഷ്യന്മാരെ ഏല്‍പ്പിക്കുന്നത് അപ്പവും വീഞ്ഞും പങ്കിടുന്ന ശുശ്രൂ‍ഷയാണ്. അത് ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഏറ്റവും സാധാരണമായ ഒരു ആചരണവുമാണ് (വിശുദ്ധ കുര്‍ബാന).

    ReplyDelete
  10. അപ്പു കമന്റിനൊപ്പം വിശുദ്ധ കുര്‍ബാനയെക്കുറിച്ച് എഴുതിയതിന് ഒരു അനുബന്ധം.

    എല്ലാ സമൂഹങ്ങളിലും ദൈവത്തിന് 'ബലി' അര്‍പ്പിക്കുന്ന രീതിയുണ്ടായിരുന്നു. എന്നാല്‍ മനുഷ്യസംസ്കാരം വളര്‍ച്ചപ്രാപിച്ചതിനൊപ്പം മൃഗബലിയും നരബലിയും ക്രമേണ രക്തരഹിതമായ ബലികള്‍ക്ക് വഴിമാറി.

    രക്തവും മാംസവും ബലിപീഡത്തില്‍ അര്‍പ്പിച്ചിരുന്ന പഴയ രീതിക്ക് പകരം രക്തവും മാംസവുമാണെന്ന സങ്കല്‍പ്പത്തില്‍ ഫലമൂലാദികള്‍ അര്‍പ്പിക്കാന്‍ തുടങ്ങി. കേരള നമ്പൂതിരിമാര്‍ക്കിടയില്‍ കുമ്പളങ്ങയും മഞ്ഞളും മറ്റും ബലിക്കുപയോഗിക്കുന്ന രീതിയുണ്ടല്ലോ. പൊങ്കാലയും അത്തരമൊരു ബലിയല്ലേ?(വിഷുവാഘോഷങ്ങളില്‍ കണിയൊരുക്കുന്നതും വീട്ടുപടിയില്‍ ഞാറ് കെട്ടിത്തൂക്കുന്നതും ഇതിനൊപ്പം ചേര്‍ത്തുവായിക്കാം.)

    - എന്നുവച്ച് മുമ്പ് സസ്യജാലങ്ങളെ ബലിക്ക് ഉപയോഗിച്ചിരുന്നില്ല എന്നര്‍ത്ഥമില്ല. ബൈബിള്‍ പഴയനിയമത്തിലെ കായേന്റെയും ഹാബേലിന്റെയും കഥ ശ്രദ്ധിക്കുക. ഇതാണ് ആദ്യഫലപ്പെരുന്നാളിന്റെ പുരാവൃത്തം.-

    പെസഹ പെരുന്നാളിന് യഹൂദജനം യഹോവയ്ക്കായി ആടുമാടുകളെ ബലിയര്‍പ്പിക്കുന്ന രീതിയുണ്ടായിരുന്നു. മോശയും അഹറോനുമാണ് യിസ്രായേല്‍ മൂപ്പന്മാരോട് പറഞ്ഞ് അത്തരമൊരു ആചാരം നടപ്പിലാക്കിയതെന്ന് പുറപ്പാടു പുസ്തകം സാക്ഷിക്കുന്നു. പുളിപ്പില്ലാത്ത അപ്പവും അതിനോടുകൂടെ അര്‍പ്പിച്ചിരുന്നു. പിന്നീട് യോശുവ|ജോഷ്വാ|യോശീയാവു ആണ് പെസഹ പെരുന്നാളിലും യഹോവയുടെ ആലയത്തില്‍ അര്‍പ്പിക്കുന്ന ഹോമബലിക്കും സകലശുശ്രൂഷകള്‍ക്കും ക്രമം വരുത്തുന്നത്. (ദിനവൃത്താന്തം 35:16)

