Friday, April 27, 2007

ആനകളും ആനപ്രേമികളും

തൃശൂര്‍ പൂരത്തില്‍ ആന വിരണ്ടു.

പഞ്ചവാദ്യത്തിന്റെ മൂര്‍ധന്യാവസ്തയില്‍ ആനക്ക് ഹാലിളകി. അവന്‍ വിരണ്ടോടി തുടങ്ങി. കാട്ടില്‍ സ്വതന്ത്രമായി ജിവിക്കേണ്ട ജീവിയേ പിടിച്ച്, വിരട്ടി, മെരുക്കി,
ശബ്ദ കോലഹലങ്ങള്‍ക്കിടയില്‍ നിര്‍ത്തിയാല്‍ ഇതും ഇതിനപ്പുറവും സംഭവിക്കും.

ഈ പാവം ജീവികളെ ഇങ്ങനെ ഉപദ്രവിക്കുന്നതില്‍ കിട്ടുന്ന സുഖം "പ്രബുദ്ധരായ" മലയാളികള്‍ക്ക് നിര്‍ത്താറായില്ലെ.

കേരളത്തില്‍ ആനപ്രേമികള്‍ മാത്രമേയുള്ള് ആനയെ സംരക്ഷിക്കാന്‍ ജനമില്ലേ? ഉണ്ടായിരുന്നു എങ്കില്‍ എന്നെ ഈ ക്രൂരതകള്‍ നിന്നേനെ.

8 comments:

  1. ഓരോ നൂറ്റാണ്ടുകളിലും ഓരോ വന്‍കരകളിലും മനുഷ്യവര്‍ഗ്ഗം അനേകം ജീവജാലങ്ങളെ സ്വന്തം നിലനില്പിനും ഭക്ഷണത്തിനും വിനോദത്തിനും വേണ്ടി കുരുതി കൊടുത്തിട്ടുണ്ടു്. മനുഷ്യവര്‍ഗ്ഗത്തിന്റെ വിളയാടല്‍ മൂലം വംശനാശം നേരിടുന്ന ജന്തുജാലങ്ങളുടെ പട്ടിക ചെറുതല്ലല്ലോ. മലയാളിയുടെ തലതിരിഞ്ഞ മനസ്സിന്റെ വിനോദോപാധിയാവാന്‍ വിധിക്കപ്പെട്ട പാവം സഹ്യന്റെ മകനു് മോക്ഷം കിട്ടുക ഇനി ഏതു പ്രതിവിധിയാലാണു്. കളിക്കളത്തിലിറങ്ങി കളിക്കുന്ന നീതിപീഠങ്ങളുടെ ഇക്കാലത്തു് പുതിയ പ്രതിവിധിയും അധികം വൈകാതെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. ചെമ്മണ്ണിന്‍ ധൂളി തലവഴിയേ ചീറ്റി ഈറ്റയ്ടുടെ ഇളം കൂമ്പു തിന്നതിന്റെ ബാക്കി ച്യൂയിംഗ്‌ ഗം പോലെ വായിലിട്ടു ചവച്ച്‌ "നീയാരാട പുല്ലേ?" എന്നൊരു നോട്ടവുമായി ചെറുകാറ്റിനൊത്തു തലയാട്ടി നില്‍ക്കുന്ന സുന്ദരനെയും അവന്റെ തിളച്ചുമറിയുന്ന പൌരുഷം നല്‍കുന്ന സുരക്ഷയില്‍ പിന്നില്‍ സുഖിച്ചു നില്‍ക്കുന്ന പിടികളെയും അവയിലൊരുവളുടെ നെഞ്ചു ചുരത്തുന്ന അമൃതു കുടിച്ചു പുളച്ചു തിമിര്‍ക്കുന്ന കുട്ടനെയും ഒരിക്കല്‍ നേരില്‍ കണ്ടവന്‍, അതു കണ്ടു മനസ്സു നിറച്ചവന്‍ ആണു കൈപ്പള്ളീ ആനപ്രേമി.

