Sunday, September 19, 2010

ഇം‌ഗ്ലീഷ് ഉച്ചാരണം - പാഠം 1

Letter "O"
സമമായ സ്വരാക്ഷരങ്ങൾ രണ്ടു ഭാഷകളിൽ ഉണ്ടാവുന്നതു് അപൂർവ്വമാണു് അതുകൊണ്ടു തന്നെ പദങ്ങളുടെ ഉച്ചാരണങ്ങൾ മാറിപ്പോകാനുള്ള സാദ്ധ്യത വളരെ കൂടുതലാണു്.
ഇം‌ഗ്ലീഷിൽ Roadഉം, Rodഉം, Radഉം മലയാളത്തിൽ വേർതിരിച്ച് എഴുതാൻ വളരെ പാടാണു്. അതുകൊണ്ടു തന്നെയായിരിക്കണം ഉച്ചാരണവും ശരിയായി എഴുത്തിലൂടെ പഠിപ്പിക്കാനും പ്രയാസം.

ഇം‌ഗ്ലീഷിൽ "O" എന്ന അക്ഷരത്തിനു് മൂന്നു വിത്യസ്ത ഉച്ചാരണങ്ങളാണു് ഉള്ളതു്.

Note: "R" ന്റെ ഉച്ചാരണം "ർ" ആയി തന്നെ എഴുതുകയാണു്. ഇതു് ഒരു ചിന്ന "ഴ" ആയി ഉച്ചരിക്കുന്നതാണു് കൂടുതൽ ഉചിതം.

1) Soon (സൂൻ), Moon (മൂൺ), Broom (ബ്രൂം).
2) Rhode, Rode, Road (രോഡ്). Abode (അബോഡ്), Port (പോർട്ട്), Boat (ബോട്ട്), Borne (ബോർൺ), Bone (ബോ)

മൂന്നാമതു് ഒരു സ്വരം കൂടിയുണ്ടു്, ഈ ഉച്ചാരണത്തിനു് മലയാളത്തിൽ സമമായ ഉച്ചാരണം ഇല്ലാത്തതുകൊണ്ടു് പലരും തെറ്റായ ഉച്ചരിക്കുന്നതായി കേട്ടിട്ടുണ്ടു്.

3) Don, Gone, Rod, Bond, Pond,

"ആ"ക്കും "ഒ"ക്കും ഇടയിലുള്ള ഒരു സ്വരമാണു് ഇവിടെ "O" ഉച്ചരിക്കേണ്ട വിധം. (തിരുവനന്തപുരം accentൽ "ചോർ" എന്നു ഉച്ചരിക്കുമ്പോൾ "ഓ" എങ്ങനെ ഉച്ചരിക്കുന്നുവോ അതുപോലെ ഉച്ചരിക്കുക.



The Letter A
ഇം‌ഗ്ലീഷിൽ "A" എന്ന അക്ഷരത്തിനു് മൂന്നു ഉച്ചാരണങ്ങളാണുള്ളതു്.


1) Hard (ഹാഴ്ഡ്), Barn (ബാഴ്ൺ), Star (സ്റ്റാഴ്), Palm (പാം)

_ഹൃസ്വവമായി ഉച്ചരിക്കേണ്ട സ്വരം square bracketൽ കൊടുത്തിട്ടുണ്ടു്_
2) Gate (ഗേ[യി]റ്റ്), Made (മേ[യി]ഡ്), Fate ഫൈ[യി]റ്റ്, Consummate (കൺസ്യൂമേ[യി]റ്റ്),
ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന "[യി]" അതേപടി "ഗെയിറ്റ്, മേയിഡ്, ഫയിറ്റ്, കൺസ്യൂമേയിറ്റ്" എന്നു് ഉച്ചരിക്കാതെ പ്രത്യേകം ശ്രദ്ധിക്കുക.

മുകളിൽ കൊടുത്തിരിക്കുന്ന രണ്ടു വിഭാഗത്തിൽ പെട്ട പദങ്ങളും മലയാളത്തിൽ ശരിയായി എഴുതാനും കുറച്ച് പരിശ്രമിച്ചാൽ ഉച്ചരിക്കാൻ കഴിയും.

ഇനി ഉള്ളതാണു് അല്പം വ്യതസ്തമായ ഉച്ചാരണം.
3) Hat, Mad, Ran, Ham, Dance, Act
ഇതു് മലയാളത്തിലെ "അ"യും "ഏ"യും അല്ല. ഈ ഉച്ചാരണം മലയാളത്തിൽ ഇല്ല എന്നതാണു് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന വസ്തുത.
"ആഹാരം" എന്ന മലയാള പദത്തിന്റെ "അ" എന്ന അക്ഷരം ഉച്ചരിച്ചു തുടങ്ങുക, ചുണ്ടുകളുടെ രണ്ടറ്റവും അല്പം smile ചെയ്യുന്നതുപോലെ വികസിപ്പിക്കുക, ഇനി "ഏ" എന്ന അക്ഷരം ഉച്ചരിക്കുക. ഇതാണു് ഈ "A".

4) Camera, Bag, Gas
ഈ പദങ്ങൾ പദിവായി "ക്യാമറ", "ബ്യാഗ്", "ഗ്യാസ്" എന്നു് എഴുതുകയും അതേപടി ഉച്ചരിക്കുകയും ചെയ്തുവരുന്നുണ്ടു്. ഈ പദങ്ങളെ No3 യിൽ രേഖപ്പെടുത്തിയ അതെ ഉച്ചാരണ രീതിയാണു് സ്വീകരിക്കേണ്ടതു്. "യ" ഒഴിവാക്കിയ വെറുതെ "കaമറ, ബaഗ്, ഗaസ് എന്നു ഉച്ചരിക്കാൻ ശ്രമിക്കുക. "അകാര" ചിഹ്നത്തിനു് പകരം "a" ഉപയോഗിച്ചിരിക്കുന്നതു് ഉച്ചാരണം സൂചിപ്പിക്കാൻ മത്രമാണു്.

1 comment:

  1. പലപ്പോഴും അവഗണിക്കുകയോ അല്ലെങ്കില്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്തിരുന്ന ഒന്നായിരുന്നു സ്ലാന്ഗ് .ഇന്ന് ഉന്നതരുമായി ഇടപെടുമ്പോള്‍ ആ പോരായ്മ ഞാന്‍ അറിയുന്നു. നന്ദി കൈപ്പള്ളി ഈ സംരംഭത്തിന്.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..