    ആവര്‍ത്തന പുസ്തകം (16:1-6) പരിശോധിച്ചാല്‍ എന്തുകൊണ്ടാണ് എല്ലായിടത്തുംവച്ച് പെസഹ ആചരിക്കാത്തത് എന്നതിനും വിശദീകരണം ലഭിക്കും. ആരാധനയ്ക്ക് ദേവാലയങ്ങള്‍ സ്ഥാപിക്കുന്ന പരമ്പരാഗത ക്രൈസ്തവ രീതിയും നാലുപേര്‍ കൂടുന്നിടത്ത് മൈക്ക് കെട്ടിവച്ച് വചനപ്രഘോഷണം നടത്തുന്ന ഇവാഞ്ചലിസ്റ്റ് (പെന്തിക്കോസ്ത്) രീതിയും തമ്മില്‍ അകലുന്നത് ഇവിടെയാണ്. എന്നാല്‍ രണ്ടുകൂട്ടര്‍ക്കും അവരവരുടെ താത്പര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കാന്‍ മാത്രം പഴുതു് പഴയനിയമ പുസ്തകങ്ങളിലെ എഴുത്തുകളിലുണ്ടുതാനും.

    പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളായ പെസഹാനാളില്‍ അറുക്കേണ്ട ദൈവത്തിന്റെ കുഞ്ഞാടായി തന്നെത്തന്നെ കല്‍പ്പിച്ചുകൊണ്ടാണ് അന്ത്യഅത്താഴത്തിന് ക്രിസ്തു കുര്‍ബാന സ്ഥാപിക്കുന്നത്. ഇത് തന്റെ ശരീരവും രക്തവുമാകുന്നു എന്ന് പറഞ്ഞാണ് ക്രിസ്തു അപ്പവും വീഞ്ഞും പങ്കിടുന്നത്. (മത്തായിയുടെ സുവിശേഷം 26:26-28, മര്‍ക്കോസിന്റെ സുവിശേഷം 14:22-25, ലൂക്കോസിന്റെ സുവിശേഷം 22:14-20)

    തന്റെ ഓര്‍മ്മയ്ക്കായി നിങ്ങളും ഇതുതന്നെ ചെയ്യുവീന്‍ എന്ന് യേശു ആവശ്യപ്പെടുന്നുണ്ടു്. വലിയനോമ്പിന്റെ അവസാനം ഓശാനപ്പെരുന്നാളിനു ശേഷം പശ്ചാത്താപത്തോടും ഒരുക്കങ്ങളോടും കൂടി കുമ്പസാരിച്ച് ശരീരവും മനസ്സും ശുദ്ധമാക്കി വ്യാഴാഴ്ച പെസഹായുടെ അന്ന് നിര്‍ബന്ധമായും കുര്‍ബാന കൈക്കൊള്ളേണമെന്നാണ് പരമ്പരാഗത ക്രൈസ്തവര്‍ക്കിടയിലെ (കത്തോലിക്ക, ഓര്‍ത്തഡോക്സ്) ചട്ടം. പ്രൊട്ടസ്റ്റന്റ് ആംഗ്ലിക്കന്‍ സഭകളിലോ ഇവാഞ്ചലിസ്റ്റ് ഗ്രൂപ്പുകളിലോ കുമ്പസാരം കാണില്ല. കുമ്പസാരം ഇവിടെ വിഷയമല്ലാത്തതിനാല്‍ അതേക്കുറിച്ച് എഴുതുന്നില്ല.

    'നിങ്ങള്‍ പുളിപ്പില്ലാത്തവരായിരിപ്പാന്‍ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിന്‍ . നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നേ' എന്ന് കൊരിന്ത്യര്‍ക്കുള്ള ഒന്നാം ലേഖനത്തില്‍ (5:7) പറയുന്നു. കുരിശുമരണമാണ് ഇവിടെ സൂചിതമാകുന്നത്.

    വിശ്വാസികളുടെ പിതാവായ അബ്രാഹാമിനോട് അദ്ദേഹത്തിന്റെ പുത്രനായ ഇസഹാക്കിനെ ബലികൊടുക്കാന്‍ ആവശ്യപ്പെട്ട യഹോവ പിന്നീട് സ്വയം എരിയുന്ന മുള്‍ക്കാട്ടില്‍ നിന്ന് ഒരു ആടിനെ കാണിച്ചുകൊടുക്കുകയും ഇസഹാക്കിന് പകരം ആട് ബലിയര്‍പ്പിക്കപ്പെടുകയുമാണ്, പഴയ നിയമത്തില്‍. അതിന് പ്രായശ്ചിത്തമെന്നോണം സ്വപുത്രനെ കുരിശില്‍ ബലിയായി അര്‍പ്പിക്കുന്നതോടെ ഇനിയൊരു നരബലി ആവശ്യമില്ലാത്തതായി തീരുന്നു. അതിന്റെ ഓര്‍മ്മയാണ് മദ്ബഹയില്‍ ത്രോണോസില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാന.