    ജന്മനാ ആനകള്‍ക്കു ശബ്ദവും തീയുമാണു പേറ്റി. ആനയിറങ്ങിയാല്‍ പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും പന്തം കൊളുത്തിയുമാണു വിരട്ടിയോടിക്കാറു അവയെ. അവന്റെ മുന്നില്‍ നമ്മള്‍ ചെണ്ടയും വെള്ളിടിയും തീവെട്ടിയും നിരത്തുമ്പോള്‍, ചോലകളില്‍ നടക്കാന്‍ ഡിസൈന്‍ ചെയ്ത അവയുടെ കാലുകള്‍ ചുട്ടുപഴുത്ത റോഡില്‍ പതിക്കുമ്പോള്‍, തണല്‍ പറ്റി ജീവിക്കാന്‍ സജ്ജമാക്കിയ അതിന്റെ തോലില്‍ ഉച്ചവെയില്‍ പതിക്കുമ്പോള്‍, പത്തു മണിക്കൂര്‍ ഉറങ്ങാന്‍ ശീലിച്ച അവനെ രാത്രി വെട്ടത്തില്‍ നിറുത്തുമ്പോള്‍, കരുത്തനും മിടുക്കനും സുന്ദരനുമായ അവന്‍ നെഞ്ചുരുകി പ്രാകുന്നുണ്ടാവും അതിന്റെ പുറത്തെഴുന്നെള്ളാന്‍ മോഹിച്ച മനുഷ്യനെയും അവന്റെ ക്രൂരമായ ആചാരങ്ങളേയും ദൈവസങ്കല്‍പ്പത്തേയും. ...

    ഒരിക്കലെങ്കിലും വനത്തില്‍ കണ്ണോടുകണ്ണ്‍ ആനയെ കണ്ടാല്‍..
    വാരിക്കുഴി കുത്തുന്നവനെയും ആനയെ വാങ്ങുന്നവനെയും വെടിവച്ചു കൊല്ലാന്‍ ആര്‍ക്കും തോന്നും, അത്ര മിടുക്കനാണവന്‍, അത്ര സുന്ദരനാണവന്‍, അത്ര സ്വാതന്ത്ര്യകാംക്ഷിയാണവന്‍.

    ReplyDelete
  3. നാമുണ്ടാക്കിവെച്ച വ്യവസ്ഥിതിയും നമ്മുടെ തന്നെ വിശ്വാസാചാരങ്ങളും; ആസ്വാദനസങ്കല്‍പ്പങ്ങളുമാണ്‌ ഈ മിണ്ടാപ്രാണിയെ കണ്ണീരുകുടിപ്പിക്കുന്നതെങ്കില്‍ നാമും കുറ്റവാളികള്‍ തന്നെ. പരിസ്ഥിതി വനം വകുപ്പിനോ/നിയമ സഭയ്ക്കോ; ഇടക്കാലത്തുണ്ടായ എല്ലാ ആന ദുരന്തങ്ങളും ഒന്നൊന്നായി എഴുതി ഒരു കത്തയച്ചാലോ...പ്രതികരണം ഉണ്ടാകുമോ എന്നെങ്കിലും അറിയാലോ...ആനകളെന്തായാലും കാട്ടില്‍ തിരിച്ചുപോവാന്‍ തായ്യാറാണ്‌.

    ReplyDelete
  4. പത്തമ്പത്പേരെ ഒന്നിച്ച് കുത്തിമലര്‍ത്തിയാലെ ഈ പാവം ആനകളെ ഇനിയെങ്കിലും കെണിവെച്ച് പിടിക്കാതിരിക്കാനുള്ള നിയമം കര്‍ശനമാവൂ അല്ലാതെ ഇവറ്റകള്‍ പഠിക്കില്ല, ആന മുതലാളിമാരുടെ ന്യായവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ചെവികുറ്റിക്ക് ഒന്നങ്ങട് പൊട്ടിക്കാന്‍ തോന്നും പത്തും ഇരുപതും ലക്ഷം രൂപയ്ക്ക് വാങ്ങുന്ന ആനയ്ക്ക് തീറ്റ നല്‍കാനും അതിന്‍റെ ട്രവറായ ആന പാപ്പാന് ശമ്പളമായും ഒത്തിരി പണം ചിലവുണ്ടത്രെ അതിന് ഉത്സവ സീസണില്‍ ആനകളെ ഓവര്‍ ടൈം എടുപ്പിച്ചാലെ മുതലാവൂ, ആരു പറഞ്ഞു ഈ സ്വതന്ത്ര ജീവിയെ പിടിച്ച് അടിമയാക്കി വെയ്ക്കാന്‍ എന്നിട്ട് ചിലവിന്‍റെ കണക്ക് പറയുന്നു
    ഉചിതവും നന്മ നിറഞ്ഞതുമായ പോസ്റ്റ് ദേവേട്ടന്‍റെ കമന്‍റ് പോസ്റ്റിനോളം മികവും

    ReplyDelete
  5. ഇത് പലപ്പോഴായി ഞാനും പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായമാണ് കൈപ്പള്ളിച്ചേട്ടാ. ആനകള്‍ കാട്ടില്‍ മതി, നാട്ടില്‍ വേണ്ട. ഇപ്പോഴുള്ള നാട്ടാനകള്‍ അങ്ങിനെ നില്‍ക്കട്ടെ, അവയെ കാട്ടില്‍ വിട്ടാല്‍ ചിലപ്പോള്‍ അതിജീവിച്ചില്ലെന്ന് വരും. പുതിയവയെ പിടിയ്ക്കുന്നത് ഒഴിവാക്കിക്കൂടെ?

    ReplyDelete
  6. കൈപ്പള്ളിയുടെ ആശയത്തോട് യോജിക്കുന്നു.
    പക്ഷെ ഇതു ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ? അന്നും ആനകള്‍ വിരണ്ടിരുന്നു. പപ്പാനെയും നാട്ടുകാരെയും കുത്തിക്കൊന്നിരുന്നു. പക്ഷെ നാമൊന്നുമറിഞ്ഞില്ല. ഇന്നു ലൈവായി കാണാനുള്ള യന്ത്രസാമഗ്രികള്‍ നമുക്കുള്ളതിനാല്‍ അപ്പപ്പോള്‍ നാമറിയുന്നു. ആനകളെ മനുഷ്യന്റെ ഉപയോഗത്തിനു ഇണക്കി ഉപയോഗിക്കാന്‍ തുടങ്ങിയത് കാട്ടുമനുഷ്യന്റെ കാലം മുതല്‍ക്കേയുണ്ട്. (ടാര്‍സന്റെ കഥകളിലൊക്കെ - സങ്കല്‍പമാണെങ്കില്‍ പോലും- നാം കണ്ടിട്ടുണ്ടല്ലോ?). ഇന്നു യന്ത്രശക്തിയുള്‍ലതിനാല്‍ ആനയുടെ ആവശ്യം പ്ഴേപോലെ ഉപയോഗിക്കേണ്ട കാര്യമില്ല. ഞാനുദ്ദ്ശിച്ചത് , വ്യാവസായികമായി എന്നാണ്‍. തടിപിടിക്കാനും അതുപോലെ കാ‍യികമായ ജോലികള്‍ക്ക് ക്രെയിനും മറ്റും ഇന്നു ലഭ്യമായതിനാല്‍.
    പക്ഷെ പരമ്പരാഗതമായി ഉത്സവങ്ങള്‍ക്കു ആനയെ ഉപയോഗിക്കണോ വേണ്ടയോ എന്നതാണ്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതു. ഇന്നലത്തെ സംഭവത്തില്‍ എല്ലാത്തരം കരുതലുകളും ശുശ്രൂഷകളും പാലിച്ചിരുന്നതായി പറയുന്നു. പക്ഷെ ആനയ്ക്കു കൊടുക്കാനായി വയ്ച്ചിരുന്ന വെള്ളം കുടിപ്പിക്കാതെ പാപ്പാന്‍ ആനയെ അവിടെ നിന്നും തിരീച്ചതാണ്‍ ആനയെ പ്രകോപിപ്പിച്ചതു എന്നാണ്‍. ആനപ്പാപ്പാന്മാരും ആന മുതലാളിമാരും ഒക്കെ ഒരുപോലെ കുറ്റക്കാരാണ്‍.

    ദില്‍ബു പറഞ്ഞപോലെ ഇപ്പൊള്‍ നാട്ടിലുള്ള ആനകളെ
    നിയന്ത്രിതമായ രീതിയില്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷെ ആനയെ അറിയുന്ന പാപ്പാനും അതിമോഹമില്ലാത്ത ഉടമയും ആയിരിക്കണം.

    വന നിയമങ്ങള്‍ കര്‍ശനമാക്കുകയും ആനകളെ പിടിക്കുന്നതു നിരോധിച്ചിട്ടുള്ള നിയമം കര്‍ശനമാക്കുകയും വേണം. കൊമ്പിനും നഖത്തിനും മറ്റുമായി കാട്ടില്‍ കയറി അവയെ കൊന്നൊടുക്കുന്നവര്‍ക്കും മതിയായ ശിക്ഷ ഉറപ്പാക്കണം.

    ReplyDelete
  7. കൈപ്പള്ളീ,

    പറഞ്ഞതു ശരി.