    ReplyDelete
  11. സെബിന്‍, ഈ അനുബന്ധക്കുറിപ്പിന് നന്ദി. ഇപ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടെ വ്യക്തമായി.

    ReplyDelete
  12. അപ്പു
    ക്രിസ്മസ് എന്നാല്‍ Birthday of Jesus എന്ന അര്‍ത്ഥത്തിലല്ല ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് സഭകള്‍ വിലയിരുത്തുന്നതും കണക്കാക്കുന്നതും.

    അന്വേഷിച്ചിടത്തോളം January 7 ആയാലും Dec 25 ആയാലും ക്രിസ്തുവിന്റെ ജനനം അഘോഷിക്കുന്ന സഭകള്‍ ഇവയാണു്.
    Russian Orthodox Church
    Greek Orthodox Church
    അപ്പോള്‍ Orthodox സഭകള് Christmas അഘോഷിക്കാറുണ്ട് എന്നാണു് മനസിലായത്.
    അപ്പുവിന്റെ വിശദീകരണം പ്രതീക്ഷിക്കാമല്ലോ?

    "ഇങ്ങനെയുള്ള പെസഹപെരുനാളിനു തന്നെ ക്രിസ്തു ബലിയായി തീര്ന്നതിന് ക്രിസ്ത്യന് തിയോളജിയില് വലിയ അര്ത്ഥതലങ്ങള് ഉണ്ടെങ്കിലും ഈ വേദഭാഗങ്ങളെ ക്രൂശുമരണം വര്ഷം തോറും ആചരിക്കാനുള്ള നിര്ദ്ദേശമായി കരുതാന് പറ്റില്ല എന്നു ഞാന് കരുതുന്നു."

    യേശുക്രിസ്തു യഹൂദനായിരുന്നു എന്നതില്‍ തര്‍ക്കമില്ല എന്ന് കരുതുന്നു. യഹൂദനായ കൃസ്തു പെസഹ ആചരിക്കാനാണു് ശിഷ്യന്മാരോട് പറഞ്ഞിരുന്നു. ഇവിടെ ബൈബിള്‍ (66 പുസ്തകങ്ങള്‍ അടങ്ങുന്ന ബൈബിളില്‍‍) അങ്ങനെ പറഞ്ഞിട്ടുണ്ട്.

    Sebin Abraham Jacob
    "പിന്നീട് സ്വയം എരിയുന്ന മുള്‍ക്കാട്ടില്‍ നിന്ന് ഒരു ആടിനെ കാണിച്ചുകൊടുക്കുകയും ഇസഹാക്കിന് പകരം ആട് ബലിയര്‍പ്പിക്കപ്പെടുകയുമാണ്,"

    അബ്രഹാം ആട്ടിനെ കണ്ടപ്പോള്‍ മുള്ക്കാട് എരിയുന്നുണ്ടായിരുന്നോ ?
    ഇല്ലെന്നാണു് എന്റെ അറിവ്

    "മുള്‍പടര്‍പ്പിന്റെ നടുവില്‍നിന്നു അഗ്നിജ്വാലയില്‍" മോശെ ദൈവത്തെനെയല്ലെ കണ്ടത്?
    രണ്ടും കൂട്ടികൊഴച്ചോ?

    :)


    മറ്റൊരാള്‍\GG
    വിഷയം ക്രിസ്തുവിന്‍റെ ജനനവും ക്രിസ്തുമസും തമ്മിലുള്ള ബന്ധമാണു്. പ്രാധാന്യം കല്പിക്കലല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ആര്‍ക്കും എന്തും പ്രധാനമായി കല്പിക്കാം. അതൊന്നും ചരിത്രവുമായി ബന്ധമുണ്ടാകണം എന്നില്ല. :)

    സുഹൃത്തുക്കളെ

    സ്വന്തം ബ്ലോഗില്‍ ഞാന്‍ ഒരു O.T. അടിക്കട്ടെ.
    പെസഹാ ആചരിക്കുന്നത് യഹൂദരും ക്രിസ്ത്യാനികളും മാത്രമല്ല. സുന്നി വിഭാഗത്തില്‍ പെട്ട ഇസ്ലാം വിശ്വാസികളും പെസഹ (മോശെ യഹൂദരെ മോചിപ്പിച്ചതിന്റെ ഓര്മ്മക്കായി) ഈ ദിനം ആചരിക്കുന്നുണ്ട്. അതിന്റെ പേര്‍ പെസഹ എന്നല്ല. അഷൂറ എന്നാണു് അറിയപ്പെടുന്നത്.


    Volume 3, Book 31, Number 222: Narrated Ibn 'Abbas:
    The Prophet came to Medina and saw the Jews fasting on the day of Ashura. He asked them about that. They replied, "This is a good day, the day on which Allah rescued Bani Israel from their enemy. So, Moses fasted this day." The Prophet said, "We have more claim over Moses than you." So, the Prophet fasted on that day and ordered (the Muslims) to fast (on that day).



    ഈ പോസ്റ്റ് ക്രിസ്തുമസ്സിനെ കുറിച്ചായിരുന്നു തുടങ്ങിയത് അത് പെസഹ ആചാരത്തില്‍ ചെന്നു നിന്നു. ആധുനിക ക്രൈസ്തവ ആചാരങ്ങളെ കുറിച്ച് ഒരു ചര്‍ച്ച ചെയ്യാനുള്ള പരിജ്ഞാനവും, ധൈര്യവും, ക്ഷമയും എനിക്കില്ല.

    ബൈബിള്‍ historyയിലാണു് മറിച്ച് Applied Chiristianityയിലല്ല എന്റെ താല്പര്യം എന്നും ഓര്മിപ്പിക്കുന്നു. വളരെ വിശാലമായി christianityയും വിവിധ ക്രൈസ്തവ സഭകളെകുറിച്ചും അവരവരുടെ കുര്‍ബാനാ ചടങ്ങുകളും ഒന്നും ചര്‍ച്ച ചെയ്തിട്ട് ഒരു കാര്യവുമില്ല. ബൈബിള്‍ ആധാരമാക്കി christmasനെ കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ ഒരു ഏളിയ ശ്രമം നടത്തി എന്നു മാത്രം.
    ഒരു സഭകളേയും ആക്ഷേപിക്കാതെയും, ചര്‍ച്ച വഴിതെറ്റാതെ മുന്നോട്ട് പോകും എന്ന് കരുതുന്നു.

    ReplyDelete
  13. നിരന്തരമുള്ള ഓഫുകള്‍ക്ക് മാഫി.

    ആബീബ് മാസം (ഒന്നാംമാസം) പതിനാലിന് യഹോവയ്ക്ക് പെസഹ യാഗം കഴിച്ചു് അന്നു് രാത്രി, അതായത് പതിനഞ്ചിനു് വെളുപ്പിനെ ആണു് മോശ യിസ്രായേല്‍ ജനത്തെ മിസ്രയീമില്‍ നിന്നു് മോചിപ്പിച്ചു് വാഗ്ദത്ത നാടായ കനാന്‍ ദേശത്തേക്കു് യാത്രയാകുന്നത്. പന്തിരുവരോടൊപ്പം പെസഹ ഭക്ഷിച്ച ശേഷമാണ് യേശു ഗെത്സമനയിലേക്കു് പോകുന്നതും അവിടെവച്ചു് യൂദാ ക്രിസ്തുവിനെ വിചാരണസംഘത്തിന് ഏല്‍പ്പിച്ചുകൊടുക്കുന്നതും. പുറപ്പാടു് ഫറഫോന്റെ നുകത്തില്‍ നിന്നുമുള്ള മോചനമായിരുന്നെങ്കില്‍ കുരിശുമരണം കുറച്ചുകൂടി വലിയ ക്യാന്‍വാസിലുള്ള മോചനമായാണ് ക്രൈസ്തവര്‍ കരുതുന്നത്. ക്രിസ്തുവിന്റെ ജനനത്തിനല്ല, കുരിശുമരണത്തിനും പുനരുത്ഥാനത്തിനുമാണ് പ്രസക്തി എന്ന് പറയുന്നത് അതുമൂലമാണ്.