    ഈ ഭൂലോകത്തുള്ള സര്‍‌വ ജന്തുജാലങ്ങളും മനുഷ്യന്റെ ഉപയോഗത്തിനും ഉപഭോഗത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന തരത്തിലാണു മനുഷ്യന്റെ പെരുമാറ്റം. അതുകൊണ്ടാണല്ലോ കാട്ടില്‍ സര്‍‌വസ്വതന്ത്രരായി നടക്കേണ്ട കുരങ്ങിനെ പിടിച്ച് അണ്ടര്‍വെയറും തൊപ്പിയും കോട്ടും ധരിപ്പിച്ചും അല്ലാതേയും ഇങ്ങോട്ടു ചാടടാ കുഞ്ഞിരാമാ, അങ്ങോട്ടു ചാടടാ കുഞ്ഞിരാമാ എന്നു പറഞ്ഞു നാടോടികളും സര്‍ക്കസ്സുകാരും ഉദരപൂരണം തരമാക്കുന്നത്.

    തൃശ്ശൂര്‍, തിരുവനന്തപുരം തുടങ്ങിയ മൃഗശാലകളില്‍ ഒരു ഠ വട്ടം സ്ഥലത്ത് കഴിച്ചുകൂട്ടാന്‍ വിധിക്കപ്പെട്ട മൃഗങ്ങളും കൂട്ടില്‍ അടക്കപ്പെട്ട തത്തമ്മകളും മൈനകളും എല്ലാം വെളിവാക്കുന്നത് മനുഷ്യന്റെ ഈ ത്വരയെയാണു.

    നമ്മുടെ പറമ്പുകളില്‍‍ നല്ല നല്ല വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കൂ പൂന്തോട്ടങ്ങളില്‍ ബേഡുബാത്തുകള്‍ സ്ഥാപിക്കൂ. കിളികള്‍ സ്വതന്ത്രരായി തരുലതാദികളില്‍ ഇരുന്നു കളകൂജനം ചെയ്യട്ടെ പൂന്തോട്ടത്തിലെ ബേഡുബാത്തുകളില്‍ വന്നിരുന്നു വെള്ളം കുടിക്കട്ടേ. ആ ആനന്ദം കിട്ടുമോ കൂട്ടില്‍ ബന്ധനസ്ഥയായ വിഹഗത്തെ കാണുമ്പോള്‍.

    കൂട്ടിലിട്ട കിളി എന്നില്‍ ഉണര്‍ത്തുന്നത് വിഷാദമാണു. പൈതോസ്.

    വിരഹിണിയായ കിളി, സ്വാതന്ത്ര്യം നഷ്ടപ്പെട്ട കിളി, പുറത്ത് വിശാലമായ ലോകത്ത് പറന്നു പറന്നു നടക്കാനും ഓലത്തുമ്പില്‍ കൂടു കെട്ടി പ്രിയതമനോടൊത്തുകഴിയാനും മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കാനും കൂട്ടില്‍ കിടന്നു വിതുമ്പുന്ന കിളി എന്തു വികാരമാണു കാണികളില്‍ ഉണര്‍ത്തുന്നത്? ആഹ്ലാദമെന്നു പറയുന്നവന്റെ ആസ്വാദനതലത്തില്‍ എന്തോ തകരാറു ഞാന്‍ കാണുന്നു.

    വള്ളത്തോളാണെന്നു തോന്നുന്നു പാടിയിട്ടുണ്ട്:

    “ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും
    ബന്ധനം ബന്ധനം തന്നെ പാരില്‍.”

    മനുഷ്യന്‍‍ വളരണം. മനുഷ്യന്റെ ആസ്വാദനതലത്തില്‍ വിപ്ലവാല്‍മകമായ മാറ്റം വരണം. സ്വയം ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുകയും വേണം. അന്നു നമ്മുടെ ഭൂമി സ്വര്‍ഗ്ഗമാകും. സ്വര്‍ഗ്ഗം.

    സസ്നേഹം
    ആവനാഴി.

    ReplyDelete
  8. കൈപ്പള്ളീ,
    ഇന്നലെ നാലു കാലും നിലത്തുമുട്ടാതെ കെട്ടിയിട്ടിരിക്കുന്നത് കണ്ടപ്പോള്‍ മനസ്സ് വല്ലാതായി ,അവനവന്റെ വലിപ്പവും ബലവും സ്വയം തിരിച്ചറിയുന്ന നാളില്‍ മറ്റൊന്നും ശേഷിപ്പിക്കാതിരിക്കാന്‍ അവനു കഴിയും മറക്കാതിരിക്കുക.

    ഓ.ടോ.കൈപ്പള്ളീ ഈയെങ്കിലും വേഡ് വെരിഫികേഷന്‍ ഒഴിവാക്കിക്കൂടെ?

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..