    ReplyDelete
  14. അവിടെ യഹോവയുടെ ദൂതന്‍ ഒരു മുള്‍പടര്‍പ്പിന്റെ നടുവില്‍നിന്നു അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി. അവന്‍ നോക്കിയാറെ മുള്‍പടര്‍പ്പു തീ പിടിച്ചു കത്തുന്നതും മുള്‍പടര്‍പ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.

    ഇതാണ് കൈപ്പള്ളി പരാമര്‍ശിച്ച ഭാഗം. ഓഫ് ഹാന്‍ഡായി എഴുതിയപ്പോള്‍ ജാഗ്രത പാലിച്ചില്ല. ക്ഷമിക്കുമല്ലോ.

    'ദൈവസുതന്‍' കേവലം മനുഷ്യസ്ത്രീയായ മറിയയുടെ ഉദരത്തില്‍ കഴിഞ്ഞിട്ടും മറിയക്ക് യാതൊന്നും സംഭവിക്കാഞ്ഞതിനെ വിശദീകരിക്കാന്‍ തിയോളജിസ്റ്റുകള്‍ ആ വചനമാണ് ഉപയോഗിക്കുന്നത്. (ദൈവം തീക്കട്ടയാണെന്നും ആ ചൂട് താങ്ങാന്‍ സാധാരണ ഉദരത്തിനു് കഴിയില്ലെന്നും വിവക്ഷ.)

    കുര്‍ബാന നല്‍കുമ്പോള്‍ പാടാറുള്ള പല പാട്ടുകളിലൊന്നിന്റെ ചില വരികള്‍ താഴെ കുറിക്കുന്നു:

    അഗ്നിമയന്മാരാരെനോക്കി വിറച്ചീടുന്നു
    അവനെ മേശയിലപ്പംവീഞ്ഞായ് നീകാണുന്നു
    ആരെമിന്നലുടുത്തവര്‍ നോക്കുകിലെരിയുന്നുടനെ
    അവനെ മണ്മയര്‍ ഭക്ഷിച്ചുമുഖം തെളിയുന്നേറ്റം

    എരിതീപുത്ര രഹസ്യങ്ങളഹോ വിണ്ണവരിടയില്‍
    യേശായ താന്‍ കണ്ടിവ നമ്മൊടു സാക്ഷിക്കുന്നു.
    ------- ------ ------ -----
    കുരിശിപ്പാനായി സുതനെ സെഹിയോന്‍ നാട്ടിമരത്തില്‍
    കുഞ്ഞാടതിനെ ജനിപ്പിച്ചൊരുമരമുണ്ടായവിടെ
    ഇവിടെ പുത്രന്‍ കൈകളിലാണി തറയ്ക്കപ്പെട്ടു
    ഇസഹാക്കിന്റെ കെട്ടുകളെ ഛേദിച്ചതുമിവിടെ.

    ഇതാണ് ആ വിശദീകരണം.

    ReplyDelete
  15. കൈപ്പള്ളിമാഷേ, തെറ്റിധരിക്കല്ലേ, ഓര്‍ത്തഡോക്സ് സഭകള്‍ ക്രിസ്തുമസ് ആചരിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ? റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയും മാത്രമല്ല, ഇങ്ങ് കേരളത്തിലെ മലങ്കര ഓര്‍ത്തഡോക്സ് സഭയും കത്തോലിക്കാ സഭയുമെല്ലാം ക്രിസ്തുമസ് ആചരിക്കുന്നുണ്ട്. (“ആചരണവും“, “ആഘോഷവും“ ഇന്നത്തെ കാലഘട്ടത്തില്‍ രണ്ടാണെങ്കിലും !!) എന്റെ രണ്ടാമത്തെ കമന്റില്‍ വ്യക്തമായി ഇതു പറഞ്ഞിരുന്നു. ഇങ്ങനെ : എങ്കിലും ഈ സഭകളുടെ (ഓര്‍ത്തഡോക്സ്, കത്തോലിക്കാ) പാരമ്പര്യപ്രകാരം യേശുവിന്റെ ജനനം, സ്നാനം,അന്ത്യത്താഴം (പെസഹ), ക്രൂശുമരണം, ഉയര്‍പ്പ്, സ്വര്‍ഗാരോഹണം എന്നീ ദിനങ്ങള്‍ ഒരേ പ്രാധാന്യത്തോടെ ഈ വിഭാഗങ്ങള്‍ എല്ലാവര്‍ഷവും ആചരിക്കുന്നുണ്ട്“

    ReplyDelete
  16. ഓഫ് തന്നെ അടിച്ചോണ്ടിരുന്നാല്‍ കൈപ്പള്ളിക്ക് ദേഷ്യം വരില്ലേ? അതുകൊണ്ടു്, ഒരു ഓണ്‍ ടോപ്പിക്.

    ഈ വിഷയത്തില്‍ ശ്രദ്ധയില്‍ പെട്ട രണ്ടു പോസ്റ്റുകള്‍ ഇവിടെ: ഒന്നു് , രണ്ടു് .

    ReplyDelete
  17. പുതുവര്‍ഷത്തില്‍ എല്ലാവരിലും നന്മയും ഐശ്വര്യവും നിറയട്ടെ.

    ReplyDelete
  18. Christmas is a fake എന്ന പോസ്​റ്റ്. റെഡ് ഇന്ത്യന്‍​ എന്ന പേരില്‍​ ബ്ലോഗ് ചെയ്തിരുന്ന, 2008 മെയ് 27നു് ഹൃദയാഘാതം മൂലം മരണമടഞ്ഞ വിമല്‍ എന്ന യുവപത്രപ്രവര്‍ത്തകന്‍​ എഴുതിയ പോസ്റ്റ്.

    മിശിഹാ സങ്കല്‍പ്പവും അമലോത്ഭവ സിദ്ധാന്തവും സരതുഷ്ട്ര സ്ഥാപിച്ച സൌരാഷ്ട്രിയന്‍ മതത്തിന്റെ സൃഷ്ടിയാണെന്നും ക്രിസ്തുമസ് സൂര്യോത്സവമായിരുന്നുവെന്നും വിമല്‍ പറയുന്നു.

    ReplyDelete
  19. ഇന്നത്തെ ക്രൈസ്തവ സഭ തന്നെ ഒരു റോമൻ സ്സ്രുഷ്ടിയായിരിക്കെ അതിലെ ആഘോഷങ്ങൾ തനത് ക്രൈസ്തവം ആകുന്നതെങ്ങിനെ? AD250-350 ൽ വിഘടിച്ചുനിന്നിരുന്ന ക്രൈസ്തവ സമൂഹങ്ങളെ റോമൻ ഭരണത്തിൻ കീഴിലാക്കുകയും അവർ കാലങ്ങളായി ആഘോഷിച്ചിരുന്ന പല ആഘോഷങ്ങളും ഏകീകരിച്ച സ്ഭയ്ക്ക് ആഘോഷിക്കുവാൻ അനുവദിക്കുകയോ , അല്ലെങ്കിൽ അതിന്റെ ഭാഗമാകുകയോ ചെയ്തു. ഇതൊക്കെ പതിവ് കാര്യങ്ങളല്ലിയോ...ത്രുശ്ശൂർ പൂരവും ഓണത്തോടനുബന്ധിച്ച് ത്രുപ്പൂണീത്തുറയിലെ ആഘോഷങ്ങളും നമുക്കറിയുമല്ലോ...ഇന്നത്തെയും അതിന്റെ പ്രാഗ് രൂപവും..

    രണ്ടെണ്ണം വീശാൻ ഒത്തിരി ചരിത്രം അറിയണോ? സംഭവം ഉണ്ടോ ഇല്ലയോ എന്നു നോക്കിയാൽ മതി...
    എല്ലാവർക്കും ക്രിസ്തുമസ് അഘോഷാശംസകൾ..

    ReplyDelete
  20. ഹാപ്പി ക്രിസ്തുമസ് ഞാന്‍ ആരോടും ആശംസിക്കാറില്ല
    ഇതൊക്കെ തന്നെ കാരണം.. വളരെ നന്നായിട്ടുണ്ട് ..
    ലേഖനത്തിന് നന്ദി ...

    ReplyDelete
  21. Yes, I agree X'mas is not the celebrations of Christ's B'day, but only a remembrance where dates or months are irrelevant.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..